ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 May 2017

എന്താണ് ''ശ്രീ" ?

എന്താണ് ''ശ്രീ" ?

ഒരു ബഹുമാന സൂചകമായി പേരിനോടൊപ്പം പലപ്പോഴും  ''ശ്രീ" എന്ന്‍ ചേര്‍ക്കാറുണ്ട് .... ഹൈന്ദവ ആചാര പ്രകാരം 'ശ്രീ' എന്ന്‍ ചേര്‍ക്കുന്നതിന്റെ പൊരുള്‍ എന്താണ് എന്ന്‍ പരിശോധിക്കാം...  

ശ്രീ എന്നത് ഭാഗ്യ ദായകമാണെന്ന് പറയപ്പെടുന്നു.   ''ശ ,ര ,ഈ "  ഇവ മൂന്നും ചേര്‍ന്നാണ് ശ്രീ എന്നതു രൂപം കൊള്ളുന്നത്‌. ഇവയഥാക്രമം ആത്മാവ്, പ്രകൃതി, ജീവന്‍ എന്നിവയെ അര്‍ത്ഥമാക്കുന്നു. ശ്രീ എന്ന വാക്ക് ആദി ശക്തിയാണെന്ന് ഗണിക്കുന്നു.  ലോകം തന്നെ ജന്മം കൊണ്ടത്‌ ഈ ശക്തിയില്‍ നിന്നും  ആണെന്ന് ഗണിക്കപ്പെടുന്നു. സകല ചാരാ ചരങ്ങളുംസകല ലോകങ്ങളും രൂപം കൊണ്ടത്‌ ഇതില്‍ നിന്നാണെന്നും ഒരു വാദം!

തന്മൂലം ഇതിന്റെ അംശം ഉണ്ടെങ്കില്‍ അത്  ഐശ്വര്യദായകമാണെന് കരുത പ്പെടുന്നു. മാത്രമല്ല ഏതൊരു നാമരൂപതിനും പൂര്‍ണ്ണത വരണമെങ്കില്‍ അതിനു സ്ത്രീ ശക്തിയായ മഹാമായ അഥവാ ദേവി സങ്കല്പം കൂടിയേ തീരൂ. അത് പൂര്‍ത്തീകരിക്കാനാണ്  ശ്രീ എന്ന പദം ഏതൊരു  നാമത്തിന്റെ മുന്നിലും ചേര്‍ക്കുന്നത്! അപ്പോഴേ ഈശ്വരനായാലും  രാജാവായാലും പൂര്‍ണ്ണത കൈവരികയുള്ളൂ!  അതായത് ശ്രീ എന്നതു  ദേവി രൂപം അല്ലെങ്കില്‍ സ്ത്രീ ലിംഗമായ മൂലപ്രകൃതിയുടെ പ്രതി രൂപമാണ്! അപ്പോഴേ എന്തിനും പൂര്‍ണ്ണത വരികയുള്ളൂ. അത് ഐശ്വര്യ ദായകവുമാണ്  !

ഈശ്വരന്‍ ആണെങ്കില്‍  പോലും ശ്രീ എന്ന്‍ ചേര്‍ത്ത് വിളിക്കുന്നത് ഐശ്വര്യ ദായകമാണത്രെ !  ഉദാഹരണം ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ അങ്ങനെ.. അപ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ശക്തി വരണമെങ്കില്‍ അല്ലെങ്കില്‍ ഐശ്വര്യം വരണമെങ്കില്‍ ശ്രീ എന്ന്‍ മുന്‍പില്‍ ചേര്‍ക്കണം! ഐശ്വര്യമില്ലാത്ത  ദൈവത്തിനെ ആരും പ്രാര്‍ത്ഥിക്കേണ്ട കാര്യമില്ലല്ലോ!! ഇവിടെ പ്രകൃതിയുടെ മറ്റൊരു നിയമമാണ് പാലിക്കപ്പെടുന്നത്.. സ്ത്രീയും പുരുഷനും ചേരാതെ പൂര്‍ണ്ണതയില്ല എന്ന പ്രകൃതി സങ്കല്പം!

