ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2021

വിക്രമാദിത്യകഥകൾ - 07

വിക്രമാദിത്യകഥകൾ - 07

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 01 - "പത്മാവതി"
➖➖➖➖➖➖➖➖➖
ദേവപുരം ഭരിച്ചിരുന്നത് വ്രജമകുടൻ എന്ന രാജാവായിരുന്നു. രാജാവിനും മന്ത്രിക്കും, തുല്യപ്രായത്തിലുള്ള ഓരോ പുത്രന്മാരുണ്ടായിരുന്നു. രണ്ടു കുമാരന്മാരും ബാല്യം മുതൽ ഒരിക്കലും പിരിയാതെ വളർന്നുവന്നു. അവർ യുവാക്കളായിത്തീർന്നപ്പോൾ ഒരു ദിവസം വനപ്രദേശത്തേയ്ക്കു വേട്ടയ്ക്കു പോയി. വനമദ്ധ്യത്തിലുണ്ടായിരുന്ന സരസ്സിൽ ഒരു സുന്ദരി കുളിക്കുന്നുണ്ടായിരുന്നു. അവളുടെ രൂപസൗകുമാര്യത്തിൽ ആകൃഷ്ടനായ രാജകുമാരൻ പൊടുന്നനെ വികാരങ്ങൾക്ക് അടിമയായിത്തീർന്നു. യുവതിയും സുകുമാരകളേബരനായ രാജകുമാരനിൽ അനുരക്തയായി. കുളി കഴിഞ്ഞ് അവൾ മടങ്ങിപ്പോകുമ്പോൾ സരസ്സിൽനിന്ന് ഒരു താമരപ്പൂ പറിച്ച് കണ്ണാടടുപ്പിക്കുകയും കടിച്ച് കാലിലിടുകയും ചെയ്തു. മറ്റൊരു പൂവെടുത്ത് തലയിൽ ചൂടി. വേറൊന്ന് മാറോടടുപ്പിച്ചശേഷം താഴേയ്ക്കിട്ടു. രാജകുമാരന് ഇതിന്റെ രഹസ്യമൊന്നും മനസ്സിലായില്ല. അവൻ എല്ലാ വിവരങ്ങളും വിശദമായി മന്ത്രികുമാരനോട് പറഞ്ഞു. കുറച്ചുനേരം ആലോചിച്ചിട്ട് മന്ത്രിയുടെ മകൻ അവളുടെ ക്രിയയെ വ്യാഖ്യാനിച്ചുകൊടുത്തത് ഇപ്രകാരമാണ്: “താമരപ്പൂ പറിച്ച് കണ്ണോട് ചേർക്കയാൽ അവളുടെ രാജ്യം കണ്ണാപുരമാണെന്നും, കടിക്കുകയാൽ അവളുടെ പേര് പത്മാവതിയെന്നാണെന്നും, കാലിലിടുകയാൽ പിതാവിന്റെ നാമം കലിംഗരാജാവെന്നാണെന്നും, മറ്റൊരു പൂപറിച്ച് തലയിൽ ചൂടുകയും മാറോടണച്ചതിലും അങ്ങയോടുള്ള പ്രണയവും അങ്ങയോടൊത്തു ജീവിക്കാൻ ആശയുണ്ടെന്നുള്ളതുമാണ് അതിന്റെ ഗൂഢാർഥങ്ങൾ.'' ഉടൻതന്നെ അവർ പുറപ്പെടുകയും കണ്ണാപുരത്തെത്തുകയും ചെയ്തു. അവർ രാജകൊട്ടാരത്തിലെ പൂക്കച്ചവടക്കാരിയായ ഒരു വൃദ്ധയുടെ വീട്ടിലാണ് താമസിച്ചത്. വൃദ്ധമുഖേന അവർ സകലവിവരങ്ങളും രാജകുമാരിയെ അറിയിച്ചു. ഇതു കേട്ട രാജകുമാരി തന്റെ രണ്ടു വിരലുകൾ ചന്ദനനിരിൽ മുക്കി വൃദ്ധയുടെ നെഞ്ചിലടിച്ചു പറഞ്ഞയയ്ക്കുകയാണ് ചെയ്തത്. രാജകുമാരി കോപിച്ചിട്ടാണ് ഇങ്ങനെ പ്രവൃത്തിച്ചതെന്നു വിചാരിച്ച് വൃദ്ധ ദുഃഖിതയായി രാജകുമാരനോട് ഈ സംഭവം പറഞ്ഞു. എന്നാൽ, മന്ത്രികുമാരൻ അതിന്റെ ആന്തരാർഥം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: “ഇന്നുമുതൽ പത്താംദിവസം എന്നാണ് രാജകുമാരി നിർദ്ദേശിച്ചിരിക്കുന്നത്".

