ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 15

വിക്രമാദിത്യകഥകൾ - 15

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 13 - "ഏകാഗ്രത"
➖➖➖➖➖➖➖➖➖
വീണ്ടും വിക്രമാദിത്യന്റെ പിടിയിലകപ്പെട്ട വേതാളം സരസമായ മറ്റൊരു കഥ പറഞ്ഞു തുടങ്ങി. തകർന്നു കിടന്നിരുന്ന ഒരു ക്ഷേത്രത്തിൽ ഒരു യോഗിയുണ്ടായിരുന്നു. അക്ഷകൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരിക്കൽ മാനവൻ എന്ന ഒരു  ബ്രാഹ്മണൻ അവിടെ എത്തിച്ചേർന്നു. താൻ ഒരു ബ്രാഹ്മണനാണന്നും തീർത്ഥാടനത്തിന് ഇറങ്ങിയതാണെന്നും വിശപ്പും ദാഹവും സഹിക്കവയ്യ എന്നും മാനവൻ പറഞ്ഞു. അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ അക്ഷകൻ പെട്ടന്ന് തന്നെ മന്ത്രശക്തിയാൽ ബ്രാഹ്മണന് മൃഷ്ടാന്നം കൊടുത്ത് ഒരു മന്ത്രവും ഉപദേശിച്ചു. മന്ത്രസിദ്ധി കൈവന്ന മാനവൻ അതു ജപിച്ച് വെള്ളത്തിൽ മുങ്ങിയപ്പോൾ അവിടെ തന്റെ മകൻ നില്പ്പുണ്ടെന്ന് തോന്നി. കരയ്ക്കു കയറിയപ്പോൾ തന്റെ തോന്നൽ മിഥ്യയാണെന്ന് മനസ്സിലായി. വേതാളം കഥ നിർത്തി വിക്രമാദിത്യനുള്ള ചോദ്യമെറിഞ്ഞു: “മാനവന് ഇങ്ങനെ തോന്നിയതിന്റ  കാരണമെന്താണ്?'' വിക്രമാദിത്യൻ ഉത്തരമേകി: “ഏകാഗ്രമായി മന്ത്രം ജപിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്.'' ഇത് കേട്ടയുടൻ വേതാളം വീണ്ടും  മുരുക്കുമരത്തിലേക്ക് പോയി.

വേതാളം പറഞ്ഞ കഥകൾ 14 - "ചന്ദ്രവദന"
➖➖➖➖➖➖➖➖➖
വിക്രമാദിത്യമഹാരാജാവിനോട് വേതാളത്തിന്റെ അടുത്ത കഥ ചന്ദ്രവദനയെപ്പറ്റിയുള്ളതായിരുന്നു. ചന്ദ്രവദന എന്നു പേരായ ശൂദ്രസ്ത്രീയും ഒരു ബ്രാഹ്മണയുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു. സ്ത്രീയുടെ മാതാപിതാക്കൾ അവളുടെ ഇഷ്ടം നോക്കാതെ അവളെ സ്വജാതിയിലുള്ള മറ്റൊരാൾക്ക് വിവാഹം കഴിച്ചു കൊടുത്തു. പക്ഷേ, അവളുടെ ദാമ്പത്യജീവിതം സുഖകരമായിരുന്നില്ല. എപ്പോഴും ചിന്തയിലായിരുന്നു. മൗനദുഃഖം കൊണ്ട് അവൾ നീറി. തനിക്ക് പ്രിയങ്കരനായിരുന്ന ബ്രാഹ്മണയുവാവിന്റെ വിരഹം സഹിക്കവയ്യാതെ ശൂദ്രസ്ത്രീ ആധികൊണ്ട് മരണമടഞ്ഞു. ബ്രാഹ്മണയുവാവും വേർപാടിന്റെ വേദനയിലായിരുന്നു. ചന്ദ്രവദനയുടെ മരണവാർത്തയറിഞ്ഞതോടെ അയാൾ മേല്ക്കുമേൽ ദുഃഖിതനായി. അങ്ങനെ അല്പാല്പമായി വെന്തുരുകിയുരുകി അയാളും വേഗത്തിൽ മരണത്തിന് കീഴടങ്ങി. ചന്ദ്രവദനയുടെ അകാലമരണം അവളുടെ ഭർത്താവിനേയും വല്ലാതെ നോവിപ്പിച്ചുകൊണ്ടിരുന്നു. അധികം വൈകാതെ അയാളും മരിച്ചു. കഥ നിർത്തി വീണ്ടും വേതാളം വിക്രമാദിത്യനോട് ചോദ്യം തൊടുത്തു : “ഇതിൽ ആരുടെ മരണമാണ് മഹനീയമായത്?'' “അന്യോന്യം സ്നേഹിച്ചവർ മരിച്ചത് അനുരാഗത്തോടുകൂടിയാണ്. ഇക്കഥകൾ ഒന്നും അറിയാതെ മരിച്ച ഭർത്താവിന്റെ മരണമാണ് മഹനീയമായത്'' എന്ന് വിക്രമാദിത്യൻ മറുപടി പറഞ്ഞപ്പോൾ തന്നെ വേതാളം മുരുക്കുമരത്തിലേക്ക് യാത്രയായിരുന്നു.

