ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-03

കമ്പരാമായണം കഥ

അദ്ധ്യായം :-03

പൂർവ്വകാണ്ഡം തുടർച്ച...

അടുത്തത് ബാലി സുഗ്രീവന്മാരെ കുറിച്ച് പറയുന്നു. ശീലാവതിയുടെ ശാപത്താൽ സൂര്യനുദിക്കാത്ത ദിവസം സൂര്യസാരഥിയായ അരുണിനെ അല്പം വിശ്രമം ലഭിച്ചു. ഈ സമയം ഇന്ദ്രസദസ്സിലെ സ്ത്രീകൾക്ക് മാത്രം പ്രവേശനമുളള സ്ത്രീകളുടെ നൃത്തവും സംഗീതവും കേൾക്കാൻ വേണ്ടി സ്ത്രീവേഷധാരിയായി സഭയിലെത്തി.   അതിസുന്ദരിയായ സ്ത്രീരൂപം ധരിച്ച അരുണനെ കണ്ട ഇന്ദ്രൻ മോഹിതനായി.  അങ്ങനെ ശ്രീമതി അരുണി ആദ്യം ഇന്ദ്രപുത്രനായ ബാലിയെ പ്രസവിച്ചു.  വീണ്ടും  സൂര്യസന്നിധിയിലെത്തിയ അരുണൻ സ്ത്രീരൂപം ധരിച്ച് സ്വർഗ്ഗത്തിലെത്തി കലാപ്രകടനങ്ങൾ കണ്ട വിവരം ലഭിച്ച സൂര്യൻ അരുണന്റെ സ്ത്രീരൂപം കാണണമെന്ന് ആവശ്യപ്പെട്ടു.  ആ രൂപസൗന്ദര്യത്തിൽ  ലയിച്ച സൂര്യനിൽനിന്ന് അരുണിയ്ക്ക്  സുഗ്രീവൻ എന്ന ഒരു സന്താനം കൂടി ജനിച്ചു.  പാലാഴിമഥന കാലത്ത് ദൈത്യരെ ഒറ്റയ്ക്ക് നേരിട്ട് പോരാടി തോൽപ്പിച്ച ബാലിക്ക് ദേവന്മാർ പാലാഴിയിൽ നിന്നും വന്ന താരയെ ദാനം ചെയ്തു. അവർക്ക് അംഗദൻ എന്നൊരു പുത്രനും ഉണ്ടായി.  സഹോദരങ്ങളായ ബാലി സുഗ്രീവന്മാർ മായാവി എന്ന ദൈത്യവീരൻ കാരണം ശത്രുക്കളായി തീർന്നു. ദ്വന്ദയുദ്ധത്തിൽ ബാലിയെ തോല്പ്പിക്കാൻ എത്തിയ മായാവി ബാലിയുടെ പ്രഹരമേറ്റ് തോറ്റോടി  ഒരു ഗുഹയിൽ പ്രവേശിച്ചു.  ബാലിയും അസുരനെ പിന്തുടരുന്നു അതേ ഗുഹയിലെത്തി.  സുഗ്രീവനും അനുഗമിച്ചിരുന്നു. ഗുഹയുടെ വാതിൽക്കൽ ചെന്നപ്പോൾ സുഗ്രീവനോട് ബാലി ഇങ്ങനെ പറഞ്ഞു. "ഞാൻ ഈ ഗുഹക്കകത്ത് ചെന്ന് അസുരനെകൊന്ന് തിരിച്ചു വരാം. നീ ധൈര്യമായി ഇവിടെ നിൽക്കുക. അസുരൻ മരിച്ചാൽ ഗുഹാമുഖത്ത് ക്ഷീരം പ്രത്യക്ഷമാകും, ഞാൻ മരിക്കുകയാണെങ്കിൽ രക്തമായിരിക്കും കാണപ്പെടുന്നത്.  ഒടുവിൽ പറഞ്ഞവിധം സംഭവിച്ചാൽ ഗുഹാമുഖം അടച്ച് ഉറപ്പിച്ചു കിഷ്കിന്ധയിൽ ചെന്ന്  നീ സുഖമായി വാഴുക. ഗുഹയിൽ പ്രവേശിച്ച ബാലിയെ ഒരുമാസം കഴിഞ്ഞിട്ടും കണ്ടില്ല. ഗുഹയിൽ നിന്ന് ചോര വരികയും ചെയ്തു. ബാലി മരിച്ചുപോയി എന്ന് കരുതി സുഗ്രീവൻ സങ്കടപ്പെടുകയും ഗുഹാമുഖം പാറ കൊണ്ട് അടച്ച് കിഷ്കിന്ധയിലേയ്ക്ക്  തിരിച്ചുപോവുകയും ചെയ്തു. കപികുലം സുഗ്രീവനെ രാജാവായി വാഴിച്ചു. മായാവി അസുരന്റെ മായ കാരണം തെറ്റിദ്ധരിക്കപ്പെട്ടതായിരുന്നു സുഗ്രീവൻ.  