ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 25

വിക്രമാദിത്യകഥകൾ - 25

അഞ്ചാം ദിവസം രാഗിണി പറഞ്ഞ കഥ തുടർച്ച...

കള്ളനെ പിടിക്കാൻ പട്ടാളക്കാർ ജാഗ്രതയായി ചുറ്റിത്തിരിയുന്നതിനിടയ്ക്കാണ് അരക്കള്ളൻ പട്ടണത്തിലെത്തിയത്. അവൻ ഒരാളോടു കാര്യങ്ങളുടെ കിടപ്പുകളെപ്പറ്റി ചോദിച്ചപ്പോൾ വിവരമെല്ലാം മനസ്സിലായി. പട്ടാളമുഖ്യന്റെ മകൾ ഭർത്താവില്ലാതെ ജീവിക്കുകയാണെന്നും അവൻ അറിഞ്ഞു. കൗശലത്തിന്റെ വകുപ്പിൽ ആരുടേയും പിന്നിലല്ലാത്ത അരക്കള്ളൻ നേരെ നടന്നത് ഒരു പീടികയിലേയ്ക്കാണ്....

കുറെ തുണിത്തരങ്ങളും മറ്റു വിശേഷപ്പെട്ട വസ്തുക്കളും വാങ്ങി. ദൂരയാത്ര ചെയ്തുവരുന്നവനെപ്പോലെ അവൻ പട്ടാളമുഖ്യന്റെ ഗൃഹത്തിൽ കയറിച്ചെന്നു. അരക്കള്ളൻ ക്ഷേമാന്വേഷണം നടത്തി: “അമ്മാവാ, എന്നെ മനസിലായില്ലേ? എന്തൊക്കെയുണ്ട് വിശേഷങ്ങൾ? അമ്മാവനും മറ്റും സുഖം തന്നെയല്ലേ?'' പട്ടാളമുഖ്യൻ: “മനസിലായില്ലല്ലോ എനിക്ക്! നല്ല കണ്ടുപരിചയമുണ്ടെന്നു തോന്നുന്നു.'' അരക്കള്ളൻ: “അസ്സലായി ഇത് ഞാനാണ്. വനജയുടെ നാടുവിട്ടുപോയ ഭർത്താവ്.'' മരുമകൻ തിരിച്ചുവന്നതിൽ പട്ടാളമുഖ്യന്റെ സന്തോഷം അതിരറ്റതായിരുന്നു. അയാൾ അവനെ വേണ്ടവിധം സൽക്കരിച്ചു. ഭർത്താവിനെക്കണ്ട് വനജയ്ക്കും അത്യധികം ആഹ്ലാദം തോന്നിയെങ്കിലും ഉള്ളിൽ ചെറിയ സംശയം ഉണ്ടായിരുന്നു പക്ഷെ അവൾ പുറത്തു കാണിച്ചില്ല കാരണം വർഷങ്ങൾക്ക് മുൻപ് നാടുവിട്ടു പോയതല്ലേ മുഖത്തിന് മാറ്റം വരും എന്ന് അവൾ വിശ്വസിച്ചു. അവർ പഴയ ചരിത്രങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, പട്ടാളമുഖ്യൻ പുറത്തുപോകാൻ ഒരുക്കമായി. ഇതു കണ്ടപ്പോൾ അരക്കള്ളൻ ആരാഞ്ഞു: “അമ്മാവൻ എവിടേയ്ക്കാണ് പോകുന്നത്?” പട്ടാളമുഖ്യൻ പറഞ്ഞു: “ഒരു കള്ളൻ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്, മോനേ. അവനെ കണ്ടു പിടിക്കേണ്ട ഭാരം എന്റെ തലയിലാണ് വന്നുവീണിരിക്കുന്നത്.'' “ഞാനും വരാം കൂടെ. എനിക്കു പട്ടണമാകെയൊന്ന് കാണണമെന്നുണ്ട്. അമ്മാവന് ഒരു കൂട്ടാവുകയും