ഒരു വ്യക്തിയെ  പൂര്‍ണ്ണമാക്കുന്നത് പ്രധാനമായും അഞ്ചു കാര്യങ്ങളാണ്. നാമം, രൂപം, സ്ഥാനം, ഗുണം, സ്വഭാവം. എന്നിങ്ങനെ അഞ്ചു കാര്യങ്ങള്‍. അതില്‍ നാമം പ്രധാനമത്രേ. ഞാന്‍ എന്ന്‍ വേര്‍തിരിച്ചു  അല്ലെങ്കില്‍ ഇന്നയാള്‍ എന്ന് വേര്‍തിരിച്ചു പറഞ്ഞത് കൊണ്ട് പൂര്‍ത്തീകരണം വരുന്നില്ല. അത് പ്രകൃതി നിയമമാണ്. നാമ രൂപാദികള്‍ ആത്മാവിന്റെ  അല്ല പ്രകൃതിയുടെതാണ്. അത് കൊണ്ട് ഒറ്റയായി നില്‍ക്കുന്ന നാമരൂപത്തെ പ്രകൃതീ സ്വരൂപമാക്കാനാണ് ശ്രീ എന്ന്‍ ചേര്‍ക്കുന്നത്.

എന്തിനും ഏതിനും സ്ത്രീ നാമധേയം ആദ്യം വരികയാണ് വേണ്ടത്. അതായതു പ്രഥമ സ്ഥാനം സ്ത്രീ ശക്തിക്കാണ്. അല്ലെങ്കില്‍ പരമമായ ദേവീ ശക്തിക്കാണ്!. അതില്ലെങ്കില്‍ പൂര്‍ണ്ണതയില്ല. മാതാപിതാക്കള്‍, രാധാ മാധവന്‍, ഗൌരീ ശങ്കരന്‍  സീതാരാമന്‍. അങ്ങനെ ഉദാഹരണങ്ങള്‍! പ്രഥമ സ്ഥാനം ദേവീ ശക്തിയെ കാണിക്കുന്നു. പുരുഷ നാമധേയ തോടൊപ്പം ദേവീ ശക്തി അല്ലെങ്കില്‍ സ്ത്രീ ശക്തി കൂടി ചേര്‍ന്നാലേ അത് പൂര്‍ണ്ണമാകൂ. അത് പ്രകൃതി നിയമമാണ്..!

ഹിന്ദു മതത്തിലെ ദൈവ സങ്കല്‍പ്പത്തോട് വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു  ശ്രീ എന്ന നാമ രൂപം!  

ദശപുഷ്പം

ദശപുഷ്പം

കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപ പരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള‌ വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്‌. കർക്കിടകത്തിൽ ശീവോതിക്ക്‌ - വെക്കുന്നതിലും ദശപുഷ്പങ്ങൾ പ്രധാന ഇനമാണു്‌.

ഹൈന്ദവ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരനാളിൽ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവിൽ കുളിക്കുന്നതിനു മുൻപ്‌ ദശപുഷ്പം ചൂടുന്നു. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിര വ്രതകാലത്ത്‌ ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നതു്. കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തര ക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു്‌ ഉപയോഗിക്കുന്നു. സുഖചികിത്സയുടെ കാലമായ കർക്കിടകമാസത്തിൽ ദശപുഷ്പങ്ങളാണു പ്രധാനമായും ചികിത്സയ്ക്കുപയോഗിക്കുന്നത്‌.

1. കറുക

ശാസ്ത്രീയ നാമം: സൈനോഡോൺ ഡാക്‌ടൈളോൺ 

ദേവത: ആദിത്യൻ, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ്‌ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു)

ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക, നിലം പറ്റി വളരുന്ന പുൽച്ചെടിയാണ്‌. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്‌. മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓർമ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു. തണ്ടിന്റെ നിറത്തിനനുസരിച്ച്‌ നീലക്കറുകയും വെള്ളക്കറുകയും ഉണ്ട്‌. അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം.

സംസ്കൃതത്തിൽ ശതപർവിക, ദുവ, ഭാർഗവി എന്നൊക്കെ അറിയപ്പെടുന്നു.

2. വിഷ്ണുക്രാന്തി

ശാസ്ത്രീയ നാമം: ഇവോൾവുലസ്‌ അൾസിനോയിഡ്‌സ്‌

ദേവത: ശ്രീകൃഷ്ണൻ, ഫലപ്രാപ്തി: വൈഷ്ണേവ പാദലബ്ധി. (ചന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു.)

