ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 22

വിക്രമാദിത്യകഥകൾ - 22

നാലാം ദിവസം പ്രിയംവദ പറഞ്ഞ കഥ
➖➖➖➖➖➖➖➖➖

നാലാം ദിവസം പ്രഭാതത്തിൽ ഭോജരാജാവ് മന്ത്രിപ്രവരനായ ചന്ദ്രസേനനോടൊത്ത് വീണ്ടും സിംഹാസനാരോഹണത്തിന് ഒരുമ്പെട്ടു. മൂന്നു പടികൾ കയറി നാലാമത്തേതിൽ കാലെടുത്തുവെച്ചപ്പോൾ പ്രിയംവദ എന്ന സാലഭഞ്ജിക അദ്ദേഹത്തെ തടുത്തു. ഭോജന്റെ അപേക്ഷയനുസരിച്ച് അവൾ വിക്രമാദിത്യചക്രവർത്തിയുടെ ഭരണകാലത്തുണ്ടായ ഒരു അത്ഭുതപ്രവൃത്തി യെപ്പറ്റി പറയാൻ തുടങ്ങി..

വിക്രമാദിത്യൻ കാടാറുമാസത്തെ സഞ്ചാരത്തിനായി പുറപ്പെട്ടപ്പോൾ കൂടെ ഭട്ടിയും വേതാളവും ഉണ്ടായിരുന്നു. അവർ ഒരു ശുദ്ധജലതടാകത്തിലിറങ്ങി സ്നാനം ചെയ്ത് ക്ഷീണം തീർക്കാൻ തുടങ്ങി. അപ്പോൾ അവിടെ ചെമ്പകപ്പൂവിന്റെ ഹൃദയഹാരിയായ പരിമളം അലയടിച്ചുവന്നു. പരിസരത്തൊന്നും ചെമ്പകമരം ഉണ്ടായിരുന്നില്ല. അയൽപ്രദേശങ്ങളിൽ എത്രതന്നെ തിരഞ്ഞിട്ടും പരിമളം ഉയർന്നത് എവിടെനിന്നാണെന്ന് അവർക്ക് കണ്ടത്താൻ കഴിഞ്ഞില്ല. ആ വഴി വന്ന ഒരു സംഘം യാത്രക്കാരോട് ആരാഞ്ഞപ്പോൾ അവർ മറുപടി പറഞ്ഞു: “അടുത്തുള്ള വിജയനഗരത്തിലെ രാജാവിന് ചെമ്പകഗന്ധി എന്നു പേരായ വിശ്വമോഹിനിയായ ഒരു മകളുണ്ട്. ജനിക്കുമ്പോൾ തന്നെ അവളുടെ ശരീരം ചെമ്പകപ്പൂവാസനയോടു കൂടിയതായിരുന്നു. അവൾ പുരുഷന്മാരെ കാണുകയില്ല എന്നൊരു വതമുണ്ട്. ആഴ്ചയിൽ ഒരു ദിവസം അവൾ ഈ തടാകത്തിൽ വന്ന് തോഴിമാരോടുകൂടി കുളിക്കാറുണ്ട്. തത്സമയത്ത് പുരുഷന്മാരാരും ഈ വഴിയിൽ കൂടി നടന്നുകൂടാ എന്നാണ് രാജാവിന്റെ ശാസനം. നാളെയാണ് അവൾ നീരാട്ടിന് വരേണ്ട ദിവസം.” അത്രയും വസ്തുതകൾ വിശദമാക്കിയിട്ട് വഴിയാത്രക്കാർ പിരിഞ്ഞു പോയി. ചെമ്പകഗന്ധിയെ കൈവശമാക്കുവാൻ രാജാവ് നിശ്ചയിച്ചു. ഭട്ടിയുടെ സഹകരണത്തോടെ അദ്ദേഹം അതിനുള്ള പദ്ധതികളും തയ്യാറാക്കി. അടുത്തനാൾ ചെമ്പകഗന്ധിയും ആയിരം തോഴിമാരും കൂടി തടാകക്കരയിൽ വന്നെത്തി. അവളുടെ അസാധാരണമായ സൗന്ദര്യധോരണി ആസ്വദിച്ചുകൊണ്ട് വിക്രമാദിത്യൻ ഒരു വൃദ്ധന്റെ വേഷത്തിൽ അവിടെ മറഞ്ഞിരുന്നു. ഭട്ടിയാകട്ടെ സ്ത്രീവേഷത്തിൽ രാജകുമാരിയുടെ തോഴീവൃന്ദത്തിൽ ചേരുകയാണ് ചെയ്തത്. ഭട്ടി അവളോടൊപ്പം രാജകൊട്ടാരം വരെ ചെല്ലുകയും, തിരിച്ച് മടങ്ങിവരുന്ന വഴിക്ക് യാത്രാക്ഷീണം തീർക്കാൻ ഒരു ആലിൻ ചുവട്ടിൽ ചെന്നു കിടന്നു. അന്നേരം അതിലേ വന്ന ഒരു മഹർഷി കിടന്നുറങ്ങുന്നയാളെ കണ്ടാൽ തന്റെ ഭാര്യ മോഹിതയായിത്തീരുമെന്നു വിചാരിച്ച്, ഭട്ടിയെ ഒരു മൂലയികയുടെ സഹായത്താൽ സ്ത്രീയാക്കിമാറ്റി. കുറെ കഴിഞ്ഞ് മഹർഷിയുടെ പത്നി ആ വഴിയേ വന്നു. ആൽത്തറയിൽ കിടന്നുറങ്ങുന്ന ആ സ്ത്രീയെ കണ്ടാൽ തന്റെ ഭർത്താവ് മോഹിതനാകുമെന്ന് ശങ്കിച്ച് അവൾ മറ്റൊരു മൂലി കയുടെ സഹായത്താൽ ഭട്ടിയെ പുരുഷനായിത്തന്നെ മാററി. ഇതെല്ലാം കണ്ടും അനുഭവിച്ചും ഉറങ്ങാതെ കിടന്നിരുന്ന ഭട്ടി ദിവ്യ ശക്തിയുള്ള രണ്ടു മൂലികകളും എടുത്ത് വിക്രമാദിത്യന്റെ അടുത്തേയ്ക്ക് നടന്നു. അദ്ദേഹം വിവരങ്ങളെല്ലാം കേട്ടറിഞ്ഞ് സന്തോഷിച്ചു. പിന്നെ, മൂലികയുടെ സഹായത്താൽ ഭട്ടി ശല്യരാജൻ എന്ന രാജാവിന്റേയും വിക്രമാദിത്യൻ രാജ്ഞിയുടേയും വേഷം ധരിച്ച് വിജയരാജ്യത്തിലെ രാജാവിനെ ചെന്ന് മുഖം കാണിച്ചു. ശല്യരാജൻ സങ്കടമുണർത്തിച്ചു: “രാധാപുരത്തിലെ രാജാവായ ശല്യരാജനാണ് ഞാൻ. കൂടെയുള്ളത് എന്റെ പത്നിയാണ്."

"രുദ്ര എന്നാണ് ഇവളുടെ നാമം. കുറെക്കാലമായി ക്ഷാമം കാരണം ചക്രവർത്തിക്ക് കപ്പം കൊടുക്കുവാൻ സാധിച്ചിട്ടില്ല. അദ്ദേഹം കോപിച്ചിരിക്കുന്നു. ആയിരം വരാഹൻ തന്ന് എന്നെ സഹായിക്കണം. എന്റെ പത്നി ഇവിടെത്തന്നെ നിൽക്കട്ടെ. ഇവൾ അങ്ങേയ്ക്കുള്ള പണയവസ്തുവാണ്.'' രാജാവിന് അനുകമ്പതോന്നി. ഉടൻ ആവശ്യമുള്ള പണം കൊടുത്ത് ശല്യരാജനെ പറഞ്ഞുവിടുകയും രുദ്രയെ  ചെമ്പകഗന്ധിയോടുകൂടി താമസിപ്പിക്കുകയും ചെയ്തു. ചെമ്പകഗന്ധി പുരുഷന്മാരെ കാണാതിരിക്കുവാനുള്ള കാരണമറിയണമല്ലോ. അതായിരുന്നു ഉദ്ദേശം. രുദ്ര ഒരു ദിവസം കഠിനമായ ദുഃഖമനുഭവിക്കുന്നതായി അഭിനയിച്ചു കിടന്നു. ആരോടും മിണ്ടാതെ മുഖം വാടി വിഷാദമഗ്നയായിരിക്കുന്ന അവളുടെ ശോച്യസ്ഥിതിയിൽ ചെമ്പകഗന്ധിക്ക് സഹതാപമുളവായി. സഖിയുടെ മനസ്സിനെ പീഡിപ്പിക്കുന്ന പ്രശ്നമെന്താണെന്ന് പലവട്ടം ആരാഞ്ഞപ്പോൾ രുദ്ര പറഞ്ഞു തുടങ്ങി. മധുരഗിരിയിലെ ചിത്രസേനനെന്ന രാജകുമാരനും വില്ലൻ എന്ന വേട യുവാവും ബാല്യകാലസുഹൃത്തുക്കളായിരുന്നു. ചിത്രസേനൻ രാജാവായപ്പോൾ, തന്റെ സുഹൃത്ത് തന്നെ സഹായിക്കും എന്നു കരുതി, വില്ലമൻ ദിവസവും കൊട്ടാരത്തിലേയ്ക്കു പോവുക പതിവായിരുന്നു. എന്നാൽ, രാജാവ് അയാളെ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. നിരാശനായ വില്ലമൻ കാട്ടിൽ നായാട്ടിനുപോയി. അയാൾ അവിടെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരു ഗുഹ കണ്ട് അതിലേയ്ക്കു കടന്നുനോക്കി. അവിടെ ദേവസുന്ദരികളെപ്പോലും വെല്ലുന്ന അംഗീകാന്തിയോടുകൂടി ഒരു യുവതിയേയും അവളുടെ മടിയിൽ തലവെച്ചുറങ്ങുന്ന ഒരു മഹർഷിയേയും കണ്ടു. വില്ലമനെ കണ്ടപ്പോൾ ആ സ്ത്രീ പറഞ്ഞു, അവിടെ നില്ക്കരുതെന്നും മഹർഷി കണ്ടാൽ ആപത്താണെന്നും വേഗം പൊയ്ക്കോളാനും. ഇവൾ രാജാവിന് യോജിച്ചവളാണെന്നും വിവരം അദ്ദേഹത്തെ അറിയിച്ചാൽ തനിക്ക് ധനവും മാനവും കിട്ടുമെന്നും വില്ലമൻ മനോഗതം കൊണ്ടു. വില്ലമൻ ഉടനടി രാജാവിന്റെ അടുക്കലെത്തി കാര്യങ്ങൾ അറിയിച്ചു. യുവതിയെ കാണാൻ രാജാവ് വനത്തിലേയ്ക്കു യാത്രയായി. വഴികാണിക്കാൻ വേടയുവാവും ചെന്നു കൂടെ. യുവതിയെക്കണ്ട് രാജാവ് മോഹിതനായി അവളെ എങ്ങനെയെങ്കിലും നേടിയെടുക്കണമെന്ന് തീരുമാനിച്ചു. സ്ത്രീയുടെ മടിയിൽനിന്നു മഹർഷിയുടെ ശിരസ്സ് പൊക്കി വില്ലമന്റെ മടിയിൽ വെച്ച് രാജാവ് അവളേയും കൊണ്ടു പുറത്തേയ്ക്കു കടന്നു. തന്റെ ചങ്ങാതി ഉടനേ മടങ്ങിവന്ന് തന്നെ രക്ഷിക്കു മെന്നോർത്ത് വില്ലമൻ അവിടെ അനങ്ങാതിരുന്നു. യുവതിയെ ലഭിച്ചപ്പോൾ രാജാവ് ഗുഹയിലിരിക്കുന്ന കൂട്ടുകാരന്റെ കാര്യം മറന്നുപോയി. അയാൾ അവളേയും കൊണ്ട് നഗരത്തിലെത്തി. മുനി കണ്ണു തുറന്നുനോക്കിയപ്പോൾ കണ്ടത് വില്ലമനെയാണ്. പേടിച്ചു വിറയ്ക്കുന്ന അവൻ വിവരമൊന്നും പറയുന്നുമില്ല. തന്റെ ജ്ഞാനശക്തിയാൽ നടന്ന വിവരമെല്ലാം മനസിലാക്കിയ മുനിക്ക് വില്ലമനെ ഇഷ്ടമായി. അവനോട് മുനി പറഞ്ഞു..

