ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 23

വിക്രമാദിത്യകഥകൾ - 23

അഞ്ചാം ദിവസം രാഗിണി പറഞ്ഞ കഥ
➖➖➖➖➖➖➖➖➖

നാലാം നാളും അങ്ങനെ കടന്നുപോയി. അടുത്തദിവസവും പതിവുപോലെ സിംഹാസനാരോഹണത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു. ഭോജരാജൻ അഞ്ചാമത്തെ പടിയിലെത്തിയപ്പോൾ അവിടെ നിന്നിരുന്ന രാഗിണി എന്ന സാലഭഞ്ജിക അദ്ദേഹത്തെ തടഞ്ഞു നിർത്തിയിട്ട് ശബ്ദിച്ചു: “ഞങ്ങളുടെ വിക്രമാദിത്യചക്രവർത്തിയുടെ അനശ്വരഗുണങ്ങൾ ഇത്രയൊക്കെ കേട്ടിട്ടും അങ്ങേയ്ക്ക് മനസിലായില്ലേ? ഇനിയും ഈ സിംഹാസനത്തിലേറാൻ ശ്രമിക്കുന്ന അങ്ങയുടെ പെരുമാറ്റം മാന്യനായ ഒരു രാജാവിന് യോജിച്ചതല്ല.” ഭോജൻ പറഞ്ഞു: “ഇത്ര വാഴ്ത്തപ്പെടാനും പ്രസിദ്ധനാകാനും വിക്രമാദിത്യൻ എന്താണ് ചെയ്തത്? മധുരമായ പൂർവസ്തുതിയിൽ ലയിച്ച് ഒന്നുരണ്ട് നിമിഷങ്ങൾ നിശ്ശബയായി നിന്നശേഷം രാഗിണി ഉത്സാഹത്തോടെ കഥപറയാൻ തുടങ്ങി. വിക്രമാദിത്യനും ഭട്ടിയും ഒരിക്കൽ നാടാറുമാസം കഴിഞ്ഞ് കാടാറു "മാസത്തിന് പുറപ്പെട്ടു. ഇരുവരും വനങ്ങളും പർവതങ്ങളും കടന്ന് അവസാനം ഒരു രാജവീഥിയിലെത്തി. വീഥി രണ്ടു ശാഖകളായി പിരിയുന്നിടത്ത് ഓരോ ചൂണ്ടുപലകയുണ്ടായിരുന്നു. ഒന്നിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്: “ഇത് പഞ്ചസേനരാജാവ് ഭരിക്കുന്ന നാഗപുരത്തിലേയ്ക്കുള്ള വഴിയാണ്. പുരുഷന്മാരോട് സംസാരിക്കയില്ലെന്നു വ്രതമുള്ള രാജപുത്രിയുടെ പേര് സൂര്യഗായത്രി. അവളെക്കൊണ്ട് സംസാരിപ്പിക്കാനുദ്ദേശിക്കുന്നവർ ആദ്യത്തെ കോട്ടയിൽ ആയിരം വരാഹൻ കെട്ടിവെക്കണം.. പല രാജകുമാരന്മാരും ഈ ശ്രമത്തിൽ തോറ്റ് മുണ്ഡിതശിരസ്കരായി പിൻമാറിയിരിക്കുന്നു.''

രണ്ടാമത്തെ ചൂണ്ടുപലകയിലും ഒരു പരസ്യമുണ്ട്. ഇങ്ങനെ എഴുതിയിരിക്കുന്നു: "ഈ വഴി ചെന്നുചേരുന്ന വിശ്വരിതത്തിൽ അതിപ്രസിദ്ധകളായ രണ്ടു ദാസികളുണ്ട്. അഹങ്കാരദീപിക, ഗുണദീപിക എന്നിങ്ങനെ പേരുള്ള അവരോടൊത്തു കഴിയണമെന്നുള്ളവർ ആയിരം വരാഹൻ കൊടുക്കണം.'' വിക്രമാദിത്യനും ഭട്ടിയും ഇവ വായിച്ചു. ഒന്നു പരീക്ഷിക്കാമെന്നു നിശ്ചയിച്ച് വിക്രമാദിത്യനും കൂടെ വേതാളവും വിശ്വരജിതത്തിലേയ്ക്കും ഭട്ടി നാഗപുരത്തിലേയ്ക്കും നടന്നു. കുറെ ദൂരം സഞ്ചരിച്ച് വിക്രമാദിത്യൻ ഉദ്ദിഷ്ടസ്ഥാനത്തെത്തിച്ചേർന്നു. അദ്ദേഹം വേതാളത്തിന്റെ സഹായത്തോടെ ഒരു വൃദ്ധന്റെ  വേഷം ധരിച്ച്, അഹങ്കാരദീപികയുടെ സൗധത്തിലെത്തി. തോഴികൾ വന്ന് അകത്തേയ്ക്കു കൊണ്ടുപോയി. വൃദ്ധനെ കണ്ട് അഹങ്കാരദീപിക കോപിച്ചു. തന്നോടുകൂടി ജീവിക്കാനാണ് എത്തിയിരിക്കുന്ന തെന്നറിഞ്ഞപ്പോൾ അവൾ അയാളെ ആട്ടിയോടിച്ചു. അവിടെ നിന്നും നേരെ ഗുണദീപികയുടെ വീട്ടിലേയ്ക്ക് വഴി ചോദിച്ചറിഞ്ഞു ചെന്നു. ഗുണദീപികയെ കണ്ട് തന്റെ അഭിലാഷമറിയിച്ചപ്പോൾ അവൾക്കുസഹതാപം തോന്നി; അയാളെ തന്റെ കൂടെ താമസിക്കുവാൻ അനുവദിച്ചു. താൻ വൃദ്ധനാണെന്നും മാത്രമല്ല, ദരിദ്രനും രോഗിയും കൂടിയാണെന്നറിഞ്ഞിട്ടും തന്നോടു കൂടെ സന്തോഷിക്കാൻ തയ്യാറായ ഗുണ ദീപികയിൽ വിക്രമാദിത്യന് സംതൃപ്തി തോന്നി. അവൾ ദിവസവും ശുശ്രഷിക്കുകയും ചെയ്തു. രാവിലെ കൊട്ടാരത്തിലേയ്ക്ക് ജോലിക്കു പോകുന്നതിനു മുമ്പ്, അവൾ വൃദ്ധന് ആവശ്യമുള്ളതെല്ലാം എത്തിച്ചുകൊടുക്കാൻ മറന്നിരുന്നില്ല. ഗുണദീപികയെ നിന്ദിക്കാൻ ഇതുതന്നെ തരമെന്നു കരുതി അഹങ്കാരദീപിക രാജാവു കേൾക്കെ അധിക്ഷേപിച്ചു: “വൃദ്ധനെ സ്വീകരിച്ചവൾ.” അതിന് മറുപടി ഗുണദീപികയും പറഞ്ഞു: “ഞാൻ അയാളെ  സ്വീകരിച്ചതുകൊണ്ട് നിനക്ക് എന്തു നഷ്ടം? വൃദ്ധബ്രാഹ്മണനല്ലേ നിന്റെ ഭർത്താവ്?' രാജസന്നിധിയിൽ വെച്ചു വല്ലവരേയും പരിഹസിച്ചാൽ അത് ചെയ്യുന്നയാൾ പിഴയായി ഭണ്ഡാരത്തിലേയ്ക്ക് ഒരു തുക കൊടുക്കണമെന്ന് നിയമമുണ്ട്. അഹങ്കാരദീപിക ഉടൻ പിഴയിട്ടു. എന്നാൽ അവളുടെ കയ്യിൽ അത്രയും പണമുണ്ടായിരുന്നില്ല. അടുത്ത ദിവസം തന്നെ പിഴയടക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ അഹങ്കാരദീപികയുടെ അടിമയായിരിക്കണമെന്നും ഉത്തരവിട്ട് രാജാവ് അവളെ അന്ന് പറഞ്ഞയച്ചു. നൃത്തം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഗുണദീപികയുടെ മുഖം വാടിയിരിക്കുന്നതു കണ്ട് വൃദ്ധൻ  കാരണമന്വേഷിച്ചു. അവൾ വിവരമെല്ലാം പറഞ്ഞു. അർധരാത്രി തന്നെ വികമാദിത്യൻ വേതാളത്തെക്കൊണ്ട് വിലയേറിയ ഒരു രത്നമാല്യം കൊണ്ടുവരുവിച്ചു.

