ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2021

ശാസ്ത്രജ്ഞനായ വ്യാസമഹർഷി

ശാസ്ത്രജ്ഞനായ വ്യാസമഹർഷി

മഹാഭാരതകർത്താവ്, വേദങ്ങളെ നാലായി പകുത്തവൻ തുടങ്ങി ആദ്ധ്യാത്മിക തലത്തിൽ വ്യാസമഹർഷിയെ ആധുനിക ഭാരതത്തിന് സുപരിചിതമാണെങ്കിലും  തന്റെ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം നമുക്ക് പകർന്നു തന്ന ശാസ്ത്ര വിജ്ഞാനത്തെക്കുറിച്ച് അറിവുള്ളവർ തുലോം കുറവാണ്.

കപില സംഹിതയിലും നാരദ സംഹിതയിലും പരാമർശിച്ച 18 ജ്യോതിശാസ്ത്രജ്ഞരിൽ ഒരാൾ വ്യാസനാണ്. ഈ ഗണത്തിൽ അദ്ദേഹത്തിന്റെ പിതാവായ പരാശര മുനിയും പെടുന്നു എന്നതിൽ നിന്നു തന്നെ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് ഊഹിക്കാമല്ലോ. 

ഭാരത ശാസ്ത്രത്തിന് വ്യാസന്റ സംഭാവനകൾ എന്തൊക്കെയായിരുന്നു എന്ന് നമുക്ക് പരിശോധിക്കാം

👉 സൂര്യൻ സൗരമണ്ഡലത്തിന്റ കേന്ദ്രസ്ഥാനത്താണെന്ന് ആധുനിക ശാസ്ത്രം പറയുന്നതിന് എത്രയോ മുമ്പുതന്നെ വ്യാസൻ ഭാഗവതത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

"അണ്ഡ മധ്യഗതഃ സൂര്യോ " (5-2-43)

👉 കൂടാതെ സൗരമണ്ഡലത്തിന്റെ അതിർത്തിയും അദ്ദേഹം വ്യക്തമാക്കുന്നു. സൂര്യകിരണങ്ങൾ ഏതു വരെ എത്തുന്നുവോ അതുവരെയാണ് സൗരമണ്ഡലം എന്നാണ് അദ്ദേഹം പറയുന്നു.

"ദ്യാവാ ഭൂമ്യോർ യദന്തരം " (5-2-43)

👉 ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ചും വ്യാസമഹർഷിക്ക് അറിവുണ്ടായിരുന്നു എന്നതിന് തെളിവാണ് ശുക്രൻ ( Venus ) സൂര്യന്റെ മുമ്പിലും, പാർശ്വങ്ങളിലും പിമ്പിലുമായി ഭൂമിയിലുള്ള നിരീക്ഷകർക്ക് പ്രത്യക്ഷപ്പെടുന്നു എന്നത്.  ശുക്രൻ സൂര്യനെ പ്രദക്ഷിണം ചെയ്യുമ്പോൾ പരിക്രമണ ഗതിവേഗം കൂടുകയും  കുറയുകയും തുല്യ നില പാലിക്കുകയും ചെയ്യുന്നു.

" പുരത: പശ്ചാത്ത് സഹൈവ വാ അർകസ്യ, ശൈഘ്ര, മാന്ദ്യ, സാമ്യാഭിർഗതിഭി:
അർകവത് ചരതി "   (5-22-12)

👉 ബുധനും  ഇതേ രീതിയിൽത്തന്നെയാണ് സൂര്യനെ പ്രദക്ഷിണം ചെയ്തിരുന്നത്  എന്നും അദ്ദേഹം പറയുന്നു.

"ഉശനസാ ബുധോ വ്യാഖ്യാത: "  (5-22-13)

ഭൂമിയേക്കാൾ സൂര്യനോടടുത്ത ഗ്രഹങ്ങളാണ് ബുധനും ശുക്രനും എന്ന് മുകളിൽ കൊടുത്ത ശ്ലോകങ്ങളിൽ നിന്നും നമുക്ക് വ്യക്തമാകുന്നുണ്ടല്ലോ.. സൂര്യനു മുമ്പിൽ അവ കാണപ്പെടുന്നു എന്ന് പറയുമ്പോൾ ഭൂമിയിൽ നിന്നുമുള്ള കാഴ്ചയാണ് ഇതെന്നും മനസ്സിലാക്കാം. ടെലസ്കോപ്പ് കണ്ടു പിടിക്കാത്ത ഒരു കാലഘട്ടത്തിൽ ഇതെങ്ങിനെ സാദ്ധ്യമായി എന്നത് തികച്ചും ആശ്ചര്യജനകമാണ്. മുമ്പിലും പാർശ്വങ്ങളിലും പിമ്പിലും കാണപ്പെടുക എന്നത് ബുധനും ശുക്രനും സൂര്യനെ പ്രദക്ഷിണം  ചെയ്യുന്നു എന്നതിന്റെ വ്യക്തമായ പ്രസ്ഥാവന തന്നെയാണ്. ഇത് സൂര്യകേന്ദതത്ത്വത്തിന് (Heliocentric Theory) അടിവരയിടുന്ന വസ്തുത കൂടിയാണ്. ബുധന് ഉപഗ്രഹങ്ങളില്ലാത്ത സാഹചര്യത്തിൽ സൂര്യനെയല്ലാതെ മറ്റൊന്നിനെയും പ്രദക്ഷിണം  ചെയ്യാൻ വയ്യല്ലോ...