“ഹേ, യുവാവേ, പരമാർഥമെല്ലാം ഞാൻ ഗ്രഹിച്ചിരിക്കുന്നു. നിന്റെ കഥകളെല്ലാം തുറന്നു പറയൂ. ഞാൻ ഉപദ്രവിക്കില്ല.'' അതു കേട്ട് ശ്വാസം നേരെ വീണപ്പോൾ വില്ലമൻ തനിക്കു പറ്റിയ അമളിയെപ്പറ്റി മുനിയോടു പറഞ്ഞു. രാജാവിന്റെ കൊടുംവഞ്ചന അറിഞ്ഞപ്പോൾ മുനിക്ക് വല്ലാത്ത അമർഷം തോന്നി. അദ്ദേഹം വില്ലമനെ സാന്ത്വനിപ്പിച്ചുകൊണ്ട് ഒരു കഥ പറഞ്ഞു. രാജശേഖരൻ എന്ന രാജകുമാരനും വീരപാലൻ എന്ന മന്ത്രികുമാരനും ബാല്യകാല മിത്രങ്ങളായിരുന്നു. യൗവനമായിട്ടും അവർ പിരിയാതെ താമസിച്ചുപോന്നു. തക്കകാലത്ത് ഇരുവരും വിവാഹിതരായി. പത്നിമാർ അവരവരുടെ വീടുകളിലായിരുന്നു. ഒരു ദിവസം രണ്ടു കുമാരന്മാരും കൂടി പത്നിമാരെ കൂട്ടിക്കൊണ്ടുവരുവാനായി പുറപ്പെട്ടു. ആദ്യം രാജകുമാരന്റെ പത്നിയുടെ നാട്ടിലേയ്ക്കാണ് രണ്ടുപേരും പോയത്. വഴിയിൽ വെച്ച് ഒരു കിളി പറഞ്ഞു: “മുമ്പേ പോകുന്നവൻ മരിക്കും.” മന്ത്രികുമാരൻ ഇത് മനസിലാക്കി. മുമ്പിൽ നടന്നിരുന്നത് രാജകുമാരനായിരുന്നു. തന്റെ സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി വീരപാലൻ മുന്നിൽ കയറി നടന്നു. അപ്പോൾ ആ കിളി വീണ്ടും പറഞ്ഞു: “പിൻപെ പോകുന്നവൻ മരിക്കും.'' രാജകുമാരൻ തീർച്ചയായും മരിക്കുമെന്നും അത് തടയാൻ ശ്രമിക്കണമെന്നും കരുതി മന്ത്രികുമാരൻ പിറകേ നടന്നു. രാജകുമാരൻ ഇതൊന്നും അറിഞ്ഞില്ല. ഉദ്ദിഷ്ടസ്ഥലത്ത് എത്തിയപ്പോൾ പരിവാരങ്ങളും രാജകുമാരനേയും കൂട്ടുകാരനേയും സ്വീകരിച്ച് രാജധാനിയിലേയ്ക്ക് ആനയിച്ചു. രാജകുമാരൻ രാത്രിയായപ്പോൾ മണിയറയിലേയ്ക്കു പോയി. അയാൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുമെന്നും അത് തടയണമെന്നും കരുതി അവിടെ ചെന്ന് വീരപാലൻ ഒളിച്ചിരുന്നു. അർധരാത്രി കഴിഞ്ഞപ്പോൾ രാജകുമാരി അണിഞ്ഞൊരുങ്ങി മദാലസയായി, ഒരു തട്ടത്തിൽ മധുരപലഹാരങ്ങളുമേന്തി അവിടെയെത്തി. രാജകുമാരൻ ഉറങ്ങിക്കിടക്കുന്നതു കണ്ട് അവൾ കുറെ പലഹാരങ്ങളുമെടുത്ത് പുറത്തേക്കിറങ്ങി. മന്ത്രികുമാരൻ രഹസ്യമായി അവളെ പിൻതുടർന്നു. അവൾ ചെന്നുകയറിയത് ഒരു മുടന്തന്റെ വീട്ടിലായിരുന്നു. രാജകുമാരി മുടന്തനോട് ശബ്ദം താഴ്ത്തി പറഞ്ഞു: “എന്നെ കൊണ്ടുപോകാനായി ഭർത്താവ് വന്നിട്ടുണ്ട്. അദ്ദേഹം ഉറങ്ങാൻ കാത്തിരുന്നതുകൊണ്ടാണ് വരാൻ വൈകിയത്.'' ഒരു ഞെട്ടലോടെ മുടന്തന്റെ മറുപടി വന്നു: “നീ വിവാഹിതയാണെന്ന് ഇപ്പോഴാണ് ഞാനറിയുന്നത്. നീ ഉടനേ തന്നെ ഇവിടെനിന്നു പോകണം.'' അവൾ കെഞ്ചി: “അങ്ങനെ പറയരുത്. അങ്ങയെ കണ്ടില്ലെങ്കിൽ എനിക്ക് ദുഃഖമാണ്."

