ഗരുഡൻ - 11
ഭൂമിയെ താങ്ങിയ അനന്തൻ
അനന്തൻ തപസ്സ് ആരംഭിച്ചിരിക്കുന്നു. ഏകാഗ്രമായ തപസ്സ്. പല പല പുണ്യസ്ഥലങ്ങളും താണ്ടി, ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷമാണ് അനന്തൻ തപസ്സ് തുടങ്ങിയത്. ഏകാന്തതയിൽ തപസ്സിന്റെ നിയമങ്ങൾ തെറ്റാതെതന്നെ അന്തൻ തപസ്സ് തുടർന്നു. വായുമാത്രം ഭക്ഷണം. കദ്രുവിന്റെ പുത്രനാണ് അനന്തൻ എന്നാൽ അമ്മയുടെ പല പ്രവൃത്തികളോടും അവനു യോജിക്കാൻ കഴിഞ്ഞിട്ടില്ല. അമ്മയോട്നേഹവും ബഹുമാനവും ഇല്ലാഞ്ഞിട്ടല്ല. അമ്മയുടെ ചെയ്തികളിൽ അധർമ്മം നിലനില്ക്കുന്നു. അമ്മയാണെങ്കിലും ശരി അധർമ്മത്തിന് കൂട്ടുനിൽക്കാൻ അനന്തൻ തയ്യാറായില്ല. പല പ്രാവശ്യം അമ്മയെ ഉപദേശിച്ചുനോക്കി. തന്റെ എതിർപ്പുകൾ പ്രകടിപ്പിച്ചു. അതിലൊന്നും കദ്രു വഴങ്ങിയില്ല. അവർ എപ്പോഴും അധർമ്മത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുപോന്നു. ഒടുവിൽ അനന്തൻ ഒരു തീരുമാനത്തിലെത്തി. അമ്മയെയും സഹോദരങ്ങളെയും വിട്ടുപോരുക. ഏകാന്തമായ ഒരു സ്ഥലത്തെത്തി തപസ്സ് അനുഷ്ഠിക്കുക. അങ്ങനെ തുടങ്ങിയതാണ് അനന്തന്റെ തപസ്സ്. തപസ്സ് ചെയ്ത് അനന്തന്റെ ശരീരം ശുഷ്കിച്ചു. മാംസവും തൊലിയും ഞരമ്പും മാത്രമായി. അനന്തന്റെ കഠിനമായ തപസ്സിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ബ്രഹ്മാവ് അന്വേഷിച്ചു: “നിന്റെ തപസ്സിനെക്കുറിച്ചറിഞ്ഞ് ജനങ്ങൾപോലും ദുഃഖിക്കുന്നു. നിന്റെ ഉള്ളിലെ ആഗ്രഹം എന്താണ്?'' അനന്തന് ആശ്ചര്യമായി. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടല്ലോ? അദ്ദേഹത്തിന്റെ മനസ്സിന് ഇപ്പോഴെങ്കിലും അലിവ് തോന്നിയല്ലോ? ഒരു മന്ദസ്മിതത്തോടെ അനന്തൻ അറിയിച്ചു. "എന്റെ സഹോദരങ്ങൾ മന്ദബുദ്ധികളാണ്. അവരോടൊത്ത് ജീവിക്കുക സാധ്യമല്ല. അവർക്ക് മിത്രസ്നേഹമില്ല. ശത്രുക്കളെപ്പോലെ അവർ പരസ്പരം പെരുമാറുന്നു. വിനതയോടു പോലും അവർ കുറുമ്പുകാട്ടുന്നു. പന്തയത്തിൽ വിനതയെ ചതിച്ചത് എന്റെ സഹോദരങ്ങളാണ്. ചതിപ്രയോഗത്തിലൂടെയല്ലേ എന്റെ അമ്മ വിനതയെ ദാസിയാക്കിയത്. ഗരുഡനാകട്ടെ ഞങ്ങൾക്ക് അപരനാണ്. ഞങ്ങളുടെ വർഗ്ഗത്തിൽ ചേർക്കാനേ പറ്റില്ല. അവനെയും അവർ വെറുക്കുന്നു."
