ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

കേനോപനിഷത്ത് പഠനം - 2

കേനോപനിഷത്ത് പഠനം - 2

ഒന്നാം ഖണ്ഡം

”കേനേഷിതം പതതി പ്രേഷിതം മനഃ
കേന പ്രാണ: പ്രഥമഃ പ്രൈതി യുക്തഃ
കേനേഷിതാം വാചമിമാം വദന്തി
ചക്ഷു: ശ്രോത്രം ക ഉ ദേവോ യുനക്തി.” (1)

ആരുടെ പ്രേരണകൊണ്ടാണ്, ആരുടെ ആഗ്രഹം കൊണ്ട് മാത്രം പ്രേരിതനായിട്ടാണ് മനസ്സ് വിഷയങ്ങളില്‍ ചെന്നുപതിച്ച് അവയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത്? മുഖ്യപ്രാണനും ആരുടെ നിയോഗമനുസരിച്ചാണ് വ്യാപരിച്ചുകൊണ്ടിരിക്കുന്നത്? ആരിഷ്ട്ടപ്പെട്ടിട്ടാണ് ഈ വാക്കുകള്‍ പറയുന്നത്? കണ്ണ്, കാത് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങളെയും പ്രവര്‍ത്തിപ്പിക്കുന്നത് ആരാണ്? ഏതൊരു ദേവനാണ്? എന്നതാണ് ചോദ്യം.

ഗുരുവിന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മനസ്സ് ശുദ്ധമാക്കിയ ശിഷ്യന്‍ തത്ത്വാന്വേഷണത്തില്‍ താല്‍പ്പര്യമുള്ളവനായി ഗുരുവിനോട് ചോദിക്കുന്നതാണിത്.

ഈ പ്രപഞ്ചത്തില്‍ ഏതൊരു വസ്തുവും ചലിക്കണമെങ്കില്‍ അതിന്റെ പിന്നില്‍ ഒരു ഊര്‍ജ്ജം ഉണ്ടാവണം. ആ ഊര്‍ജ്ജത്തിന് ആത്യന്തികമായി ഒരു കേന്ദ്രം ഉണ്ടാവണം. ഒരുയന്ത്രം പ്രവര്‍ത്തിക്കുന്നത് മനുഷ്യന്റെ നിയന്ത്രണവും ഏകോപനവും ഉണ്ടായാലാണ്. ആ യന്ത്രം പ്രവര്‍ത്തനക്ഷമമാകുവാന്‍ ഇന്ധനം ആവശ്യമാണ്. ഇന്ധനത്തില്‍ നിന്ന് ലഭിക്കുന്ന ശക്തി അതിന് കരുത്ത് നല്‍കുന്നു. അതേ സമയം ഈ ഇന്ധനവും യന്ത്രത്തിന്റെ ഭൗതികമായ ശരീരവും മനുഷ്യനിര്‍മ്മിതിയാണ്.

ഈയൊരു കാഴ്ചപ്പാടില്‍ നാം ശ്രദ്ധിക്കുക; ഇവിടത്തെ ഓരോ ജീവിയും അതത് രൂപത്തില്‍ ഉണ്ടാവുന്നത് ഏതോ ഒരു ഇച്ഛയാലാണ്. ഒരുചെടി വളരുന്നതോ പൂവിടുന്നതോ അത് കായ്ക്കുന്നതോ നാമാരും വിചാരിച്ചാല്‍ സാധിക്കില്ല. അതിന് സാഹചര്യം ഒരുക്കാന്‍ മാത്രമേ നമുക്ക് സാധിക്കൂ. വെള്ളവും വളവും സൂര്യപ്രകാശവും വായുസഞ്ചാരവും കിട്ടാവുന്നവിധം ആ ചെടിയുടെ വിത്ത് നമുക്ക് നടാന്‍ പറ്റും.

