ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2021

വിക്രമാദിത്യകഥകൾ - 02

വിക്രമാദിത്യകഥകൾ - 02

ഭോജരാജചരിത്രം
➖➖➖➖➖➖➖➖➖
പ്രാചീനഭാരതത്തിലെ അപ്രതിമന്മാരായ ഭരണനേതാക്കളിൽ അദ്വിതീയനായിരുന്നു ഭോജമഹാരാജാവ്. വാണരുളിയിരുന്ന ജംബുദ്വീപിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സുയശസ്സ് അയൽനാടുകളിൽപ്പോലും മാറ്റൊലിക്കൊണ്ടിരുന്നു. കലാശാസ്ത്രവിശാരദനും നീതിപ്രിയനുമായിരുന്ന ഭോജന്റെ ഭരണ പാടവം പ്രശംസനീയമാണ്. സത്യത്തിന്റേയും ധർമത്തിന്റേയും വർണോജ്ജ്വലമായ പാതയിൽക്കൂടി സഞ്ചരിച്ച് അദ്ദേഹം സ്വരാജ്യത്തെ, ഭൂമിയിലെ സ്വർഗ്ഗമാക്കി മാറ്റിയെടുത്തു. അദ്ദേഹത്തിന്റെ രാജ്യഭരണവിഷയങ്ങളിൽ വലംകയ്യായി പ്രവർത്തിച്ചിരുന്നത് ചന്ദ്രസേനൻ എന്നു പേരായ മന്ത്രിപ്രവരനാണ്. വലിയൊരു പണ്ഡിതനും രാജ്യതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം രാജ്യത്തിന്റെ അവിച്ഛിന്നതയും പ്രജകളുടെ ക്ഷേമവും കാത്തുരക്ഷിക്കുന്നതിൽ ജാഗരൂകനായിരുന്നു. പ്രശ്നങ്ങളുടെ കാതലായ വശം കണ്ടുപിടിച്ച്, അവയ്ക്കുവേണ്ട പരിഹാരനടപടികൾ എടുക്കുന്നതിൽ ചന്ദ്രസേനനെപ്പോലെ സമർഥനായ ഒരു വ്യക്തി അക്കാലത്ത് ജീവിച്ചിരുന്നില്ല. അധികാരിവർഗം സാമാന്യജനങ്ങളുടെ ഹൃദയത്തുടിപ്പുകൾ കണ്ടറിഞ്ഞ്, അവർക്ക് നന്മയും സമൃദ്ധിയും ഉണ്ടാക്കാൻ ബാധ്യസ്ഥരാണെന്ന ബോധം അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും നിഴലിച്ചുനിന്നിരുന്നു. പ്രജാവത്സലനായ ഭോജരാജാവും മന്ത്രി ചന്ദസേനനും കൂടി രാജ്യം ഭരിച്ചുവരവെ കാമധേനുവും കല്പകവൃക്ഷവും സുര ലോകത്തുനിന്ന് ജംബുദ്വീപിലേയ്ക്ക് വിരുന്നുവന്ന പ്രതീതിയുണ്ടായി. പഴയ കാലത്തെ രാജാക്കന്മാരുടെ ഒരു വിനോദമായിരുന്നു നായാട്ട്. സുഖവും സംതൃപ്തിയും ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയും, ആഹ്ലാദിക്കാൻ ധാരാളം സമയം ലഭിക്കുകയും ചെയ്താൽ, ആ അവസരം ഗൗരവമുള്ള വിനോദങ്ങളിൽ വ്യാപരിപ്പിക്കയാണല്ലോനല്ലത്. ഉന്നതതലങ്ങളിൽ ജീവിക്കുന്ന പ്രശസ്ത വ്യക്തികൾ നായാട്ടാണ് അന്ന് തങ്ങളുടെ വിനോദോപാധിയായി സ്വീകരിക്കാറുള്ളത്. സ്വാഭാവികമായി ഭോജരാജാവിന്റെ മനസ്സും മൃഗയാവിനോദത്തിലേയ്ക്കുതന്നെ തിരിഞ്ഞു. മന്ത്രിമുഖ്യനോടാലോചിച്ച് അദ്ദേഹം അതിനു വേണ്ടതായ ഏർപ്പാടുകളെല്ലാം ചെയ്തു. നായാട്ടുകലയിൽ പ്രാവീണ്യം നേടിയവരും കരുത്തരുമായ യോദ്ധാക്കളെ പ്രത്യേകം തിരഞ്ഞെടുത്ത്, വേട്ടനായ്ക്കളുടെ അകമ്പടിയോടും ആയുധസന്നാഹങ്ങളോടും കൂടി ഒരു വലിയ സംഘം രാജാവിന്റെ നേതൃത്വത്തിൽ നിശ്ചിതദിവസം തന്നെ വനത്തിലേയ്ക്ക് പുറപ്പെട്ടു. വിജയകരമായ നായാട്ടു കഴിഞ്ഞ് മനംതെളിഞ്ഞ ഭോജനും അനുയായികളും രാത്രിയായപ്പോൾ സമീപത്തുള്ള ഒരു ഗ്രാമത്തിൽ താവളമടിച്ചു. അവരെല്ലാം ആ ദിവസത്തിലെ മധുരസ്മരണകളയവിറക്കിക്കൊണ്ട് സുഖമായുറങ്ങി.

അടുത്ത പ്രഭാതത്തിൽ താവളം വിട്ടിറങ്ങിയ നായാട്ടുസംഘം വളരെ സമീപത്തായി ഒരു സുന്ദരദൃശ്യം കണ്ട് അത്ഭുതപ്പെട്ടു. ഒരു കൊച്ചു കൃഷിത്തോട്ടമായിരുന്നു അത്. ഇളംകാറ്റിലാടിയുലയുന്ന മധുരക്കരിമ്പുകളുടെ സമൃദ്ധി ഒരതിശയമായിരുന്നു. തോട്ടത്തിനു മധ്യത്തിലായി ഉയർന്ന ഒരു മാടപ്പുരയും അതിൽ തോട്ടം കാവൽക്കാരനായ ഒരു ബ്രാഹ്മണനുമുണ്ടായിരുന്നു. ഭോജരാജനും സഹചരന്മാരും തോട്ടത്തിൽ പ്രവേശിച്ച് അതിന്റെ ഹാരിതയിൽ മനംമയങ്ങി നിലകൊണ്ടു. ഇതിനിടയിൽ മാടപ്പുരയിലിരുന്ന് അവരെക്കണ്ട ബ്രാഹ്മണൻ വിനയാന്വിതങ്ങളായ ഉപചാരവചസ്സുകൾകൊണ്ട് അവരെ സൽക്കരിച്ചു. ആ നല്ല വാക്കുകൾ ഉതിർന്നുവീണതിങ്ങനെയാണ്: “നിങ്ങൾ വഴിയാത്രക്കാരാണെന്ന് തോന്നുന്നല്ലോ കണ്ടാൽ: അതോ, നായാട്ടുകാരോ? എന്തായാലും ക്ഷീണമുണ്ടാകും. ഇവിടത്തെ ഈ ഫല മൂലങ്ങൾ ആവശ്യാനുസരണം പറിച്ചെടുത്ത് ഭക്ഷിച്ചോളൂ. ഒട്ടും സംശയിക്കാനില്ല, ഇതിന്റെ ഉടമസ്ഥൻ ഞാൻ തന്നെയാണ്.'' ഇതുകേട്ട് അവർക്കെല്ലാം ബ്രാഹ്മണനോട് അളവറ്റ ആദരവ് തോന്നി. ഉദാരമനസ്കനായ ആ സാധു വിപ്രന്റെ പ്രവൃത്തി അവരെ സന്തോഷഭരിതരാക്കി. അവർ ഫലങ്ങൾ പറിച്ച് ഭക്ഷിക്കുകയും കരിമ്പുരസം ആവശ്യാനുസരണം ആസ്വദിക്കുകയും ചെയ്തു. പക്ഷേ, പെട്ടെന്ന് നിനച്ചിരിക്കാത്ത ഒരു സംഭവമുണ്ടായി. മാടപ്പുരയിൽനിന്ന് താഴേയ്ക്കിറങ്ങിവന്ന ബ്രാഹ്മണൻ നിസ്സ ഹായനായി പരിഭ്രാന്തിയോടെ അലമുറയിടാൻ തുടങ്ങി: “അയ്യോ! ഓടിവരണേ... നാട്ടുകാരേ, സഹായിക്കണേ... കള്ളന്മാർ കടന്ന് എന്റെ തോട്ടം മുഴുവൻ നശിപ്പിക്കുന്നേ....'' രാജാവിന്റെ വിസ്മയത്തിന് അതിരുണ്ടായിരുന്നില്ല. എങ്ങനെ അമ്പരക്കാതിരിക്കും? അല്പസമയം മുമ്പ് കാരുണ്യത്തിന്റെ പ്രതീകമായിരുന്ന ആ ബ്രാഹ്മണൻതന്നെയാണ് ഇപ്പോൾ രോഷവും വ്യസനവും സഹിക്കവയ്യാതെ കേഴുന്നത്. രാജാവ് വിഷണ്ണനായി കൂടെയുള്ളവരോടൊപ്പം മടങ്ങിപ്പോരാനുദ്യമിച്ചു. ഇതെല്ലാം കണ്ട് വീണ്ടും മാടപ്പുരയിൽ കയറിയ ബ്രാഹ്മണൻ ശാന്ത. സ്വരത്തിൽ പഴയ ദയാവായ്പോടെ അവരോട് വിളിച്ചു പറയുകയാണ്: “ഹേ, മാന്യരേ, ഇത്രവേഗം മടങ്ങിപ്പോകുകയാണോ? കുറേക്കൂടി ഭക്ഷി ച്ചോളൂ. ക്ഷീണം തീരട്ടെ. വിശപ്പും ദാഹവും മാറി നിങ്ങൾ സംതൃപ്തരായാലേ എനിക്ക് സന്തോഷമാകൂ. ബ്രാഹ്മണന്റെ ചാപല്യമോർത്ത് എല്ലാവരും അയാളെ ഒരു ചിത്ത രോഗിയായി കണക്കാക്കി. ഈ ക്ഷണികവികാരമാറ്റങ്ങൾക്ക് പേർ ചിത്തഭ്രമം എന്നല്ലേ? പക്ഷേ, അതുവരെയും അയാളുടെ സംസാരവും വൈകാരിക ഭാവവും സൂക്ഷിച്ചുനോക്കിയിരുന്ന ഭോജൻ ആലോചിച്ചു. പെട്ടെന്ന് പെട്ടെന്നുള്ള ഈ മാറ്റങ്ങൾക്ക് കാരണമെന്താണ്? മാടപ്പുരയിലിരിക്കുമ്പോൾ ബ്രാഹ്മണൻ ശാന്തശീലനും ഉദാരമതിയുമായി കാണപ്പെടുന്നു. താഴേയ്ക്കിറങ്ങുമ്പോഴാണ് അയാൾ പതറിപ്പോകുന്നത്. തീർച്ചയായും ആ മാടപ്പുരയിൽ മനുഷ്യനെ നീതിമാനാക്കുന്ന എന്തെങ്കിലും പ്രതിഷ്ഠയുണ്ടായിരിക്കും.

