ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

ഉപനിഷത്ത് പഠനം

ഉപനിഷത്ത് പഠനം

ഉപനിഷത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ആ വാക്കിന്റെ അര്‍ത്ഥം മനസ്സിലിരുത്തണം.

‘ഷദ്’ അഥവാ ‘സദ്’ എന്ന സംസ്‌കൃത ധാതു പദത്തിനോട് ‘ഉപ’ ‘നി’ എന്നീ ഉപസര്‍ഗ്ഗങ്ങളും ‘കൃത്’ എന്ന ശൂന്യപ്രത്യയവും ചേര്‍ന്നാല്‍ ‘ഉപനിഷത്ത്’ എന്ന വാക്കായി.
‘സദ്’ എന്നാല്‍ ‘ഗതി’ അഥവാ ‘അവസാധനം’ എന്ന് അര്‍ത്ഥം. ഏത് വഴിയിലൂടെയാണ് ദുഃഖനിവൃത്തി അഥവാ ശാന്തി എന്നും ‘അവസാധനം’ എന്നാല്‍ എങ്ങനെ ദുഃഖം അവസാനിക്കും എന്നും അര്‍ത്ഥം. ഇവിടെ വ്യക്തമാവുന്ന കാര്യം ഉപനിഷത്ത് പഠനം പാണ്ഡിത്യം നേടാനല്ല, ശാശ്വതമായ ശാന്തി നേടാനാണ് എന്നാണ്. അതുകൊണ്ടാണ് ഓരോ ഉപനിഷത്തിന്റെയും ഒടുവില്‍ ശാന്തി, ശാന്തി, ശാന്തി എന്ന് പറഞ്ഞ് നിര്‍ത്തുന്നത്. മൂന്ന് പ്രാവശ്യം ശാന്തി പറയുന്നതിന് വളരെ വിപുലമായ അര്‍ത്ഥമുണ്ട്.

1. അധ്യാത്മിക ശാന്തി
2. ആധിഭൗതിക ശാന്തി
3. ആധിദൈവികശാന്തി, എന്നിങ്ങനെയാണവ. എന്താണ് അധ്യാത്മിക ശാന്തി? എന്ന് ചിന്തിക്കാന്‍ ‘അധ്യാത്മികം’ എന്താണ് എന്ന് പഠിക്കണം. ”ആത്മാനം അധികൃത്യ ഇതി അധ്യാത്മികം” – എന്നാണ്. ആത്മാവിനെ സംബന്ധിക്കുന്നത് എന്നര്‍ത്ഥം. ചിലര്‍ ”ആധ്യാത്മികം”എന്ന് തെറ്റാ യിപ്പറയാറുണ്ട്. ”അധ്യാത്മികം” എന്നാണ് ശരി. ”ആത്മാനം അധികൃത്യ” എന്ന് പറയുമ്പോള്‍ ആത്മാവ് എന്താണ് എന്ന് വ്യക്തമാവണം. മനുഷ്യരെ സംബന്ധിച്ച് ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് (ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവചേര്‍ന്ന്), പ്രാണന്‍ എന്നിങ്ങനെയുള്ള തലങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഈ പ്രപഞ്ചം കമ്പിയില്ലാക്കമ്പി വഴി നമ്മിലേക്ക് ഒഴുക്കിവിടുന്ന ഊര്‍ജ്ജത്തിന്റെ തനിമകൊണ്ടാണ്. ഈ ഊര്‍ജ്ജമാണ് ആത്മന്‍. ഇത് കേവല ശരീരത്തില്‍ വന്നാല്‍ ജീവാത്മാവ് എന്നും അശരീരിയായി നിലനില്‍ക്കുമ്പോള്‍ പരമാത്മാവായും അറിയുക, പരമാത്മാവാണ് ഊര്‍ജ്ജകേന്ദ്രം. ഇവിടെ നിന്നാണ് എല്ലാ ജീവികള്‍ക്കും ശക്തി ലഭിക്കുന്നത്.