ആ ചെടിയിലുണ്ടാവുന്ന പൂവിന്റെ നിറം, വലിപ്പം, അതിന്റെ ഇതളുകളുടെ ഗണിതപരമായ അകലം എന്നിവ പ്രകൃതിയാണ് നിശ്ചയിച്ചിരിക്കുന്നത്. അതനുസരിച്ചുള്ള പ്രാണിയോ പാറ്റയോ ചിത്രശലഭമോ മാത്രമേ ആ പൂവില്‍ വന്നിരിക്കൂ.

മാവിന്റെ പൂവില്‍ തേനീച്ചകളും ചെറുപ്രാണികളും വന്നിരിക്കുന്നു, അങ്ങനെ അത് അടുത്തതലമുറക്ക് വഴിയൊരുക്കുന്നു. മനുഷ്യന്റെ കാലില്‍ വിരലുകള്‍, കാല്‍പ്പത്തി, മടക്കുകള്‍, മുട്ട് എന്നിവ കൃത്യമായി ചിട്ടപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ നമുക്ക് നടക്കാനോ ഇരിക്കാനോ ഓടാനോ സാധിക്കില്ല. ഇത് ഏതൊരു എന്‍ജനീയറാണ് കണിശമായി അളന്ന് കണക്കാക്കി നിശ്ചയിച്ചത്?

മനസ്സും ഇന്ദ്രിയങ്ങളും പ്രാണനും ഏത് ശക്തിയുടെ പ്രേരണയാലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ശിഷ്യന്റെ ചോദ്യം. സ്വയം പ്രവര്‍ത്തിക്കാന്‍ ഇന്ദ്രിയങ്ങള്‍ക്കു സാധിക്കുമായിരുന്നെങ്കില്‍ അവ അഹിതങ്ങളും ദുഃഖകരങ്ങളുമായ യാതൊന്നും ചെയ്യില്ലായിരുന്നു. അതുകൊണ്ട് നമ്മുടെ കര്‍മ്മജ്ഞാനേന്ദ്രിയങ്ങള്‍ക്ക് പിന്നില്‍ ആരാണ് എന്ന തത്ത്വജ്ഞാനപരമായൊരു അന്വേഷണമാണ് ആദ്യത്തെ ഈ ശ്ലോകം.
ഒരു ജീവി ‘ജനിക്കുന്നു’ എന്ന് പറയുന്നതിന് മുമ്പും ‘മരിച്ചു’ എന്ന് പറഞ്ഞതിന് ശേഷവും ആ ജീവിയുടെ ജീവന്‍ എവിടെയാണ്? എവിടെ നിന്നാണ് ഭൂമുഖത്ത് ആദ്യമായി ഒരു ‘ജീവകണം’ എത്തിയത്? എന്നെല്ലാം നാം ചിന്തിക്കാന്‍ ഈ ചോദ്യം പ്രേരിപ്പിക്കുന്നു.

‘ശ്രോതസ്യ ശ്രോത്രം മനസോ മനോ യദ്
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണഃ
ചക്ഷുഷശ്ചക്ഷുരതിമുച്യ ധീരാ:
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി.'(2)

യാതൊന്നാണോ ശ്രോത്രേന്ദ്രിയത്തിന് അഥവാ ചെവിക്ക് ശബ്ദം സ്വീകരിച്ച് മനസ്സിലാക്കാനുള്ള കഴിവ് നല്‍കുന്നത.് മനസ്സിന് പലതും ചിന്തിക്കാനും ഓര്‍ക്കാനുമുള്ള കഴിവ് നല്‍കുന്നത്, വായ്ക്ക് സംസാരിക്കാനുള്ള കഴിവ് നല്‍കുന്നത്, അതു തന്നെയാണ് പ്രാണവായുവിന് ചലിക്കാനുള്ള ശക്തി കൊടുക്കുന്നതും കണ്ണിന് കാഴ്ച നല്‍കുന്നതും. അതാണ് ആത്മന്‍. അറിവുള്ളവര്‍ ഈ സത്യം മനസ്സിലാക്കി, ഇന്ദ്രിയങ്ങളില്‍ നിന്നും ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും പ്രാണനില്‍ നിന്നുമെല്ലാം ആത്മചൈതന്യത്തെ വേറിട്ട് കണ്ട് മരണത്തെ അതിജീവിക്കുന്നു.

