വിക്രമാദിത്യകഥകൾ - 37
പതിനൊന്നാം സാലഭഞ്ജിക പറഞ്ഞ കഥ
പിറ്റേ ദിവസം നേരം പുലർന്നു. പതിവുപോലെ സിംഹാസനാരോഹണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഭോജരാജാവ് പത്തു പടികളും കടന്ന് പതിനൊന്നാമത്തേതിൽ കാൽ വെച്ചപ്പോൾ അവിടെ കാവൽ നിന്നിരുന്ന സാലഭഞ്ജിക അദ്ദേഹത്തെ തടഞ്ഞു. വിക്രമാദിത്യ ചക്രവർത്തി ഇരുന്ന് ഭരിച്ച സിംഹാസനത്തിലേറുവാൻ ഭോജരാജാവ് തയ്യാറാകുന്നതിന്റെ ഔചിത്യത്തെ അവൾ ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അവൾ വേറൊരു കഥ പറഞ്ഞു തുടങ്ങി...
വിക്രമാദിത്യൻ ഭരണഭാരമെല്ലാം ഭട്ടിയെ ഏൽപിച്ച് വേതാളവുമൊത്ത് കാടാറുമാസജീവിതത്തിനായി യാത്രപുറപ്പെട്ടു. അവർ ചെന്നെത്തിയത് നാരണപുരി എന്ന നഗരത്തിലായിരുന്നു. പക്ഷേ, നഗരം മുഴുവൻ നിർജീവമായി കിടക്കുകയാണ് അപ്പോൾ. മനുഷ്യരും മൃഗങ്ങളും ധാരാളമുണ്ടെങ്കിലും ആർക്കും ജീവനുള്ള ലക്ഷണം കാണാനുണ്ടായിരുന്നില്ല. ഇതെന്താശ്ചര്യം! വിക്രമാദിത്യൻ വേതാളത്തോട് അതിന്റെ കാരണം ചോദിച്ചു. വേതാളം പറഞ്ഞു: “ഈ നാട്ടിലെ രാജാവാണ് രാഘവഭട്ടൻ. അദ്ദേഹത്തിന് വളരെക്കാലം സന്താനങ്ങളില്ലാതെ, ഒട്ടേറെ ദാനധർമങ്ങൾ നടത്തിയതിനുശേഷം, ഉഷാ റാണി എന്നു പേരായ പുത്രി പിറന്നു. രാഘവഭട്ടൻ ഒരു ദിവസം കാട്ടിൽ നായാട്ട് നടത്തിക്കൊണ്ടിരിക്കെ ഒരു തടാകത്തിന്റെ കരയിലെത്തിച്ചേർന്നു. അവിടെ ഏതോ താപസപത്നി സ്നാനം ചെയ്തുകൊണ്ടിരുന്നു. അവളുടെ അംഗലാവണ്യം കണ്ട് രാജാവ് മോഹിതനാകുകയും ബലമായി അവളെ കീഴടക്കുവാൻ ശ്രമിക്കുകയും ചെയ്തു. പതിവ്രതയായ ആ സ്ത്രീ കോപാകുലയായി രാജാവിനേയും അദ്ദേഹം ഭരിക്കുന്ന രാജ്യത്തേയും ശപിച്ചു. ആ ശാപഫലമാണ് നാം ഇപ്പോൾ ഈ കാണുന്നത്. പകലെല്ലാം ഈ നഗരം നിർജീവമായിരിക്കും. രാത്രി സമയം എല്ലാ വർക്കും ജീവൻ തിരിച്ചുകിട്ടുകയും ചെയ്യും. ഹിമാലയപർവതത്തിൽ വസിക്കുന്നവനും ഭീകരനുമായ ഒരു രാക്ഷസൻ ഒരുനാൾ അദൃശ്യശരീരനായി അവിടെയെത്തുകയും ഉഷാറാണിയെക്കണ്ട് ആകൃഷ്ടനായിത്തീരുകയും ചെയ്തു. ധീരനും ദേവന്മാരെപ്പോലും വിറപ്പിക്കുന്നവനുമായ ആ രാക്ഷസൻ ഉഷാറാണിയെ എടുത്തുകൊണ്ടുപോയി സ്വന്തം ഗുഹയിൽ പാർപ്പിച്ചിരിക്കുകയാണ്. പക്ഷേ, അവന് ഇതുവരേയും അവളെ വിവാഹം കഴിക്കാൻ സാധിച്ചിട്ടില്ല. തനിക്ക് മൂന്നുമാസം നീണ്ടുനിൽക്കുന്ന ഒരു വൃതമുണ്ടെന്നും അതിനുശേഷം അവന്റെ അഭീഷ്ടത്തിന് വഴങ്ങാമെന്നും പറഞ്ഞ് അവൾ അവനെ അകറ്റി നിർത്തിയിരിക്കുകയാണ്. രാക്ഷസൻ ഇനി ആ കാലാവധി കഴിഞ്ഞ അവളെ സമീപിക്കുകയുള്ളൂ. പുത്രീവിരഹത്താൽ ദുഃഖിതരായ രാഘവഭട്ടനും റാണിയും ജീവൻ തിരിച്ചുകിട്ടുന്ന രാത്രി കാലങ്ങളിൽ അവളെച്ചൊല്ലി വിലപിക്കുന്നു. ഇതാണ് ഈ നഗരത്തിന്റെ സ്ഥിതി.'' വിക്രമാദിത്യൻ കുലദൈവമായ ഭദ്രാദേവിയെ പ്രാർഥിച്ചു. ദേവി പ്രത്യക്ഷയായപ്പോൾ നാരണപുരിയെ ഈ ദയനീയനിലയിൽനിന്നു രക്ഷിക്കണമെന്ന് അപേക്ഷിച്ചു. ദേവി പറഞ്ഞു: “മുനിപത്നിയെ ആക്രമിക്കാൻ തുനിഞ്ഞതിനാലാണ് രാഘവഭട്ടന് ഈ ശാപം കിട്ടിയത്. ആ മുനിപത്നി വിചാരിച്ചാൽ മാത്രമേ ശാപമോക്ഷം ലഭിക്കുകയുള്ളൂ.'' ദേവി മറഞ്ഞപ്പോൾ വിക്രമാദിത്യൻ മുനിപത്നി താമസിക്കുന്നിടത്തേയ്ക്കു യാത്ര തിരിച്ചു. ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ അദ്ദേഹം അവിടെ ഒരു യാഗകുണ്ഡമുണ്ടാക്കുകയും മുനി സ്നാനത്തിനു പോകുന്ന സമയം നോക്കി അതിൽ ചാടി മരിക്കാൻ തയ്യാറാകുകയും ചെയ്തു...
കാഴ്ചയിൽ ദിവ്യൻ എന്ന് തോന്നിപ്പിക്കുന്ന ഒരു വൃദ്ധബ്രാഹ്മണൻ അഗ്നിപ്രവേശത്തിനൊരുങ്ങുന്നതു കണ്ട് മുനിപത്നി അതിന്റെ കാരണമന്വേഷിച്ചപ്പോൾ വികമാദിത്യൻ പറഞ്ഞു: “എന്റെ സങ്കടങ്ങൾ ഞാൻ ആരോട് പറയാനാണ്? ദൈവത്തിനു പോലും വെറുക്കപ്പെട്ടവനാണ് ഞാൻ. നിങ്ങൾക്കിതിൽ എന്തു കാര്യം? ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖത്തിൽനിന്ന് മുക്തി നേടാനാണ് ഞാനി തീയിൽ ചാടിമരിക്കുന്നത്. ഇനി ജീവിച്ചിരുന്നിട്ട് യാതൊരു പ്രയോജനവുമില്ല.'' മുനിപതി നിർബന്ധിച്ചു: “കാര്യം തുറന്നു പറയു. വെറുതെ മരിക്കുന്നത് വിഡ്ഢിത്തമാണ്. എന്നെക്കൊണ്ട് സാധിക്കുന്ന സഹായങ്ങൾ ഞാൻ ചെയ്തുതരാം.'' വിക്രമാദിത്യൻ പറഞ്ഞു: “പുണ്യശീലേ! സോമപുരിയിൽ താമസിക്കുന്ന ശങ്കരഭട്ടനാണ് ഞാൻ. കാണാൻ കൊതിച്ച് ഒരു പുത്രനുണ്ടായി എനിക്ക്. അവൻ വിവാഹം കഴിച്ചത് നാരണപുരിയിൽ നിന്നാണ്. അവിടത്തെ ജനങ്ങൾ പകൽ മുഴുവൻ നിർജീവരായിരിക്കുന്നു. ജീവിച്ചിരിക്കുന്ന രാത്രികാലങ്ങളിൽ, ഈ അത്യാപത്തിന് കാരണക്കാരൻ എന്റെ മകനാണെന് അവർ പറയുന്നു. അവൻ ആ നഗരത്തിലേയ്ക്ക് കടന്നതോടുകൂടിയാണ് അതിന് കഷ്ടകാലമുണ്ടായതെന്നാണ് അവരുടെ ആരോപണം. ആക്ഷേപങ്ങൾ കേട്ടുകേട്ട് സഹിക്കവയ്യാതായപ്പോൾ എന്റെ മകൻ ആത്മഹത്യചെയ്തുകളഞ്ഞു. അവന്റെ ഭാര്യ സതിയനുഷ്ഠിച്ചു. മരുമകനും മകളും മരിച്ചപ്പോൾ അച്ഛനമ്മമാരും ബന്ധുക്കളും എല്ലാം മരിച്ചു. എന്റെ ധർമപത്നിയും പുത്രവിയോഗത്താൽ നിരാശയായി സമുദ്രത്തിൽ പതിച്ചു. ഇനി എനിക്ക് വേണ്ടപ്പെട്ടവരായി. ആരുമില്ല. ഞാൻ ആർക്കു വേണ്ടിയാണ് ഇനി ജീവിച്ചിരിക്കുന്നത്? മരിക്കുകയാണ് നല്ലത്. നിങ്ങൾക്കിതിൽ പ്രതിവിധിയായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.'' മുനിപത്നി പ്രസ്താവിച്ചു: “ഹേ, ബ്രാഹ്മണാ! അങ്ങ് ദുഃഖിക്കരുത്. നാരണപുരി മുഴുവൻ പകൽ സമയങ്ങളിൽ നിർജീവമായിരിക്കാൻ നിങ്ങളുടെ മകനല്ല, അവിടത്തെ രാജാവായ രാഘവഭട്ടനാണ് കാരണക്കാരൻ. എന്തായാലും നിങ്ങളെപ്പോലെയുള്ളവർ ക്ലേശിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല. നിങ്ങളുടെ മകനും അവന്റെ മാതാവും ഭാര്യയും ബന്ധുക്കളും നാട്ടുകാരുമെല്ലാം ജീവിച്ചിരിക്കാൻ ഞാൻ വരം തരുന്നു. അവരോടു ചേർന്ന് അങ്ങ് സസുഖം ജീവിച്ചിരിക്കുക.'' വിക്രമാദിത്യൻ അവരോട് നന്ദി പറഞ്ഞ് നാരണപുരിയിലേയ്ക്കു പോയി. മുനിപത്നിയുടെ അനുഗ്രഹത്താൽ നാരണപുരി ജീവിച്ചെഴുന്നേറ്റു. അവരുടെ മേൽ പതിച്ചിരുന്ന ഭയങ്കരശാപം അതോടെ നീങ്ങിക്കിട്ടി. പക്ഷേ, രാജാവായ രാഘവഭട്ടൻ സ്വപുത്രിയായ ഉഷാറാണിയെ കണ്ടുകിട്ടാതെ ദുഃഖിച്ചിരിക്കു കയായിരുന്നു. രാക്ഷസൻ തട്ടിക്കൊണ്ടുപോയ മകളുടെ അവസ്ഥ അയാളെ അഗാധമായി വേദനിപ്പിച്ചു. ഈ സമയം വിക്രമാദിത്യൻ വേതാളത്തിലേറി ഉഷാറാണി താമസിക്കുന്ന ഗുഹയിലേയ്ക്കു യാത്രതിരിച്ചു. അവിടെ അവൾ കണ്ണീരുമായി വിഷമിച്ചിരിക്കുന്നുണ്ടായിരുന്നു...
