ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 39

കമ്പരാമായണം കഥ

അദ്ധ്യായം :- 39

യുദ്ധകാണ്ഡം തുടർച്ച....

സുഗ്രീവന്റെ പാദാഘാതങ്ങൾ കൊണ്ട്   ലജ്ജാഭാരത്തോടെ കുനിഞ്ഞ ശിരസ്സുമായി  രാവണൻ കൊട്ടാരത്തിൽ എത്തിയപ്പോൾ ആദയമായിക്കണ്ടത്  മാതാമഹൻ മാല്യവാനെയാണ്. ആ വൃദ്ധൻ ക്ഷണിക്കപ്പെട്ടില്ലെങ്കിലും സ്വമനസ്സാലെ പൗത്രന് കൃത്യോപദേശങ്ങൾ നൽകുവാൻ വന്നു ചേർന്നതാണ്.

രാവണൻ മാതാമഹനോട്  ഇപ്പോഴെങ്കിലും അങ്ങ് യോഗക്ഷേമത്തിന് ആരംഭിച്ചല്ലോ എന്നായി.

മാല്യവാൻ പറഞ്ഞു ഞാൻ നിന്നെ അന്വേഷിച്ചാൽ കാണാറുമില്ല കണ്ടാൽ മിണ്ടാറില്ല.  വേണ്ടതെല്ലാം ഇല്ലാതായി വേണ്ടാത്തതെല്ലാം ഉണ്ടായി.  രണ്ടുകൊണ്ടും വേണ്ടപ്പെട്ടവർ തെണ്ടാറായി.

എന്തെല്ലാമോ സൂചനകൾ വെച്ചാണല്ലോ സംസാരിക്കുന്നത്.  കാര്യമെന്തെന്ന് പറയൂ എന്ന് പറഞ്ഞ രാവണനോട് മാല്യവാൻ പറഞ്ഞു,  നിന്നോട് എന്തെങ്കിലും പറഞ്ഞിട്ട് പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല . കുംഭകർണ്ണൻ കാര്യം പ്രസക്തമായ സാരോപദേശം  നല്കി. വിഭീഷണൻ നീതി യുക്തമാ കഥാപ്രസംഗവും നിഷ്പ്രയോജനമായി   അറിയാമല്ലോ. ചെയ്യാനുള്ളത് നീ ചെയ്യുകയില്ല. എങ്കിലും ഞാൻ എൻറെ കടമ പറയുന്നു.  സീതയെ തിരികെ രാമനു കൊടുക്കുക.

അതുകേട്ട് കോപിച്ച് രാവണൻ പറഞ്ഞു ഒളിച്ചു കിടന്നവരെ വിളിച്ചുണർത്തി കൊണ്ട് വന്ന്  മാനിച്ചാൽ  ഇവ്വിധം ഇരിക്കും.  മാതാമഹൻ പോയി സുഭിക്ഷമായി ഭക്ഷിച്ച്  സുലഭമായി വിശ്രമിച്ച് സുഭഖമായാനന്ദിച്ചിരുന്നുകൊൾക.   സമയം പ്രതികൂലം ആണെന്ന് മനസ്സിലാക്കിയ മാല്യവാൻ ഇത്രമാത്രം  പറഞ്ഞു" വിനാശകാലേ വിപരീത ബുദ്ധി"  ശേഷം സ്വവാസസ്ഥാനത്ത് ചെന്ന് രാവണന് ഒരു സന്ദേശം  എഴുതി ദൂതൻ  മുഖാന്തരം   കൊടുത്തയച്ചു.