മുടന്തൻ പറഞ്ഞു :“നിനക്ക് എന്നോട് അത്രയധികം സ്നേഹമുണ്ടെങ്കിൽ ഞാൻ തരുന്ന വാൾകൊണ്ട് ഭർത്താവിനെ കൊന്നുകളയണം. ഇതാ, വാൾ.'' രാജകുമാരി അത് സമ്മതിച്ച് രാജകൊട്ടാരത്തിലേയ്ക്കു നടന്നു. ഈ സംഭവങ്ങളെല്ലാം കേട്ടിരുന്ന മന്ത്രികുമാരനും അവളെ പിന്തുടർന്നു. അവൾ നേരെ ചെന്ന് രാജകുമാരനെ ആഞ്ഞു വെട്ടി. ഇതുകണ്ട് മന്ത്രികുമാരൻ ഓടിയെത്തി. തന്റെ കുറ്റം വേറൊരാൾ കണ്ടുപോയല്ലോ. ഇനിയെന്ത് രക്ഷ? പെട്ടെന്ന് രാജകുമാരിയുടെ ഭാവം മാറി. രക്ഷപ്പെടാനുള്ള മാർഗം മനസ്സിലേയ്ക്ക് ഓടിയെത്തി. ഉടനടി മാറത്തലച്ച് വാവിട്ടുകരഞ്ഞുകൊണ്ട് അവൾ വിളിച്ചുകൂവി: "അയ്യോ! ഓടിവരണേ..... എന്റെ ഭർത്താവിനെ മന്ത്രികുമാരൻ കൊല്ലുന്നേ... കാവൽക്കാർ ഓടിയെത്തിയപ്പോൾ രാജകുമാരൻ മരിച്ചുകിടക്കുന്നതും ഒരു കയ്യിൽ വാളും മറുകൈയിൽ രാജകുമാരിയേയും പിടിച്ചുനില്ക്കുന്ന മന്ത്രികുമാരനേയും ആണ് കണ്ടത്. അവർ അയാളെ പിടിച്ച് രാജാവിനു മുന്നിൽ ഹാജരാക്കി. രാജാവ് മന്ത്രികുമാരനെ തൂക്കിക്കൊല്ലുന്നതിനായി മന്ത്രിയെ ഏല്പിച്ചു. പക്ഷെ മന്ത്രിക്ക് അയാൾ നിരപരാധിയായിരിക്കുമെന്ന് തോന്നി. മന്ത്രി ചോദിച്ചപ്പോൾ അതുവരെ നടന്നതെല്ലാം ഒന്നൊഴിയാതെ അയാൾ പറഞ്ഞുകേൾപ്പിച്ചു. രണ്ടുപേരും ഒരു മിച്ചുവരുമ്പോൾ വഴിയിൽ വെച്ച് പക്ഷി പറഞ്ഞതും ഒളിച്ചിരുന്നതും രാജകുമാരിക്ക് മുടന്തനുമായുള്ള ബന്ധവുമൊക്കെ അയാൾ പറയാൻ തുടങ്ങി. ഇതെല്ലാം കേട്ടപ്പോൾ മന്ത്രിയുടെ ആശ്ചര്യത്തിന് അതിരുണ്ടായിരുന്നില്ല. അദ്ദേഹം ഭടന്മാരോടുകൂടി മുടന്തന്റെ വീടിനരുകിൽ ഒളിച്ചിരുന്നു. രാത്രിയായപ്പോൾ രാജകുമാരി അവിടെ വന്ന് മുടന്തനോട് സംസാരിക്കുന്നതും രാജകുമാരനെ വകവരുത്തിയതിൽ സന്തോഷം പ്രകടിപ്പിക്കുന്നതുമെല്ലാം മന്ത്രി കണ്ടു. അദ്ദേഹം ഉടനേ ആ ഗൃഹത്തിൽ പ്രവേശിച്ച് മുടന്തനേയും രാജകുമാരിയേയും പിടിച്ചുകെട്ടി രാജധാനിയിലേയ്ക്കു കൊണ്ടുവന്നു. രാജകുമാരിക്ക് തന്റെ കള്ളി പൊളിഞ്ഞുവെന്ന് മനസ്സിലായി. കഠിനഹൃദയയും ഭർതൃഘാതകിയുമായ സ്വന്തം പുത്രിയുടെ നേരെ രാജാവിന് വല്ലാത്ത അമർഷമുണ്ടായി. മന്ത്രികുമാരനെ തെറ്റിദ്ധരിച്ച് കൊലയ്ക്കു വിധിച്ചതിൽ പശ്ചാത്തപിക്കുകയും പാപപരിഹാരത്തിനായി ഗംഗാസ്നാനത്തിന് പോകുകയും ചെയ്തു. മന്ത്രികുമാരന്റെ അപേക്ഷയനുസരിച്ച് രാജകുമാരന്റെ ശവം നശിക്കാതെ ഭദ്രമായി സൂക്ഷിച്ചിരുന്നു. മന്ത്രികുമാരൻ അവിടെനിന്നു തിരിച്ച് സ്വന്തം ഭാര്യയുടെ നാട്ടിലെത്തി. തന്റെ കൂടെ ഒരു പെട്ടിയിൽ രാജകുമാരന്റെ ശവമുണ്ടായിരുന്നു. പരിവാരങ്ങളും അയാളെ എതിരേറ്റ് സല്ക്കരിച്ചു. അന്നുരാത്രി അയാൾ ഏകനായി മണിയറയിൽ ശയിക്കുമ്പോൾ മന്ത്രികുമാരി സർവാലങ്കാരങ്ങളോടെ ഒരു കയ്യിൽ പലഹാരത്താമ്പാളവുമായി മുറിയിൽ പ്രവേശിച്ചു. ഭർത്താവ് ഉറങ്ങിയെന്നാണ് അവൾ കരുതിയത്. അവളൊരു വാളുമെടുത്ത് പുറത്തേയ്ക്കിറങ്ങി. 