അടുത്ത ദിവസം വൃദ്ധനെ ശുശ്രൂഷിച്ച് ഗുണദീപിക രാജസന്നിധിയിലേയ്ക്കു പോകാൻ യാത്രയായപ്പോൾ അദ്ദേഹം ചോദിച്ചു: “ഇന്ന് പിഴയടക്കേണ്ടേ? നീ എന്തു ചെയ്യും?” അതിന് ഗുണദീപികയ്ക്കു മറുപടിയുണ്ടായിരുന്നില്ല. വൃദ്ധൻ  രത്ന മാല്യമെടുത്ത് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു: “എനിക്കുവേണ്ടിയാണല്ലോ നീ അപമാനിതയായത്. എന്റെ കൈയിൽ ആകെയുള്ള സമ്പാദ്യമാണിത്. ഇത് രാജാവിന് കൊണ്ടുകൊടുക്കൂ.” ഗുണദീപികയുടെ മുഖം തെളിഞ്ഞു. മനസ്സ് നിറഞ്ഞു. താൻ ഉപചരിച്ചു വരുന്ന വൃദ്ധൻ  സാധാരണക്കാരനല്ലെന്ന് അവൾക്ക് ബോധ്യമായി. പിഴയായി സമർപ്പിക്കപ്പെട്ട രത്നമാല്യം കണ്ട് രാജാവ് അത്ഭുതപ്പെട്ടു. രത്നവ്യാപാരികൾക്കു പോലും അതിലെ രത്നങ്ങളുടെ വില കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അത്രയും അമൂല്യമായിരുന്നു അത്. അഹങ്കാരദീപികയുടെ ഉദ്ദേശം നടപ്പിലായില്ല. അവൾ ഗുണദീപികയെ തോല്പിക്കാൻ മറ്റൊരുപായം കണ്ടെത്തി. രാജാവിനെ തന്റെ ഗൃഹത്തിലേയ്ക്ക് അതിഥിയായി ക്ഷണിക്കുകയായിരുന്നു അത്. ഗുണദീപികയ്ക്ക് അതിനുള്ള സാമ്പത്തികശേഷിയില്ല. അപ്പോൾ അവൾ തോൽപിക്കപ്പെടുമല്ലോ. അന്ന് രാജകൊട്ടാരത്തിൽ നിന്ന് തിരിച്ചെത്തിയ ഗുണദീപികയുടെ ദുഃഖ കാരണം വൃദ്ധൻ ആരാഞ്ഞറിഞ്ഞു. തനിക്ക് അഹങ്കാരദീപികയെപ്പോലെ രാജാവിനെ ക്ഷണിച്ചുവരുത്തി സദ്യനടത്താൻ കഴിവില്ലാതെ പോയല്ലോ എന്നോർത്തായിരുന്നു അവളുടെ സങ്കടം. വിക്രമാദിത്യൻ രാത്രിയിൽ വേതാളത്തെ വരുത്തി, ഒരു വലിയ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. വേതാളത്തിന്റെ മാന്ത്രികശക്തിയാൽ ഞൊടിയിടയിൽ എല്ലാം തയ്യാറായി. ഗുണദീപികയുടെ ഭവനം ഭംഗിയായി അലങ്കരിക്കപ്പെട്ടു. മുറ്റത്ത് കെട്ടിയുയർത്തിയ പന്തൽ സവിശേഷമാതൃകയിലുള്ളതായിരുന്നു. ഭവനം മുതൽ രാജകൊട്ടാരം വരെ കമനീയമായ പന്തൽ സൃഷ്ടിക്കപ്പെട്ടു. രാജോചിതമായ അലങ്കാര സാമഗ്രികൾ എല്ലായിടത്തുമുണ്ടായിരുന്നു. ജീവനുള്ള സാലഭഞ്ജികകൾ വേലക്കാരായി നിലകൊണ്ടു. രാവിലെ ഉറക്കമുണർന്ന നഗരവാസികൾ ഒറ്റരാത്രികൊണ്ടുവന്ന മാറ്റങ്ങൾ കണ്ട് വിസ്മയിച്ചു. ഇന്ദ്രലോകം ഭൂമിയിലേയ്ക്കിറങ്ങിവന്നോയെന്നു പോലും അവർ ചിന്തിച്ചു. ഗുണദീപികയും തന്റെ വീട്ടിലെ അലങ്കാരങ്ങളും പന്തലും കണ്ട് പരിഭ്രമിച്ചു. അതിനിടയിൽ വൃദ്ധൻ  വന്ന് ചോദിക്കയാണ്: “ഗുണദീപികേ, ഇവിടെ പുതുതായി വല്ലവരും വരുന്നുണ്ടോ? ഈ ആഘോഷങ്ങൾ എന്തിനാണ്?” ഗുണദീപികയ്ക്ക് കാര്യം മനസിലായി. അതെല്ലാം വൃദ്ധന്റെ പണിയാണെന്നും അയാൾ വല്ല ദേവനുമായിരിക്കുമെന്നും അവൾ ചിന്തിച്ചു. അവൾ പറഞ്ഞു...