ശാസ്ത്രങ്ങൾ ആറും കലകൾ 64 ഉം വേദങ്ങൾ നാലും വായിച്ചും കേട്ടും പഠിച്ചും ഗ്രഹിച്ചും  നിന്നെ ഒന്നോർമിപ്പിച്ചു കൊള്ളട്ടെ.  പ്രധാനപ്പെട്ട നാലു വേദവാക്യങ്ങളുടെ അവയുടെ അർത്ഥവും ഏകലക്ഷ്യമായ സാരസത്തയാണ് ശ്രീനാരായണമൂർത്തി." സീതാദേവിയെ രാമദേവസന്നിധിയിൽ സമർപ്പിക്കുക"  രാവണൻ ആ സന്ദേശം പത്രം ചീന്തിക്കീറി തുണ്ടുതുണ്ടാക്കി കാറ്റിൽ പറത്തി.

ശ്രീരാമൻ ലക്ഷ്മണ വിഭീഷണസുഗ്രീവന്മാരോടും മറ്റു ചില കപിപ്രവരന്മാരോടും  കൂടി  സുവേലാചലത്തിന്റെ  ഉപരിതലത്തിൽക്കയറിയിരുന്ന് ലങ്കയെ സൂക്ഷ്മമായൊന്നു  വീക്ഷിച്ചു.

ശ്രീരാമൻ പറഞ്ഞു ലങ്കാ ഭാവനയ്ക്കു പോലും അതീതമായിട്ടാണ് പ്രശോഭിക്കുന്നത്.  വേറൊരിടത്തും ഇതുപോലൊരു നഗരി ഉണ്ടായിരിക്കുകയില്ല ലങ്ക പോലെ.  സകലസമ്പത്സമൃദ്ധവും സൗന്ദര്യസമ്പൂർണവും മനോമോഹനവുമായ  ഒരു രാജ്യവും നഗരിയും ഏതു ലോകത്തിലാണുള്ളത് ? രാവണന്റെ പ്രഭുത്വത്തെയും  മയന്റെ  പ്രഭാവത്തെയും നിസ്സംശയം പ്രശംസിക്കുക തന്നെ വേണം

ശേഷം ലക്ഷ്മണനോട് ശ്രീരാമൻ പറഞ്ഞു നീ ലങ്കയെ ഒന്നു വർണ്ണിക്കുക . നഗരിക്കു കുറവു  പറ്റാതെയും കവിതയ്ക്ക് കോട്ടം തട്ടാതെയും സ്വതഃസിദ്ധമായ വൈദഗ്ധ്യത്തോടെ കൂടി നീ ലങ്കയെ ഒന്ന് വർണ്ണിക്കുക . ശ്രീരാമൻറെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ ലങ്കാവർണ്ണനം ആരംഭിച്ചു.

വിശ്വകർമ്മാവ് ദേവന്മാർക്കായി സ്വർഗ്ഗം  സൃഷ്ടിച്ചതിനു  പ്രതീകമായി,  മയാചാര്യൻ നിർമ്മിച്ചതാണ് ലങ്കാനഗരി മഹാമേരുവിൻറെ മണിശൃംഗങ്ങളിൽ   സർവ്വപ്രധാനമായ നവരത്നശൃഗം സ്ഥിതിചെയ്യുന്നു . അതിനു ഉപരിതലത്തിലാണ് ലങ്കാനഗരി. അതിന് നടുക്ക് രാവണന്റെ പത്തുനില മാളിക. അവയ്ക്ക് ചുറ്റും എട്ടുദിക്കുകളിലായി മഹാമന്ത്രിമാരുടെ 9 നിലമാളികകളും പരിലസിക്കുന്നു.  നവരത്നങ്ങളിൽ ഓരോ ഇനം രത്നങ്ങൾ കൊണ്ടാണ് മന്ത്രിമന്ദിരങ്ങൾ നിർമ്മിച്ചിട്ടുള്ളത്.  രാവണന്റെ മന്ദിരം നവരത്നങ്ങൾ ഇടകലർത്തി പണിതതാണ്.  ഈ മന്ദിരങ്ങളുടെ പരിസരങ്ങളിൽ എത്തുമ്പോൾ പുരോഗതിക്ക് തടസ്സം തട്ടുന്ന സൂര്യൻ ദിവസവും വഴിമാറി വളഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ഈ വക്രഗതി നിമിത്തമാണ് ദക്ഷിണോത്തരായങ്ങൾ  സംഭവിക്കുന്നത്.

ഗ്രാമങ്ങളിലും നഗരങ്ങളിലും വീഥികളിലും മൈതാനങ്ങളിലും വനങ്ങളിലും സർവ്വത്ര കാണുന്ന വിചിത്രതരവിവിധരത്നങ്ങളാൽ  ലങ്ക മുഴുവൻ നാനാതരം നക്ഷത്രപംക്തികൾ മിന്നുന്ന നഭോമണ്ഡലമാണെന്നേ തോന്നുകയുള്ളൂ.  മൈതാനങ്ങളിൽ കനകധൂളികൾ പാറുമ്പോൾ തീപ്പാളികൾ ആളിക്കത്തുന്നതായി തോന്നും.  ആനകൾ കുളിക്കുമ്പോൾ മാത്രമേ കറുത്തിരിക്കുകയുളളൂ.  മറ്റു സമയങ്ങളിൽ സ്വർണ്ണ നിർമ്മിതമായ ഗജപ്രതിമകളെ സജീവങ്ങൾ ആക്കിയതാണന്നേ സങ്കൽപ്പിക്കാൻ സാധിക്കുകയുള്ളൂ.

ഇവിടുത്തെ ജലാശയങ്ങളുടെ ആഴം വർണിക്കാൻ സാധ്യമല്ല . കാരണം അടിത്തട്ട് നീലരത്നതറയാണ്.  ഈ രാജ്യത്ത് ഒരാൾ തന്നെ പല സ്ഥലങ്ങളിൽ പല വർണ്ണക്കാരനായി മാറിക്കൊണ്ടിരിക്കും.  വിവിധ രത്നങ്ങളുടെ കാന്തികൾ നിഴലാടുന്നതാണിതിനു കാരണം.  ഇങ്ങനെയുള്ള വർണ്ണ വ്യതിയാനങ്ങൾ ലങ്കയിൽ അത്ഭുതത്തിനു പരിഭ്രമത്തിനും  ഇടവരുത്തിക്കൊണ്ടിരിക്കുന്നു.

സ്വർഗ്ഗത്തിലെ അഞ്ച് കല്പകതരുകളേ ലങ്കയിൽ കൊണ്ടുവന്ന സ്ഥാപിച്ചിരിക്കുകയാണ്.  അവ കൂടാതെ തന്നെ ഇവിടെ സർവ്വത്ര കല്പവൃക്ഷങ്ങൾ തിങ്ങിക്കൂടി നിൽക്കുന്നു.  സ്വർഗ്ഗത്തെ രംഭ മണ്ഡോദരിയുടെ ദാസി ആണിപ്പോൾ . ദേവലോകത്ത് കാമധേനു ഒന്നുമാത്രം . ലങ്കയിൽ  ദിനംതോറും അനേകമനേകം കൊന്നുതിന്നിട്ടും ധേനുക്കൾ വീണ്ടും സംഖ്യാതീതമായിയുണ്ട്.  സ്വർഗ്ഗത്തിലെ ഐരാവതം ഇവിടെ വിരകുതടി പിടിക്കുന്നു.  ഉച്ചൈശ്രവസ്സ് വിഴുപ്പു ചുമക്കുന്നു.  ചിന്താമണി കുപ്പക്കല്ല്.  ദേവസുന്ദരിമാർ ലങ്കാസ്ത്രീജനങ്ങളുടെ അടിമകൾ.  ഇന്ദ്രൻ കലവറക്കാരൻ  വഗ്നി പാചകൻ. കാലൻ ആരാച്ചാര്  നിര്യതി കറിക്കുവെട്ടുന്നവൻ, വരുണൻ മീൻപിടുത്തക്കാരൻ , വായു കാറ്റാടി,  കുബേരൻ ചെല്ലക്കാരൻ ഇങ്ങനെ ദ്വിക്പാലകന്മാർ മണ്ഡോദരിയുടെ അടുക്കള വേലകളിൽ ഉദ്യോഗസ്ഥരാണ്.  രാത്രിയിൽ അഷ്ടനാഗങ്ങൾ ലങ്കയിലെ അഷ്ടദിക്കുകളിൽ മഹാദീപങ്ങളായി നിരന്തരം നിലകൊള്ളുന്നു.  പ്രണയവഞ്ചിതരായ തരുണീമണികൾ കലഹിച്ച വലിച്ചു പൊട്ടിച്ചെറിയുന്ന മാലകൾ  ചുറ്റുമുള്ള സമുദ്രഭാഗങ്ങൾ സ്വാർത്ഥകരത്നങ്ങളായിത്തന്നെ   പരിശോഭിച്ചുകൊണ്ടിരിക്കുന്നു.

