ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 26

വിക്രമാദിത്യകഥകൾ - 26

ആറാം ദിവസം രത്നവല്ലി പറഞ്ഞ കഥ

ആറാം ദിവസം പ്രഭാതമായി. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ അന്ത്യം എന്താണെന്നറിയാൻ ഭോജരാജാവിനും കൂട്ടർക്കും ആകാംക്ഷയുണ്ട്. അന്നും സിംഹാസനാരോഹണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ദാനധർമാദികൾ വിധിപോലെത്തന്നെ നടത്തപ്പെട്ടു. പൂജാകർമങ്ങൾക്കുശേഷം മന്ത്രിയായ ചന്ദ്രസേനനോടൊപ്പം അദ്ദേഹം സിംഹാസന ത്തിനടുക്കലേയ്ക്കു നടന്നു. യാതൊരു തടസ്സവും കൂടാതെ അഞ്ചു പടികളും കയറി....

ആറാമത്തേതിലേയ്ക്ക് കാലെടുത്തുവെച്ചപ്പോൾ അവിടെ നിന്നിരുന്ന രത്നവല്ലി എന്ന സാലഭഞ്ജിക കൈകൊട്ടിച്ചിരിച്ചുകൊണ്ട് രാജാവി നോട് ചോദിച്ചു: “ഭോജരാജാവേ, ഇതിനുമുമ്പ് കേട്ട കഥകളൊന്നും അങ്ങയെ തൃപനാക്കിയിട്ടില്ലെന്നു തോന്നുന്നു. വികമാദിത്യചക്രവർത്തിയുടെ ഈ സിംഹാസനത്തിൽ കയറാനുള്ള ആശ അങ്ങ് ഉപേക്ഷിക്കുന്ന ലക്ഷണവും കാണുന്നില്ല. ഇത് മഹാത്മാക്കൾക്ക് യോജിച്ചതാണോ?'' ഭോജന്റെ പ്രതിവചനം: “സകലകലാവിശാരദനായിരുന്ന വിക്രമാദിത്യനെപ്പറ്റി ഇനിയും കഥ കേട്ടാൽ കൊള്ളാം. കഴിയുമെങ്കിൽ അറിയുന്നത് പറയൂ.'' “അങ്ങയുടെ ആഗ്രഹം പോലെത്തന്നെയാകട്ടെ. ഞാൻ പറയാം. വികമാദിത്യനും ഭട്ടിയും കൂടി കാടാറുമാസത്തിനുവേണ്ടി പുറപ്പെട്ടപ്പോൾ ഉണ്ടായ ഒരു കഥയാണ് ഞാൻ പറയാൻ തുടങ്ങുന്നത്.” അങ്ങനെ ചെറിയൊരു ആമുഖത്തോടെയാണ് രത്നവല്ലി വിക്രമാദിത്യന്റെ മഹാച്ചരിതമാരംഭിച്ചത്. രാജ്യഭാരം തൽക്കാലം ഒരു മന്ത്രിയുടെ പക്കലേൽപിച്ച് വികമാദിത്യൻ യാത്രതിരിച്ചു. നാടുകളും നഗരങ്ങളും കടന്ന് അവരെത്തിച്ചേർന്നത് സസ്യലതാസമൃദ്ധമായ ഒരു പൊയ്ക്കയുടെ തീരത്തായിരുന്നു. പൊയ്പയ്ക്ക ചുറ്റും സുന്ദരമായ വനമുണ്ടായിരുന്നു. ലഘുഭക്ഷണം കഴിഞ്ഞ് യാത്രാക്ലേശത്താൽ ക്ഷീണിതരായ രാജാവും ഭട്ടിയും വിശ്രമാർഥം തളിർത്ത ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ആസനസ്ഥരായി. ഭട്ടിയുടെ മടിയിൽ തലവെച്ചു മയങ്ങിയിരുന്ന വിക്രമാദിത്യൻ പരിസരത്തുനിന്ന് പരാഗരേണുക്കളേയും വഹിച്ചെത്തുന്ന ഇളംകാറ്റുമേറ്റ് ആനന്ദനിർവൃതിയിൽ ലയിച്ചു. അപ്പോഴാണ് പല്ലക്ക് ചുമക്കുന്ന അമാലന്മാരുടെ ശബ്ദവും കുറെ യുവസുന്ദരികളുടെ പൊട്ടിച്ചിരിയും കൂടി ആ വിജനമായ അന്തരീക്ഷത്തിൽ ഒച്ചപ്പാടുണ്ടാക്കിയത്. വിക്രമാദിത്യൻ കണ്ണുതുറന്ന് ആ രംഗം വീക്ഷിച്ചു. സുന്ദരീമണിയായ ഒരു കന്യക പല്ലക്കിൽ നിന്നിറങ്ങി പൊയ്ക്കയുടെ സമീപത്തേയ്ക്കു പോയി. അവളുടെ ദാസികളായി യുവതികൾ വേറെയുമുണ്ടായിരുന്നു. അവൾ ഭട്ടിയുടെ മടിയിൽ തലവെച്ചുകിടക്കുന്ന വികമാദിത്യനെ കണ്ടു. അവൾ സ്വയം മന്ത്രിച്ചുപോയി. “എത്ര സുന്ദരനായ പുരുഷൻ. ലോകത്തിൽ ഇങ്ങനേയും സുന്ദരന്മാരുണ്ടോ? ഇദ്ദേഹവുമൊത്ത് ജീവിക്കാൻ ഭാഗ്യം കിട്ടുന്നവരാണ് യഥാർഥത്തിൽ ഭാഗ്യവതി.'' വിക്രമാദിത്യനോട്‌ സംസാരിക്കാൻ അവളൊരു വിദ്യ കണ്ടുപിടിച്ചു. ഭട്ടിയും വിക്രമാദിത്യനും നോക്കിക്കൊണ്ടിരിക്കെ അവൾ് താമരപ്പൂ പറിച്ചെടുത്ത് മാറോടണയ്ക്കുകയും അതിനു ശേഷം പാദങ്ങളിലിടുകയും ചെയ്തു. കൂടാതെ, ഒരു മണൽക്കുമ്പാരമുണ്ടാക്കി അതിന്റെ മീതെ ഒരു ഓടുകമഴ്ത്തിവെക്കുകയും ചെയ്തു കൂടാതെ..