വിക്രമാദിത്യൻ തിരക്കി: "ഹേ, സുന്ദരീ, ഈ വനപ്രദേശത്തുള്ള ഗുഹയിൽ ഏകാകിനിയായി താമസിക്കുന്ന നീ ആരാണ്?'' ഉഷാറാണി പ്രതിവചിച്ചു: “കഠിനമായ ആപത്തിൽ നിന്ന് എന്നെ കരകയറ്റുവാൻ പ്രത്യക്ഷപ്പെട്ട ദൈവമാണ് അങ്ങ്. നിരാശാഭരിതമായ ഈ തപ്തജീവിതത്തിൽ നിന്ന് എന്നെ രക്ഷിക്കണേ. എന്റെ ജീവനും സർവസ്വവും അങ്ങേയ്ക്ക് കടപ്പെട്ടതായിരിക്കും. ഭീകരരൂപിയായ ആ രാക്ഷസൻ കുറെ ദിവസങ്ങൾ കൂടി കഴിഞ്ഞാൽ എന്നെ വിഴുങ്ങുവാൻ തയ്യാറായി വരും. എനിക്ക് ആ രംഗം ഓർക്കുവാൻ പോലും സാധിക്കുന്നില്ല. എന്നെ ഇവിടെ നിന്ന് രക്ഷിച്ചുകൊണ്ടുപോകണേ.'' “ശരി. ഞാൻ സകലകഥകളും അറിഞ്ഞിരിക്കുന്നു. നിന്റേയും നിന്റെ മാതാപിതാക്കളുടേയും ദുഃഖം അവസാനിപ്പിക്കാൻ തന്നെയാണ് ഞാൻ നിശ്ചയിച്ചിരിക്കുന്നത്. രാക്ഷസനെ കൊന്ന് നിന്നെ കൊണ്ടുപോകാം.'' “പ്രഭോ, ആ രാക്ഷസനെ കൊല്ലാൻ ആർക്കും സാധ്യമല്ല. അവന്റെ കൈവശം മന്ത്രായുധങ്ങളുണ്ട്. ദേവന്മാർപോലും അവനോട് തോറ്റുമടങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവനെ കാണാതെ നമുക്ക് ഇവിടെനിന്ന് ഒളിച്ചുപോകാം.'' “അത് വഞ്ചനയാണ്. രാക്ഷസനോട് ഏറ്റുമുട്ടാൻ തന്നെയാണ് ഞാനൊരുക്കം. നിന്റെ സഹായമുണ്ടെങ്കിൽ അതിൽ വിജയിയാകാം.'' “എനിക്ക് ചെയ്യാൻ സാധിക്കുന്നതെന്തും, അതിലപ്പുറവും ഞാൻ ചെയ്യാം.'' “ശരി. അവന്റെ ശക്തിക്കും വിജയത്തിനും ആധാരമായ ചില ദിവ്യ സിദ്ധികളുണ്ട്. അതുകൊണ്ടാണ് അവൻ ജീവിക്കുന്നത്. അവന്റെ ജീവന്റെ രഹസ്യം സൂത്രത്തിൽ ചോദിച്ച് മനസിലാക്കണം. ഒട്ടും സംശയം തോന്നാൻ ഇടയാക്കരുത്. കുറച്ചൊക്കെ അഭിനയിക്കണം. നിന്റെ വാക്കുകളിൽ മയങ്ങി അവൻ ആ രഹസ്യം തുറന്നുപറയും. അതു കിട്ടിക്കഴിഞ്ഞാൽ അവനെ വധിച്ചുകളയാൻ എളുപ്പമാണ്. ഉഷാറാണി അത് സമ്മതിച്ചു. രാക്ഷസൻ വരേണ്ട നേരമായിരുന്നതു കൊണ്ട് വിക്രമാദിത്യൻ തൽക്കാലം അവിടെനിന്നു മാറിപ്പോയി. സ്വൽപം കഴിഞ്ഞപ്പോൾ രാക്ഷസൻ എത്തിച്ചേർന്നു. ഉഷാറാണിയെ കണ്ട് അവൻ അവളുടെ വ്രതത്തെക്കുറിച്ചും വിവാഹസംബന്ധമായ കാര്യങ്ങളെപ്പറ്റിയുമൊക്കെ സംസാരിച്ചുകൊണ്ടിരുന്നു. ഉഷാറാണി മുഖസ്തുതിയാരംഭിച്ചു: “പ്രഭോ, നിങ്ങളോടെനിക്ക് അതിയായ സ്നേഹമുണ്ട്. രാക്ഷസവർഗം പൊതുവെ ചീത്തയാണെങ്കിലും നിങ്ങൾ അതിന് ഒരപവാദമായി നിലകൊള്ളുന്നു. എങ്കിലും നിങ്ങൾക്ക് എന്നോട് ആത്മാർഥമായ സ്നേഹമുണ്ടോയെന്ന് എനിക്ക് ബലമായ സംശയമുണ്ട്.'' “സുന്ദരീ, എനിക്ക് നിന്നോട് ആത്മാർഥതയില്ലെന്നോ! നിനക്കുവേണ്ടി അമ്പിളിയമ്മാവനെ പിടിച്ചു കൊണ്ടുവരാൻ പോലും തയ്യാറായാണ്!!!"
