ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 36

വിക്രമാദിത്യകഥകൾ - 36

പത്താം സാലഭഞ്ജിക പറഞ്ഞ കഥ തുടർച്ച...

വിക്രമാദിത്യനെ കാണാത്തതുകൊണ്ട് ഭട്ടി ചിന്താഗസ്തനായി. അദ്ദേഹത്തെ കണ്ടുപിടിക്കണമല്ലോ. നാടിന്റെ നാനാഭാഗങ്ങളിലും നടക്കുന്ന അതിശയപ്രവൃത്തികൾ അന്വേഷിച്ചറിയാൻ അയാൾ എല്ലാ ദിക്കുകളിലേയ്ക്കും ചാരന്മാരെ അയച്ചു. ഈ സമയം ആൺകിളിയുടെ വേഷത്തിൽ പെൺകിളിയുമായി സല്ലഭിച്ചുകൊണ്ടിരുന്ന വിക്രമാദിത്യൻ മടങ്ങിപ്പോരേണ്ട കാര്യം ഓർത്തു. പക്ഷേ, വിജയൻ അരികത്തുനിന്നു അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു എന്ന വിവരം അദ്ദേഹം അറിഞ്ഞു. സ്വന്തം ശരീരവും കാണ്മാനില്ല. മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ട് അദ്ദേഹം കിളിയായി കുറെക്കാലം ജീവിക്കാൻ നിശ്ചയിച്ചു. ബുദ്ധിചാതുര്യവും കായികബലവുമുള്ള ആ കിളി വേഗത്തിൽ ആ കാട്ടിലെ ആയിരം കിളികളുടെ നേതാവായിത്തീർന്നു. എല്ലാ കിളികളും വിക്രമാദിത്യന്റെ ആജ്ഞയെ ശിരസാവഹിച്ചിരുന്നു. അവർ കൂട്ടമായി പറക്കുകയും വിശ്രമിക്കുകയും ചെയ്തുവന്നു. കിളികളെ പിടിച്ചു വിറ്റ് കാശ് സമ്പാദിക്കാമെന്നു മോഹിച്ച ഒരു വേടൻ അവ നിരന്നിരിക്കാറുള്ള വൃക്ഷത്തിന്റെ മുകളിൽ വല വിരിച്ച് താഴെ കാത്തിരുന്നു. ഇക്കാര്യം വിക്രമാദിത്യൻ പോലും അറിഞ്ഞിരുന്നില്ല. ആയിരം കിളികളും ഉല്ലാസഭരിതരായി പറന്നുവന്ന് വൃക്ഷത്തിലിരിക്കുകയും വലയിൽ കുടുങ്ങുകയും ചെയ്തു...

അപ്പോഴാണ് അവർ തങ്ങൾക്കു പറ്റിയ അപകടം മനസ്സിലാക്കിയത്. ആപത്ത് പറ്റിക്കഴിഞ്ഞു. ഇനി ഇതിൽനിന്ന് രക്ഷപ്പെടാൻ മാർഗമെന്താണ്? എല്ലാവരോടുമായി നേതാവായ കിളിയായി മാറിയ വിക്രമാദിത്യൻ പറഞ്ഞു: “നമ്മൾ എല്ലാവരും ചത്തവരെപ്പോലെ കിടക്കണം. വേടൻ കയറി വന്നു നോക്കുമ്പോൾ എല്ലാവരും ചത്തതായറിഞ്ഞ് ഓരോരുത്തരെയായി വലയിൽ നിന്നെടുത്ത് താഴെയിടും. ആദ്യം വീഴുന്ന കിളി മനസ്സിൽ എണ്ണാൻ തുടങ്ങണം. ആയിരമെണ്ണവും താഴെ വീണു കഴിയുമ്പോൾ അത് ആയിരം എന്ന് ഉറക്കെ വിളിച്ചുപറയണം. അപ്പോൾ എല്ലാവരും എഴുന്നേറ്റ് പറന്ന് രക്ഷപ്പെടണം. ആയിരം കിളികളും താഴെ വീണതിനുശേഷമേ പറക്കാൻ ശ്രമിക്കാവൂ. അതുവരെ എല്ലാവരും ചത്തതുപോലെത്തന്നെ കിടക്കണം.'' - കിളികൾക്കെല്ലാവർക്കും ഈ ഉപായം കൊള്ളാമെന്നു തോന്നി. ആയിരം കിളികളും തന്റെ വലയിൽ കുടുങ്ങിയിരിക്കുന്നതു കണ്ടപ്പോൾ വേടൻ അതിരറ്റ് ആഹ്ലാദിച്ചു. പക്ഷേ, മരത്തിൽ കയറി ചെന്ന് നോക്കിയപ്പോൾ സകലകിളികളും ചത്തുകിടക്കുന്നതു കണ്ട് അവൻ തന്റെ നിർഭാഗ്യത്തെ പഴിച്ചു. വേടൻ നിരാശനായി ഓരോന്നിനെയെടുത്ത് താഴേയ്ക്ക് വലിച്ചെറിഞ്ഞു. ആദ്യം വീണ കിളി മനസ്സിൽ എണ്ണാൻ തുടങ്ങി. ഒന്ന്.. രണ്ട്.... മൂന്ന്..... നൂറ്.. തൊള്ളായിരം.... ഇങ്ങനെ എണ്ണൽ വഴിക്കു വഴി തുടർന്നു. തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് കിളികളും താഴെ പതിച്ചു. അടുത്ത ക്ഷണത്തിൽ വേടന്റെ അരയിൽനിന്നും കത്തിയുരി താഴെ വീണു. എണ്ണം പിടിച്ചിരുന്ന കിളി ആ ശബ്ദം കേട്ട് 'ആയിരം' എന്ന് ഉച്ചത്തിൽ പറയുകയും എല്ലാവരും ചേർന്ന് പറന്നു പോകുകയും ചെയ്തു. അപ്പോഴാണ് വേടന് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത്. ഇനി വലയിൽ ഒരു കിളി കൂടിയുണ്ട്. അത് വികലക്കിളിയായിരുന്നു. വേടൻ അരിശം മൂത്ത് അതിനെ പിടിച്ച് കൊല്ലാൻ തുനിഞ്ഞു. അപ്പോൾ അത് പറഞ്ഞു: “ഹേ, വേടാ, എന്നെ കൊല്ലുന്നതുകൊണ്ട് നിനക്ക് എന്ത് ലാഭമാണുണ്ടാവുക? മറ്റു കിളികൾക്ക് രണ്ടു കാശു വീതമല്ലേ കിട്ടുക? എന്നെ കൊണ്ടു പോയി വിറ്റോളൂ. നിനക്ക് ആയിരം പൊൻപണം കിട്ടും.” കിളിയുടെ വാക്ക് കേട്ട് വേടൻ വധോദ്യമം നിർത്തിവെച്ചു. അവൻ അതിനെ ഒരു കൂട്ടിലാക്കി നഗരത്തിലേയ്ക്കു നടന്നു. കിളിയുടെ വില ആയിരം പൊൻപണമാണെന്നു കേട്ട് ആളുകളെല്ലാം തിരിഞ്ഞുനോക്കാതെ കടന്നുപോയി. ഒരു കിളിക്ക് ആയിരം പൊൻപണം വില പറയുന്നവനെ കിറുക്കനായാണ് അവർ കണക്കാക്കിയത്. അവസാനം, ആ നഗരത്തിലെ വ്യാപാര പ്രമുഖനായ ഭൂതലിംഗൻ ആ വഴിയെ വന്നു. അയാൾ പുതിയതായി ഒരു കട തുറക്കുന്ന ദിവസമായിരുന്നു അന്ന്. ഭൂതലിംഗൻ കിളിക്കു വില ചോദിച്ചപ്പോൾ ആയിരം പൊൻപണമെന്ന് വേടൻ പറഞ്ഞു. വേടനോട് ഭൂതലിംഗൻ തട്ടിക്കയറി: 'നിനക്ക് ഭ്രാന്തുണ്ടോ? രണ്ടു കാശുകൊടുത്താൽ കിട്ടുന്ന കിളിക്ക് വില ആയിരം പൊൻപണമോ?'' ഇത്രയുമായപ്പോൾ കിളി പറഞ്ഞു: “ഭൂതലിംഗച്ചെട്ടിയാരേ, നിങ്ങൾ ആയിരം പൊൻപണം കൊടുത്ത് എന്നെ വാങ്ങിച്ചോളു. നിങ്ങൾക്ക് ഒരു നഷ്ടവും വരികയില്ല..."