സാധാരണക്കാരെ സംബന്ധിച്ച് ശരീരമാണ് പ്രധാനം. പക്ഷെ ‘നശിക്കുന്നതാണ് ശരീരം’. ശരീരം ചലിക്കുന്നതിന്, ഇന്ദ്രിയങ്ങള്‍ സ്വന്തം പ്രവൃത്തികള്‍ ചെയ്യുന്നതിന്, പഞ്ചപ്രാണങ്ങള്‍ അവയുടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് നിരന്തരമായ ഊര്‍ജ്ജം ആവശ്യപ്പെടുന്നു. ഇത് പഞ്ചഭൂതങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ഈ പഞ്ചഭൂതങ്ങളില്‍ ചേര്‍ന്നിരിക്കുന്ന ഊര്‍ജ്ജം എവിടെ നിന്ന് അവിടെ എത്തി? ഒരു യന്ത്രം ചലിക്കുവാന്‍, പ്രവര്‍ത്തിക്കുവാന്‍ ഊര്‍ജ്ജം ആവശ്യമാണ്. അതിന് ഇലക്ട്രിസിറ്റിയായോ ഡീസലായോ ലഭിച്ചാല്‍ മതി. എന്നാല്‍ ഡീസലിലും ഇലക്ട്രിസിറ്റിയിലും അടങ്ങിയിട്ടുള്ള ശക്തിയുടെ കേന്ദ്രം എവിടെയാണ്? ആ ശക്തിക്ക് രൂപമുണ്ടോ? യന്ത്രവും അത് കണ്ടെത്തിയ മനുഷ്യനും നമ്മുടെ കാഴ്ചയിലുള്ളവരാണ്. അതുപോലെ ഇവക്കെല്ലാം പിന്നിലെ ആത്മനെ കാണാന്‍ സാധിക്കുന്നില്ലല്ലോ എന്ന് ചിന്തിച്ചാല്‍ അങ്ങനെയൊന്ന് ഉണ്ടോ എന്ന് തോന്നാം.

ഇവിടെയാണ് ചിന്തിക്കേണ്ടത്; ചെവിയുണ്ടായാല്‍ കേള്‍വിയുണ്ടാവില്ല, കണ്ണ് ഉണ്ടായാല്‍ കാഴ്ച ഉണ്ടാവില്ല, വായ ഉണ്ടായാല്‍ മാത്രം സംസാരിക്കാന്‍ കഴിയില്ല. തലച്ചോറും ഹൃദയവുമുണ്ടാവാം. പക്ഷെ ചിന്തിക്കാന്‍ കഴിയണമെന്നില്ല. അവിടെയെല്ലാം ജീവന്റെ ഘടകങ്ങള്‍ ഉണ്ടാവണം. പ്രാണന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, അപാനന്‍ എന്നീ പഞ്ച പ്രാണങ്ങളാണ് ഇന്ദ്രിയങ്ങള്‍ക്കും രക്തചംക്രമണത്തിനും ദഹന പ്രക്രിയ്ക്കുമെല്ലാം സഹായകം. ഈ പ്രാണങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത് ആത്മനാണ്. ഈ ആത്മന്‍ എല്ലാത്തിന്റെയും അന്തര്യാമിയായി വര്‍ത്തിക്കുന്നു.

