ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

4 January 2023

ദ്രൗപദിയുടെ ചെരുപ്പ് നെഞ്ചിൽ ചേർത്തുപിടിച്ച കൃഷ്ണൻ

ദ്രൗപദിയുടെ ചെരുപ്പ് നെഞ്ചിൽ ചേർത്തുപിടിച്ച കൃഷ്ണൻ
                   
ശ്രീകൃഷ്ണഭഗവാനെപ്പോലെ ആശ്രിതവല്‍സലനായ മറ്റൊരു അവതാരപുരുഷനെ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ കാണാന്‍ കഴിയില്ല.
ഭഗവാനെക്കുറിച്ചുള്ള അനേകമനേകം കഥകളുണ്ട്.
 അവയുടെയൊക്കെ ആധികാരികത ആര്‍ക്കും ഉറപ്പാക്കാനാവില്ല.
അതുപോലെ ആധികാരികതയുടെ അവകാശ വാദങ്ങള്‍ ഇല്ലാതെ ഭഗവാന്റെ ആശ്രിത വാല്‍സല്യത്തിന്റെ അനുപമമായ ഒരു കഥ ഇവിടെ കുറിക്കുന്നു.

കുരുക്ഷേത്ര യുദ്ധം നടക്കുകയാണ്.
ധ്രുഷ്ടദ്യുമ്‌നന്‍ ആണ് പാണ്ഡവരുടെ മുഖ്യ സേനാ നായകന്‍. കൌരവരുടെ സര്‍വ്വ സൈന്യാധിപന്‍ ഭീഷ്മര്‍ ആണ്.

പാണ്ഡവരെക്കാള്‍ സേനാബലം കൌരവര്‍ക്കാണ്. ആദ്യ രണ്ടുദിവസം കഴിഞ്ഞിട്ടും പാണ്ഡവരില്‍ ഒരാളെപ്പോലും കീഴ്‌പ്പെടുത്താന്‍ ഭീഷ്മര്‍ നയിക്കുന്ന കൌരവസേനയ്ക്ക് കഴിഞ്ഞില്ല.
ദുര്യോധനന്‍ നിരാശനായി. ഭീഷ്മപിതാമഹന് മാനസികമായി പാണ്ഡവരോടാണോ അടുപ്പം എന്നു അയാള്‍ സംശയിച്ചു.

ഭീഷ്മരെ ചെന്നു കണ്ടു അയാള്‍ തന്റെ പരിഭവവും അമര്‍ഷവും അറിയിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. :-

"അങ്ങയെപ്പോലെ വിശ്വവിഖ്യാതനായ വില്ലാളി വീരന്‍ നയിക്കുന്ന കൌരവസേനയ്ക്ക് എന്തുകൊണ്ട് ഇത് വരെ പാണ്ഡവരില്‍ ഒരാളെപ്പോലും വധിക്കാന്‍ കഴിയുന്നില്ല? അങ്ങയുടെ മനസ്സ് ഇപ്പോഴും പാണ്ഡവരോടു ഒപ്പമാണെന്ന് ഞാന്‍ സംശയിക്കുന്നു. ഇങ്ങനെ ആണെങ്കില്‍ നമുക്ക് ഒരിയ്ക്കലും യുദ്ധം ജയിക്കാന്‍ കഴിയുകയില്ല.

ഭീഷ്മര്‍ കുപിതനായി ഇങ്ങനെ മറുപടി പറഞ്ഞു:-

”ദുര്യോധനാ! നിന്റെ ക്രൂരമായ ഈ വാക്കുകള്‍ക്ക് ഞാന്‍ മറുപടി പറയുന്നില്ല.
നീ എന്റെ ധര്‍മ്മ ബോധത്തെയാണ് ചോദ്യം ചെയ്യുന്നത്. ഞാന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ചാണ് യുദ്ധം ചെയ്യുന്നത്.

ദുര്യോധനന്‍ ഉടന്‍ പ്രതികരിച്ചു:

”അങ്ങിനെയെങ്കില്‍ അങ്ങ് എനിക്കു ഒരു വാക്ക് തരണം. രണ്ടു ദിവസത്തിനുള്ളില്‍ പാണ്ഡവര്‍ അഞ്ചു പേരെയും അങ്ങ് വധിക്കുമെന്ന് എനിക്കു ഉറപ്പ് തരണം.
 അങ്ങേയ്ക്ക് അത് നിഷ്പ്രയാസം കഴിയും.
അത്തരം ഒരു ഉറപ്പ് എനിക്കു തന്നില്ലെങ്കില്‍ അങ്ങയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ എനിക്കാവില്ല.

ഭീഷ്മര്‍ ഒരു നിമിഷം ആലോചിച്ചു. അദ്ദേഹത്തിന്റെ മുഖം ഗൌരവപൂര്‍ണ്ണമായി. ഒടുവില്‍ അദ്ദേഹം പറഞ്ഞു:

”ശരി! നിന്റെ ആഗ്രഹം പോലെ ആകട്ടെ.
 രണ്ടു ദിവസത്തിന്നകം ഞാന്‍ തന്നെ അഞ്ചു പാണ്ഡവരെയും വധിക്കാം.
പോരേ?”

ദുര്യോധനന്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. സ്വന്തം പാളയത്തില്‍ എത്തി അനുചരരോടു ഉറക്കെ വിളിച്ച് പറഞ്ഞു.

”നമ്മള്‍ യുദ്ധം ജയിച്ചു കഴിഞ്ഞു. അഞ്ചു പാണ്ഡവരെയും രണ്ടു ദിവസത്തിനകം വധിക്കാമെന്ന് ഭീഷ്മപിതാമഹന്‍ വാക്ക് തന്നു കഴിഞ്ഞു. ഇനി ഒന്നും ഭയപ്പെടാനില്ല.

കൌരവപാളയത്തില്‍ ആഹ്ലാദാരവങ്ങള്‍ മുഴങ്ങി. ഈ വിവരം ഉടന്‍ തന്നെ പാണ്ഡവരുടെ ചാരന്മാര്‍ ദ്രൗപദിയെ അറിയിച്ചു. അശുഭവാര്‍ത്ത അറിഞ്ഞ ഉടന്‍ ദ്രൗപദി ബോധരഹിതയായി നിലംപതിച്ചു. അല്‍പ്പം കഴിഞ്ഞ് ഉണര്‍ന്നെഴുന്നേറ്റ അവള്‍ ശ്രീകൃഷ്ണ ഭഗവാന്റെ സമീപത്തേക്ക് ഓടിച്ചെന്നു. ഭഗവാന്റെ കാല്‍ക്കല്‍ വീണു കരഞ്ഞുകൊണ്ടു അവള്‍ പറഞ്ഞു:-

രക്ഷിക്കണം....
എന്റെ അഞ്ചു ഭര്‍ത്താക്കന്മാരെയും രണ്ടു ദിവസത്തിനകം വധിക്കുമെന്ന് ഭീഷ്മപിതാമഹന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു.

”ഓഹോ അങ്ങിനെയോ?
ഭീഷ്മപ്രതിജ്ഞ അല്ലേ? ആകട്ടെ.
നമുക്ക് നോക്കാം....
 
ദ്രൌപദി ഞാന്‍ പറയുന്നതു പോലെ ചെയ്യണം. ഇപ്പോള്‍ സായാഹ്നമായിരിക്കുന്നു. ഇന്നത്തെ യുദ്ധം അവസാനിക്കുകയാണ്. എന്നും യുദ്ധം കഴിഞ്ഞു ഭീഷ്മപിതാമഹന്‍ സ്‌നാനം കഴിഞ്ഞു സ്വന്തം കൂടാരത്തില്‍ ധ്യാനനിമഗ്ദനായി ഏറെ നേരം ഇരിക്കും. അപ്പോള്‍ ദീപങ്ങള്‍ ഒന്നും തെളിക്കാന്‍ അദ്ദേഹം അനുവദിക്കില്ല.
ഇരുളില്‍ ഏകാന്തധ്യാനം നടത്താനാണ് അദ്ദേഹത്തിന് ഇഷ്ടം. ആ സമയത്ത് ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ പാദപ്രണാമം നടത്തി അനുഗ്രഹം വാങ്ങാം. ഇന്ന് ആ സമയത്ത് ദ്രൗപദി അവിടെ ചെന്നു അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങണം.
എന്നാല്‍ അത് ദ്രൗപദി ആണെന്ന് അദ്ദേഹം തിരിച്ചറിയരുത്.
 അതുകൊണ്ടു നീ നിന്റെ മാലയും വളകളും കാല്‍ത്തളയും എല്ലാം അഴിച്ചു വെച്ചിട്ടു വേണം പോകാന്‍.

അവയുടെ നേരിയ ശബ്ദം കൊണ്ട് പോലും നിന്നെ അദ്ദേഹം തിരിച്ചറിയും.

അത് കൊണ്ട് എന്താണ് പ്രയോജനം ഭഗവാനെ?

അദ്ദേഹം തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറുമോ? ദ്രൗപദി ചോദിച്ചു.

”ഞാന്‍ പറഞ്ഞു തീര്‍ന്നില്ല. ‘കൃഷ്ണന്‍ തുടര്‍ന്ന് പറഞ്ഞു:...

‘ഭീഷ്മര്‍ തന്റെ കാല്‍ തൊട്ട് തൊഴുന്ന എല്ലാവരെയും ശിരസ്സില്‍ കൈ വെച്ചു അനുഗ്രഹിക്കും..
 പുരുഷന്മാരെ ”ആയുഷ്മാന്‍ ഭവ” എന്നും സ്ത്രീകളെ ”ദീര്‍ഘ സുമംഗലീ ഭവ” എന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം അനുഗ്രഹിക്കുക.

നീ ഒരു പ്രാവശ്യം അനുഗ്രഹം വാങ്ങിയത് കൊണ്ട് തൃപ്തിപ്പെടരുത്.
വീണ്ടും ആരാധകരുടെ വരിയില്‍ പോയി നിന്നു അനുഗ്രഹം വാങ്ങണം.
അങ്ങിനെ ഏഴു പ്രാവശ്യം ആവര്‍ത്തിക്കണം..

ദ്രൗപദി ഭയചകിതയായി പറഞ്ഞു.. എനിക്കു പേടിയാകുന്നു ഭഗവാനെ പിതാമഹന്‍ എന്നെ തിരിച്ചറിഞ്ഞാല്‍ ?

തിരിച്ചറിയുകയില്ല, തിരിച്ചറിഞ്ഞാലും ഒന്നും സംഭവിക്കില്ല. അത്രയ്ക്ക് ഭയമാണെങ്കില്‍ പുറത്തു വരെ ഞാന്‍ കൂടെ വരാം. പോരേ?”

അങ്ങിനെ ദ്രൗപദിയും ശ്രീകൃഷ്ണനും കൌരവരുടെ കൂടാരത്തിലേക്ക് ചെന്നു.
 ഭഗവാനെ കണ്ടു ദ്വാരപാലകര്‍ വിനയപൂര്‍വ്വം വഴിമാറിക്കൊടുത്തു.
 ഭീഷ്മരുടെ കൂടാരത്തിന് മുന്നില്‍ കൃഷ്ണന്‍ നിന്നു. ആകാശം മേഘാവൃതമായിരുന്നു, ദ്രൗപദിയുടെ ആകാംക്ഷാഭരിതമായ മനസ്സ് പോലെ...
ദ്രൗപദി പാദുകങ്ങള്‍ അഴിച്ചു വെച്ചു മെല്ലെ മുന്നോട്ട് പോയി.

അകത്തു ആരാധകരുടെ നീണ്ട നിര ഓരോരുത്തരായി ഭീഷ്മരുടെ പാദം സ്പര്‍ശിച്ചു അനുഗ്രഹം വാങ്ങി മടങ്ങി.
ദ്രൌപദിയുടെ ഊഴമായി. പിതാമഹന്റെ കാല്‍ തൊട്ട് അവള്‍ മനസ്സ് നൊന്ത് മൌനമായി പ്രാര്‍ത്ഥിച്ചു.
ഭീഷ്മരുടെ ഘനഗംഭീരമായ ശബ്ദം അവളുടെ ഹൃദയത്തില്‍ കുളിര് കോരിയിട്ടു: ‘ദീര്‍ഘ സുമംഗലീ ഭവ!”

അങ്ങിനെ ഏഴുപ്രാവശ്യം ദ്രൌപദി അനുഗ്രഹം വാങ്ങി. ഏഴാമത് പ്രാവശ്യം ഭീഷ്മര്‍ ചോദിച്ചു:
നീ ആരാണ്?
ഇപ്പോള്‍ പല പ്രാവശ്യമായി നീ എന്റെ അനുഗ്രഹം വാങ്ങുന്നു.?

പരിചാരകരെ വിളിച്ച് അദ്ദേഹം ആജ്ഞാപിച്ചു –
“ആരവിടെ? ദീപങ്ങള്‍ തെളിയ്ക്കൂ”

ദീപങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ദ്രൗപദിയെ കണ്ടു.

ഓ! ദ്രൗപദിയോ? നിന്നെ ആരാണ് ഇങ്ങോട്ട് പറഞ്ഞയച്ചത്? മറുപടി പറയാന്‍ ദ്രൗപദി മടിച്ച് നിന്നപ്പോള്‍ ഭീഷ്മര്‍ തന്നെ പറഞ്ഞു:-

എനിക്കു ഊഹിക്കാന്‍ കഴിയും. സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ ആയിരിയ്ക്കും നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്.
എന്നിട്ട് അദ്ദേഹം എവിടെ?

പുറത്തു നില്ക്കുന്നു.
ദ്രൗപദി പ്രതിവചിച്ചു.

നിന്നോടൊപ്പം ഞാനും വരാം.
പുറത്തു മഴ ചാറിത്തുടങ്ങിയിരുന്നു...
ദ്രൗപദിയോടൊപ്പം ഭീഷ്മര്‍ പുറത്തേക്ക് ചെന്നപ്പോള്‍ അരണ്ട വെളിച്ചത്തില്‍ അകലെ നില്‍ക്കുന്ന ഭഗവാനെ കണ്ടു.
 മഴത്തുള്ളികള്‍ ഭഗവാന്റെ കാരുണ്യവര്‍ഷം പോലെ ആ കോമളകളേബരത്തിലൂടെ പെയ്തിറങ്ങുകയാണ്.

അതിനിടയ്ക്ക് ദ്രൗപദി ചോദിച്ചു: ‘എന്റെ പാദുകങ്ങള്‍ എവിടെ?”
കൃഷ്ണന്‍ പറഞ്ഞു... "ഇതാ നിന്റെ പാദുകങ്ങള്‍!”

ദ്രൗപദി നോക്കിയപ്പോള്‍ വിസ്മയകരമായ ഒരു കാഴ്ച കണ്ടു. ദ്രൗപദിയുടെ പാദുകങ്ങള്‍ ഭഗവാന്‍ തന്റെ ശ്രീവല്‍സാങ്കിതമായ മാറില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നു. 

