ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 18

ഗരുഡൻ - 18

ഗരുഡനും ജീമൂതവാഹനനും

ഒരു നാൾ ജീമൂതവാഹനനും ഉറ്റമിത്രമായ മിത്രാ വസുവും കൂടി നടക്കാനിറങ്ങി. എല്ലാ ജീവജാലങ്ങൾക്കും നന്മ വരണമേ എന്ന് പ്രാർത്ഥിക്കുന്ന ആളാണ് ജീമൂതവാഹനൻ. ജീതകേതുവിന്റെ പുത്രനാണ്. കല്പകവൃക്ഷത്തെ ജനനന്മയ്ക്കായി ഭൂമിയിലേക്കു ദാനം ചെയ്തത് ജീമൂതവാഹനനാണ്. സമുദ്രതീരത്തേക്കുള്ള യാത്രയ്ക്കിടയിൽ അവർ ഒരു കാട്ടുപ്രദേശത്ത് ചെന്നുപെട്ടു. ആ കാടിന്റെ ഒരു ഭാഗത്ത് കുറെ എല്ലിൻ കഷണങ്ങൾ കിടക്കുന്നത് ജീമൂതവാഹനന്റെ ശ്രദ്ധയിൽ പെട്ടു. ഇതെന്താണ് മിത്രാവസുവിനോട് അദ്ദേഹം അന്വേഷിച്ചു. സർപ്പങ്ങളുടെ അമ്മയായ കദ്രു , ഗരുഡന്റെ അമ്മയായ വിനതയെ ചതിയിലൂടെ ദാസിയാക്കിയെന്നും ഗരുഡൻ ദാസ്യത്തിൽനിന്നും അമ്മയെ മോചിപ്പിച്ചുവെന്നും വൈരംകൊണ്ട് ഗരുഡൻ നാഗങ്ങളെ ഭക്ഷണമാക്കി എന്നും എല്ലാ സർപ്പങ്ങളെയും കൂടി ഒന്നിച്ച് ഗരുഡൻ തിന്ന് കുലം അറ്റുപോകാതിരിക്കാനായി വാസുകി ഒരു വ്യവസ്ഥ ഉണ്ടാക്കിയെന്നും അതനുസരിച്ച് ഒരു സർപ്പത്തെ വീതം എല്ലാ ദിവസവും ഗരുഡനു ഭക്ഷണമായി കൊടുക്കണമെന്നും ആ സർപ്പങ്ങളെ എല്ലാം ഇവിടെവച്ചാണ് ഗരുഡൻ തിന്നതെന്നും അതിന്റെ അവശിഷ്ടമാണ് ഈ കാണുന്നതെന്നും മിത്രാവസു അറിയിച്ചു. സർപ്പങ്ങളുടെ കഥകൾ കേട്ടപ്പോൾ ജീമൂതവാഹനന് ദുഃഖം തോന്നി. തന്റെ ശരീരം കൊണ്ട് ഒരു നാഗത്തെ എങ്കിലും രക്ഷിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. കൂട്ടുകാരനെ തന്ത്രപൂർവ്വം ജീമൂതവാഹനൻ ഒഴിവാക്കി. ഏകനായി അദ്ദേഹം അവിടെത്തന്നെ നിന്നു. അപ്പോഴാണ് വൃദ്ധയായ സ്ത്രീ ഒരു യുവാവിനെയും കൊണ്ട് വാവിട്ടുകരഞ്ഞ് ആ വഴി വന്നത്. ജീമൂതവാഹനൻ അവരോട് ദുഃഖത്തിന്റെ കാര്യം അന്വേഷിച്ചു. അവർ ഒരു നാഗസ്ത്രീ ആണെന്നും വ്യവസ്ഥപ്രകാരം ഗരുഡന് ഭക്ഷണമാകാൻ തന്റെ ഏകപുത്രനായ ശംഖചൂഡനെ അവർ കൊണ്ടു പോകുകയാണെന്നു മനസ്സിലായി. നാഗങ്ങളെ രക്ഷിക്കാനുള്ള തന്റെ ഊഴം എത്തി യിരിക്കുകയാണെന്ന് ജീമൂതവാഹനനു മനസ്സിലായി. ആ അവസരം പ്രയോജനപ്പെടുത്തുക തന്നെ. അദ്ദേഹം നാഗസ്ത്രീയെയും പുത്രനെയും ആശ്വസിപ്പിച്ച് പറഞ്ഞയച്ചു. മകനു പകരം താൻതന്നെ വധ്യശിലയിൽ കിടന്നുകൊള്ളാമെന്നും ജീമൂതവാഹനൻ ഏറ്റു.