"അച്ഛനായ കശ്യപന്റെ വരംകൊണ്ട് മിടുക്കനായിത്തീർന്നവനാണ് അവൻ. അമ്മയ്ക്ക് വിനതയോട് ശത്രുത. വിനതയ്ക്ക് അമ്മയോട് ശത്രുത. എന്റെ സഹോദരങ്ങൾക്ക് എല്ലാവരോടും ശത്രുത. വയ്യ! ഈ പരിതസ്ഥിതിയിൽ എനിക്ക് ജീവിക്കാൻ വയ്യ!. ജീവിക്കണമെന്ന ആഗ്രഹം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. തപസ്സനുഷ്ഠിച്ച് എന്റെ ദേഹം ദേഹത്യാഗം ചെയ്യാൻ ആഗ്രഹിക്കുന്നു.'' “അനന്താ, നിന്റെ പേരിൽ എനിക്ക് അഭിമാനമുണ്ട്. പ്രീതി ഉണ്ട്. നിന്റെ സഹോദരങ്ങളെക്കുറിച്ചൊക്കെ എനിക്കു നന്നായി അറിയാം. നിന്റെ അമ്മയുടെ തെറ്റുകൊണ്ടാണ് സഹോദരങ്ങൾക്ക് ഈ സ്ഥിതി ഉണ്ടായത്. എല്ലാറ്റിനും കാരണക്കാരി നിന്റെ അമ്മയാണ്. സഹോദരങ്ങളെ ഓർത്ത് നീ ദുഃഖിക്കേണ്ടതില്ല. ഞാൻ നിന്നിൽ സംപ്രീതനായിരിക്കുന്നു. നിനക്ക് ആവശ്യമുള്ള വരം ചോദിച്ചുകൊള്ളുക.'' അനന്തന്റെ വാക്കുകൾ കേട്ട് സന്തോഷ വാനായ ബ്രഹ്മാവ് പറഞ്ഞു. “അല്ലയോ പ്രജാപതേ, എന്റെ മനസ്സ് സത്യത്തിലൂടെയും ധർമ്മത്തിലൂടെയും ചലിക്കുമാറാകണം. അതല്ലാതെ മറ്റൊരാഗ്രഹം എനിക്കില്ല.'' അനന്തൻ തന്റെ ഇംഗിതം ബ്രഹ്മാവിന്റെ മുമ്പിൽ അവതരിപ്പിച്ചു. ഒരു മന്ദസ്മിതത്തോടെ ബ്രഹ്മാവ് അറിയിച്ചു. “അനന്താ, ഈ ഭൂമണ്ഡലം എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതാണ്. ഭൂമിയുടെ ചലനം നീ നിയന്ത്രിക്കണം. ഭൂമി ഇളകാക നിർത്തുക. ഭൂകമ്പത്തെ നീ തടയുക.'' ഇത്രയും കേട്ടതോടെ അനന്തൻ അതീവ സന്തുഷ്ടനായി, സന്തോഷം കൊണ്ട് അവന്റെ ശബ്ദം ഇടറി, അനന്തൻ പറഞ്ഞു ''അങ്ങ് പറയുന്നതെന്തും അനുസരിക്കാൻ ഞാൻ തയ്യറാണ്. ഈ ഭൂമിയെ ഞാൻ ഇളക്കം കൂടാതെ താങ്ങിക്കൊള്ളാം, എന്റെ ശിരസ്സിലക്കു ഭൂമിവച്ചാലും." “നീ ഭൂമിക്കിടയിലേക്കു പോകുക. നിനക്ക് മാർഗ്ഗം ഭൂമി പറഞ്ഞുതരും.'' ബ്രഹ്മാവ് നിർദ്ദേശിച്ചു. ഒരു പഴുതുണ്ടാക്കി ഭൂമിയുടെ അടിയിലേക്ക് അനന്തൻ പോയി, ഈ ഭൂമണ്ഡലം മുഴുവൻ അനന്തൻ ഇന്നും താങ്ങി നിർത്തുന്നു എന്നാണ് സങ്കല്പം. അനന്തന്റെ ഭൂമിക്കടിയിലേക്കുള്ള യാത്ര കണ്ട് ബഹ്മാവ് പറഞ്ഞു: "പത്തികൊണ്ട് ഒറ്റയ്ക്ക് ഈ ഭൂമി താങ്ങി നിർത്തുന്നതു മൂലം നീ എന്നോടും ഇന്ദ്രനോടും തുല്യനായിത്തീരട്ടെ.''
No comments:
Post a Comment