കടതുറക്കാനുള്ള ഉദ്ദേശമുണ്ടല്ലോ? ഞാനവിടെയിരുന്ന് ഒരു മാസത്തിനകം പതിനായിരം പൊൻപണം സമ്പാദിച്ചു തരാം.” കിളി സംസാരിക്കുന്നതും താൻ തുടങ്ങാൻ പോകുന്ന കടയെപ്പറ്റി പറയുന്നതും കേട്ട് ഭൂതലിംഗൻ അതിശയിച്ചുപോയി. ഇത് സാധാരണ കിളിയല്ലെന്നും എന്തോ ചില അസാധാരണ കഴിവുകൾ ഇതിനുണ്ടെന്നും നിശ്ചയിച്ചുറച്ച് അയാൾ വേഗം വേടൻ ആവശ്യപ്പെട്ട പണം കൊടുത്ത് കിളിയെ വാങ്ങി വീട്ടിലേയ്ക്കു കൊണ്ടുപോയി. കട ഉദ്ഘാടനം ചെയ്യുന്ന സുദിനമായ അന്നുതന്നെ അയാൾ ഒരു സ്വർണക്കൂട് പണിയിച്ച് കിളിയെ അതിലാക്കി കടയുടെ മുൻവശത്ത് സ്ഥാപിച്ചു. കിളിയുടെ അഭിപ്രായപ്രകാരം ചെട്ടിയാരുടെ കടയിൽ ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. സാധനങ്ങൾ വാങ്ങാൻ വരുന്നവരോട് സംസാരിച്ചിരുന്നതും മറ്റും കിളിതന്നെയാണ്. അതിന്റെ കീഴിൽ സാധനങ്ങളെടു ത്തുകൊടുക്കാൻ വേലക്കാരും പണം വാങ്ങി സൂക്ഷിക്കാൻ ഭൂതലിംഗവും ഉണ്ടായിരുന്നു. കിളി കച്ചവടം ചെയ്യുന്ന വിചിത്രരീതി കാണാൻ കടയിൽ ആളുകൾ തിങ്ങിക്കൂടുക പതിവായി. കിളിയുടെ മധുരോദാരമായ സംഭാഷണ ശൈലിയും തമാശപറച്ചിലും കൂടുതൽ ആളുകളെ അങ്ങോട്ടാകർഷിച്ചു. ഭൂതലിംഗത്തിന്റെ വ്യാപാരം അഭിവൃദ്ധിപ്രാപിച്ചു. കുറെ കഴിഞ്ഞപ്പോൾ, ജനങ്ങൾ തമ്മിലുണ്ടാകുന്ന ചെറിയ വഴക്കുകൾ തീർക്കാനായി കിളി നിയോഗിക്കപ്പെട്ടു. ഇരുപക്ഷക്കാരുടേയും വാദങ്ങൾ സശ്രദ്ധം കേട്ട് കിളി പറയുന്ന വിധി എല്ലാവർക്കും ബോധിച്ചിരുന്നു. അങ്ങനെ ആ കിളിയുടെ പ്രശസ്തി പെട്ടെന്ന് പരന്നു. ഭൂതലിംഗത്തിന് ഒരു സ്നേഹിതയുണ്ടായിരുന്നു. രൂപസുന്ദരി എന്നായിരുന്നു അവളുടെ പേര്. അവൾക്ക് വേറെ ആറു യുവാക്കൾ സ്നേഹിതരായി ഉണ്ടായിരുന്നു. ഒരു ദിവസം രണ്ടു ബ്രാഹ്മണയുവാക്കൾ കുളിക്കാനായി നദീതീര ത്തിലെത്തി. അവർ തമ്മിൽ പലതും സംസാരിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഒരുവൻ പറഞ്ഞു: “എടോ ചങ്ങാതീ, ഞാൻ ഇന്നലെയൊരു സ്വപ്നം കണ്ടു. രൂപസുന്ദരി അണിഞ്ഞൊരുങ്ങി എന്റെ അരികിൽ വന്നെന്നായിരുന്നു സ്വപ്നം.'' രൂപസുന്ദരിയുടെ ഒരു വേലക്കാരി അന്നേരം ആ നദിക്കരയിൽ നിന്ന് വസ്ത്രമലക്കുന്നുണ്ടായിരുന്നു. അവൾ ഇതു കേട്ടമാത്രയിൽ ഗൃഹത്തി ലേയ്ക്കു പായുകയും വിവരം അറിയിക്കുകയുമുണ്ടായി. രൂപസുന്ദരി പിന്നാലെ നദീതീരത്തെത്തുകയും ബ്രാഹ്മണനെ പിടികൂടുകയും തന്നെ സ്വപ്നത്തിൽ കണ്ടതിന്റെ പ്രതിഫലമായി ആയിരം പൊൻപണം ആവശ്യപ്പെടുകയും ചെയ്തു. ദരിദ്രനായ ആ യുവാവ് അമ്പരന്നു നിന്നു. രൂപസുന്ദരി ഒഴിഞ്ഞുമാറുന്നവളായിരുന്നില്ല. അവൾ ആവശ്യപ്പെട്ട സംഖ്യ കിട്ടാതെ പോകുല്ല..

