വിക്രമാദിത്യകഥകൾ - 35
പത്താം സാലഭഞ്ജിക പറഞ്ഞ കഥ
പിറ്റേ ദിവസം നേരം പുലർന്നു. കഥ പറയുന്ന സാലഭഞ്ജികകളെക്കുറിച്ചു കേട്ട് നാടിന്റെ നാനാദിക്കുകളിൽനിന്നും വന്നെത്തിയിരുന്നവർ എണ്ണിയാൽ തീരാത്തത്ര ഉണ്ടായിരുന്നു . പൂജാകർമങ്ങളെല്ലാം യഥാവിധി നടത്തിയിട്ട് ഭോജമഹാരാജാവ് സിംഹാസനാരോഹണോദ്യുക്തനായി. കഴിഞ്ഞ നാളുകളിൽ സംഭവിച്ചതുപോലെത്തന്നെ പത്താം പടിയിൽ നിന്നിരുന്ന സാലഭഞ്ജിക അദ്ദേഹത്തെ തടുത്തുനിർത്തുകയും വാദപ്രതിവാദത്തിനുശേഷം കഥാകഥനമാരംഭിക്കുകയും ചെയ്തു. കാടാറുമാസത്തിനായി വിക്രമാദിത്യനും ഭട്ടിയും യാത്ര പുറപ്പെട്ടു. അത്തവണ അവർ എത്തിച്ചേർന്നത് രാജസേനം എന്ന നാട്ടിലായിരുന്നു. തൽക്കാലം അവർ രത്നവ്യാപാരികളായി വേഷം മാറി ജീവിച്ചു. ആ നഗരത്തിൽ സ്വർണകേശിനി എന്ന അതിസുന്ദരി ജീവിച്ചിരുന്നു. അവൾക്ക് അനുരൂപനായി
ഒരു ബ്രാഹ്മണയുവാവുണ്ടായിരുന്നു. ദൃഢവും ആത്മാർഥവുമായ പ്രേമബന്ധമായിരുന്നു അവരുടേത്. ആ യുവാവ് ഒരു ദിവസം അകാലചരമമടഞ്ഞു. ശോകാകുലയായ സ്വർണകേശിനി അവന്റെ മൃതശരീരവുമെടുത്ത് കാളീക്ഷേത്രത്തിലെത്തി അവനെ ജീവിപ്പിക്കണമെന്ന് ദേവിയോട് പ്രാർഥിച്ചു. ദേവി പ്രത്യക്ഷയായി ഇങ്ങനെ അരുളിച്ചെയ്തു: “സ്വർണകേശിനീ, നിന്റെ അനുരാഗത്തിന്റെ ദൃഢതയിൽ ഞാൻ സംപ്രീതയായിരിക്കുന്നു. വിക്രമാദിത്യ ചക്രവർത്തി കുറച്ചുദിവസങ്ങൾക്കകം ഒരു രത്നവ്യാപാരിയുടെ വേഷത്തിൽ നിന്റെ വീട്ടിൽ വരും. അദ്ദേഹത്തോട് നീ വളരെയേറെ സ്നേഹവും ആദരവും പ്രകടിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെടുന്നതെന്തും നീ ദാനം ചെയ്യണം. മരിക്കാൻ പറഞ്ഞാൽ അതും ചെയ്യണം. അദ്ദേഹം നിന്നെ ഭസ്മമുപയോഗിച്ച് ജീവിപ്പിക്കും. നിനക്ക് ജീവൻ തന്ന ഭസ്മമുപയോഗിച്ച് നീ നിന്റെ പ്രിയതമനേയും ജീവിപ്പിക്കണം...”
