ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 21

വിക്രമാദിത്യകഥകൾ - 21

മൂന്നാം ദിവസം ശാരദ പറഞ്ഞ കഥ
➖➖➖➖➖➖➖➖➖

മൂന്നാം ദിവസം വീണ്ടും സിംഹാസനാരോഹണത്തിനുവേണ്ട ചടങ്ങുകളെല്ലാം കഴിഞ്ഞ് രാജാവ് മൂന്നാമത്തെ പടിയിൽ കാൽവെച്ചപ്പോൾ, അവിടെ നിന്നിരുന്ന ശാരദ എന്ന സാലഭഞ്ജിക പറഞ്ഞു: “ഭോജരാജാവേ, ഇത്രയൊക്കെയായിട്ടും ഇതിൽ കയറാൻ അങ്ങേയ്ക്കുള്ള മോഹം തീർന്നില്ലേ? അങ്ങേയ്ക്ക് ഇതിനുള്ള അർഹതയെന്താണ്? വിക്രമാദിത്യചക്രവർത്തിയുടെ മഹിമാതിശയങ്ങളെ സ്പഷ്ടമാക്കുന്ന ഒരു കഥ കൂടി വേണമെങ്കിൽ കേട്ടോളൂ. ഞാനത് പറഞ്ഞുതരാം.'' ഭോജരാജാവിന്  ആകാംഷയായി: “ശരി, കേൾക്കട്ടെ.'' സാലഭഞ്ജിക കഥയാരംഭിച്ചു. ഉജ്ജയിനിയിൽ ബ്രഹ്മാനന്ദൻ എന്നു പേരായ ഒരു ബ്രാഹ്മണവര്യനുണ്ടായിരുന്നു. തപപ്രഭാവത്തിൽ സംജാതനായ പുത്രന് ഏഴു വയസ്സായപ്പോൾ, അയാൾ ഒരു ദിവസം അവനേയും കൂട്ടി സമുദ്രസ്താനത്തിനുപോയി. ഓർക്കാപ്പുറത്ത് ഒരു മത്സ്യം ബാലനെ വിഴുങ്ങിക്കളഞ്ഞു. അയാൾ വികമാദിത്യന്റെ സന്നിധിയിലെത്തി സങ്കടം ബോധിപ്പിച്ചു. അദ്ദേഹം സങ്കടപരിഹാരമുണ്ടാക്കാൻ വേണ്ടി ബ്രാഹ്മണനേയും കൂട്ടി കടൽക്കരയിലേയ്ക്ക് നടന്നു. അപ്പോൾ രാജാവിന് കാടാറുമാസം തുടങ്ങാറായ സന്ദർഭമായിരുന്നു. വിക്രമാദിത്യൻ കടലിൽ ഇറങ്ങിയപ്പോൾ ബാലനെ വിഴുങ്ങിയ മത്സ്യം അദ്ദേഹത്തേയും വിഴുങ്ങി. രാജാവ് അങ്ങനെ മത്സ്യത്തിന്റെ വയറ്റിലെത്തി. അവിടെ ഒരു മഹാനഗരമായിരുന്നു. കുറെ തിരഞ്ഞപ്പോൾ  ബാലനെ കണ്ടെത്തി. അവനേയും കൂട്ടി വേതാളത്തിന്റെ സഹായത്താൽ മത്സ്യത്തിന്റെ വയറുപിളർന്ന് അദ്ദേഹം മുകളിലെത്തി ബാലകനെ കൈ മാറുകയും ചെയ്തു. അപ്പോൾ ഒരു മാന്ത്രിക വിദ്യയാൽ മത്സ്യത്തിന്റെ പിളർന്ന വയർ അടയ്ക്കാനും അദ്ദേഹം മറന്നില്ല. കരയിൽ വന്ന അദ്ദേഹം അവിടെ നിന്നും യാത്ര ചെയ്ത്  വിദർഭരാജ്യത്തെത്തി. വിദർഭരാജാവിന്റെ ഓമനമകളായ സന്താനവല്ലി സർവാംഗസുന്ദരിയായിരുന്നു. രാജാവ് മകൾക്ക് സ്വയംവരം ഏർപ്പെടുത്തി. അവൾക്ക് ഇഷ്ടമുള്ള യുവാവിനെ വരിക്കാനുള്ള അവകാശമാണ് മകൾക്കു കൊടുത്തത്. സ്വയംവരാഘോഷം നാടുമുഴുവൻ കൊണ്ടാടിയിരുന്നു. അതിനിടയിലാണ് വിക്രമാദിത്യൻ അവിടെയെത്തിയതും വിവരങ്ങളറിഞ്ഞതും. വിക്രമാദിത്യൻ വേതാളത്തെ അയച്ച് കുറെ അമൂല്യരത്നങ്ങൾ വരുത്തി വിക്രമവ്യാപാരി എന്ന പേരിൽ ഒരു വലിയ പീടിക തുടങ്ങി. ആ കടയിലുണ്ടായിരുന്ന രത്നങ്ങളുടെ എണ്ണവും ഭംഗിയും മൂലം അദ്ദേഹം പെട്ടെന്ന് പ്രശസ്തനായി.

