ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 27

വിക്രമാദിത്യകഥകൾ - 27

ആറാം ദിവസം രത്നവല്ലി പറഞ്ഞ കഥ തുടർച്ച...

“വളരെ സന്തോഷം. എന്റെ മകളും തക്കതായ ഒരു കൂട്ടുകാരിയില്ലാതെ വിഷമിക്കുകയാണ്. രണ്ടുപേരും ഒന്നിച്ചു ജീവിക്കുന്നത് വളരെ നല്ല കാര്യം തന്നെ". ആഹാരത്തിനുശേഷം മകളെ അവിടെയാക്കി വ്യാപാരി യാത്രയായി. അയാൾ സ്വന്തം രൂപത്തിൽ മധുരത്തിന്റെ വീട്ടിലെത്തി അവിടെ സുഖമായി ജീവിക്കാൻ തുടങ്ങി. രാമനാകട്ടെ തന്റെ വിരഹിണിയായ പുത്രിക്ക് ഒരു കൂട്ടുകാരിയെ കിട്ടിയതിൽ അത്യധികം സന്തോഷിക്കുകയും അവളെ പത്മവതിയെ ഏൽപിക്കുകയും ചെയ്തു. പത്മാവതി കൊതിച്ചപോലെത്തന്നെയാണ് കാര്യങ്ങൾ നീങ്ങിയിരുന്നത്. പകലെല്ലാം വികമാദിത്യൻ സുമിത്ര തന്നെയായിരുന്നു. ഒരു ദിവസം അന്നാട്ടിലെ രാജാവ് പരിവാരസമേതനായി ആർഭാട പൂർവം പട്ടണപ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആനപ്പുറത്തെ അമ്പാരിയിൽനിന്ന് അദ്ദേഹത്തിന്റെ നേതങ്ങൾ രാമന്റെ മാളികമുകളിലേയ്ക്കു തിരിഞ്ഞു. അവിടെ അതാ, സുരലോക സുന്ദരികളായ രണ്ടു യുവതികൾ പാട്ടും കളിയുമായി ആനന്ദിച്ചുല്ലസിക്കുന്നു! താഴെ തെരു വീഥിയിൽ നടക്കുന്ന ആർഭാടങ്ങളൊന്നും അവരുടെ ആനന്ദവായ്പിനെ സ്പർശിക്കുന്നില്ല. രാജാവിന്റെ മുഖം കോപാരുണമായി. സൃഷ്ടി സ്ഥിതിസംഹാരകർത്താവായ തന്നെ രണ്ടു യുവതികൾ അവഗണിക്കുകയോ? രാജാവിന് അത് സഹിക്കുവാൻ കഴിഞ്ഞില്ല. അദ്ദേഹം ചിന്തിച്ചു: ഈ സ്ത്രീകളുടെ ഭർത്താക്കന്മാർ ഇവിടെയില്ലെന്നു പറയുന്നു. എന്നിട്ടും അവരുടെ അണി ഞൊരുങ്ങലും ഉല്ലാസവും കാണുമ്പോൾ അതിനിടയിൽ എന്തോ രഹസ്യ മുണ്ടെന്നു തോന്നി. ഇവർക്ക് എന്തോ ദോഷങ്ങളുണ്ടെന്ന് സ്പഷ്ടമാണ്. രാജാവ് കൊട്ടാരത്തിൽ മടങ്ങിയെത്തിയ രാമനെ വിളിച്ചുകൊണ്ടു വരുവാൻ ആളയച്ചു. രാജാവിന്റെ കല്പന കിട്ടിയ നിമിഷം രാമൻ വന്നു വന്ദിച്ചു നിലകൊണ്ടു. രാജാവ് ചോദിച്ചു: “രാമ, നിങ്ങളുടെ മകളുടെ ഭർത്താവ് നാടുവിട്ടുപോയിട്ട് മടങ്ങിവന്നുവോ?'' “ക്ഷമിക്കണം. ഇതുവരെ മടങ്ങിയെത്തിയിട്ടില്ല.” “ശരി, ഞാൻ അവളെ വിവാഹം ചെയ്യണമെന്ന് വിചാരിക്കുന്നു. എന്തു പറയുന്നു?” "അങ്ങനെ കല്പ്പിക്കുന്നത് കഷ്ടമാണ്. വൈശ്യജാതിയിൽപ്പെട്ടവരാണ് ഞങ്ങൾ. മറ്റൊരു ജാതിയുമായി വിവാഹബന്ധം പാടില്ലെന്നാണ് കുലധർമം. കൂടാതെ, എന്റെ മകൾ വിവാഹിതയാണ്. രണ്ടാമതൊരു വിവാഹംകൂടി നടത്തുന്നത് തെറ്റാണല്ലോ?”