”നിനക്കു ഈ അടുത്ത കാലത്ത് യുധിഷ്ഠിരന്‍ പ്രേമപൂര്‍വ്വം നല്കിയ പുതിയ പാദുകങ്ങള്‍ അല്ലേ?
അത് മഴയിലും ചെളിയിലും കുതിരണ്ട എന്നു കരുതി.”

ദ്രൗപദിയുടെ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഭഗവാന്റെ കാരുണ്യം ഇങ്ങനെ ലഭിക്കാന്‍ ഞാന്‍ എന്തു മുജ്ജന്‍മ സുകൃതമാണ് ചെയ്തത് ?

ഭീഷ്മര്‍ പറഞ്ഞു:’
കൃഷ്ണാ! അങ്ങ് എന്നെ അക്ഷരാര്‍ത്ഥത്തില്‍ തോല്‍പ്പിച്ചു കളഞ്ഞു. അങ്ങയുടെ സംരക്ഷണവും അനുഗ്രഹവും ഉള്ള പാണ്ഡവരെ വധിക്കാം എന്നു കരുതിയ ഞാന്‍ എത്ര ബുദ്ധിശൂന്യനാണ്!. പക്ഷേ ഒന്നു മാത്രം എനിക്കു മനസ്സിലായില്ല. ദ്രൗപദിയെക്കൊണ്ടു ഏഴു പ്രാവശ്യം അനുഗ്രഹം വാങ്ങിപ്പിച്ചത് എന്തിനാണ്.?”

കൃഷ്ണന്‍ പറഞ്ഞു:-
 ”അങ്ങേക്ക് അറിയാമല്ലോ.
ഏഴു പ്രാവശ്യം അനുഗ്രഹിച്ചാല്‍ അത് വരം ആയി മാറുമെന്നും അങ്ങേയ്ക്ക് പോലും അത് തിരിച്ചെടുക്കാന്‍ കഴിയുകയില്ലെന്ന്.
അത്തരം ഒരു പഴുതു കൂടി അടച്ചെന്നേ ഉള്ളൂ.

പിന്നെ, ഇവിടെ പാണ്ഡവര്‍ തന്നെയേ ജയിക്കുകയുള്ളൂ. കാരണം ധര്‍മ്മം അവരുടെ പക്ഷത്താണ്. ധര്‍മ്മം എവിടെയുണ്ടോ അവിടം ജയിക്കാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണം”...

വിശ്വവശ്യമായ മന്ദഹാസത്തോടെ കൃഷ്ണന്‍ ദ്രൗപദീയോടൊപ്പം നടന്നു നീങ്ങുന്നത് ഭീഷ്മര്‍ നിര്‍വൃതിയോടെ നോക്കി നിന്നു.


കുബേരന്റെ കാഴ്ച പോയ കണ്ണ്

കുബേരന്റെ കാഴ്ച പോയ കണ്ണ്
                 
രാമായണത്തിൽ വിവരിച്ചിട്ടുള്ള ഐതിഹ്യപ്രകാരം ബ്രഹ്മാവിന്റെ മനസാ പുത്രൻമാരിൽ ഒരാളായ പുലസ്ത്യ മഹർഷിയുടെ പുത്രനായ വിശ്രവസ്സിനും - ഭരദ്വാജമഹർഷിയുടെ പുത്രി ദേവവർണിനി എന്ന ഇളബിളയിൽ ജനിച്ച ആദ്യത്തെ മകനാണ്, ധനത്തിന്റെയും വടക്ക് ദിക്കിന്റെയും അധിപതിയായ വൈശ്രവണൻ എന്നറിയപ്പെടുന്ന കുബേരൻ.

വൈശ്രവണൻ എന്നാൽ സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം.. കുബേരൻ എന്നാൽ നിന്ദിതമായ ശരീരത്തോടുകൂടിയവൻ എന്നും അർത്ഥം. (ദേവനായി ജനിച്ചിട്ടു കൂടി രാക്ഷസ രൂപമായതിനാൽ ദേവൻമാർ അദ്ദേഹത്തെ ആദ്യ കാലത്ത് പരിഗണിച്ചിരുന്നില്ല.)

സൂര്യദേവന് ഛായയിൽ ജനിച്ചതും ശനീശ്വരന്റെ സഹോദരിയുമായ ഭദ്രയാണ് (ലക്ഷ്മി, ചർവി, യക്ഷി എന്നീ പേരുകളിലും അറിയപ്പെടുന്നു.) കുബേരന്റെ ഭാര്യ.

നളകുബേരൻ, മണിഗ്രീവൻ, മയൂരജ എന്നീ 3 ആൺമക്കളും മീനാക്ഷി എന്ന പെൺകുട്ടിയും അദ്ദേഹത്തിന് മക്കളായി ഉണ്ട്.

മഹാദേവന്റെ ഭൈരവ രൂപമാകുന്ന സുവർണ ഭൈരവൻ എന്ന സ്വർണ ഭൈരവനെ ആരാധിച്ചാണ് കുബേരൻ ധനത്തിന്റെ ദേവത സ്ഥാനം ഏറ്റെടുത്തത്.. ഒപ്പം യക്ഷ കുലത്തിന്റെ രാജവുമാണ് ഇദ്ദേഹം.

കഥയിലേക്ക്...

തന്റെ അച്ഛന്റെ രണ്ടാമത്തെ ഭാര്യയായ കൈകസിയിൽ ജനിച്ച പുത്രനായ രാവണൻ, കുബേരന് താമസിക്കുവാൻ വിശ്വകർമ്മാവ് പണി കഴിപ്പിച്ച ശ്രീ ലങ്ക ആക്രമിച്ചു വാങ്ങിയപ്പോൾ (അച്ഛന്റെ ആവിശ്യ പ്രകാരം നൽകിയതാണ് എന്നും പറയുന്നു.) മഹാദേവനെ തപസ്സു ചെയ്തു പുതിയ ഒരു നഗരം ലഭ്യമാകുവാൻ തീരുമാനിച്ചു...

കുബേരന്റെ തപസ്സിൽ പ്രീതിപെട്ട ശിവപാർവതിമാരോട് തന്റെ ആവിശ്യം പറയുകയും അവരത് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് കൈലാസ പർവതത്തിൽ അളകപുരി എന്ന നഗരം നിർമിച്ചു നൽകി.

എന്നാൽ പാർവതി ദേവിയുടെ സൗന്ദര്യത്തിൽ അകൃഷ്ടനായ കുബേരൻ വലതു കണ്ണിനാൽ ദേവിയെ ശ്രദ്ധിച്ചു. അത് കുബേരന് വൻ തിരിച്ചടിയായി. ആ നിമിഷം കുബേരന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി.

അതുകൊണ്ട് കുബേരൻ ഏക പംഗള നേത്രൻ എന്ന പേരിലും കുത്സിതൻ (ഒരുകണ്ണില്ലാത്തവന്‍) എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി..

12 December 2022

തുളസി പറഞ്ഞ രാമകഥ

തുളസി പറഞ്ഞ രാമകഥ

ഒരിക്കല്‍ മഹാദേവന്‍ സതീദേവിയോടോത്ത് അഗസ്ത്യ മുനിയെ സന്ദര്‍ശിക്കാന്‍ ഇടയായി. മഹര്‍ഷി പറഞ്ഞ ഹരികഥകള്‍ കേട്ടു സന്തുഷ്ടരായി തിരിച്ചെത്തിയ ശേഷം മാരീചനിഗ്രഹം കഴിഞ്ഞ് സീതാവിരഹ ദുഖാര്‍ത്തനായി വനത്തില്‍ അലയുന്ന രാമദേവനെ കാണാന്‍ അവര്‍ക്ക് അവസരമുണ്ടായി. ഹരിയുടെ അവതാരരഹസ്യം നല്ല പോലെ അറിയാമായിരുന്ന മഹാദേവന്ന് മനസ്സില്‍ ഭക്തിബഹുമാനങ്ങള്‍ മാത്രമാണ് വര്‍ദ്ധിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം രാമനാമം സദാ ജപിച്ചുകൊണ്ടിരുന്നു. അത് കണ്ട സതീദേവിക്ക് മനസ്സില്‍ വലിയ സംശയങ്ങള്‍ ഉദിച്ചു. മഹേശ്വരനായി എല്ലാവരാലും വാഴ്ത്തപ്പെടുന്ന തന്‍റെ പതി മറ്റൊരു ദേവനെ സ്മരിക്കുന്നതിന്‍റെ രഹസ്യം ആസാധ്വിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പ്രാപഞ്ചിക ദു:ഖങ്ങള്‍ അനുഭവിച്ചു കൊണ്ടു വിരഹാര്‍ത്തനായി വനത്തില്‍ അലയുന്ന നിസ്സഹായനായ ഒരു രജപുത്രകുമാരനെ എന്തിന്നാണ് സര്‍വ്വലോക മഹേശ്വരനായ തന്‍റെ പതി ഭക്തിപൂര്‍വം സ്മരിക്കുന്നത്. ഇത്തരമൊരു മനുഷ്യനെ എങ്ങിനെയാണ് സച്ചിദാനത്തിന്‍റെയും മോക്ഷത്തിന്‍റേയും പരമധാമമായി കണക്കാക്കുന്നത്. അങ്ങിനെ പോയി ദേവിയുടെ വൃഥാ സന്ദേഹങ്ങള്‍. വിവരം മനസ്സിലാക്കിയ മഹാദേവന്‍ രാമമാഹാത്മ്യം ആവുംവിധം പറഞ്ഞു കൊടുത്തെങ്കിലും ദേവിക്കത് ബോധ്യപ്പെട്ടില്ല. രാമനെ ഒന്നു പരീക്ഷിക്കണമെന്ന് തന്നെ അവര്‍ തീര്‍ച്ചപ്പെടുത്തി. ദക്ഷസുതയ്ക്ക് സംഭവിക്കാനിരിക്കുന്ന അമംഗളം ശിവന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം രാമനാമജപത്തില്‍ തന്നെ വീണ്ടും ഏകാഗ്രതയോടെ വ്യാപൃതനായി.
വനത്തില്‍ സീതാന്വേഷണത്തില്‍ ഏര്‍പ്പെട്ടു നടന്ന രഘു രാമന്‍റെ മുന്നില്‍ സതീദേവി സീതാരൂപം ധരിച്ച് പ്രത്യക്ഷപ്പെട്ടു. സ്മരണമാത്രേണ എല്ലാ അജ്ഞാനങ്ങളും നീക്കാന്‍ പ്രാപ്തനായ ഹരിയുടെ മനസ്സില്‍ കപടവേഷ ധാരിണിയായി നില്‍ക്കുന്ന സതീദേവിയുടെ രൂപം പെട്ടെന്നു തന്നെ വ്യക്തമായി. പ്രഭു പ്രപഞ്ചമാതാവിനെ വന്ദിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു: “ദശരഥപുത്രനായ ഈ രാമന്‍ അമ്മയെ വന്ദിക്കുന്നു. മഹാദേവനെ കൂടാതെ അമ്മ ഈ ഘോരവനത്തില്‍ എന്താണ് തനിയെ നടക്കുന്നത്?”

സ്വന്തം ജാള്യതയില്‍ സങ്കോചപ്പെട്ടുകൊണ്ട് ഒന്നും പറയാനാകാതെ ദേവി നമ്രശിരസ്കയായി ശിവസന്നിധിയിലേക്ക് തന്നെ തിരിച്ചു പോകുമ്പോള്‍ മഹാപ്രഭു മറ്റൊരു അത്ഭുതം കൂടി അവള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സീതാലക്ഷ്മണ സമേതനായി അതാ ശ്രീരാമന്‍ മുന്നില്‍ നില്‍ക്കുന്നു. സിദ്ധമുനീശ്വരസേവിതനായി, ചുറ്റിനും ബ്രഹ്മവിഷ്ണു മഹേശ്വര മൂര്‍ത്തികളും എണ്ണമറ്റ അന്യദേവതാദേവിമാരും ശ്രീരാമനെ വലം വെച്ചുകൊണ്ടിരിക്കുന്നു. അവരേയും വലം വെച്ചു കൊണ്ടു പ്രപഞ്ചത്തിലെ സമസ്തകോടി ജീവികളും രാമപാദങ്ങളെ തന്നെ പൂജിച്ചു കൊണ്ടിരിക്കുന്നു. അത്ഭുതസ്ഥബ്ധയായ ദേവിയുടെ ഹൃദയത്തുടിപ്പുകള്‍ വര്‍ധിച്ചു. ശരീരബോധം നഷ്ടപ്പെട്ടപോലെയായി. അല്പം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ തന്‍റെ മഹാമായയെ പിന്‍വലിച്ചു. വല്ലാതെ ക്ഷീണിച്ച് വിറച്ച് ഭര്‍ത്തൃസവിധത്തിലെത്തിയ ദേവിയെ നോക്കി മഹാദേവന്‍ ചോദിച്ചു “ഏത് വിധത്തിലാണ് രാമനെ പരീക്ഷിച്ചത്? എന്നിട്ടെല്ലാം വ്യക്തമായോ?”

“ഞാന്‍ പരീക്ഷിക്കാനൊന്നും ശ്രമിച്ചിട്ടില്ല. അദ്ദേഹത്തെ നേരില്‍ കണ്ടു പ്രണാമം അര്‍പ്പിച്ചു പോന്നു.” ദേവി ഒരു വ്യാജം പറഞ്ഞു.

സതീദേവി സീതാദേവിയുടെ രൂപമെടുത്ത് ഭഗവാന്‍റെ മുന്നില്‍ ചെന്നത് അക്ഷന്തവ്യമായ അപരാധമായി മഹാദേവന്ന് തോന്നി. അടക്കിയ തീക്കനലു കളുമായി സതീദേവി കൈലാസത്തില്‍ പതിയുടെ ലാളനകള്‍ ലഭിക്കാതെ കുറെക്കാലം കഴിച്ചു കൂട്ടി. തന്‍റെ തെറ്റിന് പരിഹാരം എന്തെന്ന് ചിന്തിച്ച് അവള്‍ ഏറെ വിഷമിച്ചു. പാപം ചെയ്ത തന്‍റെ ശരീരം എളുപ്പത്തില്‍ വീണു പോകേണമേയെന്നവള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ഇങ്ങിനെ 87000 വര്‍ഷങ്ങള്‍ ദേവി ദു:ഖനിമഗ്നയായി കഴിച്ചു കൂട്ടിയെന്നാണ് പുരാണങ്ങള്‍ പറയുന്നത് ആയിടക്കാണ് ദക്ഷയാഗം സംഭവിക്കുന്നത്.

