ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 33

വിക്രമാദിത്യകഥകൾ - 33

എട്ടാം സാലഭഞ്ജിക പറഞ്ഞ കഥ

അടുത്ത ദിവസം സിംഹാസനാരോഹണത്തിനുള്ള ഒരുക്കങ്ങൾ തയ്യാറായി. ഭോജരാജാവ് ഏഴ് പടികളും കടന്ന് എട്ടാമത്തേതിൽ കാൽവെച്ചയുടനേ അവിടെ നിന്നിരുന്ന സാലഭഞ്ജിക കൈകൊട്ടിച്ചിരിക്കുകയും രാജാവിന്റെ ഉദ്യമത്തെ അപഹസിക്കുകയും ചെയ്തു. ദേശദേശാന്തരങ്ങളിൽ വെന്നിക്കൊടി പറത്തിയ വിക്രമാദിത്യ ചക്രവർത്തിയെക്കുറിച്ച് അവൾ ഒരു കഥ പറയാൻ തുടങ്ങി. നാടാറുമാസഭരണക്കാലം അവസാനിക്കാറായി. വിക്രമാദിത്യനും ഭട്ടിയും ഉജ്ജയിനിയിലെ ഭരണഭാരം സമർഥനായ ഒരു മന്ത്രിയിൽ അർപ്പിച്ച ശേഷം കാടാറുമാസവാസത്തിന് പുറപ്പെട്ടു. നൂറുകണക്കിന് നാഴികകൾ പിന്നിട്ടശേഷം അവർ തുംഗഭദ്രയുടെ തീരത്തിലെത്തി. അവിടെ ഒരു ശവം കിടക്കുന്നുണ്ടായിരുന്നു. ഒരു ദാസിയെ ആരോ തല്ലിക്കൊന്നിട്ടതായിരുന്നു അത്. സ്ത്രീകൾ വെള്ളം കൊണ്ടുവരാൻ പോകുന്ന വഴിയിൽതന്നെയാണ് ശവം കിടന്നിരുന്നത്. അപ്പോൾ രണ്ടു സഹോദരികൾ കുടവുമെടുത്ത് അങ്ങോട്ടു ചെന്നു. മൂത്തവൾക്ക് ആ ശവത്തെ കണ്ട് സഹതാപം തോന്നി. അവൾ പറഞ്ഞു: “പാവം! നമ്മെപ്പോലെയുള്ള ഒരു സ്ത്രീയെയാണ് ഇവിടെ കൊന്നിട്ടിരിക്കുന്നത്. സങ്കടം തോന്നുന്നു എനിക്ക്.” ഇളയവളുടെ മറുപടി: “എന്തിന് സങ്കടപ്പെടുന്നു? ഇവൾക്ക് ഒന്നും അറിഞ്ഞുകൂടാ. വിഡ്ഢിയായതുകൊണ്ടാണ് മരിക്കേണ്ടിവന്നത്.” സഹോദരികൾ ഇരുവരും വെള്ളവും കൊണ്ട് മടങ്ങിപ്പോയി. ഇളയവളുടെ സംസാരം കേട്ട് വിക്രമാദിത്യന് അത്ഭുതമുളവായി. വെറും പതിനേഴുകാരി നിത്യജീവിതത്തിൽ അഗാധപാണ്ഡിത്യമുള്ളവളെപ്പോലെയാണ് സംസാരിച്ചത്. അവളെയൊന്ന് പരീക്ഷിക്കണമെന്ന് നിശ്ചയിച്ച് രാജാവ് അവരുടെ പുറകെ പോവുകയും അവരെപ്പറ്റി കൂടുതൽ അറിഞ്ഞുവരികയും ചെയ്തു. പട്ടണത്തിലെ മുത്തയ്യച്ചെട്ടിയെന്ന ധനികനായ വ്യാപാരിയുടെ പുത്രികളായിരുന്നു അവർ. ഇളയവളുടെ പേര് രാജാമണി എന്നായിരുന്നു. രണ്ടുപേരും അവിവാഹിതകളാണ്. വിക്രമാദിത്യനും ഭട്ടിയും രത്നവ്യാപാരികളുടെ വേഷത്തിൽ മുത്തയ്യപ്പെട്ടിയുടെ ഭവനത്തിലെത്തി. തങ്ങൾ വ്യാപാരാവശ്യങ്ങൾക്കുവേണ്ടി വന്നതാണെന്നും അറിയിച്ചു. മുത്തയ്യച്ചെട്ടിയാർ അവരെ ആദരവോടെ സ്വീകരിച്ചു. കുറെ ദിവസം കഴിഞ്ഞപ്പോൾ ഇളയവനെന്ന് അഭിനയിച്ചിരുന്ന വികമാദിത്യൻ രാജാമണിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വിവരം ചെട്ടിയാരെ അറിയിച്ചു. പ്രബലനായ ഒരു ബന്ധുവിനെ കിട്ടുന്നതിൽ ചെട്ടിയാർക്ക് സന്തോഷമായിരുന്നു. ആ നഗരത്തിലെ പ്രമാണിമാരുടെ സാന്നിധ്യത്തിൽ വിവാഹം ആഡംബരമായി ആഘോഷിക്കപ്പെട്ടു...