അവർ തമ്മിൽ വാക്കേറ്റം മൂത്ത് ഉന്തും തള്ളുമായി പരിണമിച്ചു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടി. ഇതിനൊരു തീർപ്പുണ്ടാക്കാൻ വേണ്ടി ഇരു വരും രാജസന്നിധിയിലെത്തി. രൂപസുന്ദരിയുടെ വാദം രാജാവിന് മനസ്സിലായില്ല. അദ്ദേഹം ഇക്കാര്യം മന്ത്രിക്ക് വിട്ടുകൊടുത്തു. മന്ത്രി രൂപസുന്ദരിയയും ബ്രാഹ്മണയുവാവിനേയും കൊണ്ട് ഭൂതലിംഗത്തിന്റെ കടയിലെത്തുകയും കിളിയോട് ഈ പ്രശ്നത്തിന് വിധി പ്രസ്താവിക്കാൻ അപേക്ഷിക്കുകയും ചെയ്തു. കിളി രൂപസുന്ദരിയോട് ആവശ്യപ്പെട്ടു: “രൂപസുന്ദരീ, നിന്റെ ആവലാതി തുറന്നുപറയു! സത്യവും നീതിയു മുണ്ടെങ്കിൽ ഞാൻ നിന്നെ സഹായിക്കാം.'' രൂപസുന്ദരി പറഞ്ഞു: “ഈ നിൽക്കുന്ന യുവാവ് ഇന്നലെ എന്നെ കാണുകയുണ്ടായി. സ്വപ്ത്തിലായാലും നേരിട്ടായാലും ഫലം ഒന്നു തന്നെയാണ്. ആയിരം പൊൻപണം പ്രതിഫലമായിത്തരണമെന്നാണ്. എത്ര പറഞ്ഞിട്ടും ഇയാൾ അത് തരുന്നില്ല.” കിളി യുവാവിനുനേരെ തിരിഞ്ഞ് ചോദിച്ചു: “ബ്രാഹ്മണയുവാവേ, നിങ്ങളെന്തിനാണ് ഈ സ്ത്രീയെ സമീപിച്ചത്?'' യുവാവിന്റെ മറുപടി വന്നു. “കിളിയേ, ഞാൻ പറയുന്നത് സത്യമാണ്. അവളെ സമീപിച്ചതായി ഞാൻ സ്വപ്നം കണ്ടത് നേരാണ്. യഥാർഥത്തിൽ ഞാൻ ഇവളെ കണ്ടിട്ടുകൂടിയില്ല. സ്വപ്നം കണ്ട വിവരം ഞാൻ എന്റെ സ്നേഹിതനോട് പറഞ്ഞു. അവളുടെ വേലക്കാരി അതു കേട്ട് ഇവളോടു ചെന്ന് പറഞ്ഞു. ഇപ്പോൾ ഇവൾ എന്നെ പരസ്യമായി ആക്ഷേപിക്കുകയാണ്.'' കിളിയുടെ : “ഓഹൊ, അതു കൊള്ളാം! രൂപസുന്ദരീ, സ്വപ്നത്തിൽ കണ്ടതിനും നീ പ്രതിഫലം ആഗ്രഹിക്കുന്നുണ്ടോ?'' “സ്വപ്നത്തിലായാലെന്താ, ഇയാൾ എന്നെ കണ്ടുവെന്നാണല്ലോ പറയുന്നത്? അപ്പോൾ എനിക്ക് പ്രതിഫലവും കിട്ടണം.'' വിധിന്യായം കേൾക്കാൻ അവിടെ ഒട്ടേറെ ജനങ്ങൾ തിങ്ങിക്കൂടിയിരുന്നു. ആയിരം പൊൻപണം ഒരു കിഴിയിലാക്കിക്കൊണ്ടുവരാൻ കിളി മന്ത്രിയോട് ആവശ്യപ്പെട്ടു. പണക്കിഴി പെട്ടിക്കാത്തിയിട്ട് അതിനുതാഴെ ഒരു വലിയ കണ്ണാടിയും സ്ഥാപിക്കപ്പെട്ടു. അപ്പോൾ പണക്കിഴിയുടെ പ്രതിച്ഛായ കണ്ണാടിയിൽ പ്രതിഫലിച്ചിരുന്നു. പിന്നെ, കിളി പറഞ്ഞു: “രൂപസുന്ദരീ, നിന്റെ വാദം ശരിയാണ്. സ്വപ്നത്തിൽ കണ്ടതിനും ആയിരം പൊൻപണം കിട്ടേണ്ടതുതന്നെ. ഇതാ, ഈ കണ്ണാടിയിൽനിന്ന് പണമെടുത്തോളൂ.'' രൂപസുന്ദരിയുടെ പരാതി: “കണ്ണാടിയിൽ പ്രതിബിംബം മാത്രമേയുള്ളൂ. എങ്ങനെയാണ് പണം കിട്ടുന്നത്!!!''