ദേവി അപ്രത്യക്ഷയായി. സ്വർണകേശിനി ബ്രാഹ്മണയുവാവിന്റെ മൃതശരീരം കേടുവരാതെ സൂക്ഷിച്ചുവെച്ച് വിക്രമാദിത്യനേയും പ്രതീക്ഷിച്ചിരിപ്പായി. രത്നവ്യാപാരിയുടെ വേഷത്തിൽ രാജസേനദേശത്ത് വസിക്കുന്ന വിക്രമാദിത്യൻ ഒരുനാൾ സ്വർണകേശിനിയുടെ വീട്ടിൽ ചെല്ലാനിടയായി. അവിടെ വാദ്യവും നൃത്തവും നടക്കുന്നുണ്ടായിരുന്നു. എല്ലാവരും പോകാനെഴുന്നേറ്റപ്പോൾ സ്വർണകശിനി വിക്രമാദിത്യൻ മാത്രം പോകരുതെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. വിക്രമാദിത്യൻ അത്ഭുതപ്പെട്ടു. അദ്ദേഹ അന്നു രാത്രി അവിടെ താമസിച്ചു. അവൾ കാണിച്ച സ്നേഹപ്രകടനങ്ങൾ കാരണം അദ്ദേഹത്തിന് അവളോട് എന്തെന്നില്ലാത്ത അനുഭാവമുണ്ടായി. പിറ്റേന്നാൾ പുലർച്ചയായിട്ടേ വിക്രമാദിത്യൻ ഭട്ടിയുടെ സമീപത്തേയ്ക്ക് മടങ്ങിയുള്ളൂ. ഭട്ടി കുറ്റപ്പെടുത്തി. “മഹാരാജാവേ, അങ്ങ് എവിടെപ്പോയാലും തെറ്റല്ലായിരിക്കാം. പക്ഷേ, പുലരുന്നതിനുമുമ്പ് മടങ്ങേണ്ടതായിരുന്നു. പരഗൃഹത്തിൽ അന്തിയുറങ്ങുന്നത് ആർക്കും അഭിമാനകരമല്ല.” “ഭട്ടീ, നീ പറഞ്ഞത് കാര്യമാണ്. പക്ഷേ സ്വർണകേശിനി പണം മോഹിക്കുന്നവളല്ല. അവൾ സ്നേഹസമ്പന്നയാണ്. അവളോട് എനിക്ക് ഒരു മമത തോന്നിപ്പോകുന്നു.” “സ്ത്രീകളുടെ സ്വഭാവം അങ്ങനെത്തന്നെയാണ്. അവർ സ്വന്തം കാര്യത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കുകയില്ല. സ്നേഹാദരവുകൾ വർഷിക്കാൻ അവർക്കൊരു വിഷമവുമില്ല. പെണ്ണുങ്ങൾ സൂത്രക്കാരാണ്.” “സ്വർണകേശിനിയെ മാത്രം അക്കൂട്ടത്തിൽ പെടുത്തരുത്, ഭട്ടീ. അവൾ എന്നിൽനിന്ന് ഒരു കാര്യസാദ്ധ്യവും പ്രതീക്ഷിക്കുന്നില്ല. എന്നോടുള്ള സ്നേഹമൊന്നുമാത്രമാണ് അവളെ ഗുണവതിയാക്കുന്നത്.'' ഭട്ടി വിട്ടുകൊടുത്തില്ല: “അതിനിടയിൽ എന്തെങ്കിലും രഹസ്യമുണ്ടായിരിക്കും. അങ്ങ് ഒന്നു പരീക്ഷിച്ചു നോക്കൂ. ഇന്ന് അവിടെ പോകയാണെങ്കിൽ നാളെ രാവിലെ അവളുടെ സ്വർണത്തലമുടി അറുത്തുവാങ്ങിക്കൊണ്ടുവരണം.'' വിക്രമാദിത്യൻ അങ്ങനെത്തന്നെ സമ്മതിച്ച് അന്നു രാത്രിയും സ്വർണ കേശിനിയുടെ ഭവനത്തിലേയ്ക്കു പോയി. അവൾ അദ്ദേഹത്തെ സ്നേഹവായ്പോടെ സ്വീകരിച്ചു. പിറ്റേന്നാൾ വിക്രമാദിത്യന് മടങ്ങേണ്ട സമയമായി. നേഹവതിയായ അവളോട് കേശഭാരം അരിഞ്ഞെടുത്തുതരാൻ പറയാൻ അദ്ദേഹത്തിന് മടിയുണ്ടായി. അവൾ അദ്ദേഹത്തിന്റെ മൗനകാരണം ആരായുകയും കാര്യമറിഞ്ഞപ്പോൾ യാതൊരു വിസമ്മതവും കൂടാതെ സന്തോഷസമേതം സ്വന്തം മുടി അരിഞ്ഞെടുത്ത് അദ്ദേഹത്തെ ഏല്പ്പിക്കുകയും ചെയ്തു. വിക്രമാദിത്യൻ മുടിയും കൊണ്ട് വിജയഭാവത്തിൽ ഭട്ടിയെ സമീപിച്ചുകൊണ്ട് പറഞ്ഞു: “നോക്കൂ ഭട്ടീ, ഇതാ, നീ ആവശ്യപ്പെട്ട മുടി. ഇപ്പോഴെങ്കിലും അവൾക്ക് എന്നാട് സ്നേഹമുണ്ടെന്ന് നിനക്ക് വിശ്വാസമായല്ലോ...”