കുലധർമമനുസരിച്ച് വധുവിനേയും കൊണ്ട് അവർ സ്വഗൃഹത്തിലേയ്ക്കു മടങ്ങി. ചെട്ടിയാർ അവർക്ക് ധാരാളം പണം കൊടുത്തയച്ചു. രാജാമണിയും കൂട്ടരും സന്ധ്യയ്ക്ക് മറ്റൊരു നഗരത്തിൽ ചെന്നെത്തി. അവിടെ ഒരു വലിയ കോട്ട പൂട്ടിക്കിടപ്പുണ്ടായിരുന്നു. അത് തുറക്കാത്തതിന്റെ കാരണമന്വേഷിച്ചപ്പോൾ ഒരാൾ വിക്രമാദിത്യനോട് പറഞ്ഞു. "ഈ കോട്ട പണ്ടുകാലത്ത് നാടുവാണിരുന്ന കുമ്പൻ എന്ന രാജാവ് പണിയിച്ചതാണ്. അദ്ദേഹത്തിന് സന്താനങ്ങളില്ലാതിരുന്ന ദുഃഖംമൂലം അദ്ദേഹം ജനങ്ങളെ മുഴുവൻ കോട്ടയിൽനിന്ന് പുറത്താക്കി. വിക്രമാദിത്യ നൊഴിച്ച് മറ്റാരും ഇത് തുറക്കരുതെന്നു കല്പിച്ച് കാലധർമ്മം പ്രാപിക്കുകയും ചെയ്തു. അതിനാലാണ് ഇത് പൂട്ടിക്കിടക്കുന്നത്.” വികമാദിത്യൻ പൂട്ടിൽ കൈവെച്ചപ്പോൾ അത് തനിയേ തുറന്നു. അവർ കോട്ടയ്ക്കുള്ളിൽ കടന്നു. അതിനകത്ത് ധാരാളം ധനധാന്യസമ്പത്തുക്കളുണ്ടായിരുന്നു. രാജാമണി ആഹാരം പാകം ചെയ്തു. രാത്രിയായപ്പോൾ വികമാദിത്യനും ഭട്ടിയും ഓരോ കട്ടിലുകളിൽ കിടക്കുകയും മധ്യേയുള്ള കട്ടിലിൽ രാജാമണിയെ കിടത്തുകയും ചെയ്തു. വിക്രമാദിത്യൻ അവളോട് സംസാരിക്കുകപോലും ചെയ്തില്ല. പ്രഭാതമായപ്പോൾ ഇരുവരും രാജാമണിയെ തനിച്ചാക്കി കോട്ടവാതിൽ പൂട്ടി പുറത്തുപോയി. സന്ധ്യയ്ക്ക് മടങ്ങിവരികയും ആഹാരം കഴിച്ച് പഴയപോലെ അവർ ഓരോ കട്ടിലിൽ കിടക്കുകയും ചെയ്തു. ഈ രീതിയിൽ രാജാമണിയെ ഒറ്റപ്പെടുത്തിക്കൊണ്ട് അവളുടെ സാമർഥ്യം എത്രത്തോളമുണ്ടെന്ന് കണ്ടറിയാനാണ് വിക്രമാദിത്യൻ നിശ്ചയിച്ചത്. പുറമെനിന്ന് ആരേയും അകത്തേയ്ക്കു കടത്തിവിട്ടില്ല. വസ്ത്രങ്ങളലക്കുന്നതിനു നിയമിച്ച മണ്ണാത്തിക്കുപോലും വിക്രമാദിത്യനും ഭട്ടിയും ഉപ്പോൾ മാത്രമേ വരാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ദിവസങ്ങൾ നീണ്ടുപോയി. ഒരു ദിവസം മണ്ണാത്തിയുടെ മകൻ കോട്ടയിൽ നിന്ന് കൊണ്ടു വരുന്ന ഒരു വസ്ത്രം എടുത്തുനോക്കി. അതിന് നല്ല സുഗന്ധമുണ്ടായിരുന്നു. ഇത്രയും സുഗന്ധമുള്ള വസ്ത്രം ധരിക്കുന്ന സ്ത്രീ അതിസുന്ദരിയായിരിക്കുമെന്നും അവളെ ഒന്നു കാണണമെന്നും ചിന്തിച്ചു ചിന്തിച്ച് അവന് ആധി പിടിച്ചു. അവൻ തന്റെ മനോഗതം അമ്മയെ അറിയിച്ചു. മകന്റെ ആഗ്രഹം കേട്ടപ്പോൾ അവർക്കു ഭീതിയായി. കോട്ടയിലുള്ളവരെങ്ങാനും ഈ വിവരമറിഞ്ഞാൽ തന്നേയും മകനേയും വെറുതെവിടുകയില്ലെന്ന് അവൾ ചിന്തിച്ചു. പക്ഷേ, മകന്റെ നിർബന്ധം കലശലായപ്പോൾ മണ്ണാത്തിക്ക് നിർവാഹമില്ലാതായി അവന്റെ നിർദ്ദേശപ്രകാരം മണ്ണാത്തി രാജാമണിയെ കാണാൻ ചെന്നു. കയ്യിൽ അലക്കിയ വസ്ത്രങ്ങളുണ്ടായിരുന്നതിനാൽ ആരും സംശയിച്ചില്ല. അവൾ തക്കം നോക്കി രാജാമണിയെ സമീപിച്ചിട്ട് പറഞ്ഞു: “ദേവീ, ഞാനൊരു കാര്യം പറഞ്ഞാൽ കോപിക്കരുത്. എനിക്കൊരു മകനുണ്ട്. അവൻ ദേവിയെ കാണണമെന്ന് ആഗ്രഹിക്കുന്നു. ഈ വിവരം പറഞ്ഞ് മറുപടി വാങ്ങാനാണ് അവൻ എന്നെ പറഞ്ഞയച്ചിരിക്കുന്നത്. ദേവിയെ കണ്ടില്ലെങ്കിൽ അവൻ ആധിയെടുത്ത് ചത്തുപോകും.'' രാജാമണി പറഞ്ഞു: “വായുള്ള കുഞ്ഞ് ജീവിച്ചുകൊള്ളും....”