വേതാളം പറഞ്ഞ കഥകൾ 15 - "നാല് ബ്രാഹ്മണകുമാരന്മാർ"
➖➖➖➖➖➖➖➖➖
വീണ്ടും പിടിച്ച് തോളിലേറ്റി കൊണ്ടുവരുന്ന സമയം  വേതാളം വികമാദിത്യനോട് പുതിയൊരു കഥ പറയുവാനാരംഭിച്ചു. വിദ്യാഭ്യാസം കഴിഞ്ഞ് സഞ്ജീവനി മന്ത്രം മുതലായവയും പഠിച്ച് തിരിച്ചുവന്നിരുന്ന നാലു ബ്രാഹ്മണകുമാരന്മാർ വഴിയിൽ ഒരു പുലിയുടെ ശവം കിടക്കുന്നത് കണ്ടു. തങ്ങളുടെ വിദ്യാബലം പ്രകടിപ്പിക്കാൻ വേണ്ടി അവർ പുലിയെ ജീവിപ്പിക്കാൻ തീരുമാനിച്ചു. ഒരാൾ അസ്ഥികളും കുടലുകളും ഉണ്ടാക്കി. അപരൻ ശരീരത്തിന് വേണ്ടതായ മാംസമുണ്ടാക്കി. മൂന്നാമൻ അവയവങ്ങളുണ്ടാക്കി. നാലാമൻ അതൊരു പുലിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ അതിനെ ജീവിപ്പിച്ചു. ജീവൻ ലഭിച്ച പുലി  അവരുടെ നേരെ ആഞ്ഞെടുത്തു. പക്ഷേ, ബ്രാഹ്മണകുമാരന്മാർ ആയുധമുപയോഗിച്ച് അതിനെ കൊന്നു. അത്രയും പറഞ്ഞ് ദവതാളം വിക്രമാദിത്യനോടുള്ള ചോദ്യമായി ഇങ്ങനെ ചോദിച്ചു. “ഇവരിൽ ആരാണ് അപരാധി.'' “ദുഷ്ടജന്തുവാണെന്ന് മനസിലാക്കിയിട്ടും അതിന് ജീവൻ കൊടുത്ത് നാലാമത്തെ കുമാരനാണ് അപരാധി'' എന്ന് വിക്രമാദിത്യന്റെ മറുപടി കിട്ടിയപ്പോൾ തന്നെ വേതാളം മുരുക്കുമരത്തിലേക്കുപോയി .

No comments:

Post a Comment