ചെയ്യും.” പട്ടാളമുഖ്യന്റെ സമ്മതപ്രകാരം ഇരുവരും പുറപ്പെട്ടു. തെരുവുകളിൽ കള്ളന്മാരെ ബന്ധിക്കുന്ന തൂണുകൾ കണ്ടപ്പോൾ നമ്മുടെ അരക്കള്ളന് അതെന്താണെന്നറിയണമെന്നായി. പട്ടാളമുഖ്യൻ അവയുടെ ഉപയോഗവും രീതിയും വിവരിച്ചുകൊടുത്തു. ഇത്രയുമായപ്പോൾ അവയൊന്ന് പ്രയോഗിച്ചുകാണണമെന്നായി അരക്കള്ളൻ. പട്ടാളമുഖ്യൻ മരുമകന് കാണിച്ചു കൊടുക്കാനായി തന്റെ രണ്ടു കൈകളും അതിൽ കടത്തി. അരക്കള്ളൻ പൂട്ടിക്കളഞ്ഞു. താക്കോൽ പട്ടാളമുഖ്യന്റെ ഗൃഹത്തിലായിരുന്നു. അയാൾ അതെടുത്തുകൊണ്ടുവരുവാനായി അവനെ വീട്ടിലേയ്ക്കയച്ചു. അവൻ അവിടെ ചെന്ന് പരിഭ്രമം നടിച്ചുകൊണ്ട് അറിയിച്ചു: “അമ്മായീ, കാര്യമെല്ലാം തകരാറായിരിക്കുന്നു. അമ്മാവന് കള്ളന്മാരുമായി രഹസ്യബന്ധമുണ്ടെന്ന് മന്ത്രി കണ്ടുപിടിച്ചിരിക്കുന്നു. നാളെ അദ്ദേഹം വന്ന് നമ്മുടെ സ്വത്തുക്കളൊക്കെ ജപ്തി ചെയ്യും. അതിനുമുമ്പ് മാറ്റാനുള്ള തെല്ലാം മാറ്റിക്കളയാം. പൊൻപണ്ടങ്ങളൊക്കെ ഇങ്ങോട്ടുതരൂ. താമസിക്കണ്ടാ.'' ആ സ്ത്രീ മരുമകൻ പറഞ്ഞത് വാസ്തവമാണെന്ന് വിശ്വസിച്ച് ആഭരണങ്ങളെല്ലാം അവന്റെ കയ്യിൽ ഏല്പ്പിച്ചു. വനജയുടേയും ആഭരണങ്ങളെല്ലാം വാങ്ങി പെട്ടന്ന് തന്നെ അവൻ ആഭരണങ്ങളെല്ലാം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയാണെന്ന വ്യാജേന നേരെ വീട്ടിലേക്ക് തിരിച്ചു....

നേരം പുലർന്നപ്പോൾ കള്ളനെ പിടിക്കാൻ പോയ പട്ടാളമുഖ്യൻ കള്ളന്റെ കൈകളാൽ തന്നെ ബന്ധനസ്ഥനായ കഥ നാടാകെ പരന്നു. ബന്ധനവിമുക്തനായി വീട്ടിൽ തിരിച്ചെത്തിയ അയാൾ, വീട്ടിലെ സ്വർണാഭരണങ്ങൾ കള്ളന്റെ കൈയിൽ പെട്ടതോർത്ത് കുപിതനായി. പിറ്റേദിവസം കള്ളനെ പിടിക്കാൻ നിയമിതനായത് മന്ത്രിയാണ്. നഗരത്തിൽ കർശനമായ പാറാവും തിരച്ചിലും ഏർപ്പെടുത്തി. അടുത്തതായി രംഗത്തേയ്ക്കിറങ്ങിയത് മുക്കാൽക്കള്ളനാണ്. അയാൾ പട്ടണത്തിലെത്തി മന്ത്രിയെപ്പറ്റി വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. മന്ത്രി ദിവസവും രാത്രി ചെല്ലാറുണ്ടായിരുന്ന ഒരു സ്വർണവ്യാപാരിയുടെ ഗൃഹത്തിലേയ്ക്ക്, മുക്കാൽക്കള്ളൻ മന്ത്രിയുടെ വേഷഭൂഷണങ്ങളും ധരിച്ച് കട്ന്നുചെന്നു. തൊണ്ടയടഞ്ഞതായി അഭിനയിക്കുകയും മുഖം തിരിച്ചറിയാത്തരീയിൽ മറക്കുകയും ചെയ്തിരുന്നു. അയാൾ പറഞ്ഞു: "ഇവിടെ ചില കള്ളന്മാരെത്തിയിട്ടുണ്ട്. അവർ ഇവിടെ കവർച്ചനടത്താൻ പരിപാടിയിട്ടിട്ടുള്ളതായി കേട്ടു. അത് തടയാനാണ് ഞാൻ നേരത്തെത്തന്നെ വന്നിരിക്കുന്നത്. ഒരു ഉലക്കയിടുക്കൂ. അവർ വന്നാൽ ഒന്ന് പഠിപ്പിച്ചുവിടണം.'' വ്യാപാരിക്ക് സംശയിക്കാനുണ്ടായിരുന്നില്ല. ഉലക്കയും കയറും തയ്യാറാക്കി അവർ അകത്തിരുന്നു. അപ്പോഴാണ് മന്ത്രി വന്ന് വാതിലിൽ മുട്ടിയത്. താൻ നേരത്തെ പറഞ്ഞ ആളാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും പറഞ്ഞ് മുക്കാൽക്കള്ളൻ വാതിൽ തുറക്കുകയും ഉലക്കയെടുത്ത് മന്ത്രിയെ പ്രഹരിക്കുകയും ചെയ്തു. മിണ്ടിയാൽ കൊന്നുകളയുമെന്നു പറഞ്ഞ് അയാൾ മന്ത്രിയെ ഒരു തൂണിൽ കെട്ടിയിട്ടു. പുറമെ വല്ലവരും അറിയരുതെന്നു കരുതി പേടിച്ചുവിറച്ച് മന്ത്രി ബന്ധനത്തിൽ തന്നെ കിടന്നു. മുക്കാൽക്കള്ളൻ വിജയഭാവത്തിൽ അകത്തേയ്ക്കു മടങ്ങി. പിന്നെ ഒന്നും അറിയാത്ത ഭാവത്തിൽ വ്യാപാരിയോടുകൂടി നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കളവിനെക്കുറിച്ച് പറഞ്ഞുതുടങ്ങി. കുറെ രാത്രിയായപ്പോൾ അയാൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഗൃഹത്തിനകത്തെ വെള്ളമെല്ലാം നേരത്തെത്തന്നെ തട്ടിമറിച്ചുകളഞ്ഞിരുന്നു. വ്യാപാരി കുടവുമെടുത്ത് കിണറ്റുകരയിലേയ്ക്കു പോയി. ഈ തക്കം വൃഥാവിലാക്കാതെ തന്റെ കയ്യിലുണ്ടായിരുന്ന പൊടി വിതറി വ്യാപാരിയെ മയക്കി കള്ളൻ കിണറ്റരികിലിരുത്തി. പിന്നീട് കള്ളന് അവിടെ നിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. സ്വർണാഭരണങ്ങളുമെടുത്ത് അയാൾ സ്വപിതാവിന്റെ അടുക്കലേയ്ക്ക് തിരിച്ചു. പ്രഭാതമായപ്പോൾ ബന്ധിക്കപ്പെട്ടു നില്ക്കുന്ന മന്ത്രിയെയാണ് അയൽവീട്ടുകാർ കണികണ്ടത്. കള്ളനെ പിടിക്കാൻ പോയ മന്ത്രി ബന്ധനസ്ഥനായതിൽ നാട്ടുകാർ ചിരിച്ചു. രാജാവ് കോപിക്കുകയും ചെയ്തു....