“വായുള്ള കുഞ്ഞ് ജീവിച്ചുകൊള്ളും....” അതും പറഞ്ഞ് അവൾ ദേഷ്യഭാവത്തിൽ വെട്ടിത്തിരിഞ്ഞ് അകത്തേക്ക് പോയി. താൻ പറഞ്ഞത് ദേവിക്ക് ഒട്ടും പിടിച്ചില്ലെന്നും അവൾ കോപിച്ചിരിക്കുന്നു വെന്നും കണ്ട് മണ്ണാത്തി വീട്ടിലേയ്ക്ക് മടങ്ങി. വിഷാദവും ഭയവും കാരണം അവൾ മകനോടുപോലും ഒന്നും സംസാരിച്ചില്ല. അമ്മ പോയതു മുതൽ ഉൽക്കണ്ഠാ കുലനായിക്കഴിഞ്ഞ മകൻ അമ്മയുടെ ശോകഭാവം കണ്ടപ്പോൾ ഒന്നും നടന്നിട്ടില്ലെന്ന് തീരുമാനിച്ചു. എങ്കിലും അവസരം കിട്ടിയപ്പോൾ അവൻ അമ്മയോട് എല്ലാം ചോദിച്ചറിഞ്ഞു. വായുള്ള കുഞ്ഞ് ജീവിച്ചുകൊള്ളുമെന്നാണ് രാജാമണി പറഞ്ഞതെന്ന് അറിഞ്ഞ മാത്രയിൽ അവൻ ആനന്ദത്താൽ മതിമറന്നു. അന്നു രാത്രി വിശേഷവസ്ത്രങ്ങൾ ധരിച്ച് സുഗന്ധദ്രവ്യങ്ങളും പൂശി മണ്ണാച്ചെറുക്കൻ കോട്ടയിലേയ്ക്ക് യാത്രയായി. വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ കോട്ടയ്ക്കു ചുറ്റും നടന്നു നോക്കി. ഒരരയാലിന്റെ ശാഖ കോട്ട വാതിലിനു മീതെ അകത്തേയ്ക്ക് ചാഞ്ഞു നിൽപ്പുണ്ടായിരുന്നു. അവൻ അതിന്റെ സഹായത്തോടെ അകത്തു കടക്കുകയും രാജാമണി കിടന്നുറങ്ങുന്ന മുറിയിലെത്തുകയും ചെയ്തു. അവിടെ ഭട്ടിയും വിക്രമാദിത്യനും ഓരോ വശത്തും രാജാമണി നടുവിലുമായി കിടപ്പുണ്ടായിരുന്നു. മണ്ണാന്റെ നിഴൽ മുറിയിൽ വീണപ്പോൾ അവൾ ഞെട്ടിയുണർന്നു. മുമ്പിൽ നിൽക്കുന്ന പുരുഷൻ മണ്ണാത്തിയുടെ മകനാണെന്നുറപ്പിച്ച് അവനോട് ശബ്ദമുണ്ടാക്കരുതെന്ന് അവൾ ആംഗ്യം കാണിച്ചു. മണ്ണാൻ തന്റെ കട്ടിലിനടുത്ത് ഇരുന്നപ്പോൾ രാജാമണി വലതു കൈകൊണ്ട് ആ വശത്തുകിടക്കുന്ന വിക്രമാദിത്യന്റെ ശരീരത്തിൽ തട്ടി. അദ്ദേഹം ഉണർന്നു നോക്കിയപ്പോൾ ഒരാളെ അടുത്തു കണ്ട്, അത് ഭട്ടിയായിരിക്കുമെന്നുധരിച്ച് തിരിഞ്ഞു കിടന്നു. പിന്നെ രാജാമണി ഇടതു കൈകൊണ്ട് ഭട്ടിയേയും പതുക്കെയടിച്ചു. ഭട്ടി ഉണർന്നു നോക്കിയപ്പോൾ  ഒരാളെക്കണ്ട് അത് വിക്രമാദിത്യനായിരിക്കുമെന്നുധരിച്ച് തിരിഞ്ഞു കിടന്നു. അതിനുശേഷം അവൾ മണ്ണാനെ ഒരു മുറിയിൽ ഒളിപ്പിച്ചിരുത്തി. രാവിലെ നടന്ന കാര്യം വിക്രമാദിത്യനും ഭട്ടിയും പരസ്പരം സംസാരിച്ചു. എന്നാൽ, ഭട്ടിക്ക് ഇതിൽ എന്തോ രഹസ്യമുണ്ടെന്ന് മനസ്സിലായി. രാജാമണി എന്തെങ്കിലും സാമർഥ്യം കാണിച്ചതാണെന്ന് അയാളൂഹിച്ചു. ഭട്ടി ഒന്നും മിണ്ടാതെ കൊട്ടാരത്തിന്റെ മുകളിലേയ്ക്കു കയറിപ്പോകുകയും ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി വിഷാദഗ്രസ്തനായിരിക്കുകയും ചെയ്തു.  പരമാർഥം അറിയാൻ എന്താണ് മാർഗമെന്നും ആലോചിച്ചായിരുന്നു അയാളിരുന്നിരുന്നത്. അപ്പോൾ കുറച്ചകലെയുള്ള കാട്ടിൽ ആകാശത്തുനിന്ന് രണ്ടു മഹർഷിമാർ ഇറങ്ങിവന്നു. അവർ തങ്ങളുടെ ജടയിൽനിന്നു രണ്ടു സ്ത്രീകളെയെടുത്ത് വെളിയിൽ വിട്ടു. ആ രണ്ടു സ്ത്രീകളും മറവിൽ ചെന്ന് തങ്ങളുടെ, തലമുടിക്കെട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന രണ്ടു മനുഷ്യരൂപികളെ പുറത്തിറക്കി വിടുകയും ചെയ്തു...