🔱 ഗ്രഹങ്ങളുടെ ദീർഘവൃത്ത പരിക്രമണം

ഗ്രഹങ്ങളുടെ ഭ്രമണപഥത്തെക്കുറിച്ചും  വ്യാസന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ബുധന്റെയും ശുക്രന്റെ പരിക്രമണപഥം (Orbit ) വൃത്താകാരമല്ല, ദീർഘവൃത്താകാരമാണ് എന്നദ്ദേഹം കണ്ടു പിടിച്ചു. ഭ്രമണപഥം വൃത്താകാരമാണെങ്കിൽ സൂര്യനുമായളള അകലം സ്വാഭാവികമായും  സ്ഥിരരാശിയായിരിക്കും, അകലം സ്ഥിരരാശിയാണെങ്കിൽ ഭ്രമണ വേഗതയും സ്ഥിരരാശിയായിരിക്കും. അകലം  കൂടുമ്പോൾ ഗ്രഹത്തിന്റെ ഭ്രമണ വേഗത കുറയും. അകലം കുറയുമ്പോൾ ഭ്രമണ വേഗത കൂടുകയും ചെയ്യും. ഗ്രഹങ്ങളുടെ ഭ്രമണ വേഗത കൂടുകയും കുറയുകയും സമാവസ്ഥയിലാവുകയും ചെയ്യുന്നതായി വ്യാസൻ പറഞ്ഞു. എന്നുവെച്ചാൽ ഗ്രഹങ്ങൾക്ക്  സൂര്യനുമായുള്ള അകലം കുറയുകയും കൂടുകയും തുല്യ നിലയിൽ ആവുകയും ചെയ്യുന്നു എന്നർഥം. അങ്ങനെ വ്യത്താകാരപഥം അനുയോജ്യമല്ലാതാവുകയും അകലവ്യത്യാസങ്ങൾക്കനുയോജ്യമായ ദീർഘവൃത്താകാര (അഥവാ അണ്ഡാകാര) മായ (Elliptical) പരിക്രമണപഥം ആണ് ഗ്രഹങ്ങൾക്കുള്ളത് എന്ന് തെളിയുകയും ചെയ്തു. കെപ്ലറെക്കാൾ 400 വർഷങ്ങൾക്കു മുമ്പ് വ്യാസൻ ഇത് വ്യക്തമാക്കിയിരുന്നു.

🔱 ഭൂമി സൂര്യ പരിക്രമണം

ഭൂമി സൂര്യനെ ഒരു കൊല്ലംകൊണ്ട് പരിക്രമണം ചെയ്യുന്നു എന്നും വ്യാസൻ കണ്ടു പിടിച്ചു.  365 1/4 ദിവസം എന്ന്  അദ്ദേഹം കൃത്യമായി രേഖപ്പെടുത്തി.

സംവത്സരാവസാനേന
പര്യേത്യ നിമിഷോ വിഭുഃ  (3-11-13)

ഭൂമിയുടെ യഥാർഥ ഭ്രമണം സൂര്യന്റെ പ്രാതിഭാസിക ഗതിയെ ആധാരമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി. സൂര്യ പ്രതിഭാസമായ ഉദിച്ചസ്തമിക്കൽ നോക്കി ഭൂമിയുടെ സ്വയം ഭ്രമണം തിരിച്ചറിയുകയാണ് വ്യാസൻ  ചെയ്തത്. ഇതേ പോലെ സൂര്യന്റെ നക്ഷത്രാന്തരസാംവത്സരിക ഗതി നോക്കി ഭൂമിയുടെ സൂര്യപരിക്രമണവും  തിരിച്ചറിയാം. സൂര്യന്റെ പ്രാതിഭാസിക ഗതിയെയാണ് വ്യാസൻ സംവൽസരാവസാനം കൊണ്ടുള്ളതായി പ്രസ്താവിച്ചത്. ഭൂമിയിൽ നിന്ന് സൂര്യനെ കാണുമ്പോൾ സൂര്യൻ കിഴക്കുനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ചലിക്കുന്നത് കേവലം ഒരു മിഥ്യാ ദർശനമാണ് എന്ന് താഴെ കൊടുത്തിരിക്കുന്ന വ്യാസവചനത്തിൽ പറയുന്നു.

പുംസോ ഭ്രമായ ദിവി ധാവതി ഭൂതഭേദ: (3-11-15 )

മനുഷ്യരിൽ  ഭ്രമമുളവാക്കിക്കൊണ്ട് സൂര്യൻ ആകാശത്തിൽ സഞ്ചരിക്കുന്നു എന്നാണ് വ്യാസവചനത്തിന്റെ അർഥം. സൂര്യന്റ ഈ മിഥ്യാ ചലനം യഥാർത്ഥത്തിൽ ഭൂമിയുടെ പരിക്രമണമായി  മനസ്സിലാക്കപ്പെടണം എന്നാണ് വ്യാസൻ പറയുന്നത്.

ഭൂമിയുടെ പരിക്രമണപഥം ദീർഘ  വൃത്താകാരമാണ് എന്ന് അദ്ദേഹം  അന്നേ പറഞ്ഞു വച്ചു.

