ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

കേനോപനിഷത്ത് പഠനം - 5

കേനോപനിഷത്ത് പഠനം - 5

മൂന്നാം ഖണ്ഡം - ബഹ്മമെന്ന ആത്യന്തിക സത്യം

”ബ്രഹ്മ ഹ ദേവേഭ്യോ വിജിഗ്യേ തസ്യ ഹ
ബ്രഹ്മണോ വിജയേ ദേവാ അമഹീയന്ത,
ത ഐക്ഷന്താസ്മാകമേവായം
വിജയോങ്കസ്മാകമേവായം മഹിമേതി.” (1)

പണ്ടൊരിക്കല്‍ ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ബ്രഹ്മം അസുരന്മാരെ തോല്‍പ്പിച്ച് ദേവന്‍മാര്‍ക്ക് വിജയം നല്‍കി. എന്നാല്‍ ദേവന്‍മാര്‍ തങ്ങളുടെ കഴിവുകൊണ്ടാണ് വിജയം എന്ന് സ്വയം നടിച്ചു.

ആത്മതത്ത്വസ്വരൂപമാണ് ഒന്നാം ഖണ്ഡത്തിലെ ചിന്ത. ലൗകിക ജ്ഞാനത്തില്‍ നിന്ന് എങ്ങനെ ആത്മജ്ഞാനം നേടാമെന്നും അതിനുള്ള വഴിയെന്ത് എന്നുമാണ് രണ്ടാം ഖണ്ഡത്തിലെ പ്രതിപാദ്യം. മൂന്നാം ഭാഗത്ത് ബ്രഹ്മത്തെ അറിയാന്‍ വിഷമമാണ് എന്ന് തന്നെയാണ് ചിന്തിപ്പിക്കുന്നത്.

പ്രപഞ്ചത്തിന്റെ നന്മയെ നിലനിര്‍ത്തുക എന്നതിനെയാണ് ‘ധര്‍മ്മം’ എന്ന് വിവക്ഷിക്കാറുള്ളത്. ദേവന്‍മാരുടെ ചുമതല ധര്‍മ്മ സംരക്ഷണമാണ്. എന്നാല്‍ അസുരന്മാര്‍ നന്മയെ നശിപ്പിക്കുന്നവരാണ്. ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ ധര്‍മ്മം നിലനിര്‍ത്താന്‍ ബ്രഹ്മമാണ് സഹായിക്കുന്നത്. ”ഈ ഇടപെടല്‍ തിരിച്ചറിയാന്‍ ഇന്ദ്രനോ അഗ്നിക്കോ വായുവിനോ പോലും സാധിക്കില്ല” എന്ന് പറഞ്ഞാല്‍ ഇവിടെ ശാശ്വതമായ ധര്‍മ്മം നിലനിര്‍ത്താന്‍ ആര് എങ്ങനെ നമ്മെയൊക്കെ സഹായിക്കുന്നു എന്ന് പോലും നമുക്ക് മനസ്സിലാവില്ല എന്ന് അര്‍ത്ഥം.

ഇവിടെ എന്താണ് ബ്രഹ്മം (ഈശ്വരന്‍) എന്നും അതെങ്ങനെ പ്രാവര്‍ത്തികമാവുന്നു എന്നും വ്യക്തമാവും. നമ്മിലെല്ലാം ഈശ്വരന്‍ നിലനില്‍ക്കുമ്പോഴും നാമത് അറിയുന്നില്ല. നമ്മുടെ സദ്കര്‍മ്മങ്ങളില്‍ ഈശ്വരന്‍ നേരിട്ട് പങ്കെടുക്കുന്നതും നാമറിയുന്നില്ല.

നമ്മുടെ ശരീരവുമായി ബന്ധപ്പെട്ട് നമ്മുടെ ബാഹ്യേന്ദ്രിയങ്ങളിലൂടെയാണ് പ്രധാനമായും നാം അറിവ് നേടുന്നത്. അതുകൊണ്ട് തന്നെ ബാഹ്യമായതിനെ മാത്രം ആശ്രയിച്ചുകൊണ്ട് നാം ശരിതെറ്റുകള്‍ വിലയിരുത്തുന്നു. അവനവന്റെ ഭൗതിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാവും ഓരോ വ്യക്തിയും ശരിതെറ്റുകളെക്കാണുക. ഇതില്‍ നിന്നുയര്‍ന്ന് ചിന്തിക്കുമ്പോഴാണ് അവതാര മഹത്വമുണ്ടാവുന്നത്. ഇത് കേവലം ശരീരത്തിന്റെയോ ഇന്ദ്രിയങ്ങളുടേയോ മനസ്സിന്റെയോ ബുദ്ധിയുടേയോ പ്രാണന്റെയോ തലത്തില്‍ നിന്ന് ഉണ്ടാവുന്നതല്ല. മനസ്സിനെ അവിടെ സ്വാധീനിക്കുന്നത് ആത്മനാണ്.