“നിങ്ങളുടെ മകൾ ഇത്ര പതിവൃതയാണെന്നാണോ വിചാരം? അവൾക്കൊരു ദോഷമുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇതാ, കേട്ടോളൂ. അവൾ രഹസ്യമായി ആരെയോ സ്നേഹിക്കുന്നുണ്ട്.'' “അങ്ങ് അങ്ങനെ പറയരുത്. നീചവൃത്തയായ സ്ത്രീയെ ജാതിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഞങ്ങളുടെ ആചാരം. അങ്ങ് പറയുന്നതിന് തെളിവുണ്ടോ?” “ആളെ പിടിച്ചു തന്നാൽ മാത്രമേ വിശ്വസിക്കൂ, അല്ലേ? ശരി, ഞാനതിനും തയ്യാർ. ഇന്നുമുതൽ നാൽപത് ദിവസത്തിനുള്ളിൽ ഞാൻ പിടിച്ചു തരാം.'' രാമൻ വിഷാദചിത്തനായി സ്വഗൃഹത്തിൽ തിരിച്ചെത്തി. രാജാവ് ഇത് ദൃഢമായി പറയുന്നതുകൊണ്ട് അതിൽ വല്ല സത്യവുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം നേരെ പത്മാവതിയുടെ അന്തഃപുത്തിലേയ്ക്കാണ് പോയത്. അവിടെ പെൺവേഷത്തിലിരുന്ന വിക്രമാദിത്യൻ ഒരു കട്ടിലിലും മകൾ മറ്റൊരു കട്ടിലിലുമായി കിടന്നുറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ സംശയം' ദൂരീകരിക്കപ്പെട്ടു. നിഷ്കളങ്കയായ പുത്രിയെ വെറുതെ സംശയിച്ചുവല്ലോയെന്നോർത്ത് പശ്ചാത്തപിച്ചുകൊണ്ട് അദ്ദേഹം സ്വന്തം മുറിയിൽ പോയി മനസ്സമാധാനത്തോടെ കിടന്നുറങ്ങുവാനാരംഭിച്ചു. രഹസ്യക്കാരനെ പിടിച്ചുകൊടുക്കാമെന്ന് വാക്കുപറഞ്ഞ രാജാവ് അതിനുവേണ്ടി പടനായകന്മാരെ വിളിച്ച് രഹസ്യമായി ചട്ടം കെട്ടി. അവർ രാപ്പ്കൽ രമേശന്റെ ഭവനത്തിൽ കാവൽ നില്ക്കാൻ തുടങ്ങി. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും കാവൽക്കാർക്ക് സംശയാസ്പദമായ ചുറ്റുപാടോടു കൂടി ഒരാളെപ്പോലും കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ മുപ്പത്തൊമ്പത് ദിവസം കഴിഞ്ഞു. കാവൽക്കാർക്ക് പരിഭ്രമമായി. തങ്ങളുടെ തലപോകുന്ന പ്രശ്നമാണ്. അന്ന് രാത്രിയും ജാഗ്രതയോടുകൂടി പാറാവുണ്ടായി. ഇതിനിടയ്ക്ക് ഉഷ്ണം നിമിത്തം വിക്രമാദിത്യനും പത്മാവതിയും തങ്ങളുടെ കൂടികാഴച്ച വെളിയിലെ പൂന്തോട്ടത്തിലേയ്ക്കാക്കി. സംസാരസാഗരത്തിൽ മുഴുകി