"നിന്റെ ഹിതത്തിനുമുന്നിൽ എനിക്ക് മറ്റെന്തും നിസ്സാരമാണ്. നിന്നെ ലഭിക്കുമെങ്കിൽ മറ്റെല്ലാം ഞാൻ ത്യജിച്ചുകളയും." ഉഷാറാണി മധുരമായി മൊഴിഞ്ഞു: “അൽപം ദിവസങ്ങൾ കൂടിയേയുള്ളൂ. അതുകഴിഞ്ഞാൽ നമുക്ക് സുഖമായി ജീവിക്കാം. എനിക്ക് അതിൽപ്പരം സന്തോഷമുണ്ടോ" “നമ്മുടെ വിവാഹവേളയിൽ ഞാൻ നിനക്ക് വിലപിടിച്ച ഒരു സമ്മാനം തരാനുദ്ദേശിക്കുന്നുണ്ട്. എന്റെ പ്രിയങ്കരിക്ക് എന്താണ് വേണ്ടത്?" “എനിക്കു സമ്മാനമൊന്നും വേണ്ട. എങ്കിലും ഒരു കാര്യം കേട്ടാൽ കൊള്ളാമെന്നുണ്ട്. നമ്മൾ ഒരുമിച്ച് ജീവിക്കാൻ പോകുന്നവരാണല്ലോ. ഞാൻ ചോദിച്ചാൽ അങ്ങ് കോപിക്കുമോ? സത്യം പറയണം.'' “നിനക്കിനിയും സംശയമോ? നിനക്കായി മരിക്കാൻ പോലും ഒരുങ്ങിയിരിക്കുന്നവയനാണ് ഞാൻ. പറയൂ, എന്താണ് വേണ്ടത് " “അങ്ങയുടെ ജീവന്റേയും ശക്തിയുടേയുമൊക്കെ രഹസ്യമെന്താണ്? അങ്ങയുടെ കരുത്തും പ്രതാപവും കണ്ടിട്ട് എനിക്ക് അതിശയവും സന്തോഷവുമുണ്ടാകുന്നു. അതുകൊണ്ട് ചോദിച്ചതാണ്.'' രാക്ഷസൻ തുറന്നടിച്ചു: “ഈ നിസ്സാരകാര്യമാണോ നിനക്കറിയേണ്ടത്? എന്നെ കൊല്ലാൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആർക്കും സാധ്യമല്ല. അത്രയും ശക്തനാണ് ഞാൻ. എന്റെ ജീവൻ ഇവിടെനിന്നു നൂറുകണക്കിന് നാഴിക അകലെയാണിരിക്കുന്നത്. ശ്രീശൈലപർവതത്തിന്റെ പടിഞ്ഞാറെ ചരുവിൽ ഒരു ഗണപതിക്ഷേത്രമുണ്ട്. അതിന്റെ പിന്നിലുള്ള വാരുണ ഗുഹയിൽ കൂർമവതിയെന്ന് പേരായ ഒരു വലിയ ആമയുണ്ട്. ആമയുടെ വയറ്റിൽ ജീവിച്ചിരിക്കുന്ന പുഴുവിന്റെ ശിരസ്സിലാണ് എന്റെ ജീവൻ സംരക്ഷിച്ചു വെച്ചിരിക്കുന്നത്. ആ പുഴുവിന്റെ തലയറുത്ത് എന്റെ മുമ്പിൽ എറിഞ്ഞെങ്കിൽ മാത്രമേ ഞാൻ മരിക്കൂ. അതിന് ആർക്കും സാധ്യമല്ല. എനിക്കല്ലാതെ മറ്റാർക്കും അറിയുകയുമില്ല ഈ രഹസ്യം. ഇപ്പോൾ നിനക്കുമറിയാം. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് എന്നെ കൊല്ലുവാൻ ആരെക്കൊണ്ടും സാധ്യമല്ലെന്ന്.'' ഉഷാറാണി പിന്നെയും കുറേനേരം പല വിഷയങ്ങളെ സംബന്ധിച്ചും രാക്ഷസനോട് സംസാരിച്ചുകൊണ്ടിരുന്നു. കുറെ കഴിഞ്ഞ് അവൻ വീണ്ടും പുറത്തുപോയ തക്കം നോക്കി വിക്രമാദിത്യൻ ഗുഹയിലേയ്ക്ക കടന്നു. ആനന്ദഭരിതയായ ഉഷാറാണി അദ്ദേഹത്തോട് രാക്ഷസന്റെ ജീവിതരഹസ്യം പറഞ്ഞറിയിച്ചു. വിക്രമാദിത്യൻ ഒട്ടും വൈകാതെ വേതാളത്തിന്റെ പുറത്തുകയറി ശ്രീശൈലത്തിലേയ്ക്കു യാത്രയായി. അവിടത്തെ ഗണപതിക്ഷേത്രത്തിൽ പ്രവേശിച്ച് തൊഴുകയും പിന്നിലുള്ള ഗുഹയിലേയ്ക്കു കടക്കുകയും ചെയ്തു. അവിടെ ഒരു കൂറ്റൻ ആമ വിഹരിക്കുന്നുണ്ടായിരുന്നു. വിക്രമാദിത്യൻ മാന്ത്രികവാൾ കൊണ്ട് അതിനെ രണ്ടു തുണ്ടമാക്കി മുറിച്ചിട്ടു. ആമയുടെ വയറ്റിൽ നിന്ന് ഒരു വലിയ പുഴു പുറത്തുചാടി. പുഴുവിനേയുമെടുത്ത് അദ്ദേഹം രാക്ഷസന്റെ ഗുഹയിലേയ്ക്കു മടങ്ങി!!!
തത്സമയത്ത് അവിടെ രാക്ഷസനുണ്ടായിരുന്നു. രാജാവ് പുഴുവിനെ രണ്ടുതുണ്ടാക്കി താഴെയിട്ടു. രാക്ഷസൻ അതേ നിമിഷത്തിൽ ഉടലും തലയും വേർപ്പെട്ട നിലയിൽ അവിടെ കിടന്ന് പിടയുവാൻ തുടങ്ങി. അധികം വൈകാതെ പുഴുവും രാക്ഷസനും പരലോകത്തേയ്ക്കു യാത്രയായി. വിക്രമാദിത്യൻ ഉഷാറാണിയേയും കൂട്ടി നാരണപുരിയിലേയ്ക്കു നടന്നു. അവർ ഒരു ആശ്രമത്തിൽ വിശ്രമിച്ചുകൊണ്ടിരിക്കെ, ഒരു ബ്രാഹ്മണ യുവാവ് അതിലെ വരാനിടയായി. ഉഷാറാണിയുടെ രൂപസൗന്ദര്യം കണ്ട് അവൻ മോഹപരവശനായി. താൻ ഇതുവരേയും വിവാഹിത നായിട്ടില്ലെന്നും ഉഷാറാണിയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നും അവൻ വിക്രമാദിത്യനോട് പറഞ്ഞു. വികമാദിത്യന് ദയ തോന്നി ബ്രാഹ്മണയുവാവിനോട്. അദ്ദേഹം അവനേയും കൂട്ടി നാരണപുരിയിലേയ്ക്കു തിരിച്ചു. മകളെ മടക്കിക്കിട്ടിയതിൽ ഉഷാറാണിയുടെ മാതാപിതാക്കൾ ആനന്ദതുന്ദിലരായിത്തീർന്നു. അവളെ മോഹിക്കുന്ന ബ്രാഹ്മണയുവാവിനെപ്പറ്റി വിക്രമാദിത്യൻ രാജാവിനോടും രാജ്ഞിയോടും പറയുകയും എല്ലാവരുടേയും സമ്മതത്തോടെ ഉഷാറാണിയെ അവന് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു. അവിടത്തെ തന്റെ ദൗത്യം അവസാനിച്ചതിനാൽ, വിക്രമാദിത്യൻ അവരോട് സ്നേഹപൂർവം വിടവാങ്ങുകയും ഉജ്ജയിനിയിലേയ്ക്കു മടക്കയാത്രയാരംഭിക്കുകയും ചെയ്തു. കഥ പറഞ്ഞവസാനിപ്പിച്ചുകൊണ്ട് പതിനൊന്നാം പടിയിലെ സാലഭഞ്ജിക ചോദിച്ചു: “ഹേ, ഭോജരാജൻ, ഉദാരനും വീരനുമായ ഞങ്ങളുടെ വികമാദിത്യ ചക്രവർത്തിയുടെ പവിത്രമായ സിംഹാസനത്തിൽ കയറാൻ അങ്ങേയ്ക്ക് എന്ത് യോഗ്യതയാണുള്ളത്?'' അന്നും സമയം സന്ധ്യയായതിനാൽ സദസ്സ് പിരിയുകയും രാജാവ് നിത്യാനുഷ്ഠാനങ്ങൾക്കായി തിരിയുകയും ചെയ്തു.
No comments:
Post a Comment