ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2021

വിക്രമാദിത്യകഥകൾ - 03

വിക്രമാദിത്യകഥകൾ - 03

ഒന്നാം ദിവസം ലളിത പറഞ്ഞ കഥ
➖➖➖➖➖➖➖➖➖
പണ്ട് പാടലീപുരമെന്ന പട്ടണത്തിൽ വിദ്യാസാഗരൻ എന്ന ബ്രഹ്മചാരിയായ ഒരു ബ്രാഹ്മണയുവാവ് ജീവിച്ചിരുന്നു. അയാൾ എല്ലാ ശാസ്ത്ര വിദ്യകളും അഭ്യസിക്കണമെന്ന ഉദ്ദേശ്യത്തോടെ ദേശാടനത്തിന് പുറപ്പെട്ടു. വളരെക്കാലം നടന്നിട്ടും യോജിച്ച ഗുരുവിനെ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
ആ ബ്രാഹ്മണയുവാവ് മനോഹരമായ ഒരു താഴ്വ്വരയിൽ വന്നെത്തി. ഫലസമൃദ്ധമായ ആ വനപ്രദേശത്തിലെ കുളിരുകോരുന്ന ഇളംകാറ്റ് അയാളെ താരാട്ടിയുറക്കി. അയാൾ ഒരു അരയാൽ വൃക്ഷത്തിന്റെ ചുവട്ടിലാണ് കിടന്നിരുന്നത്. കലാശാസ്ത്രാദി വിഷയങ്ങളിൽ പാരംഗതനായ ഒരു ബ്രഹ്മരക്ഷസ്സ് തപസ്സു ചെയ്തിരുന്നത് ആ അരയാലിന്റെ മുകളിലായിരുന്നു. താഴേയ്ക്ക് ഇറങ്ങിവന്ന ബ്രഹ്മരക്ഷസ്സ് അവിടെ കോമളഗാത്രനായ വിദ്യാ സാഗരൻ ഉറങ്ങിക്കിടക്കുന്നതു കണ്ട് വിസ്മയിച്ചു. വിദ്യാസാഗരൻ കണ്ണു തുറന്നു നോക്കിയത് ബ്രഹ്മരക്ഷസ്സിന്റെ മുഖത്തേയ്ക്കായിരുന്നു. അയാൾ ബ്രഹ്മരക്ഷസ്സിനോട് തന്റെ ചരിത്രമെല്ലാം പറയുകയും ദേശസഞ്ചാരത്തിന് പ്രേരിപ്പിച്ച ഉദ്ദേശ്യം വ്യക്തമാക്കുകയും ചെയ്തു.

ബ്രഹ്മരക്ഷസ്സിന് ആ ചെറുപ്പക്കാരനിൽ അനുകമ്പ തോന്നി. തനിക്ക് അറിയാവുന്ന സകല വിദ്യകളും അയാളെ അഭ്യസിപ്പിക്കാമെന്ന് സമ്മതിച്ചു. അതിനായി വിദ്യാസാഗരൻ ചില നിബന്ധനകൾ അനുസരിക്കേണ്ടതുണ്ട്. ആറു മാസം ആഹാരവും നിദ്രയും കൂടാതെ വതം അനുഷ്ഠിക്കണം. വിദ്യാ സാഗരന് ഇത് സമ്മതമായി. സന്തുഷ്ടനായ ബ്രഹ്മരക്ഷസ്സ് വിശപ്പും ദാഹവും വരാതിരിക്കാനുള്ള ചില മന്ത്രങ്ങൾ അയാൾക്ക് ഉപദേശിച്ചുകൊടുത്തു. വിദ്യാസാഗരൻ വൃതമനുഷ്ഠിക്കാൻ തുടങ്ങി. ബ്രഹ്മരക്ഷസ്സ് തപസ്സുചെയ്യുന്ന അരയാലിന്റെ ചുവട്ടിൽ അയാൾ ഊണോ, ഉറക്കമോ കൂടാതെ കഴിഞ്ഞു