സ്വയംവരത്തിന് വന്നു താമസിച്ചിരുന്ന രാജാക്കന്മാർപോലും എപ്പോഴും ഈ പീടികയിലായിരുന്നു വാസം. പലരും പറഞ്ഞു കേട്ട് രാജാവും പുതിയ വ്യാപാരിയുടെ ഐശ്വര്യത്തിൽ മനം മയങ്ങി മകളുടെ സ്വയംവരത്തിന് വികമവ്യാപാരിയെ പ്രത്യേകം ക്ഷണിച്ചു. അയാൾ അതിഥിയായി ഇരുന്നു. അലങ്കരിക്കപ്പെട്ട മണിമഞ്ചങ്ങളിൽ സന്നിഹിതരായിരുന്ന രാജാക്കന്മാരുടെ ഇടയിലേയ്ക്ക് സർവാഭരണവിഭൂഷിതയായ സന്താനവല്ലി ലജ്ജാനമമുഖിയായി മന്ദം മന്ദം പ്രവേശിച്ചു. ഓരോ രാജാക്കന്മാരെയായി കാണുകയും അവരുടെ ചരിത്രം തോഴി മുഖേന അറിയുകയും ചെയ്തുകൊണ്ട് അവൾ വിക്രമവ്യാപാരിയുടെ സവിധത്തിലെത്തി. അദ്ദേഹത്തെ കണ്ടമാത്രയിൽ അവളുടെ ഹൃദയം തരളിതമായിത്തീരുകയും അവൾ വരണമാല്യം ആ കണത്തിൽ അണിയിക്കുകയും ചെയ്തു. മഹാപ്രതാപികളായ രാജാക്കന്മാരെ അവഗണിച്ചുകൊണ്ട് ഒരു രത്നവ്യാപാരിയെ സന്താനവല്ലി ഭർത്താവായി സ്വീകരിച്ചത് പലർക്കും തീരെ രസിച്ചില്ല. പലരും പിണങ്ങിപ്പോയി. രാജകുമാരിയുടെ മാതാപിതാക്കൾക്കും മകളുടെ അവിവേകമോർത്ത് മനോവേദനയുണ്ടായി. ഇതെല്ലാം കണ്ടപ്പോൾ സന്താനവല്ലിക്കും താൻ തെറ്റു ചെയ്തുവെന്ന് തോന്നി. ചക്രവർത്തിയുടെ ലക്ഷണങ്ങൾ അദ്ദേഹത്തിൽ കുടികൊള്ളുന്നതിനാലാണ് അവൾ വിക്രമാദിത്യനെ മാലയിട്ടത്. ഇപ്പോൾ അവൾക്ക് അതൊരു പാതകമായിപ്പോയെന്ന ചിന്തയുദിച്ചിരിക്കുന്നു. ആയതിനാൽ, അച്ഛന്റെ സമ്മതപ്രകാരം അദ്ദേഹത്തെയൊന്ന് പരീക്ഷിക്കുവാനുറച്ചു. രാത്രിയായപ്പോൾ വിക്രമാദിത്യന്റെ കിടയ്ക്കയ്ക്കരുകിൽ തിരശ്ലീല സ്ഥാപിക്കുകയും അതിനപ്പുറത്തു സന്താനവല്ലിയും കുറച്ചുമാറി ബന്ധുക്കളും ഇരിക്കയും ചെയ്തു. വിക്രമാദിത്യന് ഇതിന്റെ ഉദ്ദേശം എളുപ്പത്തിൽ മനസ്സിലായി. അദ്ദേഹം വേതാളത്തെ തിരശ്ശീലയിൽ സന്നിവേശിപ്പിക്കുകയും തിരശ്ശീലയോട് പറയുകയും ചെയ്തു: “അല്ലയോ തിരശ്ശീലേ, എന്റെ പത്നിയായ സന്താനവല്ലി ഒരക്ഷരം പോലും മിണ്ടുന്നില്ല. എനിക്കാണെങ്കിൽ ഒട്ടും ഉറക്കം വരുന്നില്ല. ഏതായാലും നീയൊരു കഥ പറയൂ.' തിരശ്ശീലയുടെ പരാതി: “ഹേ, പ്രഭോ, വെറും തുണിമാത്രമായ എന്നെ ബന്ധനത്തിലാക്കിയിരിക്കുകയാണ്. ഈ പരിതസ്ഥിതിയിൽ ഞാനെങ്ങനെ കഥ പറയും?'' തിരശ്ശീല സംസാരിക്കുന്നതു കേട്ട് സന്താനവല്ലിയും ബന്ധുക്കളും അതിശയിച്ചു. അവർ തിരശ്ശീലയുടെ കെട്ടുകളഴിച്ചുകളഞ്ഞ് അതിനെ സ്വതന്ത്രമാക്കി. ഇപ്പോൾ നവദമ്പതികൾക്ക് അന്യോന്യം കാണാറായി. തിരശ്ശീല ഒന്ന് ദീർഘമായി നെടുവീർപ്പിട്ടതിനുശേഷം പറഞ്ഞു തുടങ്ങി..

മഗധരാജാവായ ചന്ദ്രഗുപ്തന് വർഷങ്ങൾക്കു ശേഷം ഉണ്ടായ  കുമാരനായിരുന്നു  ഭാസ്കരവർമൻ. അവന് വിവാഹകാലമായപ്പോൾ അനുരൂപയായ ഒരു വധുവിനെ തിരയാൻ വേണ്ടി ഛായാ ചിത്രവും കൊണ്ട് പലരും പലവഴിക്കും യാത്രയാരംഭിച്ചു. വളരെ സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും സർവഥാ അനുയോജ്യയായ രാജകുമാരിയെ കണ്ടു കിട്ടിയില്ല. പോയവർ ഒരു നദിയുടെ കരയിൽ താവളമടിച്ചു. വിരാടപുരത്തിലെ രാജാവിന് സന്താനമില്ലാതെ തപസ്സുചെയ്തതിന്റെ ഫലമായുണ്ടായ പുത്രിയാണ് ആനന്ദഭായി. ആനന്ദഭായിക്കും അനുരൂപനായ ഭർത്താവിനെ കണ്ടുകിട്ടാത്തതിനാൽ രാജാവിനന്റെ നിയോഗ പ്രകാരം ഒരു സംഘം ചാരന്മാർ ദേശാന്തരങ്ങളിൽ പോലും അന്വേഷണത്തിന് പോയിരുന്നു. നിരാശരായ അവർ മേല്പ്പറഞ്ഞ നദിയുടെ മറുകരയിൽ കൂടാരമടിച്ചു. കുറേനേരം കഴിഞ്ഞപ്പോൾ രണ്ടു സംഘവും പരസ്പരം കണ്ടുമുട്ടുകയും ഉദ്ദേശം വെളിവാക്കുകയും ചെയ്തു. അന്വേഷിച്ചത് കണ്ടെത്തിയതിന്റേതായ സംതൃപ്തി രണ്ടു കൂട്ടർക്കുമുണ്ടായി. യോജിച്ചയാളെത്തന്നെ കിട്ടിയതിനാൽ അവരുടെ വിവാഹം നടത്താൻ ഇരുകൂട്ടരും നിശ്ചയിച്ചു. ഒരു ശുഭമുഹൂർത്തത്തിൽ ഭാസ്കരവർമന്റേയും