ഇത് വ്യക്തമാക്കുന്ന രണ്ട് കാര്യങ്ങള്‍ നാം ഓര്‍ക്കുക. കുറ്റകൃത്യം ചെയ്യുന്നവരും സ്വഹത്യചെയ്യുന്നവരും സ്വയരക്ഷക്കായി എന്തും ചെയ്യാം. പക്ഷെ മരണത്തിന്റെ തൊട്ടടുത്ത സന്ദര്‍ഭത്തില്‍ അവര്‍ സത്യം മാത്രമേ പറയൂ. മരണമൊഴി സത്യമാണെന്ന് ലോകം മുഴുവന്‍ തന്നെ ശാസ്ത്രീയമായി അംഗീകരിച്ചിരിക്കുന്നു. ഈ മൊഴി ആത്മബന്ധിയാണ്, കേവല ബുദ്ധി അവിടെ പ്രവര്‍ത്തിക്കുന്നില്ല. അതേപോലെ ന്യൂറോലിംഗ്വസ്റ്റിക്ക് പ്രോഗ്രാം (എന്‍എല്‍പി) വഴി ഒരാളുടെ ഭാവ ചേഷ്ടകള്‍ വിലയിരുത്തിയാല്‍ അയാള്‍ പറയുന്ന കളവായ കാര്യങ്ങള്‍ക്ക് വിരുദ്ധമായി ചില സൂചകങ്ങള്‍ ശരീരത്തില്‍ നിന്നും വാക്കുകള്‍ക്കുള്ളിലെ വാക്കുകളില്‍ നിന്നും ലഭിക്കും. ഇതിനര്‍ത്ഥം സ്വയം നിയന്ത്രിതമല്ലാത്ത ഒരു ചൈതന്യം നമ്മെ ആന്തരികമായി നിയന്ത്രിക്കുന്നുണ്ട് എന്നതാണ്. ഇത് ആത്മന്റെ ഭാഷയാണ്. ‘നെര്‍വസിന്റെ ഭാഷ’ എന്ന് ശാസ്ത്രം പറയുന്നു എന്ന് മാത്രം. ഈ നെര്‍വസിന്റെ ശക്തി പ്രാണനാണ്, പ്രാണനെ നിയന്ത്രിക്കുന്നത് ആത്മനാണ്, ഇത് സാമാന്യ രീതിയില്‍ നാമറിയുന്നില്ല. ഇതാണ് ധര്‍മ്മാധര്‍മ്മ രണങ്ങളില്‍ ദേവന്‍മാര്‍ പോലും ആത്മന്റെ ഇടപെടല്‍ മറക്കുന്നു എന്ന് പറയുന്നതിനര്‍ത്ഥം. അപ്പോള്‍ കേവല ഭൗതികമായ ചിന്തയില്‍ എങ്ങനെ ആത്മനെ അറിയാന്‍ സാധിക്കും? അതുതന്നെയാണ് ഇവിടത്തെ പ്രതിപാദ്യം. ഞാനാണ് എല്ലാം എന്നും ഞാനാണ് ഇതെല്ലാം ചെയ്യുന്നത് എന്നും ദേവഗണങ്ങള്‍ പോലും ചിന്തിക്കുന്നതില്‍ സാംഗത്യമില്ല എന്ന് ചുരുക്കം.