"മഹാനുഭാവാ, ഇതിനെല്ലാം കാരണം അങ്ങാണെന്ന് എനിക്കറിയാം. ഇതിന്റെ ആവശ്യമെന്താണ്?'' വൃദ്ധൻ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് എല്ലാം തുറന്നു പറഞ്ഞു. അപ്പോൾ തന്നെ പോയി രാജാവിനെക്ഷണിച്ചുകൊണ്ടുവരാനും പറഞ്ഞു. ആഹ്ളാദവിഹ്വലയായ ദീപിക ഉടൻ കൊട്ടാരത്തിലേക്കോടി രാജാവിനെ ചെന്നുകണ്ടു. ഗുണദീപിക അപേക്ഷിച്ചു: “തിരുമേനീ, ഇന്നുതന്നെ അവിടന്ന് എഴുന്നള്ളി എന്റെ വീട്ടിലെ ആതിഥ്യം സ്വീകരിക്കണം.” രാജാവിന്റെ ഉപദേശം: “നീ അഹങ്കാരദീപികയോട് മത്സരിക്കുന്നതെന്തിന്? ഗുണവതിയായ നീ അനാവശ്യമായി പണം ചെലവാക്കിക്കളയരുത്." “ഞാൻ എല്ലാ ഒരുക്കങ്ങളും ചെയ്തുകഴിഞ്ഞു. എന്തായാലും തിരുമേനി ഇന്ന് എന്റെ വീട്ടിൽ വരണം. “ശരി, ഞാൻ പുറകെ വന്നേയ്ക്കാം.'' ദാസീഗൃഹത്തിൽ എത്തിയ രാജാവ്, വെളിയിലെ ആഡംബരങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. രത്നങ്ങൾ പതിച്ചിരിക്കുന്ന പന്തൽ തൂണുകളും കനകനിർമിതമായ മേൽപുരയും കണ്ട് അദ്ദേഹം അമ്പരന്നു. ഗുണദീപികയുടെ ഭവനത്തിലെ അലങ്കാരങ്ങൾ പറയാനില്ല. സ്വർണവും രത്നങ്ങളും എവിടേയും വെട്ടിത്തിളങ്ങുകയാണ്. ആഹാരത്തിനിരുന്നപ്പോൾ അദ്ദേഹം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സ്വാദിഷ്ടങ്ങളായ വിഭവങ്ങളാണ് മുമ്പിൽ വന്നുനിരന്നത്. ഇതെല്ലാം അഹങ്കാരദീപിക ആക്ഷേപിക്കാറുള്ള വൃദ്ധന്റെ പണിയാണെന്ന് രാജാവിന് മനസിലായി. അദ്ദേഹം മടങ്ങിപ്പോകുമ്പോൾ, ഇരുന്ന് ഭക്ഷണം കഴിച്ച രത്നഖചിതമായ സിംഹാസനം കൂടി അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. അഹങ്കാരദീപിക വീണ്ടും ഒരു കൗശലം കൂടി പ്രയോഗിച്ചു. ഒരു വെല്ലു വിളിതന്നെ. അവൾ പറഞ്ഞു: “നാഗപുരത്തിലെ സൂര്യഗായത്രിയെ എന്റെ ഭർത്താവ് വിവാഹം കഴിച്ചുകൊണ്ടുവന്നാൽ ഗുണദീപിക എനിക്കടിമയാകണം. എന്റെ ഭർത്താവിന് അതിനു കഴിഞ്ഞില്ലെങ്കിൽ ഇവളുടെ വൃദ്ധൻ പോയി കൊണ്ടുവരണം. അയാൾക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ ഇവൾ എനിക്കടിമയാകണം. സമ്മതമാണോ?'' ഇതായിരുന്നു തന്ത്രം. രാജാവും നിവൃത്തി ഇല്ലാതെ ഗുണദീപികയും അത് സമ്മതിക്കുകയും ചെയ്തു. പിറ്റേ ദിവസം അഹങ്കാരദീപികയുടെ ഭർത്താവായ ബ്രാഹ്മണൻ സൂര്യഗായത്രിയെ കൊണ്ടുവരാൻ യാത്രയായി. അയാൾ ആയിരം വരാഹൻ കെട്ടി വെച്ച് അകത്തുകടന്നു. അപ്പോൾ ഒരാൾ കുറെ വെന്ത ചോറും വേവാത്ത ചോറും കൊണ്ടുവന്നു. ബ്രാഹ്മണർ രണ്ടും ഉണ്ടു. വീണ്ടും അകത്തേയ്ക്ക കടന്നപ്പോൾ മൂന്നാളുകളെത്തി അയാളുടെ ശിരസ്സ് മുണ്ഡനം ചെയ്തു. അപ്മാനം പറ്റിയപ്പോൾ സൂര്യഗായത്രിയെ കാണാൻ നില്ക്കാതെ അയാൾ മടങ്ങി..

നാട്ടുകാർ അഹങ്കാരദീപികയേയും ഭർത്താവിനേയും പരിഹസിച്ചുവെങ്കിലും അവൾ അതൊന്നും അശേഷം വിലവെച്ചില്ല. ഇനി ഗുണദീപികയുടെ ഊഴമാണ്. വൃദ്ധൻ സൂര്യഗായത്രിയെ  കൊണ്ടുവന്നില്ലെങ്കിൽ അവൾ അഹങ്കാരദീപികയുടെ അടിമയായിരിക്കണം എന്നാണല്ലോ രാജാവിന്റെ വിധി. ഈ വൃദ്ധന് അതെങ്ങനെ സാധിക്കാനാണ്? നൂറു കണക്കിന് യുവാക്കന്മാർ ഇളിഭ്യരായി പിന്തിരിഞ്ഞാടിയ ഒരു രംഗത്തിൽ വൃദ്ധൻ വിജയിക്കുമെന്ന് ഗുണദീപിക എങ്ങനെ വിശ്വസിക്കാനാണ്? അവൾ രാജകൊട്ടാരത്തിൽ നടന്ന കാര്യങ്ങളെല്ലാം അയാളെ പറഞ്ഞു കേൾപ്പിച്ചു. ഇതു കേട്ട് വൃദ്ധൻ ദീനഭാവത്തിൽ പറഞ്ഞു: “നൂറുകണക്കിന് ചെറുപ്പക്കാർ ശ്രമിച്ചിട്ടും പറ്റാത്ത കാര്യമാണോ നീ എന്നെ ഏൽപിക്കുന്നത്? വയസ്സായി വഴി നടക്കാൻ പോലും വയ്യാതിരിക്കുന്ന ഞാൻ സൂര്യഗായത്രിയെ കൊണ്ടുവരുന്നതെങ്ങനെയാണ്? ആകട്ടെ, ഒന്ന് വെറുതെ പോയി പരിശ്രമിച്ചു നോക്കാം.'' വൃദ്ധൻ  ഇറങ്ങിത്തിരിച്ചു. മുമ്പ് തന്നെ വിട്ടുപിരിഞ്ഞുപോയ ഭട്ടി, സൂര്യഗായത്രിയുടെ അടുക്കലുണ്ടായിരിക്കുമെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. അവിടെച്ചെന്ന് ഭട്ടിയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഒരു ചതുരംഗക്കളിസ്ഥലത്തുനിന്ന് അയാളെ കണ്ടെത്തി. ഭട്ടി അദ്ദേഹത്തേയും കൂട്ടി താൻ താമസിക്കുന്ന വീട്ടിൽ പോയി കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. ഇരുവരും സൂര്യഗായത്രിയുടെ അരികിലേയ്ക്കു പോകാനായി പണം എണ്ണിക്കൊണ്ടിരിക്കെ, അവിടത്തെ ഗൃഹനായിക അങ്ങോട്ട് പ്രവേശിച്ചു. ആ വൃദ്ധ തിരക്കി: “മക്കളേ, നിങ്ങൾ എങ്ങോട്ടാണ് യാത്ര ചെയ്യാനൊരുങ്ങുന്നത്?” ഭട്ടി പറഞ്ഞു: “എന്റെ ജ്യേഷ്ഠനാണിദ്ദേഹം. സൂര്യഗായത്രിയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. അതിനാണ് പോകുന്നത്.'' “നിങ്ങൾക്കും പിടിപെട്ടോ ഈ ഭ്രാന്ത്? എത്രയോ രാജകുമാരന്മാരും പ്രമാണികളും തോറ്റു പിന്മാറിക്കഴിഞ്ഞു? എല്ലാവരും മാനംകെട്ടു മാറുകയാണ്.'' ഭട്ടി ആവശ്യപ്പെട്ടു: “എന്താണ് ഇങ്ങനെ മാനംകെടാൻ കാരണം? ദയവുചെയ്ത് അവിടത്തെ കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞുതരണം. മുത്തശ്ശിക്ക് ഈ നാട്ടിലെ വിവരങ്ങളെല്ലാം അറിയാമല്ലോ. വൃദ്ധയായ ഗൃഹനായിക വസ്തുതകൾ സ്പഷ്ടമാക്കി. “സൂര്യഗായത്രി താമസിക്കുന്ന കൊട്ടാരത്തിന് പത്ത് വാതിലുകളുണ്ട്. ഒന്നാമത്തെ വാതിൽക്കൽ കെട്ടിയിരിക്കുന്ന മണിയടിച്ചാൽ കണക്കപ്പിള്ള വരും. അയാളുടെ കൈയിൽ ആയിരം വരാഹൻ കൊടുക്കണം. അവർ വെന്ത ചോറും വേവാത്ത ചോറും തന്ന് സൽക്കരിക്കും. രണ്ടാമത്തെ വാതിലിൽ മൂന്ന് സാലഭഞ്ജികകളുണ്ട്. അങ്ങോട്ട് കടന്നുചെന്നാൽ ഒരുവൾ ഒരു പീഠം കൊണ്ടുവരും..