"മാന്ദ്യ ശൈഘ്യ സമാനാഭിർ ഗതിഭി: ആരോഹണാവരോഹണ സമാന സ്ഥാനേഷു യഥാസവന മഭീപദ്യമാന ": (5-21-3)

(ഭൂമിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന  സൂര്യപരിക്രമണ ഗതിയാണ് ഇവിടെ പ്രസ്താവിച്ചത്)

ഭൂമിയുടെ സൂര്യപരിക്രമണ വേളയിൽ  ചിലപ്പോൾ ഭൂമി  സൂര്യ നിൽനിന്ന് കൂടുതൽ അകലത്തെത്തുന്നതും (ആരോഹണം ) ചിലപ്പോൾ സൂര്യനോട് കൂടുതൽ അടുക്കുന്നതും (അവരോഹണം) മറ്റു സമയങ്ങളിൽ സമാനദൂരഗതിയിൽ സഞ്ചരിക്കുന്നതും  അദ്ദേഹം  പറഞ്ഞിരുന്നു.. ഭൂമി സൂര്യനിൽ നിന്നും അകലുമ്പോൾ ഭ്രമണ വേഗതക്ക് കുറവു സംഭവിക്കുന്നതും അടുക്കുമ്പോൾ ഗതിവേഗം കൂടുന്നതും അല്ലാത്തപ്പോൾ ഒരേ വേഗത്തിലുള്ള ഭ്രമണവും  പറഞ്ഞിരിക്കുന്നു.  വൃത്താകാര ഭ്രമണപഥത്തിലാണ് ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്തിരുന്നതെങ്കിൽ സൂര്യന്റെ ഭൂമിയിൽ നിന്നുമുള്ള അകലം കൂടുകയോ കുറയുകയോ, അതുപോലെ ഗതിവേഗം കുറയുകയോ കൂടുകയോ ചെയ്യുമായിരുന്നില്ല.

അതു കൊണ്ടു തന്നെ  സ്വാഭാവികമായും ഭൂമിയുടെ ഭ്രമണപഥം ദീർഘവൃത്താകാരമാണ് എന്ന് മനസ്സിലാക്കാം. നേരത്തെ ബുധന്റെയും ശുക്രന്റെയും കാര്യത്തിലും സമാനമായ അവസ്ഥതന്നെയാണെന്ന് നമ്മൾ കണ്ടുവല്ലോ.

ബുധൻ, ശുക്രൻ, ഭൂമി എന്നീ ഗ്രഹങ്ങളുടെ ദീർഘവൃത്താകാര ഭ്രമണപഥം പോലെ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥവും  സമാനമായ രീതിയിലാണ്‌ എന്നദ്ദേഹം രേഖപ്പെടുത്തി.  എല്ലാ ഗ്രഹങ്ങളും ദീർഘവൃത്താകാരപഥത്തിൽ (Elliptical orbits) സഞ്ചരിക്കുന്നു എന്ന് വ്യാസൻ വ്യക്തമാക്കിയിരിക്കുന്നു .

🔱 വിഷുവം [Equinox]

ഉത്തരായണം, ദക്ഷിണായനം എന്നിവയെക്കുറിച്ചും ഈ രണ്ട് അയനങ്ങളിലും പകലും രാത്രിയും തുല്യമായി വരുന്ന ദിവസങ്ങളെക്കുറിച്ചും വ്യാസൻ ശ്രീമത് ഭാഗവതത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

''ഉദഗയമന  ദക്ഷിണായന വൈഷുവത സംജ്ഞാഭിഃ ...... യഥാസവന-
മഭിപദ്യമാനഃ ”  (5-21-3)

ഭൂമിയുടെ അക്ഷം 23 1/2 ഡിഗ്രി ചരിഞ്ഞുകൊണ്ട് ധ്രുവ നക്ഷത്രത്തിന് അഭിമുഖമായി നിൽക്കുന്നതു കാരണം ഭൂമിയുടെ സൂര്യപരികമണ വേളയിൽ 23 1/2 ഡിഗ്രി വടക്കെ അക്ഷാംശം (Latitude) ഒരവസരത്തിൽ സൂര്യനേരെ വരും . അന്ന് സൂര്യന്റെ പ്രതിഭാസമായ  ഉത്തരായണമവസാനിക്കുന്നു. 6 മാസത്തെ ഉത്തരായണത്തിന്റെ മധ്യവേളയിൽ ഭൂമധ്യരേഖ ഒരു ദിവസം  സൂര്യനുനേരെ വരുന്നു. സമരാത്രിദിനമായ പൂർവവിഷുവത്താണ് അന്ന് (മാർച്ച് 21 ).

6  മാസത്തെ ദക്ഷിണായനത്തിന്റെ മധ്യവേളയിൽ ഭൂമധ്യരേഖ സൂര്യനു നേരെ വരുന്ന സമരാത്രി ദിനമാണ് അപരവിഷുവത്ത്. (സപ്തംബർ 22) 23 1/2 ഡിഗ്രി തെക്കെ അക്ഷാംശം സൂര്യനു നേരെ വരുന്ന ദിവസം സൂര്യ പ്രതിഭാസമായ ദക്ഷിണായനം അവസാനിക്കുന്നു .