ഇനിയും വർണ്ണ്യങ്ങൾ വളരെ ഉണ്ടെങ്കിലും സമരസമയസാഹചര്യത്തെ പരിഗണിച്ച് ഇവിടെ ഈ വിഷയം അവസാനിപ്പിക്കുന്നു.

ശ്രീരാമൻ വീഭീഷണനോട് ലക്ഷ്മണന്റെ ലങ്കാവർണ്ണനം  എങ്ങനെയിരിക്കുന്നു എന്നു ചോദിച്ചു. ലക്ഷ്മണകുമാരന്റെ  വാഗ്വിവിലാസം സാരസാന്ദ്രവും രസസുന്ദരവുമായി തീർന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാം എന്ന് വിഭീഷണൻ  പറഞ്ഞു.

രാമൻ പറഞ്ഞു ലങ്കയെ കുറിച്ചുള്ള ഈ വർണ്ണനം അപര്യാപ്തമാണ് എന്നാണ് എൻറെ അഭിപ്രായം.  ഈ യുദ്ധകാര്യം ഒന്ന് ഒഴിവാക്കാൻ എന്തെങ്കിലുമൊരു മാർഗ്ഗമുണ്ടോ?  നശീകരണം അല്ല വശീകരണം ആണ് വിശ്വത്തിന് ആവശ്യമായിട്ടുള്ളത്.

വിഭീഷണൻ പറഞ്ഞു ഈ അഭിപ്രായം എനിക്ക് ആദ്യമേ ഉണ്ടായതാണ് എന്നാൽ കഴിവതും പരിശ്രമിച്ചിട്ടും അത് സാധ്യമായില്ല എന്നേയുള്ളൂ.  എന്നാൽ ഒരു സമാധാനദൂതനെ രാവണൻറെ സമീപത്തേക്ക് ഒന്ന് അയച്ചു നോക്കാം എന്ന് ശ്രീരാമൻ പറഞ്ഞു.

എന്നാൽ ലക്ഷ്മണൻ പറഞ്ഞു.   ഇത് അനാര്യമാണ് . മോഷ്ടിച്ചവസ്തു ഉടമസ്ഥൻ മോഷ്ടാവിൽ നിന്ന് ഇരന്നുവാങ്ങാനൊരുങ്ങുന്നത് ഭീരുതയാണ്. ലങ്കയിലെ ശക്തികണ്ട് സ്വശക്തി കുറവാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ട് യാചിച്ച് കിട്ടിയത് കൊണ്ട് തിരിച്ചു പോയ്കൊളളാനൊരുങ്ങുകയാണെന്ന്  രാവണൻ കരുതും.  കൂടാതെ നാം വിഭീഷണനെ ലങ്കയിലെ രാജാവാകാൻ പ്രതിജ്ഞ ചെയ്തു.  നമ്മുടെ സമാധാന ദൂതനുസരിച്ച് രാവണൻ പ്രവർത്തിക്കാൻ ഒരുങ്ങുകയും ദേവിയെ ഇങ്ങോട്ട് ഏൽപ്പിക്കുകയും യുദ്ധം പരിഹരിക്കപ്പെടുകയും ചെയ്താൽ രാവണവധം നടക്കാനിടയില്ല.  അങ്ങനെയായാൽ രാവണൻ ജീവിച്ചിരിക്കുന്നതിനാൽ അയാൾ  ലങ്കാധിപതിയായി ഭരണ നേതൃത്വം വഹിക്കുന്നത്  നമുക്ക് പ്രതിജ്ഞാലംഘനം വന്നുകൂടും.