ഒന്ന് പരീക്ഷിക്കാമല്ലോ. ഭോജരാജാവിന്റെ ചിന്ത ഈ വഴിക്കാണ് തിരിഞ്ഞത്. അതനുസരിച്ച് വലിയ ഒരു സംഖ്യ പ്രതിഫലമായി കൊടുത്ത് അദ്ദേഹം ആ തോട്ടം വിലയ്ക്കു വാങ്ങി. രാജാവിന്റെ നിർദ്ദേശപ്രകാരം ചന്ദ്രസേനന്റെ മേൽനോട്ടത്തിൽ അവിടെ അന്വേഷണങ്ങളാരംഭിച്ചു. ആയിരക്കണക്കിന് തൊഴിലാളികൾ മാടപ്പുരയ്ക്കു കീഴിലുള്ള ഭൂമി കുഴിക്കുവാൻ തുടങ്ങി. ഫലം എന്തായിരിക്കുമെന്നറിയാൻ ഏവരും ഉൽസുകരായിരുന്നു. അല്പം ദിവസങ്ങളിലെ കുഴിക്കലിനുശേഷം ശ്രമം വിജയകരമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കനകരത്നഖചിതങ്ങളായ സ്ത്രപികകളോടുകൂടിയ ഒരു സിംഹാസനമാണ് അവർക്ക് താഴെ കണ്ടത്. പ്രാചീനശില്പകലയുടെ ഉത്തമനിദർശനമായ ആ. സിംഹാസനം ഭോജന്റേയും കാണികളുടേയും ഹൃദയങ്ങളിൽ ആഹ്ലാദമാധുരി പകർന്നു. അത്ഭുതാനന്ദപരതന്ത്രരായ അവർ സിംഹാസനം പുറത്തേയ്ക്ക് കൊണ്ടുവന്നു. അതിശയകരമായ വസ്തുതന്നെ അത്! മുപ്പത്തിരണ്ട് പടവുകളും കാവൽക്കാരികളായി മുപ്പത്തിരണ്ട് സാല ഭഞ്ജികകളും ഉണ്ടായിരുന്ന ആ ദിവ്യാസനം ഭോജരാജാവിന്റെ രാജധാനിയിലേയ്ക്ക് എത്തിച്ചു. തോട്ടം കാവൽക്കാരനായിരുന്ന ബ്രാഹ്മണന്റെ ഭാവ ഭേദങ്ങൾക്ക് കാരണം ഈ സിംഹാസനമാണെന്നും ഇത് നീതിപ്രിയനായിരുന്ന ഏതോ രാജാവിന്റേതായിരിക്കാമെന്നും ഭോജൻ ഊഹിച്ചു. അദ്ദേഹം അതിൽ സ്വയം ആരോഹണം ചെയ്യാൻ നിശ്ചയിച്ചു. ഭോജൻ തന്റെ പ്രതാപത്തിനു യോജിച്ച സന്നാഹങ്ങളോടുകൂടി സിംഹാസനാരോഹണത്തിന് മുതിർന്നു. അന്ന് നാടു മുഴുവൻ ഉത്സവമായിരുന്നു. ഈ കർമം വീക്ഷിക്കാൻ അയൽനാടുകളിൽ നിന്നുപോലും കാണികളെത്തിച്ചേർന്നു. പൂജകളെല്ലാം കഴിഞ്ഞ് പുരോഹിതവര്യന്റെ അനുഗ്രഹാ ശിസ്സുകൾ സ്വീകരിച്ച് രാജാവ് സിംഹാസനത്തിനരികിലേയ്ക്കു നടന്ന് വിന യാന്വിതനായി സദസ്സിനോടുള്ള ഉപചാരം പ്രകടമാക്കി. അദ്ദേഹം സിംഹാ സനത്തിന്റെ ഒന്നാമത്തെ പടിയിൽ കാൽവെച്ചു. ആയിരം കണ്ണുകൾക്ക് ലക്ഷ്യമായി, ആയിരം ഹൃദയങ്ങൾക്ക് നാഥനായി, ഭോജൻ ആദ്യത്തെ പടിയിൽ കാൽ ചവിട്ടിയപ്പോൾ ആശ്ചര്യപ്പെടുത്തുന്ന ഒരു സംഭവമുണ്ടായി. മുപ്പത്തി രണ്ട് പടികളുടെ കാവൽക്കാരികളായി നിന്നിരുന്ന സാലഭഞ്ജികകളെല്ലാം കൈകൊട്ടി പൊട്ടിച്ചിരിച്ചു. വെറും മരപ്പാവകളെന്ന് കരുതിയിരുന്ന ആ കാവൽക്കാരികൾക്ക് ജീവനുണ്ടെന്നു മാത്രമല്ല, അവർ ഭോജരാജനെ പരിഹസിക്കുക കൂടി ചെയ്യുന്നു. സദസ്സിൽ അമ്പരപ്പുളവായി. ഭോജൻ തികച്ചും അപ്രതീക്ഷിതമായ ഈ സംഭവം കണ്ട് പരിഭ്രമിച്ചു. എന്നാലും സ്വയം നിയന്ത്രിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “ഹേ, പ്രതിമകളേ, ഞാൻ ഈ സിംഹാസനത്തിൽ കയറാൻ തുടങ്ങുമ്പോൾ നിങ്ങൾ കളിയാക്കിച്ചിരിക്കുന്നതെന്തിന്? കരുതിക്കൂട്ടി എന്നെ പരിഹസിക്കുകയാണോ? കാര്യം വ്യക്തമായി പറയുവിൻ?''