🔱 ചൊവ്വ സൂര്യ പരിക്രമണം

ഇതേ പോലെ ചൊവ്വ (Mars) സൂര്യനെ ഭ്രമണം ചെയ്യാനെടുക്കുന്ന സമയവും അദ്ദേഹം കണക്കാക്കിയിരുന്നു.  ചൊവ്വ സൂര്യനെ പ്രദക്ഷിണം ചെയ്യുമ്പോൾ ഓരോ രാശിയിലും (1 രാശി = 30°) മുമ്മൂന്ന് പക്ഷക്കാലം (അതായത് 45 ദിവസം) സമയമെടുത്ത് കൊണ്ട് 12 രാശികളിലൂടെയും (360°) സഞ്ചരിച്ച്  പരിക്രമണം പൂർത്തിയാക്കുന്നു. ഇതിനായി ആകെ എടുക്കുന്നത് 540  ദിവസമാണ്. അതായത് ഭൂമിക്ക് സൂര്യനെ ഒരു വട്ടം വലം വെക്കാൻ 365 1/4 ദിവസമാണ് വേണ്ടതെങ്കിൽ ചൊവ്വയ്ക്ക് അതിനു വേണ്ട സമയം 540 ദിവസമാണെന്ന് അദ്ദേഹം പറഞ്ഞുവച്ചു:

" തത ഊർധ്വ-  മംഗാരകോപി... ത്രിഭിഃ  ത്രിഭിഃ  പക്ഷൈ: ഏകൈ കശോ രാശീൻ ദ്വാദശ അനുഭൂങ്ക്തേ "  (5-22-14)

🔱 വ്യാഴ സൂര്യ പരിക്രമണം

വ്യാഴത്തിന്റെ (Jupiter) സൂര്യന്റെ പരിക്രമണത്തെക്കുറിച്ചും വ്യാസൻ പഠനം നടത്തിയിട്ടുണ്ട് .

" തത ഉപരിഷ്ടാത്... ഭഗവാൻ ബൃഹസ്പതി ഏകൈകസ്മിൻ രാശൗ പരിവത്സരം പരിവത്സരം ചരതി ” . (5-22-15)

ചൊവ്വയേക്കാൾ സൂര്യനിൽ നിന്നും അകന്നു നിൽക്കുന്ന  വ്യാഴ ഗ്രഹം സൂര്യനെ പരിക്രമണം ചെയ്യുന്നത്  ഓരോ രാശിയിലും ഓരോ വർഷം വീതം സമയമെടുത്തു കൊണ്ടാണ്. ഇങ്ങിനെ 12 രാശികളെയും കടന്ന്  ഒരു വട്ടം വ്യാഴം സൂര്യനെ പ്രദക്ഷിണം ചെയ്യാൻ  12 വർഷം എടുക്കുന്നു . വ്യാഴത്തിന്റെ സൂര്യപരിക്രമണം  ചൊവ്വയുടെ ഭ്രമണ കാലത്തേക്കാൾ കൂടുതലായതിനാൽ  വ്യാഴം ചൊവ്വയേക്കാൾ അകലെയാണ് എന്ന് ഇതിൽ നിന്നും  വ്യക്തമാവുന്നു .

“തത ഉപരിഷ്ടാത്... ശനൈശ്ചര: ഏകൈകസ്മിൻ രാശൗ ത്രിംശന്മാസാൻ വിളംബമാനഃ സർവാനേവാനു പര്യേതി ” . (5-22-16)

വ്യാഴത്തേക്കാൾ ഉയരെ അതായത്  സൂര്യനിൽ നിന്നും കൂടുതൽ അകലത്തിൽ ശനി ഓരോ രാശിയിലും 30 മാസം വീതം സമയമെടുത്തുകൊണ്ട്, 12 രാശികളിലും കൂടി 30 കൊല്ലം സമയമെടുത്തുകൊണ്ട്, സൂര്യനെ ഭ്രമണം  ചെയ്യുന്നു. ഭ്രമണ  സമയം വ്യാഴത്തേക്കാൾ  കൂടുതലായതിനാൽ  സൂര്യനിൽ നിന്നുള്ള അകലവും അതിനേക്കാൾ  കൂടുതലാണ്.

🔱 ആധുനിക ശാസ്ത്രത്തിന്റെ പിഴവ്

സൂര്യകേന്ദ്ര തത്ത്വത്തിന്റെ (Heliocentric Theory) പൂർണ്ണമായ രൂപം  കോപ്പർനിക്കസ്സിനെക്കാൾ നാലര സഹസ്രാബ്ദങ്ങൾക്കു മുമ്പ് വ്യാസൻ പറഞ്ഞു വച്ചു. എന്നാൽ  കോപ്പർനിക്കസ്സ് തന്റെ കണ്ടുപിടുത്തങ്ങളിൽ വരുത്തിയ പിഴവുകൾ; അതായത് നക്ഷത്രങ്ങളും സൂര്യനെ പ്രദക്ഷിണം ചെയ്യുന്നു എന്നും, പ്രദക്ഷിണപഥം വൃത്താകാരത്തിലാണെന്നും  മറ്റുമുള്ളവ, വരുത്താതെ തന്നെ.