ജ്വര ചികിത്സയ്ക്ക്‌ ഈ സസ്യം ഉപയോഗിക്കുന്നു. പനിയുള്ളപ്പോൾ ഇടിച്ചു പിഴിഞ്ഞ നീര്‌ രണ്ടോ, മൂന്നോ ടീസ്പൂൺ കൊടുത്താൽ ആശ്വാസം കിട്ടും. ബുദ്ധിമാന്ദ്യം, ഓർമ്മക്കുറവ്‌ എന്നിവയ്ക്ക്‌ സിദ്ധൌഷധം. രക്തശുദ്ധിക്കും, തലമുടി വർദ്ധിപ്പിക്കുന്നതിനും പറ്റിയ ഔഷധമാണിത്‌. നിലത്ത്‌ പടരുന്ന ഈ ചെടിയുടെ പൂക്കൾക്ക്‌ നീല നിറമാണ്‌ . ബുദ്ധിശക്തി വർദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതാണ്‌ .

സംസ്കൃതത്തിൽ നീല പുഷ്‌പം , ഹരികോന്തിജ എന്നു പേര്‌. കൃഷ്ണക്രാന്തി എന്നും പേരുണ്ട്‌

3. തിരുതാളി

ശാസ്‌ത്രീയ നാമം: ഇപോമോയിയ സെപിയാറിയ

ശ്രീഭഗവതി ദേവത - ഐശ്വര്യം ഫലപ്രാപ്‌തി ശിവൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

സ്ക്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗർഭപാത്ര സംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. ഈ വള്ളിച്ചെടിയിൽ പിങ്ക്‌ നിറത്തിലുള്ള പൂക്കളാണുള്ളത്‌. വന്ധ്യത , പിത്ത രോഗങ്ങൾ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം.

സംസ്കൃതത്തിൽ ലക്ഷ്‌മണ എന്ന്‌ പേര്‌.

4. നിലപ്പന

ശാസ്‌ത്രീയ നാമം :കർക്കുലിഗൊ ഓർക്കിയോയിഡെസ്‌

ഭൂമിദേവി ദേവത - വിവേകം ഫലപ്രാപ്‌തി - ശ്രീദേവി ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

ആയുർവേദം ഇത്‌ വാജീകരണത്തിന്‌ ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന്‌ മരുന്നായും ഇത്‌ ഉപയോഗിക്കുന്നു.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. .

താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയിൽ മുസ്‌ലി എന്ന്‌ പേർ. . നെൽപാത എന്നും പേരുണ്ട്‌ 

5. പൂവാംകുരുന്നില

ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ

ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ് ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേൾ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.

പൂവാംകുറുന്തൽ എന്നും പേരുണ്ട്‌.

6. ഉഴിഞ്ഞ

ശാസ്‌ത്ര നാമം:കാർഡിയോസ്‌ പെർമം ഹലികാകാബം'

യമൻ ദേവത - ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

മുടി കൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌. സുഖപ്രസവത്തിന്‌ ഉത്തമം. മുടി കൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌.

സംസ്കൃതത്തിൽ ഇന്ദ്ര വല്ലിയെന്ന്‌ പേര്‌. .

7. മുക്കുറ്റി

ശാസ്‌ത്രീയ നാമം: ബയോഫിറ്റം സെൻസിറ്റിവം.

ശ്രീപാർവതി ദേവത - ഭർതൃപുത്രസൗഖ്യം ഫലപ്രാപ്‌തി വിഷ്ണുആണ് ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

ശരീരത്തിനകത്തെ രക്തസ്രാവം, അർശസ്‌ മതുലായവയ്ക്ക്‌ അത്യുത്തമം. പ്രസവം കഴിഞ്ഞാൽ മുക്കുറ്റി ഇടിച്ചു പിഴിഞ്ഞ നീര്‌ കഴിക്കുന്നത്‌ നല്ലതാണ്‌. മുറിവുകൾ ഉണങ്ങുന്നതിന്‌ പുറത്ത്‌ ലേപനമായി ഉപയോഗിക്കാം. അകത്തു കഴിക്കുകയും ചെയ്യാം. സമൂലം തേനിൽ ചേർത്തു കഴിച്ചാൽ ചുമ, കഫക്കെട്ട്‌ മുതലായവ ശമിക്കും. വയറളിക്കം, വ്രണങ്ങൾ കരിയുന്നതിന്‌ എന്നിവയ്ക്ക്‌ ഉപയോഗിക്കുന്നു.

