ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2021

നാഗസന്യാസിമാർ - 3

നാഗസന്യാസിമാർ - 3

മുഗൾ ഭരണത്തിനു ശേഷം നാഗ സന്യാസിമാർ തങ്ങളുടെ സാധനയും മറ്റുമായി ഒതുങ്ങി. ഈ അവസരത്തിലാണ്  ഇവരുടെ ഇടയിൽ രണ്ടു വിഭാഗങ്ങൾ രൂപം കൊണ്ടത്. അസ്ത്ര ധാരികളും ശാസ്ത്ര ധാരികളും അതായതു ആയുധ പരിശീലനത്തിന്  പ്രാധാന്യം കൊടുക്കുന്നവരും തത്വ ചിന്താ പഠനത്തിന് പ്രാധാന്യം കൊടുക്കുന്നവരും.

പക്ഷെ ബ്രിട്ടീഷ് ഭരണത്തിൽ ക്രിസ്ത്യൻ പുരോഹിതർ വ്യാപകമായ രീതിയിൽ മതപരിവർത്തനത്തിനിറങ്ങാൻ തുടങ്ങി. പോർച്ചുഗീസുകാരെപ്പോലെ അപൂർവം ചിലർ മാത്രമാണ് അക്രമണങ്ങളിലൂടെ മതം മാറ്റത്തിനു ശ്രമിച്ചതു. മറ്റുള്ളവർ ഭരണകൂടത്തിന്റെ സഹായത്തോടെ അവരുടേതായ രീതിയിൽ വിദ്യാഭ്യാസം നൽകി പുതു തലമുറയെ തങ്ങളുടെ മതത്തിലേക്ക് ആകർഷിക്കാൻ തുടങ്ങി. കൂടാതെ ഭാരതത്തിൽ ആയിടെ രൂപംകൊണ്ട സ്വതന്ത്ര ചിന്തകർ എന്ന വിഭാഗവും ഇതിനോട് അനുകൂല സമീപനം സ്വീകരിച്ചു. ഇതോടൊപ്പം പ്രലോഭനങ്ങളിലൂടെയും ഒരുപാടുപേരെ അവർ വശത്താക്കി.

ഹിന്ദു നേരിടുന്ന അടുത്ത വെല്ലുവിളിയായിരുന്നു ഇത്.  മുഗളർ ബലപ്രയോഗത്തിലൂടെയായിരുന്നു മത പരിവർത്തനം നടത്തിയതെങ്കിൽ ഇതു മറ്റൊരു വിധത്തിൽ ആണെന്ന് മാത്രം. അതുകൊണ്ടു തന്നെ കായിക പരമായി ഈ പ്രശ്നത്തെ നേരിടാനാവില്ലെന്നു അഘാടകൾ തിരിച്ചറിഞ്ഞു.
അവരുടെ യോഗത്തിൽ ഇതിനെതിരായി ഹിന്ദുവിനെ സ്വധർമ്മത്തേക്കുറിച്ച് ബോധവാനാക്കുക എന്നതാണ് പ്രധാന പരിഹാരം എന്ന് കണ്ടെത്തി. സംസ്‌കൃതത്തിനു പ്രചുര പ്രചാരം കൊടുക്കുക, വേദവും വേദാന്തവും എല്ലാവരിലും എത്തിക്കുക എന്നതായിരുന്നു ഇതിന് പരിഹാരമായി അവർ കണ്ടെത്തിയ മാർഗ്ഗം.

അഘാടകളിൽ വേദ, തത്വചിന്തകളിൽ പ്രാവീണ്യമുള്ളവരാണ് അവിടുത്തെ അദ്ധ്യാപകരായി വരുന്നത്. സ്വാഭാവികമായും സന്യാസി സമൂഹത്തിലും ഇവർ വിലയുള്ളവരായി. ഇത്തരക്കാരാണ് പിന്നീട് ആ അഘാടയുടെ മഹന്ത്മാരായി മാറുന്നത്. ഇവരിൽത്തന്നെ കൂടുതൽ പണ്ഡിത്യവും ബുദ്ധിശക്തിയും കഴിവുമുള്ളവരെ മണ്ഡലേശ്വർമാരായി അവരോധിച്ചു. (പണ്ട് ഉണ്ടായിരുന്ന  പരമഹംസർ എന്ന സ്ഥാനമാണ് പിന്നീട് മണ്ഡലേശ്വർ ആയ തെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.) ഓരോ അഘാടക്കും ഇത്തരം മണ്ഡലേശ്വർമാർ ഉണ്ടാവും. മഹാന്തുമാർ ചേർന്നാണ് മണ്ഡലേശ്വരെ തീരുമാനിക്കുക.

സ്വഭാവികമായും  ഒരു വ്യക്തിയുടെ ജ്ഞാനം, ബുദ്ധികൂർമ്മത, കഴിവ് എന്നിവയെമാത്രം അടിസ്ഥാനമാക്കിയാണ് ആ വ്യക്തിയെ മണ്ഡലേശ്വരായി തിരഞ്ഞെടുക്കുക.

ഇത്തരം മണ്ഡലേശ്വർമാർ അവരുടെ അഘാടയിൽനിന്നും പുറത്തു വന്നു പുതിയ  മഠങ്ങൾ തുടങ്ങണം എന്നു അഘാടകൾ തീരുമാനിച്ചു.

