ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 24

വിക്രമാദിത്യകഥകൾ - 24

അഞ്ചാം ദിവസം രാഗിണി പറഞ്ഞ കഥ തുടർച്ച...

ആനറാഞ്ചിപ്പക്ഷികൾ ആരാഞ്ഞു: “കുഞ്ഞുങ്ങളേ, നിങ്ങളെല്ലാവരും എന്താണ് വിഷാദിച്ചിരിക്കുന്നത്? കാര്യം തുറന്നു പറയൂ. എന്തുണ്ടായി ഇവിടെ?'' കുഞ്ഞുങ്ങൾ പറഞ്ഞു: “ഞങ്ങളെ കൊന്നുതിന്നാൻ വന്ന സർപ്പം രണ്ടു കഷണമായി കിടക്കുന്നത് കണ്ടില്ലേ? ദൈവകൃപയാൽ പെട്ടെന്ന് വന്നെത്തിയ ആ മനുഷ്യനാണ് സർപ്പത്തെ കൊന്ന് ഞങ്ങളെ രക്ഷിച്ചത്. ഞങ്ങളോട് സ്നേഹമുണ്ടങ്കിൽ അച്ഛനുമമ്മയും അയാളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണം.'' ആനറാഞ്ചിപ്പക്ഷികൾ ഉടനേ മന്തികുമാരനെ വിളിച്ച് അയാൾക്ക് എന്തുപകാരമാണ് ചെയ്തുകൊടുക്കേണ്ടതെന്ന് ചോദിച്ചു. ഏഴു കടലുകൾക്കപ്പുറത്തുള്ള കാഞ്ചനദ്വീപിൽ ചെന്ന് രാജകുമാരിയെ കൊണ്ടുവരാൻ തന്നെ സഹായിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു. പക്ഷികൾ അയാളെ തങ്ങളുടെ പുറത്തുകയറ്റി ലക്ഷ്യത്തിലേയ്ക്ക് പറന്നു. ഓരോ ദ്വീപിലെത്തുമ്പോഴും അതിന്റെ പേരുകൂടി പറഞ്ഞുകൊടുക്കണമെന്ന് അയാൾ ഏൽപിച്ചിട്ടുണ്ടായിരുന്നു. അവസാനം, രത്നദീപ് എന്ന് പക്ഷികൾ വിളിച്ചു പറഞ്ഞപ്പോൾ അയാൾ ഒന്ന് വിശ്രമിക്കാനെന്ന വ്യാജേന താഴേയ്ക്കിറക്കാൻ പറയുകയും അവിടന്ന് കുറെ വിലകൂടിയ രത്നങ്ങൾ പെറുക്കി സൂക്ഷിക്കുകയും ചെയ്തു. ഒടുവിൽ, അവർ കാഞ്ചനദ്വീപിൽ ചെന്നെത്തി. ആവശ്യം വരുമ്പോൾ തങ്ങളെ സ്മരിച്ചാൽ ഉടനേ വരാമെന്നു പറഞ്ഞ് പക്ഷികൾ പറന്നുപോയി. മന്ത്രികുമാരൻ നഗരത്തിലെത്തി രത്നവ്യാപാരം ചെയ്യാൻ തുടങ്ങി. അയാൾ രാജകൊട്ടാരത്തിനടുക്കൽ തന്നെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു വലിയ സൗധം വാടകയ്ക്കെടുത്ത് അതിൽ പാർപ്പാരംഭിച്ചു. ഇതിനിടയിൽ രത്നങ്ങളുടെ ഭംഗിയും വിലക്കൂടുതലും മൂലം പ്രസിദ്ധനായിത്തീർന്ന അയാൾ രാജാവിന് പരിചിതനായിക്കഴിഞ്ഞിരുന്നു. ധനവും പ്രൗഢിയുമുള്ളവരോട് എപ്പോഴും ഇടപഴകി