ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2021

ശിവന്‍ കാളകൂടം വിഴുങ്ങിയ ആപത്സഹായേശ്വര്‍ ക്ഷേത്രം

ശിവന്‍ കാളകൂടം വിഴുങ്ങിയ ആപത്സഹായേശ്വര്‍ ക്ഷേത്രം

ലോകത്തെ നശിപ്പിക്കാന്‍ മാത്രം ശക്തിയുള്ള കാളകൂട വിഷം എടുത്തു കുടിച്ച ശിവനെ ആരാധിക്കുന്ന ക്ഷേത്രം. സ്വയം ഇല്ലാണ്ടായി ലോകത്തെ രക്ഷിച്ച ശിവന്‍ മാത്രമല്ല ഇവിടുത്തെ ആരാധനമാ മൂര്‍ത്തി. മനുഷ്യ ജീവിതത്തെ ബാധിക്കുന്ന വ്യാഴത്തെ ആരാധിക്കുന്ന സ്ഥലം കൂടിയാണിത്. ശിവനെ ആരാധിക്കാനും വ്യാഴത്തെ വണങ്ങി പുണ്യങ്ങളും ഗുണങ്ങളും ജീവിത്തില്‍ നേടുവാനും ആളുകള്‍ എത്തിച്ചേരുന്ന തമിഴ്‌നാട്ടിലെ ആലാങ്കുടി ആപത്സഹായേശ്വര ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

ശിവന്‍ കാളകൂടം വിഴുങ്ങിയ ക്ഷേത്രം

പുരാണത്തിലോട്ട് ചെല്ലുമ്പോള്‍ വിശദീകരണങ്ങള്‍ ഏറെ നല്കുന്ന ഒരു ക്ഷേത്രമാണിത്. അസുരന്‍മാരും ദേവന്‍മാരും ചേര്‍ന്ന് പാലാഴി കടയുമ്പോള്‍ കടക്കോലായി ഉപയോഗിച്ച വാസുകി പുറത്തുവിട്ട വിഷം ശിവന്‍ എടുത്തു വിഴുങ്ങിയത്രെ. അല്ലാത്തപക്ഷം അത് പുറത്ത് വന്നാല്‍ ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ശക്തിയുള്ളതായിരുന്നു. അങ്ങനെ വലിയ ഒരു വിപത്തില്‍ നിന്ന് ലോകത്തെ മുഴുവന്‍ രക്ഷിച്ച ശിവനെ ഇവിടം ആപത്സഹായേശ്വര്‍ എന്ന പേരിലാണ് ആരാധിക്കുന്നത്.

സ്വയം പ്രത്യക്ഷമായ ലിംഗം

ഭൂമിക്കടിയില്‍ നിന്നും സ്വയം പ്രത്യക്ഷമായി എന്നു വിശ്വസിക്കുന്ന ശിവലിംഗത്തെയാണ് തമിഴ്‌നാട്ടിലെ ആലാങ്കുടി ആപത്സഹായേശ്വര ക്ഷേത്രത്തില്‍ ആരാധിക്കുന്നത്.

ആലങ്കുടി എന്ന പേരുവന്ന കഥ

വാസുകിയുടെ വായില്‍ നിന്നും വിഷം അഥവാ ആലയാണത്രെ പുറത്ത് വന്നത്. ഈ വിഷമാണ് ലോകനന്‍മയ്ക്കായി ശിവന്‍ വിഴുങ്ങിയത്. അങ്ങനെ ആലയില്‍ നിന്നും ലോകത്തെ രക്ഷിച്ച ഇടം എന്നര്‍ഥത്തിലാണ് ഇവിടം ആലങ്കുടി എന്നറിയപ്പെടുന്നത്.

ഗണേശനും പാര്‍വ്വതി ദേവിയും

രാക്ഷസനില്‍ നിന്നും ദേവഗണങ്ങളെരക്ഷിച്ച ഗണേശനെയും ശിവന്റെ പാതിയായ പാര്‍വ്വതി ദേവിയേയും ഇവിടെ ആരാധിക്കുന്നുണ്ട്. കലങ്ങമര്‍ കഥ വിനായകര്‍ എന്ന പേരിലാണ് ഗണേശനെ ഇവിടെ വാഴിച്ചിരിക്കുന്നത്.

