ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 November 2021

മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ സാന്നിദ്ധ്യം

മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ സാന്നിദ്ധ്യം

മള്ളിയൂർ ഗണപതി ബീജഗണപതിയുടെ വലംപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്. അത്യപൂർവമായ വൈഷ്ണവ ഗണപതി സങ്കല്പം. ഗണപതിയുടെ മടിയിൽ കഥകേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ. ഉന്നതവും ഉദാത്തവുമായ മനീഷിയിൽനിന്ന് ഉരുത്തിരിയുന്ന പ്രായോഗിക ജീവിതമാർഗത്തിന്റെ അരുൾമൊഴികൾ ഏറ്റുവാങ്ങുന്ന ഒരു തലമുറയുടെ പ്രതീകമാണത്. ഭാഗവതകഥ കേൾക്കുന്നതിലൂടെ നമുക്കു നേടാൻ കഴിയുന്ന ഊർജസ്വലതയും കർമ്മകുശലതയുമാണ് ഈ അപൂർവ സംഗമം ദ്യോതിപ്പിക്കുന്നത്. ചിന്തയും പ്രവൃത്തിയും ബുദ്ധിയും സിദ്ധിയും തമ്മിലുള്ള, ഉണ്ടാകേണ്ട  ഐക്യഭാവവും ഇവിടെ പ്രത്യക്ഷമാകുന്നു.

മള്ളിയൂരിലെ മഹാഗണപതി ക്ഷിപ്രപ്രസാദിയാണ്. വലംപിരിയായ തുമ്പിക്കയ്യിൽ മാതളനാരങ്ങയും കൈകളിൽ മഴു, കയർ, കൊമ്പ്, ലഡു എന്നിവയുമുണ്ട്. അമ്പാടിക്കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന ഗണേശരൂപമാണു ജ്യോതിഷ ചിന്തയിൽ തെളിഞ്ഞത്. ഇത്തരത്തിലുള്ള ചിത്രാലേഖനമാണു ഏറെ പ്രചാരം നേടിയത്.

വൈഷ്ണവ ഗണപതി സങ്കല്പം മള്ളിയൂരിൽ എങ്ങനെയുണ്ടായി? അതേപ്പറ്റി മള്ളിയൂർ തന്നെ ഒരിക്കൽ ഇങ്ങനെ പറഞ്ഞു:

‘‘തന്ത്രശാസ്ത്രത്തിൽ രണ്ട് പ്രധാന സംഗതികളുണ്ട്. ഒന്ന് ഒരു ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയുടെ മൂലമന്ത്രമേ ശ്രീകോവിലിനുള്ളിൽ ചൊല്ലാവൂ. മറ്റൊന്നും പാടില്ല. ഓരോ ദേവനും അർച്ചിക്കാവുന്നതും, നിഷിദ്ധവുമായ പൂക്കളുണ്ട്. ഇതിന് അനുസരിച്ച് ഉത്തമ പുഷ്പങ്ങൾ മാത്രമേ ചാർത്താവൂ. നിഷിദ്ധമായവ അരുത്. ഇങ്ങനെ നോക്കുമ്പോൾ ആദ്യം പറഞ്ഞ ശാസ്ത്രം ഞാനങ്ങു തെറ്റിച്ചു. രണ്ടാമത്തേതിൽ കൈവെച്ചില്ല. ഗണപതിക്ക് അർച്ചിക്കാവുന്നതും അലങ്കരിക്കാവുന്നതുമായ പൂക്കളേ ശ്രീകോവിലിലേക്കെടുക്കൂ.

മള്ളിയൂർ ശങ്കരൻ നമ്പൂതിരി
ഗണപതിയുടെ മുന്നിൽ ധ്യാനശ്ലോകത്തിനു പകരം ഭാഗവതമാണ് ഞാൻ വായിച്ചത്. ഗണപതിക്കരികിൽത്തന്നെ സാളഗ്രാമം വെച്ച് പൂജയും നടത്തി. ഇതിലൊക്കെ എത്രമാത്രം ശരിയുണ്ടെന്നോ ശാസ്ത്രമുണ്ടെന്നോ  ഞാൻ നോക്കിയില്ല. താന്ത്രികവിധിയേക്കാളും ശാസ്ത്രത്തെക്കാളുമൊക്കെ എന്റെ മനസിൽ നിറഞ്ഞൊഴുകിയത് ഭഗവത് സമർപ്പണമായിരുന്നു. ഞാനത് നിരന്തരമായി ചെയ്തു. വിഘ്നേശ്വരനെ ഭാഗവതം വായിച്ചുകേൾപ്പിച്ചും പുഷ്പാഞ്ജലികൾ കഴിച്ചും വൈഷ്ണവോപാസന നടത്തിയും ഞാനെന്റെ ഭഗവത് സേവ മുടങ്ങാതെ നിർവഹിച്ചു. ഇതൊന്നും ശാസ്ത്ര വിധിപ്രകാരമല്ല. എനിക്കിങ്ങനെയൊക്കെ തോന്നി. ഞാനത് ചെയ്തു. എന്തോ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ടാവണം വിഘ്നേശ്വര വിഗ്രഹത്തിൽ കൃഷ്ണൻ തെളിഞ്ഞുവന്നത്. "

ദേവപ്രശ്നത്തിലും തെളിഞ്ഞത് അതാണ്. മള്ളിയൂർ ശങ്കരൻ നമ്പൂതിരി നാലു പതിറ്റാണ്ടി ലേറെയായി ക്ഷേത്രശ്രീകോവിലിനു മുമ്പിൽ സാളഗ്രാമംവച്ച് ഭാഗവതം വായിക്കുന്നു. മള്ളിയൂരിന്റെ ആത്മതർപ്പണത്തിന്റെ ഫലമായി വിഘ്നേശ്വരനിൽ വൈഷ്ണവ ചൈതന്യം കുടികൊള്ളുന്നുവെന്നാണ് ജ്യോതിഷപ്രശ്നത്തിൽ വെളിവായത്.

പ്രധാന വഴിപാടുകൾ

മഹാഗണപതിഹോമം

മറ്റു ഗണപതി ക്ഷേത്രങ്ങളിലെപ്പോലെ മള്ളിയൂരിലും  പ്രധാന വഴിപാട് ഗണപതി ഹോമം തന്നെയാണ്. ചിങ്ങമാസത്തിലെ ശുക്ലപക്ഷചതുർഥി ദിവസത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ശ്രേഷ്ഠമായ ഫലസിദ്ധിയുള്ള വഴിപാടായി.

പൂജയും ഹോമവുമൊക്കെ നടത്തുമ്പോൾ സാധകന്റെ പാണ്ഡിത്യമല്ല ദേവന്റെ സാന്നിധ്യമാണ് അനുഭവവേദ്യമാകേണ്ടത്. പൂജയിൽ പങ്കുകൊള്ളുന്ന ഓരോ വ്യക്തിക്കും താനാണ് ഭഗവൽചരണത്തിൽ ലയിച്ചതെന്നു തോന്നണം.  അഹംബോധം ഹോമിക്കപ്പെട്ടതായും ആത്മതേജസ് തിളങ്ങുന്നതായും തോന്നണം. സർവൈശ്വര്യത്തിനും ശ്രേയസിനും മാനസിക സ്വസ്ഥതയ്ക്കും വേണ്ടിയാണ് ഭക്തജനങ്ങൾ മള്ളിയൂരിൽ മഹാഗണപതി ഹോമം നടത്തുന്നത്.

No comments:

Post a Comment