അങ്ങിനെ അഘാടകളിൽനിന്നും നിരവധി മണ്ഡലേശ്വർമാർ പുറത്തു വന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഠങ്ങൾ ആരംഭിച്ചു. ഉദാഹരണത്തിനു നിർവാണി അഘാടയിലെ സ്വാമി വിദ്യാനാഥ്  ആണ് അഹമ്മദാബാദിലെ ഗീത മന്ദിരം സ്ഥാപിച്ചത്. ഇദ്ദേഹം പിന്നീട് വാരണാസിയിൽ ഗീത ധർമ പ്രസ്സ് സ്ഥാപിച്ചു. ഈ പ്രസ്സ് ഇന്നും ഹൈന്ദവ ധർമ്മത്തേക്കുറിച്ചും തത്വ ചിന്തയെക്കുറിച്ചും പഠിക്കാനാഗ്രഹിക്കുന്നവർക്ക് ആവശ്യമായ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു.
സ്വാമി കൃഷ്ണനന്ദ് അമൃതസറിൽ മഠം സ്ഥാപിച്ചു. ഇങ്ങിനെ നിരവധി മണ്ഡലേശ്വർമാർ നിരവധി മഠങ്ങൾ വിവിധ ഭാഗങ്ങളിലായി  നിർമ്മിച്ചു. ഈ മഠങ്ങൾ പിൽക്കാലത്ത് ആശ്രമങ്ങൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

തുടർ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കാനായി നിർവാണി അഘാടയിലെ പ്രമുഖ സന്യാസി ശ്രേഷ്ഠന്മാർ കപിൽ മുനിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ആ യോഗത്തിൽ വേദങ്ങളും ഉപനിഷത്തുകളും തത്വ ചിന്തകളും പഠിപ്പിക്കുന്ന ഒരു സ്കൂൾ തുടങ്ങാൻ ധാരണയായി.

1911 ൽ ഹരിദ്വാറിൽ മഹാ നിർവാണ വേദവിദ്യാലയം സ്ഥാപിച്ചു. 1916 ൽ അത് അലഹബാദിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.. ഇന്നും വളരെയധികം വിജ്ഞാന ദാഹികൾക്ക് അറിവ് പകർന്നുകൊടുക്കുന്ന ഒരു വലിയ സ്ഥാപനമായി അതു
അവിടെ പ്രവർത്തിക്കുന്നു.

നാഗ സന്യാസിമാരുമായി ഏറ്റവുമധികം ബന്ധപ്പെടുത്തി ഉയരുന്ന ഒരു പേരാണ് കുംഭമേള. ഒരുപക്ഷെ നാഗ സന്യാസിമാരെ പൊതുജനം കൂട്ടമായി കാണുന്നത്  ആ അവസരത്തിലായാത് കൊണ്ടായിരിക്കാം ഇങ്ങനെ വരാൻ കാരണം.

12 വർഷം കൂടുമ്പോഴാണ് ഒരുസ്ഥലത്തു മഹാ കുംഭമേള അരങ്ങേറാറുള്ളതു. വിവിധ സന്യാസി സമ്പ്രദായങ്ങളിലെ സന്യാസിമാരൊക്കെ ആ സ്ഥലത്ത് ഒത്തുകൂടുന്നു. അവർ അവിടെ മൈതാനങ്ങളിൽ ടെന്റ് അടിച്ചു കൂട്ടമായി താമസിക്കുന്നു. അഘാട എന്നുതന്നെയാണ് ഇതിനേയും പറയാറ്.
വ്യാഴം കുംഭ രാശിയിലേക്ക് മാറുമ്പോഴാണ് കുംഭമേള നടക്കാറുള്ളതു. കുംഭമേളയിൽ സ്‌നാനത്തിനാണ് പ്രാധാന്യം. 4 ഷാഹി സ്‌നാനമാണ് ഒരു കുംഭമേളയിൽ വരിക. കുംഭമേളയിൽ  പങ്കെടുത്ത് സ്നാനം ചെയ്താൽ ഈ ജന്മത്തിലെ മാത്രമല്ല മുൻ ജന്മങ്ങളിലെ പാപങ്ങൾ കൂടെ ഒഴിവായി പോകുമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു.

കുംഭമേള എന്ന് തുടങ്ങി എന്നതിന് കൃത്യമായ തെളിവുകൾ ഒന്നുമില്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കുംഭമേള നടന്നതു 1796 ൽ ഹരിദ്വാറിലാണ്.
കുംഭമേളയിൽ ആദ്യം സ്‌നാനം ചെയ്യാനായി സന്യാസി സമൂഹങ്ങൾ തമ്മിൽ രക്ത രൂക്ഷിതമായ ഏറ്റുമുട്ടലുകൾ നടക്കാറുണ്ടായിരുന്നു.
ഒടുവിൽ ബ്രിട്ടീഷ് ഗവർമെന്റ് ഇതിൽ ഇടപെടുകയും ഒരു തീരുമാനത്തിൽ എത്തുകയും ചെയ്തു.
അങ്ങിനെ ആദ്യ സ്നാനത്തിനുള്ള അവകാശം നാഗ സന്യാസിമാർക്ക് ലഭിച്ചു. രണ്ടാമതായി വൈഷ്ണവ ഭൈരാഗി അഘാടക്കാണ് ഇതിനുള്ള അവകാശം മൂന്നാമതായി ഉദാസി നാനാക്ക് പന്തി സിഖുകാരും  നാലാമതായി നിർമ്മല സന്യാസി സമൂഹവുമാണ് സ്നാനം ചെയ്‌തു പോരുന്നത്.. ഈ രീതി ഇന്നും പാലിച്ചു പോരുന്നു. ഇത് ആദ്യമായി പ്രാബല്യത്തിൽ വന്നതും ഹരിദ്വാർ കുംഭമേളയിലായിരുന്നു.

തുടരും...

No comments:

Post a Comment