ആനന്ദഭായിയുടേയും വിവാഹം ആർഭാടപൂർവം നടത്തപ്പെട്ടു. സദ്യയും വിനോദപരിപാടികളുമായി ആ നഗരം മുഴുവൻ അന്ന് ഉത്സവമാഘോഷിച്ചു. വിവാഹിതരായ നവദമ്പതികൾക്കുവേണ്ടി ചന്ദ്രഗുപ്തൻ ഏഴു നിലയുള്ള ഒരു മനോഹരമായ മന്തിരം പണി തീർത്തുകൊടുത്തു. സുഖജീവിതത്തിനുള്ള സകലസജ്ജീകരണങ്ങളും അവിടെയുണ്ടായിരുന്നു. ആ സ്ഥലത്ത് പതിവായി അർധരാത്രിസമയത്ത് ദേവകന്യകൾ സ്നാനത്തിന് വരാറുണ്ട്. ഒരു ദിവസം അവർ ആ ഉന്നതമന്തിരം കണ്ടു വിസ്മയിച്ച് അത് നന്നായി കാണാൻ അടുത്തുവന്നു. പൂനിലാവും ഇളം കുളിർക്കാറ്റും അലഞ്ഞുനടന്നിരുന്ന ആ മാളികയിലെ മുറികൾ വീക്ഷിച്ചുകൊണ്ട് അപ്സര സ്ത്രീകൾ സഞ്ചരിക്കെ അലങ്കരിച്ച മണിമഞ്ചത്തിൽ ആനന്ദഭായിയോടൊത്ത് അതിസുന്ദരനായ ഭാസ്കരവർമൻ ശയിക്കുന്നത് ദൃഷ്ടിയിൽപ്പെട്ടു. അയാളുടെ ദിവ്യസൗന്ദര്യം കണ്ട് അവർ അനുരാഗ ലോലകളായിത്തീർന്നു. ആനന്ദഭായി അറിയാതെ അവർ അയാളെ ഉണർത്താ തെയെടുത്ത് ദേവലോകത്തേയ്ക്കു തിരിച്ചു. ഏഴുദിവസം തങ്ങൾ ഊഴമിട്ടു രാജകുമാരനോടൊത്തു ജീവിക്കാനും എട്ടാം നാൾ ആനന്ദഭായിയുടെ അരികിൽ കൊണ്ടുവരുവാനും അവർ തീർച്ചയാക്കി. ഉറക്കമുണർന്നപ്പോൾ അരികിൽ ഭർത്താവിനെ കാണാഞ്ഞ് ആനന്ദഭായി പരിഭ്രമിച്ചു. ആ മന്തിരത്തിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതിനാൽ അവൾ പിതാവിനെ വിവരമറിച്ചു.

രാജാവ് ഉടൻ വന്നെത്തി. അലമുറയിട്ടു കേഴുന്ന ആനന്ദഭായിയേയും നഷ്ടപ്പെട്ട ഭാസ്കരവർമനെയുമോർത്ത് അദ്ദേഹം ദുഃഖിച്ചു. നാടിന്റെ നാനാഭാഗങ്ങളിലും തിരയാൻ ആളുകളെ വിട്ടെങ്കിലും അവർക്കാർക്കും ഭാസ്കരവർമനെ കണ്ടെത്താൻ കഴിഞ്ഞില്ല. ജനങ്ങൾ ദൃഢമായി വിശ്വസിച്ചത് തങ്ങളുടെ യുവരാജാവിനെ എന്നെന്നേയ്ക്കമായി നഷ്ടപ്പെട്ടുവെന്നാണ്. എന്നാൽ, എട്ടുദിവസം കൂടുമ്പോളൊരിക്കൽ ഭർത്താവ് തന്റെ അടുത്തുവന്നു