ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2021

വിക്രമാദിത്യകഥകൾ - 05

വിക്രമാദിത്യകഥകൾ - 05

ഒന്നാം ദിവസം ലളിത പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖
പാതിരാവായപ്പോൾ ഭട്ടി ഭദ്രാക്ഷേത്രത്തിനു നേരെ നടന്നു. ദേവി അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഭട്ടി കാത്തിരുന്നു. ദേവി മടങ്ങിയെത്തി ആഗമനോദ്ദേശം ആരാഞ്ഞപ്പോൾ അയാൾ പറഞ്ഞു: "എന്റെ ജ്യേഷ്ഠനായ വിക്രമാദിത്യമഹാരാജാവ് സ്വർഗത്തിൽ പോയി ആയിരം വർഷം ജീവിച്ചിരിക്കാനുള്ള വരവും കൊണ്ട് വന്നിട്ടുണ്ട്. രണ്ടായിരം വർഷം അദ്ദേഹത്തോടൊപ്പം ജീവിച്ചിരിക്കാൻ എനിക്ക് അവിടന്ന് വരം തരണം." ദേവി ചിന്താഭരിതയായി. പിന്നെ മന്ദം മൊഴിഞ്ഞു: “ദേവന്മാർ നിഗ്രഹാനുഗ്രഹശക്തിയുള്ളവരാണ്. എനിക്ക് അതില്ല. പിന്നെ ഞാനെങ്ങനെ വരം തരും?" ഭട്ടി കേണപേക്ഷിച്ചു: “എനിക്ക് എങ്ങനെയെങ്കിലും അഭീഷ്ടം സാധിപ്പിച്ചുതരണം. എന്നിൽ കനിയണം. അനുഗ്രഹിക്കണം.” ദേവിയുടെ സ്വരമുയർന്നു: “ശരി. നീ ഞാൻ പറയുന്നതനുസരിച്ചു ചെയ്താൽ ഞാൻ നിനക്ക് വരം തരാം.'' “ദേവി എന്തു കല്പിച്ചാലും ഞാനത് നിറവേറ്റാം. തീർച്ചയാണ്. എന്നെ വിശ്വസിച്ചുകൊള്ളൂ.'' ദേവി കല്പ്പിച്ചു: “വിക്രമാദിത്യന്റെ തല വെട്ടിയെടുത്ത് ഈ ബലിപീഠത്തിൽ വെക്കുക. എങ്കിൽ നിന്റെ ആഗ്രഹം നടക്കും. ഞാനത് നിറവേറ്റിത്തരും." ഭട്ടി നേരെ കൊട്ടാരത്തിലേയ്ക്കു പാഞ്ഞു. അവിടെ വിക്രമാദിത്യൻ, കിടന്നുറങ്ങുകയായിരുന്നു. ഭട്ടി വിക്രമാദിത്യനെ വിളിച്ചുണർത്തി അദ്ദേഹത്തിന്റെ ശിരസ്സ് ആവശ്യപ്പെട്ടു. വിക്രമാദിത്യൻ യാതൊന്നും ചോദിക്കാതെ സമ്മതിക്കുകയും ചെയ്തു. ഭട്ടി കൂസലില്ലാതെ ജ്യേഷ്ഠന്റെ തലവെട്ടിയെടുത്ത് ക്ഷേത്രത്തിലേയ്ക്കു ചെന്ന് ബലിപീഠത്തിൽ വെച്ച് നമസ്കരിച്ചു ദേവിപോലും ഇതു കണ്ട് ചാഞ്ചല്യപ്പെട്ടു. ഭട്ടി ഒരിക്കലും ഈ കൃത്യം ചെയകയില്ലെന്നായിരുന്നു ദേവിയുടെ ധാരണ. അവർ ഉടനടി വരം കൊടുത്തു. “പ്രിയപ്പെട്ട ഭട്ടീ, രണ്ടായിരം വർഷം നീ ഭൂമിയിൽ സന്തോഷത്തോടെ ജീവിച്ചിരിക്കുക.” ഇതു കേട്ട് ഭട്ടി പരിഹാസദ്യോതകമായി പുച്ഛരസത്തിൽ ഒന്നു ചിരിച്ചു. ദേവി കാരണം ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “ഇന്ദ്രൻ മുതലായ ദേവന്മാർ ആയിരം വർഷം ജീവിച്ചിരിക്കട്ടേയെന്ന് ജ്യേഷ്ഠന് വരം കൊടുത്തു. ആ ജ്യേഷ്ഠനാണ് ഇപ്പോൾ ഉടലും തലയും രണ്ടു ദിക്കിലായി കിടക്കുന്നത്. ആയതിനാൽ ദേവന്മാർ കൊടുക്കുന്ന വരത്തിന്റെ സാഫല്യം സംശയനീയമായിരിക്കുന്നു.”

