ശിവ സുത്ര
നൃത്താവസാനേ നടരാജരാജോ
നനാദ ഢക്കാം നവപഞ്ചവാരം
ഉദ്ധർത്തുകാമ: സനകാദി സിദ്ധാൻ
ഏതദ്വിമർശേ ശിവസൂത്രജാലം''
1. അ ഇ ഉ ണ്
2. ഋഌക്
3. എ ഒ ങ്
4. ഐ ഔ ച്
5. ഹ യ വ ര ട്
6. ല ണ്
7. ഞ മ ങ ണ ന മ്
8. ഝ ഭ ഞ്
9. ഘ ഢ ധ ഷ്
10. ജ ബ ഗ ഡ ദ ശ്
11. ഖ ഫ ഛ ഠ ഥ ച ട ത വ്
12. ക പ യ്
13. ശ ഷ സ ര്
14. ഹ ല്
സാക്ഷാൽ നടരാജ മൂർത്തിയുടെ നൃത്തത്തിന്ന് പതിനാല് ഭാഗങ്ങളായിട്ടുള്ള ഒരു താളമുണ്ട്. പ്രപഞ്ച താളമാണത്. നടരാജ മുത്തിയുടെ ഢക്കയിൽ അതിൻറെ വായ്ത്താരി നന്ദികേശ്വരൻ പകർത്തെടുത്തു. ഇതിൽ അക്ഷരമാലയെ പതിനാല് സൂത്രങ്ങളായി പകുത്തു വച്ചു. ഈ പതിനാല് സൂത്രവാക്യങ്ങളെ മൊത്തത്തിൽ ശിവസൂത്രങ്ങൾ അഥവാ മാഹേശ്വര സൂത്രങ്ങൾ എന്നാണ് സംസ്കൃത വ്യാകരണ പദ്ധതികളിൽ വിശേഷിപ്പിക്കുന്നത്.
പാടലീ പുത്രത്തിലെ വർഷൻ എന്ന ഗുരുനാഥൻ്റെ ഗുരുകുലത്തിൽ അൽപം മന്ദബുദ്ധിയായ പാണിനി സംസ്കൃത വ്യാകരണത്തിൻ്റെ പരമാചാര്യനായി മാറിയ കഥ അദ്ഭുതം നിറഞ്ഞതാണ്. കഥാ സരിത് സാഗരം നൽകുന്ന സൂചന പ്രകാരം മന്ദബുദ്ധിയായ പാണിനിയെ വാത്സല്യനിധിയായ ഗുരു പത്നി ഹിമാലയത്തിൽ തപസിനായി പറഞ്ഞയച്ചുവത്രേ. ശിവകൃപ ഒന്ന് കൊണ്ട് മാത്രമേ പാണിനിക്ക് തൻ്റെ പരിമിതികളെ മറികടക്കാനാകൂ എന്ന് അവർ ഉപദേശിച്ചു. ഘോര തപസിനൊടുവിൽ ആദി ഗുരുവായ ശിവൻ നേരിട്ട് പാണിനിക്ക് 14 ശിവ സൂത്രങ്ങൾ ഉപദേശിച്ച് കൊടുത്തുവെന്നാണ് കഥാസരിത് സാഗരം പറയുന്നത്. പാണിനി ഒരു മഹാവൈയ്യാകരണനായി പരിണമിക്കുന്നത് അങ്ങിനെയാണത്രേ.
പാണിനിയുടെ സംസ്കൃത വ്യാകരണത്തിൻ്റെ അടിസ്ഥാനം ഈ പതിനാല് ശിവ സൂത്രങ്ങളാണ്. ഇതിൽ നിന്നാണ് അനേകം സൂത്രങ്ങളുള്ള ബൃഹത്തായ ഒരു വ്യാകരണ ഗ്രന്ഥം അദ്ദേഹം രചിക്കുന്നത്. അതായത് സംസ്കൃത വ്യാകരണത്തിന്റെ അടിസ്ഥാന പാഠമായ പാണിനിയുടെ അഷ്ടാധ്യായി പിന്തുടരുന്നത് ഈ സൂത്രമാലയിലെ വർണ്ണ വിഭജനമാണ്. എട്ട് അദ്ധ്യായങ്ങളും, ഓരോ അദ്ധ്യായത്തിലും നാല് വീതം പാദങ്ങളുമുള്ളതാണ് പാണിനിയുടെ വ്യാകരണ ഗ്രന്ഥം. പാണിനിയാൽ എഴുതപ്പെട്ട ഈ കൃതി "പാണിനീയം" എന്ന പേരിലും അറിയപ്പെട്ടു. കേവലം ഒരു വ്യാകരണ ഗ്രന്ഥമെന്നതിലുപരി എല്ലാം തികഞ്ഞ ഒരു ഭാഷാശാസ്ത്രവും കൂടിയായിട്ടാണ് അദ്ദേഹത്തിൻ്റെ വ്യാകരണങ്ങൾ പരിഗണിക്കപ്പെടുന്നത്.
പിന്നീട് വരരുചി അഷ്ടാദ്ധ്യായിയിലെ സംശയനിവാരണങ്ങൾക്കായി "വാർത്തികം" എന്ന ഗ്രന്ഥം രചിച്ചു. വാർത്തികത്തിന്റെ സഹായത്താൽ പാണിനീയം കുറച്ചുകൂടെ സുഗമമായി. പിന്നീട് വാർത്തികത്തിലും ഉണ്ടാകുന്നതായ സന്ദേഹ പരിഹരണത്തിനായി പതഞ്ജലി പാണിനീയത്തിന് "മഹാഭാഷ്യം" കൂടി രചിച്ചു. അങ്ങനെ വർത്തികത്തിന്റെയും മഹാഭാഷ്യത്തിന്റെയും സഹായത്താൽ പാണിനീയം കൂടുതൽ ലളിതമായി.
ശിവസൂത്ര ജാലത്തെ സ്മരിച്ച് കൊണ്ട്
ഈ വിശ്വ സംസ്കൃത ദിനത്തിൽ അക്ഷര ബ്രഹ്മത്തിന് നമ:സ്കാരം. പ്രപഞ്ച താളത്തിന് നമസ്കാരം.
No comments:
Post a Comment