വ്യാഴത്തിന്റെ അനുഗ്രഹം നേടാന്‍

വ്യാഴത്തെ വണങ്ങി പുണ്യം നേടാനായി ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണിത്. ദക്ഷിണാമൂര്‍ത്തി ദേവനെയാണ് ഗുരു ബൃഹ്‌സ്പതി എന്ന പേരില്‍ ഇവിടെ ആരാധിക്കുന്നത്.

വ്യാഴാഴ്ചകളില്‍

വ്യാഴത്തിന്റെ അഥവാ ഗുരുവിന്റെ ദിവസമായ വ്യാഴാഴ്ചയാണ് ഇവിടെ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടക്കുന്ന ദിവസം. അന്നേ ദിവസം പ്രാര്‍ഥിച്ചാല്‍ ഇരട്ടി പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.

വ്യാഴത്തിന്റെ രാശിമാറ്റത്തില്‍ എത്തിയാല്‍

ജന്മദോഷങ്ങള്‍ ഉള്ളവരും വ്യാഴത്തിന്റെ സാമീപ്യമില്ലാതെ ഉഴലുന്നവരുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന സന്ദര്‍ശകര്‍. വ്യാഴം ഗ്രഹത്തിന്റെ രാശിമാറ്റം അഥവാ സംക്രമ വേളയില്‍ ഇവിടെ എത്തിയാല്‍ വ്യാഴത്തെ പ്രസാദിപ്പിക്കാമെന്നും ജീവിത്തില്‍ ഐശ്വര്യങ്ങള്‍ കൊണ്ടുവരാമെന്നും ഒരു വിശ്വാസമുണ്ട്.

രണ്ട് ഏക്കറിനുള്ളിലെ ക്ഷേത്രം

രണ്ട് ഏക്കറിനുള്ളില്‍ വിസ്തരിച്ച് സ്ഥിതി ചെയ്യുന്ന വലിയ ക്ഷേത്രമാണ് ആലാങ്കുടി ആപത്സഹായേശ്വര ക്ഷേത്രം. രണ്ടു വലിയ ഗോപുരങ്ങളും എണ്ണമറ്റ ഉപക്ഷേത്രങ്ങളും ഈ രണ്ടേക്കറിനകത്ത് കാണാം. അഞ്ച് നിലകളുണ്ട് ഇവിടുത്തെ രാജഗോപുരത്തിന്.
പുലര്‍ച്ചെ ആറുമണി മുതല്‍ രാത്രി 8.30 വരെയാണ് ഇവിടുത്തെ പൂജകളും മറ്റും നടക്കുന്ന സമയം. പ്രധാനമായും 4 ഉത്സവങ്ങളാണ് ഇവിടെ നടക്കുക.

ചോളന്‍മാരുടെ ക്ഷേത്രം

ഇവിടുത്തെ ആദ്യകാല ക്ഷേത്രം ചോള രാജാക്കന്‍മാര്‍ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. എന്നാല്‍ ഇപ്പോള്‍ കാണുന്ന ക്ഷേത്രം 16-ാം നൂറ്റാണ്ടില്‍ നായക് വംശജര്‍ നിര്‍മ്മിച്ചതാണത്രെ.

പാര്‍വ്വതി ദേവി തപസ്സനുഷ്ഠിച്ച ഇടം

ശിവനെ വിവാഹം കഴിക്കാനായി പാര്‍വ്വിതി ദേവി തപസ്സനുഷ്ഠിച്ചതും ഈ ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം. അതോടെ ഇഷ്ടകാര്യങ്ങള്‍ സാധിക്കുന്ന ക്ഷേത്രം എന്ന നിലയിലും ഇവിടം പ്രശസ്തമാണ്. തിരുമണ മംഗലം എന്നും ഇവിടം അറിയപ്പെടുന്നു.

എത്തിച്ചേരാന്‍

കുംഭകോണത്ത് നിന്നും മന്നാര്‍ഗുഡിയിലേക്ക് ധാരാളം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവയില്‍ കയറിയാല്‍ ആലങ്കുടിയില്‍ എത്താം. തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ( ടി.എസ്.ആര്‍.ടി.സി) ബസ്സുകള്‍ പ്രധാന പട്ടണങ്ങളില്‍ നിന്നെല്ലാം കുംഭകോണത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കൂടാതെ ചിദംബരം, തിരുച്ചി, ചെന്നൈ പട്ടണങ്ങളില്‍ നിന്ന് കുംഭകോണത്തേക്ക് പതിവായി ബസ്സുകളുണ്ട്.കുംഭകോണമാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

No comments:

Post a Comment