"രണ്ടാമത്തവൾ ബലം പ്രയോഗിച്ച് അതിൽ പിടിച്ചിരുത്തും. മൂന്നാമത്തവൾ തല നനയ്ക്കും. ഒന്നാമത്തവൾ തല വടിക്കും. അതിന് വഴിപ്പെടാതെ മൂന്നാമത്തെ വാതിലിൽ കാൽവെച്ചാൽ അവിടെ രണ്ടു മല്ലന്മാരുണ്ട്. അവരെ ജയിച്ച് നാലാമത്തെ വാതിലിൽ ചെന്നാൽ ഒരു കരിങ്കുരങ്ങ് നിൽക്കുന്നുണ്ടാകും. അഞ്ചും ആറും വാതിലുകളിൽ യഥാക്രമം പുലിയും ആനയുമുണ്ട്. ഏഴാമത്തേതിൽ കിണറും എട്ടാമത്തേതിൽ കൈത്തോടുമുണ്ട്. ഇറങ്ങി അക്കരെച്ചെന്നാൽ ഒരു തത്തക്കൂട്ടിൽ ജലവും ഒരു ഓലച്ചുരുളും കാണാറാകും. കൈത്തോട്ടിലിറങ്ങുമ്പോൾ ശരീരത്തിൽ പറ്റിയ ചെളി അതിൽ പകുതി ജലംകൊണ്ട് കഴുകി കളയണം. ബാക്കി പകുതി അവിടെത്തന്നെ വെക്കണം.'' ശ്വാസം വിടാനെന്നോണം വൃദ്ധ സംസാരം ഒന്നു നിർത്തിയിട്ട്, പിന്നേയും തുടർന്നു പറഞ്ഞു: “ഒമ്പതാമത്തെ വാതിലിലുള്ള സ്ഫടികമണ്ഡപത്തിലൂടെ നടന്നുപോകുമ്പോൾ കാലു തെറ്റി വീഴാതിരിക്കാൻ ശ്രദ്ധിക്കണം. പത്താം വാതിലിലുള്ള ആയിരംകാൽ മണ്ഡപത്തിലൂടെ നടന്നുപോകുമ്പോൾ, തലയടിച്ചു മരിക്കാൻ എളുപ്പമുണ്ട്. അതു കഴിഞ്ഞു കാണുന്നതാണ് സൂര്യഗായത്രിയുടെ രമ്യഹർമ്യം. അകത്തെ ശൃംഗാരമണ്ഡപത്തിലുള്ള കട്ടിലിൽ ചെന്നു കിടക്കണം. കട്ടിലിന്റെ കാലും തലയും മാറിപ്പോയാൽ സാലഭഞ്ജികകൾ വന്ന് തല മുണ്ഡനം ചെയ്ത് പുള്ളി കുത്തും. കട്ടിലിൽ സ്ഥാനം തെറ്റാതെയിരുന്നാൽ സുന്ദരികളായ സ്ത്രീരത്നങ്ങൾ വന്ന് പരിചരിക്കും. അവരുടെ സൗന്ദര്യം കണ്ട് മോഹിച്ചാൽ തോറ്റ് പിന്തിരിയുകയേ നിവൃത്തിയുള്ളൂ. ആയിരക്കണക്കിന് യുവജനങ്ങൾ ഇങ്ങനെ തോറ്റിട്ടുണ്ട്.'' വൃദ്ധ വീണ്ടും പറഞ്ഞു: “മക്കളേ, തോറ്റുമടങ്ങുന്നത് വളരെ അപമാനകരമാണ്.'' ഭട്ടി സമാധാനിപ്പിച്ചു: “ഞങ്ങൾ പോകുന്നില്ല മുത്തശ്ശീ. വെറുതെയൊന്ന് അറിഞ്ഞിരിക്കാമെന്നു കരുതി ചോദിച്ചതാണ്.'' വിക്രമാദിത്യനും ഭട്ടിയും കൂടി വൃദ്ധയറിയാതെ സൂത്രത്തിൽ അവിടെ നിന്ന് കടന്ന് സൂര്യഗായത്രിയുടെ കൊട്ടാരത്തിലെത്തി ഒന്നാം വാതിൽക്കൽ പണം കൊടുത്ത് കണക്കപ്പിള്ളയേയും കൂട്ടി അവർ അകത്തേയ്ക്കു കടന്നു...