ഇവിടെയാണ് ഭാരതീയ ഈശ്വര ചിന്തയുടെ ഉദാത്തത മനസ്സിലാവുക. ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, മതം ഇതൊന്നും ശാശ്വതമല്ല എന്ന് വ്യക്തം. അതുകൊണ്ട് പരമാത്മാവില്‍ നിന്ന് ഉണ്ടായ ജീവാത്മാക്കളായ നമുക്ക് നാം ചിട്ടപ്പെടുത്തിയ സംസ്‌ക്കാരമുണ്ട് അതാണ് ശരി, അത് മാറരുത്. ഈയൊരു സംസ്‌കാരത്തെയാണ് ‘സനാതനധര്‍മ്മം’ എന്ന് ഋഷിമാര്‍ സൂചിപ്പിക്കുന്നത്. ഭാരതീയ സംസ്‌കൃതി ഇതാണ്. ഇത് തന്നെയാണ് ‘ഹിന്ദു’ ത്വം, ഇത് മതമല്ല. പാകിസ്ഥാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പോലും 5000 വര്‍ഷത്തെ പാരമ്പര്യത്തെപ്പറ്റി പറയുന്നത് ഈ ദര്‍ശനത്തെയാണ്.

ശാശ്വതമായ ആത്മസത്തയെപ്പറ്റി നാം കണ്ടു. ഈ ആത്മസത്തയില്‍ നിന്ന് 84 ലക്ഷം ജീവി വര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ജീവി വര്‍ഗ്ഗങ്ങളിലൂടെ പരിണമിച്ച് സുകൃതഫലമായിട്ടാണ് മനുഷ്യജന്മം ലഭിച്ചിട്ടുള്ളത്. ഈ സത്യം സ്വയം സാക്ഷാത്ക്കരിച്ച് മോക്ഷം നേടുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. ആത്മനെ തിരിച്ചറിഞ്ഞശേഷമേ അധ്യാത്മിക ദുഃഖത്തെ തിരിച്ചറിയാന്‍ സാധിക്കൂ.

ഈ അധ്യാത്മിക ശാന്തിനേടാന്‍ ആദിബലപ്രവൃത്തം, ജന്മബലപ്രവൃത്തം, ദോഷബലപ്രവൃത്തം എന്നിവ മനസ്സിലാക്കണം. ഇവയില്‍ ‘മാതൃജം’ ‘പിതൃജം’ എന്നിങ്ങനെ ഉള്‍പ്പിരിവുകള്‍ ഉണ്ട്.

‘മാതൃജം’, ‘പിതൃജം’

ഇതിനര്‍ത്ഥം അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും ഒരാള്‍ക്ക് ഭവിക്കുന്ന ദുഃഖങ്ങളാണ്. പാരമ്പര്യരോഗങ്ങളും അച്ഛനമ്മമാരുടെ ശാപവും ഇതിനുദാഹരണങ്ങളാണ്. ”അച്ഛനോ അമ്മയ്‌ക്കോ ഉള്ള രോഗം തനിക്ക് വരുമോ” എന്നുള്ള ഭയമാണ് ഇതിന് ഏറ്റവും വലിയ കാരണം. ”അമ്മയെ ഞാന്‍ വല്ലാതെ ഉപദ്രവിച്ചിട്ടുണ്ട്” എന്ന മനസ്സാക്ഷിക്കുത്ത് മാതൃശാപമായി മാറും. ഈ ശാപം മാറാന്‍ നിരന്തരം കുറ്റം ഏറ്റ് പറയണം. അങ്ങനെ മനസ്സുഖം നേടി അധ്യാത്മിക ശാന്തി നേടണം.

