ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2021

വിക്രമാദിത്യകഥകൾ - 06

വിക്രമാദിത്യകഥകൾ - 06

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ
➖➖➖➖➖➖➖➖➖
രണ്ടാം ദിവസം ഭോജരാജാവ് സിംഹാസനത്തിൽ കയറുന്നതിന് തയ്യാറെടുത്തു. ബ്രാഹ്മണരുടെ ആശീർവാദങ്ങൾ സ്വീകരിച്ച് മംഗളവാദ്യങ്ങൾ മങ്ങിക്കൊണ്ടിരിക്കെ ഭോജരാജാവ് ഒന്നാമത്തെ പടിയിൽ കയറി രണ്ടാമത്തേ തിലേയ്ക്ക് കാലെടുത്തുവെച്ചു. പെട്ടെന്ന്, അവിടെ നിന്നിരുന്ന മാലതി എന്ന പേരായ സാലഭഞ്ജിക രാജാവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ചോദിച്ചു: “അങ്ങ് എന്തിനാണ് ഉദ്യമിക്കുന്നത്? വികമാദിത്യചക്രവർത്തിയുടെ മഹിമാതിശയങ്ങൾക്കു സാക്ഷിയായ ഈ സിംഹാസനത്തിൽ കയറാൻ അങ്ങേയ്ക്ക് അർഹതയുണ്ടോ?'' ഭോജൻ ആരാഞ്ഞു: “നിങ്ങളുടെ വിക്രമാദിത്യൻ ഒരു മഹാനായിരുന്നുവെന്ന് ഞാൻ സമതിക്കുന്നു. ശരി. അദ്ദേഹത്തെപ്പറ്റി വേറെ എന്തെങ്കിലും അത്ഭുതകഥ പഞ്ഞുകേൾപ്പിക്കാനുണ്ടോ?" കഥ കേൾക്കാൻ ഭോജരാജാവ് പ്രകടിപ്പിക്കുന്ന താല്പര്യം കണ്ടപ്പോൾ മാലതി ഇങ്ങനെ പറയാൻ തുടങ്ങി വിക്രമാദിത്യൻ മന്ത്രിയായ ഭട്ടിയോടുകൂടെ നാടുവാണുവരവെ, ഉജ്ജയിനിയിൽനിന്ന് പത്തുനാഴിക അകലെ ഒരു ചെറിയ വനവും അവിടെ ഒരു ദുർഗാക്ഷേത്രവുമുണ്ടായിരുന്നു. അതിനടുത്തുള്ള മുരുക്കുമരത്തിൽ തലകഴായി ഒരു സത്വം തൂങ്ങിക്കിടന്നിരുന്നു - വേതാളം. അവിടെ ജ്ഞാനശീലൻ എന്ന മുനിപുംഗവൻ വേതാളത്തേയും ദേവിയേയും കിട്ടാനും, അങ്ങനെ ഭൂലോകചക്രവർത്തിയാകാനും വേണ്ടി തപസ്സു ചെയ്തുകൊണ്ടിരുന്നു. അയാൾ യാഗകുണ്ഡം വളർത്തി ദേവിയെ പ്രത്യക്ഷയാക്കി. ദേവി അരുളിച്ചെയ്തു: “ഈ ഹോമകുണ്ഡത്തിൽ ആയിരം രാജാക്കന്മാരുടെ ശിരസ്സ് ഹോമച്ചാൽ നിന്റെ അഭീഷ്ടം നിറവേറും.” മഹർഷി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് ശിരസ്സുകൾ ഹോമിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി വിക്രമാദിത്യന്റെ ശിരസ്സാണ് ബാക്കിയുള്ളത്. കൈവശമാക്കണമെന്ന് നിശ്ചയിച്ചുകൊണ്ട് അയാൾ രാജസദസ്സിലെ സ്ഥിരം സന്ദർശകനായിമാറി. നിത്യവും അയാൾ ഓരോ മാതളപ്പഴം കൂടി കൊണ്ടു പോയിരുന്നു. മുനി ദിവസേന മാതളപ്പഴം രാജാവിന് കാഴ്ചവെക്കാറുണ്ടങ്കിലും രാജാവ് അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

