ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 May 2018

കാളഹസ്തിയിലെ പാതാളഗണപതി

കാളഹസ്തിയിലെ പാതാളഗണപതി

ശ്രീ കാളഹസ്‌തേശ്വര ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിനടുത്തായാണ് പതാളഗണപതി പ്രതിഷ്ഠയുള്ളത്. ഭൂമിക്കടിയില്‍ ഏകദേശം 35 അടിയോളം താഴെയാണ് ഇതിന്റ പ്രതിഷ്ഠ.

അഗസ്ത്യമുനിയുടെ ദക്ഷിണ കൈലാസ യാത്രാവേളയില്‍ അദ്ദേഹം ശ്രീ കാളഹസ്തിയില്‍ വിശ്രമിക്കാനെത്തി. അവിടെ അമ്പലത്തിലെ ആവശ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രാര്‍ഥനാവശ്യങ്ങള്‍ക്കും ജലമില്ലാത്ത അവസ്ഥവന്നു.

വെള്ളം ലഭിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഫലം കാണാതെ വന്നപ്പോള്‍ ഗണപതിഭഗവനില്‍ അദ്ദേഹം അഭയം പ്രാപിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഗണപതിഭഗവാന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. ഗണപതിഭഗവാന്റെ അനുഗ്രഹത്താല്‍ പുഴ ഗതിമാറുകയും വെള്ളം ലഭിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

അത്ഭുതസിദ്ധിയുള്ള ഈ പ്രതിഷ്ഠ ഏറെ പ്രധാനമാണ്. വളരെ ശക്തിയുള്ളതും വിഘ്‌നങ്ങള്‍ മാറി ജോലിയിലും മറ്റു പ്രവര്‍ത്തി മേഖലയിലും വിജയം വരിക്കുവാനും, സമ്പല്‍ സമൃദ്ധി കനിഞ്ഞ് അനുഗ്രഹിക്കുന്നതുമായ ഗണപതിഭഗവാനെ കാളഹസ്തിശ്വര ക്ഷേത്ര ദര്‍ശനത്തിന് മുന്നേ തൊഴണമെന്നാണ് വിശ്വാസം.

ശ്രീസൂക്തം

ശ്രീസൂക്തം

ശ്രീസൂക്തം ജപിച്ച് താമരപ്പൂവ് കൊണ്ടു ദേവിയെ പൂജിക്കുക എന്നത് ഏതു വീടുകളിലും നടത്താവുന്ന ഒരു ലളിത കര്‍മ്മമാണ്‌. വെള്ളിയാഴ്ച്ച, പൌര്ണമി തുടങ്ങിയ ദിവസങ്ങളില്‍ ഈ കര്‍മ്മത്തിനു കൂടുതല്‍ വിശിഷ്യമുണ്ട്. കൂടാതെ നന്ത്യാര്‍വട്ടപ്പൂവ്, കൂവളത്തില, കൂവല ഫലം തുടങ്ങിയവ കൊണ്ടും നിരവധി കര്‍മ്മങ്ങള്‍ ഉണ്ട് ഇവ ഗ്രന്ഥങ്ങളില്‍ വിശദ മാക്കുന്നുണ്ട്.ധനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയായ ലക്ഷ്മിദേവിയെക്കുറിച്ചുള്ള മന്ത്രമാണ് ശ്രീസൂക്തം. ഈതൊരു ഋഗ്വേദ മന്ത്രമാണ്. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. മലയാളത്തില്‍ ചീവൊതി എന്നും ശീവോതി എന്നും പറയാറുള്ളതും ഈ ദേവിയെക്കുറിച്ചാണ്‌. മഹാവിഷ്ണുവിന്റെ ഭാര്യയാണ്‌ ലക്ഷ്മി എന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്.

ശ്രീസൂക്തം

ഹിരണ്യവര്ണ്ണാം ഹരിണീം സുവര്‍ണ്ണരാജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ

താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിം
യസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .

ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീം
ശ്രിയം ദേവിമുപവ്യയേ ശ്രീര്മാ ദേവിര്‍ജുഷതാം

കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആര്ദ്രാം ജ്വലന്തീം ത്രുപ്താം തര്പയന്തിം
പദമേ സ്ഥിതാം പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.

ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം ലോകേ ദേവജുഷ്ട മുധാരം
താം പദ്മിനീമീം ശരണമഹം പ്രപധ്യേ അലക്ഷ്മീര്മേ നശ്യ താം ത്വം വൃണേ

ആദിത്യവര്ണേ തമസോ ധിജാതോ വനസ്പതിസ് തവ വൃക്ഷോത ബില്വ :,
തസ്യ ഫലാനി തപസാ നുധന്തു മയാന്തരായാശ്ച ബാഹ്യ അലക്ഷ്മി.

ഉപൈതു മാം ദേവ സഖ കീര്ത്തിശ്ച മണിനാ സഹ ,
പ്രാധുര്‍ ഭൂതോസ്മി രാഷ്ട്രെസ്മിന്‍ കീര്തിം വൃദ്ധിം ദധത്‌ മേ

ക്ഷുത് പിപാസമലാം ജ്യെഷ്ടാം അലക്ഷ്മിം നാശയാമ്യഹം ,
അഭൂതിംമസമൃധീം ച സര്‍വ്വാന്‍ നിര്നുദ മേ ഗ്രഹാദ്

ഗന്ധദ്വാരാം ദുരാംദര്ഷാം നിത്യപുഷ്ടാം കരീഷിണീം ,
ഈശ്വരീ സര്‍വ ഭൂതാനം താം ഇഹോപഹ്വയെ ശ്രിയം

മാനസ കമമാകൂതീം വചസ്സത്യ മസീമഹി,
പശൂനാം രൂപമാന്നസ്യ മയി ശ്രീ ശ്രയതാം യശഹ

കര്ധമേന പ്രജാ ഭൂതാ മയി സംഭവ കര്ധമ ,
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം

ആപ സൃജന്തു സ്നിഗ്ദ്ധനി ചിക്ലിത വാസമേ ഗൃഹേ ,
നിച ദേവീം മാതരം സ്രിയം വാസയ മേ കുലേ

ആര്ദ്രാം പുഷ്കരിണീം പുഷ്ടീം സുവര്ണ്ണാം ഹേമമാലിനീം ,
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജതവേദോമ ആവഹ

ആര്ധ്രാം യകരിണീം യഷ്ടിം പിന്ഗളാം പദ്മമാലിനീം ,
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജതവേദോ മ അവാഹ

താമ ആവഹ ജതവേദോ ലക്ഷ്മി മനപഗാമിനീം ,
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോസ്വാന്‍ വിന്ധേയം പുരുഷാനഹം

മഹാ ദേവ്യൈ ച വിദ്മഹേ , വിഷ്ണു പത്നീച ധീമഹി ,
തന്നോ ലക്ഷ്മി പ്രചോദയാത്

ഗണപതി

ഗണപതി എന്ന വാക്കിന്റെ അർത്ഥം

‘ഗണ’ എന്നാല്‍ ‘പവിത്രകം’, അതായത് ‘ചൈതന്യത്തിന്റെ കണങ്ങള്‍’ എന്നാണ്; ‘പതി’ എന്നാല്‍ ‘സ്വാമി’, അതായത് ‘കാത്തു രക്ഷിക്കുന്നവന്‍’. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ ‘പവിത്രകങ്ങളുടെ സ്വാമി’ എന്നാണര്‍ഥം.

ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശി ച്ച് വക്രതുണ്ഡന്‍, വിനായകന്‍ ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ത്ഥമെന്താണ് ?

1. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘വളഞ്ഞ തുമ്പിക്കൈ ഉള്ളവന്‍ എന്നാണ്; പക്ഷെ ഗണപതിയെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നതിനു പിന്നിലുള്ള കാരണം ഇപ്രകാരമാണ് – വളഞ്ഞ അതായത് തെറ്റായ മാര്‍ഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നവന്‍ എന്നാകുന്നു.

