വിക്രമാദിത്യകഥകൾ - 38
പന്ത്രണ്ടാം സാലഭഞ്ജിക പറഞ്ഞ കഥ
അടുത്ത ദിവസം പ്രഭാതകൃത്യങ്ങൾക്കുശേഷം ഭോജരാജാവ് സിംഹാസനാരോഹണം ചെയ്യാനൊരുങ്ങി. പന്ത്രണ്ടാമത്തെ പടിയിലെത്തിയ അദ്ദേഹത്തെ അവിടെ നിന്നിരുന്ന സാലഭഞ്ജിക തടഞ്ഞു. രാജാവിന്റെ അഭ്യർഥന മാനിച്ച് അവളും വിക്രമാദിത്യനെപ്പറ്റി ഒരു കഥ പറയാൻ ഒരുമ്പെട്ടു. ഒരു രാജാവിന് മൂന്നു പുത്രന്മാരുണ്ടായിരുന്നു. ഇളയവനാണ് ശൂരാനന്ദൻ. ശൂരാനന്ദന് താഴെ കലാവതിയെന്ന പേരിൽ ഒരു സഹോദരിയുമുണ്ട്...
ഒരു ദിവസം മൂന്നു സഹോദരന്മാരും ചേർന്ന് ദേശസഞ്ചാരത്തിന് പുറപ്പെട്ടു. നാടുകളും നഗരങ്ങളും കണ്ടും പലതും മനസ്സിലാക്കിയും അവർ പ്രകൃതിരമണീയമായ ഒരു വനപ്രദേശത്ത് നടന്നെത്തി. യാത്രാക്ഷീണത്താൽ അവർ അന്നു രാത്രി അവിടെത്തന്നെ കിടന്നുറങ്ങി. കോമളഗാത്രന്മാരായ ഈ മൂന്നു സഹോദരന്മാരും സുഖസുഷുപ്തിയിൽ ലയിച്ചുകിടക്കേ മൂന്നു ദേവസ്ത്രീകൾ അതുവഴി വന്നു. രാജകുമാരന്മാരുടെ അംഗലാവണ്യം കണ്ട് അവരെ വിവാഹം ചെയ്യാൻ ആഗ്രഹം തോന്നുകയും ദേവസ്ത്രീകൾ അവരെ വിളിച്ചുണർത്തി തങ്ങളുടെ അന്തർഗതം പ്രകടമാക്കുകയും ചെയ്തു. അവർ അന്നു രാത്രി അവരോടൊത്ത് അവിടെ നിൽക്കുകയും അവരെ പറ്റി കൂടുതൽ അറിയുകയും ചെയ്തു. പ്രഭാതമായപ്പോൾ ദേവകന്യകകൾ ആ മൂന്നു കുമാരന്മാരേയും കുന്നുകളാക്കിയാണ് ദേവലോകത്തേയ്ക്കു മടങ്ങിപ്പോയത്. രാത്രിയിൽ അവർ വീണ്ടും തങ്ങളുടെ ഭർത്താക്കന്മാരുടെ അരികിലെത്തും. പകൽ മുഴുവൻ കുന്നുകളുടെ രൂപത്തിലും രാത്രി സ്വന്തരൂപത്തിലുമായി രാജകുമാരന്മാർ അവിടെ കഴിഞ്ഞുവന്നു. ഒരു ദിവസം രാത്രി അവിടെയുണ്ടായിരുന്ന പ്രതിമ പൊട്ടിച്ചിരിച്ചു. ശൂരാനന്ദൻ അത്ഭുതപ്പെട്ടു നില്ക്കുമ്പോൾ പ്രതിമ ചോദിച്ചു: “ഹേ കുമാരാ, ഈ ദേവസ്ത്രീകൾക്കായി ജീവിതം തുലയ്ക്കാനാണോ നിങ്ങൾ നിശ്ചയിച്ചിരിക്കുന്നത്? ഇവരിൽനിന്ന് മുക്തിനേടി സ്വന്തം നാട്ടി ലേയ്ക്കു പോകാൻ ആഗ്രഹമില്ലേ നിങ്ങൾക്ക്?'' ശൂരാനന്ദൻ പറഞ്ഞു: “എങ്ങനെ പോകാൻ പറ്റും? അവർക്ക് മാന്ത്രികശക്തിയുണ്ട്. ഞങ്ങളെ അവർ കല്ലാക്കി മാറ്റിക്കളയും. “അതിന് വഴിയുണ്ട്. ഞാൻ സഹായിക്കാം. ഇതാ, ദിവ്യശക്തിയുള്ള ഏഴു ഗുളികകൾ. ഇത് കയ്യിൽ വെച്ചാൽ ദേവസ്ത്രീകൾ ഉറങ്ങിപോക്കും. പെട്ടന്ന് തന്നെ നിങ്ങൾ കുതിരപ്പുറത്തുകയറിപ്പോകണം. അവർ പിന്തുടർന്നു വരും. നിങ്ങളുടെ സമീപത്താകുമ്പോൾ ഒരു ഗുളിക അവരുടെ മുമ്പിലേറിയണം. അത് അവരെ കുറേ നേരം തടഞ്ഞുനിർത്തും. അപ്പോഴേയ്ക്കും നിങ്ങൾക്കു വളരെ ദൂരം മുന്നേറാം. അങ്ങനെ ഈ ഏഴു ഗുളികകളും അവസാനിക്കുമ്പോഴേയ്ക്കും നിങ്ങൾക്ക് നാട്ടിൽ എത്തിച്ചേരാൻ സാധിക്കും, പ്രതിമയുടെ കൈയിൽനിന്ന് ഗുളികകളും വാങ്ങി ശൂരാനന്ദൻ, പറഞ്ഞതുപോലെ പ്രവർത്തിച്ചു. ഉറക്കമുണർന്ന് ദേവതകൾ അവരെ അനുഗമച്ചു. പെട്ടെന്ന് ഒന്നാമത്തെ ഗുളിക അവരുടെ മുന്നിൽ വീണു. അവിടം മുഴുവൻ കൊടും വനമായി അതും കടന്ന് അവർ രാജകുമാരന്മാരെ സമീപിച്ചപ്പോൾ രണ്ടാമത്തെ ഗുളികയും താഴേയ്ക്കെറിയപ്പെട്ടു. അപ്പോൾ ഒരു സമുദ്രമാണുണ്ടായത്. ഇങ്ങനെ ഏഴു ഗുളികകൾ തീർന്നപ്പോഴേയ്ക്കും ദേവകന്യകകൾ അവശരാകുകയും മടങ്ങിപ്പോകാൻ തീരുമാനിക്കുകയും ചെയ്തു. കന്യകകളിൽ ഇളയവൾ മുഖാന്തരമാണ് തങ്ങൾ ഇളിഭ്യരായതെന്ന് തെറ്റിദ്ധരിച്ച് മറ്റ് രണ്ടുപേരും കൂടി അവളെ അവിടെയിട്ട് തന്നെ കൊന്നുകളഞ്ഞു...
ശൂരാനന്ദനും സഹോദരങ്ങളും കുറച്ചു ദൂരങ്ങൾ താണ്ടിയപ്പോൾ ശൂരാനന്ദന് മനസ്ഥാപമായി. താൻ തിരിച്ചു പോകുകയാണെന്നും സഹോദരങ്ങളോട് യാത്ര തുടർന്നുകൊള്ളുവാനും പറഞ്ഞു. സഹോദരങ്ങൾ എത്ര പറഞ്ഞിട്ടും അവൻ കേട്ടില്ല. പക്ഷെ അവൻ മടങ്ങിവന്നപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്ന ദേവകന്യക മരിച്ചുകിടക്കുന്നതാണ് കണ്ടത്. അവളുടെ ചിതറിക്കിടക്കുന്ന ശരീരഖണ്ഡങ്ങൾ പെറുക്കിക്കൂട്ടുകയും അത് ദഹിപ്പിക്കുന്ന ചിതയിൽച്ചാടി ആത്മഹത്യ ചെയ്യുവാൻ നിശ്ചയിക്കുകയും ചെയ്തു. ശൂരാനന്ദന്റെ ത്യാഗമനോഭാവം കണ്ട് സന്തോഷിച്ച് ശ്രീപരമേശ്വരൻ മരിച്ചുകിടക്കുന്ന ദേവകന്യകയെ ജീവിപ്പിക്കുകയും രണ്ടുപേരേയും ആശീർവദിക്കുകയും ചെയ്തു. തന്റെ സ്നേഹിതകൾ തന്നോട് കാണിച്ച പാതകവും ശൂരാനന്ദൻ ചെയ്ത ത്യാഗവും മനസ്സിലാക്കിയ ദേവകന്യക അവന്റെ ഭാര്യയായി ജീവിക്കാൻ തീർച്ചയാക്കി. പക്ഷേ, ദേവകുമാരിക്ക് സ്വർഗലോകത്തേയ്ക്കുതന്നെ തിരിച്ചുപോകേണ്ടതുണ്ടായിരുന്നു. അതിനാൽ അവൾ ശൂരാനന്ദന്റെ കൈയിൽ ഒരു വീണ കൊടുക്കുകയും അതു വായിച്ചാലുടനേ താൻ പ്രത്യക്ഷപ്പെട്ടുകൊള്ളാമെന്നു പറഞ്ഞ് മറയുകയും ചെയ്തു. ഇന്ദ്രസഭയിലെത്തിയപ്പോൾ മറ്റു രണ്ടു കൂട്ടു കാരികൾ അവളെ കണ്ടെങ്കിലും, അവൾ പഴയ രീതിയിൽ തന്നെ അവരോടിടപഴകി ജീവിക്കുവാൻ തുടങ്ങി. ശൂരാനന്ദൻ തനിക്കു കിട്ടിയ വീണയുമെടുത്ത് കുറെ ദൂരം സഞ്ചരിച്ചു. രാത്രിയായപ്പോൾ അവൻ വീണവായിക്കുകയും ദേവകന്യക പ്രത്യക്ഷപ്പെടുകയും ചെയ്തു. അവരിരുവരും ഒരു വള്ളിക്കുടിലിൽ താമസിച്ചു. അടുത്തുണ്ടായിരുന്ന ഒരു താപസൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാൾക്ക് ഇതിൽ അത്ഭുതം തോന്നി. അയാൾ ശൂരാനന്ദന്റെ വീണ ആവശ്യപ്പെടുകയും പകരമായി ഒരു മാന്ത്രികവാൾ കൊടുക്കാമെന്ന് പറയുകയും ചെയ്തു. ശൂരാനന്ദൻ വാൾ കയ്യിൽ വന്നയുടനേ അത് താപസന്റെ നേരെ ത്തന്നെ ഉപയോഗിച്ചു. അനന്തരം മന്ത്രവാളും മാന്ത്രിക വീണയുമേന്തി അയാൾ യാത്ര പുറപ്പെട്ടു. അടുത്ത രാത്രിയിലും വീണവായിച്ച് അവൻ ദേവ കന്യകയെ വരുത്തുകയുണ്ടായി. ഈ കാഴ്ച കണ്ടുകൊണ്ടുനിന്നിരുന്ന മറ്റൊരു മുനി വീണ കൊടുത്താൽ പകരമായി ആവശ്യപ്പെടുന്ന ദ്രവ്യമെല്ലാം കിട്ടുന്ന ഒരു സഞ്ചി കൊടുക്കാമെന്ന് പറഞ്ഞു. ശൂരാനന്ദൻ വീണകൊടുത്ത് സഞ്ചി വാങ്ങി. പക്ഷേ, മുനിക്ക് ആ വീണ ഉപയോഗിക്കുന്നതിനുമുമ്പായി അവന്റെ മാന്ത്രികവാൾ മുനിയുടെ ശിരസ്സറുത്തു. വാളും സഞ്ചിയും വീണയുമേന്തി ശൂരാനന്ദൻ പിന്നെയും യാത്ര തുടർന്നു. അടുത്തുണ്ടായിരുന്ന ഒരു വനത്തിൽ വെച്ച് വീണയുടെ പ്രഭാവത്താൽ ദേവകന്യക പ്രത്യക്ഷപ്പെട്ടപ്പോൾ മറ്റൊരു മുനി വീണയ്ക്ക പകരമായി ഒരു ദിവ്യദണ്ഡ് കൊടുക്കാമെന്ന് പറഞ്ഞു. ദണ്ഡകൊണ്ട് മൃത ശരീരങ്ങളെ തൊട്ടാൽ അവജീവിച്ചെഴുന്നേൽക്കും എന്നതായിരുന്നു അതിന്റെ പ്രത്യേകത. മുൻപത്തെപോലെ തന്നെ ശൂരാനന്ദന്റെ വാൾ അയാളുടേയും തലയറുത്തു. തനിക്ക് കൈവന്നിരിക്കുന്ന അക്ഷയനിധികളുമെടുത്ത് അവൻ നാട്ടിലേയ്ക്കു തിരിച്ചു. അവിടെ ദേവകന്യകയുമൊത്ത് അവൻ സാധാരണപോലെ സസുഖം ജീവിച്ചു പോന്നു. ഒരു ദിവസം ശൂരാനന്ദന്റെ സഹോദരിയായ കലാവതി ആ വീണ കാണുകയും വിനോദത്തിനുവേണ്ടി അതെടുത്ത് മീട്ടുകയും ചെയ്തു. ദേവകന്യക പ്രത്യക്ഷയായി. താൻ കൊടുത്ത് വീണ് അലക്ഷ്യമായി ഉപയോഗിക്കുന്നത് കണ്ട് അവൾ കലികൊണ്ട് വിറച്ചു..
