ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 November 2021

കുചേലന്റെ ജന്മനാട് സുദാമാപുരി

 കുചേലന്റെ ജന്മനാട് സുദാമാപുരി

ശ്രീകൃഷ്ണ അവതാരകഥകളില്‍ ഏറ്റവും ഹൃദയസ്പര്‍ശിയും മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്നതുമാണ് സതീര്‍ഥ്യന്‍ കുചേലനുമായുള്ള ശ്രീകൃഷ്ണന്റെ ഊഷ്മളമായ ബന്ധം. എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങളുടെ കിരീടം ചൂടിയ കൊട്ടാരത്തിനു മുന്നിലെത്തി പരിഭ്രാന്തനായി നോക്കിനില്‍ക്കുന്ന ദാരിദ്രത്തിന്റെ പ്രതീകമായ കുചേലനെ കൃഷ്ണന്‍ ഓടിച്ചെന്നു വാരിപ്പുണരുന്ന രംഗം, ദാരിദ്ര്യത്തിനു കൈത്താങ്ങാകാന്‍ സാധിക്കുന്നതാണു യഥാര്‍ഥ സമ്പത്തെന്ന ആശയം മാനവസമൂഹത്തിനു പകര്‍ന്നുനല്‍കുന്നു. കുചേലന്റെ മറ്റൊരു പേര് സുദാമാവെന്നാണ്. ഗുജറാത്തിലാണ് ഈ ബ്രാഹ്മണന്റെ ജന്മസ്ഥലമെന്നാണു കരുതിപ്പോരുന്നത്. സുദാമാപുരിയെന്നാണു കുചേലന്റെ നാടിന്റെ പേര്. ഇവിടെനിന്നു കാല്‍നടയായാണത്രെ കൃഷ്ണനെത്തേടി കുചേലന്‍ ദ്വാരകയില്‍ എത്തിയത്. ഐതിഹ്യകഥയ്ക്കു തെളിവെന്നോണം സുദാമ ക്ഷേത്രം ഇപ്പോഴും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഗുജറാത്തില്‍, സൗരാഷ്ട്രയില്‍ അറബിക്കടലിന്റെ തീരത്താണ് 'പൗരവേലുകുള്‍' എന്ന് പത്താം നൂറ്റാണ്ടുവരെ അറിയപ്പെട്ടിരുന്ന പോര്‍ബന്ദര്‍. പോര്‍ബന്ദറിനോടു ചേര്‍ന്നുള്ള സുദാമാപുരി ചരിത്രാതീത കാലം മുതല്‍ക്കേ തീര്‍ഥാടന കേന്ദ്രമാണ്. സുദാമാവിനു പുറമേ കൃഷ്ണഭക്തയായ മീരാഭായിയുടെയും ജന്മസ്ഥലമാണ് ഇതെന്നാണു കരുതിപ്പോരുന്നത്. സുദാമക്ഷേത്രത്തിനൊപ്പം ഇവിടെയുള്ള ജഗന്നാഥക്ഷേത്രത്തിലും എന്നും ഭക്തജനത്തിരക്കുണ്ട്. വിവാഹിതരായ ഉടന്‍ നവദമ്പതികള്‍ സുദാമക്ഷേത്രം സന്ദര്‍ശിച്ചു തൊഴുകയെന്നത് രാജസ്ഥാനിലെ ക്ഷത്രിയവംശത്തിന് ഒഴിച്ചുകൂടാനാവാത്ത ആചാരമാണ്. രാജസ്ഥാനില്‍നിന്ന് ആയിരക്കണക്കിനു പേരാണ് ഇപ്പോഴും നിത്യവും ഇവിടെ എത്തിച്ചേരുന്നത്.

No comments:

Post a Comment