“എനിക്കിനിയും സംശയമുണ്ട്. അവൾ അങ്ങയിൽനിന്നും എന്തോ കാര്യസാധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് എന്റെ അടിയുറച്ച വിശ്വാസം.'' “നിന്റെ ധാരണ മാറ്റിയെടുക്കാൻ ഇനി ഞാനെന്താണ് ചെയ്യേണ്ടത്?'' “നാളെ അവിടെനിന്ന് മടങ്ങുമ്പോൾ അങ്ങ് അവളുടെ മൂക്കിന്റെ അഗ്രം അറുത്തുവാങ്ങി വരണം. അതിനുശേഷം ഞാൻ പറയാം, അവളുടെ സ്നേഹ പ്രകടനങ്ങൾക്ക് ആധാരമെന്താണെന്ന്.'' അന്നും സ്വർണകേശിനി വിക്രമാദിത്യനോട് സ്നേഹമായി പെരുമാറി. അതുകൊണ്ട് അദ്ദേഹം അവളെ പരിപൂർണമായി വിശ്വസിച്ചു. ഭട്ടിക്ക് എന്തോ അസൂയ ബാധിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. അടുത്ത പ്രഭാതത്തിൽ മൂക്ക് മുറിച്ചു തരാൻ പറയേണ്ടതെങ്ങനെയെന്നു ചിന്തിച്ച് അദ്ദേഹം വിഷാദമഗ്നനായിരുന്നു. സ്വർണകേശിനി ദുഃഖകാരണമാരാഞ്ഞപ്പോൾ അദ്ദേഹം തന്റെ ആവശ്യം അവളെ അറിയിച്ചു. അവളാകട്ടെ, യാതൊരു മടിയും കൂടാതെ തന്റെ മൂക്കിന്റെ അഗ്രം അറുത്തെടുത്ത് അദ്ദേഹത്തിന് കൊടുത്തു. അദ്ദേഹം സന്തോഷത്തോടെ അതുംകൊണ്ട് ഭട്ടിയെ സമീപിച്ചിട്ട് ചോദിച്ചു: “ഭട്ടീ, ഇതാ സ്വർണകേശിനിയുടെ മൂക്ക്. ഇപ്പോൾ നിനക്ക് മനസിലായില്ലേ അവളുടെ ആത്മാർഥതയുടെ ആഴവും പരപ്പും?'' “എനിക്കിനിയും സംശയമുണ്ട്.'' “നിന്റെ തലയ്ക്ക് എന്തോ കുഴപ്പം ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സ്നേഹനിധിയായ ഒരു സ്ത്രീയെ വെറുതെ ശങ്കിക്കുന്നത്. ആട്ടെ, ഇനി നിന്നെ വിശ്വസിപ്പിക്കാൻ ഞാനെന്തു ചെയ്യണം?' ഭട്ടി ആവശ്യപ്പെട്ടു: “അടുത്ത ദിവസം വരുമ്പോൾ അവളുടെ ഒരു കണ്ണ് വാങ്ങിക്കൊണ്ടു വരണം.'' “നീ എന്ത് അന്യായമാണ് ഈ പറയുന്നത്? ഒരു സ്ത്രീയുടെ സൗന്ദര്യം കുടികൊള്ളുന്നത് അവളുടെ കണ്ണുകളിലാണ്. നിഷ്കളങ്കയും മനോഹരിയുമായ ഒരു യുവതിയെ ഇത്രയധികം ദണ്ഡിപ്പിക്കണോ?” “പ്രഭോ, അവൾക്ക് അങ്ങയോടുള്ള സ്നേഹം താൽക്കാലികമാണെന്ന് തെളിയിക്കാനാണ് ഞാനുദ്യമിക്കുന്നത്.'' വിക്രമാദിത്യൻ ഈ കടുത്ത പരീക്ഷണത്തിനും സന്നദ്ധനായി. അടുത്ത പ്രഭാതത്തിൽ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ യാതൊരു ഭാവഭേദവും കൂടാതെ തന്റെ കണ്ണ് ചൂഴ്ന്നെടുത്ത് സ്വർണകേശിനി വികമാദിത്യനെ ഏൽപിച്ചു. അത് കണ്ടിട്ടും ഭട്ടിക്ക് വിശ്വാസമായില്ല. അയാൾ തന്റെ പിടിവാദത്തിൽ അടിപതറാതെ ഉറച്ചുനിന്നു. വിക്രമാദിത്യന് കോപമായി. ക്രൂരനും നിർദ്ദയനുമായ ഭട്ടി കാരണം തന്റെ ആശ്രിതയും അബലയുമായ ഒരു സ്ത്രീയെ വെറുതെ പീഡിപ്പിച്ചതോർത്ത് അദ്ദേഹത്തിന്റെ ഉള്ളുരുകി. വിക്രമാദിത്യൻ പറഞ്ഞു....