2. ഏകദന്തന്‍ അതായത് ഒരു കൊമ്പ് പൂര്‍ണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാല്‍ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാല്‍ കാണിച്ചു കൊടുക്കുക എന്നര്‍ഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം.

3. വിനായകന്‍ എന്നതിന്റെ അര്‍ത്ഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവന്‍ എന്നാണ്.

4. ലംബോദരന്‍ എന്നതിന്റെ അര്‍ഥം അക്ഷരം പ്രതിയായി പറയുകയാണെങ്കില്‍ ലംബമായ അതായത് വലുതായ ഉദരം (വയറ്) ഉള്ളവന്‍ എന്നാണ്. ഇതിന്റെ ആന്തരാര്‍ഥം എന്തെന്നാല്‍ സര്‍വ ചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു.

എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് ?

മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ- ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തി മറ്റു ദേവീ-ദേവന്മാര്‍ വരെ എത്തിക്കുന്നു.

മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ?

മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ-വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ത്ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവൃത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ഥം.

മൂഷികന്‍ രജോഗുണെത്ത സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം ?

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശേത്തക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണാമൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശയമലോകേത്തക്ക് നയിക്കുന്നു.

എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യേത്താടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പികൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചു കൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശേത്തക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിന്റെ കാരണമെന്താണ് ?

ശ്രീഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയില്‍ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങള്‍, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ അര്‍ഥം ഗണപതിക്ക് ചുവന്ന നിറം ഇഷ്ടമാണ് എന്നല്ല. ദേവീ-ദേവന്മാര്‍ക്ക് മനുഷ്യര്‍ക്കുള്ളതു പോലെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും തന്നെയില്ല. ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാല്‍ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങള്‍ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങള്‍ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതല്‍ അളവില്‍ ആകര്‍ഷിക്കെപ്പടുന്നു. അതിനാല്‍ നാം പൂജിക്കുന്ന വിഗ്രഹം/ചിത്രം കൂടുതല്‍ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതല്‍ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.

ഇതേ സിദ്ധാന്തമനുസരി ച്ച് ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുന്നു. കറുകയെ ദുര്‍വ എന്നും പറയുന്നു. ദുര്‍വ എന്ന വാക്കിന്റെ അര്‍ഥം ഇപ്രകാരമാണ് – ദുഃ എന്നാല്‍ ദൂരെയുള്ളത്, അവ എന്നാല്‍ സമീപത്ത് കൊണ്ടു വരുന്നത്. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുര്‍വയാകുന്നു. അതിനാലാണ് ഗണപതിക്ക് കറുകപ്പുല്ല് പൂജയില്‍ അര്‍പ്പിക്കുന്നത്. അര്‍പ്പിക്കുന്ന ഇലകള്‍ തളിരിലകളും പുല്ലിലെ ഇലകള്‍ 3, 5, 7, എന്നിങ്ങനെ ഒറ്റ സംഖ്യയിലുള്ളതുമായിരിക്കണം.

ഗണേശോത്സവം എന്നാല്‍ എന്താണ് ?

മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് ഗണപതി ഭഗവാന്‍ ജനിച്ചത്. ഈ കാലയളവില്‍ ഗണപതി ഭഗവാന്റെ തത്ത്വം ഭൂമിയിലേക്ക് മറ്റു ദിവസങ്ങളെ അപേക്ഷി ച്ച് 1000 മടങ്ങ് കൂടുതല്‍ അളവില്‍ എത്തിച്ചേരും. ആയതിനാല്‍ ഈ ദിവസങ്ങളില്‍ (അതായത് ചതുര്‍ഥി മുതലുള്ള 10 ദിവസങ്ങള്‍) ഗണപതി ഭഗവാന്റെ നാമം ജപിക്കുക, ഗണപതി വിഗ്രഹത്തെ പൂജിക്കുക, ഭഗവാന്റെ സ്‌തോത്രങ്ങള്‍ ചൊല്ലുക മുതലായവ ചെയ്യുന്നു. ഈ 10 ദിവസങ്ങളെയാണ് ഗണേശോത്സവം എന്നു പറയുന്നത്. ഈ ദിനങ്ങളില്‍ നാം ഗണപതി ഭഗവാന്റെ നാമമായ ‘ഓം ഗം ഗണപതയേ നമഃ’ എന്ന് പരമാവധി ജപിക്കുകയാണെങ്കില്‍, നമുക്ക് ഭഗവാന്റെ തത്ത്വ ത്തിന്റെ ഗുണം ലഭിക്കും.

