ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 November 2021

ഏകാദശീ വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ രുഗ്മാംഗദ രാജാവ്

ഏകാദശീ വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ രുഗ്മാംഗദ രാജാവ്

അയോദ്ധ്യയിലെ പ്രസിദ്ധനായ രാജാവായിരുന്നു രുഗ്മാംഗദന്‍. കഴിവുറ്റ ഭരണാധിപനാകയാല്‍ രാജ്യം സമ്പദ്‌സമൃദ്ധവും സുരക്ഷിതവുമായിരുന്നു. രാജാവിന് ഏറെ പ്രിയപ്പെട്ട ഒരു ഉദ്യാനം കൊട്ടാരത്തിനോട് ചേര്‍ന്ന് ഉണ്ടായിരുന്നു. വിവിധ ഇനത്തില്‍പ്പെട്ട പുഷ്പങ്ങള്‍ നിറഞ്ഞ മലര്‍വാടിയില്‍ കടക്കുവാനോ പൂക്കള്‍ ഇറുക്കുവാനോ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ശക്തമായ കാവലും ഉദ്യാനത്തിന് ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും രാത്രികാലങ്ങളില്‍ പൂക്കള്‍ നഷ്ടപ്പെടുന്നതായി രാജാവ് കണ്ടെത്തി. കാവല്‍ക്കാര്‍ക്ക് കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു രാത്രിയില്‍ രാജാവ് തന്നെ ആരുമറിയാതെ ഉദ്യാനത്തില്‍ പതുങ്ങിയിരുന്നു. സമയം അര്‍ദ്ധരാത്രിയായി. ഒരു വിമാനം ഉദ്യാനത്തില്‍ പറന്നിറങ്ങി. കുറച്ചു സ്ത്രീകള്‍ അതില്‍നിന്നും പുറത്തിറങ്ങി പൂക്കളിറുത്തു. ആവശ്യത്തിന് പൂക്കള്‍ ശേഖരിച്ച അവര്‍ യാത്രക്കായി വിമാനത്തില്‍ കയറിയ തക്കത്തില്‍ രാജാവ് ചെന്ന് വിമാനം തടഞ്ഞു.

മനുഷ്യ സ്പര്‍ശമേറ്റ വിമാനം അനങ്ങാതെയായി. അപ്‌സരസുകളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അവര്‍ക്ക് തിരിച്ച് സ്വര്‍ഗ്ഗലോകത്തെത്തണം. പക്ഷേ വിമാനം ചലിക്കുന്നില്ല. അപ്‌സരസുകള്‍ രാജാവിനെ ശപിക്കുവാന്‍ തുടങ്ങി. രാജാവ് തന്റെ നിജസ്ഥിതി അവരെ ബോധ്യപ്പെടുത്തി. ജീവിതകാലമത്രയും മുടങ്ങാതെ ഏകാദശി നോറ്റ പുണ്യാത്മാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ വന്നുതൊട്ടാല്‍ വിമാനം പറന്നുയരുമെന്ന് അപ്‌സരസുകള്‍ അറിയിച്ചു. അപ്രകാരം ഉള്ള ഒരാളിനുവേണ്ടി അന്വേഷിക്കാന്‍ രാജാവ് ഭടന്മാരെ ഏര്‍പ്പാടാക്കി. അവര്‍ രാജ്യം മുഴുവന്‍ തിരക്കി. ഒടുവില്‍ അന്വേഷണം വിജയിച്ചു. ജീവിതകാലത്തിലൊരിക്കലും ഏകാദശീവ്രതം മുടക്കാത്ത ഒരു വൃദ്ധമാതാവിനെ കണ്ടെത്താന്‍ കഴിഞ്ഞു. അവര്‍ വന്ന് തൊട്ടയുടനെ വിമാനം പറന്നുയര്‍ന്നു. ഏകാദശീ വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ രാജാവ് വ്രതം അനുഷ്ഠിക്കുവാന്‍ തുടങ്ങുകയും തന്റെ പ്രജകളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു.

No comments:

Post a Comment