കൂടി. ഇതിൽ സംതൃപ്തനായി ആചാര്യൻ ദിവസേന ഓരോ അരയാലിലയിൽ വിദ്യകളെഴുതി താഴെ ഇടുകയും ശിഷ്യൻ അവ ശേഖരിച്ച് അഭ്യസിക്കുകയും ചെയ്തുവന്നു. അങ്ങനെ, ആറു മാസത്തിനുള്ളിൽ അയാൾ പണ്ഡിതനായിത്തീർന്നു. ബ്രഹ്മരക്ഷസ്സ് തന്റെ തപസ്സുകഴിഞ്ഞ് സ്വർഗത്തേയ്ക്കു പോകാൻ ഒരുങ്ങി. ഇപ്പോൾ തന്റെ സർവ്വവിദ്യകളും അഭ്യസിച്ചുകഴിഞ്ഞ വിദ്യാസാഗരൻ നാട്ടിൽ പോയി സംതൃപ്തമായ ദാമ്പത്യജീവിതം നയിക്കുകയാണ് നല്ലതെന്ന് ബ്രഹ്മരക്ഷസ്സ് അയാളെ ഉപദേശിച്ചു. അനന്തരം പുഷ്പകവിമാനത്തിലേറി ആചാര്യൻ സ്വർഗത്തിലേയ്ക്കും ശിഷ്യൻ കാൽനടയായി സ്വദേശത്തേയ്ക്കും യാത്രയായി. സന്ധ്യയോടുകൂടി വിദ്യാസാഗരൻ നാഗപുരത്തിലെ നളിനിയെന്ന നർത്തകിയുടെ മണിമാളികയ്ക്കു സമീപമെത്തി. ആഹാരനിദ്രാദികളില്ലാതെ ജീവിക്കാൻ തന്നെ സഹായിച്ച് മന്ത്രസിദ്ധി പൊയ്പോയതിനാൽ അയാൾ അത്യധികം തളർന്നുപോയി. അയാൾ നളിനിയുടെ പടിപ്പുരയിൽച്ചെന്ന് ഉത്തരീയം വിരിച്ച് കിടന്നുറങ്ങാൻ ആരംഭിച്ചു. അർധയാമപൂജ കഴിഞ്ഞ് ക്ഷേതത്തിൽനിന്നു മടങ്ങിയ നളിനിക്ക് തന്റെ വീടിന്റെ പടിപ്പുരയിൽ കോമളനായ ഒരു യുവാവ് വീണുറങ്ങുന്നതു കണ്ട് ദയയും സ്നേഹവും തോന്നി. വിളിച്ചുണർത്താൻ ശ്രമിച്ചിട്ടും അയാൾ ഉണർന്നില്ല. കിടന്നിരുന്ന വിദ്യാസാഗരനെ അവൾ അകത്തേയ്ക്കെടുപ്പിക്കുകയും പ്രസിദ്ധന്മാരായ വൈദ്യന്മാരെ കൊണ്ടുവന്ന് ചികിത്സിപ്പിക്കുകയും ചെയ്തു. കുറെ നാളുകൾക്കുശേഷം അയാൾക്ക് ആരോഗ്യം വീണ്ടുകിട്ടി. ഒരു ദിവസം അയാൾ തന്റെ ഭാണ്ഡവുമെടുത്ത് വീട്ടിലേയ്ക്കു യാത്രയായി. പക്ഷേ, നളിനി ചെന്ന് അയാളെ തടഞ്ഞുനിർത്തി. അപ്പോൾ വിദ്യാസാഗരൻ തിരക്കി: “ഞാൻ നാട്ടിലേയ്ക്കു പോകുമ്പോൾ നളിനി എന്നെ തടയുന്നതെന്തിനാണ്?'' നളിനി പറഞ്ഞു: “അരുത്,'' “ദയവായി നിങ്ങളിപ്പോൾ പോകരുത്.” “കാരണം?' “നിങ്ങളെ മരണത്തിൽനിന്നു രക്ഷിച്ചത് ഞാനാണ്. എന്റെ ഇഷ്ടാനു സരണം പ്രവർത്തിക്കാൻ തീർച്ചയായും നിങ്ങൾക്ക് കടമയുണ്ട്.''