കുറച്ചു സമയത്തിന് ശേഷം മനുഷ്യരുപികൾ സ്ത്രീകളുടെ തലമുടിക്കെട്ടിലും സ്ത്രീകൾ മഹർഷികളുടെ ജടയിലും സ്ഥാനം പിടിച്ചു. തങ്ങൾ ചെയ്യുന്ന ഈ ക്രിയകളൊന്നും മറ്റാരും അറിയുന്നില്ലെന്നായിരുന്നു അവരുടെ വിശ്വാസം, പക്ഷേ, അപ്രതീക്ഷിതമായി ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭട്ടി അത്ഭുതത്താൽ ഒറ്റക്ഷരം മിണ്ടാൻ കഴിവില്ലാത്തവനായി. ഇവരെ കരുക്കളാക്കി രാജാമണിയുടെ തന്ത്രം കണ്ടുപിടിക്കാൻ സാധിക്കുമെന്നു വിചാരിച്ച് ഭട്ടി താഴേയ്ക്കിറങ്ങിച്ചെല്ലുകയും മഹർഷിമാരെ ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു. മഹർഷിമാർ ആ ക്ഷണം സ്വീകരിച്ച് കോട്ടയിലേയ്ക്ക് ചെന്നു. ഭട്ടി അവരെ ആസനസ്ഥരാക്കി. രാജാമണിയോട് കുറെ അധികം ആളുകൾക്ക് ഭക്ഷണം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അവൾ അടുക്കളയിൽ കടന്ന് പാചക ജോലികളിൽ ഏർപ്പെട്ടപ്പോൾ ഭട്ടി പത്ത് ഇലകൾ കൊണ്ടുവന്നു നിരത്തി, അഞ്ച് ആളുകൾക്കുവേണ്ടി പത്ത് ഇലകൾ നിരത്തിയിരിക്കുന്നതു കണ്ട് വിക്രമാദിത്യൻ അത്ഭുതപ്പെട്ടു. ഭട്ടിയുടെ നിർദ്ദേശപ്രകാരം രാജാമണി പത്ത് ഇലകളിലും ഭക്ഷണം വിളമ്പി. രണ്ടു മഹർഷിമാരും ഭട്ടിയും വിക്രമാദിത്യനും രാജാമണിയും ഭക്ഷണം കഴിക്കാനിരുന്നു. അഞ്ച് ഇലകൾ ബാക്കിയുണ്ട് മഹർഷിമാരേ, നാം ആഹാരം കഴിക്കുമ്പോൾ ചിലർ മാത്രം പട്ടിണി കിടക്കുന്നത് മര്യാദയല്ല. അതുകൊണ്ട് ജടയിൽനിന്ന് സ്ത്രീകളെക്കൂടി ഇറക്കിവിടണം. തങ്ങളുടെ രഹസ്യം ഭട്ടി മനസ്സിലാക്കിയിരിക്കുമെന്നു ചിന്തിച്ച് അവർ സ്ത്രീകളെ താഴെയിറക്കി. അവരും രണ്ടിലകൾക്കു മുന്നിൽ സ്ഥാനം പിടിച്ചു. ഭട്ടിയുടെ ശബ്ദം വീണ്ടും: “ഹേ, വനിതാരത്നങ്ങളേ, നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ചിലർ മാത്രം പട്ടിണികിടക്കുന്നത് ഭംഗിയല്ല. അതുകൊണ്ട് തലമുടിക്കെട്ടിലുള്ളവരെ പുറത്തേയ്ക്ക് ഇറക്കിവിടണം.'' സ്ത്രീകൾക്ക് മറ്റു