വിക്രമാദിത്യകഥകൾ - 30
ഏഴാം ദിവസം കനകാംഗി പറഞ്ഞ കഥ തുടർച്ച...
പാമ്പിനെക്കൊന്ന് തവളയെ രക്ഷിക്കുന്നത് വിധിക്കെതിരാണ്. മാത്രവുമല്ല, ജീവനാശമുണ്ടാവുകയും ചെയ്യും. അതുകൊണ്ട് അദ്ദേഹം സ്വന്തം ശരീരത്തിൽനിന്ന് ഒരു കഷണം മാംസം മുറിച്ചെടുത്ത് പാമ്പിനിട്ടുകൊടുത്തു. ജലന്ധരനും അനന്തനും ഈ സാഹസം കണ്ട് അത്ഭുതപ്പെട്ടു. ഉദാരമായ ഈ പ്രവൃത്തി ചെയ്യാൻ വിക്രമാദിത്യൻ മാത്രമേ സന്നദ്ധനാകൂ എന്നും അദ്ദേഹത്തിന്റെ ദാസന്മാരായി ഏഴരക്കൊല്ലം ജീവിച്ചാൽ ശാപ മോചനം കിട്ടുമെന്നുമായിരുന്നു നാരദൻ പറഞ്ഞിരുന്നത്. അവരിരുവരും രാജാവിന്റെ മുന്നിൽ വന്ന് വന്ദിച്ചുനിൽക്കുകയും തങ്ങളുടെ വാസ്തവസ്ഥിതി പറഞ്ഞറിയിക്കുകയും ചെയ്തു. വിക്രമാദിത്യൻ സന്തോഷത്തോടെ അവരെ തന്റെ ദാസന്മാരായി സ്വീകരിക്കുകയും സ്മരിച്ചാൽ ഉടൻ വന്നുചേരണമെന്ന് ചട്ടംകെട്ടി അവരെ അയയ്ക്കുകയും ചെയ്തു. അനന്തരം രത്നമാലികയേയും വേതാളത്തേയും ഒരു സത്രത്തിലാക്കി അദ്ദേഹം കോസലരാജാവിനെ കാണാൻ ചെന്നു. പ്രഥമദർശനത്തിൽതന്നെ തേജസ്വിയും ശൂരനുമാണെന്ന് തോന്നിച്ചിരുന്ന ഒരു യുവാവ് ഒരു പടനായകന് ചേർന്ന വേഷഭൂഷണങ്ങളോടുകൂടി തന്റെ മുന്നിൽ വന്നു നിൽക്കുന്നതു കണ്ട് കോസലരാജാവ് അത്ഭുതത്തോടെ തിരക്കി: “നിങ്ങൾ ആരാണ്? എവിടെന്ന് വരുന്നു?” വിക്രമാദിത്യൻ പറഞ്ഞു: “ഞാൻ മാളവരാജാവിന്റെ സേനാപതിയായിരുന്നു. കുറെക്കാലം അദ്ദേഹത്തിനുവേണ്ടി സേവനം ചെയ്തു. ഇനി അവിടെ ജീവിക്കുവാൻ എനിക്കിഷ്ടമില്ല. അങ്ങ് ഒരു ഉദ്യോഗം തരികയാണെങ്കിൽ ഇവിടെത്തന്നെ താമസിച്ചുകൊള്ളാം. ആയുധവിദ്യയിലും യുദ്ധതന്ത്രത്തിലും എനിക്ക് കഴിവുണ്ടെന്ന് അല്പ്പം ദിവസങ്ങൾക്കുള്ളിൽ അങ്ങേയ്ക്ക് ബോധ്യപ്പെടും. അരോഗദ്യഢഗാത്രനും ധീരനുമായ നവാഗതനെ രാജാവ് തന്റെ സൈന്യങ്ങളുടെ ഒരു വിഭാഗത്തിന്റെ നായകനാക്കി താമസിക്കാൻ ഭവനിവും മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുത്തു. ജയസേനൻ സത്രത്തിൽ മടങ്ങിവന്ന് രത്നമാലികയേയും കുട്ടി പുതുതായി കിട്ടിയ ഭവനത്തിലേയ്ക്ക് നടന്നു. കുറച്ചുനാളുകൾക്കുള്ളിൽ കോസലരാജാവിന് പുതിയ സേനാനായകന്റെ അസാമാന്യമായ കഴിവുകളിൽ വിശ്വാസം വന്നു. യുദ്ധകലയിൽ അതിചതുരനായ ജയസേനൻ ശാസ്ത്രാഭ്യാസപാടവം അദ്വിതീയമായിരുന്നു. രാജാവ് അയാളിൽ സംപിതനാവുകയും സ്ഥാനമാനങ്ങൾ നൽകുകയും ചെയ്തു അപ്സരസുന്ദരിയായ രത്നമാലിക സമേതം തന്റെ സ്ഥാനമാനങ്ങൾക്കൊത്ത് ജീവിക്കയായിരുന്ന ജയസേനന്റെ വീടിന് കാവൽ നിന്നിരുന്ന അനന്തൻ തന്റെ ശരീരം വളച്ച് വീടിന് ചുറ്റും ഒരു കോട്ടയുണ്ടാക്കുകയും ജലന്ധരൻ അതിന്റെ മുകളിൽ കയറിയിരിക്കുകയുമാണ് ചെയ്തിരുന്നത്. രാത്രികാലങ്ങളിൽ അകത്തേയ്ക്ക് ആരേയും കടത്തിവിട്ടിരുന്നില്ല. ഈ വിധത്തിൽ കുറേക്കാലം കഴിഞ്ഞു പോയി. കോസലരാജാവിന്റെ ശിങ്കിടിക്കാരനായ ചാരുദത്തൻ ജയസേനന്റെ ഗൃഹത്തിൽ ഇടയ്ക്കിടെ വരിക പതിവായിരുന്നു. അയാൾ ക്രമേണ അവിടത്തെ നിത്യാതിഥിയായി. അനന്തൻ അയാളെ മാത്രം അകത്തേയ്ക്കു കടത്തിവിട്ടിരുന്നു. ഒരു ദിവസം ജയസേനനോടൊത്ത് ചൂതുകളിച്ചുകൊണ്ടിരുന്നപ്പോൾ അയാൾ രത്നമാലികയെ കാണാനിടയായി...
അതിസുന്ദരിയായ ഒരു സ്ത്രീരത്നം ഇവിടെയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. രാജാവിനോട് ഈ വിവരം പറഞ്ഞ് തന്റെ സമ്മാനം വാങ്ങണമെന്നു കൊതിച്ച് ചാരുദത്തൻ നേരെ രാജധാനിയിലേയ്ക്കു തിരിച്ചു. രാജാവ് ആരാഞ്ഞു: “എന്താണ് ചാരുദത്തൻ, വിശേഷങ്ങളെല്ലാം? നിങ്ങളെ കുറച്ചുകാലമായി കാണാറില്ലല്ലോ. പുതിയ വാർത്ത വല്ലതുമുണ്ടോ?" “മഹാരാജാവേ, അടിയൻ കുറച്ചുദിവസങ്ങളായി അല്പം ജോലിത്തിരക്കിലായിരുന്നു. പുതിയ വാർത്ത വല്ലതും ഉണ്ടായെന്നു ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാം. തിരുമേനിയറിഞ്ഞിട്ടുണ്ടോ, നമ്മുടെ ജയസേനന്റെ വീട്ടിൽ ഒരു ഭൂലോകസുന്ദരിയുള്ള വിവരം?” “എന്ത്, ഭൂലോകസുന്ദരിയോ? നമ്മുടെ റാണിയെക്കാൾ സൗന്ദര്യമുണ്ടോ?''. “രാജാവേ, ഞാൻ കളവുപറയുകയല്ല. ദേവസുന്ദരിയെപ്പോലിരിക്കുന്ന ഒരു പെണ്ണാണവൾ. രാജാവ് ഇതുവരേയും ഇത്രമാത്രം സൗന്ദര്യമുള്ള ഒരു സ്ത്രീയെ കണ്ടിട്ടുണ്ടാവില്ല. ഞാൻ ഒരു വട്ടമേ കണ്ടുള്ളൂ. ഈ വിവരം അങ്ങയെ അറിയിക്കാനാണ് ഇപ്പോൾ തിരക്കിട്ട് ഞാൻ ഇങ്ങോട്ട് ഓടിവന്നിരിക്കുന്നത്.'' “ആട്ടെ...'' രാജാവ് തിരക്കി. “അവൾ ജയസേനന്റെ ആരാണ്? ഭാര്യയാണോ? അതോ, സഹോദരിയോ?''