വിക്രമാദിത്യകഥകൾ - 42
പതിനാറാം സാലഭഞ്ജിക പറഞ്ഞ കഥ
അടുത്ത പ്രഭാതത്തിലും സിംഹാസനാരോഹണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കപ്പെട്ടു. പതിവുപോലെയുള്ള പൂജകളും കർമങ്ങളും കഴിഞ്ഞ ശേഷം ഭോജൻ സിംഹാസനത്തിൽ കയറാൻ പതിനാറാം പടിയിലെത്തിയ പ്പോൾ അവിടെ കാവലുണ്ടായിരുന്ന പ്രതിമ അദ്ദേഹത്തെ തടഞ്ഞുനിർത്തി കൊണ്ട് കഥപറയാൻ ആരംഭിച്ചു. പ്രജാവത്സലനായ വിക്രമാദിത്യൻ ഉജ്ജയിനിയിൽ ഭരിക്കുന്ന കാലത്ത് ഒരു സംഭവമുണ്ടായി. ആ നഗരത്തിലെ ധനാഢ്യനായ ഒരു പ്രമാണി അന്തരിച്ചു പോയി. അയാൾക്ക് നാലു പുത്രന്മാരുണ്ടായിരുന്നു. അവർ പിതൃ സ്വത്ത് ഭാഗിക്കേണ്ടതിനെക്കുറിച്ച് കലഹിക്കാൻ തുടങ്ങി. അവർ ഒസ്യത്തെടുത്തു നോക്കി. തന്റെ കട്ടിലിനു കീഴിൽ കുഴിച്ച ധനമെടുത്ത് ജീവിക്കണമെന്നായിരുന്നു അതിലെഴുതിയിരുന്നത്..
സഹോദരന്മാരും ഭൂമി കുഴിച്ചുനോക്കിയപ്പോൾ പത്തു കുടം നിറയെ കരിയും ഒരു കുടം നിറയെ എല്ലുമാണ് കണ്ടെത്തിയത്. പിതാവിന്റെ ധനമെല്ലാം എവിടെപ്പോയെന്നോർത്ത് അവർ വിഷമിച്ചു. ഇതിന്റെ പിന്നിൽ എന്തെങ്കിലും അതിശയമുണ്ടായിരിക്കുമെന്നും അത് തെളിയിക്കാൻ വിക്രമാദിത്യനേ കഴിയൂ എന്നും ഉറപ്പിച്ച് അവർ അദ്ദേഹത്തെ സമീപിച്ചു. വിവരങ്ങളെല്ലാം കേട്ടപ്പോൾ ചക്രവർത്തി പറഞ്ഞു: “നിങ്ങളുടെ പിതാവിന്റെ സ്വത്ത് ഒരിടത്തും പോയിട്ടില്ല. നിങ്ങൾ കലഹിക്കാതെ പരസ്പരം മതിയോടുകൂടി ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ വിദ്യ പ്രയോഗിച്ചത്. കുടത്തിൽ കാണുന്ന എല്ലുകളുടെ എണ്ണത്തിന് തുല്യമായത്ര പശുക്കളെ അദ്ദേഹം ഒരിടത്ത് സൂക്ഷിച്ചിട്ടുണ്ട്. അവയെ ബ്രാഹ്മണർക്ക് ദാനം ചെയ്യാനാണ് അദ്ദേഹം നിങ്ങളെ ഉപദേശിക്കുന്നത്. പത്തു കുടങ്ങളിൽ കാണുന്ന കരിയൊന്നും കരിയല്ല. അവ സ്വർണമാണ്. നിങ്ങൾക്ക് സുഖമായി ജീവിക്കാൻ വേണ്ടത്ര പണം ഇതിലുണ്ട്. നിങ്ങൾ ഇതെല്ലാം ഭാഗിച്ചെടുത്ത് രക്ഷാധികാരിയായി മൂത്തസഹോദരനെ ഏല്പിക്കുകയും കലഹിക്കാതെ ജീവിക്കയും ചെയ്യണം.''നാലു സഹോദരന്മാർക്കും സംതൃപ്തിയായി. അവർ സ്വപിതാവിന്റെ ആഗ്രഹാനുസരണം ജീവിക്കാൻ നിശ്ചയിച്ച് വിക്രമാദിത്യനോട് വിടവാങ്ങി. കഥ തീർന്ന് സാലഭഞ്ജികയുടെ ചോദ്യം: “ഹേ, ഭോജരാജാവേ, ഇത്രയേറെ കുശാഗ്രബുദ്ധിയും പരഹൃദയജ്ഞാ നിയുമായ വേറെ ഏതെങ്കിലും ഒരു രാജാവിനെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ന്യായാചരണത്തിൽ ധർമദേവനെപ്പോലും തോൽപ്പിക്കുന്ന അദ്ദേഹത്തിന്റെ സുയശസ്സിനാൽ പ്രകാശിതമായ ഈ മഹനീയ സിംഹാസനത്തിൽ നിങ്ങൾ കയറുന്നത് സൂക്ഷിച്ചു വേണം." കഥ അവസാനിപ്പിച്ചുകൊണ്ട് ആ സാലഭഞ്ജിക ദീർഘമായൊന്ന് നിശ്വസിച്ചു. അപ്പോഴേയ്ക്കും സന്ധ്യയായിരുന്നതിനാൽ സദസ്സ് പിരിഞ്ഞു. രാജാവ് നിശ്ശബ്ദനായി കൊട്ടാരത്തിലേയ്ക്കു നടകൊണ്ടു.
No comments:
Post a Comment