ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2021

നാഗസന്യാസിമാർ - 5

നാഗസന്യാസിമാർ - 5

അഘോരികൾ ശ്‌മശാന സാധനയാണ് പൊതുവേ ചെയ്യാറുള്ളതു. രാത്രികാലങ്ങളിലാണ് ഇവരുടെ സാധനകൾ നടക്കുന്നത്. ശവ സാധന നടത്തുന്ന അഘോരികളും ഉണ്ട്. അഘോരികളിൽ ഒരു വിഭാഗം ദുർമന്ത്രവാദവും ചെയ്യാറുണ്ട് എന്നാണ് വിശ്വാസം. ഇത്തരക്കാർ കുംഭമേള സ്നാനത്തിന് വരാറില്ല. പരിശുദ്ധ ജലത്തെ സ്പർശിച്ചാൽ തങ്ങളുടെ മന്ത്രിക സിദ്ധി നഷ്ടപ്പെട്ടുപോകും എന്നാണവരുടെ വിശ്വാസം.

പക്ഷെ പൊതുവിൽ അഘോരികളും നാഗ സന്യാസിമാരും ജനോപകാരപ്രദമായ പ്രവൃത്തികൾ ചെയ്യുന്നവർ ആണ്.

അഘോരി സമ്പ്രദായം ഭാരതത്തിൽ രൂപം കൊണ്ടത് കാശ്മീരിലാണ് എന്ന് വിശ്വസിക്കുന്നു. ബാബാ കിനാരം എന്ന സന്യാസി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ആണ് അഘോരി സമ്പ്രദായത്തിനു രൂപം കൊടുത്തതു.  ദത്താത്രേയനാണ് ഇവരുടെ ആദിഗുരു എന്ന് അവധൂത ഗീതയിൽ പറയുന്നു. ദത്രാത്രേയൻ  തൃമൂർത്തികളുടെയും അവതാരമാണെന്നാണ് വിശ്വാസം. അദ്ദേഹം ഗുജറാത്തിലെ ഗിർനാർ പർവതത്തിൽ വച്ചു ബാബ കിനാരാമിന്  ദീക്ഷ നൽകി എന്നും അവധൂത ഗീത പറയുന്നു. ദീക്ഷ നൽകിയതിനു ശേഷം ദത്താത്രേയൻ സ്വന്തം മാംസം ബാബ കിനാരത്തിന്  പ്രസാദമായി നൽകിയത്രേ. (അഘോരികൾ മനുഷ്യമാംസം ഭക്ഷിക്കും എന്ന കഥയുടെ പിന്നിൽ ഇതായിരിക്കാം കാരണം). അതുകൊണ്ടുതന്നെയാണ് ദത്താത്രേയനെ ഇവർ ആദി ഗുരുവായി കണക്കാക്കുന്നത്.

അഘോരികൾ പൊതുവേ മാംസഭുക്കുകളായിരിക്കും. എന്നാൽ നാഗസന്യാസിമാരിൽ മാംസഭുക്കുകളും സസ്യഭുക്കുകളുമുണ്ട്.
അഘോരികൾ തങ്ങൾ ശിവാംശം തന്നെയാണെന്നു വിശ്വസിക്കുന്നു. സ്വഗുരുവിനെ ശിവനായിത്തന്നെയാണ് അവർ കണക്കാക്കുന്നതും. കപാലം (തലയോട്) ഇവർ എപ്പോഴും കൂടെ കൊണ്ടുനടക്കാറുണ്ട് .. പക്ഷെ നാഗ സന്യാസിമാർ ഇത്തരം കാര്യങ്ങളൊന്നും ചെയ്‌തുപോരാറില്ല.