ഉറക്കം നടിച്ചു കിടന്ന മന്ത്രി കുമാരൻ അവൾ അറിയാതെ അവളുടെ പുറകിൽ ഉണ്ടായിരുന്നു. അവൾ ചെന്നു കയറിയത് ഒരു ക്ഷേത്രത്തിലാണ്. ദേവീവിഗ്രഹത്തിനുമുമ്പിൽ ചെന്നു നിന്ന് അവൾ പ്രാർഥിച്ചു: “ദേവീ, ഭക്തവത്സലേ, എന്റെ ഭർത്താവ് ഇന്ന് തിരിച്ചെത്തിയിരിക്കുന്നു. പഴയ നേർച്ചയനുസരിച്ച് എന്റെ ശിരസ്സ് ബലി തരാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. എന്റെ പ്രിയതമന് സർവമംഗളങ്ങളും ഭവിക്കട്ടെ!'' അവൾ വാളെടുത്ത് സ്വശിരസ്സ് ഛേദിക്കാനൊരുങ്ങിയപ്പോൾ ദേവി പ്രത്യക്ഷപ്പെടുകയും പ്രതിജ്ഞ പാലിച്ചതിൽ സന്തോഷിച്ച് അനുഗ്രഹിക്കുകയും ചെയ്തു: “മകളേ, നീ ഭർത്താവിനോടു ചേർന്ന് ചിരകാലം സുഖമായി ജീവിക്കൂ.'' മന്തികുമാരി അപേക്ഷിച്ചു: “അംബികേ! എനിക്കൊരു വരം കൂടി തരണം. എന്റെ പ്രിയതമന്റെ ഉറ്റസ്നേഹിതനായ രാജകുമാരന്റെ മൃതശരീരം ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തെ ജീവിപ്പിച്ചുതരണം. അല്ലെങ്കിൽ ദുഃഖം സഹിക്കാനാവാതെ എന്റെ ഭർത്താവും മരിച്ചുകളയും.'' ദേവി പ്രസന്നയായി അവൾക്ക് ഒരു ഭസ്മം കൊടുത്തു. അത് പൂശിയാൽ രാജകുമാരൻ ജീവിക്കുമെന്നു പറഞ്ഞ് ദേവി അന്തർധാനം ചെയ്തു. പതിവ്രതയും സുശീലയുമായ സ്വപതിയെ തെറ്റിദ്ധരിച്ചതോർത്ത് മന്തികുമാരൻ കുണ്ഠിതപ്പെട്ടു. അയാൾ വേഗം മടങ്ങിവന്ന് സ്വന്തം മഞ്ചത്തിൽ ശയിച്ചു. കുമാരി തിരികെയെത്തി ഭർത്താവിനെ വന്ദിച്ചു. അയാൾ സ്നേഹപൂർവം അവളെ പിടിച്ചാശ്ലേഷിച്ച് അടുത്തിരുത്തി എന്നിട്ട്  പറഞ്ഞു: “പ്രിയതമേ, നീ വരാൻ വൈകിയതെന്ത്? ഞാൻ നിന്നെക്കാണാതെ ദുഃഖിച്ചിരിക്കുകയായിരുന്നു.'' കുമാരിയുടെ ശബ്ദമുയർന്നു: “ജീവനാഥാ! വരാൻ വൈകിയതിൽ എന്നോട് ക്ഷമിക്കണം. കുറെ കാലമായി അങ്ങയെ കാണാതെ ഞാൻ നീറിനീറി കഴിയുകയായിരുന്നു.'' മന്ത്രികുമാരൻ കുറച്ചുമുമ്പ് താൻ ഒരു കിനാവു കണ്ടെന്നറിയിച്ചു. ഒരു സ്ത്രീ ഇവിടെ നിന്നുപോയി ഭദ്രാക്ഷേതത്തിലെത്തി സ്വന്തം ശിരസ്സ് ബലിയർപ്പിക്കാനൊരുങ്ങി. ദേവി പ്രത്യക്ഷപ്പെട്ട് വേണ്ട വരങ്ങൾ കൊടുത്ത് അനുഗ്രഹിച്ചയച്ചു. ഇതായിരുന്നു സ്വപ്നം. കുമാരി നടന്നതെല്ലാം പറഞ്ഞുകേൾപ്പിച്ചു. അവൾ ഭർത്താവിന്റെ നിർദ്ദേശ പ്രകാരം ഭസ്മം പുരട്ടി രാജകുമാരനെ ജീവിപ്പിച്ചു. രാജകുമാരൻ കണ്ണുതുറന്ന് നോക്കിയപ്പോൾ ആശ്ചര്യപരതന്ത്രനായി. സ്വന്തം പതിയുടെ കൊടും വഞ്ചനയും ആത്മസുഹൃത്തിന്റെ നിസ്സ്വാർഥസേവനങ്ങളും കേട്ടറിഞ്ഞ് രാജകുമാരൻ ആ രാജ്യത്തുതന്നെ താമസിച്ചു. കഥ കഴിഞ്ഞപ്പോൾ മുനി പറഞ്ഞു: “അല്ലയോ വേടയുവാവേ, ഇതാണ് യഥാർഥ മിത്രങ്ങളുടെ മഹത്വം. നിന്റെ ചങ്ങാതി നിന്നെ ചതിക്കയാണ് ചെയ്തത്. അതിനാൽ നീ അവനെ ഇനി മേലിൽ വിശ്വസിക്കരുത്..”