സംസ്കൃതത്തിൽ ജലപുഷ്‌പം .

8. കയ്യൂണ്യം

ശാസ്‌ത്രീയ നാമം:എക്ലിപ്റ്റ ആൽബ

ശിവൻ ദേവത - പഞ്ചപാതകനാശം ഫലപ്രാപ്‌തി ഇന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

ഈർപ്പമുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപകരിക്കും. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം. മുടി തഴച്ചുവളരാൻ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. . സംസ്കൃതത്തിൽ കേശ രാജ, കുന്തള വർദ്ധിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു കൈതോന്നി

9. ചെറൂള

ശാസ്‌ത്രീയ നാമം: എർവ ലനേറ്റ

യമധർമ്മൻ ദേവത - ആയുസ്സ്‌ ഫലപ്രാപ്‌തി

ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു.

സംസ്കൃതത്തിൽ ഭദ്ര , ഭദൃക

10. മുയൽച്ചെവിയൻ

ശാസ്‌ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ

കാമൻ ദേവത - സൗന്ദര്യം ഫലപ്രാപ്‌തി

പരമശിവൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

മുയലിന്റെ ചെവിയോട്‌ സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ്‌ ഈ പേര്‌ വീണത്‌. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌.

സംസ്കൃതത്തിൽചിത്രപചിത്ര, സംഭാരി എന്നാണ്‌ പേര്‌.

നാഗ നാമങ്ങള്‍

നാഗ നാമങ്ങള്‍

ശേഷന്‍
വാസുകി
ഐരാവതന്‍
തക്ഷകന്‍
കാര്‍കോടകന്‍
ധനഞ്ജയന്‍
കാളിയന്‍
മണിനാഗന്‍
പുരണനാഗന്‍
കപിന്ജരന്‍
എലാപുത്രന്‍
സവാമന്‍
നീലന്‍
അനിലന്‍
കന്മാഷന്‍
ശബളന്‍
ആര്യകന്‍
ഉഗ്രകന്‍
കലശപോതകന്‍
സുമനസ്സ്
ദധിമുഖന്‍
വിമലന്‍
പിണ്ഡകന്‍
ആപ്തന്‍
ശംഖന്‍
വാലി
ശിഖന്‍
നിഷ്ടാനകന്‍
ഹേമഗുഹന്‍
നഹുഷന്‍
പിംഗളന്‍
ബാഹ്യ കര്‍ണന്‍
ഹസ്തിപദന്‍
മുല്‍ഗരന്‍
കുംബലന്‍
അശ്വതരന്‍
കാളികകന്‍
വൃത്തന്‍
സംവൃത്തന്‍
പത്തന്‍
ശംഖമുഖന്‍
കൂശമാണ്ഡകന്‍
ക്ഷേമകന്‍
പിണ്ഡരകന്‍
കരവീരന്‍
പുഷ്പദ്രുംഷ്ടന്‍
വില്യകന്‍
ബില്യപാണ്ടുരന്‍
മൃഷ്ക്കാരന്‍
ശംഖന്‍
ശിരാപൂര്ണന്‍
ഹരിദ്രകന്‍
അപരാജിതന്‍
ജ്യോതിഗന്‍
പന്നഗന്‍
ശ്രീവഹന്‍
കൌരവ്യന്‍
ദൃതരാഷ്ട്രന്‍
ശംഖപീണ്ഡന്‍
സുബാഹു
വീരജസ്
ശാലിപീണ്ഡന്‍
ഹസ്തിപീണ്ഡന്‍
പീടരകന്‍
സുമുഖന്‍
കൌണപാശനന്‍
കുടരന്‍
കുജ്ഞരന്‍
പ്രഭാകരന്‍
കുമദന്‍
കുമദാക്ഷന്‍
തിത്തിരി
ഹലികന്‍
കുര്‍ദ്ദമന്‍
ബഹുമൂലകന്‍
കര്‍കരന്‍
അര്‍ക്കരന്‍
കുന്ട്രെമ്ധരന്‍
മഹോദരന്‍
അജ്ഞ്നന്‍
അതിഷണ്ഡാന്‍
അനീലന്‍
അമാഹ്ടന്‍
അവ്യയന്‍
അശ്വസേനന്‍
ആതകന്‍
ആപൂരണന്‍
ഉഗ്രകന്‍
ഉഗ്രതെജസ്
ഉച്ചികന്‍
ഉപനന്ദന്‍
റുദ്ധിമാന്‍
രുഷഭന്‍
എരകന്‍
കക്ഷകന്‍
കലശന്‍
കാമടന്‍
കാലദന്തന്‍
കാല പുഷ്ടന്‍
കുലികന്‍.

ശിവപഞ്ചാക്ഷരകീർത്തനം

ശിവപഞ്ചാക്ഷരകീർത്തനം

(ന)     നരനായിങ്ങനെ  ജനിച്ചു  ഭൂമിയിൽ
            നരകവാരിധി  നടുവിൽ  ഞാൻ
            നരകത്തിൽനിന്നു  കരകേറ്റീടേണം
            തിരുവൈക്കം  വാഴും  ശിവശംഭോ

(മ)       മരണകാലത്തെ  ഭയത്തെ  ചിന്തിച്ചാൽ
            മതിമറന്നുപോം  മനമെല്ലാം
            മനതാരിൽ  വന്നു  വിളയാടീടണം
            തിരുവൈക്കം  വാഴും  ശിവശംഭോ

(ശി )   ശിവശിവ!  ഒന്നും  പറയാവതല്ലേ
            മഹാമായ  തന്റെ  പ്രകൃതികൾ
            മഹാമായ  നീക്കീട്ടരുളേണം  നാഥ!
            തിരുവൈക്കം  വാഴും  ശിവശംഭോ!

(വാ)   വലിയൊരു  കാട്ടിലകപ്പെട്ടു  ഞാനും
           വഴിയും  കാണാതെയുഴലുന്നു
           വഴിയേ  നേർവഴിയരുളേണം  നാഥ!
           തിരുവൈക്കം   വാഴും  ശിവശംഭോ!

(യ)     യളുപ്പമായുള്ള  വഴിയെക്കാണുമ്പോൾ
           ഇടയ്ക്കിടെയാറു  പടിയുണ്ട്
           പടിയാറും  കടന്നവിടെച്ചെല്ലുമ്പോൾ
           ശിവനെക്കാണാകും  ശിവശംഭോ

സര്‍വ്വപാപ നിവാരണ ശിവമന്ത്രം

സര്‍വ്വപാപ നിവാരണ ശിവമന്ത്രം (ത്രികാല ഭജനത്തിന്):

പാപം ചെയ്യാത്തവരായി ആരുമുണ്ടാകില്ല. അവ അറിഞ്ഞോ അറിയാതെയോ ആകാം. ഇവരില്‍ മിക്കവരും പിന്നെ പശ്ചാത്തപിക്കുകയും ചെയ്തേക്കാം. പശ്ചാത്താപം ഏറ്റവും വലിയ പാപപരിഹാരമാകുന്നു. സര്‍വ്വപാപശമനത്തിനായി മൂന്ന്‍ നേരങ്ങളിലും ജപിക്കാവുന്ന ശിവമന്ത്രം എഴുതുന്നു. പാപം ചെയ്യുന്നവര്‍ക്കുള്ള പരിഹാരമായല്ല ഇതെഴുതുന്നത്. മറിച്ച്, അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന പാപപരിഹാരമായാണ് ഇതിവിടെ എഴുതുന്നത്.
ഈ സര്‍വ്വപാപനിവാരണമന്ത്രം പൂജാമുറിയില്‍ നെയ്‌വിളക്ക് കൊളുത്തിവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കണം. ജപവേളയില്‍ കറുത്ത വസ്ത്രം ധരിക്കുന്നത് അത്യുത്തമം ആകുന്നു.

പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം 108 ഉരു ജപിക്കണം.

പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം:

" ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ"

മദ്ധ്യാഹ്നത്തില്‍ ജപിക്കുന്ന മന്ത്രം (ഇത് 108 ഉരു ജപിക്കണം):

"ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ:ശിവായ"

സന്ധ്യാനേരത്ത് ജപിക്കുന്ന മന്ത്രം (ഇത് 312 ഉരു ജപിക്കണം):

"ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:"

തിങ്കളാഴ്ച, പ്രദോഷദിവസം, ശിവരാത്രി ദിവസം, തിരുവാതിര ദിവസം എന്നിവയിലൊന്നില്‍ ഈ മന്ത്രം ജപിക്കുന്നത് അതീവ ഫലപ്രദമായി ഭവിക്കുന്നതാണ്. ജ്യോതിഷചിന്തയില്‍ പാപപരിഹാരം ആവശ്യമായി വരുന്നവര്‍ക്കും ഇത് ഭക്തിയോടെ അത്യുത്തമം ആയ ഒരു ദിവസം ജപിക്കാവുന്നതുമാകുന്നു.

മഹാദേവന്‍ ത്രിപുരാന്തകന്‍

മഹാദേവന്‍ ത്രിപുരാന്തകന്‍

ദേവന്മാര്‍ കരുതുന്നതുപോലെ താന്‍ ത്രിപുരന്മാരെ വധിയ്‌ക്കുന്നതില്‍ അതിശക്തനൊന്നുമല്ല എന്നുപറഞ്ഞ്‌ മൗനമവലംബിച്ച മഹാദേവന്റെ ആ മൗനം ദേവന്മാരുടെ ദുഃഖകയങ്ങളായി മാറി. എന്നാല്‍ വിഷ്‌ണു ദേവന്മാരെ ആശ്വസിപ്പിച്ചു. മഹാദേവന്റെ ഈ മൗനത്തില്‍ നിങ്ങള്‍ കുണ്‌ഠിതപ്പെടേണ്ട. മഹാന്മാരെ നമ്മുടെ അപേക്ഷ സാധിയ്‌ക്കത്തക്കതരത്തില്‍ കൊണ്ടുവരുക അത്ര എളുപ്പമല്ല. അതിന്റെ പിന്നില്‍ കഷ്ടപ്പാടിന്റെ ഒരു ചരിത്രമുണ്ടാകും. അതുകൊണ്ട്‌ നാം അനവരതം മഹാദേവനോട്‌ അഭ്യര്‍ത്ഥിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നു.

ഓം നമ:ശിവായ
ശുഭം കുരു ശിവായ നമ: ഓം,
ഓം നമ:ശിവായ ശുഭം
ശുഭം കുരു കുരു ശിവായ നമ: ഓം.

ഈ മന്ത്രം ദേവന്മാരായ നിങ്ങള്‍ കോടി കോടി തവണ ഉരുവിടുക. തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹിയ്‌ക്കുന്ന കാര്യം നടക്കും. ദേവന്മാര്‍ അപ്രകാരം ചെയ്‌തു. കോടി കോടി തവണ ശിവമന്ത്രം ഉച്ചരിയ്‌ക്കപ്പെട്ടു. പ്രസന്നനായ മഹാദേവന്‍ അവിടെ പ്രത്യക്ഷപ്പെടുക തന്നെ ചെയ്‌തു. ശിവനില്‍ നിന്നുള്ള വരമായി ത്രിപുരാസുര സംഹാരം ദേവന്മാര്‍ ആവശ്യപ്പെട്ടു. ഉടന്‍ മഹാദേവന്‍ ഇപ്രകാരം പറഞ്ഞു-ത്രിപുരന്മാര്‍ മരിച്ചുകഴിഞ്ഞു എന്നു തന്നെ മനസ്സിലാക്കി കൊള്ളുവിന്‍. ദിവ്യരഥവും സാരഥിമാരും ധനുസ്സും ബാണവുമെല്ലാം തയ്യാറാക്കിക്കൊള്ളുവിന്‍ യുദ്ധ സന്നാഹങ്ങളെല്ലാം ഞൊടിയിടയില്‍ ഒരുക്കപ്പെട്ടു.