ജീവിക്കാനാണ് രാജാക്കന്മാർ ഇഷ്ടപ്പെടുക. രാജകുമാരി സുമുഖനും യുവാവുമായ പുതിയ വ്യാപാരിയെ കണ്ട് സന്തോഷിച്ചു. ഇക്കാര്യം അയാൾക്കു മനസ്സിലായപ്പോൾ, തന്റെ വസതിയിൽനിന്ന് കുമാരിയുടെ ഗൃഹത്തിലേയ്ക്ക് ഒരു ഭൂഗർഭമാർഗ്ഗം ഉണ്ടാക്കി അയാൾ സൂത്രത്തിൽ അവിടെയെത്തി. ഉറങ്ങിക്കിടന്ന കുമാരി കണ്ണുതുറന്നപ്പോൾ, താൻ ആഗ്രഹിച്ച പുരുഷൻ അടുത്തുനിൽക്കുന്നതു കണ്ട് അത്യധികം സന്തോഷിച്ചു. അവളുടെ ആനന്ദത്തിന് അതിരുണ്ടായിരുന്നില്ല. കോട്ടയും കാവൽക്കാരുമുള്ള തന്റെ മുറിയിലേയ്ക്ക് ഒരീച്ച പോലും അറിയാതെ എങ്ങനെ കടന്നുവന്നുവെന്ന് അവൾ അതിശയിച്ചു. ഉടനെത്തന്നെ മന്ത്രികുമാരൻ തന്റെ ആത്മമിത്രമായ രാജകുമാരൻ അവളുടെ പ്രതിമ കണ്ട് മോഹിച്ചിരിക്കുന്ന കാര്യവും തന്റെ ആഗമനോദ്ദേശ്യവും വിശദമായി പറഞ്ഞുകേൾപ്പിച്ചു. രാജകുമാരന്റെ ഭാര്യ യായിരിക്കാൻ അവൾക്ക് കൂടുതൽ താല്പര്യമുണ്ടായി. അവളെ തന്റെ കൂടെ കൊണ്ടുപോകാൻ മന്ത്രികുമാരൻ ചില സൂത്രങ്ങൾ കണ്ടെത്തി..

തന്റെ പത്നി നാട്ടിൽനിന്ന് വന്നിരിക്കുന്നതിനാൽ ഒരു വിരുന്ന് ഏർപ്പെടുത്തുന്നുണ്ടെന്നും അതിൽ രാജാവുകൂടി പങ്കെടുക്കണമെന്നും അയാൾ രാജാവിനെ അറിയിച്ചു. രാജാവ് വളരെ സന്തോഷത്തോടെ രാജ്ഞിയേയും രാജകുമാരിയേയും കൂട്ടി പോകാൻ നിശ്ചയിച്ചു. എന്നാൽ മകൾ വയറ്റിൽ വേദന നടിച്ച് ചടങ്ങിൽ പങ്കെടുക്കാൻ പോയില്ല. രാജാവും രാജ്ഞിയും വിരുന്നിനു പോയപ്പോൾ, അവൾ രഹസ്യമാർഗത്തിലൂടെ പ്രച്ഛന്നവേഷയായി മന്ത്രികുമാരന്റെ വസതിയിലെത്തി, മന്ത്രികുമാരന്റെ പത്നി എന്ന നാട്യത്തിൽ രാജാവിനേയും പരിവാരങ്ങളേയും സ്വീകരിക്കാൻ തയ്യാറായി നിന്നു. മന്ത്രികുമാരൻ തന്റെ ഭാര്യയെ പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ രാജാവിന്റെ ആശ്ചര്യത്തിന് അതിരുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഒരു സംശയം. ഇത് തന്റെ മകളാണെന്ന്. ഏതായാലും ഒന്നു പരിക്ഷിച്ചുകളയാമെന്ന് അദ്ദേഹം കരുതി. രാജാവ് ഭക്ഷണത്തിനിരിക്കെ, അവളുടെ വസ്ത്രാഗത്തിൽ അൽപം