മുനി അവന് ധാരാളം ധനം ദാനം ചെയ്ത് വീട്ടിലേയ്ക്കയച്ചു. കഥ അവസാനിപ്പിച്ചുകൊണ്ട് രുദ്ര പറഞ്ഞു: “ചെമ്പമ്പകവല്ലീ, യഥാർഥ മിത്രങ്ങൾ ഇങ്ങനെ അടുത്തു ജീവിക്കുന്നവരാണ്. നീയാണെങ്കിൽ പുരുഷന്മാരെ കാണാതെ ജീവിക്കുന്നതിന്റെ രഹസ്യം എന്നോട് പറയുന്നുമില്ല. നീ എന്നെ സ്നേഹിക്കുന്നില്ലെന്നതിന് തെളിവ് വേറെന്തുവേണം?'' ഇത് കേട്ടപ്പോൾ ചെമ്പകവല്ലി വിഷാദത്തോടെ പറഞ്ഞുതുടങ്ങി: “പ്രിയ തോഴീ, പുരുഷന്മാർ വഞ്ചകന്മാരാണ്. സ്ത്രീജനങ്ങളുടെ  അംഗഭംഗിയും നിലനിൽക്കുന്നിടത്തോളം കാലം അവർക്ക് വിലയുണ്ടാകും. അതു കഴിഞ്ഞാൽ സ്വാർഥിയായ പുരുഷൻ അവളിൽ തികച്ചും അശ്രദ്ധനാണ്.'' അവൾ തുടർന്നു: “പണ്ട് ഒരു ആരണ്യത്തിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു. ക്ഷേത്രനടയിലുണ്ടായിരുന്ന മുളങ്കാട്ടിൽ ശല്യൻ എന്നും ശല്ലരി എന്നും പേരായ രണ്ടു കിളികൾ വസിച്ചിരുന്നു. ദമ്പതികളായിരുന്ന അവർ ഒരു ദിവസം കുഞ്ഞുങ്ങൾക്ക് ആഹാരം കൊണ്ടുവരുമ്പോൾ മുളങ്കാട് തീ പിടിച്ചിരിക്കുന്നത് കണ്ടു. തങ്ങളുടെ അരുമസന്താനങ്ങൾ അതിനുള്ളിലാണ്. അവ ചത്തുപോയിരിക്കും. അവരില്ലാത്ത ജീവിതം തങ്ങൾക്ക് വേണ്ടെന്നു നിശ്ചയിച്ച് കിളികൾ മുളങ്കാടിനു നേരെ പറന്ന് അഗ്നിയിൽ പതിക്കാനൊരുങ്ങി. ശല്ലരി തീയിൽ ചെന്നു ചാടി മരിച്ചു. ശല്യനാകട്ടെ, തീയോട് സമീപിച്ചപ്പോൾ അതിന്റെ അസഹ്യമായ ചൂടു തട്ടി പേടിച്ച് പിൻതിരിയുകയാണുണ്ടായത്. ഇതറിഞ്ഞ ശല്ലരിയുടെ ആത്മാവ് പുരുഷന്മാരുടെ വഞ്ചനമൂലം താൻ അടുത്ത ജന്മത്തിലും അവരെ വിശ്വസിക്കുകയില്ലെന്ന് തീരുമാനിച്ചു. ആ ശല്ലരിയാണ് പൂർവജന്മതിയോടുകൂടി ജീവിച്ചിരിക്കുന്ന ഈ ഞാൻ. പുരുഷവർഗം എന്നുമെന്നും വെറുക്കപ്പെടേണ്ടവരാണ്. ചെമ്പകവല്ലിയുടെ വ്രതത്തിനു കാരണം മനസിലാക്കിയ രുദ്ര മറുപടിയായി ഒന്നും പറഞ്ഞില്ല. ഇതെല്ലാം കേട്ടുകൊണ്ട് അണ്ണാന്റെ രൂപത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഭട്ടി, ഇന്നേയ്ക്ക് ഏഴാം ദിവസം താൻ വിക്രമാദിത്യനെക്കൊണ്ട് ചെമ്പകവല്ലിയെ വിവാഹം കഴിപ്പിക്കും  പ്രതിജ്ഞയെടുത്ത് പുറത്തുകടന്നു. അയാൾ സ്വന്തം രൂപത്തിൽ ആയിരം വരാഹമെടുത്ത് ദീർഘയാത്ര കഴിഞ്ഞുവരുന്നവനെന്ന നാട്യത്തിൽ വിജയനഗര രാജാവിനെ ചെന്നു കണ്ടു. രാജാവ് ജിജ്ഞാസാപൂർവം തിരക്കി: “താങ്കൾ ഇത്ര വേഗം മടങ്ങിയെത്തിയോ? കടമെല്ലാം തീർത്തു കഴിഞ്ഞൊ?'' ശല്യരാജന്റെ മറുപടി: “ഈശ്വരസഹായത്താൽ എല്ലാം ശുഭമായി പരിണമിച്ചിരിക്കുന്നു. താങ്കളോടുള്ള കടം തീർത്ത് എന്റെ പത്നിയെ കൊണ്ടുപോകാനാണ് ഞാൻ വന്നിരിക്കുന്നത്.''