ജന്മബലപ്രവൃത്തം

ഇതില്‍ ”അന്നരസജം” എന്നും ”ദൗഹൃദ അപജാരജം” എന്നും രണ്ട് കാര്യങ്ങള്‍ വരും. ‘അന്ന രസജം’ എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുണ്ടാവുന്ന രോഗങ്ങളാണ്. ഭക്ഷണം സാത്വികം, രാജസം, താമസം എന്ന് മൂന്ന് വിധം. സാത്വികാഹാരമാണ് ഉത്തമം. രാജസം മധ്യമവും താമസം അധമവുമാണ്. സസ്യാഹാരമാണ് സാത്വികം. അധികം കടുരസം, ഉപ്പ്, പുളി, കയ്പ് എന്നിവയൊക്കെ രാജസവും ചീഞ്ഞത്, വളിച്ചത് (പുളിച്ച് കേടായത്) പഴകിയത് എന്നിവ താമസവുമാണ്. മാംസം, മത്സ്യം, മുട്ട, മദ്യം, മയക്കുമരുന്ന് എന്നിവ ഇതില്‍പ്പെടുന്നു.

ജീവിത ശൈലീരോഗങ്ങള്‍ ‘അന്നരസജ’ സംബന്ധിയാണ്. ഉപ്പും പഞ്ചസാരയും കൂടുതല്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഡയബറ്റിസിന് കാരണമാവുന്നത് ഓര്‍ക്കുക.

ദൗഹൃദ അപജാരജം

ഇതിനര്‍ത്ഥം രണ്ട് ഹൃദയങ്ങളെ ബന്ധപ്പെട്ടുള്ളത് എന്നാണ്. ഗര്‍ഭസ്ഥാവസ്ഥയില്‍ സ്ത്രീകള്‍ കഴിക്കുന്ന ഭക്ഷണമാണ് ഇവിടെ പരാമര്‍ശം. ഇത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നു. ഇത് ഇല്ലാതിരിക്കാനുള്ള പ്രാര്‍ത്ഥനവേണം.

ദോഷബലപ്രവൃത്തം

അപകടങ്ങളിലൂടെയും തനിയെ വന്നതുമായ രോഗാവസ്ഥയാണിത്. ശ്രദ്ധ, വ്യായാമം, യോഗ എന്നിവയിലൂടെയാണ് ഇത്തരം ദുഃഖങ്ങളില്‍ നിന്ന് മോചനമുണ്ടാവുക.

ആധിഭൗതിക ശാന്തി

ആധിഭൗതികത്തില്‍ ‘സംഘാതബല പ്രവൃത്തം’ എന്നും ‘വ്യാലാദികൃതങ്ങള്‍’ എന്ന ഉള്‍പ്പിരിവുമുണ്ട്. ‘സംഘാതം’ എന്നാല്‍ കൂട്ടമായി എന്നര്‍ത്ഥം. ഇതില്‍ വ്യാലാദികൃതമെന്നാല്‍ വിഷജീവി, വന്യജീവി, യുദ്ധം, കലഹം എന്നിവയിലൂടെ വരുന്ന ദുഃഖം എന്നര്‍ത്ഥം.

ആധിദൈവികം

‘ദൈവബല പ്രവൃത്തം’ ‘കാലബലപ്രവൃത്തം’ ‘സ്വഭാവ ബലപ്രവൃത്തം’ എന്ന് ഇത് മൂന്ന് വിധം. ‘ദൈവ ബല പ്രവൃത്തത്തില്‍ ‘വിദ്യുത് ദശനാതി കൃത’ങ്ങള്‍, ‘പിശാചാദികൃത’ങ്ങള്‍ എന്ന് രണ്ട് വിധം. ‘ദൈവം’ എന്നാല്‍ ‘ദിവ്യമായത്’ എന്നര്‍ത്ഥം. പ്രകൃതിയില്‍ നിന്നുണ്ടാവുന്ന ദുഃഖങ്ങളാണിത്.