ഒരു മുടിനാരടുത്ത് അതിന്റെ മുകളിൽ വെക്കുകയും ചെയ്തു. അനന്തരം ഒരക്ഷരം ഉരിയാടാതെ അവൾ സഖിമാരുമൊത്ത്  വന്നേടത്തേയ്ക്കുതന്നെ യാത്രയായി. വിക്രമാദിത്യൻ മസ്സിൽ ചിന്തിച്ചു. അവൾക്ക് തന്നോട് സ്നേഹവും താൽപര്യവുമുണ്ടെന്ന കാര്യം സ്പഷ്ടം. അവളെ വേൾക്കാൻ എന്താണ് വഴി? തന്റെ മനോഗതം അദ്ദേഹം ഭട്ടിയെ അറിയിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. തന്റെ അഗ്രജനും സംരക്ഷകനും ചക്രവർത്തിയുമായ വിക്രമാദിത്യന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ള ഭട്ടി അദ്ദേഹത്തേയും കൂട്ടി പൊയ്ക്കയുടെ തീരത്തേയ്ക്ക നടന്നു. രാജാവ് ഭട്ടിയോട് ആരാഞ്ഞു: “അവൾ ഇവിടെനിന്ന് ചെയ്ത സംഗതികൾക്ക് എന്തോ ഉദ്ദേശമുണ്ട്. അതെന്താവും?” ഭട്ടി പറഞ്ഞു: “രാജാവേ, അവൾ ബുദ്ധിമതിയാണ്. മറ്റുള്ളവരുടെ മുമ്പിൽ വെച്ച് തന്റെ അനുരാഗം വെളിപ്പെടുത്താൻ അവൾ സ്വീകരിച്ച ഒരുപായമാണിത്. “അങ്ങനെയാണെങ്കിൽ ഈ ക്രിയകളുടെ ആശയം എന്താണ് ഭട്ടീ?'' “താമരപ്പൂ പറിച്ച് മാറോട് ചേർത്തതിനാൽ അവളുടെ പേര് പത്മാവതി എന്നാകണം. പിന്നീട് പാദങ്ങളിലിട്ടത് നാടിന്റെ സൂചനയാണ്. കലിംഗപുരി എന്നാണ് അതിന്റെ പേർ. മണൽക്കൂമ്പാരത്തിന്മേൽ ഓടുവെച്ചിരിക്കുന്നതുകൊണ്ട് അവളുടെ വീടിനുമുന്നിൽ ഓടിട്ട മറ്റൊരു ഗൃഹമുണ്ടെന്നും തലമുടി ചുറ്റിയിരിക്കുന്നതിനാൽ പിതാവിന്റെ നാമധേയം രാമൻ എന്നാണെന്നും വ്യക്തം. ഇതെല്ലാം ധരിച്ച് യോജിച്ചവിധം വന്നുചേരണമെന്നാണ് അവൾ സൂചിപ്പിക്കുന്നത്. വിക്രമാദിത്യന്റെ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. ഉടൻതന്നെ അദ്ദേഹവും ഭട്ടിയും കലിംഗപുരിയിൽ എത്തിച്ചേർന്നു. രണ്ട് വൃദ്ധതാപസന്മാരുടെ വേഷം ധരിച്ച് അവർ തെരുവീഥിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. നഗരത്തിലെ പ്രമുഖ വ്യാപാരിയായ രാമന്റെ ഭവനം വീഥിക്കരികിലായിരുന്നു. കാഴ്ചയിൽ അമാനുഷരെന്നു തോന്നുന്ന രണ്ട് താപസർ തന്റെ ഗൃഹത്തിനുമുമ്പിൽ കൂടി പോകുന്നതു കണ്ട് അദ്ദേഹം അവരെ ഭക്ത്യാദരപൂർവം തന്റെ ഗൃഹത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. തങ്ങൾ സഞ്ചാരികളായ താപസരാണെന്നാണ് അവർ അദ്ദേഹത്തോട് പറഞ്ഞത്. രാമൻ പണ്ഡിതന്മാരേയും മുനിമാരേയും സ്വീകരിച്ച് സൽക്കരിക്കുന്നതിൽ ഉത്സാഹമുള്ളവനായിരുന്നു. ആഗതരുടെ സൗകര്യങ്ങൾക്കുവേണ്ടി അദ്ദേഹം പ്രത്യേകം ഏർപ്പാടുകൾ ചെയ്തു. കന്യകയായ സ്വപുതിയുടെ പരിശുദ്ധമായ അന്തഃപുരമാണ് അതിനുപറ്റിയ സ്ഥലമെന്നു കരുതി അദ്ദേഹം അവരെ അങ്ങോട്ടയച്ചു. പ്രഥമ ദർശനത്തിൽ തന്നെ പത്മാവതിക്ക് ആഗതരെ മനസ്സിലായി. താൻ കണ്ട സുന്ദര പുരുഷൻ പിതാവിന്റെ അനുവാദത്തോടു കൂടി ഇവിടെ എത്തിച്ചേർന്നതിൽ അവൾ ആനന്ദവിവശയായി...