എന്നാൽ സുഗ്രീവൻ ബാലിയെ കൊല്ലാൻ ശ്രമിച്ചു എന്ന് വിചാരിച്ച് ബാലി സുഗ്രീവനെ കൊല്ലാനൊരുങ്ങി. പേടിച്ചോടിയ സുഗ്രീവൻ ഋശ്യമൂകാചലപർവ്വതത്തിൽ അഭയം പ്രാപിച്ചു.  മഹിഷി വേഷപൂണ്ട് യുദ്ധത്തിന് വിളിച്ച ദുന്ദുഭി എന്ന അസുരനെ കൊന്ന് അടർത്തിയെടുത്ത തല ബാലി ചുഴറ്റിയെറിഞ്ഞു. ആ പോത്തിന്റെ തല ഋശ്യമൂകചലത്തിൽ ചെന്നു വീണു. അവിടെ മതംഗൻ എന്ന ഒരു മഹർഷി തപസ്സ് ചെയ്യുന്നുണ്ടായിരുന്നു. ആശ്രമം അശുദ്ധിവരുത്തിയതിനാൽ " ഇതു ചെയ്ത ധിക്കാരി ഈ ഗിരിയിൽ തൊട്ടാൽ തല പൊട്ടിത്തെറിച്ചുപ്പോകട്ടെ" എന്നു ശപിച്ചു.   അതിനാൽ ഋശ്യമൂകാചലം ബാലികേറാമല ആവുകയായിരുന്നു.  ഹനുമാൻ ഉൾപ്പെടുന്ന നാലു മന്ത്രിമാരുമായി സുഗ്രീവൻ അവിടെ അഭയം തേടി. ദിവസം തോറും നാല് സമുദ്രങ്ങളിലും സന്ധ്യാവന്ദനം കഴിക്കുന്ന ഒരു പതിവ് ബാലിക്ക് ഉണ്ടായിരുന്നു.  ഒരോ സമുദ്രത്തിലേക്കും ചാടുമ്പോൾ സുഗ്രീവന്റെ തലയിൽ ചവിട്ടിയാണ് ബാലി ചാടുന്നത്. ഇത് പതിവായിത്തീർന്നു. ദേഹോപദ്രവം കണ്ടുകണ്ട് അസഹ്യത വർദ്ധിച്ച ഹനുമാൻ  സുഗ്രീവനെ ഈ വിഷമത്തിൽ നിന്നും രക്ഷിക്കുന്നതിന് ഒരു നിവർത്തി കാണാതെ കഴിഞ്ഞു കൂടുകയായിരുന്നു.  ഒരിക്കൽ  സുഗ്രീവശിരസ്സിൽ ചവിട്ടി ചാടാൻ തുടങ്ങിയ ബാലിയെ, ഹനുമാൻ ചാടിയെഴുന്നേറ്റ് ബാലിയുടെ അരക്കെട്ടിൽ പെട്ടെന്ന് പിടികൂടി.  വല്ല വിധത്തിലും ബാലിയെ പിടിച്ചുവലിച്ച് പർവ്വതത്തിൽ ഇട്ടാൽ  തല പൊട്ടിത്തെറിച്ച് ആ നീചൻ മരിക്കും എന്ന ഹനുമാനും,  ഹനുമാനെയും കൊണ്ട് കിഷ്കിന്ധയിലേക്ക് കടന്നാൽ സുഗ്രീവനെ നശിപ്പിക്കാൻ എളുപ്പമുണ്ടാകുമെന്നും ബാലിയും ഒരേസമയത്ത് വിചാരിച്ചു. പക്ഷേ തുല്യബലം നിമിത്തം അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്ന നിലയിലായി. രണ്ടുപേരും തളർന്നു വിവശരായി. ആകാശത്തു വെച്ച് അവർ രണ്ടുപേരും പരസ്പരം സത്യം ചെയ്തു . ഇനി സുഗ്രീവനെ ദ്രോഹിക്കില്ല എന്ന് ബാലിയും, ബാലിയെ ദ്രോഹിക്കില്ല എന്ന് ഹനുമാനും സത്യം ചെയ്തു.

തുടരും....

No comments:

Post a Comment