30 May 2022

വൃഷാലി

വൃഷാലി

ദൂരെ കുരുക്ഷേത്രത്തിൽ അമീൻ കുന്നിന്റെ താഴ്വരയിൽ രണവാദ്യങ്ങൾ മുഴങ്ങി… 
വൃഷാലി കാതോർത്തു... 
പാണ്ഡവർ ആഘോഷിക്കുകയാണ്… സ്വന്തം ജേഷ്ഠന്റെ പതനം.. ഇനിയൊരിക്കലും ഹിരണ്യഗർഭത്തിന്റെ മാറ്റൊലി ഗഗനം ഭേദിക്കില്ല... എല്ലാ അപമാനഭാരങ്ങളും ശാപങ്ങളും ഭൂമിയിൽ എന്നെന്നേക്കുമായി ഇറക്കി വെച്ച് കർണൻ വിടവാങ്ങി… ചതുപ്പ് നിലത്തിൽ ആണ്ടു പോയ രഥചക്രം ഉയർത്താൻ ശ്രമിക്കുകയായിരുന്ന നിരായുധനായ കർണന്റെ നേരേ ആഞ്ജലികബാണമയക്കാൻ അർജുനനോട് ആജ്ഞാപിച്ചുവത്രെ ഭഗവാൻ ശ്രീകൃഷ്ണൻ.. നന്ദിഘോഷത്തിന്റെ സാരഥി… 

തന്റെ പശുക്കിടാവിന്റെ ജീവസറ്റ ശരീരം നോക്കി അലമുറയിട്ട വൃദ്ധബ്രാഹ്മണന്റെ ശാപം.. "കർണാ യുദ്ധ സമയത്ത് നിന്റെ രഥ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോകട്ടെ.. "

ഒരു ക്ഷത്രിയനാണെന്ന തിരിച്ചറിഞ്ഞ നിമിഷം മഹേന്ദ്ര പർവതത്തിൽ പരശുരാമന്റെ ക്രോധാഗ്നിയിൽ നിന്നും വർഷിച്ച ശാപവാക്കുകൾ "യുദ്ധത്തിൽ ആവശ്യമുള്ള സമയത്ത് ബ്രഹ്മാസ്ത്രം നിനക്ക് ഓർമ വരാതെ പോകട്ടെ.."

ശാപങ്ങൾ ഒരിക്കലും ഫലിക്കാതെ പോയിട്ടില്ലല്ലോ കർണന്റെ ജീവിതത്തിൽ.. 

“ചതിയായിരുന്നു അമ്മേ കൊടുംചതി.." 
ചിത്രസേനന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. 

“നിരായുധനായ യോദ്ധാവിന് നേരേ അസ്ത്രം പ്രയോഗിക്കുന്നത് യുദ്ധധർമ്മമല്ലെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു അച്ഛൻ. എന്നിട്ടും. “

വൃഷാലിക്കറിയാമായിരിന്നു.. ഭഗവാൻ തിരിച്ചു ചോദിച്ചിട്ടുണ്ടാവും… കള്ളചൂത് കളിക്കുമ്പോൾ പാഞ്ചാലിയെ സഭയിൽ വെച്ച് അപമാനിക്കുമ്പോൾ അഭിമന്യുവിനെ ആറു പേർ ചേർന്നു ആക്രമിക്കുമ്പോൾ എവിടെയായിരുന്നു കർണാ നിന്റെ ധർമം… അതിനുത്തരം ആരെക്കാളും അറിയുന്ന ഭഗവാനെ നോക്കി കർണൻ പുഞ്ചിരിച്ചിട്ടുണ്ടാവും.. കൈകൾ കൂപ്പി വന്ദിച്ചിട്ടുണ്ടാവും… 

“പക്ഷെ അതൊന്നുമല്ലമ്മേ എന്നെ വേദനിപ്പിച്ചത്. “
 
വൃഷാലി പിന്നെയും കേട്ടു. ഹൃദയം നുറുങ്ങുന്ന വേദനയോടെ 

 യുദ്ധത്തിൽ മരണപെട്ട തന്റെ മകന്റെ അന്ത്യ സംസ്കാരത്തിന് വേണ്ടി യുദ്ധഭൂമിയിൽ ധനം യാചിച്ചു നടന്ന നിർദ്ധനനായ ഒരു ബ്രാഹ്മണന് തന്റെ രണ്ടു സ്വർണപ്പല്ലുകൾ പിഴുതെടുത്തു കൊടുക്കാൻ മരണശയ്യയിൽ കിടന്നു ചിത്രസേനനോട് ആവശ്യപ്പെട്ടുവത്രെ കർണൻ . 

അറിയാം തന്റെ മുന്നിൽ യാചിച്ചു വരുന്ന ഒരാളെയും തിരിച്ചയക്കാൻ കഴിയില്ല കർണന്.   

ദാനശീലൻ.. വൃഷാലി ഓർക്കുകയായിരുന്നു…വിശേഷണങ്ങൾക്ക് ഒരു കുറവുമില്ലായിരുന്നല്ലോ തന്റെ കർണന്…

ദാനശീലൻ, ദിഗ്‌വിജയി, സൂതപുത്രൻ, ശാപഗ്രസ്ഥൻ,...

ബ്രാഹ്മണന്റെ വേഷത്തിൽ വന്ന ഇന്ദ്രന് തന്റെ കവച കുണ്ഡലങ്ങൾ ദാനം ചെയ്ത പുണ്യശ്രേഷ്ഠൻ.. എന്തിന് വേണ്ടിയായിരുന്നു… തന്റെ പുത്രനായ അർജുനനനെ രക്ഷിക്കാൻ വേണ്ടിയാണ് കൗശലപൂർവ്വം ഇന്ദ്രൻ അത് ചെയ്തതെന്ന് നല്ല ബോധ്യമുണ്ടായിട്ടും..

"നിന്റെ കുലമേതാണ് കർണാ.. ഒരു സൂതപുത്രന് ഒരു ക്ഷത്രിയോനോടേറ്റു മുട്ടാൻ അധികാരമില്ല "

അന്ന് വസന്ത പൗർണമി നാളിൽ ഹസ്തിനപുരിയിലെ മത്സരക്കളരിയിൽ അർജുനനുമായി മത്സരത്തിന് തയ്യാറെടുക്കുമ്പോൾ ഗുരു ദ്രോണാചാര്യർ മനസ്സിനേൽപിച്ച ആദ്യത്തെ ക്ഷതം. 

അർജുനനോ അസ്ത്രങ്ങൾക്കോ കർണ്ണനെ തോൽപ്പിക്കാനാവില്ല. . കർണ്ണൻ അജയ്യനാണ്. മറ്റാരേക്കാളും ഗുരുവിനറിയാമായിരുന്നു ആ സത്യം.. . 

കർണന്റെ മനസ്സിനെ മുറിവേല്പിക്കാൻ മാത്രമേ ആർക്കും കഴിഞ്ഞിരുന്നുള്ളൂ. 

 "ഒരു ക്ഷത്രിയനെ മാത്രമേ ഞാൻ പതിയായി സ്വീകരിക്കുകയുള്ളൂ.. സൂതപുത്രന് ഈ സഭയിൽ എന്ത് കാര്യം.. "സ്വയംവര പന്തലിൽ വെച്ച് ദ്രൗപതിയുടെ പരിഹാസ വാക്കുകൾ. . " സൂത പുത്രൻ സൂത പുത്രൻ "ആർപ്പുവിളികൾ കാതിൽ മുഴങ്ങുന്നു.. 

ഉണങ്ങാത്ത മുറിവുകളും ഒഴിയാത്ത ശാപങ്ങളും ഏറ്റു വാങ്ങി കർണൻ യാത്രയായി… 

കുരുക്ഷേത്രത്തിൽ ആരവങ്ങളടങ്ങുന്നില്ല.. 

വൃഷാലി ഒരിക്കൽ കൂടി ആ രംഗം ഓർത്തെടുത്തു.. യുദ്ധക്കളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തന്റെ നെറ്റിയിൽ സൗഭാഗ്യ തിലകം അണിയിക്കാൻ വന്ന നിമിഷം... ബാണം കൊണ്ട് ഇടത്കയ്യിലെ തള്ളവിരൽ മുറിച്ചു തന്റെ നെറ്റിയിൽ രക്ത തിലകം ചാർത്തി കർണൻ പറഞ്ഞു. 

"ഞാൻ യാത്ര ചോദിക്കുന്നില്ല വൃഷാലി… ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അർജുനൻ ഇന്ന് സൂര്യൻ അസ്തമിക്കുമ്പോൾ ഞങ്ങളിൽ ഒരാൾ മാത്രമേ ജീവനോടെ ഉണ്ടാവൂ.. കരയരുത്.. ഇനിയുമൊരു ജന്മമുണ്ടെകിൽ നിന്നെ തന്നെ പത്നിയായി കിട്ടട്ടെ എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.. പക്ഷെ വൃഷാലി.. "

ഒരു നിമിഷം ആ കണ്ണുകൾ സജലങ്ങളായത് പോലെ.. "ഞാൻ മരിക്കുകയാണെണെങ്കിൽ ഒരു പുല്ല് പോലും മുളക്കാത്ത ഏതെങ്കിലും കന്യാഭൂവിൽ എന്റെ ചിതയൊരുക്കണം .. അപമാനങ്ങളും ശാപങ്ങളും ഏറ്റു വാങ്ങാൻ ഇനിയുമൊരു ജന്മം.. അതെനിക്ക് വേണ്ട "

കരഞ്ഞില്ല.. വൃഷസേനനെയും പ്രസേനനെയും യുദ്ധക്കളത്തിൽ നഷ്ടപെട്ടപ്പോഴും കണ്ണീർ തടഞ്ഞത് ആ വാക്കുകളാണ്.. "അവർ കർണന്റെ മക്കളാണ്. . യുദ്ധത്തിൽ വീരമൃതു വരിച്ചവരെ ഓർത്ത് ആരും കരയരുത്." ഇനി തന്റെ ഊഴമാണ്.. യാത്രക്കുള്ള സമയമായി. 

അകത്തു സുപ്രിയ തളർന്നു കിടക്കുകയാണ്.. തന്റെ അനുജത്തിയെ പോലെയാണവൾ. തന്റെ കർണന്റെ മനസ്സ് കവർന്നവൾ.. ഒരിക്കൽ പോലും അവളോട് അസൂയയയോ വിദ്വേഷമോ തോന്നിയിട്ടില്ല.. 

ഒന്നും പറയാതെ അവളെ ചേർത്ത് പിടിച്ചു ആ മൂർദ്ധാവിൽ ചുംബിച്ചു.  

എല്ലാവരെയും അനുഗ്രഹിച്ചു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി തോളിലെ വസ്ത്രത്തിന്റെ അഗ്രഭാഗം എടുത്തു നോക്കി.. ഉണ്ട്.. അതവിടെതന്നെയുണ്ട്… പൊട്ടിയ ആ മൺകുടത്തിൽ കഷ്ണം... 

അന്ന് കർണ്ണനെ പ്രയാഗയിൽ വെച്ച് ആദ്യമായി കണ്ട നിമിഷം… ആ സൂര്യതേജസ്സിന് മുന്നിൽ അറിയാതെ ചെന്ന് പെട്ടപ്പോളുണ്ടായ പരിഭ്രമത്തിൽ തലയിൽ വെച്ച മൺകുടം താഴെ വീണു പൊട്ടിയതും എതോ രാജകുമാരനെന്നു തെറ്റിദ്ധരിച്ചു കാൽക്കൽ വീണു ക്ഷമ ചോദിച്ചതും.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ വൃഷാലിയുടെ കണ്മുന്നിൽ തെളിഞ്ഞു. 

പതിയെ പിടിച്ചെഴുന്നേല്പിച്ചപ്പോൾ ആ മുഖത്തുനിറഞ്ഞിരുന്ന കുസൃതി ചിരി കണ്ട് അമ്പരന്നു നിന്നു. .. "ഞാൻ രാജകുമാരനൊന്നുമല്ല.. ഒരു സാധാരണ സൂതപുത്രനാണ്… " പ്രണയിച്ചു പോവുകയായിരുന്നു സൂതപുത്രനെ ആ നിമിഷം. തന്റെ സാരഥിയായ സത്യസേനന്റെ സഹോദരിയാണ് മുന്നിൽ എന്നറിഞ്ഞപ്പോൾ തേജസ്സുറ്റ ആ മുഖം ഒന്ന് കൂടി ശോഭിച്ചത് പോലെ.. 

ജേഷ്ഠനോട് തന്നെ പത്നിയായി ആവശ്യപ്പെട്ടപ്പോൾ മനസ്സിൽ ആഹ്ലാദം തിരതല്ലുകയായിരുന്നു.. 

ജന്മജന്മാന്തരങ്ങളുടെ പുണ്യം.. 

കർണപത്നി എന്നതിൽപ്പരം എന്ത് സൗഭാഗ്യമാണ് തനിക്ക് ജീവിതത്തിൽ വന്നു ചേരാനുള്ളത്. 

ആദ്യരാത്രി തന്റെ ഉത്തരീയത്തിൽ നിന്നും പൊട്ടിയ മൺകുടത്തിന്റെ ഒരു കഷ്ണം എടുത്തു കയ്യിൽ വെച്ച് തന്നു. 

"വൃഷാലി ഇതെന്നും നിന്റെ വസ്ത്രത്തിന്റെ അറ്റത്തു സൂക്ഷിക്കണം.. നമ്മുടെ ഒത്തുചേരലിന്റെ, സ്നേഹത്തിന്റെ പ്രതീകം പോലെ.. "കർണൻ എന്നും തന്നെ അത്ഭുതപെടുത്തിയിട്ടേയുള്ളു.. !

താൻ സൂതപുത്രനല്ല സൂര്യപുത്രനാണെന്ന് തിരിച്ചറിഞ്ഞപ്പോഴും സുപ്രിയയെ വിവാഹം ചെയ്തു കൊണ്ട് വന്നപ്പോഴും ആ സ്നേഹത്തിന്റെ ആഴം കുറഞ്ഞിട്ടിട്ടുണ്ടോ? കൂടിയതല്ലാതെ.. 

നനഞ്ഞ വസ്ത്രത്തിൽ കൊട്ടാരം വിട്ട് പുറത്തിറങ്ങി.. കുതിരകൾ കടിഞ്ഞാണിടുന്ന ശബ്ദം. ആരാണീ സമയത്ത്.. 

രഥത്തിൽ നിന്നുമിറങ്ങി ശുഭ്രവസ്ത്രധാരിയായി വരുന്ന സ്ത്രീ രൂപത്തെ ഒന്നേ നോക്കിയുള്ളൂ. . രാജാമാതാവ് കുന്തീദേവി.. കലങ്ങിമറിഞ്ഞ കണ്ണുകൾ. എന്തിനാണിവർ ഇപ്പോൾ കരയുന്നത്. ആർക്ക് വേണ്ടി…. 