ഓരോ ഗ്രഹത്തിന്റെയും ഭ്രമണ കാലം , ഗതിവേഗ വെത്യാസം, ദീർഘവൃത്താകാര പഥം എന്നിവ വ്യക്തമാക്കുകയും ചെയ്തു. യഥാർഥ സുര്യകേന്ദ തത്ത്വത്തിന്റെ ആവിഷ്ക്കർത്താവ് വ്യാസനാണ് എന്ന് ശാസ്ത്രലോകം അംഗീകരിക്കേണ്ടിയിരിക്കുന്നു .

🔱 സൂര്യ പരിക്രമണം

സൗര മണ്ഡല തത്വമനുസരിച്ച് സൂര്യൻ സ്ഥിര സ്ഥാനീയനും മറ്റ് ഗ്രഹങ്ങൾ സൂര്യനെ പ്രദക്ഷിണം ചെയുന്നവയുമാണ്. എന്നാൽ വ്യാസൻ പറയുന്നു സൂര്യൻ സ്ഥിരമായി ഒരു സ്ഥലത്ത് നിൽക്കുന്നവനല്ല എന്ന്. സൂര്യ മണ്ഡലം ആകെ ധ്രുവനക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം:

തച്ചന്ദ്ര  ദിവാകരാദയോ  ഗ്രഹർക്ഷതാരാഃ പരിയന്തി ദക്ഷിണം ( 4-12-25 )

ധ്രുവനക്ഷത്രത്തിന് ചുറ്റുമായി സൂര്യൻ നടത്തുന്ന ഭ്രമണത്തെ വ്യാസൻ ശാസ്ത്രീയമായി വ്യക്തമാക്കി :

"ധ്രുവേണ  പ്രഗൃഹീതോ വൈ  തൗരശ്മീ നയതോ രവിം  ആകൃഷ്യതേ യദാ തൗ വൈ ധ്രുവേണ സമധിഷ്ഠിതൗ  തദാസോ -  ഭ്യന്തരേ സൂര്യോ ഭ്രമതേ മണ്ഡലാനി തു ” ബ്രഹ്മപുരാണം  (1-22-81-782)

ധ്രുവൻ സൂര്യനെയും സൂര്യൻ ധ്രുവനെയും ആകർഷിക്കുന്നു. എന്നാൽ ധ്രുവാകർഷണബലം ഏറെ ബലവത്തരമാകയാൽ സുര്യൻ ധ്രുവനിലേക്ക് ആകർഷിക്കപ്പെടുന്നു. ആ ആകർഷണബലത്തെ അതിജീവിക്കാൻ  തക്ക അപകേന്ദ്രകബലം സൃഷ്ടിക്കാനും ധ്രുവനിലേക്കുള്ള പതനം ഒഴിവാക്കാനുമായി സൂര്യൻ ധ്രുവാകാശാഭ്യന്തരത്തിൽ ധ്രുവനെ ഭ്രമണം ചെയ്യുന്നു. സൂര്യനൊപ്പം സൗരമണ്ഡലത്തിലെ ഘടകങ്ങളാകെ ഈ  പരി ക്രമണത്തിൽ പങ്കാളികളാവുന്നു . - "

The motion of the Sun , carrying the Solar System with it , with  regard to these nearer stars is well determined both in direction and velocity  (P - 499 . Vol . 25 . Encyclopaedia Americana )

അത്യുജ്ജ്വലവും അതിബൃഹത്തുമായ ധ്രുവനക്ഷത്രത്തോട്, എണ്ണയാട്ട് യന്ത്രത്തിൽ ബന്ധിക്കപ്പെട്ട് അതിന് ചുറ്റും തിരിയുന്ന  കാളകളെപ്പോലെ സപ്തർഷി നക്ഷത്രങ്ങളും ധർമ്മൻ, കശ്യപൻ തുടങ്ങിയ ഇതര നക്ഷത്രങ്ങളും ഗ്രഹങ്ങളും ധ്രുവന്റ ആകർഷണത്താൽ അതിനെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുന്നു.

" യദ് ഭ്രാജിഷ്ണു ധ്രുവക്ഷിതി : യത്രഗഹർക്ഷതാരാണാം  ജ്യോതിഷാം ചക്രമാഹിതം മേഢ്യാം ഗോചക്രവത് . . .

ധർമോഗ്നി : കശ്യപ: 
ശുക്രോ , മുനയോ യേ വനൗകസഃ ചരന്തി  ദക്ഷിണീകൃത്യ നക്ഷത ഭ്രമന്തോ യത് സതാരകാ " :  ശ്രീമത് ഭാഗവതം  (4-9-20-21)

സൂര്യനുൾപ്പെടെ ധ്രുവനുചുറ്റും എത്ര നക്ഷത്രങ്ങളുണ്ടോ അവയിലേക്കെല്ലാം ധ്രുവന്റെ ആകർഷണച്ചരടുകൾ എത്തുന്നു .

"യാവന്ത്യ ശ്ചൈവതാരാസ്തേ താവന്ത്യോ  വാതരശ്മയഃ സർവേ ധ്രുവേ നിബദ്ധാസ്തേ " - വിഷ്ണു  പുരാണം . (2-12-25).

ആകർഷണബലം പദാർഥത്തിന്റെ പ്രാഥമികപ്രകൃതിയാണ് എന്ന് യോഗവാസിഷ്ഠത്തിൽ  (3-30-22) പറയുന്നു .