നെയ്യ് പുരട്ടി. പക്ഷേ വിരുന്നുകഴിഞ്ഞ് അതിഥികളെല്ലാം പോയപ്പോൾ മന്ത്രികുമാരന്റെ നിർദ്ദേശപ്രകാരം അതേ തരത്തിലുള്ള വേറെ വസ്ത്രം ധരിച്ചുകൊണ്ട് രാജകുമാരി രഹസ്യമാർഗത്തിലൂടെ തന്റെ മുറിയിൽ ചെന്ന് കിടന്നു. രാജാവ് മടങ്ങിയെത്തി മകളുടെ മുറിയിൽ ചെന്നപ്പോൾ അവൾ അവിടെത്തന്നെ കിടക്കുന്നതാണ് കണ്ടത്. എന്നിട്ടും സംശയം തീരാതെ അദ്ദേഹം അവളുടെ വസ്ത്രാഗ്രം പരിശോധിച്ചു. അവിടെ നെയ്യ് വീണതിന്റെ പാടു പോലും ഉണ്ടായിരുന്നില്ല. സുശീലയായ തന്റെ മകളെ തെറ്റിദ്ധരിച്ചതിൽ അദ്ദേഹം പശ്ചാത്തപിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് രത്നവ്യാപാരി രാജാവിനെ ചെന്ന് കണ്ട്, താൻ പത്നിയോടുകൂടി മടങ്ങുകയാണെന്നും തങ്ങളെ അനുഗ്രഹിക്കണ മെന്നും അഭ്യർഥിച്ചു. രാജാവും കൂട്ടരും കണ്ടുനില്ക്കെത്തന്നെ മന്ത്രികുമാരൻ രാജകുമാരിയേയും കൂട്ടി യാത്രതിരിച്ചു. സ്മരിച്ച് മാത്രയിൽ ആനറാഞ്ചിപ്പക്ഷികൾ വന്നെത്തുകയും അവയുടെ പുറത്തുകയറി രാജകുമാരൻ താമസിക്കുന്ന ക്ഷേത്രത്തിലെത്തുകയും ചെയ്തു. പ്രതിമയുടെ മനോഹാരിതയിൽ സ്വയം മറന്ന രാജകുമാരൻ അപ്പോഴും "പൂച്ചെണ്ട് തരൂ'' എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിമയുടെ മുമ്പിൽ നില്ക്കുകയായിരുന്നു. മന്ത്രികുമാരൻ രാജകുമാരിയോട് പറഞ്ഞു: “ഭവതി ഈ പൂച്ചെണ്ട് കൊണ്ടുപോയി രാജകുമാരന്റെ മുമ്പിൽ ചെന്ന് "ഇതാ പൂച്ചെണ്ട്'' എന്നു പറയണം. എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ മരിച്ചു വെന്ന് അറിയിച്ചോളൂ. ഇത്രയും കഷ്ടപ്പെട്ട് ആഗ്രഹം സാധിപ്പിച്ച സ്നേഹിതനോട് അദ്ദേഹത്തിന് എത്രമാത്രം സ്നേഹമുണ്ടെന്ന് പരീക്ഷിക്കാമല്ലോ.'' മന്ത്രികുമാരൻ ഒളിച്ചുനിന്ന് അവളെ മുൻകൂട്ടി പറഞ്ഞയച്ചു. പെട്ടെന്ന് ജീവനുള്ള രാജകുമാരിയെ കണ്ടപ്പോൾ രാജകുമാരൻ അത്ഭുതപെട്ടു. തന്റെ സുഹൃത്ത് അവളെ കൊണ്ടുവരുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അയാൾ. രാജകുമാരൻ തിരക്കി: “മന്ത്രികുമാരൻ എവിടെ?''...