. “അതൊന്നും എനിക്കറിയില്ല. അയാളോട് ചോദിക്കുന്നത് അത്ര മര്യാദയല്ലല്ലോ. രാജാവ് ധാരാളം സമ്മാനങ്ങൾ കൊടുത്ത് ചാരുദത്തനെ പറഞ്ഞയച്ചു. അദ്ദേഹത്തിന്റെ മനസ്സ് ജയസേനന്റെ വീട്ടിലെ സുന്ദരിയെ കാണാൻ വേണ്ടി തുടിച്ചു. ജയസേനൻ സാമാന്യക്കാരനല്ല. ഒരു പക്ഷേ, അയാൾ വല്ല രാജകുമാരിയേയും വേട്ടുകൊണ്ടുവന്നതായിരിക്കാം. എന്തായാലും ഒന്നു കണ്ടിട്ടു തന്നെ കാര്യം. ഇങ്ങനെ വിചാരിച്ച് അദ്ദേഹം വീണ്ടും ചാരുദത്തനെ വിളിച്ച് ചോദിച്ചു: “എടോ, അവളെയൊന്ന് കാണണമെന്നുണ്ട്. അതിന് വല്ല മാർഗവു മുണ്ടോ?''. “അങ്ങ് അതോർത്ത് ഒട്ടും' ക്ലേശിക്കേണ്ടതില്ല. നമുക്ക് സൂത്രമുണ്ടാക്കാം.'' അങ്ങനെ പറഞ്ഞ് ചാരുദത്തൻ രാജാവിനെ സന്തോഷിപ്പിച്ചു. തനിക്ക് തടസ്സം കൂടാതെ ജയസേനന്റെ ഭവനത്തിലേയ്ക്കു പ്രവേശിക്കാൻ അധികാരമുള്ളതിനാൽ സൂത്രത്തിൽ ഒരു തവണ രാജാവിനേയും കൂട്ടിക്കൊണ്ടുപോകാമെന്നാണ് അയാൾ നിശ്ചയിച്ചത്. അതനുസരിച്ച് അന്നുരാത്രി അയാൾ രാജാവിനേയും കൊണ്ട് യാത്ര തിരിച്ചു. അദ്ദേഹത്തെ പ്രച്ഛന്നവേഷത്തിൽ വെളിയിൽ നിർത്തിയിട്ട് ചാരുദത്തൻ അകത്തുകടക്കുകയും ജയസേനനുമൊത്ത് കുറെ നേരം ചതുരംഗം കളിച്ചതിനു ശേഷം മടങ്ങി വന്നു...
ഇപ്പോൾ തന്നെ ഒരാളേയും കൂട്ടി അകത്തേയ്ക്കു പോകാനുണ്ടെന്ന് മടങ്ങും വഴി അനന്തനോട് പറഞ്ഞതിനാൽ പടിവാതിലിൽ തടസ്സമുണ്ടാക്കിയില്ല. ജയസേനനും രത്നമാലികയും ഉറക്കമായപ്പോൾ ചാരുദത്തിനും രാജാവും അകത്തുകടന്നു. രാജാവ് ഉറങ്ങിക്കിടക്കുന്ന രത്നമാലികയെ ഒരു നോക്ക് കണ്ടപ്പോഴേയ്ക്കും മയങ്ങി തല ചുറ്റിവീണു. ജയസേനനറിഞ്ഞാൽ ആപത്താണെന്നു കരുതി ചാരുദത്തൻ രാജാവിനേയും താങ്ങിപ്പിടിച്ച് പുറത്തേയ്ക്കു കടക്കുകയും അദ്ദേഹത്തെ രാജധാനിയിലെത്തിക്കുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോൾ രാജാവിന്റെ മുഖമൊന്ന് കാണേണ്ടതായിരുന്നു. താൻ അൽപം മുമ്പ് കണ്ട സുന്ദരീമണിയെ വിവാഹം ചെയ്യാൻ സാധിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് ഫലമില്ലെന്നായി അദ്ദേഹത്തിന്. ഈ ചിന്തയാൽ ഊണും ഉറക്കവുമില്ലാതെ അസ്വസ്ഥനായി അദ്ദേഹം. രാജാവ് തന്റെ മനോഭിലാഷം രഹസ്യമായി മന്ത്രിയെ അറിയിച്ചു. ബുദ്ധിമാനായ മന്ത്രി എന്തെങ്കിലും ഉപായം പ്രയോഗിച്ച് രത്നമാലികയെ തട്ടിയെടുത്തു തരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. വാസ്തവത്തിൽ മന്ത്രി ബുദ്ധിമാൻ തന്നെയായിരുന്നു; അതോടൊപ്പം ധാർമികചിന്ത കൂടി അയാൾക്കുണ്ടായിരുന്നു. ആയതിനാൽ, അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത് ആപത്തിനാണെന്നും ജയസേനൻ ഈ വിവരമറിഞ്ഞാൽ ചീറിയടുക്കുമെന്നും പറഞ്ഞ് രാജാവിനെ പിന്തിരിപ്പിക്കുവാൻ മന്ത്രി ശ്രമിച്ചു. എന്നാൽ, ഉപദേശങ്ങളെല്ലാം വിഫലമായതേയുള്ളു. സ്വാമിഭക്തനായ മന്ത്രി ഒരു സൂത്രം പറഞ്ഞു. കൊടുത്തു: "കോസലരാജ്യത്തുനിന്ന് നൂറ് നാഴിക പടിഞ്ഞാറായി വാരണം എന്ന നഗരത്തിൽ ജീവിച്ചിരിക്കുന്ന സുഹാസിനി എന്ന രാജകുമാരി ചിരിക്കുമ്പോൾ വായിൽ നിന്ന് മുത്തുകൾ ഉതിർന്നു വീഴാറുണ്ട്. വിലപിടിച്ച ആ മുത്തുകളെല്ലാം വിറ്റ് രാജാവും രത്നവ്യാപാരികളും ധാരാളം പണം സമ്പാദിച്ചുകഴിഞ്ഞു. എന്നാൽ ഇപ്പോൾ സുഹാസിനി ചിരിക്കാത്തതുകൊണ്ട് മുത്ത് ലഭിക്കാറില്ല. അവളുടെ മാതാപിതാക്കളും നാട്ടുകാരും ഒരു മുനിയുടെ ശാപം വഴി കല്ലായിത്തീർന്നിരിക്കയാണ്. മുനിയാകട്ടെ അവളെ തന്റെ ഗുഹയിലാണ് പാർപ്പിച്ചിരുന്നത്. ഗുഹയിൽനിന്ന് പുറത്തുപോകുമ്പോഴൊക്കെ അയാൾ അവളെക്കൊല്ലും. തിരിച്ചു വരുമ്പോൾ ജീവിപ്പിക്കുകയും ചെയ്യും. ദിവ്യമന്ത്രങ്ങൾ കൈവശമുള്ള മുനിയുടെ മുമ്പിൽ അവളൊരു ബലിയാടായി മാറിയിരിക്കയാണ്. ആ വിഷാദം കൊണ്ടാണ് അവൾ ചിരിക്കാത്തത്. നമ്മുടെ ജയസേനനെ, അവൾ ചിരിക്കുമ്പോൾ ഉതിർന്നുവീഴുന്ന രണ്ട് മുത്തുകൾ കൊണ്ടു വരാൻ അയച്ചാൽ മതി. അയാൾക്ക് വിജയിക്കാൻ കഴിയുകയില്ല. ആ തക്കത്തിൽ രത്നമാലികയെ നിർബന്ധമായി വിവാഹം ചെയ്യാം.” രാജാവിന് മന്ത്രിയുടെ ഈ കൗശലം നന്നേ ബോധിച്ചു. അടുത്ത ദിവസം തന്നെ രാജാവ് പണവും കൊടുത്ത് ജയസേനനെ മുത്ത് കൊണ്ടുവരുവാനയച്ചു. അയാൾ വീട്ടിൽ ചെന്ന് ജലന്ധരനേയും അനന്ത നേയും പ്രത്യേകം കാവലാക്കി. രത്നമാലികയുടെ സംരക്ഷണത്തിനുവേണ്ട ഏർപ്പാടുകളും ചെയ്ത് വാരണത്തിലേയ്ക്ക് യാത്രതിരിച്ചു. വളരെ ബുദ്ധി മുട്ടിയതിനുശേഷമാണ് സുഹാസിനിയുടെ വായിൽ നിന്ന് ഉതിർന്നുവീഴുന്ന മുത്തുകൾ വിറ്റിരുന്ന വ്യാപാരിയെ കണ്ടെത്താൻ തരപ്പെട്ടത്...
No comments:
Post a Comment