കർമം ചെയ്യുന്നതിന്റെ പിന്നിൽ സ്വന്തം പ്രവർത്തനശേഷി അഥവാ "പുരുഷാകാരം " ആണുള്ളത്. ധ്രുവൻ ഇതര നക്ഷത്രങ്ങളെ  ആകർഷിക്കുന്നത് പ്രകൃതി  മൂലമാണ്.  നക്ഷത്രങ്ങൾ  ധ്രുവനെ പരിക്രമണം ചെയ്യുന്നത് പുരുഷാകാരം മൂലവും:

പ്രകൃതിയും  പുരുഷനും തമ്മിലുള്ള ആകർഷണ തത്വ പ്രകാരം  നക്ഷത്രങ്ങൾ ധ്രുവപരിക്രമണമെന്ന കർമത്തെ നിർവഹിക്കുന്നു. അങ്ങിനെ  അപകർഷണ ബലം (Centrifugal Force ) നിർമിച്ച്, ധ്രുവാകർഷണ ബലത്തെ അതിജീവിച്ച് അതിലേക്ക്  പതിക്കാതെ ഇവയൊക്കെ  ധ്രുവനെ ചുറ്റിക്കൊണ്ടിരിക്കുന്നു .

"ജ്യോതിർഗണാ : പ്രകൃതി പുരുഷ
സംയോഗാനുഗൃഹീതാ:
കർമനിർമ്മിത ഗതയോ
ഭുവി ന പതന്തി " ശ്രീമത് ഭാഗവതം (5-23-3 )

ഇതേ കാരണത്താലാണ് സൗരമണ്ഡലീയഗ്രഹങ്ങൾ സൂര്യനിലേക്ക് നിപതിക്കാത്തതും. അവ വേഗത കുറച്ചും കൂട്ടിയും അകലുമ്പോഴത്തെ ആകർഷണബലത്തിന്റെ കുറവിനെയും അടുക്കുമ്പോഴത്തെ ആകർഷണ ബലാധിക്യത്തെയും , ആവശ്യത്തിനനുസരിച്ച് അപകേന്ദ്രക ബലം നിർമിച്ച് തുലനം ചെയ്തുകൊണ്ടാണ്, പരിക്രമണം നടത്തുന്നത്.

🔱 ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം

ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള കൃത്യമായ അകലം വ്യാസമഹർഷി പറഞ്ഞു വച്ചു.  ആധുനിക ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ എങ്ങിനെയായിരിക്കാം ഇതിന് കഴിഞ്ഞത് എന്ന് അത്ഭുതാദരവോടെയേ നമുക്ക് ചിന്തിക്കുവാൻ കഴിയൂ.

യഥാ ചൈന്ദ്ര്യാ: പുര്യാ: പ്രചലതേ  പഞ്ചദശ ഘടികാഭിഃ  യാമ്യാം ,   സപാദകോടിദ്വയം യോജനാനാം  സാർധദ്വാദശലക്ഷാണി സാധികാനി ച ഉപയാതി. (5-21-10)

സൂര്യവെളിച്ചം  ചന്ദ്രനിൽത്തട്ടി ഭൂമിയിലെത്തുമ്പോഴാണ് നിലാവുണ്ടാകുന്നത് എന്നും വ്യാസൻ കണ്ടെത്തി. കൂടാതെ സൂര്യപ്രഭ തട്ടി ഭൂമിയിൽ നിന്നും കാണാവുന്ന ചന്ദ്രക്കല ശുക്ല പക്ഷത്തിൽ ക്രമേണ വലുതായി പൗർണ്ണമി ദിനത്തിൽ പൂർണ്ണചന്ദ്രനായിത്തീരുന്നു എന്നും അദ്ദേഹം പറഞ്ഞു വച്ചു.

ഏഷാ സൂര്യസ്യ വീര്യേണ
സോമസ്യാപ്യായിതാ തനു:  പൗർണമാസ്യാം സ ദൃശ്യേത  സമ്പൂർണോ ദിവസക്രമാത് .

വെളുത്ത വാവു  കഴിഞ്ഞ്  കൃഷ്ണപക്ഷത്തിൽ ചന്ദ്രൻ സൂര്യനോട് അടുക്കാൻ തുടങ്ങുകയും അമാവാസി ദിവസം സൂര്യനോടൊപ്പം ഉദിച്ചസ്തമിക്കുകയും ചെയ്യുന്നു.

ഏകരാത്രൗ  സമേയാതാം സൂര്യാചന്ദ്രമസാവുഭൗ  അമാവാസ്യാനിശായാം തു കയും അ മാ വാ സി യിൽ തസ്യാം യുക്തഃ സദാ ഭവേത് .

ഒരു ചാന്ദ്രമാസം എന്നത് ശുക്ലപക്ഷം, കൃഷ്ണ പക്ഷം എന്നിവ ചേർന്നതാണ്.