സര്‍വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്‌. അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ്‌ തന്നെ ഇരുന്നു. വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്‍ന്ന്‌ രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പശുത്വം കല്‍പ്പിച്ചുകൊണ്ട്‌ ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക്‌ അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്‌. പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ ഖിന്നന്മാരായി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.

നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട്‌ പന്ത്രണ്ടു വര്‍ഷമോ ആറുവര്‍ഷമോ മൂന്നുവര്‍ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും. അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്റെ ശീര്‍ഷസ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല. മഹാദേവന്റെ വിരലിന്റെ തുമ്പത്ത്‌ ഇരുന്നുകൊണ്ട്‌ ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട്‌ ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല. ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല. മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത്‌ ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്‍ന്ന്‌ മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി. പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട്‌ വിലപിച്ചുകൊണ്ട്‌ പറഞ്ഞു-അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്‌. മഹാദേവന്റെ ആജ്ഞയനുസരിച്ച്‌ അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്‍പ്പാന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി. മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല. നിന്ദിത കര്‍മ്മത്തിലേര്‍പ്പെട്ടിരുന്ന മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു. നിന്ദനീയങ്ങളായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാതിരിയ്‌ക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ. ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു.

ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു. സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്‍വ്വതീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെ ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി. ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുര ഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച്‌ രൗദ്രഭാവത്തെ മാനിച്ച്‌ രൗദ്രഭാവത്തെ അന്തര്‍മുഖമാക്കി.

ശിവകൃപകൊണ്ട്‌ പാശുപതാഗ്നിയില്‍ ദഹിയ്‌ക്കാതിരുന്ന മയന്‍ ശിവചരണങ്ങളില്‍ അഭയം പ്രാപിച്ചു. ഇഷ്ടവരം ആവശ്യപ്പെട്ടു കൊള്ളുവാന്‍ പറഞ്ഞ മഹാദേവനോട്‌ മയന്‍ അറിയിച്ചു-ശിവഭക്തി തന്നെ വരമായി മയന്‍ സ്വീകരിച്ചു. സന്തുഷ്ടനായ ശിവഭഗവാന സ്വര്‍ഗ്ഗത്തെക്കാള്‍ രമണീയമായ വിദുര ലോകത്തേയ്‌ക്ക്‌ മയനെ അയച്ചു. ജന്മം കൊണ്ട്‌ അസുരനാണെങ്കിലും ഒരിയ്‌ക്കലും നിന്നില്‍ ആസുരഭാവം പ്രകടമാവുകയില്ല എന്ന്‌ ആശിര്‍വദിയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ മഹാദേവന്‍ അന്തര്‍ധാനം ചെയ്‌തു. ഭഗവാന്‍ അപ്രത്യക്ഷനായതിനോടൊപ്പം അദ്ദേഹത്തിന്റെ ധനുസ്സും ബാണവും രഥവുമെല്ലാം അപ്രത്യക്ഷമായി.

തമോഗുണമായ ആസുരഭാവത്തിന്മേലുള്ള സത്വഗുണത്തിന്റെ വിജയമാണ്‌ നാം ഇവിടെ കണ്ടത്‌. ഒരുവന്‍ ജനിച്ചത്‌ അസുര കുലത്തിലാണെന്നതുകൊണ്ട്‌ അയാളില്‍ ആസുരഭാവം (തമോഗുണം) വന്നുകൊള്ളണമെന്നില്ല. ഗുണങ്ങളെല്ലാം ഏറെക്കുറെ വ്യക്തിഗതങ്ങളാണ്‌. സമൂഹാധിഷ്‌ഠിതമല്ല. അതുകൊണ്ട്‌ ചിലപ്പോള്‍ സുരന്മാരില്‍ അസുരന്മാരെയും അസുരന്മാരില്‍ സുരന്മാരെയും കാണാം. അസുരനായ മയനെ പാശുപതം ഹനിയ്‌ക്കാത്തത്‌ അയാളില്‍ സാത്വികഗുണത്തിന്റെ കവചം ഉണ്ടായിരുന്നതു കൊണ്ടാണ്‌. ഇദ്ദേഹത്തില്‍ ഒരുവന്‌ അസുരനിലെ സുരഭാവം കാണാം.