ഗരുഡന്റെ ചിറകടിശബ്ദം കേട്ട ഉടനെ ജീമൂതവാഹനൻ വധ്യശിലയിൽ ചെന്നുകിടന്നു. ഗരുഡൻ ജീമൂതവാഹനനെ കൊത്തിയെടുത്ത് മലയപർവ്വതത്തിന്റെ മുകളിലേക്കു പറന്നു. ഇതിനിടയിൽ രക്തത്തിൽ കുതിർന്ന് അദ്ദേഹത്തിന്റെ ചൂഡാരത്നം താഴെ വീണു. അത് കിട്ടിയതോ ഭാര്യയായ മലയവതിയുടെ കൈയിലും. രത്നം തന്റെ ഭർത്താവിന്റേ താണെന്ന് അവൾ തിരിച്ചറിഞ്ഞു. വിവരം ജീമൂതകേതു അറിഞ്ഞു. അദ്ദേഹം ഭാര്യയെയും മകളെയും കൂട്ടി മലയപർവ്വതത്തിന്റെ മുകളിലേക്കു കയറിച്ചെന്നു. ഇതിനിടെ ശംഖചൂഡൻ വധ്യശിലയിൽ ചെന്നുനോക്കി. ചുറ്റും ചുടുചോര തളംകെട്ടി നില്ക്കുന്നു. അവൻ വളരെ ദുഃഖിതനായി. എങ്ങനെയും ജീമൂതവാഹനനെ രക്ഷിക്കണമെന്ന് അവൻ ദൃഢ നിശ്ചയം ചെയ്തു. ചോരത്തുള്ളികൾ വീണുകിടക്കുന്ന വഴിയിലൂടെ പർവ്വതത്തിലേക്ക് അവൻ നടന്നു. ജീമൂതവാഹനനെ കൊത്തിയെടുത്ത് ഗരുഡൻ പർവ്വതശിഖരത്തിൽ ചെന്നിരുന്നു. ഗരുഡന്റെ കൊത്തുകളേറ്റ് കൂടുതൽ കൂടുതൽ സന്തോഷിക്കുകയായിരുന്നു ജീമൂതവാഹനൻ. ഇതെന്തൊരു അത്ഭുതം. എത്ര കൊത്തിയിട്ടും അയാൾക്ക് ഒരു ഭാവവ്യത്യാസവുമില്ല. ഗരുഡൻ ചിന്താക്കുഴപ്പത്തിലായി. ഇത് സർപ്പമൊന്നുമല്ല. ഏതോ ഗന്ധർവ്വനാണെന്നു തോന്നുന്നു. തന്നെ കൊത്തിത്തിന്നുവാൻ ജീമൂതവാഹനൻ ഗരുഡനെ നിർബന്ധിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും ശംഖചൂഡനും ജീമൂതകേതുവും ഭാര്യയും മലയവതിയും അവിടെ എത്തിച്ചേർന്നു. ജീമൂതവാഹനന്റെ നിലകണ്ട് എല്ലാവരും ആർത്തലച്ചു കരഞ്ഞു. ശബ്ദം കേട്ട് ഗരുഡനും സ്തംഭിച്ചിരുന്നുപോയി. എന്തു ചെയ്യണമെന്നറിയാതെ ഗരുഡൻ കുഴങ്ങി. കല്പവൃക്ഷം ഭൂമിയിലെ ജനങ്ങൾക്കു ദാനം ചെയ്ത ജീമൂതവാഹനനെയാണ് താൻ തിന്നാൻ ആരംഭിച്ചത് എന്നറിഞ്ഞപ്പോൾ ഗരുഡൻ പശ്ചാത്താവിവശനായി.