“സ്വപ്നത്തിൽ നിന്നെ കണ്ടതിന്റെ പ്രതിഫലം കണ്ണാടിയിലെ പണമാണ്. യഥാർഥത്തിൽ കണ്ടിട്ടുണ്ടെങ്കിൽ യഥാർഥ പണവുമെടുക്കാം. ലജ്ജയില്ലാത്തവളേ! പാവപ്പെട്ടവരെ വഞ്ചിക്കാനും അപമാനിക്കാനും ഒരുങ്ങുന്ന നിന്നെപ്പോലുള്ള പഠിച്ച് കള്ളികൾ നാടിനുപോലും അപമാനമാണ്.'' കിളിയുടെ വിധിന്യായം കേട്ട ജനങ്ങൾ സന്തോഷിക്കുകയും രൂപസന്ദരിയെ കളിയാക്കി ആർത്തുചിരിക്കുകയും ചെയ്തു. താൻ ഇങ്ങനെ പൊതു ജനമധ്യത്തിൽ വെച്ച് അപമാനിതയായതു കണ്ടപ്പോൾ അവളുടെ കണ്ണുകളിൽനിന്ന് തീപ്പൊരി പറന്നു. രൂപസുന്ദരി വെല്ലുവിളി നടത്തി: “അല്പായുസ്സുള്ള കിളീ! രണ്ടുകാശുവിലയുള്ള നീ എന്നെ അപമാനിച്ചതിന് നിന്നെ ഞാനൊരു പാഠം പഠിപ്പിക്കുന്നുണ്ട്. ഇന്നുതൊട്ട് എട്ടുദിവസത്തിനകം ഞാൻ നിന്നെ കൊന്ന് പാകം ചെയ്ത ഭക്ഷിക്കും.'' കിളി: “ഓഹൊ! കോപിച്ചുകഴിഞ്ഞാ? ഞാൻ പറഞ്ഞ വിധിന്യായം നിനക്കു മാത്രമേ രുചിക്കാതിരിക്കുന്നുള്ളൂ. സകലജനങ്ങളും എന്റെ പക്ഷത്താണ്. അല്പബുദ്ധിയായ നീ അഹങ്കരിക്കരുത്. എന്നെ കൊല്ലാൻ നീ ശ്രമിച്ചാൽ നിന്റെ ശിരസ്സ് മുണ്ഡനം ചെയ്ത് ശരീരമാകെ പുള്ളി കുത്തി കഴുതപ്പുറത്തേറ്റി ഇവിടത്തെ വിഷ്ണുക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യിക്കും.'' രൂപസുന്ദരി കോപാകുലയായി സ്വഭവനത്തിലേയ്ക്കു മടങ്ങി. തന്നെ പരസ്യമായി ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്ത കിളിയെ വക വരുത്തുന്നതെങ്ങനെയെന്നായി പിന്നത്തെ അവളുടെ ചിന്ത. പ്രതികാര വാഞ്ഛമൂലം അവൾ ദിനചര്യകൾ പോലും കൈവെടിഞ്ഞു. കിളിയുടെ ഉടമസ്ഥനായ ഭൂതലിംഗം അവളുടെ പറ്റുപടിക്കാരിൽ ഒരാളായിരുന്നു. ഒരു തവണ അയാൾ രൂപസുന്ദരിയുടെ വീട്ടിൽ ചെന്നപ്പോൾ അവൾ പിണക്കം നടിച്ചു. അവളെ സാന്ത്വനിപ്പിക്കാൻ വേണ്ടി അയാൾ പലതും പറഞ്ഞെങ്കിലും അവൾ അനങ്ങിയില്ല. അവസാനം, കടയിലിരിക്കുന്ന കിളിയെ തനിക്ക് സമ്മാനമായി തന്നെങ്കിൽ മാത്രമേ താൻ സന്തോഷവതിയാകുകയുള്ളൂവെന്നു പറഞ്ഞപ്പോൾ അയാൾ അതിനു സമ്മതിക്കുകയും കിളിയെ കൊണ്ടുവന്ന് അവള്ക്ക് കൊടുക്കുകയും ചെയ്തു. ചെട്ടിയാർ സേവയ്ക്കുവേണ്ടി തന്നെ കൊടുത്തിരിക്കുന്നതോർത്ത് കിളിക്ക് മനസ്താപമുണ്ടായി. എന്തായാലും, സംഭവിക്കുന്നതെല്ലാം സംഭവിക്കട്ടെയെന്നു വിചാരിച്ച് അത് കൂട്ടിൽത്തന്നെ അനങ്ങാതെ കിടന്നു. ഭൂതലിംഗൻ മടങ്ങിയപ്പോൾ രൂപസുന്ദരി വേലക്കാരിയെ വിളിച്ച് പറഞ്ഞു: "എന്നെ പരസ്യമായി ആക്ഷേപിച്ച ഈ കിളിയെ പാകം ചെയ്ത ഭക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇപ്പോൾ അതിനെ കയ്യിൽ കിട്ടിയിരിക്കുന്നു. ഇതിനെ, ഞാൻ കുളിച്ചുവരുമ്പോഴേയ്ക്കും പാകം ചെയ്തു വെച്ചേക്കണം.”

