ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 46

വിക്രമാദിത്യകഥകൾ - 46

ഇരുപതാം സാലഭഞ്ജിക പറഞ്ഞ കഥ

ഇരുപതാം സാലഭഞ്ജിക പറഞ്ഞ കഥ. വിക്രമാദിത്യ മഹാരാജാവ് ഉജ്ജയിനിയിൽ ക്ഷേമത്തോടെ ഭരണം നടത്തിക്കൊണ്ടിരിക്കെ, ഒരു ദിവസം ഒരു യുവാവ് അദ്ദേഹത്തെ കാണാൻ വന്നു. ജഗജാലൻ എന്നു പേരായ അയാൾ പ്രശസ്തനായ ജാലവിദ്യക്കാരനായിരുന്നു. മഹാരാജാവിന്റെ സമ്മതപ്രകാരം അയാൾ തന്റെ അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചു. ജഗജാലന്റെ ഭാര്യയും ആ സമയം അയാളുടെ കൂടെയുണ്ടായിരുന്നു. അവളെ രാജാവിന്റെ പക്കലേല്പിച്ച് അയാൾ ഒരു കയറിൽക്കൂടി ആകാശത്തേയ്ക്ക് കയറിപ്പോയി. അയാളുടെ പിന്നാലെ എവിടെനിന്നോ പ്രത്യക്ഷരായ നൂറുകണക്കിന് ഭടന്മാരും മുകളിലേയ്ക്കു പോയി. അനന്തരം ആകാശത്ത് ഭയങ്കരമായ ഒരു യുദ്ധം നടന്നു. മുറിഞ്ഞു പോയ ശിരസ്സുകളും കൈകാലുകളും താഴെ വീണു. വാളുകൾ കൂട്ടിമുട്ടുന്ന തിന്റേയും ശരങ്ങൾ ചീറിപ്പായുന്നതിന്റേയും ശബ്ദവും അതിനിടയിൽ മരിച്ചു വീഴുന്നവരുടെ ദാരുണവിലാപവും കൊണ്ട് അവിടെ ഒരു മഹായുദ്ധത്തിന്റെ പ്രതീതിയുളവായി. കുറച്ചു നേരം കഴിഞ്ഞപ്പോൾ ജഗജാലനും മരിച്ച് താഴെ വീണു. അയാളുടെ ഭാര്യ ഇതു കണ്ട് നെഞ്ചത്തലച്ച് വിലപിക്കാൻ തുടങ്ങി. ഭർത്താവ് മരിച്ചിട്ട് ഇനി താൻ ജീവിച്ചിരിക്കയില്ലെന്നു പറഞ്ഞ് അവൾ ആത്മഹത്യചെയ്തു. കുറെ കഴിഞ്ഞ് ആകാശത്തുനിന്ന് ഒരു കയറിൽകൂടി ജഗജാലൻ താഴേയ്ക്കിറങ്ങിവരികയും വിക്രമാദിത്യനോട് തന്റെ ഭാര്യയെ മടക്കിത്തരാൻ ആവശ്യപ്പെടുകയും ചെയ്തു. അതും ജാലവിദ്യയിലെ ഒരിനമായിരുന്നുവെന്ന് രാജാവിന് മനസിലായിരുന്നു. അദ്ദേഹം ഉടനേ മുമ്പുകണ്ട സ്ത്രീയുടെ ഛായയിൽ നൂറ് സ്ത്രീകളെ സ്വയം ജാലവിദ്യ പ്രയോഗിച്ച് സൃഷ്ടിക്കുകയും അതിൽനിന്ന് ഭാര്യയെ തിരഞ്ഞുപിടിച്ചുകൊള്ളാൻ പറയുകയും ചെയ്തു. തന്റെ വിദ്യകളൊന്നും രാജാവിന്റെ മുമ്പിൽ വിലപ്പോകയില്ലെന്ന് കണ്ടറിഞ്ഞ ജഗജാലനും ഭാര്യയും അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിക്കുകയും തോൽവി സമ്മതിക്കുകയും ചെയ്തു. ശേഷം സാലഭഞ്ജിക ഭോജരാജാവിനോട് പറഞ്ഞു: “ഹേ, രാജാവേ, ജാലവിദ്യകളെക്കൊണ്ട് ജീവിതത്തെ ഭാസുരമാക്കിത്തീർത്ത വിക്രമാദിത്യന്റെ ഈ സുവർണപീഠത്തിലേറാനുദ്യമിക്കുന്ന അങ്ങ് ഔചിത്യബോധമില്ലാത്തയാളാണ്.'' അസ്തമയസൂര്യൻ പടിഞ്ഞാറൻ ചക്രവാളസീമയിൽ ചെഞ്ചായം പൂശിക്കഴിഞ്ഞിരുന്നു. രാജാവും മന്ത്രിയും സദസ്സ് പിരിച്ചുവിട്ട് അടുത്ത ദിവസത്തേക്കുള്ള കാത്തിരിപ്പായി

No comments:

Post a Comment