ഗരുഡന്റെ കൊത്തേറ്റ് അവശനായ ജീമൂതവാഹനൻ മരിച്ചു. അച്ഛനമ്മമാരും ശംഖചൂഡനും മാറത്തടിച്ച് കരഞ്ഞു. ഭർത്താവ് ഭാവിയിൽ വിദ്യാധരചകവർത്തിയായിത്തീരുമെന്ന വരം മലയവതിക്ക് ദേവി നേരത്തേ നല്കിയിരുന്നു. ദേവിയെ മനസ്സിൽ ധ്യാനിച്ച് തനിക്കു ലഭിച്ച വരം വിഫലമായിപ്പോയല്ലോ എന്നോർത്ത് മലയവതി ആർത്തലച്ചുകരഞ്ഞു. ദുഃഖമയമായ ആ രംഗത്തിന് ശാന്തി പകർന്നു കൊണ്ട് ദേവി പ്രത്യക്ഷപ്പെട്ടു. ജീമൂതവാഹനനെ ദേവി ജീവിപ്പിച്ചു. പൂർവ്വാധികം തേജസ്സോടുകൂടി അദ്ദേഹം എഴുന്നേറ്റു. ഒരു ഉറക്കത്തിൽ നിന്നും എഴുന്നേറ്റതുപോലെ! ദേവി, അദ്ദേഹത്തെ വിദ്യാധരചക്രവർത്തിയായി അഭിഷേകം ചെയ്ത് അപ്രത്യക്ഷയായി. ഇതിലെല്ലാം അതീവ സന്തുഷ്ടനായ ഗരുഡൻ ജീമൂതവാഹനനെ അടുത്തുവിളിച്ച് തന്നിൽ നിന്ന് എന്തെങ്കിലും വരം വാങ്ങിക്കൊള്ളുവാൻ പറഞ്ഞു. ജീമൂതവാഹനന് മറ്റൊന്നും ചോദിക്കാനില്ലായിരുന്നു. എന്തുവരം ചോദിക്കണമെന്നതിനെച്ചൊല്ലി അധികമൊന്നും അദ്ദേഹത്തിന് ആലോചിക്കാനും ഇല്ലായിരുന്നു. വളരെ വിനയാന്വിതനായി ജീമൂതവാഹനൻ ഗരുഡനോടു പറഞ്ഞു: "ഇനിമുതൽ അങ്ങ് നാഗങ്ങളെ തിന്നരുത്. ഇതുവരെ അങ്ങ് തിന്നതിനു ശേഷം കൂട്ടിയിട്ടിരിക്കുന്ന അസ്ഥിശേഷന്മാരായ നാഗങ്ങളെ എല്ലാം ജീവിപ്പിക്കണം. '' ഗരുഡൻ അത് സമ്മതിച്ചു വരം നല്കി. മരിച്ചുപോയ സർപ്പങ്ങളെല്ലാം ജീവിച്ചെഴുന്നേറ്റു. വിവരമറിഞ്ഞ ദേവന്മാരും മഹർഷിമാരും അതീവ സന്തോഷത്തോടെ അവിടെ വന്നുചേർന്നു. സർപ്പസമൂഹത്തെ രക്ഷിച്ച ചാരിതാർത്ഥ്യത്തോടെ ജീമൂത വാഹനൻ വിദ്യാധരചക്രവർത്തിയായി ഹിമാലയത്തിലേക്കു പോയി. ഗരുഡൻ വരം കൊടുത്തെങ്കിലും  നാഗങ്ങളുടെ ഉള്ളിൽ ഭയം ഉണ്ടായിരുന്നു എങ്കിലും അവർ സന്തോഷത്തോടെ ജീവിച്ചുതുടങ്ങി.

No comments:

Post a Comment