ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 39

വിക്രമാദിത്യകഥകൾ - 39

പതിമൂന്നാം സാലഭഞ്ജിക പറഞ്ഞ കഥ

പതിമൂന്നാം ദിവസവും സിംഹാസനാരോഹണത്തിനു മുതിർന്ന ഭോജ മഹാരാജാവിനെ തടഞ്ഞുനിർത്തിക്കൊണ്ട് അവിടെ കാവൽ നിന്നിരുന്ന സാലഭഞ്ജിക വിക്രമാദിത്യനെപ്പറ്റി പിന്നെയുമൊരു കഥ പറഞ്ഞു. അളകാപുരിയിലെ രാജാവായ അളകേശന് അതിസുന്ദരിയായ ഒരു മകൾ ജനിച്ചു. മദനവല്ലി എന്നായിരുന്നു അവളുടെ പേര്. രാജാവ് മകൾക്കുവേണ്ടി ഒരു മനോഹര ഹർമ്യം നിർമിച്ചുകൊടുത്തു. അവൾ സഖികളോടൊത്ത് അതിലായിരുന്നു താമസം. അളകാപുരിക്കടുത്തുണ്ടായിരുന്ന വനത്തിൽ ഒരു മഹാരാക്ഷസൻ ജീവിച്ചിരുന്നു. അവൻ അവളെ ഏതു വിധേനയെങ്കിലും വിവാഹം കഴിക്കാൻ തീരുമാനിച്ചുറച്ചു. രാജകുമാരിക്ക് ഗൗളിശാസ്ത്രത്തിൽ അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു. ഒരു ദിവസം  ചന്ദ്രോദയത്തിന്റെ ദിവ്യസുഷമത കണ്ടാനന്ദിക്കവെ, അവൾ ഒരു ഗൗളി ചിലയ്ക്കുന്നതു കേട്ടു. അവൾക്ക് അതിന്റെ സാരം പിടികിട്ടി. തന്നെ ഒരു രാക്ഷസൻ കല്യാണം കഴിക്കുവാൻ നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു അതിന്റെ സൂചന. രാജകുമാരി പരിഭ്രാന്തയായി ഈ സംഗതി പിതാവിനെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ രാജാവ് നിസ്സഹായനായിരുന്നു. ആ രാക്ഷസനെ എതിരിടാൻ ആരെക്കൊണ്ടും സാധ്യമല്ല. അവൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അത് നടത്തിയേ അടങ്ങു. പ്രിയപ്പെട്ട പുത്രിയുടെ ദുർവിധിയോർത്ത് രാജാവിന് വിഷാദമായി. എങ്കിലും അവസാനമായി ഉജ്ജയിനിയിൽ വാഴുന്ന വിക്രമാദിത്യചകവർത്തിയെ ശരണം പ്രാപിക്കാൻ എന്ന് അദ്ദേഹം മകളെ ഉപദേശിച്ചു...

ഒരുപക്ഷേ, അദ്ദേഹത്തിന് രാക്ഷസനെ എതിർക്കാൻ കഴിഞ്ഞേയ്ക്കും. മദനവല്ലി താമസിയാതെ സഖീവൃന്ദത്തോടൊത്ത് ഉജ്ജയിനിയിലേയ്ക്ക് യാത്രയായി. യൗവനയുക്തയായ ഒരു സുരസുന്ദരി തന്റെ അഭയമന്വേഷിച്ചുവന്നപ്പോൾ വിക്രമാദിത്യൻ അതിന്റെ കാരണമന്വേഷിച്ചു. മദനവല്ലി പറഞ്ഞു: “പ്രഭോ! ഞാനൊരു രാജകന്യകയാണ്. ഒരു രാക്ഷസൻ എന്നെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നുണ്ട്. എന്റെ പിതാവിന് അവനോടെതിരിടാൻ കരുത്തില്ല. അതുകൊണ്ടാണ് ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നത്. എന്നെ രക്ഷിക്കണം.'' മഹാരാജാവിന് ആ സുകുമാരിയുടെ ദുരവസ്ഥയിൽ സഹതാപം ജനിച്ചു. അവളെ സ്വന്തം രാജകൊട്ടാരത്തിൽ താമസിക്കാനനുവദിക്കുകയും രാക്ഷസനെപ്പറ്റി അറിഞ്ഞു വരുവാൻ വേതാളത്തെ നിയോഗിക്കുകയും ചെയ്തു. മദനവല്ലി ഉജ്ജയിനിയിലേയ്ക്കു പോയതറിഞ്ഞ് പിന്നാലെ രാക്ഷസനും അവിടെ എത്തിയിട്ടുണ്ടായിരുന്നു. അവൻ ഒരു വളക്കച്ചവടക്കാരന്റെ വേഷത്തിൽ രാജകൊട്ടാരത്തിലേയ്ക്കു പ്രവേശിക്കാൻ അവസരവും കാത്ത് പട്ടണത്തിൽ അലഞ്ഞു തിരിയുകയായിരുന്നു. വേതാളം അവിടെവെച്ച് അവനെ കണ്ടുമുട്ടുകയും വിവരം ചക്രവർത്തിയെ അറിയിക്കുകയും ചെയ്തു. വിക്രമാദിത്യൻ ഉടനേ വളക്കച്ചവടക്കാരന്റെ അടുത്തെത്തി തന്റെ മാന്ത്രികഖഡ്ഗമുപയോഗിച്ച് അവനെ കൊല്ലുകയും രാക്ഷസഭീതി അങ്ങനെ അവസാനിപ്പിക്കുകയും ചെയ്തു. പക്ഷേ, മദനവല്ലി സ്വന്തം നാട്ടിലേയ്ക്ക പോകാതെ വിക്രമാദിത്യന്റെ ഭാര്യയായിരിക്കാനാണ് ആശിച്ചത്. അളകേശന്റെ പരിപൂർണസമ്മതത്തോടുകൂടി വിവാഹം ആഡംബരപൂർവം നടത്തപ്പെട്ടു. സാലഭഞ്ജിക കഥ അവസാനിപ്പിച്ചുകൊണ്ട് ഭോജമഹാരാജാവിനോട് ചോദിച്ചു: “ഇങ്ങനെയുള്ള വിക്രമാദിത്യ ചക്രവർത്തിയുടെ കനകസിംഹാസനം അങ്ങേയ്ക്ക് യോജിക്കുന്നതെങ്ങനെ?” പകലിന് തിരശ്ശീല വീണിരുന്നു. സദസ്സ് പിരിഞ്ഞു.

No comments:

Post a Comment