“Neither be created
Nor be destroyed”-þ- എന്ന് ആധുനിക ശാസ്ത്രവും
‘നാസതോ വിദ്യതേഭാവ
ന ഭാവോ വിദ്യതേ സത’ – എന്ന് ശ്രീമദ് ഭഗവദ് ഗീതയും വ്യക്തമാക്കുന്ന ഈ സത്തയെ – “Eternal Energy” എന്നാണ് അമേരിക്കന്‍ തത്ത്വചിന്തകനായ എമേഴ്‌സന്‍ അവതരിപ്പിക്കുന്നത്.
ഈ അനശ്വര സത്യത്തെ തിരിച്ചറിയാന്‍ ദേഹേന്ദ്രിയാദികളിലുള്ള ആത്മഭാവം ഉപേക്ഷിച്ച് മുന്നേറണം. എഴുത്തച്ഛന്‍ പറയുന്നു:

‘ദേഹോങ്കഹമെന്നുള്ള ബുദ്ധി മനുഷ്യര്‍ക്ക്
മോഹമാതാവാമവിദ്യയാകുന്നതും’ – എന്ന്

ശരിയായ അറിവ് ദേഹേന്ദ്രിയാദികള്‍ക്ക് അപ്പുറത്താണെന്നര്‍ത്ഥം. ശരീരത്തെ നശിപ്പിക്കാന്‍ സാധിക്കും പക്ഷെ ആത്മനെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഭഗവദ് ഗീതയും വ്യക്തമാക്കുന്നു:
‘നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവക
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുത:’

ഇവിടെയാണ് ആത്മന്‍ അനശ്വരമാണെന്ന് ഉറപ്പിക്കേണ്ടത്. പൂര്‍വ്വ – പുനര്‍ജ്ജന്മങ്ങള്‍ കൂടി ഇതോടൊപ്പം ഉറപ്പിക്കാം. ഇത്തരത്തില്‍ ബ്രഹ്മത്തെയറിഞ്ഞവന്‍ ബ്രഹ്മം തന്നെയാണ് എന്നുകൂടി വേദാന്തികള്‍ പറയുന്നു.
ഇതില്‍ നിന്ന് നാമറിയേണ്ടത് ഏതൊരു ജീവിയും ബ്രഹ്മത്തില്‍ നിന്നാണ് ഉല്‍ഭവിക്കുന്നത് എന്നും ബ്രഹ്മത്തില്‍ ലയിക്കുന്നു എന്നുമാണ്.

‘ന തത്ര ചക്ഷുര്‍ഗ്ഗച്ഛതി
ന വാഗ്ഗച്ഛതി നോ മനഃ
ന വിദ്‌മോ ന വിജാനീമോ
യഥൈതദനുശിഷ്യാത്.'(3)

ആത്മനെ കാണാന്‍ കഴിയില്ല, വാക്കുകള്‍ കൊണ്ട് അതിനെ അറിയാന്‍ സാധിക്കില്ല, അറിയിക്കാന്‍ സാധിക്കില്ല, മനസ്സിന് ആത്മനിലെത്താന്‍ സാധിക്കില്ല, അതിനെ അറിയാന്‍ സാധിക്കുന്നില്ല. ഇതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് വിചാരിക്കുന്നില്ല.

ഈ ‘ബ്രഹ്മം’ അനിര്‍വ്വചനീയമാണ്. ”ഈശ്വരന്‍” എന്നും ‘ദൈവം’ എന്നും തുടങ്ങി ഒട്ടനവധി ഭാഷയില്‍ പലരും പലതായി ഇതിനെ വ്യാഖ്യാനിക്കുന്നു.

‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ – എന്ന് വേദം. ശാശ്വതമായ സത്യം ഒന്നു മാത്രമേയുള്ളൂ…. ജ്ഞാനികള്‍ പലതായി അതിനെ വ്യാഖ്യാനിക്കുന്നു എന്നര്‍ത്ഥം. പക്ഷെ പാശ്ചാത്യരെ സംബന്ധിച്ച് ഈശ്വരാരാധനയുടെ പേരിലാണ് കലഹങ്ങള്‍. ഇന്ന് ഭാരതത്തിലും അത് കാണുന്നു. മധ്യകാലഘട്ടത്തില്‍ ഭാരതത്തിന്റെ ദര്‍ശനം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും അലംഭാവം വന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെയുള്ള ചാതുര്‍വര്‍ണ്യവ്യവസ്ഥ ജന്മം കൊണ്ട് തീരുമാനിക്കുന്നതാണെന്ന ചിന്തപോലും ചിലര്‍ പ്രചരിപ്പിക്കുകയും സമൂഹത്തില്‍ രൂഢമൂലമാവുകയും ചെയ്തു. അങ്ങിനെ വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം ജന്മംകൊണ്ട് ബ്രാഹ്മണരായവര്‍ക്കുമാത്രം പഠിക്കാനുള്ളതാണെന്ന രീതിയുണ്ടായി. ജാതിവ്യത്യാസവും തൊട്ടുകൂടായ്മയും നമുക്കിടയില്‍ പ്രബലമായി. ഞാന്‍ ആരാധിക്കുന്നത് മാത്രമാണ് ശരിയായ ഈശ്വരാരാധന എന്ന ചിന്ത യഥാര്‍ത്ഥത്തില്‍ ഈശ്വരീയമല്ല, രാക്ഷസീയമാണ്. ഭാരതത്തിലെ ആരാധനാരീതികള്‍ ശ്രദ്ധിച്ചാലറിയാം. പ്രകൃതി പ്രതിഭാസങ്ങളേയും സഹജീവികളേയുമെല്ലാം സ്‌നേഹിച്ചും പഠിച്ചും നാം മുന്നോട്ട് പോയി. ശ്രീമദ് ഭഗവദ്ഗീതയും ഈശാവാസ്യ ഉപനിഷത്തും തുടങ്ങി വിശിഷ്ട ഗ്രന്ഥങ്ങളിലെല്ലാം നമ്മുടെ ജീവത്തുടിപ്പിനെ നിയന്ത്രിക്കുന്ന ബ്രഹ്മചൈതന്യത്തെയാണ് ഈശ്വരനായിക്കാണുന്നത്. ഈ ദര്‍ശനം വീണ്ടും സമഗ്രമായാല്‍ മാത്രമേ മതത്തിന്റെയും ജാതിയുടേയും പേരിലുള്ള സംഘര്‍ഷങ്ങള്‍ പോലും ശമിക്കൂ. വളരുന്ന തലമുറ ഉപനിഷത്ത് സന്ദേശം ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളരുന്ന സാഹചര്യം ഉണ്ടാവേണ്ടത് അതുകൊണ്ടുതന്നെ അത്യന്താപേക്ഷിതമാണ്.

പഞ്ചേന്ദ്രിയങ്ങള്‍ക്കോ വാക്കിനോ മനസ്സിനോ അറിയാന്‍ സാധിക്കാത്ത തനിമയായ ഈശ്വരനെപ്പറ്റി യഥാര്‍ത്ഥത്തില്‍ നമുക്ക് വ്യാഖ്യാനിക്കാന്‍ സാധിക്കില്ല. അതിനെ അനുഭവിച്ചറിയുക എന്നതുമാത്രമാണ് സാധ്യത. അതിന് ആധ്യാത്മിക ജ്ഞാനമാണ് വേണ്ടത്. കൂടുതല്‍ ശ്രദ്ധയും യത്‌നവുമില്ലെങ്കില്‍ പ്രപഞ്ചത്തിന്റെ ഗതിവിഗതികളെപ്പറ്റി നമുക്ക് ഒന്നും മനസ്സിലാക്കാന്‍ സാധിക്കില്ല. കേവല ഭൗതികമായ ഒരറിവിനപ്പുറത്താണ് യാഥാര്‍ത്ഥ്യമെന്ന് ചുരുക്കം.

No comments:

Post a Comment