അന്നേരം ഒന്നാമത്തെ പടിയിൽ നിന്നിരുന്ന പ്രതിമ കുസൃതിച്ചിരി അടക്കിപ്പിടിച്ച് പറയാൻ തുടങ്ങി: “അല്ലയോ ഭോജരാജാവേ, നിങ്ങൾ ഈ സിംഹാസനത്തിൽ കയറാൻ ശ്രമിക്കുന്നതു കണ്ട് ചിരിച്ചുപോയതാണ്. ഈ സിംഹാസനമെവിടെ; നിങ്ങളെവിടെ!' വിശ്വവിജയിയായി ദേവലോകത്തുപോലും പ്രശസ്തിയുടെ പൊൻപതാക പറപ്പിച്ച, രണ്ടായിരം സംവത്സരം രാജ്യം ഭരിച്ച, അമ്പത്തിയാറ് രാജാക്കന്മാരുടെ നായകനായ വിക്രമാദിത്യ ചക്രവർത്തിയുടെ സിംഹാസനമാണിത്. സർവകലാവല്ലഭനും വീര്യശൗര്യാദികളിൽ അദ്വിതീയനുമായ ഞങ്ങളുടെ സ്വാമിയെവിടെ, കേവലം നിസ്സാരനായ അങ്ങവിടെ? ഈ വ്യത്യാ സങ്ങൾ ഓർത്തിട്ട് ചിരിച്ചുപോയതാണ് ഞങ്ങൾ.''ഭോജരാജാവിന്റെ സകലസംശയങ്ങളും നീങ്ങി. ഈ സിംഹാസനത്തിന്റെ പവിത്രതയും ഉജ്ജ്വലമായ പഴയ ചരിത്രവും ഓർത്ത് അദ്ദേഹം പുളകിതഗാത്രനായി. ചക്രവർത്തിമാരിൽ മണിമകുടമായിരുന്ന വിക്രമാദിത്യന്റെ വീരകഥകൾ ഒന്നു കേട്ടാൽ കൊള്ളാമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. അദ്ദേഹം പ്രഥമപ്രതിമയോട് പറഞ്ഞു. ലളിത എന്നു പേരായ ആ സാലഭഞ്ജിക പൂർവകാലസംഭവങ്ങൾ അനുസ്മരിച്ച് ഒരു നിമിഷം നിശ്ശബ്ദയായി നിന്നിട്ട്, സ്ഫുടവും വ്യക്തവു മായ ഭാഷയിൽ രോമാഞ്ചമുണർത്തുന്ന വിക്രമാദിത്യമഹാരാജാവിന്റെ വീര കഥകൾ പറയാൻ തുടങ്ങി.... ഭോജനും അദ്ദേഹത്തിന്റെ സദസ്സും അവളുടെ അഭിമാനോജ്ജ്വലമായ സ്വരത്തിൽ ലയിച്ചുപോയി.

No comments:

Post a Comment