”തദ്ധൈഷാം വിജജ്ഞൗ,
തേഭ്യോഹ പ്രാദുര്‍ബഭൂവ,
തന്ന വ്യജാനത
കിമിദം യക്ഷമിതി.” (2)

ബ്രഹ്മം ദേവന്മാരുടെ തെറ്റായ ധാരണയറിഞ്ഞ് അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴും ഈ രൂപമെന്താണെന്ന് ദേവന്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല.
അഹങ്കാരമാണ് യഥാര്‍ത്ഥത്തില്‍ ദേവന്‍മാരെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണം. അഹങ്കാരം വന്നുകഴിഞ്ഞാല്‍ മനുഷ്യരായാലും ദേവന്‍മാരായാലും അസുരസമാനരാവും.
മനുഷ്യരെ നോക്കുക: ജനിക്കുമ്പോള്‍ത്തന്നെ സമ്പന്നതയുടെ നടുവിലാണെങ്കില്‍ അയാള്‍ യുവാവാകുമ്പോഴേക്ക് അഹങ്കാരിയായിത്തീരും. അദ്ധ്യാത്മികമായ അറിവില്ലെങ്കില്‍ സുഖങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയുണ്ടാവും, ഇത് അജ്ഞാനമാണ്. ശരിയായ ജ്ഞാനം ”ബ്രഹ്മ ചൈതന്യമാണ് ആത്യന്തിക സത്യം” എന്നുള്ളതാണ്. ഈ അറിവില്ലെങ്കില്‍ എല്ലാ ജീവികളും കാമക്രോധ ലോഭമോഹമദമാത്സര്യാദികളില്‍പ്പെട്ട് സ്വയം നശിക്കും.

”അജ്ഞാനേനാവൃതേജ്ഞാനം
തേ ന മുഹ്യന്തി ജന്തവ:” – എന്ന് ഭഗവാന്‍. അറിവില്ലായ്മയാല്‍ മൂടപ്പെട്ടിരിക്കുന്നു യഥാര്‍ത്ഥ സത്യം. അതുകൊണ്ട് ജീവികള്‍ ‘മോഹ’ വലയത്തില്‍പ്പെട്ടുഴലുന്നു എന്ന് സാരം.
”തേങ്കഗ്നിമബ്രുവന്‍,
ജാതവേദ ഏതദ്‌വിജാനീഹി
കിമേതദ്‌യക്ഷമിതി,
തഥേതി.” (3)

ബ്രഹ്മത്തെക്കണ്ട് ഭയന്നുപോയ, ദേവന്‍മാര്‍ അഗ്നിദേവനോട് ഈ ‘സത്വം’ എന്താണെന്ന് അറിഞ്ഞ് വരാന്‍ പറഞ്ഞു. അഗ്നിഭഗവാന്‍ അത് സമ്മതിക്കുകയും ചെയ്തു: അഗ്നി സര്‍വ്വജ്ഞ (ജാതവേദസ്) നാണെന്ന് എല്ലാവര്‍ക്കുമറിയുകയും ചെയ്യാം.

പഞ്ചഭൂതങ്ങള്‍ എപ്പോഴും ശക്തരാണ്, കാറ്റും തീയും വെള്ളവും പ്രത്യേകിച്ച്. കാറ്റിനും തീക്കും വെള്ളത്തിനും സഹായികളായി ആകാശവും ഭൂമിയും വേണം അവരും ശക്തര്‍തന്നെ. പക്ഷെ കാറ്റാണ് ദൈവം, വെള്ളമാണ് ദൈവം, അഗ്നിയാണ് ദൈവം എന്നൊക്കെ ചിന്തിച്ച് അവയെ പ്രാര്‍ത്ഥിച്ചാലും അവയെ നിയന്ത്രിക്കുന്ന ശക്തിയാണ് ബ്രഹ്മം എന്നര്‍ത്ഥം. അഗ്നിക്കും ഇടിമിന്നലിനും കാരണമായ ഒരു പ്രപഞ്ച തത്ത്വം ഉണ്ടെന്ന് ചുരുക്കം.

”തദഭ്യദ്രവത്, തമഭ്യവദത്,
കോങ്കസീതി, അഗ്നിര്‍വ്വാ
അഹമസ്മീത്യബ്രവീജ്ജാതവേദാ
വാ അഹമസ്മീതി.” (4)

അഗ്നി നേരില്‍ ആ ഭൂതത്തിന്റെ അടുത്ത് ചെന്നു, അപ്പോള്‍ ആ ‘യക്ഷം’ ചോദിച്ചു നീ ആരാണെന്ന്. അഗ്നി താനാരാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞു എന്നെ ”സര്‍വ്വജ്ഞാനി” എന്ന അര്‍ത്ഥത്തില്‍ ജാതവേദസ്സ് എന്നും പറയുമെന്ന്.