എന്ന് ആനന്ദഭായിക്ക് തോന്നാറുണ്ട്. അത് വെറും സ്വപ്നമാണെന്നാണ് അവൾ കണക്കാക്കിയിരുന്നത്. തിരശ്ശീല കഥ പറച്ചിൽ നിർത്തി. എന്നിട്ട് അറിയിച്ചു: “എനിക്ക് ഈ കഥയുടെ ബാക്കിഭാഗം അറിയില്ല. ഇവിടെ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ശരവിളക്കിനോട് ചോദിച്ചാൽ അതു പറയും, പിന്നെയുള്ളത്.'' വിക്രമാദിത്യൻ വേതാളത്തെ ശരവിളക്കിൽ പ്രവേശിപ്പിച്ചിട്ട്, തിരശ്ശീല പറഞ്ഞ കഥയുടെ ബാക്കിഭാഗം പറയുവാനാവശ്യപ്പെട്ടു. സന്താനവല്ലിയും കൂട്ടരും ആശ്ചര്യത്താൽ വിടർന്ന മിഴികളോടെ കഥ കേൾക്കുവാൻ തയ്യാറായി കാത്തിയിരുന്നു. ശരവിളക്കു പറഞ്ഞു തുടങ്ങി  രാജകുമാരൻ അപ്രത്യക്ഷനായതുമുതൽ രാജകൊട്ടാരത്തിൽ ശക്തമായ കാവൽ ഏർപ്പെടുത്തിയെങ്കിലും എട്ട് ദിവസത്തിലൊരിക്കൽ അപ്സരസ്സുകൾ ഭാസ്കരവർമനെ കൊണ്ടുവന്ന് ആനന്ദഭായിയുടെ അടുത്താക്കിയിരുന്നു. ഈ വാസ്തവം അവൾപോലും അറിഞ്ഞില്ല. ചില രാത്രിയിൽ അന്തപുരത്തിൽ അപ്സരസ്സുകൾ വരുന്ന ശബ്ദം കേട്ടിരുന്നു. പക്ഷെ എല്ലാവരും കരുതിയത് ആനന്ദഭായിയുടെ കാമുകനാണെന്നാണ്. ആനന്ദഭായിക്ക് ഇതിന് ഉത്തരമുണ്ടായിരുന്നില്ല. കളവ് കണ്ടുപിടിക്കാൻ തോഴിമാർ ആനന്ദഭായിയുടെ കട്ടിലിനു ചുവട്ടിൽ മണൽ വിരിച്ചു. പുറമെനിന്ന് ആരെങ്കിലും വന്നാൽ അതിൽ കാലടയാളം പതിയുമല്ലോ. ആ ശ്രമം വൃഥാവിലായി. തോഴിമാർ ഈ വിവരം രാജാവിനെ അറിയിച്ചു. രാജാവിന് ഈ അപമാനം സഹിക്കുവാനായില്ല. പിഴച്ചുപോയ അവളെ നിയമമനുസരിച്ച് അർധരാത്രിയിൽ കാട്ടിൽ കൊണ്ടുവിടുവാൻ അദ്ദേഹം ഉത്തരവിട്ടു. ദുഷ്ടമൃഗങ്ങളുടെ ആവാസരംഗമായ ആ വനപ്രദേശത്ത് ഏകാകിനിയായി അലഞ്ഞു തിരിയേണ്ടിവന്ന ആനന്ദഭായിയുടെ ദുരവസ്ഥ സങ്കൽപ്പിക്കുവാൻ പോലും പ്രയാസം. ആ പെൺകൊടി എല്ലാവരാലും പഴിക്കപ്പെടുന്നതിനു കാരണം അപ്സരസ്സുകളാണെന്ന് ആരും അറിഞ്ഞില്ല.