അടുത്തദിവസം സാക്ഷാൽ രാജാവാണ് കള്ളനെ പിടിക്കാനിറങ്ങിയത്; തന്റെ വിരുത് പ്രദർശിപ്പിക്കാൻ പട്ടണത്തിലേയ്ക്കിറങ്ങിയത് മുഴുക്കള്ളനും. കള്ളനെ കണ്ടുകിട്ടുമെന്നു വിചാരിച്ച് രാജാവും പട്ടാളക്കാരും പട്ടണം മുഴുവൻ അലഞ്ഞുനടന്നു. അപ്പോഴാണ് വിജനപ്രദേശത്ത് ഒരു ദീപവും കുറച്ച് പലഹാരങ്ങളുമായി ഒരാളിരിക്കുന്നത് കണ്ടത്. വ്യാപാരിയുടെ വേഷം ധരിച്ച മുഴുക്കള്ളനാണ് അതെന്ന് രാജാവ് എങ്ങനെ അറിയാനാണ്? അദ്ദേഹം പട്ടാളക്കാരോടുകൂടെ അങ്ങോട്ടുചെന്ന് ഈ സമയത്ത് എന്തു കച്ചവടമാണ് ചെയ്യുന്നതെന്ന് ചോദിച്ചു. മുഴുക്കള്ളൻ പറഞ്ഞു: “യജമാനനേ, ഞാൻ ഒരു ചെറിയ കച്ചവടക്കാരനാണ്. രാത്രിയാകുമ്പോൾ ചില കള്ളന്മാർ വന്ന് പലഹാരം വാങ്ങാറുണ്ട്. രാത്രി ഉറക്കമിളച്ച് കാത്തിരുന്നാലെന്താ, അവർ നല്ല പ്രതിഫലം തരും. ഇതെന്റെ വയറ്റുപിഴപ്പാണ്.' രാജാവ് ചോദിച്ചു: “കള്ളന്മാർ എത്ര പേരുണ്ട്? അവരെപ്പറ്റി കൂടുതൽ വല്ലതുമറിയാമോ?' “മൂന്നുനാലു പേരുണ്ട്. ഇന്നലെ അവർ മന്ത്രിയെ പിടിച്ചുകെട്ടിയ വിവരം പറഞ്ഞ് ചിരിച്ചു രസിക്കുന്നത് ഞാൻ കണ്ടു.” രാജാവ് കുറെ നേരം ചിന്താധീനനായി. കള്ളന്മാരെ പിടിക്കേണ്ട വലവിരിക്കാൻ പറ്റിയ സ്ഥലം ഇതുതന്നെയെന്ന് അദ്ദേഹം നിശ്ചയിച്ചുറച്ചു. രാജാവ് പിന്നെ ചോദിച്ചു: “എടോ, ആ കള്ളന്മാരെ പിടിക്കാൻ താൻ സഹായിക്കാമോ? തനിക്ക് വലിയ സമ്മാനം തരാം.'' മുഴുക്കള്ളന്റെ മറുപടി: “എനിക്ക് സമ്മതം. അവർ വരാറായിരിക്കുന്നു. പട്ടാളക്കാർ ഇവിടെ നിൽക്കുന്നതു കണ്ടാൽ അവർ ഇങ്ങോട്ട് അടുക്കുകയില്ല. അതിനാൽ അവരെയൊക്കെ കുറെ അകലേയ്ക്കു പറഞ്ഞയയ്ക്കണം.'' രാജാവിന് ഇത് വാസ്തവമാണെന്ന് തോന്നി. പട്ടാളക്കാരെയെല്ലാം അകലെ ചെന്നു നിൽക്കാൻ പറഞ്ഞുവിട്ടു. വ്യാപാരിയായ മുഴുക്കള്ളന്റെ ഉപദേശപ്രകാരം രാജാവ് ഒരു ചാക്കിനുള്ളിൽ ഒളിച്ചിരുന്നു. വസ്ത്രാഭരണങ്ങളെല്ലാം കച്ചവടക്കാരന്റെ കൈയിൽ തന്നെയാണ് സൂക്ഷിക്കാൻ ഏൽപിച്ചത്. രാജാവ് കട്ടിയുള്ള ചാക്കിൽ കടന്നയുടൻ കള്ളൻ അതിന്റെ വായ് അടച്ചുകെട്ടി ഒരു ചാലിൽ മറിച്ചിട്ടു. അപ്പോഴാണ് രാജാവിന് താൻ അബദ്ധത്തിൽ കുടുങ്ങിയെന്ന് മനസ്സിലായത്. വസ്ത്രാഭരണങ്ങളും കൊണ്ട് വിളക്ക് അണക്കാതെത്തന്നെ കള്ളൻ ഇതിനകം തന്റെ വീട്ടിലേയ്ക്കു മടങ്ങിയിരുന്നു. കുറെ നേരം കാത്തിരുന്നിട്ടും ശബ്ദമൊന്നും കേൾക്കാതായപ്പോൾ പട്ടാളക്കാർ അവിടെയെത്തി. വ്യാപാരിയും രാജാവും അപ്രത്യക്ഷരായിരുന്നു. അപ്പോഴാണ് അവർ ചാലിൽ ഒരു ചാക്കുകെട്ട് അനങ്ങുന്നത് കണ്ടത്. രാജാവ് കള്ളനെ പിടിച്ച് ചാക്കിലിട്ടുപോയിരിക്കയാണെന്നു അവർ  വിചാരിച്ചു...