”തസ്മിംസ്ത്വയി കിം
വീര്യമിത്യപീദം സര്‍വ്വം
ദഹേയം യദിദം
പൃഥിവ്യാമിതി.” (5)

സ്വയം പുകഴ്ത്തി അഹങ്കരിച്ചുപറഞ്ഞ അഗ്നിയോട് യക്ഷം ചോദിച്ചു, ”ലോക പ്രശസ്തന്‍ എന്ന് സ്വയം പറയുന്ന നിനക്ക് എന്ത് ശക്തിയാണ് ഉള്ളത്?” എന്ന്. അഗ്നി ഉടന്‍ പറഞ്ഞു: ”ഈ ലോകത്തിലുള്ള ഏതൊന്നിനേയും കത്തിച്ചുകളയാനുള്ള കഴിവ് എനിക്കുണ്ട്: അതെനിക്ക് മാത്രമേയുള്ളൂ താനും” എന്ന്.

”തസ്‌മൈ തൃണം നിദധാവേതദ്ദഹേതി, തദു-
പപ്രേയായ സര്‍വ്വജവേന തന്ന ശശാക ദഗ്ധും,
സ തത ഏവ നിവവൃതേ, നൈതദശകം
വിജ്ഞാതും യദേതദ് യക്ഷമിതി.” (6)

അഗ്നിയുടെ മുമ്പിലേക്ക് ഒരു പുല്‍ക്കൊടിയെ ഇട്ടുകൊടുത്തുകൊണ്ട് യക്ഷം പറഞ്ഞു: ”നീ നിന്റെ ശക്തി ഉപയോഗിച്ച് ഇതൊന്ന് നശിപ്പിക്കൂ” എന്ന്. പക്ഷെ അഗ്നി ആവുന്നത്ര ശ്രമിച്ചിട്ടും ആ പുല്‍ക്കൊടിയെ കത്തിച്ചുകളയാന്‍ കഴിഞ്ഞില്ല. യക്ഷം ആരെന്നറിയാതെ അഗ്നി അവിടെ നിന്നും തിരിച്ചുപോയി.

അഗ്‌നി എന്തിനേയും ദഹിപ്പിക്കുന്നതാണെന്ന് നമുക്കറിയാം, പക്ഷെ അഗ്നിക്ക് ആ ശക്തി മറ്റെവിടെയോ നിന്നാവും കിട്ടുന്നത്. നാം ഭൗതികമായിക്കാണുന്ന ഒന്നും തന്നെ സ്വയം നിലനില്‍ക്കാന്‍ കഴിയുന്നവയല്ല എന്ന് ചുരുക്കം.

”അഥ വായുമബ്രുവന്‍
വായവേതദ്
വിജാനീഹി കിമേതദ്
യക്ഷമിതി, തഥേതി.” (7)

അഗ്നി തോറ്റുമടങ്ങിയപ്പോള്‍ ദേവന്‍മാര്‍ വായുവിനോട് പറഞ്ഞു ”ഉടന്‍ പോയി യക്ഷം എന്താണെന്ന് കണ്ടെത്തണം” എന്ന്. അങ്ങനെ ചെയ്യാം എന്ന് പറഞ്ഞുകൊണ്ട് വായു ഉടന്‍ യാത്രയായി.

”തദഭ്യദ്രവത്, തമഭ്യവദത്
കോങ്കസീതി, വായുര്‍വ്വാ
അഹമസ്മീത്യബ്രവീന്‍ –
മാതരിശ്വാവാ അഹമസ്മീതി.” (8)

വായു നേരിട്ട് ചെന്ന് യക്ഷത്തിനോട് ചോദിച്ചു. ”നീ ആരാണ്?” എന്ന് ”ഞാന്‍ വായു എന്ന പ്രസിദ്ധനായ മാതരിശ്വാവാ”ണെന്നും വായു പറഞ്ഞു.
ഭൂമിയിലും ആകാശത്തിലും സഞ്ചരിച്ച് ശക്തി തെളിയിക്കുന്നവനാണ് വായു. അതാണ് ‘ആകാശചാരി’ എന്ന അര്‍ത്ഥത്തില്‍ ‘മാതരിശ്വാവ്’ എന്ന് സ്വയം പരിചയപ്പെടുത്തിയത്, അഹങ്കാരത്തോടെയായിരുന്നു ഈ വാക്കുകള്‍.