ദേവകന്യക ആ വീണവാങ്ങി നിലത്തെറിഞ്ഞ് തകർത്തശേഷം ദേവലോകത്തേക്ക് പോയി. അവിടെയില്ലായിരുന്ന ശൂരാനന്ദൻ തിരിച്ചെത്തിയപ്പോൾ തന്റെ പ്രിയപ്പെട്ട വീണ തകർന്നുകിടക്കുന്നതാണ് കണ്ടത്. അവന്റെ ഹൃദയം ശിഥിലമായിപ്പോയി. കലാവതിയെ വിളിച്ചുചോദിച്ചപ്പോൾ അവൾ വിവരമെല്ലാം പറഞ്ഞു. തന്റെ പത്നി കൈവിട്ടുപോയതിൽ അവന് അതിയായ വിഷാദമുണ്ടായി. പക്ഷേ അവൻ കൂടുതൽ നിരാശനാകാതെ ദേവലോകത്തേയ്ക്കു യാത്രതിരിച്ചു. ഭൂമിയിൽ നിന്ന് ഒരു മനുഷ്യൻ അനുവാദമില്ലാതെ തന്റെ നാട്ടിലേയ്ക്ക വന്നിരിക്കുന്നുവെന്നറിഞ്ഞ് ഇന്ദ്രൻ കോപിച്ച് അവനെ വധിച്ചുകളയാൻ കല്പന പുറപ്പെടുവിച്ചു. ദേവസൈന്യങ്ങൾ ആഞ്ഞെടുത്തപ്പോൾ ശൂരാനന്ദൻ ഞൊടിയിടയിൽ അവരെയെല്ലാം തന്റെ മന്ത്രവാൾകൊണ്ട് കൊന്നൊടുക്കി. അപ്പോഴാണ് ഇന്ദ്രന്റെ കണ്ണുകൾ തുറന്നത്. അദ്ദേഹം സ്വമേധയാ ശൂരാനന്ദന്റെ അടുക്കലെത്തി. അദ്ദേഹത്തെ കണ്ടപ്പോൾ ശൂരാനന്ദൻ ഭക്ത്യാദരവുകളോടെ നിന്നു. ഇന്ദ്രൻ ആരാഞ്ഞു: “ഹേ, വീരാ!!! നീ ആരാണ്? ഇവിടെ എന്തിന് വന്നു?'' ശൂരാനന്ദൻ തന്റെ കഥകളെല്ലാം പറഞ്ഞറിയിക്കുകയും പത്നിയായ ദേവകന്യകയെ വിട്ടു തരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. കൂടാതെ, കൈവശമുണ്ടായിരുന്ന ദണ്ഡുകൊണ്ട്, തന്നോടേറ്റു മുട്ടി മരിച്ചു കിടന്നിരുന്നവരെയെല്ലാം അവൻ ജീവിപ്പിച്ചു. സന്തുഷ്ടനായ ഇന്ദ്രൻ ശൂരാനന്ദന്റെ ആഗ്രഹം നിറവേറ്റി. ശൂരാനന്ദൻ ദേവകന്യകയോടൊത്ത് നാട്ടിലേയ്ക്കു തിരിച്ചു. വല്ല ദേവകന്യകയും മനുഷ്യന്റെ കൂടെപ്പോയാൽ ഭീകരമായ ഒരഗ്നിപർവതം പൊന്തിവന്ന് അവനെ നശിപ്പിക്കുമെന്ന് ഇന്ദ്രൻ പണ്ട് ദേവകന്യകകളെക്കുറിച്ച് കല്പിച്ചിരുന്നു. ഇക്കഥ ആരും അറിഞ്ഞിരുന്നില്ല. ഭൂമിയിലേയ്ക്ക് തിരിച്ച ശൂരാനന്ദനെ അഗ്നിപർവതങ്ങൾ വലയം ചെയ്തു. തീയും പുകയും വമിച്ചുകൊണ്ട് തന്നെ വീഴുങ്ങുവാൻ അടുത്തുവന്ന പർവതങ്ങൾ കണ്ട് അവൻ അമ്പരന്ന് നിന്നുപോയി. ശൂരാനന്ദനെ കാണാതായപ്പോൾ അവന്റെ അച്ഛനമ്മമാർ സങ്കടപ്പെട്ടു. ആ സമയം അവിടെ എത്തിയ ഒരു മുനി എന്താണ് നടന്നത് എന്ന് വിശദമാക്കി. ശൂരാനന്ദൻ മടങ്ങുമ്പോൾ അഗ്നിവലയത്തിലകപ്പെട്ട നിലയിലാണ് എന്നും മൂന്നര യാമം കൊണ്ട് തീയിൽ ചാടി പാതാളത്തിലേയ്ക്കു പോയി അവിടെ നിന്ന് ഒരു മാന്ത്രികരത്നം കൊണ്ടുവന്ന് തീയിലർപ്പിച്ചാൽ മാത്രമേ അഗ്നികെട്ടടങ്ങുകയുള്ളൂ എന്നും അയാൾ ധരിപ്പിച്ചു. ഇതിനു തക്ക സാഹസബുദ്ധിയും മനോധൈര്യവുമുള്ളവർ ചുരുക്കമായിരുന്നു. വിക്രമാദിത്യ മഹാരാജാവ് ഈ വിവരങ്ങൾ അറിയുവാനിടയായി. അദ്ദേഹത്തിന് ഒന്നും കൂടുതലായി ആലോചിക്കുവാനുണ്ടയിരുന്നില്ല. പെട്ടന്ന് തന്നെ അദ്ദേഹം വേതാളത്തിന്റെ പുറത്തു കയറി അഗ്നിവലയത്തിനരികിലെത്തുകയും...
കുതിച്ചു ചാടുകയും ചെയ്തു. ചെന്നെത്തിയത് പാതാളലോകത്തിലെ രാജകൊട്ടാരത്തിനരികിലായിരുന്നു. നാഗരാജാവ് അദ്ദേഹത്തെ കണ്ട് സന്തോഷിക്കുകയും മാന്ത്രികരത്നം കൊടുത്ത് ഉടനടിപുറത്തെ ലോകത്തിലെത്താൻ സഹായിക്കുകയും ചെയ്തു. അദ്ദേഹം പുറത്തുവന്ന് രത്നം അഗ്നി മദ്ധ്യത്തിലേയ്ക്കെറിഞ്ഞു. പെട്ടെന്ന് അഗ്നി കെട്ടടങ്ങുകയും ശൂരാനന്ദനും പത്നിയും യാതൊരാപത്തും കൂടാതെ പുറത്തുവരികയും ചെയ്തു. കഥ നിർത്തിയതിനു ശേഷം സാലഭഞ്ജിക ചോദിച്ചു: “ഹേ ഭോജരാജൻ വിക്രമാദിത്യനെപ്പോലെ ദയാശീലനും പരോപകാരിയുമായ മറ്റൊരു രാജാവിനെപ്പറ്റി നിങ്ങൾക്ക് കേട്ടറിവുണ്ടോ? അദ്ദേഹത്തിന്റെ മാഹാത്മ്യങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ സിംഹാസനത്തിലേറാൻ നിങ്ങൾക്കെന്ത് യോഗ്യതയുണ്ട്?'' സാലഭഞ്ജിക കഥ പറഞ്ഞവസാനിച്ചപ്പോൾ പതിവനുസരിച്ച് സന്ധ്യ കഴിഞ്ഞിരുന്നു. അന്നത്തെ സദസ്സ് പിരിഞ്ഞു. ഭോജരാജാവ് സ്വകൃത്യങ്ങൾക്ക് തിരിച്ചു
No comments:
Post a Comment