രൂപസുന്ദരി കുളിക്കാൻ പോയപ്പോൾ വേലക്കാരി കൂട്ടിൽ നിന്ന് കിളിയെ പുറത്തെടുത്ത് കൊണ്ടുപോകാനൊരുങ്ങി. രക്ഷപ്പെടാൻ ഇതുതന്നെയാണ് തക്ക അവസരം എന്നു കരുതിയ കിളി അവൾ പിടിച്ചയുടനേ ചിറകിട്ടടിക്കുകയും നഖംകൊണ്ട് മാന്തുകയും ചെയ്തു. അവൾ പേടിച്ച് പെട്ടെന്ന് പിടി വിട്ടു. കിളി പറന്നുപോയി അടുത്തുണ്ടായിരുന്ന വിഷ്ണുക്ഷേത്രത്തിന്റെ മുന്നിലെ ആൽവൃക്ഷത്തിൽ ചെന്നിരുന്നു. കിളി കൈവിട്ടുപോയപ്പോൾ വേലക്കാരി പരുങ്ങലിലായി. രൂപസുന്ദരി ഇതറിഞ്ഞാൽ തന്നെ ബാക്കിവെക്കുകയില്ലെന്ന് അവൾക്കറിയാമായിരുന്നു. എന്തായാലും കിളിയെ പാകം ചെയ്യാനാണല്ലോ തന്നെ ഏൽപിച്ചിരിക്കുന്നത്. അവൾ വേഗം ഒരു തവളയെ പിടിച്ച് വൃത്തിയാക്കി പാകം ചെയ്തു. രൂപസുന്ദരി കുളിയും ക്ഷേത്രദർശനവും കഴിഞ്ഞ് മടങ്ങിവന്ന് ഭക്ഷണത്തിനിരുന്നു. വേലക്കാരി തവളമാംസം പാകം ചെയ്തത് കൊണ്ടുവന്നു വിളമ്പി. തന്നെ അപമാനിച്ച കിളിയെ കൊന്നുതിന്നുകയാണെന്ന വിചാരത്തിൽ രൂപസുന്ദരി ഈർഷ്യയോടെ അത് മുഴുവൻ ഭക്ഷിച്ചു. ഓരോ കഷണം തിന്നുമ്പോഴും പ്രതികാരബുദ്ധിയോടെ അവൾ പുലമ്പിക്കൊണ്ടിരുന്നു. “നീയാണോ എന്നെ അപമാനപ്പെടുത്തിയത്?” “നീയാണോ ന്യായാധിപൻ?'' “നീയാണോ എന്റെ തല മുണ്ഡനം ചെയ്യുമെന്ന് വീമ്പിളക്കിയത്?'' ഭക്ഷണാനന്തരം തന്റെ മഹാശത്രുവിനോട് പകവീട്ടിയ ചാരിതാർഥ്യത്തോടെ രൂപസുന്ദരി ശയനമുറിയിലേയ്ക്കു പോയി. രൂപസുന്ദരി ഉടലോടെ സ്വർഗത്തിലേയ്ക്കു പോകാൻ ആഗ്രഹിച്ചിരുന്നു. ഇതിനുവേണ്ടി അവൾ ദിവസേന അർധരാത്രിക്കു ശേഷം വിഷ്ണു ക്ഷേത്രത്തിലേയ്ക്കു വരുന്നതും പ്രാർഥിക്കുന്നതും അവിടെ മരക്കൊമ്പിലിരുന്ന കിളിയായ വിക്രമാദിത്യൻ കാണാനിടയായി. തന്റെ പ്രതിജ്ഞ നിറവേറ്റാനുള്ള ഉപായം കിളി ആലോചിച്ചുറച്ചു. ഒരു ദിവസം രാത്രിയിൽ കിളി രഹസ്യമായി ക്ഷേത്രത്തിലെ വിഗ്രഹത്തിനു പുറകിൽ ഒളിച്ചിരുന്നു. പതിവുപോലെ അർധരാത്രിയായപ്പോൾ രൂപസുന്ദരി വന്ന് പ്രാർഥിക്കുവാൻ തുടങ്ങി. അപ്പോൾ ബിംബത്തിന് പുറകിൽ നിന്ന് ശബ്ദമുയർന്നു: “ഭക്തയായ രൂപസുന്ദരീ, നിന്റെ അചഞ്ചലമായ ഭക്തിയിൽ ഞാൻ അതീവസംതൃപ്തയായിരിക്കുന്നു. അടുത്ത വെള്ളിയാഴ്ച ഞാൻ നിന്നെ ഉടലോടെ സ്വർഗത്തിലേയ്ക്കു കൊണ്ടുപോകുന്നുണ്ട്. അതിനുമുമ്പ് ചില ചടങ്ങുകളെല്ലാം നിറവേറ്റാൻ മടിക്കരുത്. നിന്റെ സ്വത്തുക്കൾ ദരിദ്രർക്കായി ദാനം ചെയ്ത് സർവസംഗപരിത്യാഗിനിയായി അടുത്ത വെള്ളിയാഴ്ച രാവിലെ ഇവിടെ വരണം. തല മുണ്ഡനം ചെയ്ത് ശരീരത്തിൽ പുള്ളികൾ കുത്തി കാവി വസ്ത്രം ധരിച്ച് കഴുതപ്പുറത്തു കയറി ഇവിടെ വന്ന് നമസ്കരിക്കണം. അപ്പോൾ നിന്നെ കൊണ്ടുപോകുവാൻ സ്വർഗത്തിൽനിന്ന് വാഹനം പ്രത്യക്ഷപ്പെടും. ഈ വിവരം നിനക്ക് വേണ്ടപ്പെട്ടവരെയെല്ലാം അറിയിക്കണം.''