"വൃദ്ധ പറഞ്ഞതു പോലെ ചോറ് കൊണ്ടുവന്നപ്പോൾ വൃദ്ധനായ വിക്രമാദിത്യൻ വെന്തതു മാത്രമുണ്ടു. ബാക്കിയുള്ളത് ഭട്ടി കയ്യിലെടുത്തു. രണ്ടാമത്തെ വാതിൽക്കൽ കണക്കപ്പിള്ളയുടെ കുതിരക്കാരൻ നിൽപ്പുണ്ടായിരുന്നു. ഭട്ടി അവനോട് ആ വഴിയിൽനിന്ന് മാറാൻ പറഞ്ഞ് പിടിച്ചൊരു തള്ളുകൊടുത്തു. പ്രതിമകൾ അവനെ പിടിച്ചിരുത്തി ക്ഷൗരം ചെയ്യാൻ തുടങ്ങി. അതിനിടയിൽ അവർ മൂന്നാമത്തെ വാതിൽക്കലെത്തി. അവിടെ നിൽക്കുന്ന മല്ലന്മാരുടെ ഇടയിലേയ്ക്ക് ഭട്ടി കണക്കപ്പിള്ളയെ പിടിച്ചുന്തിക്കൊണ്ട്, ഭട്ടിയും വിക്രമാദിത്യനും അടുത്ത വാതിലിനരികിലെത്തി. മല്ലന്മാരുടെ കയ്യിൽപ്പെട്ട കണക്കപ്പിള്ളയുടെ എല്ലുകൾ ഓരോന്നായി ഒടിയാനും തുടങ്ങി. നാലാം വാതിലിൽ ഒരു കരിങ്കുരങ്ങുണ്ട്. അതിന്റെ മുമ്പിൽ കുറച്ചു പഴമിട്ടുകൊടുത്തിട്ടും അനങ്ങാതെ നിൽക്കുന്നതു കണ്ടു. അടുത്തു ചെന്നു നോക്കിയപ്പോഴാണ് അതൊരു പ്രതിമയാണെന്ന് മനസ്സിലായത്. വേതാളം ഉടൻ അത് തകർത്തെറിഞ്ഞു. അഞ്ചും ആറും പടികളിലെ പുലിയും ആനയും കൃത്രിമ നിർമിതമാണെന്നറിഞ്ഞപ്പോൾ, അദൃശ്യനായി അവരോടൊപ്പമുണ്ടായിരുന്ന വേതാളം അവയും തവിടുപൊടിയാക്കി. ഏഴാമത്തെ വാതിലിൽ വലിയൊരു കിണറാണുള്ളത്. അടിയിലേയ്ക്ക് ആഴം പരിശോധിക്കാൻ കല്ലിട്ട് നോക്കിയപ്പോൾ കല്ല് ചെന്നുവീണത് എന്തോ യന്ത്രത്തിലായിരുന്നു. ഉടൻ രണ്ടു പലകകൾ കിണറിന് പാലംപോലെ പ്രത്യക്ഷമായി. അവർ അതിൽ കയറി എട്ടാമത്തെ വാതിലിലെത്തി. തോട്ടിൽ ഇറങ്ങിക്കിടക്കണമെന്നാണ് നിശ്ചയം. വിക്രമാദിത്യൻ മാത്രം തോട്ടിലിറങ്ങി അക്കരെയെത്തി. ഭട്ടി വേദളത്തിന്റ സഹായത്താൽ  അക്കരെയെത്തി. വിക്രമാദിത്യൻ കാലിൽ പറ്റിയ ചളി തത്തക്കൂട്ടിലുണ്ടായിരുന്ന വെള്ളത്തിന്റെ പകുതികൊണ്ട് കഴുകി ഓലയെടുത്ത് തുടച്ച് മിനുസമാക്കി. ഒമ്പതാം വാതിലിലെ സ്ഫടികമണ്ഡപത്തിൽ കൂടി നടക്കാൻ ഭട്ടി ഒരു വിദ്യ പ്രയോഗിച്ചു. വേതാളത്തെക്കൊണ്ട് കുറെ മെഴുകു വരുത്തി ഉരുക്കി കാലിൽ ഒട്ടിച്ചു നടന്നു. പത്താമത്തെ വാതിൽ കടന്നു ചെന്നത് കൂരിരുട്ടു നിറഞ്ഞ ആയിരം കാൽമണ്ഡപത്തിലേയ്ക്കാണ്. തൂണുകളിൽ മുട്ടാതിരിക്കാൻ ഭട്ടി വണ്ടിന്റെ രൂപത്തിൽ വേതാളത്തിന്റെ പുറത്തുകയറി മുരണ്ടുകൊണ്ട് പുറപ്പെട്ടു; പിന്നാലെ വിക്രമാദിത്യനും. അവർ എത്തിച്ചേർന്നത് കോടിസൂര്യന്മാർ ഉദിച്ചു നില്ക്കുന്ന ഒരു മനോഹരഹർമ്യത്തിലായിരുന്നു. രത്നകംബളത്തിനു മുകളിലുള്ള പഞ്ചലോഹ നിർമിതമായ മഞ്ചവും അതിനുചുറ്റും അതിമനോഹരികളായ ആയിരം ദാസിമാരും കൂടി, ആ മുറിയെ ഒരു സ്വർഗമാക്കി മാറ്റി. മുകളിൽ വലിയ ഒരു ശരറാന്തലും അതിനു ചുറ്റും ശാഖകളായി ആയിരം വിളക്കുകളുമുണ്ട്. വിക്രമാദിത്യൻ കട്ടിലിനരികിലേയ്ക്കു ചെന്നു. കാലും തലയും തിരിച്ചറിയാൻ പ്രയാസമായിരുന്നതുകൊണ്ട് ഭട്ടി ഒരു ചെറുനാരങ്ങ കട്ടിലിന്റെ മദ്ധ്യത്തിൽ വെച്ചു. അത് ഉരുണ്ട് ചെന്നുനിന്നത് കാലും മറ്റേത് തലയുമാണെന്നുറപ്പിച്ച് വിക്രമാദിത്യൻ ശയിച്ചു. അതിനുമുമ്പ് ഭട്ടി ദാസിമാരുടെ മുടി പരസ്പരം കെട്ടിയിടുകയും വണ്ടിന്റെ രൂപത്തിൽ കട്ടിലിനടിയിൽ പതുങ്ങുകയും ചെയ്തു. പെട്ടന്നൊരുവൾ ഞെട്ടിയുണർന്നപ്പോൾ തലമുടി ആരോ പിടിച്ചു വലിക്കുന്നതായി മനസ്സിലാക്കി അലമുറയിടാനാരംഭിച്ചു...

ദാസികൾ നിലവിളിയും ബഹളവും തുടങ്ങി. സൂര്യഗായത്രിയും അമ്മയും ഉണർന്നു. ബഹളത്തിന്റെ കാരണമന്വേഷിച്ചപ്പോൾ, താഴെ ആരോ വന്നിരിക്കുന്നുവെന്നു കേട്ട് അവർ പരിഭ്രമിച്ചു. ഇതിനിടയിൽ ദാസിമാർ പരസ്പരം മുടി വേർപ്പെടുത്തി നോക്കിയപ്പോൾ കട്ടിലിൽ ഒരു രൂപം ശയിക്കുന്നതു കണ്ട് സൂര്യഗായത്രിയെ വിവരമിറിയിച്ചു. പെട്ടന്ന് അമ്മ മകളോട് തിരക്കി: “മകളേ, നമ്മുടെ നിബന്ധനകളൊക്കെ നിറവേറ്റിക്കൊണ്ട് ഒരാൾ മാളികത്താഴെ വന്നിരിക്കുന്നു. ഇനി എന്ത് ചെയ്യും?” സൂര്യഗായത്രി പറഞ്ഞു: ഇന്നലെവരെ നാം മറ്റുള്ളവരെ ഇളിഭ്യരാക്കിയിട്ടേയുള്ളൂ. ഇന്നിതാ നാം ഇളിഭ്യരായിരിക്കുന്നു. എന്തായാലും പത്തു വാതിലുകളും കടന്നെത്തിയ അയാൾ ഒരു വീരപുരുഷനാണ്. സംശയമില്ല. എന്നാലും നാം തോറ്റുവെന്ന് നിശ്ചയിക്കാറായിട്ടില്ല. ഒന്നുകൂടി പരീക്ഷിച്ചുകളയാം.' സൂര്യഗായത്രിയുടെ അമ്മയായ രസര്ജിക ഉടനേ ദീപനായിക എന്ന തന്റെ സുന്ദരിയായ ദാസിയെ അണിയിച്ചൊരുക്കി താഴേയ്ക്കയച്ചു. അവളെക്കണ്ട് ഭമിച്ച് ആഗതൻ കൂട്ടിക്കൊണ്ടുപോകുമെന്നായിരുന്നു രസരജികയുടെ വിശ്വാസം. വസ്ത്രാലങ്കാരവിഭൂഷിതയായ ഒരു സുന്ദരിതരുണി അകമ്പടിക്കാരോടുകൂടി തന്റെ അരികിലേയ്ക്കു വരുന്നതു കണ്ട് വിക്രമാദിത്യൻ വേതാളത്തോട് അത് ആരാണെന്ന് ചോദിച്ചു. വേതാളം പറഞ്ഞു: “ആ വരുന്ന തോഴിമാരുടെ കയ്യിലെ ദീപങ്ങളൊക്കെ ഞാൻ അണക്കാൻ ശ്രമിക്കാം. അപ്പോൾ അവർ തിരി ചൂണ്ടും. എന്നിട്ട് എണ്ണപുരണ്ട വിരൽ തുടയ്ക്കുകയോ കഴുകുകയോ ചെയ്താൽ അവൾ സൂര്യഗായത്രിയായിരിക്കും. തലയിലാണ് തുടയ്ക്കുന്നതെങ്കിൽ അവൾ ദാസിതന്നെ.'' അവർ അടുത്തുവന്നപ്പോൾ എല്ലാവരുടേയും വിളക്കുകൾ അണയാൻ ഭാവിച്ചു. തിരി ചൂണ്ടിയ കൈ ദീപനായിക തലയിലാണ് തുടച്ചത്. രാജാവിന് കാര്യം മനസ്സിലായി. അവൾ അടുത്തുവന്നപ്പോൾ അദ്ദേഹം പറഞ്ഞു: “ഹേ ദാസീ, യജമാനത്തി വരാനെന്താണ് താമസിക്കുന്നത്? ഞങ്ങൾ എത്ര നേരമായി കാത്തിരിക്കുന്നു. അവൾ ലജ്ജിതയായി മടങ്ങിപ്പോയി രസര്ജികയോട് കാര്യം പറഞ്ഞു. ഒന്നുകൂടി പരീക്ഷിക്കാമെന്നു കരുതി അവൾ തന്റെ പാചകക്കാരിയെ കൂടുതൽ ആർഭാടത്തോടെ രാജാവിന്റെ അരികിലേയ്ക്കയച്ചു. അവളും സുന്ദരിയായിരുന്നു. തോഴിമാരോടുകൂടി അടുത്തുവന്ന പാചകക്കാരിയെ വേതാളത്തിന്റെ സഹായത്താൽ തിരിച്ചറിയുവാൻ ഒരു സൂത്രം പ്രയോഗിച്ചു. വേതാളം ഉപായം പറഞ്ഞുകൊടുത്തു. “അവളുടെ കയ്യിലെ താലത്തിൽ നെയ്യുണ്ട്. ഞാൻ ചെന്ന് താലം മറിച്ചിടാം. നെയ്യ് മുഴുവൻ നിലത്തുപോകും. മറ്റാരെങ്കിലുമാണെങ്കിൽ നിലത്തു നിന്ന് നെയ്യ് വാരി പാത്രത്തിലിടും. സൂര്യഗായത്രിയാണെങ്കിൽ വേറെ നെയ്യ് കൊണ്ടുവരാൻ പറയുകയേയുള്ളൂ.'' വേതാളം പറഞ്ഞതുപോലെതന്നെ ചെയ്തു. നെയ്യ് മുഴുവൻ നിലത്തു പോയി. ആ സ്ത്രീ നിലത്തുപോയ നെയ്യ് എടുക്കുവാൻ ശ്രമിക്കുകയാണുണ്ടായത്.