നിരാലംബയായി കൊടുംകാട്ടിൽ തള്ളപ്പെട്ട അവൾ അകലെ ഒരു ദീപം കണ്ട് ഉത്സാഹഭരിതയായി അങ്ങോട്ട് ഓടിച്ചെന്നു. അത് ഒരു ചുടുകാടായിരുന്നു. മരിച്ചുപോയ മകളെ ദഹിപ്പിച്ചുകൊണ്ടിരുന്ന ഒരു ദാസി, ആനന്ദഭായി ഓടിവരുന്നതു കണ്ട് അവളെ തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരിച്ചുപോയ പുത്രിക്കുപകരം നിന്നെ എനിക്ക് ദൈവം തന്നതാണെന്നു പറഞ്ഞ് അവൾ രാജകുമാരിയെ കൂട്ടിക്കൊണ്ടുപോയി. ആനന്ദഭായി തളർന്നതിനാൽ പെട്ടന്ന് ഉറങ്ങി പോയി. ഇതെല്ലാം അപ്സരസ്സുകൾ കാണുന്നുണ്ടായിരുന്നു. അവൾക്ക് തുണയായി ഒരു ആൺകുട്ടി ഉണ്ടാകുവാൻ അവരുടെ ദിവ്യ ശക്തിയാൽ അനുഗ്രഹിച്ചു. അവളുടെ സമീപത്ത് ഒരാൺ കുഞ്ഞിനെ കണ്ട്    അതിനെ കൊണ്ട് കളയാൻ ദാസി സൂതികർമിണിയെ ചട്ടം കെട്ടി. കുട്ടിയോട് ദയ തോന്നിയ സൂതികർമിണി അവനെ അടുത്തുള്ള ഭഗവതീക്ഷേത്രത്തിന്റെ നടയിൽ കൊണ്ടുചെന്ന് കിടത്തി. ശരവിളക്ക് കഥ നിർത്തിയിട്ട് പറഞ്ഞു: “എനിക്ക് ഇത്രയേ അറിയൂ. ഇതിന്റെ ബാക്കി ഇനി തലയണ പറയും.” വിക്രമാദിത്യമഹാരാജാവ് വേതാളത്തെ തലയണയിൽ സന്നിവേശിപ്പിച്ച് കഥ തുടരുവാൻ ആവശ്യപ്പെട്ടു. കല്പനപ്രകാരം തലയണ കഥയാരംഭിച്ചു. അടുത്ത പ്രഭാതത്തിൽ ക്ഷേത്രദർശനത്തിനെത്തിയ ചന്ദ്രഗുപ്ത രാജാവ് കുട്ടിയെ സൂക്ഷിച്ചു "നോക്കിയപ്പോൾ, അപ്രത്യക്ഷനായ സ്വപുത്രന്റെ മുഖച്ഛായ കണ്ട് ആനന്ദിക്കുകയും എടുത്തുവളർത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ജയരാമ നെന്ന നാമധേയത്തിൽ കുട്ടി രാജാവിന്റെ കീഴിൽ വളർന്ന് യുവാവായിത്തീർന്നു. വിശിഷ്ടഗുണങ്ങളുടെ വിളനിലമായ അവനിൽ ചന്ദ്രഗുപ്തന് പ്രത്യേകം താൽപര്യമുണ്ടായിരുന്നു. ഒരു ദിവസം ആ നഗരത്തിൽ ഉത്സവം നടന്നു. ദാസീഗൃഹത്തിൽ ആള്റിയാതെ താമസിച്ചിരുന്ന ആനന്ദഭായി ഉത്സവത്തിൽ വെച്ച് ജയരാമനെ കണ്ടു. ഭർതൃസദൃശനായ അവൻ ചെറുപ്പമായിരുന്നതിനാലും കുട്ടിയുടെ കാര്യം അവൾ അറിയാത്തതിനാലും അത് മറ്റാരോ ആയിരിക്കുമെന്ന് അവൾ ഊഹിച്ചു. ജയരാമനും ആനന്ദഭായിയെ കാണാനിടയായി. തന്നെ സൂക്ഷിച്ചുനോക്കുന്ന ആനന്ദഭായിയെ കണ്ട് ജയരാമൻ ആരെന്നറിയാൻ ആകാംഷയായി. അവൻ അവർ പോയപുറകെ നടന്നു. ഗ്രഹത്തിൽ എത്തിയ ആനന്ദഭായി ഇരുട്ടുമുറിയിൽ കയറി. പുറകെ ഉണ്ടായിരുന്ന ജയരാമൻ ഇരുട്ടുമൂലം അവിടെ കിടന്നിരുന്ന ഒരു പശുക്കുട്ടിയുടെ വാലിൽ ചവിട്ടി.