"അമ്മേ.. ഗംഗാതീരത്ത് വെച്ച് കർണൻ തന്ന പ്രതിജ്ഞ നിറവേറ്റിയിരിക്കുന്നു.. നിങ്ങൾക്കിപ്പോഴും അഞ്ചു പുത്രന്മാർ ജീവനോടെയുണ്ട്. "

"മകളെ വൃഷാലി. "തന്റെ തോളിലേക്ക് ചാഞ്ഞു അവർ തേങ്ങി കരഞ്ഞു. "മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്ത ഹതഭാഗ്യയായ ഒരു മാതാവാണ് ഞാൻ.. എന്റെ ഉള്ളിൽ നിനക്കെന്നും എന്റെ മൂത്ത മരുമകളുടെ സ്ഥാനം തന്നെയാണ്.. എന്നോട് പൊറുക്കൂ.. "

 എത്രെയോ തവണ കേൾക്കാൻ കൊതിച്ച വാക്കുകൾ.

കുനിഞ്ഞു ആ കാലുകൾ തൊട്ട് വന്ദിച്ചു തിരിഞ്ഞ് നടന്നു. 

ഹസ്തിനപുരത്തെ ഓരോ പുൽക്കൊടിയോടും കർണന്റെ പ്രിയപ്പെട്ട ഗംഗയോടും യാത്ര പറഞ്ഞ്.. 

ദൃഷദ്വതിയുടെ തീരത്ത് ചിതകൾ ആളിക്കത്തുന്നു… ഹസ്തിനപുരിയെ അന്ധകാരം മൂടിക്കഴിഞ്ഞു.. 

തന്റെ പുത്രനോടുള്ള യാത്രമൊഴിപോലെ ആദിത്യനും അന്ന് നേരത്തേ വിടവാങ്ങിയോ. 

വൃഷാലി നടന്നു.. ഉറച്ച കാൽവെയ്പുകളോടെ.. ആമീൻ കുന്നിനു മുകളിൽ കരിങ്കല്ലുകൾ നിറഞ്ഞ സ്ഥലത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ കർണന്റെ ചിതയൊരുക്കിയത്.. കർണന്റെ അന്ത്യാഭിലാഷമായിരുന്നു അത്.. ഭഗവാൻ തന്നെ തന്റെ അന്ത്യ സംസ്കാരം ചെയ്യണം. ഒരു പുൽക്കൊടി പോലും മുളക്കാത്ത കന്യാഭൂമിയിൽ.. തൻ്റെ ദുഖങ്ങളും ശാപങ്ങളും വീണ്ടും പോട്ടിമുളച്ചു ഒരു മാനവരൂപം പൂകാൻ ഇനിയും ഇടവരരരുത്.  

വൃഷാലി നോക്കി... ദൂരെ എരിഞ്ഞടങ്ങുന്ന തന്റെ പ്രിയതമന്റെ ചിതക്കരുകിൽ എന്തോ ചിന്തയിലാണ്ടു ഭഗവാൻ ഇരിക്കുന്നു. 

പതിയെ മുന്നിൽ ചെന്ന് നിന്നു.. ചോദിക്കണമെന്നുണ്ടായിരുന്നു.. ആരാണ് കൃഷ്ണാ യുദ്ധത്തിൽ വിജയിച്ചത്. …ആർക്ക് വേണ്ടിയായിരുന്നു ഈ യുദ്ധം . തന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ ഭഗവാൻ തലതാഴ്ത്തി. കൈകൾ കൂപ്പി ആ കാലുകൾ തൊട്ട് വന്ദിച്ചു 

വൃഷാലിയുടെ ജന്മം ഇവിടെ പൂർണമാവുകയാണ്.. കർണൻ ആഗ്രഹിച്ചത് പോലെ ഇനിയൊരു ജന്മം തനിക്കും ഉണ്ടാവാതിരിക്കട്ടെ… 

ഒന്നും പറയാതെ ചിതയിലേക്ക് നടന്നു…

കല്ലിൽ കൊത്തിയ വിഗ്രഹം പോലെ ശുഭ്രവസ്ത്രധാരിയായി നടന്നു നീങ്ങുന്ന വൃഷാലിയെ ഭഗവാൻ നോക്കി നിന്നു.. 

അവളുടെ തോളിൽ നിന്നും ഉതിർന്നു വീണ വസ്ത്രം എടുത്ത് അതിൽ കെട്ടിയിട്ട പൊട്ടിയ മൺകുടത്തിൽ കഷ്ണം നോക്കി ഭഗവാൻ ചിന്തയിലാണ്ട്‌ ഒരു നിമിഷം നിന്നു..

കൗരവസഭയിൽ അപമാനിക്കപ്പെട്ട ദ്രൗപദിയെ ഓർത്തു ചരിത്രം പരിതപിക്കും.. തൻ്റെ മൂത്ത പുത്രനെ പുഴയിൽ ഒഴുക്കിയ നിസ്സഹയായ കുന്തിക്ക് ചരിത്രം മാപ്പ് കൊടുക്കും.. സ്വന്തം പതിക്ക് വേണ്ടി കണ്ണ് കെട്ടി അന്ധത സ്വീകരിച്ച ഗാന്ധാരിയെ ചരിത്രം ആരാധിക്കും.. 

പക്ഷെ വൃഷാലി.. 

കർണൻ എന്ന വീരയോദ്ധാവിന്റെ സ്നേഹവും, പരിരക്ഷയും ഏറ്റു വാങ്ങിയവൾ… കർണന്റെ വേദനകളെയും അപമാനങ്ങളെയും അടുത്തറിഞ്ഞവൾ.. എന്നും കർണന്റെ നിഴലായി കൂടെ നിന്നവൾ.. 

പാതിവ്രത്യത്തിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകം.. 

ചരിത്രം അവളെയും വിസ്മരിക്കാതിരിക്കട്ടെ… 

മനസ്സ് കൊണ്ട് വൃഷാലിയെ ആശീർവദിച്ചു 
മോക്ഷം നൽകുമ്പോൾ അന്ന് ആദ്യമായി സർവ്വചരാചരങ്ങളുടെയും നാഥന്റെ കണ്ണുകൾ ഈറനനണിഞ്ഞു.. 

പക്ഷെ വൃഷാലി അത് കണ്ടില്ല.

തന്റെ പ്രാണന്റെ ചിതയിലേക്ക് ആത്‌മസമർപ്പണം ചെയ്തു കഴിഞ്ഞിരുന്നു അവൾ… 
 

21 May 2022

പിംഗലോപാഖ്യാനം

പിംഗലോപാഖ്യാനം

'മിഥിലാരാജ്യത്തിൽ പണ്ട് പിംഗല എന്നുപേരായി അതിസുന്ദരിയായ ഒരു വേശ്യാംഗന ഉണ്ടായിരുന്നു. അതിരറ്റ ലാവണ്യവതിയായിരുന്ന അവളുടെ മാദകമായ മന്ദഹാസവും ചടുലകടാക്ഷവിക്ഷേപങ്ങളും കണ്ട് ആനന്ദിക്കുവാനായി, കാമുകവൃന്ദം സഹസ്രക്കണക്കിന് നിത്യവും അവളുടെ പടിവാതുക്കൽ കാത്തുനിന്നിരുന്നു. മന്മഥറാണിയായ അവൾ ചുരുങ്ങിയ കാലം കൊണ്ട് മിഥിലയിലെ മഹാരാജ്ഞിയേക്കാൾ ഉന്നതസ്ഥാനത്തേക്കുയർന്നു. മഹാപ്രഭുക്കളും കോടിശ്വരന്മാരും അവളുടെ പാദദാസന്മാരായിത്തീർന്നു. 

ഒരിക്കൽ ഞാനും അവളുടെ പടിവാതുക്കൽപോയി നിരുദ്ദ്യേശ്യനായി നിന്നു. സർവ്വാലങ്കാരവിഭൂഷിതയായി ആ വേശ്യ, മനോഹരമായ മണിമന്ദിരത്തിൻറെ മട്ടുപ്പാവിൽ അപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കുകയായിരുന്നു, ഒരു മദാലസയെപ്പോലെ.

നേരവും അസ്തമിച്ച് രാത്രിയായി. മനോഹരങ്ങളായ ദീപസഞ്ചയങ്ങൾ അവിടെയെല്ലാം പ്രകാശിച്ചു. ആരുകണ്ടാലും മോഹിക്കത്തക്ക വേഷാലങ്കാരത്തോടെ ആ ദേവസുന്ദരി ധനാഢ്യന്മാരായ കാമുകന്മാരെ പ്രതീക്ഷിച്ചുകൊണ്ടാണ് , അവിടെ പ്രത്യക്ഷപ്പെട്ടു നിൽക്കുന്നത്. നിർദ്ധന്മാരായ കാമുകന്മാരെ അവൾ തിരിഞ്ഞുനോക്കുകപോലും ചെയ്യുന്നില്ല.

അപ്പോഴത്തേക്ക് കുബേരന്മാരായ കാമുകഭൃംഗങ്ങളുടെ വരവായി. അവരെ ഓരോരുത്തരെയായി അവൾ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പൂബാണലീലകളാടി തൃപ്തിപ്പെടുത്തി ധനം സംഭരിക്കുന്നതിനിടയിൽ , ധനാഢ്യനായ ഒരു ദുർബുദ്ധിയും അവിടെ വന്നുചേർന്നു. അവളുടെ തോഴികൾ ആ വിത്തേശനെ സ്വീകരിച്ചു മണിയറയിൽ ഇരുത്തി.

ആദ്യമാദ്യം വന്ന കാമക്കോമരങ്ങളെ എല്ലാം യാത്രയാക്കിയതിനുശേഷം, പിംഗല ദാസിമാരുമായി വന്ന്, ആ കാമുകനെ തൻറെ ശയനമണിയറയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനായി ഒരുങ്ങി. അത്രയും നേരം കാത്തിരിക്കേണ്ടിവന്നതിനാൽ , ക്ഷമയറ്റ് കോപാന്ധനായിത്തീർന്ന അയാൾ പറഞ്ഞു:--

'ഞാൻ വന്നിട്ട് എത്രനേരമായി? നീ എന്നെ വെറും നിസ്സാരനായ ഒരു വിഡ്ഢിയാക്കിക്കളഞ്ഞു, ഇല്ലേ? ഇന്നുവന്ന എല്ലാവരുംകൂടി നിനക്ക് തന്ന ധനത്തേക്കാൾ കൂടുതൽ ദ്രവ്യം തരാൻ കരുത്തുള്ളവനാണ് ഞാൻ. ഈ മിഥിലയിലെ ഏറ്റവും വലിയ കോടീശ്വരനായ എന്നെ , നീ കേവലം എച്ചിൽ കാത്തുനിൽക്കുന്ന ഒരുപട്ടിയായി കരുതിയല്ലേ? ഇനി പുംഞ്ചലിയായ നീയുമായി രമിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'

ഇപ്രകാരം ഭർത്സിച്ചുകൊണ്ട് ആ ധനാഢ്യൻ പുറത്തേക്കിറങ്ങിപ്പോവാൻ ഭാവിച്ചു. ഇത്രവലിയ ഒരു ധനചക്രവർത്തിയെ ഉപേക്ഷിക്കുന്നത് ഒരു വേശ്യയ്ക്ക് യുക്തമല്ല, എന്നു ചിന്തിച്ചുകൊണ്ട്, അവൾ അയാളുടെ കരത്തിന്മേൽപ്പിടിച്ച് അകത്തേയ്ക്ക് ആനയിക്കാൻ ശ്രമിച്ചു. 

'നീ പാപിയാണ്. എന്നെ തൊടരുത് ' എന്ന് ആക്രോശിച്ചുകൊണ്ട് അവളുടെ കൈതട്ടിമാറ്റി, അയാൾ പുറത്തേക്ക് ചാടിയിറങ്ങി ഇരുട്ടിൽ മറഞ്ഞു. 

 നിരാശയായിത്തീർന്ന പിംഗല അയാൾ പോയവഴിയെ അല്പം നടന്നിട്ട് തിരിച്ചുവന്ന് വാതിൽപ്പടിമേൽ കുറേനേരം കാത്തുനിന്നു. അയാൾ തിരിച്ചുവരും എന്നുള്ള പ്രതീക്ഷയായിരുന്നു അവളുടെ അന്തരംഗത്തിൽ പൊന്തിനിന്നത്. കുറേനേരം കവാടദ്വാരത്തിൽ നിൽക്കും; പിന്നെ അകത്തേക്കുപോകും. വീണ്ടും തിരിച്ചുവന്ന് വാതിലിനുസമീപം വന്നുനിൽക്കും. ഇങ്ങനെ ധനാശയാൽ പ്രചോദിതയായി ഉറക്കമിളച്ചു കുറേ അധികസമയം ' അകത്തേയ്ക്ക് പോകലും പുറത്തേക്ക് വരവു'മായി അവൾ കഴിച്ചുകൂട്ടി. 

ഒരു ദീർഘനിശ്വാസം അവളിൽ നിന്നും നിർഗ്ഗമിച്ചു. വാർമുടിയിൽ ചൂടിയിരുന്ന മണമേറും മലർമാല്യവും കഴുത്തിലണിഞ്ഞിരുന്ന രത്നാഭരണങ്ങളും ആ മടവാർമണി അഴിച്ചുമാറ്റി, ഹൃദയവേദനയോടെ അവൾ തന്നത്താൻ പറഞ്ഞു...

'കഷ്ടം! ധനത്തിനോടുള്ള ദുരാശനിമിത്തം എന്തെല്ലാം ദുഷ്ക്കൃത്യങ്ങളാണ് ഞാൻ ചെയ്തതത്. ഭഗവാനെ ആരാധിക്കാനും പൂജിക്കാനുമുള്ള ഈ കരങ്ങൾകൊണ്ട്, എത്രപേരെ ഞാൻ ഹീനമായനിലയിൽ തഴുകി ആശ്ലേഷിച്ചു! ഈശ്വരതിരുനാമങ്ങൾ ഉച്ചരിക്കേണ്ട ഈ അധരങ്ങൾ കൊണ്ട് കാമുകപ്രീതിക്കുവേണ്ടി എന്തെല്ലാം വൃത്തികേടുകൾ ഞാൻ കാണിച്ചു! എല്ലാം നശ്വരവും നിസ്സാരവുമായ ധനത്തിനുവേണ്ടി കഷ്ടം! ശാപത്തിൻറെ പ്രതിഫലമായി ലഭിച്ച ഈ ധനംകൊണ്ട് എന്തു പ്രയോജനം? കാമാതുരനായ ഒരു പുരുഷാധമൻറെ കരാളകരം കൊണ്ടല്ലാതെ, എൻറെ നീവീബന്ധം ഇതെവരെയും അഴിഞ്ഞിട്ടില്ല. ഞാനെത്ര പാംസുലമായ മഹാപാപി!