"ഭട്ടീ, നിന്റെ പരീക്ഷണങ്ങളിലെല്ലാം സ്വർണകശിനി വിജയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി നീ തന്ന തെളിയിക്കണം, അവൾ വഞ്ചകിയാണെന്ന്." “അതിന് ബുദ്ധിമുട്ടില്ല. വെറും എട്ടുദിവസത്തിനകം അവളുടെ കള്ളി ഞാൻ വെളിവാക്കിത്തരാം. എട്ടു ദിവസം അങ്ങ് അവളുടെ വീട്ടിൽ പോകാതിരിക്കണം," വിക്രമാദിത്യൻ ഈ അന്ത്യപരീക്ഷണത്തിനും സമ്മതം മൂളി. എട്ടാം ദിവസം ഭട്ടി വിക്രമാദിത്യനേയും കൂട്ടി നഗരാതിർത്തിയിലുള്ള ഒരു വനത്തിലേക്ക് പോയി. അയാൾ രാജാവിനെ ഒളിപ്പിച്ചിരുത്തി. ഒരു ചിതയുണ്ടാക്കി സ്വസഹോദരൻ മരിച്ചുപോയെന്നു പറഞ്ഞ് വിലപിക്കാൻ തുടങ്ങി. സ്വർണകേശിനിയുടെ അടുപ്പക്കാരനായ രക്നതവ്യാപാരി മരിച്ചുപോയെന്നുള്ള വിവരം പട്ടണത്തിൽ പരന്നു. സ്വർണകേശിനിയും ഇത് അറിയാനിടയായി. അവൾ അലമുറയിട്ട് നില വിളിച്ച് വനത്തിലേയ്ക്ക് ഓടിവരികയും തീയിൽ ചാടിമരിക്കാൻ ഒരുങ്ങുകയും ചെയ്തു. ഇത്രയുമായപ്പോൾ വിക്രമാദിത്യൻ മറവിൽ നിന്ന് പുറത്തു വരാനൊരുമ്പെട്ടു. ഭട്ടി അദ്ദേഹത്തെ തടയുകയും അല്പ്പനിമിഷത്തിനുള്ളിൽ തന്റെ വാദം സ്ഥിതീകരിക്കാമെന്ന് പറയുകയും ചെയ്തു. സ്വർണകേശിനി ചിതയെ പ്രദക്ഷിണം വെച്ച് കൂപ്പുകൈകളോടെ അതിൽ ചാടി അഗ്നിക്കിരയായി. ഈ കാഴ്ച കണ്ട് വിക്രമാദിത്യൻ ദുഃഖിതനായി. അദ്ദേഹം ദേഷ്യപ്പെട്ടു. “ഭട്ടീ, നീയാണ് ഈ സാധുസ്ത്രീയെ വഞ്ചിച്ചുകൊന്നത്. അതിനുത്തരം നീ തന്നെ പറയണം. ഇപ്പോൾ മനസിലായില്ലേ, അവൾക്ക് എന്നോടുള്ള നേഹത്തിന്റെ കരുത്ത് ?" ഭട്ടിയുടെ മറുപടി വന്നു: “എനിക്ക് ഇനിയും സംശയമുണ്ട്. അങ്ങ് ദേവിയെ പ്രാർഥിച്ച് അവളെ ജീവിപ്പിക്കണം. അതിനുശേഷം നമുക്ക് കാണാം, നേരിന്റെ വെളിച്ചം.'' വിക്രമാദിത്യൻ ഭദ്രാദേവിയെ പ്രാർഥിച്ചു. പ്രത്യക്ഷപ്പെട്ട് വിക്രമാദിത്യന് കുറെ ഭസ്മം കൊടുത്ത് ദേവി