ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2021

വിക്രമാദിത്യകഥകൾ - 09

വിക്രമാദിത്യകഥകൾ - 09

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 05 - "രമണകേതു"
➖➖➖➖➖➖➖➖➖
വിക്രമാദിത്യൻ പിന്നേയും വേതാളത്തെ പിടിച്ച് കെട്ടിക്കൊണ്ടുവരുമ്പോൾ വീണ്ടും പുതിയൊരു കഥ പറഞ്ഞുതുടങ്ങി. സോമവൈദികം എന്ന ഗ്രാമത്തിലെ കാളീക്ഷേത്രത്തിൽ ഉത്സവം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ രമണകേതു എന്ന ഒരു യുവാവ് ഒരു യുവസുന്ദരിയെക്കണ്ട് മോഹിച്ചു. ക്ഷേത്രനടയിൽ അയാൾ ശപഥം ചെയ്തു: “ദേവീ, ഇവളെ എനിക്ക് വിവാഹം ചെയ്തു തന്നാൽ ഞാൻ എന്റെ ശിരസ്സ് അവിടത്തേയ്ക്ക് ബലി കഴിക്കാം. ''അയാൾ വീട്ടിൽ ചെന്ന് ബന്ധുക്കൾ മുഖേന പറഞ്ഞാലോചിച്ച് അവളെത്തന്നെ വിവാഹം ചെയ്തു. വധുവും രമണകേതുവും അയാളുടെ  സഹോദരനും കൂടി സ്വഗൃഹത്തിലേയ്ക്ക് മടങ്ങിവരുമ്പോൾ കാളീക്ഷേത്രത്തിന്റെ അരികിലെത്തി. രണ്ടുപേരേയും ഒരു മരത്തണലിലിരുത്തി രമണകേതു ദേവീസന്നിധിയിൽ ചെന്ന് സ്വന്തം ശിരസ്സ് ബലികഴിച്ച് തന്റെ ശപഥം നിറവേറ്റി. കുറെ കഴിഞ്ഞ് രമണകേതുവിന്റെ  സഹോദരൻ അയാളെത്തിരഞ്ഞ് ക്ഷേത്രത്തിലെത്തി. ആ രംഗം കണ്ട് ദുഃഖിതനായി അയാൾ തന്റെ തലവെട്ടി മരിച്ചു. രണ്ടുപേരേയും കാണാതെ അന്വേഷിച്ചെത്തിയ വധു, ഭർത്താവും സഹോദരനും മരിച്ചു കിടക്കുന്നതു കണ്ട് സ്വയം ജീവൻ വെടിയാൻ തയ്യാറാകവെ, ദേവി പ്രത്യക്ഷപ്പെട്ട് അവളെ ആശ്വസിപ്പിച്ചു. അവളുടെ അപേക്ഷപ്രകാരം, രണ്ടാൾക്കും ജീവൻ കൊടുക്കുവാൻ ദേവി നിശ്ചയിച്ചു. വേർപെട്ടുപോയ ശിരസ്സുകൾ ശരീരത്തോട് ചേർത്തു വെക്കവേ ശിരസ്സുകൾ പരസ്പരം മാറി. അവർക്ക് പ്രാണൻ നൽകിയിട്ട് ദേവി അന്തർധാനം ചെയ്തു. ഭർത്താവിന്റെ ശിരസ്സ് സഹോദരന്റെ ശരീരത്തിലും സഹോദരന്റെ ശിരസ്സ് ഭർത്താവിന്റെ ശരീരത്തിലും ആയിപ്പോയി. ഇതി കർത്തവ്യതാമൂഢയായ അവൾക്ക് ലജ്ജയും അതിലേറെ സങ്കടവുമായി. വേതാളം വിക്രമാദിത്യനോടായി ചോദിച്ചു: “ആരെയാണ് അവൾ ഭർത്താവായി സ്വീകരിക്കേണ്ടത്?" വിക്രമാദിത്യൻ പറഞ്ഞു: “ആരാണോ അവളെ കണ്ടയുടനേ എന്റെ ഭാര്യ എന്നു പറയുന്നത്, അവനാണ് യഥാർഥത്തിൽ അവളുടെ ഭർത്താവായി ഇരിക്കേണ്ടത്.'' ഇത് കേട്ടയുടനേ വിക്രമാദിത്യനിൽനിന്ന് മുക്തിനേടി വേതാളം പൂർവസ്ഥാനത്തേയ്ക്കുതന്നെ തിരിച്ചുപോയി.