'മുക്തിപ്രദനായി, കാമസ്വരൂപനായി, ആനന്ദചിന്മയനായി, രതിഭക്തിപ്രിയനായി, എൻറെ ഹൃദയത്തിൽ കുടികൊള്ളേണ്ട സച്ചിദാനന്ദമൂർത്തിയായ വിഷ്ണുഭഗവാനെ ത്യജിച്ചിട്ട് , ലോഭത്താൽ മോഹിതയായി, തുച്ഛമായ ധനത്തെ ഇച്ഛിച്ച്, മദാന്ധവും പൈശാചികവുമായ കാമപ്പേക്കൂത്തുകളാടി, ഈ ശരീരത്തിൽ പാപപ്പുഴുക്കുത്തുകൾ ഞാനേല്പിച്ചു. 

'നാഥാ! ആശ്രിതവത്സലാ! അപരാധങ്ങൾ പൊറുത്ത് മാപ്പരുളുന്ന കരുണാവാരിധിയായ കമലേക്ഷണാ! എൻറെ പാപങ്ങൾ സർവ്വവും ക്ഷമിച്ച് അടിയന് മാപ്പരുളേണമേ! ഈ പാദദാസിയെ അനുഗ്രഹിച്ച് നിന്തിരുവടിയുടെ തൃപ്പാദങ്ങളിൽ ചേർക്കേണമേ!

'ധർമ്മജ്ഞനായ ജനകമഹാരാജാവിൻറെ ഈ മിഥിലാരാജ്യത്തിൽ, ആർക്കും അറപ്പും വെറുപ്പും ജനിക്കുമാറ് അധർമ്മങ്ങൾ ചെയ്തുകൊണ്ട്, ഒരു കൊടിയ പാതകിയായി ഞാൻ ജീവിച്ചു. ഇല്ല; നാഥാ! ഭഗവാനേ! ഞാനിനി പഴയ വേശ്യയായ പിംഗലയല്ല. സകലാത്മാവായ സാക്ഷാൽ സനാതനമൂർത്തി ശ്രീ ല്ക്ഷ്മീവല്ലഭനുമായി ഞാനിനി രമിച്ചാനന്ദിക്കും. അഖിലേശ്വരനായ ഭഗവാൻ ശ്രീനാരായണമൂർത്തി ഇനിമേൽ എൻറെ കാമുകനും ഭർത്താവുമാണ്. അദ്ദേഹത്തിന് ഹിതകരമായവിധം സൽക്കർമ്മങ്ങൾ ചെയ്ത് ആ ചിൽപ്പുരുഷനെ ഞാൻ പ്രീതിപ്പെടുത്തും. അദ്ദേഹത്തിൻറെ ഭക്തദാസിയായി ഞാൻ എന്നും കഴിയും. പാപത്തിൻറെ കറപുരണ്ട ഈ സമ്പത്ത് എനിക്കിനി വേണ്ട. സാധുക്കൾക്കായി ഞാനിത് ദാനംചെയ്യും. സാധുജനങ്ങൾക്ക് ദ്രവ്യദാനം ചെയ്യുന്നതും ദൈവപ്രീതിക്ക് കാരണമാണല്ലോ.

ഈവിധം ചിന്തിച്ചുറച്ച്, ശ്രീവൈകുണ്ഠപതിയിൽ ദൃഢഭക്തിയോടെ സൽക്കർമ്മങ്ങൾ ചെയ്ത് അവൾ ഒരു പുണ്യവതിയായിത്തീർന്നു. പ്രവൃത്തിയിൽനിന്നും നിവൃത്തിയെ അവൾ പ്രാപിച്ചു. പാപപ്രവൃത്തികളുടെ മാലിന്യമേറ്റ് മായാബദ്ധനായി ഈശ്വരമഹിമയറിയാതെ ജീവിച്ച പിംഗല, ഏതാനും നിമിഷങ്ങൾകൊണ്ട് മായയെ വെടിഞ്ഞ് സുകൃതിനിയായി ഒരു പുണ്യചരിതയും ഭാഗവതോത്തമയുമായി ഭവിച്ചു. അർത്ഥത്തിൽ അത്യാശപെരുത്താൽ ഒരിക്കലും മനഃസ്സുഖം സിദ്ധിക്കയില്ലെന്നും പിംഗയിൽക്കൂടി മനസിലാക്കാം.

14 December 2021

സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയ കഥ

സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയ കഥ

ഭഗവാൻ സുന്ദരേശ്വരപാണ്ഡ്യനായി രാജനീതിക്ക് അല്പം പോലും കോട്ടം തട്ടാനിടവരാതെ രാജ്യം ഭരിച്ചു. ഭൂമി സസ്യധാന്യ സമ്പത്തുകൊണ്ട് കൂടുതൽ ധന്യയായി. വർഷം കാലാകാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്നു.

ജനങ്ങൾ പാപരഹിതരായി ജീവിച്ചു.
ബാലമരണങ്ങളും ആധിവ്യാധികളും നിശ്ശേഷം ഇല്ലാതായി. ചുരുക്കി പറഞ്ഞാൽ ഭൂലോകം ശിവലോകമായി മാറി.

അങ്ങനെയിരിക്കുന്ന അവസരത്തിൽ ദിവ്യന്മാരായ മഹർഷിമാർ ഭഗവാനെ ദർശിക്കാൻ എത്തുമായിരുന്നു.

ഒരു ദിവസം മീനാക്ഷി .ഭഗവതിയുടെ അമ്മയായ കാഞ്ചനമാല ശ്രേയസ്കരങ്ങളായ ധർമ്മങ്ങൾ എന്താണെന്ന് ഗൗതമമുനിയോട് ചോദിച്ചു.
കായികവും, മാനസികവും, വാചികവുമായ ധർമ്മങ്ങളിൽ തീർത്ഥാടനമാണ്
ഏറ്റവും ഉചിതമായ ധർമ്മമെന്ന് മുനി പറഞ്ഞു. തീർത്ഥാടനം കൊണ്ട് ഭക്തിയും മുക്തിയും ആഗ്രഹസിദ്ധിയും കൈവരും.

അതിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് സമുദ്രസ്നാനമാണ്. ഇത് കേട്ടപ്പോൾ കാഞ്ചനമാല തടാതകയോടു തനിക്ക് സമുദ്രസ്നാനം ചെയ്യുന്നതിന് വഴിയുണ്ടാക്കണമെന്ന് അപേക്ഷിച്ചു.

തടാതക അമ്മയ്ക്ക് സമുദ്രസ്നാനം ചെയ്യണമെന്നുള്ള അതിയായ ആഗ്രഹത്തെ സുന്ദരേശ്വരനോട് അറിയിച്ചു. ഭഗവാൻ പറഞ്ഞു:

"പ്രിയതമേ നിന്റെ മാതാവ് ഒരു സമുദ്രത്തിൽ സ്നാനം ചെയ്യണമെന്നല്ലേ ആഗ്രഹിക്കുന്നത്. എന്നാൽ ഞാൻ ഏഴു
സമുദ്രങ്ങളേയും ഇപ്പോൾത്തന്നെ മധുരയിൽ വരുത്താം.”

ഉടൻതന്നെ മധുരയുടെ കിഴക്കുള്ള തടാകത്തിൽ ഗംഭീരമായ ശബ്ദ
ത്തോടുകൂടി ഏഴു സമുദ്രങ്ങളും വന്നുപൊങ്ങി. മായാമയനായ
ഭഗവാനെക്കൊണ്ടല്ലാതെ മറ്റാർക്കിങ്ങനെ കഴിയും!

അന്നുമുതൽ ആ സരസ്സ് 'സപ്താബ്ദി' എന്നു വിളിക്കപ്പെട്ടു .

ഇതിൽ കുളിക്കുന്നവർക്ക് മോക്ഷംലഭിക്കുമെന്നുള്ളത് തീർച്ചയാണ്.

9 November 2021

സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയ കഥ

സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയ കഥ

ഭഗവാൻ സുന്ദരേശ്വരപാണ്ഡ്യനായി രാജനീതിക്ക് അല്പം പോലും കോട്ടം തട്ടാനിടവരാതെ രാജ്യം ഭരിച്ചു. ഭൂമി സസ്യധാന്യ സമ്പത്തുകൊണ്ട് കൂടുതൽ ധന്യയായി. വർഷം കാലാകാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്നു.

ജനങ്ങൾ പാപരഹിതരായി ജീവിച്ചു.
ബാലമരണങ്ങളും ആധിവ്യാധികളും നിശ്ശേഷം ഇല്ലാതായി. ചുരുക്കി പറഞ്ഞാൽ ഭൂലോകം ശിവലോകമായി മാറി. 

അങ്ങനെയിരിക്കുന്ന അവസരത്തിൽ ദിവ്യന്മാരായ മഹർഷിമാർ ഭഗവാനെ ദർശിക്കാൻ എത്തുമായിരുന്നു. 

ഒരു ദിവസം മീനാക്ഷി .ഭഗവതിയുടെ അമ്മയായ കാഞ്ചനമാല ശ്രേയസ്കരങ്ങളായ ധർമ്മങ്ങൾ എന്താണെന്ന് ഗൗതമമുനിയോട് ചോദിച്ചു. 
കായികവും, മാനസികവും, വാചികവുമായ ധർമ്മങ്ങളിൽ തീർത്ഥാടനമാണ്
ഏറ്റവും ഉചിതമായ ധർമ്മമെന്ന് മുനി പറഞ്ഞു. തീർത്ഥാടനം കൊണ്ട് ഭക്തിയും മുക്തിയും ആഗ്രഹസിദ്ധിയും കൈവരും.

അതിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് സമുദ്രസ്നാനമാണ്. ഇത് കേട്ടപ്പോൾ കാഞ്ചനമാല തടാതകയോടു തനിക്ക് സമുദ്രസ്നാനം ചെയ്യുന്നതിന് വഴിയുണ്ടാക്കണമെന്ന് അപേക്ഷിച്ചു.

തടാതക അമ്മയ്ക്ക് സമുദ്രസ്നാനം ചെയ്യണമെന്നുള്ള അതിയായ ആഗ്രഹത്തെ സുന്ദരേശ്വരനോട് അറിയിച്ചു. ഭഗവാൻ പറഞ്ഞു:

"പ്രിയതമേ നിന്റെ മാതാവ് ഒരു സമുദ്രത്തിൽ സ്നാനം ചെയ്യണമെന്നല്ലേ ആഗ്രഹിക്കുന്നത്. എന്നാൽ ഞാൻ ഏഴു
സമുദ്രങ്ങളേയും ഇപ്പോൾത്തന്നെ മധുരയിൽ വരുത്താം.”

ഉടൻതന്നെ മധുരയുടെ കിഴക്കുള്ള തടാകത്തിൽ ഗംഭീരമായ ശബ്ദ
ത്തോടുകൂടി ഏഴു സമുദ്രങ്ങളും വന്നുപൊങ്ങി. മായാമയനായ
ഭഗവാനെക്കൊണ്ടല്ലാതെ മറ്റാർക്കിങ്ങനെ കഴിയും!

അന്നുമുതൽ ആ സരസ്സ് 'സപ്താബ്ദി' എന്നു വിളിക്കപ്പെട്ടു .

ഇതിൽ കുളിക്കുന്നവർക്ക് മോക്ഷംലഭിക്കുമെന്നുള്ളത് തീർച്ചയാണ്.

2 August 2021

“വായുപുത്രനായ ഹനുമാൻ ജീവിച്ചിരിപ്പുണ്ടോ ?”

“വായുപുത്രനായ ഹനുമാൻ ജീവിച്ചിരിപ്പുണ്ടോ ?”

രാമൻ തോറ്റ യുദ്ധമായിരുന്നു അന്ന്! രാമൻ മാത്രമല്ല ലക്ഷ്മണനും, സുഗ്രീവനും, അംഗദനും എല്ലാവരും തോറ്റുപോയിരുന്നു. ഇന്ദ്രജിത്തിൻ്റെ ബ്രഹ്മാസ്ത്രതേജസ്സിൽ വാനരപ്പട ഈയാംപാറ്റപോലെ കരിഞ്ഞു വീണു. രക്തവും, മൂത്രവും തളം കെട്ടികിടന്ന ആ യുദ്ധക്കളത്തിൽ രാമനും, ലക്ഷ്മണനും ജീവൻ നഷ്ടപ്പെട്ട വിധം നിശ്ചേതരായിക്കിടന്നു.

പടക്കളത്തിലെ ഭയാനകമായ ഇരുണ്ട നിശബ്ദതയിൽ ജീവൻ തിരഞ്ഞു നടന്ന വിഭീഷണൻ കത്തിച്ചു പിടിച്ച പന്തത്തിൻ്റെ വെളിച്ചത്തിൽ ശരവ്യനായ ഇനിയും മരിച്ചിട്ടില്ലാത്ത ആ വൃദ്ധവാനരനെ കണ്ടു; ജാംബവാൻ.

ശബ്ദം കൊണ്ട് മാത്രം രാക്ഷസ പ്രഭുവിനെ തിരിച്ചറിഞ്ഞ ജാംബവാൻ വിഭീഷണനോടു ചോദിച്ചു..

“വായുപുത്രനായ ഹനുമാൻ ജീവിച്ചിരിപ്പുണ്ടോ ?”

രാമൻ്റെ യുദ്ധമാണ്, ലക്ഷ്മണൻ്റെയും. സേനാപതിയാവട്ടെ സുഗ്രീവനാണ് എന്നിട്ടും എന്തുകൊണ്ട് ഹനുമാൻ? വിഭീഷണൻ സംശയം മറച്ചു വെയ്ക്കാതെ ജാംബവാനോടു ചോദിച്ചു..

“അങ്ങ് എന്തു കൊണ്ട് രാമനെ തിരയാതെ ഹനുമാനെ തിരയുന്നത്?!”

വീരപൗരുഷത്തിൻ്റെ അനന്ത സാദ്ധ്യതകളെ സ്മരിച്ചുകൊണ്ട് ആ ജ്ഞാനവൃദ്ധൻ ഇങ്ങനെ പറഞ്ഞു :

“അസ്മിൻ ജീവതിവീരേതു
ഹതമപ്യഹതം ബലം  ഹനുമന്യുജ്ഞീതപ്രാണേ
ജീവന്തോപി മൃതാവയം”.

ആധീരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ മരിച്ചാലും നമ്മളാരും മരിക്കില്ല ,ഇനി അവൻ മരിച്ചിട്ടുണ്ടെങ്കിലോ! ജീവനുണ്ടെന്നാലും നമ്മളാരും ജീവിക്കുകയുമില്ല.
കേവല വർഗ്ഗ സ്നേഹത്തിൻ്റെ വാക്കല്ലത്. അഹംബോധമറ്റ ഭക്തി ഭഗവാനെക്കൂടി രക്ഷിക്കുന്ന വീര്യബലവേഗങ്ങൾ ആർജിക്കുന്നതവിടെ നിന്നാണ്. അതിന് സമുദ്രത്തെ തരണം ചെയ്യുവാനും, പർവ്വതങ്ങളെ ഇളക്കുവാനും കഴിയും. മൃതമെന്നു കരുതുന്നതിൽ അമൃതം ചുരത്താനും.

