ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2021

വിക്രമാദിത്യകഥകൾ - 10

വിക്രമാദിത്യകഥകൾ - 10

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 07 - "രണ്ടു കിളികൾ"
➖➖➖➖➖➖➖➖➖
വിക്രമാദിത്യൻ പിടിച്ചുകെട്ടിക്കൊണ്ടുവരവെ ഇക്കുറിയും വേതാളം കഥ പറച്ചിലിന് ആരംഭമിട്ടു: വംഗദേശത്തിലെ വിക്രമസേനൻ എന്ന രാജാവിന് കൃശാൻ എന്നു പേരായ ഒരു പുത്രനുണ്ടായിരുന്നു. അവൻ ഒരു കിളിയെ ഓമനിച്ചുവളർത്തി വന്നു. ഭൂതം, ഭാവി, വർത്തമാനം എന്നീ കാലങ്ങളിലെ സംഭവങ്ങൾ പറയുവാൻ ആ കിളിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. ഒരു തവണ രാജകുമാരൻ തന്റെ വിവാഹം എപ്പോഴാണുണ്ടാവുകയെന്ന് ചോദിച്ചപ്പോൾ അത് ഇങ്ങനെ മറുപടി പറഞ്ഞു: “വേദപുരിയിൽ വിശ്വമോഹിനിയായ ഒരു രാജകുമാരിയുണ്ട്. ത്രികാല ഫലങ്ങൾ പറയുവാൻ കഴിവുള്ള ഒരു കിളിയെ അവളും വളർത്തുന്നുണ്ട്. തന്റെ ഭർത്താവ് ആരായിരിക്കുമെന്ന് അവൾ ഒരു ദിവസം കിളിയോട് ചോദിച്ചു. വംഗദേശത്തിലെ കൃശാൻ എന്ന രാജകുമാരനാണ് ഭർത്താവായിരിക്കുക എന്ന് കിളി മറുപടി പറഞ്ഞു. അവൾ തന്റെ പിതാവിനോടും സൈന്യങ്ങളോടും കൂടി ഇവിടേയ്ക്കു വരുന്നുണ്ട്.'' കിളി പറഞ്ഞത് സത്യമായിരുന്നു. അല്പസമയത്തിനുള്ളിൽ ലീലാവതി എന്ന രാജകുമാരിയും പരിവാരങ്ങളും അവിടെ എത്തിച്ചേർന്നു. അവരുടെ വിവാഹവും  കഴിഞ്ഞു. രാജകുമാരനും പത്നിയും രണ്ടു കിളികളേയും ഒരു കൂട്ടിലാക്കി അടച്ചു. ആൺപക്ഷി പെൺപക്ഷിയോട്  സംസാരിക്കാൻ തുടങ്ങിയപ്പോൾ, പെൺപക്ഷി വിസമ്മതം പ്രകടിപ്പിച്ച് അകന്നുമാറി. അവർക്കിടയിൽ ഒരു വല്ലാത്ത സൗന്ദര്യപ്പിണക്കം. ഈ ഒഴിഞ്ഞുമാറ്റത്തിന് തക്കതായ കാരണവും അവളുടെ പക്കലുണ്ട്. വെട്ടിത്തുറന്നു പറഞ്ഞു അവൾ “പുരുഷവർഗത്തെ വിശ്വസിക്കരുതെന്ന് ഞാൻ മനസിലാക്കിവെച്ചിട്ടുണ്ട്.'' ആൺപക്ഷി വിട്ടുകൊടുത്തില്ല. "അവൻ പറഞ്ഞു: “പുരുഷവർഗമല്ല, സ്ത്രീവർഗമാണ് വിശ്വസിക്കാൻ കൊള്ളാത്തവർ.'' ഇത് കേട്ടു കിടന്നിരുന്ന രാജകുമാരൻ പെൺപക്ഷിയോട്, എന്തുകൊണ്ടാണ് ആൺവർഗം വിശ്വസിക്കുവാൻ കൊള്ളരുതാത്തവരായതെന്ന് ചോദിച്ചപ്പോൾ, അതിനുത്തരമായി പെൺകിളി ഒരു കഥ പറഞ്ഞു.

