ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 40

വിക്രമാദിത്യകഥകൾ - 40

പതിനാലാം സാലഭഞ്ജിക പറഞ്ഞ കഥ

മുൻ പതിവനുസരിച്ച് പതിനാലാം ദിവസവും ഭോജരാജൻ സിംഹാസനത്തിൽ കയറാൻ സന്നദ്ധനായി. പതിമൂന്നു പടികളും കയറി പതിനാലാമത്തേതിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സാലഭഞ്ജിക അദ്ദേഹത്തെ തടഞ്ഞുനിർത്തുകയും വിക്രമാദിത്യനെക്കുറിച്ച് വിചിത്രമായ ഒരു കഥ പറയാൻ തുടങ്ങുകയും ചെയ്തു. വിക്രമാദിത്യചക്രവർത്തി കാടാറുമാസക്കാലവാസത്തിനുവേണ്ടി പുറപ്പെട്ട അവസരമായിരുന്നു അത്. അദ്ദേഹം ഭരണഭാരങ്ങളെല്ലാം ഭട്ടിയുടെ പക്കലേല്പിച്ച്, വേതാളവുമൊത്ത്, ഗംഗാനദിയുടെ തീരത്തിലെത്തി...

അവിടുത്തെ രാജാവ് ധർമവിഷയങ്ങളിൽ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. രാജസദസ്സ് പണ്ഡിതന്മാരുടെ ആവാസരംഗമായിരുന്നു. ആപൽക്കാലങ്ങളിൽ അന്യരെ സഹായിക്കേണ്ടതിനെക്കുറിച്ച് ഒരു ദിവസം രാജസദസ്സിൽ സജീവമായി ചർച്ച നടന്നുകൊണ്ടിരിക്കേ, ഒരു സ്ത്രീ വില പിച്ചുകൊണ്ട് അങ്ങോട്ട് ഓടിയെത്തി. അവളുടെ ഭർത്താവ് ഗംഗാനദിയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുതലയുടെ വായിലകപ്പെട്ടിരിക്കുന്നു വെന്നും അയാളെ രക്ഷിക്കണമെന്നും അവൾ മാറത്തടിച്ച് നിലവിളിച്ചപേക്ഷിച്ചു. എന്നാൽ, രാജാവും കൂട്ടരും അങ്ങോട്ട് തിരിഞ്ഞുനോക്കിയതേയില്ല. തെല്ലകലെയായി ഗംഗാസ്നാനം ചെയ്തുകൊണ്ടിരുന്ന വിക്രമാദിത്യൻ മുതലയുടെ വായിലകപ്പെട്ട ബ്രാഹ്മണന്റെ രോദനം കേട്ട് പാഞ്ഞത്തി മുതലയെ കൊന്ന് അയാളെ രക്ഷപ്പെടുത്തി. മൃത്യുവക്തത്തിൽനിന്നു തന്നെ രക്ഷിച്ച വിക്രമാദിത്യന് എന്തെങ്കിലും സമ്മാനം കൊടുക്കാൻ ബ്രാഹ്മണൻ സന്നദ്ധനായി ആ വിവരം അദ്ദേഹത്തോട് പറയുകയും ചെയ്തു. എന്നാൽ, ആപത്തിലകപ്പെട്ടവരെ സഹായിക്കേണ്ടത് മനുഷ്യധർമമാണെന്നും അതിന് പ്രതിഫലം വാങ്ങുന്നതല്ലെന്നും വിക്രമാദിത്യൻ പറഞ്ഞു. പക്ഷേ, ബ്രാഹ്മണന്റെ നിർബന്ധം സഹിക്കവയ്യാതായപ്പോൾ പറഞ്ഞു: “എന്നാൽ എനിക്ക് പ്രയോജനകരമായ ഒരു മന്ത്രം ഉപദേശിച്ചു. തന്നാൽ മതി.'' ബ്രാഹ്മണൻ സന്തോഷത്തോടെ മന്ത്രം പറഞ്ഞുകൊടുത്തു. ദേവലോകത്തിലെ പുഷ്പകവിമാനവും ആഗ്രഹിക്കുന്ന മറ്റെന്ത് വസ്തുവും മുമ്പിൽ വരുത്താൻ ഈ മന്ത്രം ജപിച്ചാൽ മതി. ചക്രവർത്തി അത് ഗ്രഹിച്ച് ബ്രാഹ്മണനോട് വിടവാങ്ങി യാത്ര തിരിച്ചു. ഗംഗയുടെ വടക്കേതീരത്ത് ഒരു ഘോരവനമുണ്ട്. വന്യജന്തുക്കളുടെ വിഹാരരംഗമായ അവിടം പ്രകൃതിസൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലം കൂടിയാണ്. അദ്ദേഹം അവിടെയെത്തി ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഭീകരരൂപിയായ ഒരു ബ്രഹ്മരക്ഷസ്സ് പ്രത്യക്ഷപ്പെട്ടു. അത് വിക്രമാദിത്യനെ ഭയപ്പെടുത്താൻ വേണ്ടി ആകാശം മുട്ടെ വലുതാകുകയും പൊടുന്നനെ ചെറുതാകുകയും ചെയ്തു. ഇതെല്ലാം കണ്ടിട്ടും ചകവർത്തി കുലുങ്ങിയില്ല. ചതുരുപായങ്ങൾ പ്രയോഗിച്ചിട്ടും ഭയപ്പെടാതിരിക്കുന്ന ആ മനുഷ്യൻ അസാമാന്യനാണെന്നും അദ്ദേഹം വിക്രമാദിത്യൻ തന്നെയായിരിക്കു മെന്നും കരുതി ബ്രഹ്മരക്ഷസ്സ് മനുഷ്യരൂപത്തിലായി അദ്ദേഹത്തോട് പറഞ്ഞു: “വിക്രമാദിത്യമഹാരാജാവേ, എന്നെ കാണുന്നവരൊക്കെ ഭയന്നോടാറാണ് പതിവ്. എന്നാൽ അങ്ങുമാത്രം അതിൽനിന്ന് വ്യത്യസ്തനായിരിക്കുന്നു. അതുകൊണ്ട് അങ്ങയോട് എന്റെ ചരിത്രം പറയാം. ഞാൻ ഒരു ദേവനായിരുന്നു. ചില മുനിമാർ എന്നെ ശപിച്ചതു കാരണം ആയിരം കൊല്ലം ഭക്ഷണവും പാർപ്പിടവുമില്ലാത്ത എനിക്ക് ബ്രഹ്മരക്ഷസ്സിന്റെ രൂപത്തിൽ ചുറ്റിത്തിരിയേണ്ടിവന്നു. വിക്രമാദിത്യൻ വഴി എനിക്ക് ശാപവിമോചനം കിട്ടുമെന്നാണ് മുനിമാർ പറഞ്ഞിരുന്നത്. അങ്ങ് വിക്രമാദിത്യനാണെന്ന് എനിക്കറിയാം. അങ്ങ് എന്നെ ഈ ദുസ്ഥിതിയിൽനിന്ന് കരകയറ്റണം.'' വിക്രമാദിത്യൻ പറഞ്ഞു..