അഹംബോധമില്ലായ്മയുടെ അപരിമേയ സാധ്യതയാണ് ഹനുമാൻ. ലങ്കയെരിച്ച പുശ്ചാഗ്രത്തിലെ തീ മാത്രമല്ല അത്. രാമായണത്തിൻ്റെ വെളിച്ചം കൂടിയാണ്. അസാദ്ധ്യതകളെ അനന്തസാധ്യതയാക്കി തടസ്സങ്ങളുടെ കടലുതാണ്ടുന്ന നിസ്വാർത്ഥ ഭക്തിയാണ് ഹനുമാൻ.

വെണ്ണയാണ് പോലും ഹനുമാന് ഇഷ്ട വഴിപാടിലൊന്ന് എന്തൊരു ഭാവാത്മകതയാണ്. സ്വാമിഭക്തിയുടെ ചെറു ചൂടിൽ ഉരുകിയലിഞ്ഞൊഴുകുന്ന അഹംബോധത്തിൻ്റെ വെണ്ണ! ആ നെയ്യിൽ വേണം രാമായണത്തിൻ്റെ വിളക്കു തെളിയുവാൻ.

എല്ലാവരും വീണു പോയ, തോറ്റു എന്നു തോന്നിയ യുദ്ധങ്ങളിൽ അങ്ങനെ ഒരാൾ വരും എന്ന പ്രതീക്ഷ കൂടിയാണത്. രാമായണം ത്രേതായുഗത്തിൻ്റെ മാത്രം പുസ്തകമല്ലാതാവുന്നത് അതിലെ ഹനുമാൻ ജീവിച്ചിരിക്കുന്നതു കൊണ്ടു കൂടിയാണ്.

വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമചന്ദ്രം ശിരസ്സാ നമാമി...

ഭൂമിയ്ക്ക്, പൃഥ്വി എന്ന പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്.

ഭൂമിയ്ക്ക്, പൃഥ്വി എന്ന പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്.

ഭൂമീദേവി സർവ്വംസഹയാണ്, ക്ഷമയുടെ പരകോടിയാണ് എന്നൊക്കെ നമ്മൾക്കറിയാം. എന്നാൽ, ഇടയ്ക്കോരോ കുറുമ്പൊക്കെ ആരും കാണിയ്ക്കുമല്ലോ. ചോദിയ്ക്കാനും പറയാനും ആരുമില്ലാതിരുന്ന ഒരുകാലത്ത്, ഭൂമീദേവി കാണിച്ച ഒരു വിക്രസ്സിൽ നിന്നാണ് കഥ തുടങ്ങുന്നത്.

പണ്ട്പണ്ടൊരിയ്ക്കൽ ഭൂമിയിൽ, രാജാവില്ലാത്തൊരു കാലമുണ്ടായി. നാഥനില്ലാക്കളരിയായി ഭൂമി .
എന്തുചെയ്താലും ആരും ചോദിയ്ക്കാനില്ല.
നല്ലതു ചെയ്താൽ പ്രശംസിയ്ക്കാനുമില്ല;
കെട്ടത് ചെയ്താൽ വിമർശിയ്ക്കാനുമില്ല ആരും. അരാജകത്തം എന്ന വാക്ക് യഥാർത്ഥത്തിൽ അങ്ങ് നടപ്പിലായ ഒരു കാലം.

വണ്ടികൾ കുത്തിത്തിരുകി ഗതാഗതം സ്തംഭിച്ച ഒരു നാൽക്കവലയിൽ, ഒരു പോലീസുകാരൻ വന്ന്, രണ്ട് കൈവീശൽ വീശിക്കാണിച്ചാൽ ഗതാഗതം നിമിഷനേരത്തിൽ സാധാരണ പോലെയാകുന്നത് കണ്ടിട്ടില്ലേ!?
അതുപോലെയാണ് ഭൂമിയിലെ എല്ലാ കാര്യങ്ങളും. പേടിയ്ക്കാൻ, താടിയുള്ളൊരപ്പൻ ഉണ്ടെങ്കിലേ കാര്യങ്ങൾ നേരേചൊവ്വേ നടക്കൂ.

ഇപ്പോൾ, ആ അപ്പൻ ഇല്ലാത്തതിനാൽ ഭൂമി, ഭൂമിയിലെ സകല ചെടികളേയും ദഹിപ്പിച്ച്, വിഴുങ്ങിക്കളഞ്ഞു. 'എന്തിനാ ഇങ്ങനെ ചെയ്തത്?' എന്ന് ചോദിച്ചാൽ; പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഉണ്ടിരിയ്ക്കണ ഭൂമിയ്ക്കൊരു വിളി തോന്നി എന്നേ പറയാൻ പറ്റൂ.
ഒരു രസം! ഒരു മന:സുഖം! സകല സസ്യജാലങ്ങളേയും വിഴുങ്ങി, ജേസീബിയിട്ട് വലിച്ച പോലെയായി ഭൂമി!

കൃഷിക്കാരെല്ലാം കുടുങ്ങി.

നാളെ കൊയ്യാം..
നാളെ ഞാറ് നടാം..
നാളെ മാങ്ങ പറിയ്ക്കാം..
തേങ്ങയിട്ട് എണ്ണയാട്ടണം..
പുളി കുലുക്കാറായി.. എന്നൊക്കെ മനസ്സിലിട്ട് കിടന്നുറങ്ങിയവർ കാലത്തെഴുന്നേറ്റ് പുറത്തിറങ്ങി നോക്കിയപ്പോൾ ഉടുമുണ്ടഴിഞ്ഞു
പോയപോലൊരു തോന്നൽ!

നാലുപുറവും നോക്കി!
ഒന്നും കാണുന്നില്ല!
കണ്ണ് തിരുമ്മി, വീണ്ടും നോക്കി. ഫലം നാസ്തി!
'കട്ടൻകാപ്പി കുടിയ്ക്കാത്തോണ്ട്, കണ്ണ് പിടിയ്ക്കാത്തതാകുമോ!?'

അല്ല.

സംഗതി, ചെടികളൊന്നും കാണുന്നില്ല.
എണ്ണയുമാട്ടണ്ട; മഞ്ഞളും പൊടിയ്ക്കണ്ട!
ഇനി ആകെ ചെയ്യാൻ കഴിയുന്ന കാര്യം വൃത്തിയ്ക്ക് പട്ടിണി കിടന്ന്, വിശാലമായി മരിയ്ക്കാം.

ഈ സമയത്താണ് പൃഥു എന്ന ആൾ, ഭൂമിയിൽ രാജാവായി അധികാരമേറ്റത്.
സകല ജീവജാലങ്ങളേയും മക്കളേപ്പോലെ കരുതാൻകഴിയുന്ന; സ്നേഹനിധിയും വിശാലമനസ്കനുമായിരുന്നു

പൃഥുരാജാവ്

പൃഥു, രാജാവായി അധികാരമേറ്റതും; കർഷകരെല്ലാം രാജാവിനെ, നിറഞ്ഞുവഴിയുന്ന കണ്ണുകളുള്ള മുഖംകാണിച്ച് സങ്കടമുണർത്തിച്ചു.
"രാജാവേ, കലികാലത്ത് കർഷകരുടെ അവസ്ഥ ഇതായിരിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, അങ്ങ് ഭരിയ്ക്കുമ്പോൾ ഇങ്ങനെ സംഭവിയ്ക്കുന്നത് കഷ്ടമാണ്!"

കർഷകർ സങ്കടമുണർത്തിച്ചപ്പോൾ, രാജാവിലും സങ്കടമുണർന്നു.
രാജാവിന് സങ്കടം മാത്രമല്ല; ദേഷ്യവും ഉണർന്നു. "ഞാൻ രാജാവായിരിയ്ക്കുമ്പോൾ എന്റെ രാജ്യത്തെ പ്രജകളാരും സങ്കടപ്പെടാൻ പാടില്ല. ചെടികൾ അപ്രത്യക്ഷമാകാനുള്ള കാരണം എന്തായാലും ഞാനതിന് പ്രതിവിധി കണ്ടിരിയ്ക്കും. "ജനങ്ങൾക്ക് വാക്ക് കൊടുത്ത്, പുഥുരാജൻ തന്റെ അജഗവം എന്ന വില്ലുമെടുത്ത്, പുറത്തിറങ്ങി.

രാജാവിന് കാര്യം പിടികിട്ടി. 'വേലിതന്നെ വിളവ് തിന്നതാണ്. ഈ തോന്നിവാസം കാണിച്ച ഭൂമീദേവിയെ വെറുതെ വിട്ടുകൂടാ.'
പൃഥുരാജൻ, അജഗവം ചുമലിലേറ്റിയതും; സകല ചെടിയും തിന്ന്, ഏമ്പക്കം വിട്ടിരുന്നിരുന്ന ഭൂമീദേവിയ്ക്ക് അടിവയറ്റിലൊരു കാളലുണ്ടായി.
'ചന്ദനവും തുളസിയുമൊക്കെ തിന്ന കൂട്ടത്തിൽ കാഞ്ഞിരവും ചേരുമൊക്കെ തിന്ന്, ദഹനക്കേട് പിടിച്ചതാകുമോ!?' എന്നാണ് ആദ്യം സംശയിച്ചത്.
പെട്ടെന്ന് ഭൂമിയ്ക്കും കാര്യം പിടികിട്ടി.
വെട്ടിവിഴുങ്ങുന്ന സമയത്തെ അവസ്ഥയല്ല ഇപ്പോൾ. ഇപ്പോൾ കളരിയ്ക്ക് നാഥനായിരിയ്ക്കുന്നു.

ഇത്തരം സമയങ്ങളിൽ മനുഷ്യരേപ്പോലെ  ഭൂമിയും വേഷംമാറി മുങ്ങുകയാണ് ചെയ്തത്. ഭൂമി, ഒരു അമ്മപ്പശുവായി ഓടിയൊളിച്ചു.

രാജാവും ചില്ലറക്കാരനല്ലല്ലോ!
ഭൂമി, പശുവായി വേഷംമാറിയതും പാഞ്ഞുപോകുന്നതുമെല്ലാം കണ്ട രാജാവ്, പുറകേചെന്നു. ലോകമായ ലോകത്തൊക്കെ പശു ഓടി.പുറകേ രാജാവും.

ഇനി, പുല്ലോ വയ്ക്കോലോ കാടിവെള്ളമോ കിട്ടാതെ ഒരടി നടക്കാൻ പറ്റാത്ത അവസ്ഥയായി പശുവിന്. പുല്ലും വയ്ക്കോലുമൊന്നും കണികാണാൻപോലും കിട്ടാനില്ല! ആരെ കുറ്റം പറയാൻ!
എല്ലാം ദഹിപ്പിച്ച് അവസാനിപ്പിച്ചത് മറ്റാരുമല്ലല്ലോ...!

ഇനി ഒറ്റ വഴി.

പൃഥുവിന് മുന്നിൽ വെട്ടിയിട്ടപോലെ വീഴുക.സാഷ്ടാംഗം നമസ്ക്കരിച്ച് മാപ്പ് ചോദിയ്ക്കുക.

തൊഴുത്, കുളമ്പ് ചേർത്തുപിടിച്ച കൈകളോടെ, ഭൂമിപ്പശു പൃഥുരാജാവിനോട് അപേക്ഷിച്ചു. "രാജാവേ, കൊല്ലരുത്.
ഞാൻ ദഹിപ്പിച്ചുകളഞ്ഞ സസ്യജാലങ്ങളെയെല്ലാം പാലിന്റെ രൂപത്തിൽ ഞാൻ തിരിച്ചുതരാം.
എനിയ്ക്ക്, പാൽ ചുരത്താൻ തോന്നാൻ അങ്ങ് ഒരു പശുക്കുട്ടിയെ കൊണ്ടുവന്നാൽ മാത്രം മതി."

പൃഥുരാജാവ് കരുണാമയനാണല്ലോ.
മാത്രവുമല്ല; ഇക്കണ്ട ഓട്ടമൊക്കെ വില്ലും താങ്ങിപ്പിടിച്ച് ഓടിയത് പശുവിനെ കൊന്നുതിന്നാനുമല്ല.
തെറ്റ് ചെയ്താൽ ശിക്ഷിയ്ക്കണം അല്ലെങ്കിൽ തെറ്റ് ചെയ്തവർ അത് തിരിച്ചറിഞ്ഞ് തിരുത്തണം.
ഇവിടെ പശുവായാലും ഭൂമിയായാലും തെറ്റ് തിരുത്താൻ തയ്യാറാണ്. ഒരു പശുക്കുട്ടിയെ കിട്ടിയാൽ കാര്യം നടക്കും. രാജാവ്, സ്വായം ഭുവ മനുവിനോട് പശുക്കിടാവാവാൻ ആവശ്യപ്പെട്ടു.

മനു, പശുക്കുട്ടിയായി വന്നതും; ഭൂമിപ്പശുവിന് പാൽ ചുരന്നു. ഭൂമി  അകത്തേയ്ക്ക് എടുത്ത സകലസസ്യങ്ങളും പാലിന്റെ രൂപത്തിൽ പുറത്തുവന്നു.അങ്ങനെ, ഭൂമി വീണ്ടും സസ്യജാലങ്ങളാൽ ഐശ്വര്യപൂർണ്ണമായി.

മരിച്ചുകൊണ്ടിരുന്ന ഭൂമിയെ ഇപ്രകാരം വീണ്ടും ജനിപ്പിച്ചതിനാൽ; ഭൂമി, അന്നുമുതൽ പൃഥുവിന്റെ മകളായി കണക്കാക്കപ്പെട്ടു. പൃഥുവിന്റെ മകൾ എന്ന അർത്ഥത്തിൽ, ഭൂമിയ്ക്ക് പൃഥ്വി എന്ന പേരും ലഭിച്ചു.

19 December 2020

സുദാമാവ് എങ്ങിനെ ദരിദ്രനായി?

സുദാമാവ് എങ്ങിനെ ദരിദ്രനായി?

ആദ്ധ്യാത്മിക ദൃഷ്ടികോണിൽ സുദാമാവ് വളരെ ധനവാനായിരുന്നു. എത്ര ധനം അദ്ദേഹത്തിന്നുണ്ടായിരുന്നോ അത്രയും ധനം ആരുടെയും അടുത്തുണ്ടായിരുന്നില്ല.എന്നാൽ ഭൌതിക ദൃഷ്ടിയിൽ സുദാമാവ് നിർദ്ധനനായിരുന്നു.എന്നാൽ എന്തുണ്ടായി?