ധനികനായ ഒരു ചെട്ടിയാരുടെ ഏകപുത്രനായിരുന്നു ധൂമകേതു. അവൻ ധൂർത്തനും ദുഷ്ടനും സ്ത്രീലമ്പടനുമായിരുന്നു. തന്റെ സ്വത്തെല്ലാം സുഖഭോഗങ്ങൾക്കായി ചെലവഴിച്ചശേഷം അവൻ ദേശാടനം ചെയ്യാൻ തുടങ്ങി. അയൽരാജ്യമായ അഴകാപുരിയിലെ ഒരു ചെട്ടിയാർക്ക് ധൂമകേതുവിനോട് പ്രതിപത്തി തോന്നി അവന് തന്റെ മകളെ വിവാഹം ചെയ്തുകൊടുത്തു. കുറെക്കാലം കഴിഞ്ഞ് അവൻ ഭാര്യാസമേതം നാട്ടിലേയ്ക്ക് മടങ്ങി. മാർഗമദ്ധ്യേ ഒരു വനമുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ അവന് താൻ പണ്ട് ജീവിച്ചിരുന്ന സ്ഥലങ്ങളേയും സംഭവങ്ങളേയും പററി ഓർമവന്നു. എത്രയോ ആഹ്ളാദതുന്ദിലമായിരുന്നു അക്കാലത്തെ ജീവിതം. പക്ഷേ, പറഞ്ഞിട്ടെന്ത് പ്രയോജനം? ഇപ്പോൾ കയ്യിൽ പണമില്ലല്ലോ. ചിന്തിച്ചു ചിന്തിച്ച് അവനൊരു വഴി കണ്ടെത്തി. നിഷ്പ്രയാസം പണം നേടാനുള്ള വിദ്യ. അവിടം കള്ളന്മാരുടേയും കൊള്ളക്കാരുടേയും ആവാസരംഗമാണെന്ന് പറഞ്ഞു ഭയപ്പെടുത്തി ഭാര്യയുടെ ആഭരണങ്ങളെല്ലാം അഴിപ്പിച്ചു വാങ്ങി. ഇനി ഭാര്യയെ അകറ്റണം. അതിനും ധൂമകേതു പറ്റിയ മാർഗം കണ്ടുപിടിച്ചു. അടുത്തുള്ള കിണറ്റിൽ വെള്ളമുണ്ടായെന്ന് പരിശോധിക്കുവാൻ പറഞ്ഞ് അതിന് പ്രേരിപ്പിച്ചിട്ട് അവൾ അങ്ങോട്ട് എത്തിനോക്കിയപ്പോൾ അവൻ ഭാര്യയെ അതിലേയ്ക്ക് തള്ളിയിട്ടു. പിന്നെ ധൂമകേതു ആഭരണങ്ങളുമായി ഓടി രക്ഷപെട്ടു. ഭാര്യയാകട്ടെ കിണറ്റിൽ കിടന്ന് നിലവിളിക്കാൻ തുടങ്ങി. ശബ്ദം കേട്ട ചില വഴിപോക്കർ അവളെ മരണത്തിൽനിന്നു രക്ഷിച്ചു. വിവരം ചോദിച്ചപ്പോൾ താൻ ഭർത്താവിനോടുകൂടി അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു പോകുകയായിരുന്നുവെന്നും ചില കള്ളന്മാർ വന്ന് ഭർത്താവിനെ പിടിച്ചുകെട്ടി തന്നെ കിണറ്റിൽ തള്ളിയിട്ടുപോയിയെന്നുമാണ് അവൾ അവരോട് പറഞ്ഞത്. ഉത്തമയായ ആ സ്ത്രീരത്നത്തിന്റെ പതിഭക്തി അന്യാദൃശമായിരുന്നു. അവൾ വീട്ടിൽ മടങ്ങിയെത്തി മാതാപിതാക്കളോടും ഇങ്ങനെത്തന്നെ പറഞ്ഞു. ചൂതാട്ടത്തിനെത്തിയ ധൂമകേതു പണം മുഴുവൻ കഴിഞ്ഞപ്പോൾ അവിടന്നും പുറത്താക്കപ്പെട്ടു. അവൻ ആഹാരത്തിനുപോലും വകയില്ലാതെ വലഞ്ഞുനടന്നു. ഭാര്യ കിണറ്റിൽ കിടന്ന് മരിച്ചു കാണുമെന്നും എന്തെങ്കിലും കൗശലം പ്രയോഗിച്ച് ഭാര്യവീട്ടിൽനിന്ന് ഇനിയും പണം തട്ടിയെടുക്കാമെന്നും കരുതി അവൻ അങ്ങോട്ട് നടന്നു. വഴിയിൽ വെച്ച് അവനെ കണ്ട ഭാര്യ വിവരമെല്ലാം പറഞ്ഞ് വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അവർ കുറേക്കാലം അവിടെ താമസിച്ചു. വീണ്ടും അവൻ പഴയകാലങ്ങളെ പറ്റി ഓർത്തു കൊണ്ടിരുന്നു. പക്ഷേ, കൈവശം പണമില്ല. എന്തു ചെയ്യാം? ഒരു ദിവസം അവൻ ഭാര്യയെ കൊന്ന് ആഭരണങ്ങളും എടുത്ത് അവിടെ നിന്നും കടന്നുകളഞ്ഞു.