രാജകുമാരൻ മന്ത്രികുമാരനെ തിരക്കിയപ്പോൾ മുൻനിയോഗപ്രകാരം അവൾ പറഞ്ഞു: “അദ്ദേഹം മരിച്ചുപോയി.'' തന്റെ ആഗ്രഹം സാധിപ്പിക്കാൻവേണ്ടി മരിച്ചുപോയ സുഹൃത്തിനെപ്പറ്റിയോർത്ത് അയാളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. ഇനി താൻ ജീവിച്ചിരുന്നിട്ട് ഫലമില്ലെന്നോർത്ത് അയാൾ വാളുരി വെട്ടിമരിച്ചു. താൻ ഭർത്താവായി സ്വീകരിക്കാൻ ആശിച്ച കുമാരൻ മരിച്ചതു കണ്ട രാജകുമാരി ഇച്ഛാ ഭാഗം മൂലം ആത്മഹത്യ ചെയ്തു. കുറച്ചുകഴിഞ്ഞ് അവിടെ എത്തിയ മന്ത്രികുമാരൻ, കളി കാര്യമായല്ലോയെന്നും ഇനി ജീവിക്കുന്നതെന്തിനാണെന്നും ചിന്തിച്ച് അപ്പോൾതന്നെ വാളെടുത്ത് നെഞ്ചിൽ കുത്തിയിറക്കി. ക്ഷേതത്തിലെ കാര്യസ്ഥൻ വന്നപ്പോൾ രക്തം പുരണ്ട മൂന്നു ശവങ്ങളാണ് കണ്ടത്. അയാളും വ്യസനം മൂലം മരിച്ചു. ക്ഷേത്രദർശനത്തിന് വന്നവർ ദേവീസന്നിധിയിൽ കാര്യസ്ഥനും വേറെ ചിലരും മരിച്ചുകിടക്കുന്നതു കണ്ട് എന്തോ ആപത്ത് അടുത്തുവരുന്നെന്ന് ഭയന്ന് ഭക്തിപൂർവം ദേവിയെ പ്രാർഥിച്ചു. ദേവി പ്രത്യക്ഷയായി നാലാളെയും ജീവിപ്പിച്ചു. അവരെല്ലാം ദീർഘകാലം സുഖമായി ജീവിക്കുകയും ചെയ്തു. തിരശ്ശീല വിക്രമാദിത്യനോട് ചോദിച്ചു: “ഇതിൽ ആരുടെ മരണമാണ് പ്രശംസിക്കത്തക്കത്?'' കിട്ടിയ അവസരം വിക്രമാദിത്യൻ പാഴാക്കിക്കളഞ്ഞില്ല. സൂര്യഗായത്രിയെക്കൊണ്ട് സംസാരിപ്പിക്കണമെന്നു കരുതി അദ്ദേഹം മറുപടി പറഞ്ഞു: “രാജകുമാരന്റെ മരണമായിരുന്നു പ്രശംസനീയം.” “എന്ത്?' സൂര്യഗായത്രി ഞെട്ടിപ്പിടഞ്ഞ് പെട്ടെന്ന് നാക്കനക്കി: “എന്തസംബന്ധമാണീ പറയുന്നത്? രാജകുമാരിയും കുമാരന്മാരുമായി. യാതൊരു ബന്ധവുമില്ലാത്ത ക്ഷേത്രകാര്യസ്ഥൻ മരിച്ചതായിരുന്നു പ്രശംസനീയം.'' പക്ഷെ വിക്രമാദിത്യൻ അവളോട്‌ ഒന്നും പറഞ്ഞില്ല പകരം ഇങ്ങനെ പറഞ്ഞു. "കഥ ഒന്ന് വാക്കും ഒന്ന്.'' പെട്ടന്ന് തന്നെ വേതാളത്തെ സൂര്യഗായത്രിയുടെ വസ്ത്രത്തിൽ പ്രവേശിപ്പിച്ച് വിക്രമാദിത്യൻ അതിനോട് ഒരു കഥ പറയാൻ ആവശ്യപ്പെട്ടു. വസ്ത്രം പരാതി പറഞ്ഞു: “ഞാൻ എങ്ങനെയാണ് കഥ പറയുന്നത്? സൂര്യഗായത്രിയുടെ ഭാരത്തെ ചുമക്കേണ്ടിവരുന്നതു കാരണം ഞാൻ വീർപ്പുമുട്ടിയാണിരിക്കുന്നത്. കൂടാതെ, അവളുടെ ശരീരത്തിൽനിന്ന് പുറപ്പെടുന്ന ദുർഗന്ധം എനിക്കു സഹിക്കവയ്യ.” താൻ ധരിച്ചിരിക്കുന്ന വസ്ത്രം സംസാരിക്കുന്നത് കണ്ടപ്പോൾ സൂര്യഗായത്രി അത്ഭുതപ്പെട്ടു. അവൾ ആ വസ്ത്രം മാറ്റി മറ്റൊന്നു ധരിച്ച് കഥ കേൾക്കാൻ കാത്തിരുന്നു. വിക്രമാദിത്യന്റെ അഭ്യർഥനപ്രകാരം സൂര്യഗായത്രിയുടെ അഴിച്ചിട്ട വസ്ത്രം കഥ പറയാനും തുടങ്ങി...

വസ്ത്രം കഥ തുടങ്ങി.. മന്ദാരവല്ലി ഒരു രാജകുമാരിയായിരുന്നു; മതി വല്ലഭൻ ആ നാട്ടിലെ മന്ത്രിയുടെ ഓമനപ്പുത്രനും. ഇരുവരും കളികൂട്ടുകാരായിരുന്നു. യൗവനം വന്നപ്പോൾ അവരുടെ സ്നേഹം പ്രേമമായി മാറി. മന്ദാരവല്ലി തോഴിയുടെ സഹായത്താൽ ദിവസവും മതിവല്ലഭനെവരുത്തി അയാളുമായി സംസാരിക്കാറുണ്ടായിരുന്നു. അത് മറ്റു വല്ലവരും അറിയുമെന്നു ഭയപ്പെട്ട് രാജകുമാരിയും മന്ത്രി കുമാരനും ഒളിച്ചോടി. അവർ പല സ്ഥലങ്ങളിലും ചുറ്റിത്തിരിഞ്ഞ് അവസാനം ഒരു സത്രത്തിലെത്തി. ഇതിനകം രാജകുമാരി പൂർണഗർഭിണിയായിരുന്നു. പ്രസവവേദന തുടങ്ങി. മതിവല്ലഭൻ സൂതികർമിണിയെ വിളിക്കാൻ നഗരത്തിലേയ്ക്ക് ഇറങ്ങി നടന്നു. അവൻ ചെന്നുകയറിയത് ഒരു ദാസീഗൃഹത്തിലായിരുന്നു. ദാസി അവന്റെ അനിതരസാധാരണമായ രൂപലാവണ്യം കണ്ട് മതിമറക്കുകയും അവനോടുകൂടെ ജീവിക്കണമെന്നു നിശ്ചയിച്ച്, അവനെ മന്ത്രവിദ്യയാൽ ഒരു പോത്താക്കി മാറ്റി സ്വന്തം തൊഴുത്തിൽ കൊണ്ടു കെട്ടുകയും ചെയ്തു. രാത്രിയാകുമ്പോൾ അവൾ അവനെ ശരിയായ രൂപത്തിലാക്കും. പകൽ പോത്തായും രാത്രിയിൽ സ്വന്തം രൂപത്തിലും മന്ത്രികുമാരൻ ആ ദാസീഗ്രഹത്തിൽ കഴിഞ്ഞുകൂടി. പ്രസവവേദനയനുഭവിച്ചു കിടന്നിരുന്ന മന്ദാരവല്ലിയുടെ ദീനരോദനം കേട്ട് ചില സ്ത്രീകൾ ഓടിയെത്തി. അവരുടെ സഹായത്താൽ അവൾ പ്രസവിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവ് വന്നുചേരാത്തതിനാൽ ദുഃഖിതയായിത്തീർന്ന രാജകുമാരി ആ നാട്ടിലെ രാജാവിനേയും മന്ത്രിയേയും ചെന്നുകണ്ട് തന്റെ പരിതാപകരമായ നില അവരെ അറിയിക്കുകയും തനിക്ക് ആത്മഹത്യചെയ്യാൻ ഒരു അഗ്നികുണ്ഡം ഉണ്ടാക്കിത്തരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. മന്ദാരവല്ലിയുടെ നിർബന്ധം കലശലായപ്പോൾ മന്ത്രി അഗ്നികുണ്ഡ മുണ്ടാക്കി. അവൾ കൈക്കുഞ്ഞിനേയുമെടുത്ത് തീയിൽ ചാടിമരിക്കാൻ തയ്യാറായി. ഈ കാഴ്ച കാണുവാനായി മതിവല്ലഭനേയും കൊണ്ട് ദാസിയും അവിടെ വന്നുചേർന്നു. മന്ദാരവല്ലി തീയിൽ ചാടിയപ്പോഴാണ് മന്ത്രികുമാരന് പൂർവകാലസ്മരണയുണ്ടായത്. വിഷാദവിവശനായ അയാൾ ജീവിച്ചിട്ട് ഫലമില്ലെന്നു കരുതി അതേ തീക്കുണ്ഡത്തിൽ ചെന്നു ചാടി. അതു കണ്ടപ്പോൾ ദാസിയും ആ അഗ്നിയിൽ തന്റെ ജീവൻ ഹോമിച്ചു. ഇതെല്ലാം കണ്ടു നിന്നിരുന്ന മന്ത്രി തന്റെ അശ്രദ്ധമൂലമാണ് മതിവല്ലഭനെ കണ്ടുപിടിക്കാൻ കഴിയാതിരുന്നതെന്ന് കരുതി പശ്ചാത്താപഭരിതനായി തീയിൽ ചാടി മരിച്ചു. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത അപമൃത്യുക്കളാണ് തന്റെ നാട്ടിൽ സംഭവിച്ചിരിക്കുന്നതെന്നോർത്ത് രാജാവിന് ക്ലേശം സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം കുലദേവതയായ ഭദ്രകാളിയുടെ മുമ്പിൽ ചെന്ന് പ്രാർഥിച്ചു...

“അംബികേ, എന്റെ നാട്ടിൽ കുറച്ച് ദുർമരണങ്ങൾ സംഭവിച്ചിരിക്കുന്നു. അവരെല്ലാം നല്ലയാളുകളാണ്. അവരെ ഉടൻ ജീവിപ്പിച്ചുതന്നാലും. അല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കുകയില്ല.” ഇത്രയും പറഞ്ഞ് രാജാവ് സ്വയം തലവെട്ടാനൊരുങ്ങി. പ്രസന്നയായ ദേവി പ്രത്യക്ഷയായി. രാജാവിനെ അനുഗ്രഹിക്കുകയും മരിച്ചവരെ പുനർജ്ജീവിപ്പിക്കുകയും ചെയ്തു. വസ്ത്രം വിക്രമാദിത്യനോട് ചോദിച്ചു: " പ്രഭോ, അഗ്നിയിൽ ചാടിമരിച്ചവരിൽ ആർക്കാണ് കൂടുതൽ ശ്രഷ്ഠത?'' വിക്രമാദിത്യൻ “സംശയമുണ്ടോ, ദാസിക്കാണ് കൂടുതൽ ശ്രേഷ്ഠത.'' പെട്ടന്ന് സൂര്യഗായത്രി പറഞ്ഞു  “വിഡ്ഢിത്തം പറയാതിരിക്കു. മന്ത്രിയാണ് ഇവിടെ ഏറ്റവും ശ്രഷ്ഠൻ.'' അപ്പോഴും  വിക്രമാദിത്യൻ സൂര്യഗായത്രിയോട് ഒന്നും പറഞ്ഞില്ല. പകരം അദ്ദേഹം മധുരമായി ഉരുവിട്ടു. ''കഥ രണ്ട്; വാക്കും രണ്ട്.'' പിന്നീട് അദ്ദേഹം വേതാളത്തെ സൂര്യഗായത്രി അപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിൽ പ്രവേശിപ്പിച്ച് അതിനോട് ഒരു കഥപറയാൻ ആവശ്യപ്പെടുകയാണുണ്ടായത്. അപ്പോൾ വസ്ത്രം കേണു: “മഹാത്മാവേ, അങ്ങ് കഥ പറയാൻ എന്നോട് ആജ്ഞാപിക്കുന്നത് മഹാകഷ്ടമാണ്. സൂര്യഗായത്രിയുടെ ശരീരം ചുമക്കുന്നതുമൂലം ഞാൻ വല്ലാതെ തളർന്നുപോയിരിക്കുന്നു.'' തന്റെ ശരീരത്തുള്ള വസ്ത്രം സംസാരിക്കുന്നതു കേട്ടു സൂര്യഗായത്രിയുടെ ആശ്ചര്യം ഇരട്ടിച്ചു. മറ്റൊന്ന് കൊണ്ടുവരുവിച്ച് അവൾ വസ്ത്രം മാറ്റുകയും   മറ്റൊന്ന് ധരിക്കുകയും ചെയ്തു. അഴിച്ചു കളഞ്ഞ വസ്ത്രം വീണ്ടും കഥയാരംഭിച്ചു. കുന്തളദേശാതിർത്തിയിൽ മുരുകേശൻ എന്നു പേരായ ഒരു തസ്കര പ്രമാണിയുണ്ടായിരുന്നു. മോഷണവിദ്യയിൽ സമർഥരായി അയാൾക്ക് നാലു പുത്രൻമാരുണ്ടായിരുന്നു. മുഴുക്കള്ളൻ, മുക്കാൽക്കള്ളൻ, അരക്കള്ളൻ, കാൽക്കള്ളൻ എന്നിങ്ങനെയായിരുന്നു അവരുടെ നാമധേയങ്ങൾ. ഒരു ദിവസം അച്ഛൻ കാൽക്കള്ളനെ അരികത്തേയ്ക്കു വിളിച്ചു പറഞ്ഞു: “മകനേ, നമ്മുടെ തൊഴിലിൽ നീ എത്രത്തോളം വൈദഗ്ധ്യം സമ്പാദിച്ചിട്ടുണ്ടെന്നറിയാൻ എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് നീ കുന്തള ദേശത്തു ചെന്ന് മോഷണം നടത്തി പുലരുന്നതിനുമുമ്പ് തിരിച്ചുവരണം....''