വിദ്യുത് ദശനാതികൃതങ്ങള്‍

ഇടിമിന്നല്‍, വൈദ്യുതി എന്നിവയില്‍ നിന്നുണ്ടാവുന്ന ദുഃഖദുരന്തങ്ങളാണിവ. പിശാചാദികൃതം എന്നാല്‍ വൈറസ്, ബാക്ടീരിയ, അമീബ എന്നിവയാലുണ്ടാവുന്ന ദുഃഖങ്ങളാണ്. ”പിശം അശീ ഇതി പിശാച:” – എന്നര്‍ത്ഥം. ആയിരം ‘പിശാച’ ങ്ങളെപ്പറ്റി വേദങ്ങള്‍ പറയുന്നു. ശബ്ദംകൊണ്ടും രൂപംകൊണ്ടും രസംകൊണ്ടും ഗന്ധംകൊണ്ടും പിശാചങ്ങള്‍ വരും. ദുഷിച്ച ശബ്ദം പിശാചമാണ്. വൃത്തികെട്ട രൂപവും ചീത്തരസവും ദുര്‍ഗന്ധവും പിശാചങ്ങളാണ്. ഇതിലൂടെ രോഗവും ദുരന്തവും ഉണ്ടാവും. ഇതില്‍ നിന്ന് മോചനമുണ്ടാവണം. ഉദാ: വൃത്തികെട്ട രൂപങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന കാര്‍ട്ടൂണുകളും സിനിമകളും നിരന്തരം കാണുന്ന കുട്ടികള്‍ ടിവിയില്‍ അഡിക്റ്റാവും. ഇത് അവരുടെ സ്വഭാവത്തെ മാറ്റിമറിച്ച് ധാര്‍മ്മികതയില്ലാത്ത ജീവിത നിലവാരത്തിലെത്തിക്കും. മാംസങ്ങള്‍ പല മസാലകള്‍ ചേര്‍ത്തും, മദ്യവും മയക്കുമരുന്നും നിരന്തരമായും കഴിച്ചാല്‍ ഭ്രാന്തമനസ്സും ഭോഗാസക്തിയും ഉണ്ടാവും. ‘പിശാചാദികൃത’ങ്ങളെ നിയന്ത്രിക്കാനാണ് ദേഹശുദ്ധി വൈദിക കാലം മുതല്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

കാലബലപ്രവൃത്തം

ഇത് ‘വ്യാപന്ന ഋതുകൃതങ്ങള്‍’ എന്നും ‘അവ്യാപന്ന ഋതുകൃതങ്ങള്‍’ എന്നും രണ്ട് വിധം. വ്യാപന്ന ഋതുകൃതങ്ങള്‍ എന്നാല്‍ ഋതുക്കള്‍ മാറുന്നതിനനുസരിച്ചുവരുന്ന രോഗങ്ങളാണ്. ഋതുമാറുമ്പോള്‍ വൃക്ഷങ്ങള്‍, ചെടികള്‍, പക്ഷികള്‍, മനുഷ്യര്‍ എന്നിവയിലെല്ലാം സമഗ്രമായ മാറ്റം ഉണ്ടാവും. ആത്രേയ മഹാമുനി തന്റെ ശിഷ്യനോട് ഔഷധങ്ങള്‍ സംഭരിക്കാന്‍ പറയുന്നത് ഋതുമാറും മുമ്പ് ചെയ്യണം എന്നാണ്. ചരകന്‍ തന്റെ ‘ചരകസംഹിത’യില്‍ വിമാനസ്ഥാനം എന്ന അധ്യായത്തില്‍ ഇത്തരം വ്യാപന്ന ഋതുകൃതങ്ങളെപ്പറ്റി വിശദമാക്കുന്നുണ്ട്.