മാർഗമില്ലാതെയായി. രഹസ്യം വെളിയിലായ തോർത്തു ദുഃഖിച്ചുകൊണ്ട് അവർ ഭട്ടിയുടെ ആജ്ഞ അനുസരിച്ചു. അവരും ഇലകൾക്കുമുന്നിൽ ആസന്നസ്ഥരായി. മഹർഷിമാർക്ക് ദേഷ്യവും വ്യസനവും ഒരുപോലെയുണ്ടായി. വിക്രമാദിത്യനും രാജാമണിയും ഈ മായാജാലങ്ങൾ കണ്ടുകൊണ്ട് നിശ്ശബ്ദരായിരിക്കുകയായിരുന്നു. ഇനി ബാക്കിയുള്ളത് ഒരിലമാത്രം! ഭട്ടി രാജാമണിയോട് പറഞ്ഞു: “ഹേ, രാജാമണീ, ദിവ്യശക്തിയുള്ള ഈ മഹർഷിമാർ പരമരഹസ്യമായി സൂക്ഷിച്ചിരുന്ന ഇവരെല്ലാം പുറത്തുവന്നുകഴിഞ്ഞു ഭക്ഷണത്തിന് ഇനി ബാക്കിയുള്ള ഒരില വെറുതെയിടരുത്. അതിന്റെ മുന്നിലും നീ വിചാരിച്ചാൽ ഒരാളെ പ്രതിഷ്ഠിക്കാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആരും ഇവിടെ ഇന്ന് വിശന്നുവലയരുത്. അങ്ങനെ ഇന്നത്തെ ദിവസം മംഗളകരമാകട്ടെ....''

ഭട്ടിയുടെ സാമർഥ്യത്തിനുമുമ്പിൽ ഒളിച്ചുകളി നടക്കുകയില്ലെന്ന് മനസിലാക്കി പരിഭ്രമിച്ചുവിറച്ചുകൊണ്ട് അകത്തേയ്ക്കു പോയ രാജാമണിക്ക് മണ്ണാനെ വിളിച്ചുകൊണ്ടുവരാതിരിക്കുവാനുള്ള ധൈര്യമുണ്ടായില്ല. എല്ലാം തുറന്നു പറഞ്ഞ് രാജാമണി മാപ്പു ചോദിക്കുകയും ചെയ്തു. മഹർഷിമാരും പ്രസന്നരായി. വിക്രമാദിത്യൻ മണ്ണാനെ വിളിച്ച് രാജാമണിയെ ദാനം ചെയ്യുകയും ആ കോട്ടയുടെ രാജാവായി നിയമിക്കുകയും ചെയ്തു . അവർക്ക് വേണ്ടത്ര ധനവും കൊടുത്ത് അദ്ദേഹവും ഭട്ടിയും ഉജ്ജയിനിയിലേയ്ക്ക് മടങ്ങി. സാലഭഞ്ജിക രാജാമണിയുടെ കഥ അവസാനിപ്പിച്ചുകൊണ്ട് ഭോജ രാജനോട് ചോദിച്ചു: “ഹേ, ഭോജരാജാവേ, ഞങ്ങളുടെ സ്വാമിയായിരുന്ന വിക്രമാദിത്യന്റെ മഹാമനസ്കതയുടെ ഒരംശം അങ്ങേയ്ക്കുണ്ടെങ്കിൽ ഈ സിംഹാസനത്തിൽ കയറുന്നതിന് വിരോധമില്ല.'' സമയം സന്ധ്യയായതിനാൽ രാജാവും മന്ത്രിയും നിത്യ കർമങ്ങൾക്കായി പുറത്തേയ്ക്കു പോയി. അടുത്ത ദിവസവും സിംഹാസനാരോഹണമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് സദസ്സ് പിരിഞ്ഞത്.

No comments:

Post a Comment