വിദ്യാസാഗരൻ ചോദിച്ചു: “നിനക്ക് നീരസമുണ്ടാക്കുന്നയാതൊന്നും ഞാൻ ചെയ്തില്ലല്ലോ നളിനീ? പിന്നെ എന്താണ് എന്നെയിങ്ങനെ തടഞ്ഞുവെക്കുന്നത്?' “ഇപ്പോൾ എന്നെ ഇവിടെ ഏകാകിനിയാക്കി ഇറങ്ങിപ്പോകുന്നത് ഉചിതമാണോ? ഞാൻ നിങ്ങളെ ഭർത്താവായി വരിക്കാൻ ആഗ്രഹിക്കുന്നു. എന്നെ ഉപേക്ഷിക്കരുത്.'' “അയ്യോ നളിനീ, എനിക്ക് നിന്നെ വിവാഹം ചെയ്യാൻ സാധ്യമല്ല. ബ്രാഹ്മണന് ശൂദ്രസ്ത്രീയെ വധുവായി സ്വീകരിക്കാൻ കഴിയുകയില്ല." നളിനി വിട്ടുവീഴ്ചയില്ലാതെ പറഞ്ഞു: “എനിക്ക് ഈ വക പിടിവാശികളൊന്നും കേൾക്കണമെന്നില്ല. നിങ്ങൾ എന്നെ വിവാഹം ചെയ്യുക തന്നെ വേണം. അല്ലാതെ ഞാൻ സമ്മതിക്കില്ല.” വാദം മൂത്തു. പലരും അവിടേയ്ക്ക് ഓടിയെത്തി. ന്യായമായ തീരുമാനമെടുക്കേണ്ടതിന് ഒടുവിൽ അവർ നാഗപുരരാജാവിനെ സമീപിച്ചു. വിദ്യാസാഗരൻ പറഞ്ഞു: “മഹാരാജാവേ, ഞാൻ ഒരു ബ്രാഹ്മണയുവാവാണ്. ബ്രാഹ്മണൻ ശൂദ്രസ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ, മറ്റ് മൂന്നു ജാതികളിൽനിന്നും വിവാഹം കഴിച്ചിരിക്കണമെന്നാണ് ധർമശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്. ഞാൻ അവിവാഹിതനാണ്.'' രാജസദസ്സിലെ പണ്ഡിതന്മാരും മന്ത്രിമാരും ഈ വാദത്തെ ശരി വെച്ചു. വിദ്യാസാഗരൻ പാണ്ഡിത്യവും പ്രതിഭയും ഒത്തിണങ്ങിയ ഒരു ഉത്തമവ്യക്തിയാണെന്ന് രാജാവിന് ബോധ്യപ്പെട്ടു. അദ്ദേഹം തന്റെ മകളായ ചന്ദ്രലേഖയേയും മന്ത്രികുമാരിയായ ലളിതാംഗിയേയും ഒരു വൈശ്യപ്രമാണിയുടെ പുത്രി ചന്ദ്രവല്ലിയേയും നളിനി എന്ന നർത്തകിയേയും വിദ്യാസാഗരന് വിവാഹം ചെയ്തുകൊടുത്തു. വിവാഹമഹോത്സവം കഴിഞ്ഞ് സന്തുഷ്ടനായ വിദ്യാസാഗരൻ പത്നികളോടൊത്ത് ദാമ്പത്യസുഖം അനുഭവിച്ചുപോന്നു. വിദ്യാസാഗരന് പ്രഥമപത്നിയായ ബ്രാഹ്മണ സ്ത്രീയിൽ വരരുചി എന്നൊരു പുത്രനും രാജകുമാരിയായ ചന്ദ്രലേഖയിൽ വിക്രമാദിത്യനും വൈശ്യസ്ത്രീയിൽ ഭട്ടി എന്ന പുത്രനും ശൂദ്രപതിയായ നളിനിയിൽ ഭർത്തഹരി എന്ന പുത്രനും ജനിച്ചു. നാലു ബാലന്മാരേയും യഥാകാലം എഴുത്തി നിരുത്തി. കുറച്ചുകാലങ്ങൾക്കുള്ളിൽ അവർ സർവശാസ്ത്രങ്ങളിലും സമർഥരായിത്തീർന്നു. പുത്രന്മാരില്ലാതിരുന്ന നാഗപുരരാജാവ് രാജ്യഭരണം വിദ്യാസാഗരനെ ഏല്പിച്ച് മരണമടഞ്ഞു. രാജ്യഭരണത്തിലും വിദ്യാസാഗരൻ പ്രഗത്ഭനായിരുന്നു. നാട്ടിലെല്ലാം ഐശ്വര്യം പരന്നു. പ്രജകൾ രാജാവിനോട് സ്നേഹവും കൂറും ഉള്ളവരായിരുന്നു. വാർദ്ധക്യം ബാധിച്ച വിദ്യാസാഗരന്റെ അന്ത്യഘട്ടം സമീപിച്ചു. അദ്ദേഹം തന്റെ നാലു മക്കളേയും അരികിലേയ്ക്ക് വിളിച്ചു. വിദ്യാസാഗരൻ ഇളയ പുത്രനായ ഭർതൃഹരിയുടെ മുഖത്തു നോക്കി കണ്ണീർവാർക്കാൻ തുടങ്ങി. ശൂദ്രപുത്രനായ ഭർതൃഹരി വിവാഹം കഴിച്ചാൽ അതിലുണ്ടാകുന്ന ആ പുത്രൻ തനിക്ക് നരകഹേതുവായി ഭവിക്കുമെന്നോർത്താണ് അദ്ദേഹം ദുഃഖിച്ചത്..

മറ്റ് മൂന്നു പുത്രന്മാരും ഇത് തെറ്റിദ്ധരിച്ചു. ഭർതൃഹരിയോട് കൂടുതൽ സ്നേഹമുള്ളതുകൊണ്ടാണ് പിതാവ് കരയുന്നതെന്നാണ് അവർ വിചാരിച്ചത്. എന്നാൽ, കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയ ഭർതൃഹരി പറഞ്ഞു: “എനിക്കുണ്ടാകുന്ന പുത്രൻ അങ്ങയുടെ മോക്ഷപ്രാപ്തിക്ക് തടസ്സമാകുമെന്നോർത്താണല്ലോ അങ്ങ് കരയുന്നത്. അങ്ങ് വിഷാദിക്കരുത്. ഞാൻ ഒരിക്കലും വിവാഹം ചെയ്യുകയില്ല.'' ജ്യേഷ്ഠന്മാരുടെ സംശയങ്ങൾ ദൂരീകരിക്കപ്പെട്ടു. അവർക്ക് ഭർതൃഹരിയോടു കൂടുതൽ പ്രതിപത്തി തോന്നി. പിതാവിന്റെ നിർദ്ദേശാനുസരണം, അദ്ദേഹത്തിന്റെ മരണത്തിനുശേഷം, ഭർതൃഹരി രാജാവാകുകയും വിവാഹം കഴിക്കുകയും ചെയ്തു. വരരുചി തപസ്സ് ചെയ്യുവാൻ പുറപ്പെട്ടു. അക്കാലത്ത് തപോനിഷ്ഠനായ ഒരു ബ്രാഹ്മണശ്രഷ്ഠന് സ്വർഗ സഞ്ചാരവേളയിൽ ഒരു മാമ്പഴം ലഭിച്ചു. അദ്ദേഹം