കുറെ കഴിഞ്ഞപ്പോൾ ഇളങ്കാറ്റേറ്റ് അവർ ഗാഢനിദ്ര പ്രാപിച്ചു. പറമ്പിന്റെ മുക്കും മൂലയും പരിശോധിച്ചുകൊണ്ടിരുന്ന കാവൽക്കാർ രണ്ടാളുകൾ സമീപത്തായി കിടന്നുറങ്ങുന്നത് കണ്ടു. അടുത്തു വന്നു സൂക്ഷിച്ചു നോക്കിയപ്പോഴാണ് തങ്ങളുടെ ശ്രമം വിജയിച്ചിരിക്കുന്നുവെന്ന് മനസ്സിലായത്. കള്ളനേയും പത്മാവതിയേയും ഒരു മിച്ചു പിടിക്കാൻ കഴിഞ്ഞതിൽ അവർ അതിയായി ആഹ്ലാദിച്ചു. സാവധാനത്തിൽ, ശബ്ദമുണ്ടാക്കാതെ, അവർ അവരെ പൊക്കിയെടുക്കുകയും രാജകൊട്ടാരത്തിലേയ്ക്കു യാത്രയാകുകയും ചെയ്തു. അർധരാതിയായതുകൊണ്ട് അവർ അവരെ വഴിയിലുണ്ടായിരുന്ന ഒരു ക്ഷേത്രത്തിൽ കിടത്തി വാതിലുകളെല്ലാം മടച്ച് ആയുധ ധാരികളായി കാവൽ നിൽക്കുകയും ചെയ്തു. സുഖനിദ്രയിലാണ്ട് വിക്രമാദിത്യനും പത്മാവതിയും തങ്ങൾ ആപത്തിൽ പെട്ടിരുന്ന വിവരങ്ങളൊന്നും അറിഞ്ഞതേയില്ല. പത്മാവതിയുടെ സ്നേഹിതയായ മധുരത്തിന്റെ വീട്ടിൽ താമസിക്കുന്ന ഭട്ടി താനിരിക്കുന്ന മുറിയുടെ ഒരു കോണിൽ നിന്നും ഗൗളി ചിലയ്ക്കുന്നതുകേട്ടു..

ഗൗളി ശാസ്ത്രത്തിൽ പണ്ഡിതനായിരുന്ന ഭട്ടി പരിഭ്രാന്തനായി. പെട്ടെന്ന് മധുരത്തെ വിളിച്ചു പറഞ്ഞു: “കാര്യമെല്ലാം അവതാളത്തിലായെന്നാണ് തോന്നുന്നത്. വിക്രമാദിത്യനും പത്മാവതിയും രാജഭടന്മാരുടെ കയ്യിൽ പെട്ടിരിക്കുന്നു. അവരിപ്പോൾ കൊട്ടാരത്തിനരികിലുള്ള ക്ഷേത്രത്തിന്റെയുള്ളിൽ കിടന്നുറങ്ങുകയാണ്. പുറത്ത് കാവൽക്കാരുമുണ്ട്. നേരം പുലർന്നാൽ കാര്യം കുഴപ്പത്തിലാകും. രാജാവും രാമനും അറിഞ്ഞാൽ അപകടമുണ്ട്.'' “അങ്ങ് എന്തു ചെയ്യാനാണ് വിചാരിക്കുന്നത്? അവരെ രക്ഷിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ?'' “വഴിയുണ്ടാക്കണം, ധൈര്യപൂർവം പ്രവർത്തിക്കുകയാണ് ഇവിടെ ആവശ്യം. നീ ഞാൻ പറയുന്നത് അതേപടി അനുസരിച്ചാൽ മതി.'' ഭട്ടിയും മധുരവും ഉടനേ തന്നെ ക്ഷേത്രത്തിലെ പൂജാരിയുടെ വേഷം ധരിച്ച് പ്രഭാതപൂജയ്ക്കെന്നെ വ്യാജേന ക്ഷേത്രത്തിലേയ്ക്കു യാത്രയായി. കാവൽക്കാർ തടഞ്ഞപ്പോൾ രാജകല്പന