അവ്യാപന ഋതുകൃതങ്ങള്‍

അന്തരീക്ഷ ഊഷ്മാവ് വ്യത്യാസപ്പെടുന്നതിനനുസരിച്ചുണ്ടാവുന്ന രോഗങ്ങളാണിവ. ചൂടും തണുപ്പും മാറുന്നതിനനുസരിച്ച് മനസ്സും ശരീരവും പല മാറ്റങ്ങള്‍ക്ക് വിധേയമാവും, ഇത് രോഗകാരണമാവും. ഭക്ഷണ ക്രമീകരണം വഴി ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. ഉദാ: മുതിര, ഉലുവ തുടങ്ങിയ പയറുവര്‍ഗ്ഗങ്ങളുടെ ഗുണം ഉഷ്ണമാണ്. ഇവ നാം നല്ല മഴക്കാലത്തണുപ്പിലാണ് കഴിക്കേണ്ടത്. കര്‍ക്കിടകക്കഞ്ഞികളില്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഇവ നാം ഉള്‍പ്പെടുത്തിവരുന്നു. നല്ല ഉഷ്ണകാലത്താണ് ‘മഞ്ഞപ്പിത്തം’ വരിക. പഞ്ചഭൂതങ്ങളില്‍ ജലത്തിന്റെ ശുദ്ധികുറവുള്ള സ്ഥലങ്ങളിലാണ് ഇത് കൂടുതല്‍ വരിക. എന്നാല്‍ ഇത് പരിഹരിക്കുന്നതിനായിട്ടാണ് പ്രകൃതി തന്നെ പൂവ്വാംകുരുന്നില, കീഴാര്‍നെല്ലി, ആവണക്ക് എന്നിവ ഈ കാലഘട്ടത്തില്‍ ഏറെ വളര്‍ത്തുന്നത്. മഞ്ഞപ്പിത്തത്തിനുള്ള ഔഷധങ്ങളാണിവ.

സ്വഭാവ ബല പ്രവൃത്തം

മനുഷ്യന്റെ വളര്‍ച്ചാ ഘട്ടങ്ങളില്‍ (ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം) വരാവുന്ന രോഗങ്ങളാണിവ. ഇത്തരം അശാന്തികള്‍ മാറിനില്‍ക്കാനാണ് ത്രിതല ശാന്തിമന്ത്രം.

ശാന്തി മന്ത്രങ്ങള്‍

ഉപനിഷത്തുക്കളില്‍ കാണുന്ന ശാന്തിമന്ത്രങ്ങള്‍ അഞ്ചെണ്ണമാണ്. ഈ ശാന്തി മന്ത്രങ്ങള്‍ ഏതവസരത്തിലും ചൊല്ലാം. ചിലര്‍ ധരിച്ചിരിക്കുന്നത്. -”പൂര്‍ണ്ണമദ:” എന്ന് തുടങ്ങുന്ന മന്ത്രം അനുശോചനച്ചടങ്ങിന് ചൊല്ലാന്‍ ഉള്ളതാണ് എന്നാണ്, അങ്ങനെയല്ല അത് ബ്രഹ്മാണ്ഡ – പിണ്ഡാണ്ഡ പാരസ്പര്യം കാണിക്കുന്നു എന്നേയുള്ളൂ.

1. ഋഗ്വേദീയ ശാന്തിപാഠം

”ഓം വാങ്‌മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചിപ്രതിഷ്ഠിത-
മാവിരാവീര്‍മ ഏധി
വേദസ്യ മ ആണീസ്ഥ:
ശ്രുതം മേ മാ പ്രഹാസീ:
അനേനാധിതേനാഹോരാത്രാത് സംദധാമി
ഋതം വദിഷ്യാമി സത്യം വദിഷ്യാമി
തന്മാമവതു തദ്വക്താരമവതു അവതുമാം
അവതു വക്താരം.
ഓം ശാന്തി, ശാന്തി, ശാന്തി….