പെൺകിളി ധൂമകേതുവിന്റെ കഥ പറഞ്ഞ് അവസാനിപ്പിച്ചിട്ട്, ഒരു നെടുവീർപ്പോടെ ചോദ്യമെറിഞ്ഞു: "ഇങ്ങനെയുള്ള പുരുഷവർഗത്തെ എങ്ങനെയാണ് വിശ്വസിക്കുക?'' അതുവരെ ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്ന ആൺകിളി, സ്ത്രീകളെ വിശ്വസിക്കാതിരിക്കാനുള്ളതിന്റെ കാരണം വിശദമാക്കി. അതും നല്ല ഒരു രസികൻ കഥയായിരുന്നു. ധർമകേശൻ എന്ന വ്യാപാരപ്രമുഖന്റെ സുന്ദരിയായ ഭാര്യയായിരുന്നു വിനിത . കച്ചവടത്തിനുവേണ്ടി ആറു മാസം ധർമകേശൻ വിദേശ സഞ്ചാരം ചെയ്തപ്പോൾ വിനിത ഒരു രഹസ്യക്കൂട്ടു പിടിച്ചു. വ്യാപാരി മടങ്ങിവന്ന് ഭാര്യയോടുകൂടി രാത്രി ഉറങ്ങാൻ കിടന്നു. ഭർത്താവ് ഉറങ്ങുന്ന തുവരെ അവൾ കൂട്ടുകാരനോട് തോട്ടത്തിൽ ഒളിച്ചിരിക്കാൻ ചട്ടം കെട്ടി. പട്ടണത്തിലെ രാത്രി പാറാവുകാർ മറഞ്ഞിരിക്കുന്നവനെക്കണ്ട് കള്ളനാണെന്ന് ശങ്കിച്ച് അവന്റെ നേരെ അസ്ത്രം തൊടുത്തുവിട്ടു. അവൻ  ഇരുന്ന ഇരുപ്പിൽ മരിച്ചുപോയി. വിനിത അവിടെയെത്തി പെട്ടെന്നുണ്ടായ ആവേശത്തിൽ അവനെ ചുംബിച്ചപ്പോൾ അവളുടെ മൂക്ക് അവന്റെ തുറന്നവായയിൽ പെടുകയും ശവം പെട്ടെന്ന് വായ കുട്ടിയപ്പോൾ നാസാഗം മുറിഞ്ഞു പോവുകയും ചെയ്തു. മൂക്ക് മുറിഞ്ഞപ്പോഴാണ് അവൾ അവതാളത്തിലായത്. നാട്ടുകാർ അറിയാതിരിക്കാൻ വേണ്ടി, സ്വന്തം ഭർത്താവ് തന്റെ മൂക്ക് മുറിച്ചു കളഞ്ഞുവെന്നു പറഞ്ഞ് വിലപിക്കുവാൻ തുടങ്ങി. പലരും ഓടിക്കൂടി വ്യാപാരിയെ പിടിച്ചുകെട്ടി രാജസന്നിധിയിൽ ഹാജരാക്കി. രാജാവ് ചോദിച്ചപ്പോൾ അയാൾക്ക് ഒന്നും പറയുവാനുണ്ടായിരുന്നില്ല. അബലയായ ഒരു വനിതാരക്നത്തിന്റെ മൂക്ക് അരിഞ്ഞുകളഞ്ഞതിന് രാജാവ് ധർമകേശനെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഇതിനിടയിൽ അസ്ത്രമേറ്റു മരിച്ച യുവാവിന്റെ ശരീരം പരിശോധിച്ചപ്പോൾ അതിന്റെ വായിൽ അവളുടെ നഷ്പ്പെട്ട മൂക്ക് കണ്ടെത്തുകയും സത്യം തെളിയുകയും ചെയ്തു. വിനിതക്ക്  മരണശിക്ഷയും കിട്ടി. ഇതാണ് സ്ത്രീകളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറയാൻ കാരണം. ആൺകിളി കഥ അവസാനിപ്പിച്ചു. വേതാളം തിരക്കി: “ധൂമകേതുവും വിനിതയും ചെയ്ത പാതകങ്ങളിൽ കഠിനമായത് ഏതാണ്?'' വിക്രമാദിത്യൻ പറഞ്ഞു: "രണ്ടുപേരും ചെയ്തത് പാതകം  കഠിനമാണ്. കാരണം പതിവ്രതയായ ഒരു സ്ത്രീയെ സ്വന്തം സുഖത്തിനു വേണ്ടി കൊല്ലാൻ പാടില്ല. അതുപോലെ തന്നെ തന്റെ പ്രാണനായ ഭാര്യയെ വിശ്വസിച്ച ഭർത്താവിനെ ചതിക്കാനും പാടില്ല. '' വിക്രമാദിത്യൻ അത് പറഞ്ഞുതീർന്നതോടെ വേതാളം മുരുക്കുമരത്തിലേക്ക് പോയിരുന്നു.

No comments:

Post a Comment