അത് ഭർത്തഹരിക്ക് സമ്മാനിച്ചു. ആ മാമ്പഴത്തിന് ഒരു ദിവ്യശക്തിയുണ്ടായിരുന്നു. അത് ഭക്ഷിച്ചാൽ ആ ആളിന് എന്നും യുവത്വമുണ്ടായിരിക്കും. ഭർതൃഹരി ആ മാമ്പഴം തന്റെ ഇഷ്ടപത്നിക്ക് കൊടുക്കുകയാണ് ചെയ്തത്. ഇഷ്ടപത്നിയാകട്ടെ, അത് തന്റെ ജാരനായ കുതിരക്കാരന് കൈമാറി. കുതിരക്കാരനുണ്ടായിരുന്നു ഒരു സ്നേഹിത; സുന്ദരിയായ ഒരു ദാസി. അയാൾ ആ ദിവ്യമാമ്പഴം അവൾക്ക് ഇഷ്ടദാനം ചെയ്തു. നോക്കണേ, നിസ്വാർഥതയുടെ ജൈത്രയാത്ര! കുതിരാലയത്തിൽനിന്നും ചാണകം വാരി മടങ്ങുന്ന ദാസി ചാണകക്കുട്ടയിൽ മാമ്പഴം വെച്ച് നടന്നു പോകുന്നത് ഭർതൃഹരി കണ്ടു. ദൃഷ്ടികൾക്ക് വിഷയീഭവിച്ചു. അദ്ദേഹത്തിന് അമ്പരപ്പുണ്ടായി. താൻ ഏറ്റവും രഹസ്യമായി തന്റെ പ്രിയതമയ്ക്കു നല്കിയ അത്ഭുതഫലമാണ് ചാണകക്കുട്ടയിലിരുന്നു തന്നെ പരിഹസിക്കുന്നത്! അദ്ദേഹം ഉടനേ ദാസിയെ വിളിപ്പിച്ച് ഇത് അവൾക്ക് എങ്ങനെ കിട്ടി യെന്ന് ചോദിച്ചു. സത്യം പുറത്തുവന്നു. കുതിരക്കാരൻ വിളിക്കപ്പെട്ടു. രാജാവിന്റെ കോപം ഭയന്ന് അവനും പരമാർഥം വെളിപ്പെടുത്തി. രാജമഹിഷി തന്നോട് പുലർത്തിവന്നിരുന്ന ബന്ധത്തിന്റെ കഥ അയാൾ വ്യക്തമാക്കി. താനെന്നും യുവാവായിരിക്കാൻ കൊതിക്കുന്ന രാജപത്നിയാണ് ഈ മാമ്പഴം തനിക്ക് നല്കിയതെന്നും അയാൾ പറഞ്ഞു. ക്രുദ്ധനായ രാജാവിന്റെ ആജ്ഞയനുസരിച്ച് പട്ടമഹിഷി ഹാജരാക്കപ്പെട്ടു. അവൾക്ക് നേരുപറയാതെ ഗത്യന്തരമുണ്ടായിരുന്നില്ല. നാരീവർഗത്തെ വിശ്വസിച്ചുകൂടെന്ന് രാജാവിന് ബോധ്യപ്പെട്ടു. അതോടെ അദ്ദേഹത്തിന് ലൗകികസുഖങ്ങളോട് വിരക്തിയായി. മഹാമനസ്കനായിരുന്ന അദ്ദേഹം, സ്വപത്നിയേയോ കുതിരക്കാരനേയോ ശിക്ഷിക്കാതെ, എല്ലാ ഭാര്യമാർക്കും ഇഷ്ടാനുസരണം ഭർത്താക്കന്മാരെ സ്വീകരിക്കാൻ അനുവാദം കൊടുത്തുകൊണ്ട് സന്യാസം സ്വീകരിച്ചു.

No comments:

Post a Comment