വേതാളം പറഞ്ഞ കഥകൾ 06 - "ധീരകേസരി"
➖➖➖➖➖➖➖➖➖
വീണ്ടും വിക്രമാദിത്യൻ വേതാളത്തെ പിടിച്ചു കെട്ടി നടക്കുവാൻ തുടങ്ങി. വേതാളം പതിവുപോലെ കഥയിലേയ്ക്കു കടന്നു. സൗരഭം എന്ന നാട്ടിലെ രാജാവായിരുന്ന വരദത്തൻ ആയുധവിദ്യാനിപുണനായിരുന്ന ധീരകേസരി എന്ന ബ്രാഹ്മണനെ തന്റെ സേനാനായകനായി നിയമിച്ചു. ഒരു ദിവസം കൊടുങ്കാറ്റും പേമാരിയുമുണ്ടായി നാട് മുഴുവൻ വിറളിയെടുത്തു. ഇതിനിടയ്ക്ക് കൊട്ടാരവാതിൽക്കൽ നിന്നുയർന്ന ദീന വിലാപം എന്താണെന്നറിയുവാൻ രാജാവിന്റെ ആജ്ഞാനുസരണം ധീരകേസരി പോയി. അത് ഒരു വൃദ്ധയായിരുന്നു. മൂന്നു ദിവസത്തിനകം രാജാവ് മരിക്കു മെന്നും ഒരു യുവാവിനെ ഭദ്രാദേവിക്ക് ബലികഴിച്ചാൽ രാജാവ് രക്ഷപ്പെടുമെന്നും ആ വൃദ്ധ പറഞ്ഞു. ഇത് കേട്ടപ്പോൾ ധീരകേസരി എന്താണ് ചെയ്യേണ്ടത് എന്ന് ഓർത്ത് നിന്നുപോയി. രാജാവിന്റെ ജീവൻ രക്ഷിക്കേണ്ടത് തന്റെ കടമയാണ് എന്ന് മനസിലുറപ്പിച്ച ധീരകേസരി ഉടനേ തന്നെ വീട്ടിൽ ചെന്ന് പതിനാറു വയസ്സ് പ്രായമായ തന്റെ ഓമനപുത്രനെ കൊണ്ടുവന്ന് ദുർഗയ്ക്ക് ബലിയർപ്പിച്ചു. ഇതു കണ്ട് അയാളുടെ ഭാര്യയുടെ ഹൃദയം തകർന്നു. അവൾ ബാക്കിയുള്ള മക്കളേയും കൊന്ന് ആത്മഹത്യചെയ്തു. അങ്ങനെ തന്റെ കുടുംബം മുഴുവൻ ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ട ധീരകേസരി വിഷാദഭാരം സഹിക്കവയ്യാതെ സ്വയം വെട്ടിമരിച്ചു. സേനാനായകന്റേയും കുടുംബത്തിന്റേയും മഹാത്യാഗത്തെപ്പറ്റി കേട്ടറിഞ്ഞ രാജാവ് ഉടൻ ക്ഷേത്രത്തിലെത്തി. അവിടെ ഒരു കുടുംബം മുഴുവൻ രക്താഭിഷിക്തമായി മരിച്ച് കിടക്കുന്നതു കണ്ട് രാജാവിന്റെ മനസ്സ് ആകെ തകർന്നു. തന്റെ ജീവനെ രക്ഷിക്കുവാൻ വേണ്ടി ശ്രമിച്ച ആ കുടുംബത്തിന്റ  ശോകാകുലമായ അന്ത്യം രാജാവിന് സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ആത്മഹത്യയ്ക്കു മുതിർന്നു. പ്രസന്നയായ ഭദ്രാദേവി ഉടനടി അവിടെ പ്രത്യക്ഷയായി. രാജാവിന്റെ ആവശ്യമനുസരിച്ച് മരിച്ചു കിടക്കുന്നവർക്ക് ജീവൻ പ്രദാനം ചെയ്തു. ആഹ്ലാദവിവശനായ രാജാവ് ധീരകേസരിയെ തന്റെ മന്ത്രിയായി നിയമിച്ചു. കഥ തീർന്നയുടനേ വേതാളം ചോദിച്ചു: “ഇതിൽ ആരുടെ ത്യാഗമാണ് മഹനീയം?” വിക്രമാദിത്യൻ മറുപടി കൊടുത്തു: "ധീരകേസരി ചെയ്തത് അയാളുടെ കർത്തവ്യമാണ്. ഭാര്യാപുത്രന്മാർ ചെയ്തതും സ്വാഭാവികമാണ്. സേവകന്റെ ദുസ്ഥിതിയിൽ സ്വയം മരിക്കു വാനൊരുങ്ങിയ രാജാവാണ് പ്രശംസയർഹിക്കുന്നത്.'' നിമിഷങ്ങൾക്കുള്ളിൽ ബന്ധനത്തിൽനിന്ന് രക്ഷപ്പെട്ടുപോയ വേതാളം മുരുക്കുമരത്തിൽ കയറി തലകീഴായി കിടപ്പായിക്കഴിഞ്ഞിരുന്നു

No comments:

Post a Comment