                       🕉️

നാഗദേവതകൾ വാഴും അത്തിപ്പറ്റ മന

നാഗദേവതകൾ വാഴും അത്തിപ്പറ്റ മന

പാലക്കാട്‌ ജില്ലയിലെ ചെത്തല്ലൂർ ആണു അത്തിപ്പറ്റ മന സ്ഥിതി ചെയ്യുന്നത്‌. സർപ്പാരാധനയ്ക്ക്‌ പേരു കേട്ട മനയാണു അത്തിപ്പറ്റ മന. വള്ളുവനാട്ടിലെ പ്രസിദ്ധമായ നമ്പൂതിരി ഗൃഹമാണു അത്തിപ്പറ്റ മന.

സാത്വിക നമ്പൂതിരി കുടുംബമാണു ഇവരുടെത്‌. ശുകപുരം ഗ്രാമക്കാരാണു . ഗ്രാമപരദേവത ശുകപുരത്തപ്പൻ ആണു. സർപ്പാരാധനയ്ക്കാണു പ്രസിദ്ധി കേട്ടവരാണു ഇവർ. ഏകദേശം 800 ഓളം വർഷം പഴക്കം കാണും ഈ പരമ്പരയ്ക്ക്‌.

അത്തിപ്പറ്റ മന നാലുകെട്ടാണു . ഏകദേശം 200 കൊല്ലം പഴക്കമുണ്ടാകും ഈ നാലുകെട്ടിനു. പണ്ട്‌ ഇത്‌ എട്ട്കെട്ടായിരുന്നു. തട്ടുൾപ്പടെ നാലു നിലയുള്ള മാളിക കാണേണ്ട കാഴ്ചയാണു. 10 ഓളം മുറികളും, കോണികളും, കാറ്റോട്ടം കിട്ടുന്ന ജനലുകളും, എല്ലാം മനോഹരമായ കാഴ്ചയാണു. പഴമ വിളിച്ചോതുന്ന കെട്ടിടമാണു. മുറിയിൽ തട്ടിൽ കൊത്തിയിരിക്കുന്ന കൊത്തുപ്പണികൾ ഒരു അദ്ഭുതമാണു. അഷ്ടദളം ഉൾപ്പടെ  വാസ്തുവിദ്യയുടെ മകുടോദാഹരണമായ വസ്തുക്കൾ അനവധിയുണ്ട്‌ മനയിൽ. മുറികൾ എല്ലാം തട്ടിട്ട മുറികളാണു , ചെറിയ മുറികളായത്‌ കൊണ്ട്‌ നല്ല തണുപ്പുണ്ട്‌. വെട്ടുകല്ലാൽ തീർത്ത മാളിക പഴമ വിളിച്ചോതുന്ന ഒന്നാണു. പ്രകൃതി ഭംഗി അത്തിപ്പറ്റ മനയ്ക്ക്‌ മാറ്റേകുന്നു.