ശ്രീരാമൻ പറഞ്ഞു നിൻറെ പ്രസക്തമായ യുക്തിവാദം ബുദ്ധിപൂർവ്വം യുക്തരൂപവും ആയിരിക്കുന്നു. എന്നാൽ നാം ഒരു ദൂതനെ അയക്കുന്നത് ധാർമികമായ ഒരു കൃത്യം മാത്രമാണ്അതുകൊണ്ട് രാവണൻ ദേവിയെ തിരിച്ചേൽപ്പിക്കണമെന്നും പ്രതീക്ഷിച്ചിരിക്കേണ്ടതില്ല.. യുദ്ധം അനിവാര്യമായി തീരും.  ലങ്ക നാശമാകും.  രാവണൻ ഏതാനും ദിവസത്തിനകം നാമാവശേഷമായി തീരും. വിഭീഷണൻ  രാജാവും ആകും.   രാവണൻ ആയുഷ്മാനായിത്തീരുമെന്നിരിക്കട്ടേ എന്നാലും രാവണൻ വിഭീഷണന്റെ ദാസൻ മാത്രം. ആര്യഹിതം  നടക്കട്ടെ എന്നു പറഞ്ഞു ലക്ഷമണൻ.

ദൂതിനായി ആരെ അയയ്ക്കും എന്ന് കേട്ട രാമനോട്  താൻ പോകാമെന്ന് പറഞ്ഞ ലക്ഷ്മണനോട് , അത് വേണ്ട രാവണനെ അടുത്ത് കാണുമ്പോൾ നീയൊരു സാഹസികനായി പോയേക്കാം എന്ന്.

സുഗ്രീവൻ താൻ പോകാമെന്ന് പറഞ്ഞപ്പോൾ അത് വേണ്ട അങ്ങ്  ഒരു രാജാവാണ്.   രാജാവല്ലാത്ത ഞാൻ രാജാവായ അങ്ങയെ ദൂതയയ്ക്കുന്നത് അനുചിതമാണ് എന്ന് രാമൻ  പറഞ്ഞു.

ഹനുമാൻ പറഞ്ഞു ഞാൻ പോകാം ദൂതനായി.  മറ്റാരും ഇല്ലാത്തതിനാൽ  ഒരുത്തനെ തന്നെ എല്ലാത്തിനും ഉപയോഗപ്പെടുത്തുന്നു എന്ന് ശത്രുക്കൾ വിലയിരുത്തുമെന്ന് രാമൻ പറഞ്ഞു.

എന്നെ ഇങ്ങനെ അവഗണിക്കുന്നതിൽ എനിക്ക് അഭിമാനഭംഗമുണ്ട്.  ഇപ്പോഴെങ്കിലും ഒരു സന്ദർഭം എനിക്ക് അനുവദിച്ചു തരണം എന്ന് പറഞ്ഞ അംഗദനോട് ശ്രീരാമൻ പറഞ്ഞു അംഗദൻ  പോകുന്നത് പ്രയോജനകരമായിരിക്കും.  ബാലിയെ രാവണന് നല്ല പരിചയം ആയിരുന്നല്ലോ.  ബാലി രാവണ പരസ്പരസഖ്യം അനുസരിച്ച് അതിന് ഔചിത്യം ഉണ്ട്.   ലക്ഷ്മണസുഗ്രീവഹനുമാനോടും ആലോചിച്ചു  വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് ശ്രീരാമൻ അംഗദനെ രാവണൻ സമീപത്തേക്ക് ദൂതനായി അയച്ചു.

തുടരും .....

No comments:

Post a Comment