ഭട്ടിയുടെ ബുദ്ധിസാമർഥ്യം കണ്ട് ദേവിക്ക് അത്യധികം സന്തോഷമായി. ദേവി ചോദിച്ചു: “തിലോകങ്ങളിൽ സൃഷ്ടിസ്ഥിതിസംഹാരം നടത്തിക്കൊണ്ടിരിക്കുന്ന ഞാൻ നിനക്കായി മറ്റെന്ത് വരമാണ് തരേണ്ടത്?" വിക്രമാദിത്യനെ ജീവിപ്പിക്കണമെന്നല്ലാതെ ഭട്ടി എന്ത് പറയും? ആ ആവശ്യം തന്നെയാണ് ദേവീസമക്ഷം ഭട്ടി അവതരിപ്പിച്ചതും. ദേവി പ്രതിവചിച്ചു: "ഈ ശിരസ്സ് കൊണ്ടുപോയി ശരീരത്തിൽ ചേർത്തുവെച്ച്, ഞാൻ തരുന്ന തീർഥജലം തളിച്ച്, ഈ മന്ത്രം ജപിച്ചാൽ വിക്രമാദിത്യൻ ജീവിക്കും.'' തീർഥവും മന്ത്രവും നൽകി ദേവി അന്തർധാനം ചെയ്തു. ഭട്ടി മടങ്ങിയെത്തി വിക്രമാദിത്യനെ ജീവിപ്പിച്ചു. എന്തെല്ലാം സംഭവിച്ചുവെന്ന് ജിജ്ഞാസമൂലം അദ്ദേഹം ചോദിക്കുകയുണ്ടായി. ഭട്ടി നടന്നതെല്ലാം വികമാദിത്യനെ സവിസ്തരം പറഞ്ഞു കേൾപ്പിച്ചു. വിക്രമാദിത്യൻ ബദ്ധപ്പാടോടും കുറ്റബോധത്തോടും കൂടി ഇങ്ങനെ അറിയിച്ചു: “നിനക്ക് ആയിരം കൊല്ലം ജീവിക്കാൻ സാധ്യമല്ലല്ലോയെന്ന് ചിന്തിച്ച് ഞാൻ ദുഃഖിക്കുകയായിരുന്നു. ഇപ്പോൾ ആ സങ്കടം തീർന്നു. പക്ഷേ, നിനക്ക് രണ്ടായിരം വർഷത്തേയ്ക്കാണല്ലോ വരം. ആയിരവും രണ്ടായിരവും. ഇതെ ങ്ങനെ തുല്യമാകും, ഭട്ടീ?'', ഭട്ടിയുടെ സ്വരം: “സിംഹാസനത്തിൽനിന്നിറങ്ങാതെ ആയിരം കൊല്ലം ഭരിക്കാനല്ലേ ദേവന്മാർ അനുഗ്രഹിച്ചിരിക്കുന്നത്? അതിനൊരു സൂത്രം ചെയ്യാം. ആറു മാസം നാടു ഭരിക്കുകയും അടുത്ത ആറു മാസം കാട്ടിൽ ജീവിക്കുകയും ചെയ്ത് അങ്ങേയ്ക്കും രണ്ടായിരം വർഷങ്ങൾ ജീവിക്കാം.'' ഭട്ടിയുടെ തന്ത്രം വിക്രമാദിത്യനെ ആനന്ദസാഗരത്തിലാറാടിച്ചു. രണ്ടായിരം വർഷം ജീവിക്കാൻ യോഗ്യരാണ് ഇപ്പോൾ ഇരുവരും. ഭട്ടിയുടെ നിർദ്ദേശമനുസരിച്ച് നാടാറുമാസവും കാടാറുമാസവുമായി വിക്രമാദിത്യൻ നാടുഭരിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്തു. ആതുരാജാക്കന്മാരെ യുദ്ധം ചെയ്തു തോല്പിച്ച്, അവരെ സാമന്തന്മാരാക്കിക്കൊണ്ട് വിക്രമാദിത്യ ചക്രവർത്തിയുടെ ഭരണം രണ്ടായിരം കൊല്ലം നീണ്ടുനിന്നു. തുടർച്ചയായ ആ സംസാരം അവസാനിപ്പിക്കുന്നതുപോലെ ഒന്നു നിർത്തിയിട്ട്, ലളിത എടുത്തു ചോദിച്ചു: “ഇത്രയും ഉജ്ജ്വലമായ പൂർവകാലചരിത്രമുള്ള ഈ സിംഹാസന ത്തിൽ കയറിയിരിക്കാൻ ഹേ, ഭോജരാജാവേ, നിങ്ങൾക്ക് യോഗ്യതയുണ്ടോ? അതോർത്തായിരുന്നു ഞങ്ങൾ ചിരിച്ചത്. തെറ്റായോ?” പ്രഥമസോപാനത്തിലെ സാലഭഞ്ജികയായ ലളിത കഥ പറഞ്ഞ് അവ സാനിപ്പിച്ചത് അങ്ങനെയായിരുന്നു.

No comments:

Post a Comment