രാജാവ്: “അതിനെന്ത് വിരോധം? ഇപ്പോൾതന്നെ ആകാമല്ലോ!” ശല്യരാജനും രുദ്രയും രാജകൊട്ടാരത്തിൽനിന്ന് പുറത്തുകടന്ന് സ്വന്തം വേഷം ധരിച്ചു. കാടാറുമാസം കഴിയുന്നതിനുമുമ്പ് കാര്യം നടത്തണമെന്നുണ്ടായിരുന്ന വിക്രമാദിത്യൻ ഭട്ടിയോട് ഉപദേശമാരാഞ്ഞു. ഇരുവരും കൂടിയാലോചിച്ചു. വിക്രമാദിത്യൻ ഒരു നാടോടിയുടേയും ഭട്ടി യുവതിയുടേയും വേഷത്തിൽ രാജാവിനെ സമീപിക്കാൻ നിശ്ചയിച്ചു. ഭട്ടി നിർദ്ദേശം നല്കി. “യുവതിയായ ഞാൻ അങ്ങയുടെ ശിഷ്യയായും അങ്ങ് ഗുരുവായും അഭിനയിക്കണം. ഞാൻ ഏതെങ്കിലും നാടോടി സംഘത്തിൽ ചേർന്ന് വിജയനഗരത്തിലെത്തി മഹേന്ദ്രജാലങ്ങൾ കാണിക്കാം. രാജാവ് തീർച്ചയായും അതിശയിക്കും. എന്റെ ഗുരുവാരെന്ന് ചോദിക്കുമ്പോൾ, ഗുരു വനത്തിലിരിക്കയാണെന്നും അദ്ദേഹത്തിന് സ്ത്രീകളെ കണ്ടുകൂടെന്നും അതി നാലാണ് വരാതിരിക്കുന്നതെന്നും ഞാൻ മറുപടിയും പറയും. രാജാവ് വന്ന്, അങ്ങ് സ്ത്രീസംസർഗം ഇഷ്ടപ്പെടാതിരിക്കുന്നതിനുള്ള കാരണം ചോദിക്കുമ്പോൾ, ചെമ്പകവല്ലി പറഞ്ഞ കഥ തന്നെ അല്പം വ്യത്യാസത്തോടെ പറയണം. തീയിൽ ചാടിമരിക്കുന്നത് ശല്യനാകണമെന്നുമാത്രം. ഇങ്ങനെയായാൽ നമ്മുടെ ആശ എളുപ്പത്തിൽ സാധിക്കും." ഭട്ടിയുടെ പരിപാടി സ്വീകരിക്കപ്പെട്ടു. അയാൾ ഒരു നാടോടിപ്പെണ്ണിന്റെ വേഷത്തിൽ രാജധാനിയിലെത്തി, രാജാവിന്റെ അനുവാദപ്രകാരം അഭ്യാസപ്രകടനങ്ങൾ തുടങ്ങി. അരങ്ങുകാണാൻ ഒട്ടേറെ ജനങ്ങൾ തടിച്ചു കൂടിയിരുന്നു. മറ്റ് നാടോടികളുടെ പ്രകടനങ്ങൾക്കു ശേഷം ഭട്ടി അരങ്ങിലേറി. അവളുടെ അമാനുഷിക ശക്തി കണ്ട് കാണികൾ അത്ഭുതപ്പെട്ടു. ഭൂമിയിലും ആകാശത്തിലും നിന്ന് അവൾ പ്രകടനം നടത്താൻ  തുടങ്ങി. സമുദ്രവും പർവതങ്ങളും ഇരച്ചുവരുന്നതുപോലെ കാഴ്ചക്കാർക്കു തോന്നി. ഇടിവെട്ടും മിന്നൽപിണരുകളും പേമാരിയും സൃഷ്ടിക്കപ്പെട്ടു. ഈ പ്രകടനങ്ങളെല്ലാം കണ്ട് ചെമ്പകവല്ലി തന്റെ സൗധത്തിൽ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. രാജാവ് ആശ്ചര്യപരതന്ത്രനായി, നാടോടിപ്പെണ്ണിനെ അടുത്തുവിളിച്ച് അവളെ അനുമോദിക്കുകയും ഇതെല്ലാം പഠിപ്പിച്ച ഗുരുവിനെപ്പറ്റി ചോദിക്കുകയും ചെയ്തു. നാടോടിപ്പെണ്ണ് പറഞ്ഞു: “എന്റെ ഗുരുവിന് ഒരു വ്രതമുണ്ട്. അദ്ദേഹം സ്ത്രീകളെ കാണുകയില്ല. അതുകൊണ്ട് വനമധ്യത്തിൽ ഏകനായിരിക്കുകയാണ്." രാജാവ് അദ്ദേഹത്തെ കാണാൻ പരിവാരസമേതം വനത്തിലേയ്ക്ക നടന്നു; കൂടെ ചെമ്പകവല്ലിയുമുണ്ടായിരുന്നു. അദ്ദേഹം ഗുരുവിനെ ചെന്നു കണ്ട് വന്ദിക്കുകയും അദ്ദേഹത്തിന്റെ കലാപ്രകടനങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്തു. ചെമ്പകവല്ലി തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞിരുന്ന് ഗുരുവിനെ വീക്ഷിക്കുന്നുണ്ടായിരുന്നു.