നാഗ സന്യാസിമാർ ഹിമാലയത്തിൽ ജീവിക്കുന്നു എന്നൊരു ധാരണ പൊതുവിലുണ്ട്. പക്ഷെ അവർ സാധാരണയായി സ്വന്തം അഘാടകളിലാണ് താമസിക്കാറുള്ളതു. എല്ലാ സംപ്രദായത്തിലും പെട്ട സന്യാസിമാർ തങ്ങളുടെ സാധനക്കായി ഹിമാലയം തിരഞ്ഞെടുക്കാറുണ്ട്. മനുഷ്യ സഹവാസം ഒഴിവാക്കി പൂർണ സാധനയിൽ മുഴുകാനാണ് അവർ ഹിമാലയത്തെ തിരഞ്ഞെടുക്കുന്നതു. അതി കഠിനമായ തണുപ്പിലും മഞ്ഞിലും ഒരു കൗപീനംധരിച്ചോ അല്ലെങ്കിൽ നഗ്നനായോ സാധനയനുഷ്ഠിക്കുന്ന നിരവധി സന്യാസിമാരെ ഹിമാലയത്തിൽ കാണാം. ഇവർ ഇവിടെ എങ്ങിനെ ജീവിക്കുന്നു എന്നതു നമ്മെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. പ്രാണായാമത്തിന്റേയും യോഗയുടെയും സഹായത്താലാണ് ഇവർ അവിടെ ജീവിക്കുന്നതു.
ശ്രീ എം കെ രാമചന്ദ്രൻ അദ്ദേഹത്തിന്റെ ഹിമാലയൻ യാത്രാ വിവരണങ്ങളിൽ ഇത്തരം നിരവധി സന്യാസിമാരോടൊത്തുള്ള അനുഭവങ്ങൾ രേഖപ്പെടുത്തിയിയിട്ടുണ്ട്.

ഭാരതത്തിലെ സന്യാസി സമൂഹം എന്നും സനാതന ധർമ്മത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുന്നു. ഇതിനായി അവർ ഒരു കൂട്ടായ്മക്കും രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ തലവൻ മഹാ മണ്ഡലേശ്വർ എന്നാണ് അറിയപ്പെടുന്നത്. ദശനാമി സമ്പ്രദായത്തിലെ എല്ലാ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സന്യാസിമാരും മഹാമണ്ഡലേശ്വറും എല്ലാ കുംഭമേളക്കും യോഗം ചേരുകയും സമാജത്തിലും സന്യാസി സമൂഹത്തിലും നടപ്പിലാക്കേണ്ട പരിഷ്കരണങ്ങളെക്കുറിച്ച് ചർച്ച ചെയ്തു തീരുമാനം എടുക്കുകയുമാണ് ചെയ്യുന്നത്.

ഭാരതത്തിന്റെ അടിത്തറ എന്നുപറയുന്നതു ആത്‍മീയതയാണ്. ഈ പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളും താനും ആ ഏകമായ ശക്തിയുടെ അംശംങ്ങൾ തന്നെയാണെന്നും എല്ലാറ്റിലും ആ ചൈതന്യം നിറഞ്ഞിരിക്കുന്നു എന്നുമാണ് സനാതന ധർമ വിശ്വാസം. ഈ ധർമ്മത്തെ ദിശബോധത്തോടെ എന്നും നയിച്ചിരുന്നത് ഇവിടുത്തെ സന്യാസി സമൂഹവുമാണ്. കലാകാലങ്ങളിൽ വേണ്ട മാറ്റങ്ങളും തിരുത്തലുകളും വരുത്തി അവർ മുന്നിൽ നിന്നു നയിക്കുന്നതു കൊണ്ടാണ് സനാതന സംസ്‌കൃതി ചിരപുരാതനമാണെങ്കിലും നിത്യ നൂതനമായിരിക്കുന്നത്

അവസാനിക്കുന്നു.

പിൻ കുറിപ്പ് : നാഗ , അഘോരി സന്യാസിമാരെക്കുറിച്ച് പരിമിതമായ അറിവ് മാത്രമേ പുറം ലോകത്തിനുള്ളൂ. അതിൽത്തന്നെ ഒട്ടുമിക്കതും അബദ്ധങ്ങൾ നിറഞ്ഞതുമാണ്. അതിനാൽത്തന്നെ ഈ കുറിപ്പ് പൂർണ്ണമാണെന്നോ തെറ്റുകൾ ഇല്ലാത്തതാണെന്നോ അഭിപ്രായമില്ല. അറിവുള്ളവർ അവരുടെ അറിവുകൾ കൂടി പങ്കു വെച്ചാൽ നമുക്ക് കൂടുതൽ കാര്യങ്ങൾ സമാജത്തിന് നൽകാൻ സാധിക്കും.

വിനോദ് വടകര

No comments:

Post a Comment