”തസ്മിംസ്ത്വയി കിം
വീര്യമിത്യപീദം
സര്‍വ്വമാദദീയ
യദിദം പ്യഥിവ്യാമിതി.” (9)

ഇങ്ങനെ സ്വയം വിശേഷിപ്പിക്കുന്ന വായുവിനോട് യക്ഷം ചോദിച്ചു ”ഇപ്പറഞ്ഞ കരുത്തുള്ള നിന്നില്‍ എന്ത് വീര്യമാണ് ഉള്ളത്?” എന്ന്. അപ്പോള്‍ വായു പറഞ്ഞത് ”ലോകത്തിലുള്ള എന്തിനേയും ഇളക്കിമാറ്റാന്‍ എനിക്ക് സാധിക്കും” എന്നാണ്.

”തസ്‌മൈ തൃണം
നിദധാവേതദാദത്‌സ്വേതി,
തദുപപ്രേയായ സര്‍വ്വജവേന,
തന്ന ശശാകാദാതും,
സ തത ഏവ നിവവൃതേ, നൈതദശകം വിജ്ഞാതും യദേതദ് യക്ഷമിതി.” (10)

ഈ സംവാദങ്ങള്‍ക്കുശേഷം യക്ഷം വായുവിനെ പരീക്ഷിക്കാന്‍ ഒരു പുല്ലിനെ അതിന്റെ മുമ്പില്‍ വച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു ”ഇത് നീ എടുത്തു മാറ്റിക്കൊള്ളൂ” – എന്ന്. വായു തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് പുല്ലിനെ എടുത്തുമാറ്റാന്‍ നോക്കി. പക്ഷെ സാധിച്ചില്ല.

”അഥേന്ദ്രമബ്രുവന്‍, മഘവന്നേതദ്
വിജാനീഹി, കിമേതദ് യക്ഷമിതി,
തഥേതി തദഭ്യദ്രവത്,
തസ്മാത്തിരോദധേ.” (11)

ഒടുവില്‍ ദേവന്‍മാര്‍ ഈ യക്ഷം ആരാണ് എന്ന് അറിഞ്ഞുവരാന്‍ ഇന്ദ്രനോട് തന്നെ അപേക്ഷിച്ചു. അഹങ്കാരത്തോട് കൂടി ഇന്ദ്രന്‍ യക്ഷത്തെ തോല്‍പ്പിക്കുന്നതിനായി പുറപ്പെട്ടു. പക്ഷെ യക്ഷം അപ്പോഴേക്കും ഇന്ദ്രനെ കബളിപ്പിച്ച് അപ്രത്യക്ഷമായി.

”സ തസ്മിന്നേവാകാശേ
സ്ത്രിയമാജഗാമ
ബഹുശോഭമാനാമുമാം ഹൈമവതീം,
താം ഹോവാച, കിമേതദ്‌യക്ഷമിതി.”

ഈ സമയം യക്ഷത്തെക്കണ്ടുവെന്ന് ദേവന്‍മാര്‍ പറഞ്ഞ സ്ഥലത്ത് ഇന്ദ്രന്‍ മഹാദേവ പത്‌നിയായ പാര്‍വ്വതീ ദേവിയെക്കണ്ടു. ദേവിയോട് യക്ഷത്തെക്കുറിച്ച് ഇന്ദ്രന്‍ ചോദിച്ചു.
ഇത് സാധിച്ചത് ഇന്ദ്രന്റെ ധ്യാനത്താലായിരുന്നു. അഗ്നിയും വായുവും തിരിച്ചുപോയതുപോലെ പോകാതെ ഇന്ദ്രന്‍ യാഥാര്‍ത്ഥ്യമറിയാന്‍ മഹാദേവിയെ പ്രാര്‍ത്ഥിച്ചപ്പോഴാണ് ദേവി പ്രത്യക്ഷയായത്. ദേവിക്ക് മാത്രമേ സത്യം വ്യക്തമാക്കാന്‍ സാധിക്കൂ എന്ന് ഇന്ദ്രന് അറിയാമായിരുന്നു.
(തുടരും)

No comments:

Post a Comment