അവൾ വന്ന് വിക്രമാദിത്യനെ ഉപചരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു: “ഹേ, ദാസീ, നീ പോയിട്ട് യജമാനത്തിയോട് വേഗം വരാൻ പറയൂ.'' അവൾ തന്റെ കള്ളി പൊളിഞ്ഞുവെന്ന് മനസ്സിലാക്കി. അവിടെനിന്നു പിന്തിരിഞ്ഞ് മടങ്ങിച്ചെന്ന് വിവരമെല്ലാം രസര്ജികയെ അറിയിച്ചു. രസര്ജിക പരിഭ്രാന്തയായി. ആഗതൻ സാധാരണക്കാരനല്ലെന്നും സൂര്യഗായത്രിയെ കൊണ്ടുപോകുകതന്നെ ചെയ്യുമെന്നും മനസ്സിലായപ്പോൾ അവസാനമായി ഒരു സൂത്രം കൂടി പ്രയോഗിക്കാൻ തീർച്ചയാക്കി. അവൾ സൂര്യഗായത്രിയേയും കൊണ്ട് പരിചാരികകളുടെ അകമ്പടിയോടെ വിക്രമാദിത്യന്റെ മുമ്പിലേയ്ക്കു ചെന്നു. രാജാവിനും സൂര്യഗായത്രിക്കും ഇടയിൽ ഒരു തിരശ്ശീല കൊണ്ടുവന്ന് കെട്ടിയിട്ട് അദ്ദേഹത്തോട് പറഞ്ഞു: “ഹേ, മഹാത്മാവേ, താങ്കൾ പത്തു വാതിലുകളും കടന്ന് ഇത്രയും ബുദ്ധിമുട്ടി ഇവിടെ വന്നത് സൂര്യഗായത്രിയെ വിവാഹം കഴിക്കാനാണെന്ന് എനിക്കറിയാം. ഇനി ഒരു നിബന്ധനകൂടിയുണ്ട്. തിരശ്ശീലയ്ക്കപ്പുറത്തിരിക്കുന്ന സൂര്യഗായത്രിയെക്കൊണ്ട് പുലരുന്നതിനുമുമ്പ് സാധാരണരീതിയിൽ മൂന്നു വാക്ക് പറയിക്കണം. അതിന് കഴിഞ്ഞാൽ താങ്കൾക്ക് സൂര്യഗായത്രിയെ വിവാഹം കഴിക്കാം.'' ഇതു പറഞ്ഞ് രസര്ജികയും തോഴിമാരും ആഗതൻ എന്തു ചെയ്യാനാണ് ഭാവമെന്നു കാണാനിരിപ്പായി. വിക്രമാദിത്യൻ സൂര്യഗായത്രിയോട് പറഞ്ഞു. “ഹേ, സുന്ദരീ, നിന്നെ കാണാൻ വേണ്ടി എത്രയോ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ഞാനിവിടെ എത്തിയിരിക്കുന്നത്. നീയാകട്ടെ എന്നിൽ നിന്ന് മറഞ്ഞിരിക്കുകയാണ്. നിന്റെ കുയിൽ നാദം കേൾക്കാൻ അക്ഷമനായിരിക്കുന്ന എന്നോട് എന്തെങ്കിലും സംസാരിക്കു.” സൂര്യഗായത്രി ഒറ്റക്ഷരം ഉരിയാടിയില്ല. വിക്രമാദിത്യൻ വേതാളത്തെ തിരശ്ശീലയിലേയ്ക്കു കയറ്റിയതിനുശേഷം തിരശ്ശീലയോട് പറഞ്ഞു: “അല്ലയോ തിരശ്ശീലേ, സൂര്യഗായത്രി എന്നോട് സംസാരിക്കാതെ പിണങ്ങിയിരിക്കയാണ്. എനിക്കാണെങ്കിൽ ഉറക്കം വരുന്നുമില്ല. ഏതായാലും നീ ഒരു കഥ പറയൂ.' തിരശ്ശീലയുടെ ശബ്ദം: “ഞാൻ സാധാരണയായി മനുഷ്യരോട് സംസാരിക്കാറില്ല. എങ്കിലും മഹാനായ അവിടന്ന് ആജ്ഞാപിക്കുന്നതുകൊണ്ട് ആദ്യമായി എന്റെ കഥ പറയാം. ഞാൻ ആദ്യം ഒരു വിത്തായിരുന്നു. ഒരു കൃഷിക്കാരൻ അതെടുത്ത് തന്റെ നിലത്തിൽ കൊണ്ടുചെന്നു പാകി. മഴപെയ്തപ്പോൾ ഞാൻ മുളയ്ക്കുകയും ചെടിയായിത്തീരുകയും ചെയ്തു. പരുത്തിച്ചെടി എന്നായിരുന്നു എന്റെ പേര്. അതിൽനിന്ന് കൃഷിക്കാരൻ പഞ്ഞിയെടുത്തു. അവൻ അത് കുറെ സ്ത്രീകൾക്ക് വിറ്റു. സ്ത്രീകൾ പഞ്ഞി നുറ്റ് നൂലാക്കുകയും നൂലിൽനിന്നു തുണിയുണ്ടാക്കുകയും ചെയ്തു. ആ തുണി ഒരു വ്യാപാരിയിൽനിന്നു സൂര്യഗായത്രി വിലയ്ക്കുവാങ്ങി..

"സൂര്യഗായത്രി ഒരു തുന്നൽക്കാരനെ ഏൽപിച്ചു. അയാൾ എന്നെ കീറിമുറിച്ച് വീണ്ടും തുന്നിപ്പിടിപ്പിച്ച് തിരശ്ലീല എന്ന പേരിലാക്കിയിരിക്കുന്നു. ഇപ്പോഴാകട്ടെ ഞാൻ ബന്ധനത്തിലുമാണ്. എന്നെ വലിച്ചുകെട്ടിനിർത്തിയിരിക്കുന്നതിനാൽ മിണ്ടാൻപോലും പ്രയാസം'' തിരശ്ശീലയുടെ സംസാരം കേട്ട് സൂര്യഗായത്രിയും മറ്റുള്ളവരും അതിശയഗ്രസ്തരായി. അവർ കഥ കേൾക്കുവാൻ വേണ്ടി തിരശ്ശീലയുടെ ബന്ധനങ്ങൾ അഴിച്ചുകളഞ്ഞു. ബന്ധനവിമുക്തയായ തിരശ്ശീല പറയാൻ തുടങ്ങി. കീർത്തികേസരി എന്ന രാജകുമാരനും വിശ്വകേസരി എന്ന മന്ത്രി കുമാരനും ആത്മസുഹൃത്തുക്കളായിരുന്നു. ഒരു നിമിഷം പോലും തമ്മിൽ പിരിഞ്ഞിരിക്കാൻ അവർക്കു സാധ്യമായിരുന്നില്ല. സകലശാസ്ത്രങ്ങളിലും വിദ്യകളിലും പ്രാവീണ്യം സമ്പാദിച്ച കുമാരന്മാർ ഒരു ദിവസം നായാട്ടിന് പുറപ്പെട്ടു. വനപ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ട് നടന്നുനടന്ന് അവർ ഒരു ക്ഷേത്രത്തിനരികിലെത്തി. അവിടെ, ശുദ്ധജലം നിറഞ്ഞുനിന്നിരുന്ന ഒരു തടാകമുണ്ടായിരുന്നു. രാജകുമാരൻ യാത്രാക്ഷീണത്താൽ അവിടെ കിടന്നു. അല്പം കൂടി ചുറ്റിവരാമെന്നു നിശ്ചയിച്ച് പുറപ്പെട്ട മന്ത്രികുമാരൻ ഒട്ടകലെയായി കയ്യിൽ പൂച്ചെണ്ടോടുകൂടി നിൽക്കുന്ന ഒരു സ്ത്രീവിഗ്രഹം കണ്ടു. ശില്പകലാചാതുര്യത്താൽ ആ പ്രതിമ ജീവനുള്ള ഒരു സുന്ദരിയുടെ പ്രതീതിയുണ്ടാക്കി. രാജകുമാരൻ ഇത് കണ്ടാൽ ആപത്താണെന്നറിഞ്ഞ മന്ത്രികുമാരൻ പെട്ടെന്ന് മടങ്ങി വന്നു. അല്പം കഴിഞ്ഞപ്പോൾ രാജകുമാരന് ചുറ്റിത്തിരിഞ്ഞ് കാഴ്ചകൾ കാണാൻ താൽപര്യം ജനിച്ചു. അയാൾ പോകുന്നതിൽ കൂട്ടുകാരന് എതിർപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, വടക്കുദിക്കിലേയ്ക്കുമാത്രം പോകരുതെന്ന് അയാൾ താക്കീത് ചെയ്തു. രാജകുമാരൻ ചുറ്റിനടന്ന് പ്രകൃതിദൃശ്യങ്ങളാസ്വദിച്ചുകൊണ്ട് നടക്കവെ, വടക്കോട്ട് പോകരുതെന്ന് മന്ത്രികുമാരൻ പറഞ്ഞ കാര്യം ഓർത്തു. അതിനെന്തോ കാരണമുണ്ടെന്നും അവിടെ എന്തെങ്കിലും കാഴ്ചയുണ്ടായിരിക്കുമെന്നുമുള്ള ജിജ്ഞാസയാൽ അയാൾ വടക്കോട്ടുതന്നെ നടന്നു. ഒട്ടകലെയായി കൈയിൽ പൂച്ചെണ്ടേന്തിനിൽക്കുന്ന യുവസുന്ദരിയുടെ പ്രതിമ അയാളുടെ മനസ്സിനെ ഇളക്കിമറിച്ചു. അയാൾ അങ്ങോട്ടു ചെന്ന് "പൂച്ചെണ്ട് തരു'' വെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഉന്മത്തനായി നിലകൊണ്ടു. രാജകുമാരനെ അന്വേഷിച്ചിറങ്ങിയ കൂട്ടുകാരൻ ഈ രംഗം കണ്ട് പരിഭ്രമിച്ച് അയാളേയും കൂട്ടി ക്ഷേത്രത്തിലെ കാര്യസ്ഥന്റെ അരികിലേയ്ക്ക നടന്നു. മന്ത്രികുമാരൻ അയാളോട് അന്വേഷിച്ചു: “കുറച്ച് അകലെ കൈയിൽ പൂച്ചെണ്ടോടുകൂടി നിൽക്കുന്ന പ്രതിമ യെപ്പറ്റി എന്തെങ്കിലും അറിയാമോ??''

കാര്യസ്ഥൻ പറഞ്ഞു : “ഇവിടെനിന്ന് ഇരുപത്തഞ്ചു നാഴിക അകലെയുള്ള നഗരത്തിലെ കോദണ്ഡശാസ്ത്രിയാണ് ഇത് നിർമിച്ചത്. അയാളെക്കണ്ട് ചോദിച്ചാൽ കൂടുതൽ വിവരങ്ങളറിയാം.'' മന്ത്രികുമാരൻ: “ഞാൻ ആ ശിൽപിയെ കണ്ടുപിടിക്കാൻ പോകുകയാണ്. എന്റെ കൂട്ടുകാരൻ ഞാൻ വരുന്നതുവരെ നിങ്ങളുടെയൊപ്പം താമസിക്കട്ടെ. ചെലവിലേയ്ക്കായി തൽക്കാലം ഈ മുത്തുമാല കൈവശം വെച്ചോളൂ. അമൂല്യമായ മുത്തുമാലയും കൊടുത്ത് രാജകുമാരനെ അവിടെത്തന്നെ താമസിപ്പിക്കാൻ ഏർപ്പാടുചെയ്ത് മന്ത്രികുമാരൻ കോദണ്ഡശാസ്ത്രിയെന്ന ശിൽപിയെ തിരയാൻ പുറപ്പെട്ടു. അന്വേഷിച്ചന്വേഷിച്ച് ഒടുവിൽ അയാളെ കണ്ടെത്തി. ശിൽപി പറഞ്ഞു: “ഒരു ദിവസം രാത്രി ഒരു കുശവൻ എന്നെ ഏല്പിച്ച് രത്നത്തിന് പ്രതിഫലമായി ഞാൻ ആയിരം പണം കൊടുത്തു. പകൽ നേരത്ത് സൂക്ഷിച്ചു നോക്കിയപ്പോൾ അത് രത്നമല്ലെന്നും വെറുമൊരു നഖമാണെന്നും വ്യക്തമായി. എന്തായാലും ഇത്ര സുന്ദരമായ നഖമുള്ള ഒരുവൾ അസാമാന്യസുന്ദരിയായിരിക്കുമെന്ന് കരുതി ഞാൻ ഭാവനയിലൂടെ ഒരു സ്ത്രീരൂപം കൊത്തിയുണ്ടാക്കി. അത് ക്ഷേത്രത്തിനരികിൽ സ്ഥാപിക്കുകയും ചെയ്തു.'' മന്ത്രികുമാരൻ ആ കുശവനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ് കുറെ ദിവസം യാത്ര ചെയ്തു. അവനെ കണ്ടെത്തുകയും നഖത്തിന്റെ കാര്യം ആരായുകയും ചെയ്തു. കുശവൻ പറഞ്ഞു: “ഞാൻ ഒരു ദിവസം സന്ധ്യയ്ക്ക് ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ, കാർക്കോടകവനത്തിലെ ഒരു വേടൻ ഒരു നഖം കൊണ്ടുവന്ന് എന്നെയേല്പിച്ചു. വല്ല രത്നവുമായിരിക്കുമെന്നു വിചാരിച്ച് ഞാനത് വാങ്ങി പകരം കുറെ മൺപാത്രങ്ങൾ കൊടുത്തു. പിന്നീടാണ് അത് വെറുമൊരു നഖമാണെന്ന് മനസ്സിലായത്.'' മന്ത്രികുമാരൻ അവിടെനിന്നു കാർക്കോടകവനത്തിലേയ്ക്ക് യാത്രയായി. ഭഗീരഥപ്രയത്നം ചെയ്ത് വേടനെ കണ്ടെത്തി നഖത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാമോ എന്ന് ചോദിച്ചു. വേടന്റെ മറുപടി: “ഞാൻ ഒരു ദിവസം കാട്ടിൽ നായാടിക്കൊണ്ടിരിക്കുമ്പോൾ ഒരു പ്രകാശമുള്ള വസ്തു നിലത്ത് വീണുകിടക്കുന്നത് കണ്ടു. വിലപിടിച്ച് എന്തെങ്കിലുമായിരിക്കുമെന്നു വിചാരിച്ച് ഞാൻ അത് സൂക്ഷിച്ചുവെച്ചു. പിന്നീടാണ് അതൊരു നഖമാണെന്ന് മനസ്സിലായത്. അത് ഞാൻ ഒരു ദിവസം കുശവന് കൊടുക്കുകയും ചെയ്തു.''നഖത്തെപ്പറ്റി ഇനി ആരോട് തിരക്കാനാണ്? എല്ലാ പോംവഴികളും കലാശിച്ചിരിക്കുന്നു. നഖത്തിന്റെ ഉടമസ്ഥയെ ആരെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അസ്വസ്ഥചിത്തനായിത്തീർന്ന മന്ത്രികുമാരൻ ഹൃദയഭാരവും പേറി ആ വനമധ്യത്തിൽ അലക്ഷ്യമായി അലഞ്ഞുനടന്നു. സന്ധ്യയായി. ക്രൂരമൃഗങ്ങൾ സ്വച്ഛന്ദം വിഹരിക്കുന്ന ആ വനത്തിൽ, രാത്രിയായാൽ തന്റെ ജീവൻ അപകടത്തിൽ ആണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു..