അര്‍ത്ഥം: എന്റെ വാക്ക് മനസ്സിലും മനസ്സ് വാക്കിലും ഉറച്ചതാവട്ടെ. സ്വയം പ്രകാശിക്കുന്ന അങ്ങ് എനിക്ക് പ്രത്യക്ഷനാവുക. വാക്കും മനസ്സും എന്റെ വേദജ്ഞാനത്തിന് ആധാരമാണ്. രാത്രിയും പകലും ഈ വേദാധ്യയനത്തിന് വേണ്ടിയാണ് ഞാന്‍ ചെലവഴിക്കുന്നത്. മനസ്സുകൊണ്ടും വാക്കുകൊണ്ടും സത്യം പറയുന്ന എന്നെ രക്ഷിച്ചാലും. വക്താവിനേയും എന്നെയും സംരക്ഷിക്കുക. ഓം ശാന്തി, ശാന്തി, ശാന്തി.
ഇവിടെ മനസ്സിലാക്കുക; വേദജ്ഞാനി എന്നും സത്യവാക്കായിരിക്കും. മനസാ വാചാ കര്‍മ്മണാ സത്യത്തിലടിയുറച്ചുകൊണ്ടാണ് വേദപഠിതാവ്, വേദജ്ഞന്‍ ജീവിക്കുക. അറിവും സത്യവും രണ്ടല്ല എന്ന് ചുരുക്കം. സത്യം വേദജ്ഞനേയും വേദജ്ഞന്‍ സത്യത്തേയും എന്നും സംരക്ഷിക്കുന്നു.

2. ശുക്ലയജൂര്‍വേദീയ ശാന്തിപാഠം

”ഓം പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തി, ശാന്തി, ശാന്തി…”
അര്‍ത്ഥം: ബ്രഹ്മമാകുന്ന അത് പൂര്‍ണ്ണമാണ്. കാര്യബ്രഹ്മമാകുന്ന ഈ പിണ്ഡാണ്ഡവും പൂര്‍ണ്ണമാണ്. പൂര്‍ണ്ണത്തില്‍ നിന്നാണ് പൂര്‍ണ്ണം ഉണ്ടാകുന്നത്. പൂര്‍ണ്ണത്തില്‍ നിന്ന് പൂര്‍ണ്ണം എടുത്തു മാറ്റിയാലും പൂര്‍ണ്ണം അവശേഷിക്കുന്നു. ഓം ശാന്തി, ശാന്തി, ശാന്തി….
ഇവിടെ ‘പൂര്‍ണ്ണം’ അദ: എന്നത് പരബ്രഹ്മമാണ്. പ്രപഞ്ചചൈതന്യമായ ആ സത്യവും അതില്‍ നിന്ന് ഉണ്ടായ ജീവാത്മാവും പൂര്‍ണ്ണമാണെന്ന് സാരം. ഈശ്വരന്‍ എല്ലാ ജീവജാലങ്ങളിലും ഉണ്ടെന്ന് സാരം. കോടാനുകോടി ജീവാത്മാക്കള്‍ ഉണ്ടായാലും ബ്രഹ്മാണ്ഡത്തിന്റെ തനിമ അങ്ങനെതന്നെ നിലനില്‍ക്കും. പിണ്ഡാണ്ഡങ്ങളായ ജീവാത്മാക്കള്‍ ബ്രഹ്മാണ്ഡത്തിലേക്ക് ചേര്‍ന്നാലും ആ ബ്രഹ്മാണ്ഡത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നില്ല. ഗണിത ശാസ്ത്രം വച്ച് പറയാറുള്ളത് പൂജ്യങ്ങള്‍ തമ്മില്‍ ചേര്‍ന്നാലും വിഘടിച്ചാലും ഗുണിതപ്പെട്ടാലും പൂജ്യമായിത്തന്നെ നിലനില്‍ക്കുമെന്നതു പോലെയാണ് ഈ രസതന്ത്രം എന്നാണ്.

3. കൃഷ്ണയജൂര്‍വേദീയ ശാന്തിപാഠം

”ഓം സഹനാവവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്‌വിഷാവഹൈ
ഓം ശാന്തി, ശാന്തി, ശാന്തി…”
അര്‍ത്ഥം: ഗുരുശിഷ്യന്‍മാരായിരിക്കുന്ന ഞങ്ങള്‍ രണ്ട് പേരേയും ബ്രഹ്മം രക്ഷിക്കട്ടെ. ഞങ്ങള്‍ ഒന്നിച്ച് ബ്രഹ്മവിദ്യാ പ്രാപ്തിക്കായി പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്ക് യാതൊരുവിധ വിഷമവും വരാതെ തേജസ്വികളായും വിദ്വേഷമില്ലാത്തവരുമായിരിക്കട്ടെ. ഓം ശാന്തി, ശാന്തി, ശാന്തി…

4. സാമവേദീയ ശാന്തിപാഠം

”ഓം ആപ്യായന്തു മമാംഗാനി
വാക് പ്രാണശ്ചക്ഷു: ശ്രോത്രമഥോ
ബലമിന്ദ്രിയാണി ച സര്‍വ്വാണി
സര്‍വ്വം ബ്രഹ്മൗപനിഷദം മാഹം ബ്രഹ്മ
നിരാകുര്യാം മാ മാ ബ്രഹ്മനിരാകരോത്
അനിരാകരണമസ്തു
അനിരാകരണം മേ അസ്തു
തദാത്മ‌നി നിരതേയ ഉപനിഷത്സു
ധര്‍മ്മാസ്‌തേ മയി സന്തു തേ മയി സന്തു
ഓം ശാന്തി, ശാന്തി, ശാന്തി…”

അര്‍ത്ഥം: എന്റെ സര്‍വ്വാംഗങ്ങളും വാക്ക്, പ്രാണന്‍, കണ്ണ്, ചെവി, ശക്തി, ഇന്ദ്രിയങ്ങള്‍ എന്നിവയും സമ്പുഷ്ടമായിരിക്കട്ടെ. എല്ലാം ഉപനിഷത്തില്‍ പ്രതിപാദിക്കുന്ന ബ്രഹ്മമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ ബ്രഹ്മത്തെ ഞാനോ ബ്രഹ്മം എന്നെയോ ഒരിക്കലും ഉപേക്ഷിക്കരുത്. ഞങ്ങള്‍ തമ്മില്‍ സജീവ ബന്ധം ഉണ്ടാവട്ടെ. ബ്രഹ്മത്തെ നിലനിര്‍ത്തി മനസ്സിലാക്കുന്ന എന്നില്‍ ഉപനിഷത്ത് ധര്‍മ്മങ്ങള്‍ എന്നും കുടികൊള്ളട്ടെ. ഓം ശാന്തി, ശാന്തി, ശാന്തി…

5. അഥര്‍വ്വവേദിയ ശാന്തിപാഠം

”ഓം ഭദ്രം കര്‍ണേഭി! ശൃണുയാമ ദേവാ:
ഭദ്രം പശ്യേമാക്ഷഭിര്‍യജത്രാ:
സ്ഥിരൈരംഗൈസ്തുഷ്ടുവാം
സസ്തനൂഭിര്‍വ്യശേമ ദേവഹിതം യദായു:
സ്വസ്തിന  ഇന്ദ്രോ വൃദ്ധശ്രവാ:
സ്വസ്തിന പൂഷാ വിശ്വവേദാ:
സ്വസ്തിനസ്താര്‍ക്ഷ്യോ അരിഷ്ടനേമി:
സ്വസ്തിനോ ബൃഹസ്പതിര്‍ ദധാതു
ഓം ശാന്തി, ശാന്തി, ശാന്തി…”
അര്‍ത്ഥം: മംഗളമായിരിക്കുന്ന വസ്തുക്കളെ ഞങ്ങള്‍ക്ക് കാണാനും കേള്‍ക്കാനും കഴിയട്ടെ. തികഞ്ഞ ശരീരഭാഗങ്ങളോട് കൂടി സ്തുതിക്കുന്നതിനായി ഞങ്ങള്‍ക്ക് ഈശ്വര നിശ്ചിതമായ ആയുസ്സ് നല്‍കിയാലും. ഇന്ദ്രനില്‍ നിന്നും സൂര്യനില്‍ നിന്നും ഗരുഡനില്‍ നിന്നും ബൃഹസ്പതിയില്‍ നിന്നും ഞങ്ങള്‍ക്ക് മംഗളം ലഭിക്കട്ടെ.
ഓം ശാന്തി, ശാന്തി, ശാന്തി…..

No comments:

Post a Comment