ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-14

കമ്പരാമായണം കഥ

അദ്ധ്യായം :-14

അയോദ്ധ്യാകാണ്ഡം തുടർച്ച...

രാമചന്ദ്രാദികൾ  മൂവരും ആ രാത്രിയിൽ തന്നെ അധിക ദൂരം യാത്ര ചെയ്ത് ഗംഗാ തീരത്തുള്ള "ശൃംഗിവേരപുര"ത്തിൽ ചെന്നെത്തി.   ശ്രീരാമദേവനിൽ നിഷ്കളങ്കഭക്തനും നിഷാദവർഗ്ഗനായകനുമായ ഗുഹൻ ആയിരുന്നു അവിടുത്തെ രാജാവ്   ഗുഹൻ ശ്രീരാമാദികളെ  സ്വാഗതം ചെയ്തു ഭക്തിപൂർവ്വം  സ്വീകരിച്ചു പൂജിച്ച് ഉചിതാഹാരദികൾ കൊണ്ടു വേണ്ടുംവണ്ണം സല്ക്കരിച്ചു.  ശ്രീരാമാദികളെ ശൃംഗിവേരപുരത്തിനകത്തേയ്ക്ക്  ക്ഷണിച്ചുവെങ്കിലും വനയാത്രയിലായതിനാൽ നഗരത്തിൽ പ്രവേശിക്കില്ല എന്ന് പറഞ്ഞു  നഗരാതിർത്തിയിൽ ഒരു ഓടമരച്ചുവട്ടിൽ ഗുഹൻ  തയ്യാറാക്കി കൊടുത്ത ശയനോപകരണങ്ങളിൽ  സന്തോഷസഹിതം അവർ രാത്രി കഴിച്ചുകൂട്ടി.  പരിവാരങ്ങളും അകമ്പടികളും ഇല്ലാത്ത ഈ യാത്രയെ കുറിച്ച് ഗുഹൻ ശ്രീരാമനോട് ചോദിച്ചു.  അഭിഷേക നിശ്ചയവും അഭിഷേക വിഘ്നവും ഉണ്ടായ വൃത്താന്തങ്ങൾ ശ്രീരാമൻ  ഗുഹനോട് പറഞ്ഞു .അത് കേട്ട് ക്ഷോഭിച്ച ഗുഹനെ ശ്രീരാമൻ ഉപദേശത്താൽ സമാധാനിപ്പിച്ചു.

പിറ്റേ  ദിവസം പ്രഭാതത്തിൽ സുഖകരമായ രീതിയിൽ ഗുഹൻ ഒരുക്കി കൊണ്ടുവന്ന നൗകയിൽ  കയറി അഗാധവും  വിശാലവുമായ ഗംഗ കടന്ന് സീതരാമലക്ഷ്മണന്മാർ മറുകര എത്തി.  ഗംഗാഭഗവതി സ്തുതിയും നതിയും സമർപ്പിച്ചശേഷം വനത്തിലേക്കുള്ള രണ്ടാംഘട്ട യാത്ര ആരംഭിച്ചു. ഗുഹൻ മാർഗ്ഗസൂചകമായി അവരെ അനുഗമിക്കുന്നുണ്ടായിരുന്നു. ഭരദ്വാജ മഹർഷിയുടെ ആശ്രമത്തിന് അരികിലെത്തിയപ്പോൾ ഗുഹനോട് തിരിച്ച് ശൃംഗിവേരത്തിലേയ്ക്ക് മടങ്ങി  പൊയ്ക്കൊള്ളാൻ രാമചന്ദ്രൻ സംജ്ഞാപിച്ചു.  രാമദേവനോടൊപ്പം അനുഗമിക്കാൻ അനുവദിക്കണമെന്ന് വിനയപൂർവ്വം അറിയിച്ച ഗുഹനോട് രാമൻ പറഞ്ഞു,  ജന്മം കൊണ്ട് മൂന്നു സഹജന്മാർ മാത്രം ഇതുവരെയുണ്ടായിരുന്ന ഞാൻ നീയുമായുള്ള ബന്ധം കൊണ്ട് ഇന്ന് മുതൽ നാല് അനുജന്മാർ ഉള്ളവൻ ആയിത്തീർന്നിരിക്കുന്നു.  എൻറെ ഒരു അനുജൻ അയോദ്ധ്യാ ഭരണകർത്താവായിതീരുന്നതു പോലെ ശൃംഗിവേരപുരാധിപത്യം വഹിച്ച് നിഷാദവർഗ്ഗത്തെ സംരക്ഷിച്ച് സന്തുഷ്ടിയും സമ്പത്തിൽ സമ്പുഷ്ടിയും വളർത്തുക.  ഗുഹൻ രാമൻറെ ആജ്ഞ ശിരസാവഹിച്ച് വിടവാങ്ങി

അനന്തരം ഭരദ്വാജാശ്രമത്തിൽ പ്രവേശിച്ച രാമചന്ദ്രാദികളെ മഹർഷിമാർ ഫലമൂലാദികൾ നല്കി സല്ക്കരിച്ചു.  അവിടെ വിശ്രമിച്ചശേഷം പുറപ്പെടാൻ ഒരുങ്ങിയ രാമചന്ദ്രാദികളോട്  വനവാസ കാലാവധി കഴിയും വരെ ആശ്രമത്തിൽ താമസിക്കണമെന്ന് ഭരദ്വാജ മഹർഷി  അഭ്യർത്ഥച്ചു.  ആ അഭ്യർത്ഥന  നിരസിച്ച് ആ പ്രദേശം വിട്ട് വീണ്ടും തെക്കുഭാഗത്തുള്ള വനാന്തരങ്ങളിലേക്ക്  യാത്രയായി. ഉച്ചയായപ്പോൾ അവർ കാളിന്ദി തീരത്തെത്തി.  കാളിന്ദി കടക്കാൻ ലക്ഷ്മണൻ മുള വെടിക്കെട്ടികൂട്ടിയ ചങ്ങാടത്തിൽ കയറി അക്കരെ  കടന്നു.  വീണ്ടും കുറെ ദൂരം കൂടി യാത്ര ചെയ്തു പവിത്രമായ ചിത്രകൂടത്തിൽ എത്തി. അടുത്തെത്തുത്തോറും ചിത്രകൂടത്തിന്റെ  ദിവ്യമഹിമാ കൂടുതൽ കൂടുതൽ പ്രകടമായി കാണാൻ കഴിഞ്ഞിരുന്നു.  ആനതലവന്മാർ നദികളിൽ നിന്ന് തുമ്പിക്കൈകുഴലുകളിൽ വെള്ളം നിറച്ചു കൊണ്ടുവന്നു ആശ്രമത്തിലുളള കരിങ്കൽ തൊട്ടികളിൽ പകർന്നു നിറയ്ക്കുന്നു.  മാനുകൾ ഭർഭകളറുത്തു കൊണ്ടുവന്നു ഹോമപ്പുരയ്ക്ക് അകത്ത് വച്ച് കൊടുക്കുന്നു.  കുരങ്ങുകൾ സ്വന്തം വാലുകളിൽ പിടിപ്പിച്ചു കൊണ്ട് അന്ധമുനിമാരെ അത്യാവശ്യ കർമ്മങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും നടത്തുന്നു.  തത്തകൾ വരിനെൽക്കതിരുകൾ ചുണ്ടുകളിൽ കൊത്തിയെടുത്ത് കേടുപറ്റാതെ പറന്നുവന്ന് ആശ്രമ ദ്വാരങ്ങളിൽ കൊണ്ടിട്ടു ശേഖരിച്ചു കൊടുക്കുന്നു.  ഫലശ്രേണികൾ വഹിച്ചുള്ള ശിരസ്സുകൾ കുനിച്ചും  ബാഹുക്കൾ നീട്ടിയും  ഋഷികളെ നമിച്ചു ഭക്ഷ്യഭിക്ഷകൾ കൊടുക്കുന്നു..  ഇങ്ങനെ മൃഗ പക്ഷി വൃക്ഷലതാദികൾ പോലും അനുഷ്ഠിക്കുന്ന പരോപകാരതാല്പര്യത കണ്ട് അകൃത്രിമ പ്രകൃതിയുടെയും അത്യുത്തമശാന്തിയുടേയും മഹിമമാനിച്ചും മഹർഷിമാരുടെ സ്വാഗതാശംസകൾ  ആദരിച്ചും അവർ ചിത്രകൂടത്തിൽ ഒരു പ്രധാനസ്ഥാനത്ത് എത്തിച്ചേർന്നു.

