ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 51

വിക്രമാദിത്യകഥകൾ - 51

ഇരുപത്തിയഞ്ചാം സാലഭഞ്ജിക പറഞ്ഞ കഥ

ഭോജരാജന്റെ ഇരുപത്തിയഞ്ചാമത്തെ സിംഹാസനാരോഹണോദ്യമസുദിനവും സമാഗതമായി. നിറഞ്ഞ സദസ്സിൽ ഇരുപത്തിയഞ്ചാമത്തെ പടിയിലേയ്ക്കു പാദമുത്തിയപ്പോൾ അവിടത്തെ സാലഭഞ്ജിക അദ്ദേഹത്തെ തടുത്തുകൊണ്ട് വിക്രമാദിത്യചരിത്രമാരംഭിച്ചു. നാടാറുമാസക്കാലത്ത് വിക്രമാദിത്യൻ ഉജ്ജയിനിയിൽ വാണുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം ഒരു രത്നവ്യാപാരി അദ്ദേഹത്തിന്റെ മുമ്പിൽ വന്നു. അയാളുടെ പക്കൽ വിലപിടിച്ച കുറെ രത്നങ്ങൾ വിൽപ്പനയ്ക്കുണ്ടായിരുന്നു. പക്ഷേ, അവയേക്കാൾ ഭംഗിയും മഹത്വവുമുള്ള രത്നങ്ങളുടെ ഒരു കലവറതന്നെയുണ്ടായിരുന്നു രാജാവിന്റെ കൈവശം. ആയതിനാൽ, കുറേക്കൂടി നല്ല രത്നങ്ങൾ കൊണ്ടുവരാൻ സാധിക്കുമോയെന്ന് അദ്ദേഹം വ്യാപാരിയോട് ചോദിച്ചു. വ്യാപാരി ഇരുപത്തൊന്നുദിവസം അവധിവാങ്ങി നല്ല രത്നങ്ങൾ സംഭരിക്കാൻ യാത്രയായി. കുറെ ശ്രമിച്ചപ്പോൾ അയാൾക്ക് രത്നങ്ങൾ കിട്ടി. ലക്ഷക്കണക്കിന് പൊൻപണം വിലയുള്ള പത്തു രത്നങ്ങളും കൊണ്ട് അയാൾ ഉജ്ജയിനിയിലേയ്ക്ക് തിരിച്ചു. ഇരുപത്തിയൊന്നാം ദിവസം സന്ധ്യയ്ക്കാണ്, അയാൾ നഗരാതിർത്തിയിലുള്ള നദിയുടെ മറുകരയിൽ വന്നുപെട്ടത്. നദിയിൽ വെള്ളം പെരുകിയതിനാൽ തോണിക്കാരാരും തോണിയിറക്കിയിരുന്നില്ല. അക്കരയ്ക്ക് കടക്കാൻ കഴിയാതെ വ്യാപാരി വിഷണ്ണനായി. രാജാവിനോട് പറഞ്ഞ അവധി അന്നത്തോടെ തീരുകയാണ്. അതിനുമുമ്പ് അങ്ങോട്ടെത്തുവാൻ വേണ്ടി അയാൾ പല തോണിക്കാരേയും സ്മീപിച്ചു. മൃത്യുഭയം കൊണ്ട് അവരാരും തോണിയിറക്കാൻ കൂട്ടാക്കിയില്ല. ജീവനാണല്ലോ എല്ലാവർക്കും വലിയത്. അവസാനം അയാൾ മറ്റൊരു തോണിക്കാരനെ വിളിച്ച് തന്റെ കഥ മുഴുവൻ പറയുകയും ഇന്ന് രാത്രി തന്നെ ഉജ്ജയിനിയിലെത്തേണ്ടിയിരിക്കുന്ന വിവരവും പറഞ്ഞു..

ദുരാഗ്രഹിയായ തോണിക്കാരൻ, രത്നങ്ങളിൽ പകുതിയെണ്ണം പ്രതിഫലമായി കൊടുത്താൽ എങ്ങനേയും തോണിയിറക്കാമെന്നായി. ഗത്യന്തര മില്ലാതെ വ്യാപാരി അതിന് സമ്മതിക്കുകയും ബാക്കി അഞ്ചുരത്നങ്ങളും കൊണ്ട് അന്നു രാത്രിതന്നെ വിക്രമാദിത്യനെ ചെന്നുകണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. പ്രസന്നനായ രാജാവ് വ്യാപാരിക്ക് പത്തു രത്നങ്ങളുടേയും വില കൊടുത്തു. “വിക്രമാദിത്യനിൽ നിന്നല്ലാതെ ഇത്രയും ദയാമയവും ഉദാരവുമായ പെരുമാറ്റം വേറെ ആരിൽനിന്ന് ലഭിക്കും?'' സാലഭഞ്ജിക കഥ പറഞ്ഞ് നിർത്തിയപ്പോൾ സന്ധ്യയായതിനാൽ രാജാവും പരിവാരങ്ങളും അനന്തരകർമ്മങ്ങൾക്ക് പോയി.

No comments:

Post a Comment