ഒരു ഗ്രാമത്തിൽ ഭക്തയായ ഒരു ബ്രാഹ്മണിയുണ്ടായിരുന്നു.അവർ തികഞ്ഞ ദാരിദ്ര്യമുള്ളവരായിരുന്നു.ദിവസേന  ഭിക്ഷയെടുത്ത് ജീവിതം കഴിയ്ക്കുമായിരുന്നു.കിട്ടുന്നതെന്തോ ഭഗവാനു നിവേദിച്ച് മറ്റുള്ളവർക്കാർക്കെന്തെങ്കിലും വേണമെങ്കിൽ കൊടുത്തതിനു ശേഷം ബാക്കിയുള്ളതുമാത്രം പ്രസാദമായി കഴിച്ചിരുന്നു.അവർപല ദിവസങ്ങളിലും മുഴു പട്ടിണിയായിരുന്നു. ഒരിയ്ക്കൽ അവർക്ക് ഭിക്ഷയെടുത്ത് രാവിലെ മുതൽ രാത്രി വരെ നടന്ന് ഒരു ചെറിയ പൊതി കടല മാത്രമാണ് ലഭിച്ചത്.അവർ രാത്രിയിൽ തന്റെ കുടിലിൽ വന്നു ദേഹശുദ്ധി വരുത്തി ഭഗവാനെ പ്രാർത്ഥിച്ച് അന്നു ലഭിച്ച കടല ഭഗവാൻ വാസുദേവനു നിവേദിച്ചു. പ്രാർത്ഥന ചെയ്ത്  ക്ഷീണത്തിൽ ഉറങ്ങിപ്പോയി. പ്രാർത്ഥനയ്ക്കു ശേഷം പ്രസാദമായി ആ നിവേദ്യം കഴിയ്ക്കാനാവാതെ അവർ ക്ഷീണത്താൽ നാമം ജപിച്ച് ഉറങ്ങിപ്പോയി. ആ ബ്രാഹ്മണിയുടെ കുടിലിലേയ്ക്ക് അന്നത്തെ ദിവസം ധനം വല്ലതുമുണ്ടെങ്കിൽ മോഷ്ടിക്കാനായി കള്ളന്മാർ കയറി .ഉറങ്ങുന്ന ബ്രാഹ്മണിയെക്കണ്ടു സ്വർണ്ണം വല്ലതും ലഭിക്കുമെന്നു കരുതി കുടിലിൽ മുഴുവൻ പരതി നോക്കി.എന്നാൽ
ബ്രാഹ്മണിയുടെ കുടിലിൽ ഒന്നും കവർച്ച ചെയ്യാൻ സാധിക്കാതെ അവിടെയുമിവിടെയും തിരഞ്ഞു. കള്ളന്മാർക്ക് ആ ബ്രാഹ്മണിയുടെ അടുത്ത് വച്ചിരുന്ന കടലയുടെ ഒരു പൊതി കിട്ടി. അവർക്കു തോന്നി ഇതിൽ സ്വർണ്ണമാണെന്ന് .ഇത്രയുമായപ്പോൾ ബ്രാഹ്മണി ഉണർന്നു ഉറക്കെനിലവിളിയ്ക്കാൻ തുടങ്ങി.
ഗ്രാമത്തിൽ എല്ലാ ജനങ്ങളും കള്ളന്മാരെ പിടിക്കാൻ ഓടിക്കൂടി. കള്ളന്മാർ ആ പൊതിയുമെടുത്ത് അവിടെ നിന്നും ഓടി.പിടിയ്ക്കുമെന്ന് ഭയന്ന് അവർ സാന്ദീപനി മുനിയുടെ ആശ്രമത്തിൽ ഒളിച്ചു.( സാന്ദീപനിയുടെ ആശ്രമം ഗ്രാമത്തിന്റെ അടുത്തായിരുന്നു. അവിടെ ഭഗവാൻ ശ്രീകൃഷ്ണനും സുദാമാവും ശിക്ഷാ ഗ്രഹണത്തിനായി താമസിയ്ക്കുന്നുണ്ടായിരുന്നു.)
ഗുരു മാതാവിന് ആരോ ആശ്രമത്തിലേയ്ക്ക് പ്രവേശിച്ചതായി തോന്നി. അതാരാണ് എന്നു നോക്കാൻ തുനിഞ്ഞപ്പോൾ കള്ളന്മാരാണെന്നു മനസ്സിലായി .അവർ വരുന്ന ശബ്ദം കേട്ട് കള്ളന്മാരും ഭയന്നു. അവർ ആശ്രമത്തിൽ നിന്നും ഒളിച്ചോടി.ഓടുന്ന സമയത്ത് കള്ളന്മാർ ആ കടലയുടെ പൊതി അവിടെ ഉപേക്ഷിച്ചു.എല്ലാവരും ഓടിപ്പോയി.

ഇവിടെ വിശന്നുവലഞ്ഞു വ്യാകുലയായ ബ്രാഹ്മണി ആ ഭിക്ഷയെടുത്ത കടലയുടെ പൊതി എവിടെയെന്നു അന്വേഷിച്ച് മനംനൊന്ത് അത് കള്ളന്മാർ കൊണ്ടുപോയിട്ടുണ്ടാവുമെന്നുറപ്പിച്ചു. നിവൃത്തിയില്ലാതെ ആ ബ്രാഹ്മണി അവരെ ശപിച്ചു എന്നെപ്പോലെ ദീന ഹീന അസഹായയുടെ ആ കടല പൊതിയിൽ നിന്നും ആരാണോ കടല കഴിക്കുന്നത് അവർ ദരിദ്രനായി പോവട്ടെ .

അവിടെ രാവിലെ ഗുരുമാതാവ് ആശ്രമത്തിൽ അടിച്ചുവാരുന്ന സമയത്ത് ആ കടലയുടെ പൊതി കിട്ടി. ഗുരുമാതാവ് പൊതി തുറന്നു നോക്കിയപ്പോൾ അതിൽ കടലയായിരുന്നു. സുദാമാവും കൃഷ്ണ ഭഗവാനും കാട്ടിൽ വിറകു കൊണ്ടുവരാൻ പോവുകയായിരുന്നു.( എല്ലാ ദിവസത്തേയും പോലെ ) .ഗുരു മാതാവ് ആ പൊതി സുദാമാവിനു കൊടുത്തു പറഞ്ഞു. കുട്ടികളെ കാട്ടിലേയ്ക്കു പോകുന്ന സമയത്ത് വിശപ്പു തോന്നിയാൽ നിങ്ങൾ രണ്ടു പേരും ഇതെടുത്ത് കഴിച്ചോളൂ. സുദാമാവ് ജന്മജാത ബ്രഹ്മജ്ഞാനിയായിരുന്നു. ആ കടലയുടെ പൊതി തന്റെ കയ്യിൽ കിട്ടുമ്പോഴേ അതിന്റെ രഹസ്യം മുഴുവൻ അദ്ദേഹത്തിനറിയാമായിരുന്നു. സുദാമാവ് ആലോചിച്ചു.ഗുരു മാതാവ് നമുക്കു രണ്ടു പേർക്കും വേണ്ടിയാണ് കടല കഴിക്കാൻ തന്നത് .എന്നാൽ ഇത് ഞാൻ ത്രിഭുവനപതിയായ കൃഷ്ണനു കഴിയ്ക്കാനായി കൊടുത്താൽ എല്ലാ സൃഷ്ടികളും ദരിദ്രരായിത്തീരും. അതു കൊണ്ട് ഞാനതു ചെയ്യില്ല.ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പ്രഭു ഒരിയ്ക്കലും ദരിദ്രനാവാൻ പാടില്ല. ഇത് ഞാൻ സ്വയം കഴിയ്ക്കും എന്നാൽ കൃഷ്ണനു കൊടുക്കില്ല. അങ്ങിനെ സുദാമാവ് സ്വയം ആ കടല മുഴുവൻ കഴിച്ചു - ദരിദ്രതയുടെ ശാപം സുദാമാ സ്വയം ഏറ്റെടുത്തു. എന്നാൽ തന്റെ മിത്രം ശ്രീകൃഷ്നന്ന് ഒന്നും കൊടുത്തില്ല.

നിങ്ങൾ മിത്രതയിൽ ഇരിയ്ക്കുമ്പോൾ സുദാമാവിനെപ്പോലെ ചെയ്യണം. ഒരിയ്ക്കലും സ്വന്തം മിത്രത്തെ വേദനയിൽപ്പെടുത്തരുത്.

31 May 2020

നാരദൻ്റെ ഗന്ധർവ്വജന്മം

നാരദൻ്റെ ഗന്ധർവ്വജന്മം

ബ്രഹ്മപുത്രനായി ജനിച്ചതിനുശേഷമുള്ള നാരദന്റെ രണ്ടാം ജന്മമാണ് ഉപബർഹണൻ എന്ന ഗന്ധർവ്വൻ,  ബ്രഹ്മശാപത്തിന്റെയും ഗന്ധർവ്വജന്മത്തിന്റെയും കഥ " ഭാഗവതം  ദശമസ്കന്ധ'ത്തിലുള്ളതാണ്