മറഞ്ഞു. അദ്ദേഹം ആ ഭസ്മം അഗ്നിയിലർപ്പിച്ചപ്പോൾ സ്വർണകേശിനി യാതൊരു കേടും കൂടാതെ ജീവിച്ചെണീറ്റുവന്ന് വിക്രമാദിത്യനെ നമസ്കരിച്ചു. ഭട്ടിയുടെ ഉപദേശപ്രകാരം ഭസ്മവും താലവും അദ്ദേഹം അവളെ ഏല്പിച്ചു. ഭസ്മം കയ്യിലായ സെക്കന്റിൽ അവൾ ഒന്നും മിണ്ടാതെ സ്വവസതിയിലേയ്ക്കു പോകുകയും ബ്രാഹ്മണയുവാവിന്റെ ശരീരത്തിൽ ഭസ്മം വിതറി അവനെ ജീവിപ്പിക്കുകയും ചെയ്തു. ഭട്ടി വികമാദിത്യനേയും കൊണ്ട് നഗരത്തിലേയ്ക്ക് മടങ്ങി. വൈകാതെ സ്വർണകേശിനിയുടെ ഗൃഹത്തിലേയ്ക്കു ചെന്നു. വാതിലടച്ചിരുന്നതിനാൽ അദ്ദേഹം മുട്ടിവിളിക്കാൻ തുടങ്ങിയപ്പോൾ സ്വർണകേശിനി അകത്തുനിന്ന് വിളിച്ചു ചോദിച്ചു: “ആരാണ് വാതിൽക്കൽ മുട്ടുന്നത്!!!''
വിക്രമാദിത്യൻ പറഞ്ഞു: “ഞാൻ തന്നെ, വാതിൽ തുറക്കൂ. “ഞാനെന്നു പറഞ്ഞാൽ ആരാണ്?'' “നിന്റെ രത്നവ്യാപാരി.'' “ഇവിടെ നില്ക്കണ്ട, വേഗം മടങ്ങിക്കോളൂ.'' അങ്ങനെ പറയലും അകത്തുനിന്ന് അടക്കിപ്പിടിച്ച ചിരിയും കൂടി കേട്ടപ്പോൾ വിക്രമാദിത്യൻ അത്യധികം ലജ്ജിതനാകുകയും ഭട്ടി പറഞ്ഞത് അക്ഷരംപ്രതി സത്യമാണെന്നു കരുതി തിരിച്ചുപോരുകയും ചെയ്തു. നേരത്തെ തന്നെ ഗൃഹത്തിലെത്തിയ അദ്ദേഹത്തോട് ഭട്ടി കാരണം ചോദിച്ചു. വിക്രമാദിത്യന് തന്റെ ഭീമമായ പരാജയം സമ്മതിക്കേണ്ടിവന്നു. അന്നേരം ഭട്ടി തുറന്നടിച്ചു: “പ്രഭോ, അവളുടെ പ്രിയങ്കരനായ ബ്രാഹ്മണയുവാവിനെ ജീവിപ്പിച്ചു കിട്ടാൻ വേണ്ടിയാണ് അവൾ അങ്ങയുടെ മുന്നിൽ ഈ നാടകമാടിയത്. ഇക്കാര്യം ദേവീദർശനത്താൽ ഞാൻ ആദ്യമേ ഗ്രഹിച്ചതിനാലാണ് അങ്ങയെ ഉപദേശിക്കാൻ തയ്യാറായത്.'' സംഗതികളുടെ യാഥാർഥ്യമെല്ലാം പിടികിട്ടിയ വിക്രമാദിത്യൻ പശ്ചാത്തപിക്കുകയും ഭട്ടിയോടൊത്ത് സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ, സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുതെന്ന് വിക്രമാദിത്യൻ പറഞ്ഞതുകേട്ട് അടുത്തുകിടന്നിരുന്ന ഒരു പാമ്പിൻ ചട്ട പൊട്ടിച്ചിരിച്ചുകൊണ്ട് ആകാശത്തേയ്ക്കു പറന്നുപോയി. പാമ്പിൻചട്ട ചിരിച്ചതിന്റെ കാരണം അവർക്ക് എത്ര ചിന്തിച്ചിട്ടും അറിയാൻ സാധിച്ചില്ല. അവസാനം അവർ ഉജ്ജയിനീദേവിയെ പ്രാർഥിക്കുകയും പാമ്പിൻചട്ട ചിരിച്ചതിന്റെ കാരണം ആരായുകയും ചെയ്തു. ദേവി അരുളിച്ചെയ്തു: “നിങ്ങൾ കേട്ട് ചിരി പാമ്പിൻചട്ടയുടേതല്ല; ചിരിച്ചത് ഭൂമിദേവിയാണ്. വിക്രമാദിത്യൻ പുരുഷന്മാരെയെല്ലാം പരമാർഥികളായാണ് ധരിച്ചിരിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ പ്രഥമമന്ത്രിയെ പോലും അദ്ദേഹം അറിയുന്നില്ല. ചക്രവർത്തിയില്ലാത്തപ്പോൾ അയാൾ അന്തഃപുരത്തിൽ പ്രവേശിക്കുന്നു. രാജ്ഞിമാരുമൊത്ത് ഉല്ലസിച്ചു കഴിയുന്നു. സ്വന്തം ആളുകൾ ഇങ്ങനെ തന്നെ വഞ്ചിച്ചുകൊണ്ടിരിക്കെ, അതു മനസ്സിലാക്കാതെ മറ്റുള്ളവർ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് വിധിയെഴുതിയ വിക്രമാദിത്യനെ പരിഹസിച്ചുകൊണ്ട് ഭൂമിദേവി ചിരിക്കുകയും പാമ്പിൻചട്ടയിൽ പ്രവേശിച്ച് പറന്നുപോവുകയും ചെയ്തതാണ്.'' അപ്പോൾ തന്നെ വിക്രമാദിത്യനും ഭട്ടിയും വേതാളത്തിലേറി വേഗത്തിൽ ഉജ്ജയിനിയിലെത്തി. രാജാവ് നേരെ കടന്നു ചെന്നത് അന്തഃപുരത്തിലേയ്ക്കാണ്. അവിടെ മന്ത്രിയും തന്റെ പ്രഥമപത്നിയും ഉണ്ടായിരുന്നു. പെട്ടെന്ന് വിക്രമാദിത്യൻ മന്ത്രിയോട് യുദ്ധം ചെയ്യാനൊരുങ്ങി. അദ്ദേഹം അവനെ ഒറ്റവെട്ടിന് രണ്ടു ഖണ്ഡങ്ങളാക്കി. പക്ഷേ, രണ്ടു ഖണ്ഡങ്ങളും ഒന്നിച്ചുചേരുകയും ജീവിച്ച് വീണ്ടും യുദ്ധത്തിനൊരുങ്ങുകയും ചെയ്തു. ഇങ്ങനെ വെട്ടിയിടലും ജീവിക്കലുമായി കുറേനേരം കഴിഞ്ഞപ്പോൾ ഭട്ടി ഒരു സൂത്രം പ്രയോഗിച്ചു. താഴെ വീണ ശരീരഖണ്ഡങ്ങൾ അയാൾ രണ്ടു ഭാഗത്തു മാറ്റി ഇട്ടു...