നൂറ്റാണ്ടുകൾക്ക്‌ മുന്നെ ഇവിടുത്തെ ഒരു കാരണവർ  വൈക്കത്തു തൊഴാൻ പോയി പോരുന്ന സമയം അദ്ദേഹത്തിന്റെ ഓലക്കുടയിൽ ഒരു സർപ്പം അവിടെ നിന്നു കൂടെ ഇല്ലത്തെക്ക്‌ വന്നു എന്ന് ഐതിഹ്യം. (അത്തിപ്പറ്റക്കാരുടെ വാരം വൈക്കത്തഷ്ടമിയാണു) അങ്ങനെയാ ആണു തറവാട്ടിലെ സർപ്പാരാധാനയ്ക്ക്‌ തുടക്കം. നടുമുറ്റത്ത്‌ ആണു നാഗങ്ങളുടെ മൂലസ്ഥാനം.  മരത്തിനു കീഴെ സർപ്പപുറ്റിലാണു മൂലസ്ഥാനം. നാഗകന്യ പ്രതിഷ്ഠയായി ശ്രീ കോവിലിൽ നാഗ ദൈവ പ്രതിഷ്ഠയുണ്ട്‌. കൂടെ നാഗങ്ങളും ഉണ്ട്‌. തറവാട്ടിലെ ശ്രീലകത്ത്‌ ഉണ്ടായിരുന്ന ദുർഗ്ഗ ദക്ഷിണാമൂർത്തി വിഷ്ണു ഭദ്രകാളി എന്നീ മൂർത്തികളെയും ശ്രീകോവിലിൽ നാഗങ്ങളുടെ കൂടെ പ്രതിഷ്ഠിച്ചു. കുലദേവത ദുർഗ്ഗ. വിഷ്ണു പരദേവത.  ശ്രീകോവിലിനോട്‌ ചേർന്ന് ഏക്കറോളം ഭൂമിയിൽ സർപ്പ കാവ്‌ ഉണ്ട്‌ . അനവധി വൃക്ഷലതാദി പക്ഷി മൃഗാദികൾ ഉള്ള കാവ്‌. അവിടെ 500 ഓളം വർഷം പഴക്കമുള്ള ആഞ്ഞിലി മരത്തിനു താഴെ ചിത്രകൂട കല്ലിൽ സർപ്പ പ്രതിഷ്ഠയുണ്ട്‌. അവിടെ എല്ലാ വർഷവും തൈപ്പൂയത്തിന്റെ തലേ ദിവസം പൂജയുണ്ട്‌. ശ്രീകോവിലിൽ എല്ലാ ദിവസവും പൂജയുണ്ട്‌. ഇവിടുത്തെ കാവ്‌ കാണേണ്ട സംഭവം തന്നെയാണു . ആധുനികത തൊട്ടു തീണ്ടാത്ത കാവ്‌. ഭീമാകാരൻ ആഞ്ഞിലി മരവും, അപൂർവ്വ ജൈവസസ്യങ്ങളും, ഒക്കെ കാവിനു മാറ്റു കൂട്ടുന്നു. സർപ്പ കാവിനു 500 അധികം വർഷം പഴക്കമുണ്ട്‌. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെയ്ക്ക്‌ ഭക്തർ വരാറുണ്ട്‌. കാവും അനുഷ്ഠാനങ്ങളും എല്ലാം അതി മനോഹരമായി, തന്നെ അത്തിപ്പറ്റ മനക്കാർ പരിപാലിക്കുന്നുണ്ട്‌.

25 May 2018

ദേവാദിദേവൻ മഹാദേവൻ

ദേവാദിദേവൻ മഹാദേവൻ

ബ്രഹ്മാവ് സൃഷ്ടിച്ച എല്ലാ വസ്തുക്കളും അതിൻറെ ധർമ്മം നിറവേറ്റുന്നതുവരെ വിഷ്ണു നില നിർത്തുന്നു, അതിനു ശേഷം വീണ്ടും വേറെ വസ്തുക്കളായി സൃഷ്ടിക്കുവാനായി ഞാൻ അതിനെ സംഹരിക്കുന്നു. ഞാൻ മംഗള മൂർത്തി  ആണ്. ശിവം എന്ന വാക്കിനർത്ഥം മംഗളം എന്നാണ്. ലോകത്തിനു മുഴുവൻ മംഗളം നല്കുന്ന ഞാൻ താമസിക്കുന്നത് ശ്മശാനത്തിലാണ്. ഒരുവൻ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവൻ സന്തോഷം നല്കുന്ന ഞാൻ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തിൽ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് ആയതിനാൽ ചുടല എന്നത് നമ്മുടെ ശരീരമായും കാണാം . ചുരുക്കി പറഞ്ഞാൽ ഞാൻ നിങ്ങളുടെ ശരീരത്തിൽ തന്നെ കുടി കൊള്ളുന്നു.

