ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 12

വിക്രമാദിത്യകഥകൾ - 12

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 09 - "മഹിപാലൻ"
➖➖➖➖➖➖➖➖➖
വിക്രമാദിത്യൻ നിരാശനായില്ല. വീണ്ടും വേതാളത്തെ  പിടിച്ചുകൊണ്ടു വന്നു. ഇക്കുറിയും മറ്റൊരു  കഥയുണ്ടായിരുന്നു. ഒരിടത്ത്‌  സർവാംഗസുന്ദരിയായ ഒരു രാജകുമാരിയുണ്ടായിരുന്നു. സകലകലാവിശാരദനും പ്രാണികളുടെ ഭാഷ അറിയുന്നവനുമായ മഹിപാലൻ എന്ന രാജകുമാരൻ അവളെ വിവാഹം കഴിച്ചു. ഒരു ദിവസം ദമ്പതികൾ കട്ടിലിൽ ശയിച്ചുകൊണ്ടിരിക്കെ, താഴെക്കൂടി പൊയ്ക്കൊണ്ടിരുന്ന എറുമ്പുകൾ കട്ടിലിന്റെ കാലിൽ മാർഗതടസ്സം വന്ന് വിഷമിച്ചു. നിരനിരയായുള്ള സ്വച്ഛന്ദസഞ്ചാരം തടയപ്പെട്ടപ്പോൾ ചില എറുമ്പുകൾ അതിന്റെ കാരണമന്വേഷിച്ചു. ഒരെണ്ണം ഉറക്കെ വിളിച്ചു പറഞ്ഞു: “ദമ്പതികൾ കിടന്നുറങ്ങുന്ന ഈ കട്ടിലിന്റെ കാലാണ് നമുക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നത്.'' അതു കേട്ട് മറ്റൊരു എറുമ്പ് അത്യധികം രോഷാകുലനായിക്കൊണ്ട് ഒച്ചയെടുത്തു: “അങ്ങനെയാണെങ്കിൽ ആ നശിച്ച കട്ടിലെടുത്ത് എവിടേയ്ക്കെങ്കിലും വലിച്ചെറിയരുതോ നിങ്ങൾക്ക്?'' ഇവരുടെ രസകരമായ സംഭാഷണങ്ങൾ ശ്രദ്ധിച്ചു കിടന്നിരുന്ന മഹിപാലൻ പൊടുന്നനെ പൊട്ടിച്ചിരിച്ചുപോയി. ഞെട്ടിയുണർന്ന രാജകുമാരി ഭർത്താവിന്റെ ചിരിക്കുള്ള കാരണം ആരാഞ്ഞുകൊണ്ടിരിക്കെ, തങ്ങളുടെ സംഭാഷണം പുറത്തുപറഞ്ഞാൽ രാജാവിന്റെ തല പൊട്ടിത്തെറിക്കുമെന്ന് എറുമ്പുകൾ ഉച്ചത്തിൽ ശപിച്ചുകളഞ്ഞു. മഹിപാലൻ ഒഴിഞ്ഞുമാറിയെങ്കിലും ഭാര്യയ്ക്ക് അത് കേട്ടേ കഴിയു എന്നായി. ഇത് പറഞ്ഞാൽ തന്റെ തല പൊട്ടിത്തെറിക്കുമെന്ന് അറിയിച്ചിട്ടും രാജകുമാരി നിർബന്ധം പിടിച്ചു. വിഷാദമഗ്നനായ മഹിപാലൻ മരിക്കാൻ തയ്യാറായി നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങവേ പുറത്തുനിന്നും രണ്ട് ആടുകളുടെ വർത്തമാനം കേട്ടു . ആണാട് പറഞ്ഞു: “ഈ രാജകുമാരനെപ്പോലെ ഞാൻ ഒരിക്കലും വിഡ്ഢിയാവുകയില്ല. എന്റെ ജീവൻ പണയപ്പെടുത്തി നിനക്കുവേണ്ടി പരിശ്രമിക്കത്തക്ക വങ്കത്തരമൊന്നും എന്നെ ബാധിക്കയില്ല.'' പെണ്ണാട് തട്ടിക്കയറിയപ്പോൾ ആണാട് പറഞ്ഞു: “വലിയ കാര്യം ഒന്നും പറയേണ്ടാ. നീയില്ലെങ്കിലും എനിക്ക് മറ്റൊരു ഭാര്യയെ കിട്ടും.” അങ്ങനെ ആണാട് പെണ്ണാടിനെ ഉപേക്ഷിച്ചു. അതു കണ്ട മഹിപാലൻ, തന്റെ ജീവന് അപായം സംഭവിക്കും എന്ന് അറിഞ്ഞിട്ടും വാശിപിടിക്കുന്ന ഒരു പെണ്ണിന്റെ ഇഷ്ടം അനുസരിക്കുന്നത് തെറ്റാണെന്ന് മനസ്സിലാക്കി അവളെ ഉപേക്ഷിക്കുകയും ചെയ്തു. കഥ നിർത്തി വേതാളം ചോദിച്ചു: “ഇതിൽ ആണാടിന്റേയോ മഹിപാലന്റേയോ പ്രവൃത്തിയാണ്. ബുദ്ധി പരമായത്?'' “സ്ത്രീയുടെ വാക്കു കേട്ട് അപകടത്തിൽ പെടാനൊരുമ്പെടാതെ കഴിച്ച ആണാടാണ് സമർഥൻ” എന്ന് വിക്രമാദിത്യൻ മറുപടി പറഞ്ഞപ്പോൾ വേതാളം സ്വതന്ത്രനായി ഓടിപ്പോയി മുരുക്കിൽ കയറി തൂങ്ങിക്കിടന്നാടി.

No comments:

Post a Comment