വിഗ്രഹത്തിന്റെ പിന്നിൽ നിന്നു കേട്ട സ്വരം സാക്ഷാൽ ദൈവത്തിന്റേതാണെന്ന് അവൾ വിചാരിച്ചു. തന്റെ ചിരകാലാഭിലാഷം സാധിതപ്രായമാകാൻ പോകുന്നതോർത്ത് അവൾ സന്തുഷ്ടയായി. നാടു മുഴുവനും ഈ വിവരം പരന്നു. രൂപസുന്ദരിയെ ഉടലോടെ സ്വർഗത്തിലേയ്ക്കു കൊണ്ടുപോകാമെന്ന് ഈശ്വരന്റെ അരുളപ്പാടുണ്ടായിയെന്നു കേട്ടറിഞ്ഞ് ഒട്ടേറെ ജനങ്ങൾ ആ വെള്ളിയാഴ്ച ക്ഷേത്രസന്നിധിയിലെത്തി. നാടിന്റെ നാലുദിക്കിലും വല്ല അതിശയവും നടക്കുന്നുണ്ടോയെന്ന് ആരാഞ്ഞറിയാൻ നിയുക്തരായ ചാരന്മാർ ഈ വാർത്ത ഭട്ടിയേയുമറിയിച്ചു. വെറുമൊരു സാധാരണക്കാരിയായ ഒരുത്തി ഉടലോടെ സ്വർഗത്തിലേയ്ക്കു പോകുന്നതിൽ എന്തോ നിഗൂഢതകളുണ്ടെന്ന് അയാൾക്ക് ബോധ്യമായി. ഭൂതലിംഗച്ചെട്ടിയാരുടെ കിളിയെപ്പറ്റിയും കിളിയും രൂപസുന്ദരിയുമായുണ്ടായ വാദങ്ങളെപ്പറ്റിയും അയാൾ കേട്ടറിഞ്ഞു. ആ കിളി വിക്രമാദിത്യൻ തന്നെയായിരിക്കുമെന്ന് ഊഹിച്ച് അയാൾ രൂപസുന്ദരി സ്വർഗാരോഹണം ചെയ്യാൻ പോകുന്ന ക്ഷേത്രത്തിലേയ്ക്ക് യാത്രതിരിച്ചു. കൃത്യസമയത്ത് രൂപസുന്ദരി തന്റെ തല മുണ്ഡനം ചെയ്ത് ശരീരത്തിൽ പുള്ളികൾ കുത്തി കാവിവസ്ത്രം ധരിച്ച് കഴുതപ്പുറത്തു കയറി ക്ഷേത്രസന്നിധിയിൽ ഹാജരായി. അവളുടെ സമ്പത്ത് മുഴുവൻ ദരിദ്രർക്ക് വിതരണം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്ന തെന്ന് കാണികൾ ഉൽക്കണ്ഠയോടെ നോക്കിനിൽക്കെ, കിളി ഒരു തൂണിൽ പറന്നിരുന്ന് സംസാരിക്കാൻ തുടങ്ങി: “ഹേ, രൂപസുന്ദരീ, ഇപ്പോൾ ആരാണ് ജയിച്ചത്? എന്നെ കൊന്നു തിന്നുമെന്ന നിന്റെ പ്രതിജ്ഞ എന്തായി? ഞാൻ പറഞ്ഞതനുസരിച്ചുതന്നെ പ്രവർത്തിച്ചിരിക്കുന്നു. അല്ലയോ കാണികളേ, ദൈവത്തിനും നീതിക്കും നിരക്കാത്ത ഒരു കാര്യത്തിൽ ഞാനൊരു ന്യായമായ തീർപ്പുണ്ടാക്കി. അന്ന് ഇവൾ എന്നെ കൊല്ലുമെന്ന് പ്രതിജ്ഞചെയ്തതാണ്. ഇവളുടെ തല മുണ്ഡനം ചെയ്ത് ശരീരമാകെ പുള്ളി കുത്തി കഴുതപ്പുറത്തുകയറ്റുമെന്ന് ഞാനും സത്യം ചെയ്തു. ഇപ്പോൾ ഞാൻ വിജയിച്ചിരിക്കുന്നു. എന്റെ ശപഥം നിറ വേറിയിരിക്കുന്നു. ''പിന്നെ കിളി പറന്നുചെന്ന് ഭട്ടിയുടെ തോളിലിരുന്നു. അപ്പോൾ അയാൾക്ക് കാര്യമെല്ലാം മനസ്സിലായി. ഇരുവരും ഉജ്ജയിനിയിലേയ്ക്ക് യാത്രയായി. കിളി തന്നെ പറ്റിച്ചതോർത്ത് രൂപസുന്ദരി പകച്ചു നിന്നു. കാണികളെല്ലാം അവളെ ശകാരിക്കാനും പരിഹസിക്കാനും തുടങ്ങിയപ്പോൾ, അവൾ ആത്മഹത്യചെയ്തു. കാണികൾ കിളിയുടെ നയചാതുര്യത്തേയും ബുദ്ധി ശക്തിയേയും വാഴ്ത്തിയശേഷം സന്തോഷത്തോടെ പിരിഞ്ഞുപോയി. ഭട്ടിയും കിളിയും ഉജ്ജയിനിയിലെത്തി ഒരു രഹസ്യത്താവളത്തിൽ പ്രവേശിച്ചു. വിക്രമാദിത്യൻ തനിക്കു പറ്റിയ അമളിയും വിജയന്റെ ഇതുവരെയുള്ള ജീവിതകഥയും സവിസ്തരം പ്രതിപാദിച്ചു. വിജയന്റെ വഞ്ചന പുറത്തായി. അവനെ എന്തുചെയ്യണമെന്നും അതിനുള്ള ഉപായങ്ങളും അവർ ആലോചിച്ചുറച്ചു. ഡർബാറിലിരിക്കുന്ന വിജയന്റെ അടുക്കലേയ്ക്ക് ഭട്ടി ഒരു തോഴിയെ ചട്ടം കെട്ടി അയച്ചു. അവൾ ഭക്ത്യാദരപുരസ്സരം പറഞ്ഞു..

