ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 16

വിക്രമാദിത്യകഥകൾ - 16

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 16 - "സൂര്യദത്തൻ"
➖➖➖➖➖➖➖➖➖
വിക്രമാദിത്യന്റെ തോളിലേറിയ വേതാളം തന്റെ കഥയിലേക്ക് കടന്നു. സൂര്യദത്തൻ എന്ന ബ്രാഹ്മണൻ തീർത്ഥാടനത്തിന് പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പത്നി പോകും വഴി കഴിക്കാനായി ഭക്ഷണവും നൽകി. അദ്ദേഹം നടന്നുനടന്ന് ക്ഷീണിച്ചപ്പോൾ വഴിയിൽ ഉണ്ടായിരുന്ന പടർന്നു പന്തലിച്ച ആൽമരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു അപ്പോൾ ഒരു പരുന്ത് ഒരു ഒരു പാമ്പിനെ കൊത്തിക്കൊണ്ടുവന്ന് അയാളുടെ തലയ്ക്കു മുകളിലെ ആലിൻ കൊമ്പിലിരുന്ന് തിന്നുവാൻ തുടങ്ങി. പാമ്പിന്റെ മാരകമായ വിഷം സൂര്യദത്തന്റെ ഭക്ഷണത്തിൽ വീണത് അറിഞ്ഞില്ല. വിഷം കലർന്ന ഭക്ഷണം കഴിച്ച് തൽക്ഷണം അദ്ദേഹം മരിക്കുകയും ചെയ്തു. കഥ നിർത്തിയതിനുശേഷം വേതാളത്തിൽ നിന്ന് വിക്രമാദിത്യനോടുള്ള ചോദ്യം വന്നു. “ഇതിന്റെ പാപം ആർക്കാണ്?'' “സൂര്യദത്തന് ഭക്ഷണം കൊടുത്ത പത്നിയും പാമ്പിനെ ഭക്ഷണമാക്കിയ പരിന്തും പരദ്രോഹം  ചെയ്തിട്ടില്ല. അതിനാൽ, അതിനെപ്പറ്റി പറയുന്നവർക്കാണ് പാപം'' എന്നുള്ള വിക്രമാദിത്യന്റെ മറുപടി കേട്ട വേതാളം തന്റെ പഴയ സ്ഥലത്തേയ്ക്കുതന്നെ മടങ്ങിപ്പോയി.

വേതാളം പറഞ്ഞ കഥകൾ 17 - "മായാവതി"
➖➖➖➖➖➖➖➖➖
അടുത്ത ഊഴത്തിൽ വേതാളം വീണ്ടും കഥ പറഞ്ഞു തുടങ്ങി. ഒരു ഗ്രാമത്തിലെ ആദിശേഷനെന്ന വ്യാപാരിയുടെ സൗന്ദര്യവതിയാ മകളായിരുന്നു മായാവതി, അവളെ വിവാഹം ചെയ്യുവാൻ പല യുവാക്കളും ആഗ്രഹിച്ചുവെങ്കിലും അവൾ ആർക്കും വഴങ്ങിയില്ല. ആ രാജ്യത്ത് തസ്കരന്മാരുടെ വല്ലാത്ത ശല്യമുണ്ടായിരുന്നു. കുറ്റക്കാരെ കണ്ടുപിടിക്കുവാൻ വേണ്ടി രാജാവുതന്നെ വേഷപ്രച്ഛന്നനായി ഇറങ്ങിപ്പുറപ്പെട്ടു. അദ്ദേഹം സൂത്രം പ്രയോഗിച്ച് കൊള്ളത്തലവനെ ബന്ധനസ്ഥനാക്കുകയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. പൊതുജനമധ്യത്തിൽ വെച്ച് തൂക്കിലേറ്റാൻ വേണ്ടി അവനെ സേനാനികൾ നടത്തിക്കൊണ്ടുപോകുമ്പോൾ, അവിചാരിതമായി ആ രംഗം മായാവതി കാണുവാനിടയായി. കള്ളന്റെ തേജസ്സ് കളിയാടുന്ന മുഖവും അരോഗദൃഢഗാത്രവും കണ്ട് അവൾ അവനിൽ മയങ്ങിപ്പോയി. താൻ ആ കൊള്ളത്തലവനെ വിവാഹം കഴിച്ചുകൊള്ളാമെന്ന് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു . മകളുടെ നിർബന്ധം മൂലം വ്യാപാരി രാജാവിനോട്‌ അപേക്ഷിച്ചു. എന്നാൽ, രാജാവിന് ഇതൊന്നും സമ്മതമായിരുന്നില്ല. അദ്ദേഹം തസ്കരനെ വധിച്ചുകളയുവാൻ തന്നെ തീരുമാനിച്ചു. ഇതറിഞ്ഞ മായാവതി കൊലക്കളത്തിലേയ്ക്ക് ഭ്രാന്തിയെപ്പോലെ പാഞ്ഞു ചെന്ന് കള്ളന്റെ കാൽക്കൽ വീണ് വിലപിക്കുകയും തന്റെ മനപ്രയാസം അറിയിക്കുകയും ചെയ്തു. തൂക്കുമരത്തിൽ കയറിനിന്നു കൊണ്ട് ഇതെല്ലാം കണ്ട് കൊള്ളത്തലവൻ മരിക്കുന്നതിനുമുമ്പ് മായാവതിയെ നോക്കി ആദ്യം ഒന്നു ചിരിക്കുകയും പിന്നെ കരയുകയും ചെയ്തു. നിമിഷങ്ങൾ നീങ്ങി. നിശ്ചിതസമയം സമാഗതമായി. തന്റെ ഹൃദയനാഥൻ മരിച്ചുവീണപ്പോൾ, സഹിക്കവയ്യാതെ മായാവതി അവിടെത്തന്നെ ഒരു ചിതയുണ്ടാക്കി അതിൽ ചാടി മരിച്ചു. ആ കഥയ്ക്ക് വിരാമമിട്ടുകൊണ്ട് വേതാളം വിക്രമാദിത്യനോട് ചോദിച്ചു: “തൂക്കുമരത്തിൽ നിന്നു കൊണ്ട് കള്ളൻ ആദ്യം ചിരിക്കുകയും പിന്നീട് കരയുകയും ചെയ്തതിന്റെ കാരണമെന്താണ്?'' “അതിനു മുമ്പ് താൻ കണ്ടിട്ടുപോലുമില്ലാത്ത ഒരു യുവതി തന്നെ യോർത്ത് വിലപിക്കുന്നതു കണ്ടപ്പോൾ കള്ളന് ചിരിയും അവളുടെ മാതാ പിതാക്കളുടെ ദുസ്സഹമായ ദുഃഖം കണ്ട് പിന്നീട് കരച്ചിലും വന്നു.'' വിക്രമാദിത്യൻ പറഞ്ഞു കഴിഞ്ഞയുടനേ വേതാളം തോളിൽ നിന്ന് ഇറങ്ങി ഓടിമറഞ്ഞു.

No comments:

Post a Comment