പത്മാവതിതന്നെയാണ് താപസ്വികൾക്ക് ആഹാരം വിളമ്പിക്കൊടുത്തത്. അവൾ സൂതത്തിന്റെ വികമാദിത്യന്റെ ഇലയിൽ കുറച്ച് തേൻ വിളമ്പി. ഈ ക്രിയയുടെ പിന്നിൽ എന്തോ ആശയമുണ്ടെന്നും തന്നെ അവൾക്ക് മനസ്സിലായെന്നും രാജാവറിഞ്ഞു, ഭക്ഷണശേഷം ഭട്ടിയോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഭട്ടി പറഞ്ഞു, “ഈ നഗരത്തിൽ മധുര എന്ന പേരിൽ ഒരു ദാസി വസിക്കുന്നുണ്ട്. നാം അവളുടെ അടുക്കൽ ചെന്നു താമസിക്കണമെന്നാണ് ഇലയിൽ തേൻ വിളമ്പിയതിന്റെ ഉദ്ദേശം” ഇരുവരും രാമനോട് യാത്രപറഞ്ഞ് സ്വന്തം വേഷത്തിൽ തന്നെ മധുരത്തിന്റെ മന്ദിരത്തിൽ ചെല്ലുകയും പത്മാവതിയുടെ നിർദ്ദേശപ്രകാരമാണ് തങ്ങളവിടെ എത്തിയിട്ടുള്ളതെന്ന് പറയുകയും ചെയ്തു. പത്മാവതിയുടെ സ്നേഹിതയായ മധുരത്തിന് സ്വസഖിയുടെ നിർദ്ദേശം പാലിക്കാൻ സന്തോഷമായിരുന്നു. അവൾ വിക്രമാദിത്യനേയും ഭട്ടിയേയും ഹൃദയപൂർവം സ്വീകരിച്ചു സൽക്കരിക്കുകയും അവരുടെ ആവശ്യപ്രകാരം പത്മാവതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പറയുകയും ചെയ്തു. നഗരത്തിലെ കോടീശ്വരനായ രാമന്റെ ഏകപുതിയാണ് പത്മാവതി. അവൾ ശൈശവത്തിൽതന്നെ വിവാഹിതയായി. ഭർത്താവ് അപ്പോൾ തന്നെ വ്യാപാരാർഥം വിദേശത്തേയ്ക്ക് യാത്രയായതാണ്. ഇതുവരേയും മടങ്ങി വന്നിട്ടില്ല. വികമാദിത്യനും ഭട്ടിയും കരുതലോടെ പെരുമാറുവാനാണ് നിശ്ചയിച്ചത്. ഇരുവരും ഉടനേ വേഷംമാറി രാമന്റെ മാളികയിലേയ്ക്ക് യാത്രയായി. ഇത്തവണ വിക്രമാദിത്യൻ ഒരു യുവസുന്ദരിയുടേയും ഭട്ടി വൃദ്ധനായ ഒരു വ്യാപാരപ്രമുഖന്റേയും വേഷമാണ് ധരിച്ചത്. അവർ രാമനെ ചെന്നുകണ്ട് അഭിവാദനം ചെയ്തു. രാമൻ തിരക്കി. “മനസ്സിലായില്ലല്ലോ? വൈശ്യകുലത്തിൽ പെട്ടവരാണെന്ന് ഊഹിക്കുന്നതിൽ തെറ്റില്ലല്ലോ? സ്വദേശമേതാണ്?'' ഭട്ടിയുടെ സ്വരം; “താങ്കളുടെ അനുമാനം ശരിയാണ്. ഞങ്ങൾ വൈശ്യകുലജാതരാണ്. രത്നപുരത്തിലെ ഒരു വ്യാപാരിയാണ് ഞാൻ. ഇവൾ എന്റെ മകളാണ്, സുമിത്ര , ശൈശവത്തിൽ വിവാഹം കഴിഞ്ഞതാണ്. ഭർത്താവ് ദേശാടനത്തിനു പോയിട്ട് ഇതുവരേയും തിരിച്ചുവന്നിട്ടില്ല. മകളേയും കൊണ്ട് അവനെ തിരക്കിയിറങ്ങിയതാണ് ഞാൻ. ഇതുവരേയും കണ്ടുകിട്ടിയിട്ടില്ല.'' രാമൻ പറഞ്ഞു: “നമ്മൾ തുല്യ ദുഃഖിതരാണ്. എന്റെ മകളും ശൈശവത്തിൽ വിവാഹിതയായതാണ്. ഭർത്താവ് ഇതേവരെ മടങ്ങിവന്നിട്ടില്ല.” “എനിക്കൊരു ചെറിയ സഹായം ചെയ്തുതരണം. സുമിത്രയുടെ ഭർത്താവിനെ തിരയാൻ ഞാൻ ഇനിയും യാത്ര ചെയ്യുകയാണ്. ഇവളേയും കൊണ്ടുപോകുന്നതിന് പല അസൗകര്യങ്ങളുമുണ്ട്. ഇവൾ ഞാൻ മടങ്ങിയെത്തുന്നതുവരെ ഇവിടെത്തന്നെ താമസിക്കട്ടെ...''

No comments:

Post a Comment