മന്ത്രികുമാരൻ ഒരു ആൽവൃക്ഷത്തിനു ചുവട്ടിൽ ചെന്ന് അനങ്ങാതെയിരിപ്പായി. ഇതു കണ്ട് അവിടെ താമസിച്ചിരുന്ന ആയിരം കിളികളുടെ നായകനായ രാജകിളി ചോദിച്ചു: “അല്ലയോ മനുഷ്യാ, നീയെന്തിനാണ് കാട്ടുമൃഗങ്ങൾക്ക് ഇരയായിത്തീരാൻ ഇവിടെയിരിക്കുന്നത്? ജീവൻ രക്ഷിക്കണമെന്നുണ്ടെങ്കിൽ വേഗം ഇവിടെന്ന് പുറത്തേയ്ക്കു കടന്നോളൂ.'' മന്ത്രികുമാരൻ ആരാഞ്ഞു: “കിളിരാജാവേ, മൃഗങ്ങൾ കൊന്നുതിന്നുന്നതിൽ എനിക്ക് പേടിയില്ല. അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യം നേടാനാണ് ഞാൻ വന്നിരിക്കുന്നത്. പണ്ട് ഒരു വേടന് ഇവിടെനിന്ന് ഒരു മനുഷ്യനഖം കിട്ടിയത്രേ. അതെങ്ങനെ വന്നുചേർന്നുവെന്ന് നിനക്കറിയാമോ?'' ഒരെത്തും പിടിയുമില്ല. ആയതിനാൽ രാജകിളി തന്റെ അനുയായികളായ ആയിരം കിളികളോട് നഖത്തെപ്പറ്റി അറിയാമോ എന്നു ചോദിച്ചു. അവരാരും അത് കണ്ടിട്ടും കേട്ടിട്ടുമുണ്ടായിരുന്നില്ല. അവസാനം, കൂട്ടത്തിൽ ഒരു കിളി പറഞ്ഞു: “ഒരു ദിവസം ഞങ്ങൾ ഏഴു കടലും ഏഴുദ്വീപും കടന്ന് ഫലസമൃദ്ധമായ ഒരു വനത്തിലെത്തി. വിശിഷ്ടങ്ങളായ അനവധി ഫലങ്ങൾ, ആസ്വദിച്ചുകൊണ്ട് അവിടെയെല്ലാം പറന്നു നടക്കുമ്പോൾ, ഏഴു നിലയുള്ള മണിമാളിക മുകളിൽ രൂപസൗന്ദര്യമുള്ള ഒരു യുവതി തന്റെ മുടി കോതിക്കൊണ്ട് നില്ക്കുന്നുണ്ടായിരുന്നു. അവളുടെ ചെറുവിരലിൽ നിന്ന് തെറിച്ചുവീണ നഖം കണ്ട് രത്നമാണെന്ന് ഞാൻ തെറ്റിദ്ധരിക്കുകയും അത് കൊത്തിക്കൊണ്ടുവന്ന് അങ്ങേയ്ക്ക് കാഴ്ചവെക്കുകയും ചെയ്തു. എല്ലാവരും മധുരഫലങ്ങൾ കൊണ്ടുവന്നപ്പോൾ ഞാൻ മാത്രം നഖം കൊണ്ടുവന്നതിൽ അങ്ങ് കോപിച്ച് എന്നെ തലയിൽ കൊത്തുകയും നഖം വലിച്ചെറിയുകയും ചെയ്തു. ഓർക്കുന്നുണ്ടോ അത്?'' പൊടുന്നനെ രാജകിളിക്ക് ആ സംഭവം സ്മരണയിലെത്തി. എങ്ങനെയാണ് ആ യുവതി താമസിക്കുന്ന ദ്വീപിലേയ്ക്ക് എത്തിച്ചേരുക എന്ന മന്ത്രികുമാരന്റെ ചോദ്യത്തിന്, കുറച്ചകലെയുള്ള ഒരു വൻവൃക്ഷത്തിൽ ദമ്പതികളായ രണ്ട് ആനറാഞ്ചിപ്പക്ഷികൾ വസിക്കുന്നുണ്ടെന്നും അവർ വിചാരിച്ചാൽ ദ്വീപിലേയ്ക്ക് എത്താൻ കഴിയുമെന്നും രാജകിളി ഉപദേശിച്ചു. മന്തികുമാരൻ ആനറാഞ്ചിപ്പക്ഷികൾ താമസിക്കുന്ന വൻവൃക്ഷം തിരഞ്ഞ് കണ്ടുപിടിച്ചു. പക്ഷിക്കൂട്ടിൽ കുഞ്ഞുങ്ങളുടെ നിലവിളികേട്ടു നോക്കിയപ്പോൾ, ഒരു വൻ സർപ്പം അവയെ പിടിച്ച് ശാപ്പിടാൻ തയ്യാറാകുന്നതാണ് അയാൾ കണ്ടത്. മന്ത്രികുമാരൻ ആ സർപ്പത്തെ രണ്ടു ഖണ്ഡമാക്കി താഴത്തിട്ടു. ജീവൻ രക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ മന്ത്രികുമാരനോട് കുശലപ്രശ്നം ചെയ്തു. അയാൾ തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. ബുദ്ധി മതികളായ കുഞ്ഞുങ്ങൾ അയാളെ ഒരിടത്ത് ഒളിപ്പിച്ചിരുത്തി മാതാപിതാക്കൾ വരുന്നതും പ്രതീക്ഷിച്ചിരിപ്പായി. സന്ധ്യയായപ്പോൾ ഭീമരൂപികളായ പക്ഷികൾ കൊടുങ്കാറ്റുകണക്കെപറന്നെത്തി. പക്ഷേ, കുഞ്ഞുങ്ങൾ അവരുടെ അടുത്തേയ്ക്കു പോകാതെ ദുഃഖം നടിച്ചിരിക്കുകയാണുണ്ടായത്..

No comments:

Post a Comment