പ്രകാരമാണ് തങ്ങൾ പൂജിക്കാൻ വന്നിട്ടുള്ളതെന്നും കല്പന ലംഘിച്ച് തങ്ങളെ തടയുന്നത് രാജാവിന്റെ കോപത്തിന് കാരണമാകുമെന്നും അവർ ഭീഷണിപ്പെടുത്തി. കാവൽക്കാർ കുഴപ്പത്തിലായി. പൂജാരിയേയും പൂജാരിണിയേയും അകത്തേയ്ക്കു കടത്താതിരിക്കാൻ യാതൊരു നിർവാഹവുമില്ല. അവസാനം അവർ സമ്മതിച്ചു. പൂജ കഴിഞ്ഞയുടൻ പുറത്തേയ്ക്കു പോരാമെന്നും അകത്തുചെന്ന് മറ്റു കാര്യങ്ങളിലൊന്നും തലയിടുകയില്ലെന്നുമുള്ള കരാറിൽ അവരെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിച്ചു. അകത്ത് കടന്നയുടൻ ഭട്ടി, അപ്പോഴും ഉറങ്ങിക്കിടന്നിരുന്ന വിക്രമാദിത്യനേയും കുമാരിയേയും കുലുക്കിയുണർത്തി. ഭട്ടി വേഗം തന്നെ താൻ ധരിച്ചിരുന്ന പൂജാരിയുടെ വസ്ത്രങ്ങളെല്ലാമഴിച്ച് വിക്രമാദിത്യനെ ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ വസ്ത്രാഭരണങ്ങൾ സ്വയം ധരിക്കുകയും ചെയ്തു. മധുരവും പത്മാവതിയും തമ്മിലും ഇങ്ങനെ വേഷം പകർന്നു. പൂജകഴിഞ്ഞ് പോകുന്നവരെപ്പോലെ വിക്രമാദിത്യനും പത്മാവതിയും പുറത്തേയ്ക്ക് കടന്ന് തങ്ങളുടെ ഭവനത്തിലെത്തിച്ചേർന്നു. ഭട്ടിയും മധുരവും മൂടിപ്പുതച്ച് ഉറക്കമഭിനയിച്ചുകിടന്നു. അടുത്ത പ്രഭാതത്തിൽ കാവൽക്കാർ ക്ഷേത്രം തുറന്ന് അവരെ പൊക്കിയെടുത്ത് കൊട്ടാരത്തിലെത്തിക്കുകയും പത്മാവതിയേയും കള്ളനേയും പിടിച്ച് ബന്ധനസ്ഥരാക്കിയിരിക്കുന്ന വിവരം രാജാവിനെ അറിയിക്കുകയും ചെയ്തു. രാജാവ് സന്തോഷത്താൽ മതിമറന്നു. രാമനെ വിളിച്ചുകൊണ്ടുവരുവാൻ അദ്ദേഹം ആളെ അയച്ചു.  രാമൻ വേഗത്തിൽ തന്നെ എത്തിച്ചേരുകയും വിവരങ്ങൾ കേട്ട് ദുഃഖിക്കുകയും ചെയ്തു. സ്വപുതിയെക്കുറിച്ചോർത്ത് അയാളുടെ ഉള്ളുരുകി. കിടന്നുറങ്ങുന്ന ഇരുവരേയും ചൂണ്ടിക്കാട്ടിക്കൊണ്ട് രാജാവ് അപഹസിച്ചു. “രാമൻ, നിങ്ങളുടെ പതിവതയായ പുത്രിയാണ് ജാരനോടൊപ്പം ആ കിടന്നുറങ്ങുന്നത്. നല്ലവണ്ണം കണ്ണുതുറന്ന് നോക്കി കണ്ടോളൂ. നിങ്ങളല്ലേ കുലത്തെക്കുറിച്ചും വംശമര്യാദയെപ്പറ്റിയുമൊക്കെ എന്നോട് പറഞ്ഞില്ലേ...

അവളെപ്പറ്റി ഞാൻ പരമാർഥം പറഞ്ഞപ്പോൾ, നിങ്ങൾ എന്നെ അധിക്ഷേപിച്ചു. അതിന്റെ ഫലമാണ് ഇവിടെ കാണുന്നത്. കള്ളനെന്നോ തെമ്മാടിയെന്നോ ചണ്ഡാളനെന്നോ നിശ്ചയമില്ലാത്ത ഒരുത്തൻ. ഇണങ്ങിയ ആട്ടിൻകുട്ടിയെപ്പോലെ അവനോടൊപ്പം കിടന്നുറങ്ങുന്ന മകൾ. രണ്ടുപേരേയും ഒന്നിച്ച് ഒരു നോക്കു കണ്ടോളൂ. ആരവിടെ? അവരെ വേഗം പുറത്തയ്ക്കെടുക്കു.' ഒരു സേവകൻ വന്ന് പുതപ്പ് വലിച്ചു നീക്കിയപ്പോൾ ഭട്ടിയും മധുരവും ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നവരെപ്പോലെ കണ്ണും തിരുമ്മിയെഴുന്നേറ്റു. മുമ്പിൽ രാജാവിനേയും കുറെ അപരിചിതരേയും കണ്ട് മധുരം വീളാവിവശയായി ഒരു തൂണിന്റെ മറവിലൊളിച്ചു. ഭട്ടിയും ഒരക്ഷരം പോലും മിണ്ടാതെ കുത്തിയിരുന്നു. രാജാവിന്റെ മുഖം പെട്ടെന്ന് വാടിപ്പോയി. തന്റെ പ്രതീക്ഷകളെല്ലാം പൊടുന്നനെ തകർന്നുപോയതിൽ അദ്ദേഹത്തിന് കലശലായ വ്യസനവും നിരാശയുമുണ്ടായി. രാമന്റെ സന്തോഷം പറയാനില്ല. അപമാനഭാരത്തിന്റെ അഗാധഗർത്തത്തിൽ നിന്ന് നിമിഷങ്ങൾക്കകം ഉയിർത്തെഴുന്നേറ്റതിൽ അദ്ദേഹം അതിരറ്റ് ആഹ്ലാദിച്ചു. സമർഥയായ മധുരം ധൈര്യപൂർവം രാജാവിനോട് പറഞ്ഞു: “മഹാപ്രഭോ, അങ്ങ് അധർമമാണ് ചെയ്തത്. എന്നെ അപമാനിക്കാൻ അങ്ങേയ്ക്ക് അവവകാശമില്ല. അങ്ങേയ്ക്ക് ഇഷ്ടമില്ലെങ്കിൽ ഞങ്ങളെ ഈ നാട്ടിൽനിന്ന് തല്ലിയോടിക്കാം. അത്രയേ പാടുള്ളൂ." നാണംകെട്ട രാജാവ് തന്റെ തെറ്റിദ്ധാരണകൊണ്ട് ഇങ്ങനെയൊക്കെ വന്നുചേർന്നതിൽ എല്ലാവരോടും പ്രത്യേകം മാപ്പു ചോദിക്കുകയും വേണ്ടത്ര സമ്മാനങ്ങൾ കൊടുത്ത് എല്ലാവരേയും പിരിച്ചയയ്ക്കുകയും ചെയ്തു. ഭട്ടിയും മധുരവും കൂടി ഒരു ഗൃഹത്തിലും വിക്രമാദിത്യനും പത്മാവതിയും പഴയ പടിതന്നെ രാമന്റെ ഭവനത്തിലും താമസിച്ചുവരവെ, പത്മാവതിയെ വിവാഹം കഴിച്ച ഭർത്താവ് ഒരു ദിവസം അപതീക്ഷിതമായി മടങ്ങിയെത്തി. പത്മാവതി അത്യധികം ദുഃഖിക്കുകയും വിവരം വിക്രമാദിത്യനെ അറിയിക്കുകയും ചെയ്തു. പുതിയ വിപത്ത് തരണം ചെയ്യുവാൻ എന്താണ് മാർഗം? വിക്രമാദിത്യന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. പത്മാവതിയും ഭർത്താവും സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ സുമിത്ര പെട്ടെന്ന് അവിടെ കയറിച്ചെന്നു. മുറിയിൽ അപരിചിതനായ പുരുഷനിരിക്കുന്നതു കണ്ട് അവൾ ലജ്ജ അഭിനയിക്കുകയും ഇടറിയ ശബ്ദത്തിൽ പത്മാവതിയോട് ഒന്നു രണ്ടു വാക്കു സംസാരിച്ചിട്ട് ഇറങ്ങിപ്പോരുകയും ചെയ്തു.  അയാൾ പത്മാവതിയോട് ചോദിച്ചു...

No comments:

Post a Comment