വീണ്ടും കൂടിച്ചേരാൻ കഴിയാതെ മന്ത്രി അതോടെ മരിച്ചു. അവർ വീണ്ടും കാട്ടിലേയ്ക്കു തന്നെ മടങ്ങിച്ചെന്നു. കാടാറുമാസം അവസാനിക്കുന്നതിന് ഇനി ഇരുപത്തഞ്ചു ദിവസങ്ങൾ കൂടിയുണ്ട്. അതു കൂടി കഴിഞ്ഞ് താൻ നാട്ടിലേയ്ക്കു വരാമെന്നും പറഞ്ഞ് വിക്രമാദിത്യൻ ഭട്ടിയെ ഉജ്ജയിനിയിലേയ്ക്കു മടക്കിയയച്ചു. ഭട്ടി അവിടെയെത്തി ഭരണകാര്യങ്ങൾ നിർവഹിക്കാൻ തുടങ്ങി. കാട്ടിൽ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്ന വിക്രമാദിത്യൻ തന്റെ ബാല്യകാലകളിതോഴനായ വിജയൻ എന്ന യുവാവിനെ അവിചാരിതമായി കണ്ടുമുട്ടി. പണ്ട് സുഹൃദ്സ്നേഹം ആസ്പദമാക്കി അദ്ദേഹം വിജയന് തനിക്കറിയാവുന്ന ചില വിദ്യകളെല്ലാം പഠിപ്പിച്ചു കൊടുത്തിരുന്നു. വിക്രമാദിത്യൻ അനുഭവിക്കുന്ന സുഖഭോഗങ്ങൾ സ്വന്തമാക്കാൻ അവന് അത്യാഗ്രഹമുണ്ടായിരുന്നു. അതിനു പറ്റിയ അവസരം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അവൻ വികമാദിത്യനെ കണ്ടുമുട്ടിയത്. രാജാവ് അവനെ സ്വന്തം സ്നേഹിതനെ ആലിംഗനം ചെയ്യുകയും അവനോട് സംസാരിക്കുകയും ചെയ്തു. അവരിരുവരും വനത്തിൽ കടന്ന് നായാട്ടു നടത്തുകയും ചെയ്തതിനുശേഷം വിശ്രമാർഥം ഒരു വൃക്ഷത്തിന്റെ ചുവട്ടിലേയ്ക്കു പോയി. വിജയന്റെ മടിയിൽ തലവെച്ച് വിക്രമാദിത്യൻ കിടന്നു. രണ്ടു പേരും ഉറങ്ങിയിരുന്നില്ല. അവിചാരിതമായി വിക്രമാദിത്യന്റെ ദൃഷ്ടികൾ വൃക്ഷത്തിനു മുകളിൽ പതിഞ്ഞു. അവിടെ ഒരാൺകിളിയും പെൺകിളിയും ഉണ്ടായിരുന്നതിൽ ആൺകിളി പെട്ടെന്ന് മരിച്ചു. വിരഹാർത്തയായ പെൺകിളി ചിറകടിച്ചു കരയാൻ തുടങ്ങി. അതിന്റെ സങ്കടം കണ്ട് വിക്രമാദിത്യന്റെ മനസലിഞ്ഞു. അദ്ദേഹം സ്വന്തം ജീവനെ മരിച്ചു കിടക്കുന്ന കിളിയിലേയ്ക്ക് പ്രവേശിപ്പിച്ചു. അത് ജീവിച്ചെണീറ്റപ്പോൾ പെൺകിളിയുടെ വ്യസനവും മാറി. അവ രണ്ടും അവിടെയിരുന്ന് സല്ലപിക്കാനാരംഭിച്ചു. ഇതെല്ലാം വിജയൻ ശ്രദ്ധിച്ച് മനസ്സിലാക്കുന്നുണ്ടായിരുന്നു. താൻ കാത്തിരുന്ന സുവർണാവസരം കൈവന്നതോർത്ത് അവൻ സന്തോഷിക്കുകയും മടിയിൽ കിടക്കുന്ന വികമാദിത്യന്റെ നിർജീവശരീരത്തിലേയ്ക്കു സ്വന്തം ജീവനെ സന്നിവേശിപ്പിക്കുകയും ചെയ്തു. അനന്തരം കൂടുവിട്ട് കൂടുപായുന്ന വിദ്യയറിയാവുന്ന മറ്റാരും തന്റെ ശരീരം ഉപയോഗിക്കാതിരിക്കാൻ വേണ്ടി അവൻ സ്വന്തം ശരീരത്തെ നശിപ്പിച്ചു. വിക്രമാദിത്യശരീരത്തിലാവാഹിച്ചിരുന്ന വിജയൻ ഉജ്ജയിനിയി ലേയ്ക്കു തിരിച്ചു. അവൻ നഗരാതിർത്തിയിലെത്തി. താൻ മടങ്ങിവന്നിരിക്കുന്ന വിവരം മന്ത്രിയെ അറിയിക്കാൻ ആളുകളെ നിയോഗിച്ചു. ഭട്ടി ഇതു കേട്ട് അത്ഭുതപ്പെട്ടു. കാടാറുമാസം അവസാനിക്കാൻ ഇനി ഇരുപത് ദിവസം കൂടിയുണ്ട്. വിക്രമാദിത്യനാണെങ്കിൽ ബഹുകണിശക്കാരനാണ്. ഒരു ദിവസംപോലും നേരത്തെ അദ്ദേഹം മടങ്ങുകയില്ല. കാലാവധി തീരുന്നതിനുമുമ്പ് വന്നാൽ കൂടി നഗരത്തിനു വെളിയിൽ താമസിച്ച് കൃത്യസമയത്തുമാത്രമേ കൊട്ടാരത്തിൽ എത്തിയിട്ടൊള്ളു!!! കൂടാതെ അഞ്ചുദിവസം മുമ്പ് തന്നോട് പറയുകകൂടി ചെയ്യാറുള്ളതാണ്. ഇതിനിടയിൽ എന്തോ രഹസ്യമുണ്ടെന്ന് ബുദ്ധിമാനായ ഭട്ടി ഊഹിച്ചുറച്ചു. കൂടുവിട്ട് കൂട് പായുന്ന വിദ്യയറിയാവുന്നവനും വിക്രമാദിത്യന്റെ സുഹൃത്തുമായ വിജയന്റെ കാര്യം അയാളുടെ സ്മൃതിപഥത്തിലെത്തി. ചാരന്മാരെ വിട്ട് തിരഞ്ഞപ്പോൾ വിജയൻ അപ്രത്യക്ഷനായിരിക്കുകയാണെന്നു മനസ്സിലായി വിജയനാണ് വിക്രമാദിത്യന്റെ ശരീരത്തിൽ പ്രവേശിച്ച് ആഗ്തനായിരിക്കുന്നതെന്ന് അയാൾ നിശ്ചയിച്ചു. പക്ഷേ, ഈ രഹസ്യമൊന്നും മറ്റാർക്കും അറിഞ്ഞുകൂട. അതുകൊണ്ട് ഭട്ടി വിജയനെ രാജോചിതമായ രീതിയിൽ തന്നെ സ്വീകരിച്ച് കൊട്ടാരത്തിലേയ്ക്കു കൊണ്ടുവന്നു. അവന്റെ സംശയകരമായ പെരുമാറ്റം കൂടി കണ്ടപ്പോൾ ഭട്ടിക്ക് തന്റെ ഊഹം അസ്ഥാനത്തല്ലെന്ന് ബോധ്യമായി. വിക്രമാദിത്യന്റെ റാണിമാരെ' അവൻ തട്ടിക്കൊണ്ടു പോകും എന്നോർത്ത് ഭട്ടി ഒരു പായം കണ്ടെത്തി. ഭട്ടി റാണിമാരോടെല്ലാം വിവരം തുറന്നുപറയുകയും തങ്ങൾക്കു പത്തു മാസത്തെ വ്രതമുണ്ടെന്നറിയിച്ച് വിജയനെ അകറ്റി നിർത്താൻ ഉപദേശിക്കുകയും ചെയ്തു. വിജയൻ ആഡംബരപൂർവം അന്തഃപുരപ്രവേശനത്തിനൊരുങ്ങിയപ്പോൾ തോഴിമാർ വന്ന് തടയുകയും റാണിമാരുടെ വ്രതം കഴിയുന്ന തുവരെ അങ്ങോട്ട് പ്രവേശിക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഭട്ടിയും ഈ പ്രസ്താവനയെ പിൻതാങ്ങി. വിജയൻ ഇച്ഛാഭംഗത്തോടെ മടങ്ങി. രാജ്യഭരണമെല്ലാം ഭട്ടിക്കു വിട്ടുകൊടുത്ത് നിത്യസുഖാനുഷ്ഠാനത്തിൽ രമിക്കയാണ് അവർ ചെയ്തത്. അന്തഃപുരത്തിൽ ജീവിക്കാൻ കഴിയാത്തതിലുള്ള അവന്റെ വിഷാദം മറ്റുതരത്തിലുള്ള സുഖാനുഭൂതികൾക്ക് തരപ്പെട്ടപ്പോൾ തീർന്നുപോയി. അവൻ അവിടെ സകലസമയവും സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുവാൻ തുടങ്ങി.
No comments:
Post a Comment