ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 20

വിക്രമാദിത്യകഥകൾ - 20

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 23 - "അവ്യക്തമായ കഥ"

നിരാശയില്ലാതെ വിക്രമാദിത്യൻ പിന്നെയും വേതാളത്തെ സമീപിച്ചു. തന്റെ കൂടെ ഉള്ളത് വിക്രമാദിത്യൻ തന്നെയാണോ എന്നറിയാനുള്ള കഥയായിരുന്നു അടുത്തത്! തികച്ചും അർത്ഥശൂന്യമായ ഒരു കഥയായിരുന്നു അത്!! വേതാളം പറഞ്ഞു തുടങ്ങി... രണ്ടു തീർഥയാത്രക്കാരികൾ സ്വന്തക്കാരിൽ നിന്നു പിരിഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും നടന്നു ക്ഷീണിച്ച് ഒരാൽത്തറയിൽ വിശ്രമിക്കാനിരുന്നു അവർ. ഒരച്ഛനും മകനും, തങ്ങളുടെ മുന്നിൽ അവരുടെ കാലടികൾ മണ്ണിൽ പതിഞ്ഞുകിടക്കുന്നതു കണ്ട്, ഇതിലേക്കൂടി രണ്ടു സ്ത്രീകൾ നടന്നിട്ടുണ്ടെന്നും അവർ സമ്മതിക്കുകയാണെങ്കിൽ വലിയ ചുവടുകളുള്ളവളെ അച്ഛനും ചെറിയ ചുവടുകളുള്ളവളെ മകനും സ്വീകരിക്കണമെന്നും പറഞ്ഞു സമ്മതിച്ച് അവരുടെ സമീപത്തെത്തി. സ്ത്രീകളുടെ അനുവാദത്തോടെ അവരൊന്നിച്ച് നാട്ടിലെത്തി. മുൻ തീരുമാനപ്രകാരം വലിയ പാദങ്ങളുള്ള മകളെ അച്ഛനും ചെറിയ പാദങ്ങളുള്ള അമ്മയെ മകനും സ്വീകരിച്ചു. അവർക്ക് ഓരോ സന്താനങ്ങളുണ്ടാവുകയും ചെയ്തു. “അവർ പരസ്പരം ഏതു പേരു പറഞ്ഞ് വിളിക്കണം?" വേതാളം ചോദിച്ചപ്പോൾ വിക്രമാദിത്യൻ തെല്ലിട ഉത്തരമാലോചിച്ചു നിന്നു. അപ്പോൾ തന്നെ വേതാളം ഉറപ്പിച്ചു തന്റെ മുമ്പിൽ നില്ക്കുന്നത് വിക്രമാദിത്യനെന്ന രാജശ്രേഷ്ഠനാണെന്ന്. തനിക്ക് ഒരു ശാപം കിട്ടി വേതാളരൂപമായതാണെന്ന് വിക്രമാദിത്യനോട്‌ വേതാളം പറഞ്ഞു. ഇതു കേട്ടപ്പോൾ അത്ഭുതത്തോടെ വിക്രമാദിത്യൻ പറഞ്ഞു : "വേതാളമേ നിന്റെ കഥ കേൾക്കാൻ അതിയായ ആഗ്രഹമുണ്ട് ". അപ്പോൾ തന്നെ വേതാളം തന്റെ സ്വന്തം കഥ പറയാൻ തുടങ്ങി..