മഹർഷിമാരുടെ സ്വാഗതാശംസകൾ  ആദരിച്ചും അവർ ചിത്രകൂടത്തിന്റെ ഒരു പ്രധാനസ്ഥലത്ത് സൗകര്യമുള്ള ഒരു പർണ്ണശാലയിൽ അവർക്ക് പൂർണവിശ്രമ സൗകര്യങ്ങളുണ്ടാക്കിക്കൊടുത്തു. പിറ്റേന്ന് മുനികുമാരന്മാരുടെ സഹായസഹകരണങ്ങളോടുകൂടി ഒരു നല്ല പർണശാല പണിതീർത്തു.  സീതാരാമന്മാർക്ക് വിശ്രമിക്കുന്നതിനു പറ്റിയ നല്ലൊരു കുടീരവും തനിക്ക് ഇരിക്കുന്നതിന് സാമാന്യ നിലയിലുള്ള ഒരു കുടിലും ലക്ഷ്മണൻ നിർമ്മിച്ചു.  പകൽ മുഴുവൻ ജ്യേഷ്ഠത്തിയെയും ജേഷ്ഠനെയും ശുശ്രൂഷിക്കുക.  രാത്രിമുഴുവൻ ഉറക്കമിളച്ച് ആ രണ്ടുപേർക്കും വേണ്ടി കാവലിരിക്കുക.  ഈ രീതിയിലാണ് ലക്ഷ്മണന്റെ  ദിനങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. പകൽ കായ്കനികൾ ശേഖരിക്കുന്ന ലക്ഷ്മണൻ ജേഷ്ഠത്തിയും ജ്യേഷ്ഠനും ആഹാരം കഴിച്ചിട്ട് മിച്ചം ഉണ്ടെങ്കിൽ അത് മാത്രമേ താൻ ഭക്ഷിക്കുകയുളളൂ എന്ന ദൃഢസങ്കല്പം ചെയ്തു.  അതിനാൽ ഭക്ഷണം ശേഖരിക്കുന്ന സമയത്ത് ലക്ഷ്മണൻ  ആഹരിക്കാറില്ലായിരുന്നു.  ആഹാരം പാകപ്പെടുത്തി സീതാരാമന്മാർക്ക് സമർപ്പിക്കും അവരാകട്ടെ ലക്ഷ്മണൻ ആഹാരം ശേഖരിക്കുന്ന കൂട്ടത്തിൽ ഭക്ഷിച്ചിരിക്കുമെന്ന് ഊഹിച്ച്  മിച്ചം വയ്ക്കുന്ന പതിവ് സ്വീകരിച്ചിരുന്നില്ല.  അങ്ങനെ ലക്ഷ്മണൻ ഒരിക്കൽ പോലും ഒന്നും തന്നെ ഭക്ഷിക്കാറില്ലായിരുന്നു.  രാത്രി മുഴുവൻ ഉറങ്ങാതെ സീതാരാമന്മാർക്ക് കാവൽ നിന്നു.  ഇങ്ങനെ പകലും രാവും നിരാഹാരനായും നിർന്നിദ്രനുമായാണ് തുടർന്നും കഴിഞ്ഞുകൂടിയത്. അവിചാരിതമായിട്ടാണെങ്കിലും അഭംഗമായി  തുടർന്നു വന്ന  ഈ ഉഗ്രവ്രതം ഒടുവിൽ മേഘനാദവധത്തിന് പ്രയോജനകരമായി.. ഇന്ദ്രജിത്തിന് ബ്രഹ്മാവിൽ നിന്നു വിശേഷാൽ ഒരു വരം സിദ്ധിച്ചിട്ടുണ്ട്രായിരുന്നു. "  ഊണും ഉറക്കവുമിളച്ച് പതിനാലുവർഷം ബ്രഹ്മചാരിയായി കഴിഞ്ഞുകൂടുന്ന ഒരാളിൽ നിന്നല്ലാതെ മേഘനാദന് മരണം സംഭവിക്കുകയില്ല എന്നായിരുന്നു അത്.

തുടരും .....

No comments:

Post a Comment