🔱 ഭൂമിയിൽ നിന്ന് ചന്ദ്രനിലേ ക്കുള്ള ദൂരം

ഭൂമിയും സൂര്യനും തമ്മിലുള്ള അകലം കണ്ടു പിടിച്ചതു പോലെ ഭൂമിയിൽനിന്ന് ചന്ദ്രനിലേ ക്കുള്ള  അകലവും വ്യാസൻ കണ്ടെത്തി . ഇത് 2.38 ലക്ഷം മെൽ ആണെന്നായിരുന്നു അദ്ദേഹത്തിന്റ പ്രവചനം. അത്യന്താധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആധുനിക ശാസ്ത്രം പറഞ്ഞത് ഈ ദൂരം  2 . 39 ലക്ഷം മൈൽ ആണെന്നും :  യഥാർത്ഥത്തിൽ വാനനിരീക്ഷണം എന്ന ശാസ്ത്ര ശാഖ ഭാരതത്തിൽ എത്രമാത്രം ശക്തമായിരുന്നു എന്നതിന് ഇതിൽപ്പരം വേറെന്തു തെളിവ് വേണം'

സുധാകരഃ... തതോ ഭചകം ഭ്രമതി യോജനാനാം തിലക്ഷത: ( ദേവീ ഭാഗവതം  . 8-16-23&24)

🔱 ആകാശഗംഗ (The Milky way - Galaxy)

ദൃശ്യപരിധിക്കപ്പുറത്തുനിന്ന് പുറപ്പെടുന്നതാണ് ആകാശ ഗംഗ എന്നദ്ദേഹം കണ്ടെത്തി . '

വിഷ്ണോർ വിക്രമതോ വാമപാദാം-   ഗുഷ്ഠനഖനിർഭിന്നോർ
ധ്വാണ്ഡ കടാഹവിവരേണ അന്തഃപ്രവിഷ്ടാ യാ ബാഹ്യജലധാരാ

പ്രപഞ്ചവികസന ചരിത്രത്തിൽ സഹസ്ര യുഗങ്ങളിലൂടെയാണ് ആകാശഗംഗ രൂപം കൊണ്ടത്.

അതി മഹതാ കാലേന യുഗ  സഹസ്രപലക്ഷണേന ദിവോ  മൂർധ്നി അവതതാര .

ധ്രുവ നക്ഷത്രവും സപ്തർഷി നക്ഷത്രങ്ങളുമെല്ലാം ആകാശഗംഗയിലെ അംഗങ്ങളാണ്.

യത്രഹ വാവ... ഔത്താനപാദി : പരമാദരേണ ശിരസാ ബിഭർതി , തതഃ സപ്തർഷയഃ ജടജൂടെ രുദ്വഹന്തി :

വ്യാസമഹർഷിയുടെ വാന ശാസ്ത്ര സംബന്ധിയായ കണ്ടുപിടുത്തങ്ങളെക്കുറിച്ച് നാം സാമാന്യമായി ചർച്ച ചെയ്തു കഴിഞ്ഞു.  ഇതിൽ പരാമർശിക്കാത്ത നിരവധി കണ്ടുപിടുത്തങ്ങൾ വ്യാസന്റേതായി കാണാൻ സാധിക്കും: വിസ്താര ഭയത്താൽ ചുരുക്കുന്നു.

🔱 സസ്യ ശാസ്ത്രം

ഇതേ അവസരത്തിൽ സസ്യ ശാസ്ത്രത്തിലും മറ്റും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു എന്ന് കാണാം .

സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും  എല്ലാ ഇന്ദ്രിയ സംവേദനങ്ങളുമുണ്ടെന്ന് ആധുനിക ശാസ്ത്രം ഇന്ന് അംഗീകരിച്ചതാണ്.  സൂര്യപ്രകാശമേൽക്കുമ്പോൾ പൂക്കളും ഇലകളും നിറംമങ്ങുന്നതായി നാം കാണാറുണ്ട്. ഇതിൽ നിന്നും സ്പർശസംവേദനം എന്നത് ചെടികൾക്കും ഉള്ളതാണെന്ന് വ്യാസൻ കണ്ടെത്തി .

അതുപോലെ  ഇടിശബ്ദത്തിൽ ചിലപ്പോൾ ഇലയും പൂവും കൊഴിയുന്നതിനാൽ ശബ്ദ സംവേദനവും; വള്ളി,  വൃക്ഷമുള്ള സ്ഥലം കണ്ടെത്തി അതിന്മേൽ പടരുന്നതിനാൽ പ്രകാശസംവേദനവും; ഗന്ധവും പുകയുമേൽക്കുമ്പോൾ പൂക്കുന്നതിനാൽ ഘ്രാണസംവേദനവും; വിഷ ജലം വലിച്ചെടുക്കുമ്പോൾ അവയ്ക്ക് വ്യാധിയുണ്ടാവുന്നതിനാൽ രസ സംവേദനവും വൃക്ഷങ്ങൾക്കുണ്ട് എന്ന് മനസ്സിലാക്കാം.