ഒരു ദിവസം സന്ദർഭവശാൽ ഒരു പഴം കൊട്ടാരത്തിലെ കരിങ്കുരങ്ങടുത്ത് പൊട്ടിച്ചു. അതിനുള്ളിൽനിന്ന് രത്നങ്ങൾ നിലത്തുവീണു. ഇതു കണ്ട് അത്ഭുതപ്പെട്ട വിക്രമാദിത്യൻ മറ്റ് പഴങ്ങളും പരിശോധിച്ചു നോക്കി. അവയിലെല്ലാം രത്നങ്ങൾ ഉണ്ടായിരുന്നു. യോഗ്യനായ ആ മുനിയെ താൻ ഇതു വരെ ആദരിച്ചില്ലല്ലോയെന്നോർത്ത് അദ്ദേഹത്തിന്  വിഷമം തോന്നി. വിക്രമാദിത്യൻ പിറ്റേന്നുതന്നെ മുനിയെ കൊട്ടാരത്തിലേയ്ക്ക് വിളിച്ചു വരുത്തി. മുനി ഹാജരായപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുകയും സല്ക്കരിക്കുകയും ചെയ്തു. മുനി പറഞ്ഞു: “മഹാരാജാവേ, ഞാനൊരു യാഗം നടത്തുന്നുണ്ട്. അടുത്ത് കറുത്തവാവിനാണ് അതിന്റെ പരിസമാപ്തി. അന്ന് അർധരാത്രിക്ക് അങ്ങുതന്നെ ക്ഷേത്രത്തിലെത്തി കർമങ്ങൾ നടത്തിത്തരണം.” വിക്രമാദിത്യൻ ക്ഷണം സ്വീകരിച്ചു. മുനി യാത്രയായി. കൃത്യസമയത്തുതന്നെ വിക്രമാദിത്യൻ അണിഞ്ഞൊരുങ്ങി ആയുധങ്ങളും ധരിച്ച് മുനിയുടെ അരികിലെത്തി. രാജാവിനെ കണ്ട് മുനി, അല്പനിമിഷങ്ങൾക്കുള്ളിൽ തനിക്ക് സിദ്ധിക്കാനിരിക്കുന്ന മഹാഭാഗ്യത്തെയോർത്ത് മതിമറന്ന് സന്തോഷിച്ചു. മുനി ആദരവോടെ അഭ്യർഥിച്ചു: “രാജാവേ, അങ്ങനിക്ക് ഒരു ഉപകാരം ചെയ്യണം. ഇവിടെയുള്ള മുരുക്കുമരത്തിൽ തൂങ്ങിക്കിടക്കുന്ന വേതാളത്തെ പിടിച്ചുകെട്ടി കൊണ്ടുവന്നു തരണം.'' വിക്രമാദിത്യമഹാരാജാവ് അത് സമ്മതിച്ച് വനാന്തർഭാഗത്തുപോയി. അന്ധകാരം തിങ്ങിനിറഞ്ഞിരുന്നു . പേമാരിയും ആരംഭിച്ചു . ഭൂതപ്രേതപിശാചാദികൾ നിശാസഞ്ചാരം തുടങ്ങിക്കഴിഞ്ഞിരുന്നു. ഘോരാട്ടഹാസം എങ്ങും മുഴങ്ങിക്കേട്ടു . വന്യമൃഗങ്ങളുടെ ഭീകരശബ്ദങ്ങൾ ശ്രവണപുടങ്ങളെ കോരിത്തരിപ്പിച്ചു . ആ ശ്മശാനഭൂമിയുടെ പരിസരത്ത് വൃക്ഷങ്ങളിൽ അഗ്നിബാധിച്ച് എരിഞ്ഞടങ്ങുന്നത് കണ്ടു . കാട്ടാനക്കൂട്ടങ്ങൾ കാട് ഞെരിച്ചുകൊണ്ട് ചവിട്ടികുതിച്ച് പായുന്നു . ഈ ഭീകരദൃശ്യങ്ങളൊന്നും വിക്രമാദിത്യനെ ഭയപ്പെടുത്തിയില്ല . അദ്ദേഹം മുന്നോട്ടുനീങ്ങി . മിന്നൽ വെളിച്ചത്തിൽ അകലെ ഒരു മുരുക്കുമരം നില്ക്കുന്നത് ദൃശ്യമായി . അതിലൊരു വേതാളം തൂങ്ങിക്കിടപ്പുണ്ട് . ചക്രവർത്തി തന്റെ കരവാൾ ഊരി കരത്തിലാക്കി. നിമിഷനേരം കൊണ്ട് ആ മുരുക്കുമരത്തിൽ കയറിപ്പറ്റി വേതാളത്തെ തൂക്കിയിട്ട കയറിൽ ആഞ്ഞുവെട്ടി. വേതാളം ഉടൻതന്നെ നിലംപതിച്ചു . എന്ത് അത്ഭുതമാണ് ! ആ ശരീരത്തിന് ജീവൻ വച്ചിരിക്കുന്നു. അരചൻ നിലത്തുചാടി അടുത്തനിമിഷത്തിൽത്തന്നെ ആ ഭീകരരൂപിയായ വേതാളത്തെ പിടിച്ചെഴുന്നേല്പിച്ചു . എന്നിട്ട് ചോദ്യമായി “ ഈ വൃക്ഷക്കൊമ്പിൽ എന്തിനാണ് തൂങ്ങിക്കിടന്നത് ? "അരചന്റെ ചോദ്യത്തിന് ഉത്തരമില്ല. പകരം ഉച്ചത്തിലുള്ള പൊട്ടിച്ചിരി , വീണ്ടും വീണ്ടുമുള്ള ചോദ്യത്തിന് മറുപടിയില്ല . അട്ടഹാസം മാത്രം . അടുത്തമാത്രയിൽത്തന്നെ ആ വിചിത്രസ്വരൂപം മരത്തിൽ ചാടിക്കയറി തലകീഴായി തൂങ്ങിക്കിടന്നു . വിക്രമാദിത്യൻ വീണ്ടും വൃക്ഷത്തിന്മേൽ കയറി ആ വികൃതരൂപത്തെ താഴെയിറക്കി ചോദ്യം ആവർത്തിച്ചു. സർവ്വശക്തിയും സംഭരിച്ച് ആ വികൃതരൂപത്തെ തന്റെ ഉത്തരീയംകൊണ്ട് വരിഞ്ഞുകെട്ടി തോളിലേറ്റി സന്യാസിയുടെ സമീപത്തേക്ക് യാത്രയായി . യാത്രാമദ്ധ്യേ വേതാളം തന്റെ മൂകത ഭഞ്ജിച്ചു . “ അങ്ങ് ആരാണ് ? അസാമാന്യവൈഭവമുള്ളവർക്കല്ലാതെ ഈ കൃത്യം സാദ്ധ്യമല്ല. അതാണ് അങ്ങ് നിർവ്വഹിച്ചിരിക്കുന്നത്" “ഞാൻ വിക്രമാദിത്യചക്രവർത്തി. നിന്നെ ഒരു വിശിഷ്ടനായ സന്യാസിയുടെ സമീപത്തേക്കാണ് കൊണ്ടുപോകുന്നത് . ” “ ശരി. എങ്കിൽ എന്നെ ബന്ധനത്തിൽനിന്നു വിടുക . യാത്രാമദ്ധ്യേ എന്നോട് ഒരക്ഷരം ഉരിയാടരുത് . ഈ പ്രതിജ്ഞ ലംഘിച്ചാൽ ഞാൻ പിന്നെയും വനത്തിലേയ്ക്ക് ചാടിപ്പോകും. ” ചക്രവർത്തി ആ വ്യവസ്ഥ അംഗീകരിച്ചു. വേതാളത്തെ ബന്ധനത്തിൽനിന്ന് മോചിപ്പിച്ചു. തന്റെ ചുമലിൽത്തന്നെ അവനെ വഹിച്ചുകൊണ്ടുനടന്നു. ലക്ഷ്യത്തിലെത്താൻ അധികം ദൂരമുള്ളതിനാൽ വഴിമദ്ധ്യേ വേതാളം താനൊരു കഥ പറയാമെന്ന് സൂചിപ്പിച്ചു. രാജാവ് സമ്മതം മൂളി. വേതാളം പറയാനാരംഭിച്ചു.

No comments:

Post a Comment