രാജാവ് കള്ളനെ പിടിച്ച് ചാക്കിലിട്ടു പോയിരിക്കയാണെന്നു അവർ  വിചാരിച്ചു. അവർ ആ ചാക്ക് പുറത്തേയ്ക്കു വലിച്ചെടുത്ത് മതിയാവോളം പ്രഹരിച്ചു. തല്ലുകൊണ്ട് രാജാവ് ഉറക്കെ കരഞ്ഞുവെങ്കിലും ശബ്ദം പുറത്തുവന്നില്ല. അവർ രാജാവിനെ കാണാത്തതിനാൽ ചാക്ക് കെട്ടഴിച്ച് കള്ളനെ പുറത്തെടുക്കുവാൻ തീരുമാനിച്ചു. തങ്ങളുടേയും വിശാലമായ കുന്തളദേശത്തിന്റേയും അധിപനും മഹാപ്രതാപിയുമായ രാജാവുണ്ട് ദീനനായി അർധബോധാവസ്ഥയിൽ അതിൽ കിടന്നു ഞരങ്ങുന്നു! രാജാവിനെ പ്രഹരിച്ച പട്ടാളക്കാർ പേടിച്ചു വിറച്ചു. എന്നാൽ അദ്ദേഹം ഒന്നും പറയാതെ കൊട്ടാരത്തിലേയ്ക്കു ചെല്ലുകയും എല്ലാവരേയും കബളിപ്പിച്ച കള്ളന്റെ ബുദ്ധിസാമർഥ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇതിനിടയിൽ കള്ളന്മാരുടെ പിതാവ് രാജാവിന്റെ അടുക്കൽ ചെന്ന് തന്റെ നാലു മക്കൾ ചെയ്ത കാര്യങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കി. രാജാവ് അവർക്കെല്ലാം മാന്യമായ ഉദ്യോഗങ്ങൾ കൊടുത്ത് മാനിക്കുകയാണ് ചെയ്തത്. കഥ നിർത്തി, വസ്ത്രം ചോദിച്ചു: “രാജാവേ, ഈ നാലു കള്ളന്മാരുടെ പ്രവൃത്തിയോ മറിച്ച് രാജാവിന്റെ പ്രവൃത്തിയോ ഏതാണ് അഭിനന്ദിക്കത്തക്കത്?'' ഉടനേ വന്നു വിക്രമാദിത്യന്റെ മറുപടി: “അതിൽ സംശയിക്കാനെന്തുണ്ട്? രാജാവിന്റെ പ്രവൃത്തിതന്നെയാണ് പ്രശംസയർഹിക്കുന്നത്.'' സൂര്യഗായത്രി പറഞ്ഞു : “നിങ്ങൾ കഥ മുഴുവൻ കേൾക്കാതെ ഉറങ്ങിപ്പോയോ? ആ നാലു കള്ളന്മാരാണ് സമർഥരെന്ന് ഏതു കുട്ടിക്കും അറിയാവുന്നതല്ലേ?' വിക്രമാദിത്യൻ: “ഭവതി പറഞ്ഞത് സത്യമായിരിക്കാം. എന്തായാലും ഇപ്പോൾ ധാരാളം സംസാരിച്ചു കഴിഞ്ഞുവല്ലോ. പ്രഭാതത്തിനുമുമ്പ് മൂന്നു വാക്ക് സംസാരിപ്പിച്ചാൽ ഭവതിയെ എനിക്ക് വിവാഹം ചെയ്തുതരാമെന്നാണ് ഭവതിയുടെ അമ്മ വാഗ്ദത്തം ചെയ്തത്. നിങ്ങളുടെ നിബന്ധനകളും നിയമങ്ങളുമെല്ലാം അനുസരിച്ച് എത്രയോ ആപത്തുകളിൽനിന്ന് രക്ഷനേടിയാണ് ഞാനിവിടെ എത്തിയത്. അല്ലയോ സുന്ദരീരത്നമേ, ഭവതിയുടെ ഭർതൃപദം കൊതിച്ചുവന്ന എനിക്ക് താമസിക്കാൻ നേരമില്ല.” സൂര്യഗായത്രിയുടെ അഹങ്കാരമെല്ലാം നശിച്ച് സൂര്യഗായത്രി കീഴടങ്ങി. അവൾ പറഞ്ഞു “രാജാധിരാജൻ! ആയിരക്കണക്കിന് രാജാക്കന്മാരും പ്രഭുക്കളും തോറ്റ രംഗത്ത് അങ്ങ് ജയിച്ചിരിക്കുന്നു. ഇനി ഞാൻ അങ്ങയുടെ ഭാര്യയായിരുന്നുകൊള്ളാം. അതിനുമുമ്പ് ശാസ്ത്രവിധികളനുസരിച്ച് വിവാഹച്ചടങ്ങുകൾ നടത്തണം. അതിന് ഞാൻ ഏർപ്പാടുകൾ ചെയ്യുന്നുണ്ട്.'' വിക്രമാദിത്യൻ അത് സമ്മതിച്ചു. ആഡംബരപൂർവം തന്നെ വിവാഹം ആഘോഷിക്കപ്പെട്ടു...