ഊഷ്മാതോ മ്ലായതേ വർണം , 
ത്വക്  പത്രം  പുഷ്പമേവച  മ്ലായതേ ശീർയതേ ചാപി  സ്പർശസ്തേനാത്ര വിദ്യതേ
വായ്വഗ്ന്യശനി നിർഘോഷൈ:
ഫലം പുഷ്പം വിശീർയതേ
ശ്രോത്രേണ ഗൃഹ്യതേ ശബ്ദ :
തസ്മാച്ഛണന്തി പാദപാഃ  വല്ലീ വേഷ്ടയതേ വൃക്ഷം  സർവത ശ്ചൈവ ഗച്ഛതി നഹ്യദൃഷ്ടേശ്ച മാർഗോസ്തി
തസ്മാത്പശ്യന്തി പാദപാ: പുണ്യാപുണ്യൈ സ്തഥാ ഗന്ധൈർ -
ധൂപൈശ്ച വിവിധൈരപി അരോഗാഃ പുഷ്പിതാഃ സന്തി
തസ്മാജ്ജിഘ്രന്തി പാദപാഃ  പാദൈസ്സലിലപാനാച്ച  വ്യാധീനാം ചാപി ദർശനാത്  വ്യാധി പ്രതിക്രിയത്വാച്ച
വിദ്യതേ രസനം ദ്രുമേ
മഹാ ഭാരതം . (12-177-11-15 )

ഡാർവിൻ പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നതിന് എത്രയോ മുമ്പുതന്നെ ഇക്കാര്യം  ഭാരതം ഒരു അമർ ചിത്രകഥയുടെ രൂപത്തിൽ അവതരിപ്പിച്ചിരുന്നു. ദശാവതാരം പരിണാമസിദ്ധാന്തത്തെത്തന്നെയല്ലേ സൂചിപ്പിക്കുന്നത്.

വൃക്ഷങ്ങൾ, ഇഴജന്തുക്കൾ, മൃഗങ്ങൾ, പക്ഷികൾ, ദംശങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയ സസ്യജന്തുവർഗ്ഗങ്ങളിലൂടെ പരിണമിച്ചുണ്ടായ മനുഷ്യവർഗ്ഗം ഏറ്റവും ഉത്തമമായ വർഗ്ഗമാണെന്ന് വ്യാസൻ പറയുന്നു.

സൃഷ്ട്വാ പുരാണി  വിവിധാ
ന്യജയാ f ത്മശക്ത്യാ  വ്യക്ഷാൻ സരീസുപപശൂൻ  ഖഗദംശമത്സ്യാൻ  
തൈസ്തൈരതുഷ്ട -
ഹൃദയ :
പുരുഷം വിധായ   ബ്രഹ്മാവലോകധിഷണം മുദമാപ ദേവ: ശ്രീ , ഭാ , (11-9-28)

ജൈവ പരിണാമം സസ്യങ്ങളിൽ തുടങ്ങി ജലജീവികളിലൂടെ, ആകാശത്ത് പറക്കുന്ന ജീവികളിലൂടെ മനുഷ്യരിൽ എത്തി അവസാനിച്ചു എന്ന് ഗരുഡപുരാണം പറയുന്നു. വൃക്ഷഗുലമലതാവല്ലീ
ഗിരയശ്ച തൃണാനി ച  സ്ഥാവരാ ഇതി വിഖ്യാതാ മഹാമോഹ സമാവ്യതാ : കീടാശ്ച പശവശ്ചൈവ പക്ഷിണശ്ച ജലേചരാ : ചതുരശീതി ലക്ഷേഷു കഥിതാ ദേവയോനയ ഏതാഃ സർവാ : പരിഭ്രമ്യ തതോ യാന്തി മനുഷ്യതാം . (4-61-63 )

അതിവിശാലമായ തന്റെ  സാഹിത്യത്തിൽ വ്യാസൻ അവതരിപ്പിച്ച ശാസ്ത്രവസ്തുതകളും ശാസ്ത്രതത്ത്വങ്ങളും നിരവധിയാണ് . വ്യാസൻ ഭാരതത്തിന് നൽകിയ  അധ്യാത്മതത്ത്വങ്ങളും ജീവിതോപദേശങ്ങളും പോലെ തുല്യ പ്രാധാന്യം ഉള്ളതാണ് അദ്ദേഹം ഭാരതീയ  ശാസ്ത്രത്തിന് നൽകിയ, സംഭാവനകളും.

ഒരത്യുന്നത ഭൗതികശാസ്ത്രജ്ഞനെയും  ഒരുയർന്ന തത്ത്വചിന്തകനെയും ഒരസമാന്യകവിയെയും ഇതുപോലെ ഒന്നിച്ച് മറ്റൊരാളിൽ കാണുക വിഷമമായിരിക്കും.

2 comments:

  1. നമ്മുടെ കുടുംബങ്ങളിൽ പഴമക്കാർ / മുൻതലമുറക്കാർ ആചരിച്ചു പോന്ന ആചാരങ്ങളും അവയുടെ പിന്നിലെ വിശ്വാസവും ശാസ്ത്രീയമായ വിശ്വാസ്യതയും പറയുവാൻ സാധിക്കുമോ ? പുതിയ തലമുറയ്ക്ക് വായിച്ച് അറിയുന്നതിന് വേണ്ടി ?

    ReplyDelete
  2. നമ്മുടെ കുടുംബങ്ങളിൽ പഴമക്കാർ / മുൻതലമുറക്കാർ ആചരിച്ചു പോന്ന ആചാരങ്ങളും അവയുടെ പിന്നിലെ വിശ്വാസവും ശാസ്ത്രീയമായ വിശ്വാസ്യതയും പറയുവാൻ സാധിക്കുമോ ? പുതിയ തലമുറയ്ക്ക് വായിച്ച് അറിയുന്നതിന് വേണ്ടി ?

    ReplyDelete