വേതാളചരിത്രം

ഇനി ഞാൻ എന്റെ കഥ പറയാം. പാടലീപുത്രത്തിലെ ബ്രാഹ്മണപുരോഹിതനായിരുന്നു ഞാൻ. ഒരു ദിവസം എനിക്കുള്ള പൂജച്ചോറ് കൊണ്ടുപോകാൻ അമ്പലത്തിലെത്തിയപ്പോൾ നട അടച്ചു കഴിഞ്ഞിരുന്നു. അന്നേരം അതിനകത്തിരുന്ന് രണ്ടുപേർ സംസാരിക്കുന്നതുപോലെ തോന്നി. അത് ശ്രീപരമേശ്വരനും പാർവതിയുമായിരുന്നു. അവിടെ  ശിവൻ പാർവതിക്ക് കഥകൾ പറഞ്ഞുകൊടുക്കുകയായിരുന്നു. ഞാൻ അവയെല്ലാം ഒളിച്ചിരുന്ന് കേട്ടു. അന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സമയം വളരെ വൈകിപ്പോയിരുന്നു. എന്റെ ഭാര്യ കലമ്പൽ കൂട്ടി. ഞാൻ താമസിക്കാനുള്ള കാരണം അവൾക്ക് അറിഞ്ഞേതീരൂ. മറ്റാരോടും പറയാതെ പരമരഹസ്യമാക്കി വെക്കണമെന്നു ഉപദേശിച്ച് ഞാൻ നടന്ന കാര്യങ്ങളും ശ്രീപരമേശ്വരൻ  പറഞ്ഞ കഥകളും അവളോട് പറഞ്ഞു. അടുത്ത ദിവസം തന്നെ സ്ത്രീസഹജമായ സ്വഭാവവിശേഷം മൂലം അവൾ ഇവയെല്ലാം മറ്റു സ്ത്രീകളോട് പറഞ്ഞുപരത്തി. രഹസ്യമായി തന്റെ പ്രിയതമയ്ക്കു പറഞ്ഞുകൊടുത്ത കഥകൾ നാട്ടിൽ അങ്ങാടിപ്പാട്ടാകാൻ കാരണക്കാരൻ ഞാനാണെന്നറിഞ്ഞ്, ശിവൻ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും ഒരു വേതാളമായി പോകട്ടേയെന്ന് എന്നെ ശപിക്കുകയും ചെയ്തു. ശാപമോക്ഷത്തെക്കുറിച്ചും ഭഗവാൻ പറയുകയുണ്ടായി. മുപ്പതു വർഷം വേതാളമായി ഒരു മുരുക്കിൽ തൂങ്ങിക്കിടന്നതിനുശേഷം വിക്രമാദിത്യരാജൻ വന്നു പിടിച്ചു കെട്ടിക്കൊണ്ടുപോകുമ്പോൾ താൻ പറഞ്ഞ കഥകൾ പറയണമെന്നും ഓരോ കഥകൾ പറയുമ്പോളും അതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കണമെന്നും അവസാന കഥക്ക് ഒഴികെ ബാക്കി എല്ലാ കഥകൾക്കും ഉത്തരം പറയുകയാണെങ്കിൽ  അത് വിക്രമാദിത്യനായിരിക്കുമെന്നും ശിവൻ അരുളിച്ചെയ്തു. രണ്ടായിരം വർഷങ്ങൾ അങ്ങയെ സേവിച്ചാലേ എനിക്ക് ശാപമോചനം ഉണ്ടാകുകയൊള്ളൂ. ഇതാണ് എന്റെ പൂർവകാലചരിത്രം എന്ന് പറഞ്ഞ് വേതാളം ഒന്ന് നിർത്തിട്ട് പറഞ്ഞു..

"രാജാവേ, ഇനിമേൽ ഞാൻ അങ്ങയുടെ വാഹനമായിരുന്നുകൊള്ളാം. അങ്ങയെ ഇവിടേയ്ക്ക് സഹായത്തിന് ക്ഷണിച്ചുവരുത്തിയ മുനിയുടെ ഗൂഢാദ്ദേശം ഞാൻ ഇപ്പോൾ വ്യക്തമാക്കിത്തരാം". അപ്പോൾ തന്നെ വേതാളം മുനിയുടെ യാഗത്തിന്റെ കഥകളുടെ ഉള്ളുകള്ളികളെല്ലാം വിക്രമാദിത്യനെ പറഞ്ഞു കേൾപ്പിച്ചു. രാജാവിന് അപ്പോഴാണ് താൻ ആപത്തിലേയ്ക്ക് സ്വയം എടുത്തുചാടുകയായിരുന്നു വെന്ന് ബോധ്യപ്പെട്ടത്. മുനിയെ കൊല്ലാനും ദേവിയെ പ്രസന്നയാക്കുവാനുമുള്ള ഉപായങ്ങൾ വേതാളം തന്നെ രാജാവിന് പറഞ്ഞുകൊടുക്കുകയും അവർ മുനിയുടെ അടുത്തേക്ക് തിരിക്കുകയും ചെയ്തു. വേതാളത്തെ കെട്ടിക്കൊണ്ടുവരുന്ന രാജാവിനെ കണ്ട് മുനി സന്തുഷ്ടനായി. അയാൾ വിക്രമാദിത്യനോട് സ്നാനം ചെയ്തവരുവാൻ ആവശ്യപ്പെട്ടു. മുനിയും കൂടെപ്പോയി. ആദ്യം മുനി മുങ്ങി; പിന്നെ വിക്രമാദിത്യനും. പൂജകഴിഞ്ഞ് നമസ്കരിക്കാനാവശ്യപ്പെട്ടപ്പോൾ, അത് ചെയ്ത കാണിച്ചുതരണമെന്ന് വിക്രമാദിത്യൻ അറിയിച്ചു. അങ്ങനെ, മുനി നമസ്കരിച്ചപ്പോൾ അദ്ദേഹം മന്ത്രവാളെടുത്ത് മുനിയുടെ ശിരസ്സറുത്ത് തീയിലിട്ടു ഹോമിച്ചു. ഉടനേ ദേവി പ്രത്യക്ഷയായി വേണ്ട വരങ്ങളെല്ലാം കൊടുത്തു മറഞ്ഞു. വരത്തിന്റെ ശക്തിയാൽ മരിച്ചുപോയ രാജാക്കന്മാർ ജീവിക്കുകയും വിക്രമാദിത്യന്റെ പ്രതാപവും പ്രഭാവവും നാൾക്കുനാൾ വർധിച്ചുവരികയും ചെയ്തു. സിംഹാസനത്തിലെ രണ്ടാമത്തെ സാലഭഞ്ജിക കഥ പറഞ്ഞു നിർത്തിയപ്പോൾ നേരം സന്ധ്യയായിരുന്നു. ഭോജരാജാവിന്റെ സിംഹാസനാരോഹണം അടുത്ത ദിവസത്തേയ്ക്കു നീട്ടി വെച്ച് സദസ്സ് പിരിഞ്ഞു.

No comments:

Post a Comment