പശുക്കുട്ടി അതിന്റെ അമ്മയോട് പരാതി ബോധിപ്പിച്ചു. തള്ളപ്പശു പറഞ്ഞു: “സ്വന്തം മാതാവിന്റെ സവിധത്തിൽ പോകുന്ന ഇവൻ നിന്റെ വാലിൽ ചവിട്ടിയത് സാരമാക്കാനില്ല.'' ഇത് ജയരാമൻ കേട്ടെങ്കിലും കണക്കിലെടുത്തില്ല. അവൻ വാതിൽ തുറന്ന് ആനന്ദഭായിയോട് ചോദിച്ചു : " നിങ്ങൾ ആരാണ്. എന്തിനാണ് എന്നെ നോക്കി നിന്നത്. നിങ്ങളെ പരിചയമുള്ളതുപോലെ തോന്നുന്നു." എന്നാൽ ആനന്ദഭായി ഒന്നും സംസാരിച്ചില്ല. തന്റെ സങ്കടങ്ങൾ ഉള്ളിലൊതുക്കി അവൾ പൊട്ടികരഞ്ഞു. മുറിയിൽ വെളിച്ചമില്ലാത്തതിനാൽ അവനു ആനന്ദഭായിയെ കാണുവാൻ പറ്റിയില്ല. പെട്ടന്ന് തന്നെ ജയരാമൻ വീടിന് പുറത്തേക്ക് നടന്നു ആ സമയം വഴിയിൽ വെച്ച് തള്ളപ്പശു പറഞ്ഞത് ഓർമയിലെത്തി. ഇതിലെന്തോ പന്തികേടുണ്ടെന്നുറപ്പിച്ച് അവൻ തിരികെ രാജകൊട്ടാരത്തിലെത്തി. നാനാവിധമായ ചിന്തകളാൽ ജയരാമന് ഉറങ്ങുവാൻ കഴിഞ്ഞില്ല. പിറ്റന്നാൾ രാവിലെ വാടിത്തളർന്ന മുഖവുമായി അവൻ ചന്ദഗുപ്തരാജാവിനെ സമീപിച്ച്  കഴിഞ്ഞ ദിവസം നടന്ന സഭവങ്ങൾ അറിയിച്ചു. അത്രയ്ക്കായ സ്ഥിതിക്ക് ഇനിയൊന്നും മറക്കേണ്ടതില്ലെന്ന് ധരിച്ച് രാജാവ് കഥകളെല്ലാം പറഞ്ഞുകൊടുക്കുകയും ഉടൻ തന്നെ ആ ദാസിയേ അവിടേയ്ക്ക് വിളിപ്പിക്കുകയും ചെയ്തു . രാജാവ് ദാസിയോട് ചോദിച്ചു: “നിന്റെ കൂടെയുള്ള സ്ത്രീ ആരാണ്? സത്യമേ പറയാവൂ. ഉം, കേൾക്കട്ടെ.'' ദാസി എല്ലാ വാസ്തവങ്ങളും രാജാവിനെ ബോധിപ്പിച്ചു. സ്വന്തം മകളുടെ ശവം ദഹിപ്പിച്ചുകൊണ്ടിരിക്കെ ആനന്ദഭായി ഓടിവന്നതും അവളെ മരണത്തിൽ നിന്നു രക്ഷിച്ചതും ആൺകുട്ടിയെ കളയാൻ സൂതി കർമിണിയെ ഏല്പിച്ചതും എല്ലാമെല്ലാം അവൾ രാജാവിനോട് പറഞ്ഞു. രാജാവ് സൂതികർമിണിയെ വരുത്തി ചോദ്യം ചെയ്തപ്പോൾ താൻ കുഞ്ഞിനെ ക്ഷേത്രനടയിൽ കിടത്തിപ്പോന്നെന്ന് അവൾ മറുപടി കൊടുത്തു. രാജാവിന്റെ സംശയം മാറിയില്ല  കൂടുതൽ വിവരങ്ങളറിയുവാൻ അദ്ദേഹം ഭഗവതിയെ ശരണം പ്രാപിച്ചു. ഭഗവതി പ്രത്യക്ഷയായി നടന്ന സഭവങ്ങൾ രാജാവിനെ ധരിപ്പിച്ചു. കൂടാതെ ആനന്ദഭായിയോട്  ദേവസ്ത്രീകളെ പ്രാർഥിച്ച് വതമനുഷ്ഠിക്കാനും അവർ പ്രത്യക്ഷപ്പെടുമ്പോൾ വരം ചോദിക്കണമെന്നും അത് ഭർത്താവിനെ തിരികെ തരണമെന്നായിരിക്കണമെന്നും പറഞ്ഞ് ദേവീ  മറഞ്ഞു.