രാജാവ് തിരക്കി : “അങ്ങയുടെ അപാരമായ കഴിവുകൾ പ്രകടിപ്പിക്കാതെ എന്താണ് വനമധ്യത്തിൽ വസിക്കുന്നത്?'' ഗുരുവിന്റെ മറുപടി: “ഞാൻ സ്ത്രീകളെ കാണുകയില്ലെന്ന് ശപഥം ചെയ്തിട്ടുണ്ട്. അതിനാലാണ് ജനങ്ങളിൽനിന്ന് ഇങ്ങനെ അകന്നിരിക്കുന്നത്.'' രാജാവ് ആരാഞ്ഞു: “സ്ത്രീകളെ വെറുക്കാൻ കാരണമെന്താണ്?” ഗുരു പറഞ്ഞു: “ പണ്ടുകാലത്ത് ഒരു മുളങ്കാട്ടിൽ ശല്യനെന്നും ശല്ലരിയെന്നും പേരായ രണ്ടു കിളികളുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്ക് ആഹാരം കൊണ്ടുവരാൻ വേണ്ടി അവർ ഒരിക്കൽ പുറത്തുപോയപ്പോൾ മുളങ്കാടിന് തീപിടിച്ചു. അതിനിടയിൽപ്പെട്ട കുഞ്ഞുങ്ങൾ വെന്തുമരിച്ചു. ദുഃഖി തരായ ശല്യനും ശല്ലരിയും തീയിൽ പതിച്ച് ആത്മഹത്യ ചെയ്യാൻ തീയിനു നേരെ പറന്നെത്തി. എന്നാൽ ചൂട് സഹിക്കാതെയായപ്പോൾ ശല്ലരി അകലേയ്ക്കു പറന്നുപോയി. ശല്യൻ തീരുമാനിച്ച തുപോലെത്തന്നെ തീയിൽ ചാടിമരിക്കുകയും ചെയ്തു. ഭാര്യയുടെ വഞ്ചന മനസിലാക്കിയ ശല്യൻ സ്ത്രീകളെ വെറുക്കുകയും അടുത്തജന്മത്തിൽ സ്ത്രീകളിൽ നിന്നകന്ന് ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ആ ശല്യനാണ് ഞാൻ.'' ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ചെമ്പകവല്ലി കഥയുടെ അവസാനഭാഗമെത്തിയപ്പോൾ ക്രുദ്ധയായി. അവൾ ഉച്ചത്തിൽ എടുത്തു ചോദിച്ചു: “ആരാണ് തീയിൽ ചാടി മരിച്ചത്?'' ഗുരുവിന്റെ ശാന്തസ്വരം: “ശല്യൻ മരിച്ചു, ശല്ലരി പറന്നുപോയി.” “കള്ളം!'' ചെമ്പകവല്ലി ഒച്ചവെച്ചു: "പച്ചക്കള്ളം! ശല്ലരിയാണ് മരിച്ചത്.? അവർ തമ്മിൽ തർക്കം തുടങ്ങി. വാദപ്രതിവാദം മൂത്ത് വഴക്കായി. അത് സംഘട്ടനത്തിൽ കലാശിച്ചു. ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന രാജാവ് വിസ്മയിച്ചുപോയി. കഴിഞ്ഞ ജന്മത്തിൽ നാടോടിയും ചെമ്പകവല്ലിയും ദമ്പതികളായിരുന്നുവെന്ന് അദ്ദേഹം ഊഹിച്ചു. ഈ ജന്മത്തിലും അവർ തമ്മിൽ ദമ്പതികളായിക്കാണാൻ രാജാവിന് എതിർപ്പുണ്ടായിരുന്നില്ല. ചെമ്പകവല്ലിക്കും ഗുരുവിനും ഇത് സമ്മതമായിരുന്നു. ജനങ്ങൾ ഇതറിഞ്ഞ് അത്യധികം സന്തോഷിച്ചു. ശുഭമുഹൂർത്തത്തിൽ പൗരപ്രമാണികളുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും സാന്നിധ്യത്തിൽ ചെമ്പകവല്ലിയുടേയും ഗുരുവിന്റേയും വിവാഹം കെങ്കേമമായി കൊണ്ടാടപ്പെട്ടു. അവർ അവിടെ താമസിച്ചുവരവെ ഒരു ദിവസം ഭട്ടി സ്വന്തം വേഷത്തിൽ വിജയനഗരരാജധാനിയിലെത്തി എല്ലാവരും കേൾക്കെ ഗുരുവിനെ അറിയിച്ചു: “വിക്രമാദിത്യമഹാരാജാവേ, കാടാറുമാസം ഇന്നവസാനിച്ചിരിക്കുന്നു. നമുക്ക് ഇപ്പോൾ തന്നെ പുറപ്പെടണം.''

അപ്പോഴാണ് രാജാവിന് മകളുടെ ഭർത്താവ് ആരാണെന്ന് മനസിലായത്. അദ്ദേഹത്തിന്റെ അതിശയം പറഞ്ഞറിയിക്കാവുന്നതായിരുന്നില്ല. വീരാധിവീരനായ വിക്രമാദിത്യനാണ് തന്റെ ഭർത്താവെന്നറിഞ്ഞ് ചെമ്പകവല്ലി ആനന്ദസാഗരത്തിലാറാടി. നിശ്ചിത ദിവസം തന്നെ പരിവാരസമേതം ദമ്പതികൾ ഉജ്ജയിനിയിലേയ്ക്കു പുറപ്പെട്ടു. വിക്രമാദിത്യൻ അവിടെ പ്രതാപത്തോടെ രാജ്യഭാരം ചെയ്തുതുടങ്ങി. അത്രയും പറഞ്ഞ് സാലഭഞ്ജിക കഥ അവസാനിപ്പിക്കുന്നതോടെ ഭോജനോടൊരു സങ്കടമുണർത്തിച്ചു: "ഭോജരാജാവേ, ഞങ്ങളുടെ സ്വാമിയായ വിക്രമാദിത്യ ചകവർത്തിയുടെ വീരതയുടെ ഒരംശംപോലും അങ്ങേയ്ക്കുണ്ടെങ്കിൽ ഈ സിംഹാസനത്തിൽ കയറുന്നതിന് വിരോധമില്ല.” സൂര്യൻ പടിഞ്ഞാറ് ചാഞ്ഞിരുന്നു. സന്ധ്യാവന്ദനത്തിനു വേണ്ടി ഭോജരാജാവ് പോയതോടുകൂടി അന്നത്തെ സദസ്സ് പിരിഞ്ഞു. നാലാം നാളും അങ്ങനെ കടന്നുപോയി.

No comments:

Post a Comment