വിക്രമാദിത്യൻ സൂര്യഗായത്രിയോട് അതുവരെ നടന്നതെല്ലാം പറഞ്ഞു. ശേഷം ഗുണദീപിക താമസിക്കുന്ന വിശ്വരജതത്തിലേയ്ക്ക് യാത്ര പുറപ്പെട്ടു. വിക്രമാദിത്യൻ വീണ്ടും വൃദ്ധന്റെ വേഷം ധരിച്ച് ഒരു കെട്ട് വിറകെടുത്ത് സൂര്യഗായത്രിയുടെ കൈയിൽ കൊടുത്തു. അവൾ അതുവാങ്ങി സന്തോഷപൂർവം തലയിൽ ചുമന്നു നടന്നു. അവർ ചെന്നുകയറിയത് രാജമന്ദിരത്തിലായിരുന്നു. താൻ തോറ്റതുകൊണ്ട് അഹങ്കാരദീപിക ലജ്ജിതയായി. ഗുണദീപിക ഓടിച്ചെന്ന് സൂര്യഗായത്രിയുടെ തലയിൽ നിന്ന് വിറകു കെട്ട് വാങ്ങിച്ചുവെച്ച് അവളെ സ്നേഹപൂർവം സ്വഗൃഹത്തിലേയ്ക്ക് കൊണ്ടു പോയി. ഇതിനിടയിൽ വൃദ്ധൻ സാക്ഷാൽ വിക്രമാദിത്യ ചക്രവർത്തിയാണെന്നറിഞ്ഞ രാജാവ് അദ്ദേഹത്തെ ആദരിച്ചു സല്ക്കരിക്കുകയും അഹങ്കാരദീപിക മേലിൽ ഗുണദീപികയുടെ ദാസിയായിരിക്കു മെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സുശീലയായ ഗുണദീപിക മറ്റവളെ സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കുകയും അങ്ങനെ രാജാവിന്റെ പ്രശംസയ്ക്ക് പാത്രമാകുകയും ചെയ്തു. കുറച്ചുദിവസങ്ങൾകൂടി അവിടെ താമസിച്ചതിനുശേഷം വിക്രമാദിത്യൻ സൂര്യഗായത്രിയെയും ഗുണദീപികയേയും കൊണ്ട് ഉജ്ജയിനിയിലേക്ക് പോയി. അപ്പോഴേക്കും സാലഭഞ്ജികയുടെ ചോദ്യം വന്നിരുന്നു. “അല്ലയോ ഭോജരാജാവേ, ഞങ്ങളുടെ സ്വാമിയായിരുന്ന വിക്രമാദിത്യ ചക്രവർത്തിയുടെ അനുപമഗുണങ്ങൾ അവർണനീയങ്ങളാണ്. അദ്ദേഹത്തിന്റെ യോഗ്യതയുടെ ഒരംശമെങ്കിലും ഇല്ലാത്ത അങ്ങേയ്ക്ക് ഈ സിംഹാസനത്തിൽ കയറാൻ എന്താണ് അർഹത?'' സാലഭഞ്ജികയുടെ കഥാകഥനം കഴിഞ്ഞപ്പോൾ സമയം രാത്രിയായി. ഭോജരാജാവും മന്ത്രി ചന്ദ്രസേനനും പൂജാകർമങ്ങൾക്കായി പോകേണ്ടിയിരുന്നതിനാൽ അന്നത്തെ സദസ്സ് പിരിഞ്ഞു.

No comments:

Post a Comment