ബ്രഹ്മദേവന്റെ പുത്രനായിപ്പിറന്ന് നാരദൻ ബ്രഹ്മലോകത്തു കഴിയുന്ന കാലം. ബാല്യം മുതൽക്കേ നാരദനു ഭക്തിയിലായിരുന്നു താൽപര്യം . ഭഗവത്കീർത്തനങ്ങൾ മനഃ പാഠമാക്കി പാടി നടക്കുന്നതിൽ അദ്ദേഹം അത്യധികം ആനന്ദം കണ്ടത്തി. ലൗകിക ജീവിതത്തിലെ സുഖഭോഗങ്ങളോട് അദ്ദേഹത്തിന് തെല്ലും താൽപര്യം തോന്നിയില്ല. വളർന്നുവന്നപ്പോൾ നാരദന്റെ ഈ ഭക്തിപക്ഷപാതം വർദ്ധിച്ചതേയുള്ളൂ . ബ്രഹ്മാവിന്റെ മറ്റു പുത്രന്മാരായ മരീചിയും സനകനും മറ്റും ബ്രഹ്മചര്യം സ്വീകരിച്ചത് നാരദനും പ്രചോദകമായി. മായാ ബന്ധങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഭൗതികജീവിതമല്ല, ആത്മശാന്തി നൽകുന്ന സന്ന്യാസജീവിതമാണ് താൻ കാംക്ഷിക്കുന്നതെന്ന് നാരദൻ പിതാവിനോട് ഉണർത്തിച്ചു. എന്നാൽ, ബ്രഹ്മാവിന് അതു തെല്ലും സ്വീകാര്യമായില്ല. മറ്റു പുത്രൻമാർ ബ്രഹ്മചാരികളായ സ്ഥിതിക്ക് നാരദൻ ഗാർഹസ്ഥ്യം സ്വീകരിച്ച് പ്രജാസൃഷ്ടി നടത്തണമെന്ന് അദ്ദേഹം കല്പിച്ചു. പിതൃകല്പ്പന അനുസരിക്കാൻ തനിക്കു നിർവ്വാഹമില്ലെന്ന് നാരദനും തീർത്തുപറഞ്ഞു. മകന്റെ പിടി വാശി ബ്രഹ്മദേവനെ കോപാകുലനാക്കി. അദ്ദേഹം നാരദനു നേരേ ശാപവചനങ്ങൾ ചൊരിഞ്ഞു."പിതാവിന്റെ ആജ്ഞകൾ അനുസരിക്കാത്തതിന്റെ ശിക്ഷ നീയനുഭവിക്കും. വരും ജന്മത്തിൽ അമ്പതു കന്യകമാരെ ഭാര്യയാക്കേണ്ട അവസ്ഥ നിനക്കു കൈവരും! ഈ ജന്മം കഴിഞ്ഞാൽ ഒരു ഗന്ധർവ്വജന്മമാണ് നിനക്ക് വിധിക്കപ്പെട്ടിട്ടുള്ളത്. ഒന്നാന്തരം ഗായകനായും വീണാവാദന വിദഗ്ദ്ധനായും നീ പേരെടുക്കും. മഹാവിഷ്ണുവിന്റെ ഉത്തമഭക്തനായി ജീവിക്കുമ്പോഴും എന്റെ ശാപത്തിൽ നിന്നും നിനക്കു രക്ഷപ്പെടാനാവില്ല. അമ്പതു ഭാര്യമാരുണ്ടായിട്ടും നിന്റെ സ്ത്രീലമ്പടത്വം നിനക്ക് ദോഷമാവും.  സുഖകരമല്ലാത്ത ഒരന്ത്യത്തിനുശേഷം നീ വീണ്ടും എന്റെ മകനായി  പിറക്കും! അതിനിടയിൽ വൃഷലീ പുത്രനും പരമഭക്തനുമായി ജനിക്കാനുള്ള നിയോഗവും നിന്നിൽ ഞാൻ കാണുന്നുണ്ട്.  നാരദൻ ഈ വാക്കുകൾ കേട്ട് സ്തംഭിച്ചു നിന്നുപോയി. അങ്ങനെ കാലം കുറെ കഴിഞ്ഞു. സന്താനഭാഗ്യം നിഷേധിക്കപ്പെട്ട ചിത്രകേതു എന്ന ഗന്ധർവ്വൻ തന്റെ ആഗ്രഹപ്രാപ്തിക്കായി ശ്രീപരമേശ്വരനെ തപസ്സുചെയ്തു തുടങ്ങി. പുഷ്കര തടാകത്തിലെ ആ തപസ്സ് നൂറുവർഷക്കാലം തുടർന്നു. ചിത്രകേതുവിന്റെ കഠിന തപസ്സുകണ്ട് മനമലിഞ്ഞ ശിവൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു ചോദിച്ചു :“ഭക്താ, നിന്റെ കൊടും തപസ്സ് എന്നെ സംതൃപ്തനാക്കിയിരിക്കുന്നു! അഭീഷ്ടവരം നൽകാൻ തയ്യാറായി ഞാനിതാ വന്നിരിക്കുന്നു . എന്തുവേണമെങ്കിലും ധൈര്യമായി ചോദിച്ചുകൊള്ളൂ. ഖജനാവുനിറയെ പണമോ, അളവറ്റസമ്പാദ്യങ്ങളോ എന്താണ് നിനക്കു വേണ്ടത് ? ” ഭഗവാന്റെ ഈ ചോദ്യം കേട്ട് ചിത്രകേതു അത്ഭുതപരതന്ത്രനായി. “ഭഗവാനേ, പൊന്നിലും പണത്തിലുമൊന്നും എനിക്ക് തെല്ലും ആശയില്ല. വിവാഹം കഴിഞ്ഞ് വർഷം പലതു കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം എനിക്കും ഭാര്യയ്ക്കും ലഭിച്ചില്ല. സ്വന്തം വംശം സന്തതികളില്ലാതെ കുറ്റിയറ്റു പോകാൻ ആരെങ്കിലും ആഗ്രഹിക്കുമോ? അതുകൊണ്ട്, എന്റെ അവകാശിയായി ഒരു കുഞ്ഞുണ്ടാവണമെന്നേ എനിക്കാഗ്രഹമുള്ളൂ" ഭഗവാനെ വണങ്ങി ചിത്രകേതു അപേക്ഷിച്ചു .“നീ വിഷമിക്കണ്ട അടുത്ത ഭാവിയിൽത്തന്നെ നിന്റെ ഭാര്യ ഗർഭംധരിച്ച് ഉത്തമനായ ഒരു പുത്രനെ പ്രസവിക്കും.  ബ്രഹ്മാവിന്റെ പുത്രനായിപ്പിറന്ന് മരണം വരിച്ച സാക്ഷാൽ  നാരദൻ പുനർജന്മത്തിനു സജ്ജമായിരിക്കുകയാണ്. അദ്ദേഹം ഗന്ധർവ്വപുത്രനായി ജനിക്കുമെന്ന് ബ്രഹ്മാവ് പ്രവചിച്ചിട്ടുമുണ്ട്. അതിനാൽ, നാരദന്റെ പുനർജന്മമാവും നിങ്ങളുടെ പുത്രൻ! കുമാരനെ ഉപബർഹണൻ എന്ന പേരിട്ട് വളർത്തിക്കൊള്ളുക. നിങ്ങൾക്കു നല്ലതു വരും! ”വരം നൽകി അനുഗ്രഹിച്ച് ശിവൻ മറഞ്ഞു. കുറച്ചുനാൾ കഴിഞ്ഞതും ചിത്രകേതുവിന്റെ ഭാര്യയ്ക്ക് ഗർഭലക്ഷണങ്ങളുണ്ടായി. അവർ യഥാകാലം തേജസ്വിയായ ഒരാൺകുഞ്ഞിനു ജന്മം നൽകി. നാരദന്റെ പുനർജന്മമാണ് തങ്ങളുടെ കുഞ്ഞന്ന തിരിച്ചറിവ് ചിത്രകേതുവിനെയും ഭാര്യയെയും ഏറെ സന്തോഷിപ്പിച്ചു. ശ്രീപരമേശ്വരന്റെ നിർദ്ദേശ പ്രകാരം അവർ കുഞ്ഞിന് " ഉപബർഹണൻ' എന്നു നാമകരണം ചെയ്തു. ബാല്യകാലം തൊട്ടേ കറകളഞ്ഞ വിഷ്ണുഭക്തി ഉപബർഹണന്റെ മനസ്സിൽ നിറഞ്ഞു. അവൻ വളർന്നു വന്നതും ഭക്തി അതിന്റെ പരമ്യത്തിലായി സദാസമയവും ഈശ്വരചിന്തയും നാമജപവുമായി നേരം കഴിച്ചു. മകനെ വിഷ്ണുപൂജ അഭ്യസിപ്പിക്കാൻ ബൃഹസ്പതിയെത്തന്നെ. ചിത്രകേതു നിയോഗിച്ചു. അഭ്യസനത്തിലും അവൻ മികവുകാട്ടി. യൗവനദശയിലെത്തിയ ഗന്ധർവ്വൻ മനസ്സിനെ പൂർണ്ണമായും ഈശ്വരനിൽ ലയിപ്പിച്ച്ഹി മാലയപർവ്വതനിരയിലെത്തി. അവിടെയൊരു കുടിൽ കെട്ടി ഈശ്വരധ്യാനത്തിൽ മുഴുകി ഉപബർഹണൻ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരുനാൾ, ഗന്ധർവ്വൻ ധ്യാനത്തിൽ മുഴുകി കണ്ണടച്ചിരിക്കവെ ചിരിയും ആർപ്പുവിളികളുമായി അമ്പതു സുന്ദരികൾ അതിലെവന്നു. അവരുടെ ബഹളം കേട്ട് അയാളുടെ ഏകാഗ്രത നഷ്ടപ്പെട്ടു. കോപത്തോടെ കണ്ണുതുറന്നു നോക്കിയ ഗന്ധർവ്വൻ കണ്ടത് ലോകൈകസുന്ദരികളായ അമ്പതു തരുണീമണികളെയാണ് ! അതോടെ, അയാളുടെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതായി. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. ഗന്ധർവ്വന് സുന്ദരികളോടും സുന്ദരികൾക്ക് ഗന്ധർവ്വനോടും അനുരാഗമുദിച്ചു. ഉപബർഹണൻ പുഞ്ചിരിയോടെ അവരോടു ചോദിച്ചു :“ ഹേ, സുന്ദരീമണികളേ, അലൗകിക സൗന്ദര്യത്തിനുടമകളായ നിങ്ങൾ ആരാണ്? അപ്സരസ്സുകൾക്കും ദേവനാരികൾക്കും ഇത്ര സൗന്ദര്യം കാണില്ല! നിങ്ങളെ കണ്ടുമുട്ടാനായത് എന്റെ സുകൃതം കൊണ്ടാണ്. ഇനി നിങ്ങളെ പിരിഞ്ഞിരിക്കാനും എനിക്കു കഴിയുമെന്നുതോന്നുന്നില്ല. അതിനാൽ, കാര്യങ്ങൾ തുറന്നു പറഞ്ഞ് നമ്മുടെ സൗഹൃദം ഉറപ്പിക്കുന്നതല്ലേ ഉചിതം? ”“ ഗന്ധർവ്വകുമാരാ, ഞങ്ങളും അവസ്ഥയിൽത്തന്നെയാണിപ്പോൾ. ഞങ്ങൾ ചിത്രരഥ ഗന്ധർവ്വരാജാവിന്റെ പെൺമക്കളാണ്. ക്രീഡാലോലുപരായി സഞ്ചരിക്കവെ അങ്ങയെ കണ്ടെത്തിയതാണ്. ഞങ്ങൾ അമ്പതു പേർക്കും അങ്ങയുടെ സാന്നിധ്യം സന്തോഷവും ലജ്ജയും പകരുന്നുണ്ട്. വൈവാഹിക ജീവിതം അങ്ങയുടെ തപോവൃത്തിക്കു വിഘാതമാവില്ലെങ്കിൽ മാത്രം ഞങ്ങളെ ഭാര്യമാരായി സ്വീകരിച്ചാലും ! ”കന്യകമാർ ലജ്ജയോടെ പറഞ്ഞു. ഉപബർഹണനാവട്ടെ, കൂടുതലൊന്നുമാലോചിക്കാതെ അതിനു സമ്മതം മൂളി. ആ മംഗളമുഹൂർത്തത്തിൽ ഗന്ധർവ്വൻ അമ്പതു കന്യകമാരെയും വരിച്ചു. അനന്തരം, തന്റെ തപോവൃത്തി അവസാനിപ്പിച്ച്, അവരെയും കൂട്ടി അയാൾ കൊട്ടാരത്തിലേയ്ക്കു മടങ്ങി. അമ്പതു കന്യകമാരെ വരിച്ച് മടങ്ങിയെത്തിയ മകനെ ചിത്രകേതു സന്തോഷത്തോടെ സ്വീകരിച്ചു. പിന്നീട്, തികച്ചും സുഖലോലുപമായ ജീവിതമാണ് ഉപബർഹണൻ നയിച്ചത്. അമ്പതു യുവതികളുമൊത്തുള്ള മദാലസജീവിതം ഗന്ധർവ്വനെ കൂടുതൽ സ്ത്രീലമ്പടനാക്കി മാറ്റി.

അതിനിടെ, ദേവലോകത്ത് ഹരികഥാഗാനങ്ങൾ അരങ്ങേറി. ദേവയക്ഷകിന്നരഗന്ധർവാദികളെല്ലാം ആ ആഘോഷത്തിൽ പങ്കുചേർന്നു. ഗാനത്തിനൊപ്പം ദേവനർത്തകിമാരുടെ ആനന്ദനൃത്തവുമുണ്ടായി. അതു കണ്ടു കൊണ്ടിരുന്ന ഉപബർഹണൻ രംഭയുടെ മെയ്യഴകിൽ മയങ്ങി, സ്ഥലകാലബോധം മറന്ന് അയാൾ അവർക്കിടയിലേക്കു കടന്നു ചെല്ലുകയും രംഭയെ കാമചാപല്യത്താൽ കയറിപ്പിടിക്കുകയും ചെയ്തു! ഔചിത്യമില്ലാത്ത ഈ പെരുമാറ്റം പ്രജാപതിയെ ദേഷ്യം പിടിപ്പിച്ചു. അദ്ദേഹം ആ ക്ഷണത്തിൽത്തന്നെ ഉപബർഹണനെ ശപിച്ചു : "..“ഹേ സംസ്കാരശൂന്യനായ ഗന്ധർവ്വാ, നിന്റെ മരണം അടുത്തുകഴിഞ്ഞിരിക്കുന്നു. സുന്ദരികളായ അമ്പതു ഭാര്യമാരുണ്ടായിട്ടും തൃപ്തിയാകാതെ ദേവനർത്തകിയെ മോഹിച്ച നീ ഉടനെ ഭാര്യമാരുടെ മുന്നിൽക്കിടന്ന് നരകിച്ചു ചാവും! "പ്രജാപതിയുടെ ശാപവാക്കുകൾ ഇടിനാദം കണക്കെ ഗന്ധർവ്വന്റെ മനസ്സിൽ പതിച്ചു. ദുഃഖിതനായ അയാൾ വീട്ടിലേക്കു മടങ്ങി. ഭർത്താവിന്റെ മങ്ങിയ മുഖം കണ്ട് ഭാര്യമാർ കാര്യം തിരക്കി. അയാൾ കണ്ണീരോടെ പ്രജാപതിയുടെ ശാപവാക്കുകൾ അവരോടു പറഞ്ഞു. അവർക്കും അതിരറ്റ ദുഃഖമുണ്ടായി. അവർ ഭർത്താവിനുവേണ്ടി ദർഭവിരിച്ചു. അതിൽക്കിടന്ന് പശ്ചാത്തപിച്ചും വേദനിച്ചും രണ്ടു നാൾക്കകം ഗന്ധർവ്വൻ മരിച്ചു! ഭർത്താവിന്റെ മരണത്തിനു കാരണക്കാരനായ പ്രജാപതിയോടും മറ്റുദേവന്മാരോടും ഭാര്യമാർക്കു കോപം തോന്നി. അവരിൽ മൂത്തവളായ മാലതി ബ്രഹ്മാവിനെയും യമദേവനെയും ശപിക്കാനൊരുങ്ങി. മാലതിയുടെ ശാപം തങ്ങളെ ബാധിക്കുമെന്നു തിരിച്ചറിഞ്ഞ ദേവന്മാർ പരിഭ്രമിച്ച് മഹാവിഷ്ണുവിനെ അഭയം തേടി. താൻ ഈകാര്യത്തിൽ നിസ്സഹായനാണെന്നും മാലതിയുടെ കോപം തണുപ്പിക്കുക മാത്രമാണ് ശാപത്തിൽനിന്നും രക്ഷപ്പെടാനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു. ദേവന്മാർ നേരെ മാല തിയുടെ അടുത്തെത്തി അഭ്യർത്ഥിച്ചു. “ ദയവുചെയ്ത് ഭവതി ഞങ്ങളെ ശപിക്കരുത്. ഭവതിയുടെ മനം നീറിയുള്ള ശാപം ഞങ്ങളെ ബാധിക്കും ഉപബർഹണൻ സ്വയം വരുത്തിവെച്ച വിപത്താണിത്. അയാളുടെ സ്ത്രീലമ്പടത്വം കൊണ്ടാണ് ഇങ്ങനെയൊരുഗതിയുണ്ടായത്. തെറ്റുചെയ്തവൻ ശിക്ഷയനുഭവിക്കണമെന്നത് സർവ്വത്ര അംഗീകരിക്കപ്പെട്ട ഒരു ലോകതത്ത്വമല്ലേ? "  ബ്രഹ്മാവിന്റെ ചോദ്യത്തിനു മുന്നിൽ മാലതിക്ക് ഉത്തരം മുട്ടി. അപ്പോൾ ബ്രാഹ്മണരൂപം ധരിച്ച ഒരാൾ അവിടെയെത്തി ബ്രഹ്മാവിനുനേരെ ഒരു ചോദ്യമെറിഞ്ഞു." ഭഗവാനേ, അങ്ങു പറഞ്ഞത് ഭാഗികസത്യം മാത്രമേ ആകുന്നുള്ളൂ . അപരാധി ദണ്ഡനാർഹനാണെന്നതിൽ രണ്ടു പക്ഷമില്ല. പക്ഷേ, ആയുസ്സ് തികയാതെ ഒരാൾക്ക് മരണശിക്ഷ നൽകാനുള്ള അധികാരം അങ്ങേയ്ക്കക്കോ യമരാജനോ ഉണ്ടോ? കണക്കനുസരിച്ച് ഇനിയും ആയിരം സംവത്സരം ജീവിക്കാനുള്ള ആയുസ്സ് ഈ ഗന്ധർവ്വനുണ്ട്. പ്രജാപതിയുടെ ശാപം ഒന്നുകൊണ്ടുമാത്രമല്ലേ നീതിയല്ലാത്ത ഈ ശിക്ഷാനടപടി നടപ്പായത്? ” ബ്രാഹ്മണന്റെ വാക്കുകൾ ബ്രഹ്മാവിനെ അസ്വസ്ഥനാക്കി. അദ്ദേഹം അപ്പോൾത്തന്നെ ഗന്ധർവ്വന്റെ ആയുസ്സിനെ സംബന്ധിക്കുന്ന രേഖകൾ പരിശോധിച്ചു. ബ്രാഹ്മണൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണെന്നു മനസ്സിലായപ്പോൾ അദ്ദേഹം പശ്ചാത്താപ സ്വരത്തിൽ പറഞ്ഞു "ഭവതി എന്നോടു ക്ഷമിച്ചാലും! "ബ്രഹ്മാവ് ഒരു മന്ത്രം ചൊല്ലിയതും ഗന്ധർവ്വൻ ദീർഘ നിദ്രയിൽ നിന്നെന്നപോലെ എഴുന്നേറ്റുവന്നു! അപ്പോൾ അവിടെ നിന്ന ബ്രാഹ്മണൻ മഹാവിഷ്ണുവായി രൂപം മാറുകയും ചെയ്തു! ഉപബർഹണൻ സന്തോഷത്തോടെ ദേവൻമാരെ വണങ്ങി. അയാളുടെ ഭാര്യമാർക്കും അതിരറ്റ ആനന്ദമുണ്ടായി. ദേവൻമാർ ഗന്ധർവ്വനെ അനുഗ്രഹിച്ചു മറഞ്ഞു. അനന്തരം, ഗന്ധർവ്വൻ തന്റെ ഭാര്യമാരുമൊത്ത് സുഖ ജീവിതം തുടർന്നു. യഥാകാലം അവർക്ക് മക്കളും ചെറുമക്കളും പിറന്നു. ആയിരം സംവത്സരം പിന്നിട്ടതും തന്റെ മരണസമയമായെന്ന് അയാൾ തിരിച്ചറിഞ്ഞു. ശിഷ്ടകാലം ഗംഗാതീരത്ത് തപസ്സനുഷ്ഠിച്ച് അയാൾ മരണം വരിച്ചു.