മകൻ സന്തോഷത്തോടെ സമ്മതിച്ച് പട്ടണത്തിലേയ്ക്ക് യാത്രയായി. അവൻ വഴിയിൽ ഒരു മൺകലക്കഷണമെടുത്ത് ഉരച്ച് വൃത്താകൃതിയിലാക്കി പവനാണെന്ന നാട്യത്തിൽ വസ്ത്രാഗത്തിൽ കെട്ടി ചെന്നു കയറിയത് ഒരു ക്ഷുരകന്റെ കടയിലായിരുന്നു. അവൻ ക്ഷുരകനോട് പറഞ്ഞു: "എനിക്ക് ഉടനേ ക്ഷൗരം ചെയ്തുതരണം. മേൽമീശ നിറുത്തണം. നിനക്ക് ഞാൻ കാൽ പവൻ തരാം. വേഗമാകട്ടെ.'' ഒരു ദിവസം മുഴുവൻ പണിയെടുത്താലും കാൽ പവൻ കിട്ടാൻ പ്രയാസമായതുകൊണ്ട് ക്ഷുരകൻ ഉടൻ സമ്മതിച്ചു. ക്ഷൗരം കഴിഞ്ഞപ്പോൾ കള്ളൻ പറഞ്ഞു: “എന്റെ കൈയിൽ ഒരു പവനാണുള്ളത്. ബാക്കി തരാനുണ്ടോ? അല്ലെങ്കിൽ എന്റെ കൂടെ വരിക, ഞാൻ മാറിത്തരാം. നിനക്ക് പണിത്തിരക്കാണ്ങ്കിൽ എന്റെ കൂടെ വല്ല കുട്ടികളേയും അയച്ചാൽ മതി.'' ക്ഷുരകൻ ഉടനേ തന്റെ കുട്ടിയെ കാൽക്കള്ളന്റെ കൂടെ പറഞ്ഞയച്ചു. അവർ ചെന്നുകയറിയത് ഒരു തുണിക്കടയിലാണ്. അയാൾ അവിടെ നിന്നു വിലപിടിച്ച കുറെ തുണികൾ വാങ്ങി തുണികൾ സത്രത്തിലിരിക്കുന്ന തന്റെ ഭാര്യയേയും സഹോദരിയേയും കാട്ടിവരാമെന്നും ആവശ്യമുള്ളതുകഴിച്ച് ബാക്കി ഇവിടെ കൊണ്ടുവന്ന് തരാമെന്നും പറഞ്ഞു. താൻ വരുന്നതുവരെ തന്റെ മകൻ ഇവിടെത്തന്നെ ഇരിക്കട്ടെയെന്നു കൂടി പറഞ്ഞപ്പോൾ പീടികക്കാരൻ വിശ്വസിച്ച് കാൽക്കള്ളന്റെ കൈവശം തുണികൾ കൊടുത്തയച്ചു. വളരെയേറെ വിലയുള്ള തുണിച്ചരക്കും കൊണ്ട് കള്ളൻ നേരെ തന്റെ അച്ഛന്റെ അരികിലേയ്ക്കു നടന്നു. മകന്റെ മിടുക്കു കണ്ട് അച്ഛൻ സന്തോഷിക്കുകയും അരക്കള്ളനെന്നു പേരായ മകനെ കളവുനടത്താൻ പട്ടണത്തിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. തുണിത്തരങ്ങൾ കൊണ്ടുപോയവനെ വളരെ സമയമായിട്ടും കാണാതായപ്പോൾ പീടികക്കാരന് പരിഭ്രമമായി. അയാൾ കുട്ടിയോടു ചോദിച്ചു: “മോനേ, നിന്റെ അച്ഛനെവിടെ?'' “അച്ഛൻ ക്ഷൗരം ചെയ്യുകയാണ്'' എന്ന് കുട്ടി മറുപടി പറഞ്ഞപ്പോൾ അയാൾ കോപിച്ച് കുട്ടിയെ ഒരു തൂണിൽ കെട്ടിനിറുത്തി. കുട്ടിയുടെ നില വിളികേട്ട് ആളുകൾ ഓടിക്കൂടുകയും വിവരമന്വേഷിക്കുകയും ചെയ്തു. കുട്ടിയെ കാണാതായ ക്ഷുരകനും പെട്ടെന്ന് അവിടെയെത്തി അയാൾ പീടികക്കാരനോട് കയർത്തു. അപ്പോഴാണ് സത്യം വെളിപ്പെട്ടത്. തങ്ങൾക്കു പറ്റിയ അമളി മനസ്സിലായി ക്ഷുരകനും പീടികക്കാരനും ദുഖിച്ചു. ഈ വിവരം പാറാവുകാർ അറിഞ്ഞ് കള്ളനെ പിടിക്കാനായി പട്ടണത്തിൽ വലിയ കാവലേർപ്പെടുത്തി.

No comments:

Post a Comment