സംഹാരമൂർത്തിയായ ഞാൻ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. ഞാൻ ദേഹത്ത് പൂശിയിരിക്കുന്ന ഭസ്മം ശവശരീരം കത്തിച്ച ഭസ്മമാണ്. ( മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ) ഒരുവൻറെ എല്ലാം നശിച്ച് ശരീരവും നശിച്ച് ബാക്കി വരുന്ന, ഒരിക്കലും നശിപ്പിക്കാൻ സാധിക്കാത്ത ചാരമാണ് അത്. മനസിലെ എല്ലാ ദുരാഗ്രഹങ്ങളെയും നശിപ്പിച്ച ചാരമാണ് ആ ഭസ്മം. ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാൻ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീർക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാൻ സാധിക്കുകയില്ല. മനുഷ്യൻറെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പിൽ സമന്മാരാണ്. ഭസ്മം നെറ്റിയിൽ ധരിക്കുന്ന ഒരാള് ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആർജിച്ചിരിക്കുകയാണ്. ഭസ്മം സ്ഥിരമായി അണിയുന്നവൻറെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാൻ വിധിയില്ല. എല്ലാം ഹരനാണ്. ശവം ഭസ്മീകരിക്കുന്നതിൻറെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയിൽ ധരിച്ചാൽ കൈയാൽ ചെയ്ത പാപവും, മാറിൽ ധരിച്ചാൽ മനഃകൃതമായ പാപവും, കഴുത്തിൽ ഭസ്മം ധരിച്ചാൽ കണ്ഠത്താൽ ചെയ്ത പാപവും നശിക്കും.

എൻറ്റെ മൂന്നാം കണ്ണ് അറിവാകുന്നു. അറിവ് നേടിയാൽ ഈ ലോകത്ത് ഒന്നും സ്ഥിരമല്ലെന്നു മനസിലാവും. ഇന്ന് കാണുന്നതിനെ നാളെ കാണില്ല. ഇന്നില്ലാത്ത പലതും നാളെ ഉണ്ടാവും. സ്ഥിരതയില്ലാത്ത ഈ ലോകത്തിനു എന്തർത്ഥം ??. അത് കൊണ്ടാണ് മൂന്നാം കണ്ണ് തുറന്നാൽ ലോകം ഇല്ലാതാവുമെന്ന് പറയുന്നത്. അറിവുള്ളവനു ഈ ലോകം അർത്ഥ ശൂന്യമാണ്. തലയിൽ ചൂടിയ ചന്ദ്രന് വളർച്ചയും തളർച്ചയുമില്ല. നിങ്ങൾ എന്നെങ്കിലും പൂർണ്ണചന്ദ്രനെ ചൂടിയോ, ചന്ദ്രനില്ലാതെയോ ശിവനെ കണ്ടിട്ടുണ്ടോ?? ചന്ദ്രന് വളർച്ചയും തളർച്ചയും ഇല്ലാതാവണമെങ്കിൽസൂര്യനും ചന്ദ്രനും ഭൂമിയും ചലനരഹിതം ആവണം. അതിനു സമയം ഇല്ലാതാവണം, ശിവൻ സമയത്തിനും അതീതനാണ് എന്നാണു ചന്ദ്രകലയുടെ അർത്ഥം .ഞാൻ ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നു. ( സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.)