പത്താംദിവസം വീണ്ടും വൃദ്ധസ്ത്രീ രാജകുമാരന്റെ ദൗത്യവുമേന്തി കൊട്ടാരത്തിലേയ്ക്കു പോയി. ഇക്കുറി കോപാകാന്തയായ കുമാരി മൂന്നു വിരലിൽ കുങ്കുമം പുരട്ടി വൃദ്ധയുടെ മാറിലടിച്ച് അവരെ ഒരു ഗുഢമാർഗത്തിലൂടെ പറഞ്ഞയയ്ക്കുകയാണ് ചെയ്തത്. വൃദ്ധയ്ക്ക് രാജകുമാരനോട് ഒട്ടേറെ പരിഭവം തോന്നി. പക്ഷേ, സംഗതിയറിഞ്ഞ മന്ത്രികുമാരൻ പറഞ്ഞു: “ഇപ്പോൾ രാജകുമാരിക്ക് അസുഖമാണ്. മൂന്നാം ദിവസം അവിടേയ്ക്ക ചെല്ലാനാണ് പറയുന്നത്. വൃദ്ധയെ ഇങ്ങോട്ട് പറഞ്ഞയച്ച അതേ ഗൂഢമാർഗ്ത്തിലൂടെ തന്നെ അകത്തു കടക്കണം.'' നിശ്ചിതദിവസം മോടികൂടിയ വസ്ത്രാലങ്കാരങ്ങളണിഞ്ഞ് രാജകുമാരൻ രാജകുമാരിയുടെ മുറിയിലെത്തി. അവർ സരസസല്ലാപത്തിലേർപ്പെട്ടു. നേരം പുലർന്നപ്പോൾ അവൾ അദ്ദേഹത്തെ ഒളിപ്പിച്ചിരുത്തി. അങ്ങനെ രാജകുമാരൻ പതിനഞ്ചു ദിവസങ്ങൾ തള്ളിനീക്കി. അപ്പോഴാണ് അവന് മന്ത്രികുമാരന്റെ സ്മരണയുദിച്ചത്. വിവരങ്ങൾ അറിയാഞ്ഞ് അദ്ദേഹത്തിന് ഉൽക്കണ്ഠയായി. കാര്യമെല്ലാം അറിയാൻ രാജകുമാരിയുടെ അനുവാദവും വാങ്ങി പിറ്റേന്നു തന്നെ മടങ്ങിവരാമെന്ന നിബന്ധനയിൽ അദ്ദേഹം യാത്രയായി. മന്ത്രികുമാരന് കൊടുക്കാൻ വേണ്ടി രാജകുമാരി കുറച്ച് പലഹാരങ്ങളുണ്ടാക്കി രാജകുമാരനെ ഏല്പിച്ചിരുന്നു. വിഷം കലർത്തിയിട്ടുള്ള ആ പലഹാരം തിന്ന് മന്ത്രികുമാരൻ മരിക്കുമെന്നും രാജകുമാരനെ നിയന്ത്രിക്കുന്ന ആ വ്യക്തി മരിച്ചാൽ രാജകുമാരൻ തന്നെ ഒരിക്കലും വിട്ടുപോകയില്ലെന്നുമാണ് അവൾ കരുതിയത്. പക്ഷേ, പ്രതീക്ഷ തെറ്റി. മന്തികുമാരന് ആ പലഹാരത്തിൽ വിഷം കലർന്നിട്ടുണ്ടെന്ന് മനസ്സിലായി. രാജകുമാരനെ വിശ്വസിപ്പിക്കുവാനായി അടുത്തുനിന്നിരുന്ന ഒരു പട്ടിക്ക് ആ പലഹാരം ഇട്ടുകൊടുത്തു. പാവം പട്ടി അത് തിന്നയുടൻ ചത്തു. വിഷണ്ണനായ രാജകുമാരന് അപ്പോഴാണ് പത്മാവതിയുടെ വഞ്ചന മനസ്സിലായത്. ഇരുവരും അവളെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചുറച്ചു. അന്നു രാത്രി അവളുടെ അരികിലേയ്ക്കു പോകാനും അവളുറങ്ങിയാൽ മാറിൽ മൂന്നു നഖങ്ങളമർത്തി അടയാളമുണ്ടാക്കി കഴുത്തിൽ കിടക്കുന്ന മുത്തുമാല അഴിച്ചെടുത്ത് പോരാനുമേറ്റ് രാജകുമാരൻ പത്മാവതിയുടെ സമീപത്തേയ്ക്ക് യാത്രതിരിച്ചു. മന്ത്രികുമാരന്റെ നിർദ്ദേശമനുസരിച്ചുതന്നെ രാജകുമാരൻ പ്രവർത്തിച്ചു. അതിനുശേഷം രണ്ടുപേരും വേഷം മാറി പട്ടണത്തിൽ പ്രവേശിച്ചു. മന്ത്രി കുമാരൻ മുനിയുടേയും രാജകുമാരൻ ശിഷ്യന്റേയും വേഷമാണ് ധരിച്ചത്. ഗുരു ഒരു ശ്മശാനത്തിലിരുന്നു. ശിഷ്യൻ മുത്തുമാല വില്ക്കാൻ രാജധാനിയിലേയ്ക്കു പോയി.

തന്റെ മകളുടെ വിലപിടിച്ച മുത്തുമാല ഒരു സന്യാസിയുടെ കയ്യിൽ കണ്ട രാജാവ് വിസ്മയപൂർവം അതിന്റെ വില ചോദിച്ചു. അപ്പോൾ ശിഷ്യന്റെ മറുപടി വന്നു: “ഇവിടെയുള്ള ശ്മശാനത്തിൽ തപസ്സ് ചെയ്യുന്ന എന്റെ ഗുരുവാണ് ഇതിന്റെ വില തീരുമാനിക്കേണ്ടത്.'' മുത്തുമാലയുടെ ചരിത്രമറിയാൻ ഉത്സുകനായിരുന്ന രാജാവ് ശ്മശാനത്തിലെത്തി മുനിയെക്കണ്ട് വന്ദിച്ച് മുത്തുമാലയുടെ വിശദവിവരങ്ങളാരാഞ്ഞു. മുനി പറഞ്ഞു: “രാജാവേ, ദിവസേന ഇവിടെ ഒരു യുവതി വന്ന് പച്ചശ്ശവങ്ങൾ മാന്തിത്തിന്നാറുണ്ട്. ഒരു നാൾ ഞാൻ എന്റെ ശൂലം അവളുടെ മാറിൽ മൃദുവായൂന്നിക്കൊണ്ട് അതിന്റെ കാരണം തിരക്കി. പേടിച്ചു വിറച്ചിരുന്ന അ പെണ്ണ് അവളുടെ പേര് പത്മാവതിയെന്നാണെന്നും സാധാ ഭക്ഷണം കൊണ്ട് വിശപ്പുതീരാത്തതിനാലാണ് ശവം തിന്നുന്നതെന്നും പറഞ്ഞു. ഈ വിവരം രഹസ്യമായി സൂക്ഷിക്കാൻ വേണ്ടി അവളെനിക്ക് സമ്മാനം തന്നതാണ് ഈ മുത്തുമാല.” പരിഭ്രാന്തചിത്തനായ രാജാവ് മുനി ആവശ്യപ്പെട്ട വിലകൊടുത്ത് മുത്തുമാല വാങ്ങി മടങ്ങി. രാജകുമാരിയെ വിളിപ്പിച്ച് മുത്തുമാല എവിടെയെന്ന് ചോദിച്ചപ്പോൾ അവൾക്ക് മറുപടി പറയാനുണ്ടായിരുന്നില്ല. രാജാവിന്റെ സംശയം വർധിച്ചു. മകളുടെ മാറിടം പരിശോധിക്കാൻ രാഞ്ജിയോട്  രഹസ്യമായി രാജാവ് പറഞ്ഞിരുന്നു. മാറിൽ മൂന്ന് അടയാളങ്ങൾ ഉണ്ടെന്നറിയുകയും അത് ശൂലം കൊണ്ടിട്ടുണ്ടായ മുറിവാണെന്ന് ഉറപ്പാക്കിയ രാജാവ് മുനിയുടെ വാക്കുകൾ അപ്പാടെ വിശ്വസിക്കുകയും മന്ത്രിയുടെ ഉപദേശത്തോടെ, ശവം തീനിയായ മകളെ നാടുകടത്തുകയും ചെയ്തു. ഇതു തന്നെയായിരുന്നു മന്ത്രികുമാരന്റെ ഉദ്ദേശവും.രാജകുമാരി തന്റെ തെറ്റ് മനസിലാക്കുകയും രണ്ടു കുമാരന്മാരും സ്വന്തം വേഷത്തിൽ ചെന്ന് രാജകുമാരിയെ അവരുടെ നാട്ടിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതൊന്നും അറിയാതെ രാജാവ് തന്റെ പുത്രിയുടെ ദുർഗതിയെപ്പറ്റി ഓർത്തു ദുഃഖിച്ചു ദുഃഖിച്ച് വേഗത്തിൽ മൃതിയടഞ്ഞു. ഭർത്തവിരഹത്താൽ സന്തപ്തയായ രാജ്ഞിയും വൈകാതെ മരിച്ചുപോയി. കഥ പര്യവസാനിച്ചപ്പോൾ വേതാളം വിക്രമാദിത്യനോട് ചോദിച്ചു: "ഈ മരണങ്ങൾ കൊണ്ട് യഥാർഥത്തിൽ ആർക്കാണ് പാപം ഉണ്ടാകുന്നത്?'' അദ്ദേഹം മറുപടി പറഞ്ഞു: “മന്ത്രികുമാരന്റെ വാക്കനുസരിച്ചാണ് രാജകുമാരൻ ഓരോന്നും പ്രവർത്തിച്ചത്. അവൻ പാപം ചെയ്തിട്ടില്ല. മരിച്ച രാജാവിന്റെ മന്ത്രി ഒട്ടും ആലോചനയില്ലാതെ രാജകുമാരിയെ നാടുകടത്താൻ തീരുമാനിച്ചതുകൊണ്ട് പാപഭാരം മുഴുവൻ മന്ത്രിക്കാണ്.'' വിക്രമാദിത്യനിൽ നിന്ന് ഈ ഉത്തരം കേട്ടയുടനേ വേതാളം വീണ്ടും മുരുക്കുമരത്തിൽ ചെന്ന് തലകീഴായി തൂങ്ങിക്കിടക്കകയും ചെയ്തു.

No comments:

Post a Comment