ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 41

വിക്രമാദിത്യകഥകൾ - 41

പതിനഞ്ചാം സാലഭഞ്ജിക പറഞ്ഞ കഥ

പതിനഞ്ചാം ദിവസം പ്രഭാതത്തിൽ സിംഹാസനാരോഹണത്തിന് സന്നദ്ധനായിവന്ന ഭോജമഹാരാജാവിനെ തടഞ്ഞു നിർത്തിക്കൊണ്ട്, അവിടെ കാവൽ നിന്നിരുന്ന സാലഭഞ്ജിക വികമാദിത്യമഹിമകളെക്കുറിച്ച് ഒരു കഥ പറയാൻ തുടങ്ങി. കാഞ്ചനപുരി എന്ന നഗരത്തിന് ആ പേരുണ്ടാക്കിക്കൊടുത്ത കാഞ്ചനലത എന്നൊരു ഭൂലോകസുന്ദരിയുണ്ടായിരുന്നു. അവളുടെ സൗന്ദര്യപ്പൊലിമയിൽ ആകൃഷ്ടരായിവന്നവരെല്ലാം നശിച്ചുപോകാറാണ് പതിവ്. കാഞ്ചനലതയെ വിവാഹം കഴിക്കുന്ന പുരുഷൻ പ്രഭാതത്തിൽ മരിച്ചു കിടക്കുന്നതു കാണാം. മരണകാരണം തികച്ചും അജ്ഞാതമായിരുന്നു. ആർക്കും ഒന്നും അതിനെപ്പറ്റി അറിയുകയില്ല. ഒട്ടേറെ യുവാക്കൾ ഈ രീതിയിൽ അപമൃത്യുവിന് ഇരയായിക്കഴിഞ്ഞിരിക്കേയാണ് കാടാറുമാസത്തിന് പുറപ്പെട്ട വികമാദിത്യൻ കാഞ്ചനപുരിയിലെത്താനിടയായത്. അദ്ദേഹം നഗരത്തിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ കാഞ്ചനലതയുടെ ഭവനത്തിൽ നടന്നുകൊണ്ടിരുന്ന അതിശയമരണങ്ങളെപ്പറ്റി കേൾക്കുവാനിടയായി. ധീരനായ രാജാവ് അതൊന്നു പരീക്ഷിക്കാൻ തീർച്ചയാക്കി അവളുടെ ഗൃഹത്തിലേയ്ക്കു തിരിച്ചു. വിക്രമാദിത്യനെ കാഞ്ചനലത സ്നേഹാദരങ്ങളോടെ പരിചരിച്ചു. അനന്തരം അവൾ അദ്ദേഹത്തിനുവേണ്ടി കിടയ്ക്ക് വിരിച്ചു തയ്യാറാക്കിയപ്പോൾ താനിതുവരെ കട്ടിലിൽ കിടന്നിട്ടില്ലാത്തതുകൊണ്ട് താഴെ വിരിക്കുകയാണ് ഉത്തമമെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും നിമിഷങ്ങൾക്കകം മൃത്യു വിനിരയാകാൻ പോവുന്ന വിക്രമാദിത്യന്റെ സംഭാഷണം കേട്ട് അവൾ ഹാസ്യരീതിയിൽ ചിരിച്ചു വെങ്കിലും അദ്ദേഹം ഒന്നും അറിയാത്ത ഭാവത്തിൽ ഉറക്കം അഭിനയിച്ചു കിടന്നു..

അർധരാത്രിയായപ്പോൾ കാഞ്ചനലത വിശേഷവസ്ത്രാഭരണാലംകൃതയായി അദ്ദേഹത്തിന്റെ അരികിൽ വന്നുവെങ്കിലും അത് കാണാത്ത നാട്യത്തിൽ അദ്ദേഹം തിരിഞ്ഞുകിടന്നു. അവളുടെ വിദ്യകൾക്കൊന്നും അദ്ദേഹം കീഴ്പ്പെട്ടില്ല. കുറെ കഴിഞ്ഞപ്പോൾ അവൾ കിടന്നുറങ്ങി. വിക്രമാദിത്യൻ പതുക്കെ എഴുന്നേറ്റ് ഒളിച്ചുനിന്നു. അല്പനിമിഷങ്ങൾക്കുള്ളിൽ, നിദാധീനയായിക്കിടക്കുന്ന കാഞ്ചനലതയുടെ നാസാദ്വാരത്തിൽനിന്ന് ഒരു സ്വർണനാഗം ഫണമുയർത്തി ചീറ്റിക്കൊണ്ട് പുറത്തുവരികയും തലയണയിൽ ആഞ്ഞുകൊത്തുകയും ചെയ്തു.. ഈ നാഗമാണ് അവളുടെ പതികളെ കടിച്ചു കൊല്ലുന്നതെന്ന് മനസ്സിലാക്കിയ വിക്രമാദിത്യൻ അതിനെ മന്ത്രവാൾകൊണ്ട് വെട്ടിക്കൊന്നു. അനന്തരം അദ്ദേഹം കാഞ്ചനലതയെ വിളിച്ചുണർത്തി കാര്യങ്ങളെല്ലാം വ്യക്തമാക്കി. രാവിലെ മുറിയിൽനിന്നു ശവമെടുത്തുകൊണ്ടുപോകാൻ തയ്യാറായി നിന്നിരുന്ന വേലക്കാരുടെ ഇടയിലേയ്ക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഈ അത്ഭുതം കണ്ട് അവരെല്ലാം വിസ്മയിച്ചു. കാഞ്ചനലതയെ വിവാഹം ചെയ്ത ഒരാളും ജീവനോടെ വെളിയിൽ വരാറില്ലാത്തതാണ്. അന്നത്തെ അത്ഭുതാവഹമായ വാർത്തയറിഞ്ഞ് ഓടിക്കൂടിയ ജനസഞ്ചയത്തോട് അദ്ദേഹം സകലവൃത്താന്തങ്ങളും വിവരിച്ചുകൊടുത്തു. അതോടുകൂടി കാഞ്ചനലതയുടെ ദുഷ്പേരും അകന്നുപോയി. വിക്രമാദിത്യനെ അവൾ സ്നേഹാദരങ്ങളോടെ സല്ക്കരിക്കുകയും ആനന്ദമായി ജീവിക്കുകയും ചെയ്തു. കാടാറുമാസക്കാലം കഴിഞ്ഞയുടൻ അദ്ദേഹം ഉജ്ജയിനിയിൽ ചെന്ന് ഭരണഭാരം ഏറ്റെടുത്തു. കഥ പറഞ്ഞവസാനിപ്പിച്ചുകൊണ്ട് ആ സാലഭഞ്ജിക ഭോജന്റെ യോഗ്യതയേയും സിംഹാസനാരോഹണം ചെയ്യാനുള്ള അർഹതയേയും ചോദ്യം ചെയ്തു. അപ്പോഴേയ്ക്കും സന്ധ്യയായതിനാൽ രാജാവും മന്ത്രിയും സദസ്സ് പിരിച്ചുവിട്ട് നിത്യകർമങ്ങൾക്കുവേണ്ടി പോയി.

No comments:

Post a Comment