ഊര്ജ്ജം സഞ്ചരിക്കുന്നത് തരംഗ രൂപത്തിലാണ്. അതിൻറെ പ്രതീകമായി തരംഗ രൂപത്തിൽ സഞ്ചരിക്കുന്ന പാമ്പിനെ കഴുത്തിൽ അണിഞ്ഞിരിക്കുന്നു. ഊര്ജ്ജം അണിഞ്ഞ ദ്രവ്യം ആണ് ഞാൻ . ഞാൻ നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്നു . വാസുകി എന്ന നാഗത്തെ ഞാൻ എപ്പോഴും കഴുത്തിലണിയുന്നു. ആദി-ശേഷനെ പൂണുൽ ആയും പത്മൻ പിംഗളൻ എന്ന സർപ്പങ്ങളെ കുണ്ഡലങ്ങളായും ധനഞ്ജയൻ കംബളൻ എന്നി നാഗങ്ങളെ തോ 'ൾ വളയായും അശ്വതരൻ എന്ന നാഗം വലം കയ്യിലും തക്ഷകൻ എന്ന നാഗം ഇടംകയ്യിലും വളയായിട്ടും നീലാഞ്ജനത്തിന്റെ നിറമുള്ള നീലൻ എന്ന നാഗം അരഞ്ഞാണമായും ഭഗവാൻ ധരിച്ചിരിക്കുന്നു. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. ചഞ്ചലചിത്തത്തിൽ നിന്നും ഞാൻ മോചിതനാണ് എന്ന് സൂചിപ്പിക്കാൻ കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും എന്നെ കാണാം . പരമാധികാരത്തിന്റെ ചിഹ്നമായ തൃശൂലം സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെ സൂചിപ്പിക്കുന്നു. ത്രിശൂലം മൂന്നു ലോകങ്ങളെയും കീഴ്പെടുത്തുന്ന ബ്രഹ്മജ്ഞാനം ആകുന്നു. എന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. എന്റെ വില്ലാണ് പിനാകം . നന്ദി എന്ന വെളുത്ത കാളയാണ് എന്റെ വാഹനം.

ഭക്തരക്ഷയ്ക്കായി ഞാൻ പല രൂപത്തിലും അവതരിക്കും. (സജ്ജനങ്ങള്ക്ക് മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഞാൻ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലൻ .ഈ അവതാരത്തിന്റെ ശക്തിരൂപമായി മഹാകാളിയെ വിശ്വസിക്കുന്നു. രണ്ടാമത്തെ അവതാരം "താര"മെന്ന പേരിൽ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപംഷോഡശശ്രീവിദ്യനെന്ന നാലാമത്തെ അവതാരത്തിൽ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരിൽ പ്രസിദ്ധമാണ്.ഈ അവതാരത്തിൽ ശക്തിചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു. ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു. എട്ടാമത്തെ അവതാരം ബഗലാമുഖനാണ് . ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു. ഒൻപതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം. പത്താമത്തെ അവതാരം കമലെന്നും. ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.)

24 May 2018

വെറ്റിലയും പാക്കും

വെറ്റിലയും പാക്കും

മഹിമയേറിയതും മംഗളകരവുമായ വെറ്റിലയെ സുഭിക്ഷതയുടെ അടയാളമായിട്ടാണ് കണ്ടുവരുന്നത്. ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം വെറ്റില പ്രധാന പങ്കുവഹിക്കുന്നു. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല. അതുപോലെ വെറ്റിലയും പാക്കും വലതു കൈയിലെ വാങ്ങാവു. ദക്ഷിണസമര്‍പ്പണത്തില്‍ വെറ്റിലയും പഴുക്കടക്കയും നിര്‍ബന്ധമാണ്‌. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. ദക്ഷിണ കൊടുക്കുമ്പോള്‍ വെറ്റിലയുടെ വാലറ്റം നമ്മുടെ നേര്‍ക്കായിരിക്കണം. എന്നാല്‍ വിവാഹശേഷം കാര്‍മ്മികന് ദക്ഷിണ കൊടുക്കുമ്പോള്‍ മാത്രം വാലറ്റം കൊടുക്കുന്നയാളിന്റെ നേര്‍ക്കായിരിക്കണം. വെറ്റിലയ്ക്ക് അനേകം ഞരമ്പുകളുണ്ട്. അവയെല്ലാം വന്നു സംഗമിക്കുന്നത് വാലറ്റത്താണ്. ഹിന്ദു ആചാരപ്രകാരമുള്ള താംബൂല പ്രശ്നത്തില്‍ വെറ്റിലയാണല്ലോ പ്രധാനി. വെറ്റിലയും അടക്കയും മഹാലക്ഷ്മിയുടെ അംഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വിരുന്നുകളിലും മറ്റ് ശുഭകാര്യങ്ങളിലും വെറ്റിലയും പാക്കും നല്‍കിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം.