ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 November 2021

അരവണത്തോണി

അരവണത്തോണി

ശബരിമലയിൽ അന്നദാന മണ്ഡപത്തിന് മുന്‍വശത്തായി (മാളികപ്പുറത്തമ്മ അമ്പലത്തിന്റെ പിൻവശം)    ആരാലും ശ്രദ്ധിക്കപ്പെടാതെ അരവണത്തോണി കിടപ്പുണ്ട്,  ഓര്‍മകള്‍ തണുത്തുറഞ്ഞ്. അരവണ പ്ലാന്റ് വരുന്നതിന് മുന്‍പ്, സ്റ്റീമറും കൂളറും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഈ തോണിയായിരുന്നു അരവണ പായസം തണുപ്പിക്കാന്‍ ഏക ആശ്രയം. പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അരവണ പായ്ക്ക് ചെയ്തിരുന്നതിനാല്‍ തണുപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. അടുപ്പ് കൂട്ടിയായിരുന്നു അന്ന് അരവണ ഉണ്ടാക്കിയിരുന്നത്. തീയും പുകയുമായി മല്ലിട്ട് ഏറെ പണിപ്പെട്ടായിരുന്നു നിര്‍മാണം. അരവണ പാകമായാല്‍ പിന്നെ കമ്പക തടിയില്‍ തീര്‍ത്ത അരവണ തോണിയിലേക്ക് പകരും. തണുക്കുംവരെ അരവണ ചെറുതായി ഇളക്കിക്കൊണ്ടിരിക്കും. തണുത്ത് കഴിഞ്ഞാല്‍ പിന്നീട് ബോട്ടിലിലേക്ക് കൈകൊണ്ട് കോരി നിറയ്ക്കും. നിര്‍മാണം മുതല്‍ പായ്ക്കിങ് വരെ എല്ലാം മനുഷ്യാധ്വാനം. പായ്ക്കിങ്ങിനായി തന്നെ നിരവധി ജോലിക്കാര്‍ അന്ന് ഉണ്ടായിരുന്നു. 
അയ്യപ്പന്‍മാരുടെ തിരക്ക് വര്‍ധിച്ചതോടെ അരവണ നിര്‍മാണത്തിന് പ്ലാന്റ് വന്നു. സ്റ്റീമറും മറ്റും നിര്‍മാണം എളുപ്പമാക്കി. അരവണത്തോണിയുടെ സ്ഥാനത്ത് കൂളറും സ്ഥാനം പിടിച്ചു. പ്ലാസ്റ്റ് ബോട്ടില്‍ മാറി ടിന്‍ബോട്ടിലും വന്നു. അതോടെ ആയിരങ്ങള്‍ക്ക് നിവേദ്യം പകര്‍ന്ന അരവണത്തോണി ചരിത്രത്തിന്റെ തണുത്ത അധ്യായമായി. പ്ലാന്റിന്റെ ഒരു മൂലയ്ക്ക് കിടന്നിരുന്ന തോണി ആര്‍ക്കും വേണ്ടാതെയായി. സ്ഥലം ലാഭിക്കാനായി അവിടെന്നും അന്നദാന മണ്ഡപത്തിന്റെ ഓരത്തേക്ക് എടുത്തുമാറ്റി. ഈ തോണിയുടെ പൈതൃകം മനസ്സിലാക്കി പുരാവസ്തുവായി സംരക്ഷിക്കാന്‍ തയ്യാറായി ആരെങ്കിലും   മുന്നോട്ട് വന്നെങ്കിൽ.

No comments:

Post a Comment