താനറിയാതെ ചെയ്തുപോയ അപരാധത്തിന് രാജാവ് ആനന്ദഭായിയോട് മാപ്പ് ചോദിച്ചു. അതിനുശേഷം അവൾ രാജകൊട്ടാരത്തിൽ താമസിക്കുവാൻ തുടങ്ങി. അപ്പോഴാണ് ദാസിക്ക് തന്റെ കൂടെ കഴിഞ്ഞവൾ രാജകുമാരിയാണെന്ന് പിടികിട്ടിയത്. രാജാവ് ദാസിയുടെ തെറ്റുകൾ പൊറുക്കുകയും ദാസിക്കും സൂതികർമിണിക്കും ധാരാളം ധനം നൽകി പറഞ്ഞയയ്ക്കുകയും ചെയ്തു. ഭഗവതിയുടെ നിർദ്ദേശമനുസരിച്ച് ആനന്ദഭായി വ്രതം തുടങ്ങി. സന്തുഷ്ടരായ ദേവസ്ത്രീകൾ ഭാസ്കരവർമനെ മടക്കിക്കൊടുത്തു. കുറെക്കാലമായി പിരിഞ്ഞിരുന്ന ദമ്പതികൾ അതിനുശേഷം സുഖമായി ജീവിച്ചു. ചന്ദ്രഗുപ്തന്റെ മരണശേഷം ഭാസ്കരവർമൻ രാജാവായി. ഉപസംഹാരമായി തലയണ കൂട്ടിച്ചേർത്തു: “അല്ലയോ വിക്രമാദിത്യമഹാരാജാവേ, അങ്ങല്ലാതെ മറ്റാരു പറഞ്ഞാലും ഞാൻ ഈ കഥ പറയുകില്ല. അങ്ങ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്രയും വെളിപ്പെടുത്തിയത്.” തലയണയുടെ സംബോധന കേട്ടപ്പോഴാണ് സന്താനവല്ലിയും രാജാവും വിക്രമവ്യാപാരിയെ ശരിക്ക് മനസ്സിലാക്കിയത്. അതുല്യപ്രഭാവമുള്ള വിക്രമാദിത്യനാണ് തന്റെ ഭർത്താവ് എന്നറിഞ്ഞ സന്താനവല്ലി അദ്ദേഹത്തെ വണങ്ങിനിന്നു. അവളും രാജാവും വിക്രമാദിത്യനോട് മാപ്പുയാചിച്ചു. വിക്രമാദിത്യനും സന്താനവല്ലിയും കുറച്ചുകാലം അവിടെ ആനന്ദിച്ചു ജീവിച്ചതിനുശേഷം നാട്ടിലേയ്ക്ക് മടങ്ങിപ്പോയി. ഉജ്ജയിനിയിലെ ജനങ്ങൾ തങ്ങളുടെ ചക്രവർത്തിയുടെ വീരപരാക്രമങ്ങൾ കേട്ടറിഞ്ഞ് ആനന്ദപരവശരായി. “അങ്ങനെയുള്ള വീരകേസരിയായിരുന്ന വിക്രമാദിത്യന്റെ സിംഹാസനത്തിലിരിക്കാൻ ഭോജരാജാവേ, അങ്ങേയ്ക്കുള്ള യോഗ്യതയെന്താണ്?' ശാരദ എന്ന സാലഭഞ്ജിക കഥപറഞ്ഞ് അവസാനിച്ചപ്പോൾ നേരം നന്നേ ഇരുണ്ടുതുടങ്ങിയിരുന്നു.

No comments:

Post a Comment