"ആരെയെങ്കിലും സഹായിക്കുന്ന കാര്യത്തിൽ എനിക്ക് അത്യധികം സന്തോഷമേയുള്ളൂ. പക്ഷേ, ഞാനെന്താണ് ഇപ്പോൾ ചെയ്യേണ്ടത്?" ബ്രഹ്മരക്ഷസ്സ് മറുപടി കൊടുത്തു: “അങ്ങേയ്ക്ക് സിദ്ധിച്ചിട്ടുള്ള പുതിയ മന്ത്രം എനിക്കു കൂടി പറഞ്ഞു തന്നാൽ മതി. ഞാൻ ദേവലോകത്തയ്ക്കു തിരിച്ചു പൊയ്ക്കൊള്ളാം.'' വിക്രമാദിത്യൻ അതു സമ്മതിച്ച് ആ ദിവ്യമന്ത്രം പറഞ്ഞുകൊടുത്തു. ബ്രഹ്മരക്ഷസ്സ് ശാപവിമുക്തനായി സ്വർഗലോകത്തയ്ക്ക് മടങ്ങി. കഥ നിർത്തി സാലഭഞ്ജിക പറഞ്ഞു: “ഭോജരാജാവേ! ധീരനും ദീനവത്സലനുമായ വിക്രമാദിത്യന്റെ സിംഹാസനം അങ്ങേയ്ക്ക് അപ്രാപ്യമാണ്. അതുകൊണ്ട് അതിൽ കയറാൻ ശ്രമിക്കുകയും വേണ്ട.'' അത്രയുമായപ്പോൾ സായാഹ്നമായിക്കഴിഞ്ഞിരുന്നു. അന്നത്തെ സദസ്സ് പിരിച്ചുവിട്ട് രാജാവും പരിവാരങ്ങളും സ്വാനുഷ്ഠാനങ്ങൾക്ക് തിരിച്ചു.

No comments:

Post a Comment