അവൾ ഭക്ത്യാദരപുരസ്സരം പറഞ്ഞു. “പ്രഭോ, അങ്ങയുടെ റാണിമാരുടെ വ്രതം ഇന്നോടെ അവസാനിച്ചിരിക്കുന്നു. ഇനി അങ്ങേയ്ക്ക് അന്തഃപുരത്തിൽ പ്രവേശിക്കാം.” തോഴിയുടെ സംസാരം കേട്ട വിജയൻ എന്ന വിക്രമാദിത്യന് സന്തോഷമായി. ഉടനേ തന്നെ മന്ത്രിമുഖ്യനായ ഭട്ടിയേയും കൂട്ടി അങ്ങോട്ടു പോകാനൊരുങ്ങി. ഭട്ടി പറഞ്ഞു: “അന്തഃപുരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു ചടങ്ങുണ്ട്. ആടുകൾ തമ്മിൽ ഒരു യുദ്ധം നടത്തിക്കണം. ഒരാട് അങ്ങയുടേതും എതിരാളിയാട് റാണിയുടേതുമായിരിക്കും. അങ്ങയുടെ ആടാണ് 'ജയിക്കുന്നതെങ്കിൽ അപ്പോൾതന്നെ അന്തഃപുരത്തിലേയ്ക്കു കടക്കാം.'' വിജയൻ എന്തിനും തയ്യാറായിരുന്നു. ആടുകൾ തമ്മിൽ യുദ്ധം ആരംഭിച്ചു. കുറെ കഴിഞ്ഞപ്പോൾ വിജയന്റെ ആട് ചത്തു വീണു. വിജയൻ ഉടനേ കൂടുവിട്ട് കൂടുപായുന്ന വിദ്യ ഉപയോഗിച്ച് സ്വന്തം ജീവനെ ചത്തുകിടക്കുന്ന ആടിന്റെ ശരീരത്തിൽ പ്രവേശിപ്പിച്ചു. അപ്പോൾ വിക്രമാദിത്യശരീരം നിർജീവമായിത്തീർന്നിരുന്നു. ഭട്ടി ഉടനേ കിളിയെ കൊണ്ടുവന്ന് കൂട് തുറന്നു വിട്ടു. കിളിയുടെ ശരീരത്തിൽനിന്ന് ജീവൻ യഥാർഥ വിക്രമാദിത്യന്റെ ശരീരത്തിൽ പ്രവേശിച്ചയുടനെ വിജയനാകുന്ന ആടിനെ ഒറ്റവെട്ടിന് തലയറുത്തു കൊന്നു. വേറെ ശരീരം കിട്ടാത്തതിനാൽ അപ്പോൾ തന്നെ വഞ്ചകനായ വിജയൻ മരിച്ചുവീന്നു. വിക്രമാദിത്യ ചക്രവർത്തി വീണ്ടും പഴയ രീതിയിൽ ഭരണഭാരം തുടർന്നു. തന്റെ റാണിമാരെ വിജയൻ അപഹരിക്കാതെ കാത്തുരക്ഷിച്ച ഭട്ടിയുടെ ബുദ്ധിചാതുര്യത്തിൽ അദ്ദേഹം അതിരറ്റ് സന്തോഷിച്ചു. കഥ തീർന്ന്, സാലഭഞ്ജിക ചോദിച്ചു: “ഭോജരാജാവേ! അത്ഭുതസിദ്ധികളുടെ വിളനിലമായിരുന്ന വികമാദിത്യന്റെ ബുദ്ധിവൈഭവവും വീരപരാക്രമങ്ങളും കേട്ടിട്ടും നിങ്ങൾ അദ്ദേഹത്തിന്റെ സിംഹാസനത്തിൽ കയറാനുദ്യമിക്കുന്നത് സാഹസമല്ലേ?'' സാലഭഞ്ജികയുടെ കഥപറച്ചിലവസാനിച്ചപ്പോൾ സന്ധ്യയായിരുന്നതിനാൽ അന്നത്തെ സദസ്സ് പിരിഞ്ഞു.

          

No comments:

Post a Comment